Monday, December 29, 2008

മോഡിയെ വിശുദ്ധവല്‍ക്കരിക്കുമ്പോള്‍

കഴിഞ്ഞതിന് മുന്‍പത്തെ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു കണ്ണൂര്‍ എം‌പി അബ്ദുള്ളകുട്ടി.ഇന്നലെ മുതല്‍ മനോരമയുടെ ഓണ്‍‌ലൈന്‍ പ്രതികരണക്കാരുടെ കണക്കില്‍ അദ്ദേഹം അതിബുദ്ധിയുള്ള കുട്ടി കൂടിയാണ്.


ഇന്നലെ രാത്രിയിലെ മനോരമ ന്യൂസിലാണ് വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ ബുദ്ധിവികാസം വെളിവാക്കിയത്.ഫാസിസം ഒഴിവാക്കി നിര്‍ത്തിയാല്‍ നരേന്ദ്ര മോഡിയാണ് വികസനകാര്യത്തില്‍ റോള്‍ മോഡല്‍ എന്നായിരുന്നു വെളിപാടിന്റെ ചരണം.കൂടാതെ ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും എതിരേയുള്ള പതിവ് വിമര്‍ശനങ്ങളും.ചുരുക്കി പറഞ്ഞാല്‍ മനോരമ കല്‍പ്പാന്തകാലത്തോളം മുഖപ്രസംഗത്തില്‍ പറഞ്ഞു കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് അടിവരയിടുകയാണ് ഈ അത്ഭുത കുട്ടി.അതിന്റെ വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളെന്തായാലും അര്‍ത്ഥം ഒന്നു മാത്രം- ഇടതുപക്ഷമാണ് വികസന വിരോധികള്‍, അവരാണ് വികസനം തടയുന്നവര്‍.

കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിനെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു വരികയാണ് അബ്ദുള്ളക്കുട്ടി.അതിന്റെ ഭാഗമായി പെരുന്നാളിനുള്ള പരസ്യ നിസ്ക്കാരവും പരസ്യമായ ഉം‌റ നിര്‍വ്വഹണവും മറ്റും നടത്തി.അതിന്റെ പേരില്‍ നടപടിയെടുത്ത് പാടുപെട്ട് അടിച്ചെടുത്ത മുസ്ലീം വോട്ട് കളയാന്‍ പാര്‍ട്ടി തയ്യാറല്ല.അതു കൊണ്ട് മറ്റ് അല്‍ഭുതങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സ്പേസ് കിട്ടി.(അന്ന് അബ്ദുള്ളക്കുട്ടിയെ ഒരു പരിധി വരെ അനുകൂലിച്ച മാധ്യമം പോലുള്ള പത്രങ്ങള്‍ മോഡിയെ വിശുദ്ധീകരിക്കുന്ന ഈ അല്‍ഭുത പ്രവര്‍ത്തിക്ക് എങ്ങനെ സാ‍ക്‍ഷ്യം പറയുമെന്നുള്ളത് രസകരമായ സസ്പെന്‍സ്).ഇതു കൊണ്ടും നടന്നില്ലെങ്കില്‍ പിണറായിയുടെ തന്തക്ക് വിളിക്കുക,പ്രകാശ് കാരാട്ടിനെ തുണി പൊക്കി കാണിക്കുക തുടങ്ങി എന്തെങ്കിലും അല്‍ഭുത പ്രവര്‍ത്തിയിലൂടെ ആ പുറത്താക്കല്‍ അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പാര്‍ട്ടിയെ അദ്ദേഹം എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ഇല്ലെങ്കിലും ജനം അറിയാന്‍ ആഗ്രഹിക്കുന്ന,അബ്ദുള്ളക്കുട്ടി വിശദീകരിക്കേണ്ട ചില സംഗതികളുണ്ട്.

എന്താണ് അദ്ദേഹം വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അത് പുരോഗതിക്ക് പകരം ഉപയോഗിക്കാവുന്ന വാക്കാണോ? ആണെങ്കില്‍, പുരോഗതിയെന്നാല്‍ മെച്ചപ്പെട്ട ഒരു സിവില്‍ സൊസൈറ്റി എന്നു കൂടിയല്ലേ അര്‍ത്ഥം?
അവിടെ നീതിനിര്‍വ്വഹണത്തില്‍ പക്ഷപാതിത്വമുണ്ടാകുമോ?
അവിടെ പോലീസ് ഒരു മതവിഭാഗത്തിന്റെ പരാതികള്‍ ചവിട്ടികൊട്ടയില്‍ തട്ടുമോ?
അവിടെ ഇരയായ സാക്ഷികള്‍ പണത്തിന്റെയും അധികാരത്തിന്റെയും മുഷ്ക്കില്‍ നിശ്ബ്ദരാക്കപ്പെടുമോ?
അവിടെ പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുമോ?
അവിടുത്തെ നീതിനിര്‍വ്വഹണ പ്രക്രിയയില്‍ പരമോന്നതകോടതിക്ക് സംശയമുണ്ടാകുമോ, അതിനാല്‍ പ്രോസിക്യൂഷന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റപ്പെടുമോ?
ഇനി ഇതെല്ലാം സംഭവിച്ചെങ്കില്‍ അത് ഒരു മെച്ചപ്പെട്ട സിവില്‍ സൊസൈറ്റിയാകുമോ?മെച്ചപ്പെട്ട സിവില്‍ സൊസൈറ്റി സൃഷ്ടിക്കാത്ത പുരോഗതിയെയാണോ വികസനം എന്ന് അബ്ദുള്ളക്കുട്ടി കരുതുന്നത്?


ചോദ്യങ്ങള്‍ തീരുന്നില്ല,എന്താണ് അച്ചുതാനന്ദന്‍ മോഡിയില്‍ നിന്നും (കേരളം ഗുജറാത്തില്‍ നിന്നും) പഠിക്കേണ്ടത്? ഫോര്‍ക്കില്‍ ന്യൂഡിത്സ് കൊരുക്കുന്ന ലാഘവത്തില്‍ ഒരു മുസ്ലീം സ്ത്രീയുടെ വയറ്റില്‍ നിന്നും ഭ്രൂണം ത്രിശൂലത്തില്‍ കുത്തിയെടുക്കുന്ന വിദ്യയോ? അതോ ജനസംഖ്യാ നിയന്ത്രണത്തിന് ഉതകുന്ന ജെനോസൈഡിന്റെ പുത്തന്‍ അഭ്യാസങ്ങളോ? അതോ വൃദ്ധനായ ഒരു എം.പിയെയും കുടുംബത്തെയും ജീവനോടെ എരിച്ച മതഭ്രാന്തിന്റെ അപസ്മാര നൃത്തനൃത്യങ്ങളോ?

ഫാസിസം ഒഴിവാക്കിയാല്‍ പിന്നെ എന്ത് മോഡി? അടിമുടി ഫാസിസം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒന്നാണ് മോഡി.അവയില്‍ അബ്ദുള്ളകുട്ടി വിചാരിച്ചാല്‍ തിരുത്തിയെഴുത്തോ പൊളിച്ച് മാറ്റലോ സാധ്യമല്ല.മോഡിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓരോ അവസരത്തിലും ഗുജറാത്ത് എന്ന മാനക്കേട് ചര്‍ച്ച ചെയ്യപ്പെടണം.അത് ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഏല്‍പ്പിച്ച മുറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടേണം.അത്തരം മുറിവായകളില്‍ നിന്നും ഉതിരുന്ന ഗുജറാത്തിയായ ഒരു മഹാവൃദ്ധന്റെ “ഹേ റാം” വിലാപങ്ങള്‍ക്ക് ഇനിയും കാതോര്‍ക്കാന്‍ നാം മറന്ന് പോകരുത്.

ഇപ്പോള്‍ വിശുദ്ധരാക്കുന്ന സീസണാണല്ലോ.സാധാരണ അല്‍ഭുത പ്രവര്‍ത്തികള്‍ കാട്ടുന്നവരെയാണ് വിശുദ്ധരാക്കുന്നത്.മോഡിയെ വിശുദ്ധനാക്കുന്നതില്‍ പരം (ലൂസിഫറിനെ ദൈവമാക്കുന്നതോളം പോന്ന) ഒരു അല്‍ഭുതം ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അത്തരം ഒരു അല്‍ഭുതം പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയെയും അതിന് മാധ്യസ്ഥം പറഞ്ഞ മാത്തുക്കുട്ടിച്ചായനെയും കൂടി മോഡിയോടൊപ്പം വിശുദ്ധരാക്കാണം,കിടക്കട്ടെ ഒരു സര്‍വ്വമത സര്‍വ്വ രാഷ്ട്രീയ സമഭാവന.

ആത്മാവ് നഷ്ടപ്പെട്ട് നാം ഭൌതികമായി എന്ത് നേടിയിട്ട് എന്ത് പ്രയോജനം-(പള്ളിച്ചുമരുകളില്‍ മൂത്രച്ചൂരില്‍ ബോധം കെട്ടു കിടക്കുന്ന ഒരു ബൈബില്‍ വചനം)

Thursday, November 27, 2008

സഹകരണ മതേതരത്വം എന്ന പുതിയ ഗോഷ്ടി

എനിക്ക് ഈ-മെയിലില്‍ കിട്ടിയ ചില വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റ്. ഇതത്ര വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ അല്ല.എങ്കിലും ഒരു മതേതര ഗവണ്‍‌മെന്റ്,അതും ഒരു ഇടതുപക്ഷ ഗവണ്‍-മ്മെന്റ് അടിസ്ഥാനപരമായ മതേതര സ്വഭാവത്തില്‍ നിന്നും അകന്നു പോകുന്നത് കാണുമ്പോള്‍ തോന്നുന്ന ഒരു അല്ലല്‍ മാത്രമാണ് ഈ പോസ്റ്റിന് നിദാനം.

(ഈ സംഭവം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ്.ഇനി ഇത് ഹജ്ജുമായി ബന്ധപ്പെട്ടാണെങ്കിലും മലയാറ്റൂര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണെങ്കിലും എന്റെ പോസ്റ്റ് മാറുന്നില്ല.ഇത്തരമൊരു ബാലന്‍സിംഗ് കമന്റ് ഇടാന്‍ ആഗ്രഹമുണ്ടായിട്ടല്ല,വെറുതേ അത്തരം കോലാഹലം ഒഴിവാക്കാമെങ്കില്‍ അങ്ങനെ)

സംഭവം ഇങ്ങനെ.ആലപ്പുഴ ജില്ലാ സഹരണ ബാങ്കില്‍ നിന്നും 16 ജീവനക്കാരെ 60 ദിവസത്തേക്ക് ചെങ്ങന്നൂരിലെ അയ്യപ്പ സേവന കേന്ദ്രത്തിലേക്ക് സേവനത്തിനായി അയക്കാന്‍ ബാങ്കിന്റെ ഇടതുപക്ഷം ഭരിക്കുന്ന ബോര്‍ഡ് തീരുമാനിക്കുന്നു.ഇതിന് ഒരേ ഒരു കാരണം 2 വകുപ്പും ഭരിക്കുന്നത് ഒരു മന്ത്രി എന്നത് മാത്രം.(ദേവസ്വം കൂടാതെ അദ്ദേഹത്തിന് മൃഗശാലഭരണം കിട്ടാഞ്ഞത് ഭാഗ്യം ,അല്ലെങ്കില്‍ കുരങ്ങന്‍‌മാരെ കൊണ്ട് അന്നദാനം നടത്തിച്ചേനെ എന്ന് കുബുദ്ധികള്‍).

ആലപ്പുഴ സഹകരണ ബാങ്ക് 7 കോടിയോളം നഷ്ടത്തിലാണ്.അപ്പോഴാണ് 960 മനുഷ്യ ദിനങ്ങള്‍ ഇങ്ങനെ ആത്മീയകാര്യത്തിനായി പാഴാക്കി കളയുന്നത്.കിട്ടാകടങ്ങള്‍ ധാരാളം.സാധാരണ കിട്ടാകടങ്ങള്‍ ഊര്‍ജ്ജിതമായി പിരിക്കുന്ന സമയമാണ് ഡിസംബര്‍-ജനുവരി മാസങ്ങള്‍.ആ സമയത്ത് ഇത്തരം ഒരു വൃഥാവ്യായമത്തിനായി സര്‍ക്കാര്‍ മെഷിണറി ദുര്യുപയോഗം ചെയ്യുന്നത് നമ്മുടെ അടിസ്ഥാന മതേതര സങ്കല്‍പ്പത്തിനു തന്നെ എതിരാണ്.

ശബരിമലയിലെത്തുന്ന ഭക്തരെ സഹായിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പകളെ ഉപയോഗിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.അതു കൊണ്ട് തന്നെ പൊലീസ്,വനം,മരാമത്ത്,ജലസേചനം,വൈദ്യുതി,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകള്‍ അവിടെ നല്‍കുന്ന സേവനങ്ങള്‍ സര്‍ക്കാരിന്റെ കടമയാണ്..ദേവസ്വത്തിന്റെ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്.ബി.റ്റി,ധനലക്ഷ്മി ബാങ്കുകള്‍ അവിടെ സേവനത്തിനെത്തിയാലും കുറ്റം പറയാനാവില്ല.നല്ല കസ്റ്റമര്‍ സര്‍വീസ് എന്നേ പറയാനാകൂ.അതു പോലെയല്ല സഹകരണ ബാങ്ക്,ദേവസ്വത്തിനെ കൊണ്ട് ബാങ്കിനോ അതിന്റെ സേവന പരിധിയില്‍ വരുന്ന കര്‍ഷകര്‍ കൃഷിക്കാര്‍ എന്നിവര്‍ക്ക് യാതൊരു പ്രയോജനവിമില്ലന്നിരിക്കെ,എന്തിന് സ്വയം നഷ്ടം വരുത്തി ബാങ്ക് ഇത്തരം ആത്മീയ പുണ്യം നേടണം?

രാഷ്ട്രീയ നേതാക്കന്മാരെ പുനരധിവസിപ്പിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല് സഹകരണ പ്രസ്ഥാനങ്ങള്‍.സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്കക്കള്ളി ഇല്ലാതാവുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്.സഹകരണ മന്ത്രി അവരുടെ താല്‍പ്പര്യങ്ങള്‍ ഈ അമ്പലപ്പൂരങ്ങള്‍ക്കിടയില്‍ മറന്ന് പോകരുത്.

Wednesday, November 19, 2008

16 കഴിഞ്ഞാല്‍ ആവേശം മൂക്കും


മനോരമ ഇപ്പോള്‍ പതിനാറ് തികഞ്ഞതിന്റെ ആവേശത്തിലാണ്. ആവേശം മൂത്താല്‍ ഖടുപ്പം കൂടും പിന്നെ പിടിച്ചാല്‍ കിട്ടില്ലേ....

ഒരു മനോവൈകൃത വാര്‍ത്ത പ്രസദ്ധീകരിക്കാനുള്ള മറ്റൊരു മനോവൈകൃതക്കാരന്റെ ആവേശം കാണുക.ആവേശത്തില്‍ ഇരട്ട നെഗറ്റീവ് പോസിറ്റീവ് ആകും എന്നൊന്നും ഓര്‍ത്തുകാണില്ല. തലക്കെട്ടിലും വാര്‍ത്തയിലും ആവര്‍ത്തിക്കുന്ന തെറ്റു കാണുക.

സഭ്യേതരമല്ലാത്ത പ്രവര്‍ത്തിക്ക് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ.എന്നാല്‍ നാളെമുതല്‍ എല്ലാവരും സഭ്യേതരമായ പ്രവൃത്തികള്‍ ചെയ്യുക...മാഥുഖുട്ടിച്ചായന്റെ ധമാശകളേ.....

Sunday, November 09, 2008

പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ?

പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ? മറ്റൊരു വിധത്തില്‍ ചോദിച്ചാല്‍ പുണ്യങ്ങളുടെ (ആദര്‍ശങ്ങളുടെ) പ്രസക്തി കാലവുമായി ബന്ധപ്പെട്ടാണോ?

ഗാന്ധിജിയോ ബുദ്ധനോ ക്രിസ്തുവോ ഇന്നത്തെ കാലഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അവരുടെ പഴയ മുദ്രാവാക്യങ്ങളുയര്‍ത്തിയാല്‍ അവര്‍ ബഹിഷ്കൃതരാകുമോ? ഏകെജിക്കും പി കൃഷ്ണപിള്ളക്കും ആര്‍ സുഗതനും ഈ കാലഘട്ടത്തില്‍ എന്തു വരവേല്‍പ്പാകും ലഭിക്കുക?

ആടിനെ പോറ്റുന്ന ചാത്തുവിനെയും (പില്‍ക്കാലത്ത്) ആടിനെ പോറ്റാത്ത ചാത്തുവിനെയും നമുക്കായി വാക്കുകളില്‍ വരഞ്ഞ മലയാളത്തിന്റെ ഒരു കാലത്തെ നല്ല എഴുത്തുകാരനായ എം മുകുന്ദന്‍ മലയാളത്തിന് നല്‍കിയ പുതിയ പദമാണ് കാലഹരണപ്പെട്ട പുണ്യാളന്‍.അത് എന്തിനെ കുറിച്ചാലും ആ പദത്തിന് ഒരു ധ്വന്യാത്മകമായ ഒരു ചന്തമുണ്ട്.ഒരു സീസണ്ട് എഴുത്തുകാരന്റെ കയ്യൊപ്പ്. താന്‍ പറഞ്ഞതല്ല,താഹാ മാടായി കല്‍പ്പിച്ച് കൂട്ടിയതാണ് എന്നൊക്കെ പുലമ്പി എന്തിന് വെറുതേ ആ നല്ല പ്രയോഗത്തിന്റെ പിതൃത്വം ത്യജിക്കണം.

പക്ഷെ വാക്കുകളുടെ ലയവിന്യാസത്തിനപ്പുറം പൊരുള്‍ തേടി പോകുമ്പോള്‍ എന്തോ ചവര്‍പ്പ് അനുഭവപ്പെടുന്നു.തീര്‍ച്ചയായും അത് അച്ചുതാനന്ദ-പിണറായി ദ്വന്ദങ്ങളില്‍ ഏതെങ്കിലും പക്ഷം ചേരുന്നത് കൊണ്ടല്ല.മറിച്ച് നാം കടന്നു വന്നകാലത്തെ മൂല്യബോധം അപ്രസക്തമാണെന്നും പുതിയ കാലത്ത് കൂടുതല്‍ പ്രായോഗികമായി ചിന്തിക്കുന്നവനാണ് ജേതാവ് എന്നുമുള്ള തീരെ ആഴമില്ലാത്ത ഒരു ബോധനം അതില്‍ നിറയുന്നു എന്നതിനാലാണ്.

കൈക്കൂലി വാങ്ങിക്കാത്തവരെ ചിലര്‍ ഉപദേശിക്കുന്നത് കേള്‍ക്കാറില്ലേ-ഇത്തരം നിര്‍ബന്ധബുദ്ധി കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ജീവിക്കാനാവില്ലെന്നും കുറേ കൂടി പ്രായോഗികമാകണമെന്നും.അത്തരമൊരു അരുചി മുകുന്ദന്റെ വാചകത്തിലും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അതില്‍ കുറ്റം പറയാനാകുമോ?നിങ്ങള്‍ ബര്‍ഗറും പിസ്സയും കഴിച്ചുകൊണ്ട് പാര്‍ട്ടി വളര്‍ത്തിക്കൊള്ളൂ,പക്ഷെ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും ലഗസി തള്ളിപറയരുത്.ആ കാലഘട്ടത്തെ ഗൃഹാതുരവും കാല്‍പ്പനികവുമായ ഭാവുകത്വമായി പുച്ഛിക്കുന്നവരുണ്ടാകാം.അവര്‍ക്ക് പോലും അതിനെ പാടെ നിഷേധിക്കാനാകുമന്ന് തോന്നുന്നില്ല.കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്‍ക്കുന്ന വര്‍ഗ്ഗവികാരം മുതല്‍ കെ.പി.ഏ.സിയുടെ നാടകഗാനങ്ങള്‍ വരെ ഒരു പിടി കാല്‍പ്പനികഭാവുകത്വങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമായിട്ടുണ്ട്.അവയെയൊക്കെ നിഷേധിച്ചു കൊണ്ട് ആര്‍ക്കും കമ്മ്യൂണിസത്തിന്റെ കേരള പൈതൃകത്തെ മുന്നോട്ട് കൊണ്ടു പോകാനാകില്ല.വൈകി മാത്രം ഈ വഴിയില്‍ വന്നത് കൊണ്ടാവും മുകുന്ദന് ഇതൊന്നും മനസ്സിലാകതെ പോകുന്നത്.

എന്തു കൊണ്ടാണ് മുകുന്ദന്‍ പിണറായിയെ കാലഘട്ടത്തിന്റെ നേതാവായി ഉയര്‍ത്തികാട്ടുന്നത്? അദ്ദേഹത്തിന് മുതലാളിത്തത്തിന്റെ നവലിബറല്‍ അജണ്ടകളോട് പൊരുത്തപ്പെട്ടും സന്ധി ചെയ്തും പോകനാകുമെന്ന് മുകുന്ദന്‍ കരുതുന്നു. ഇതില്‍ പരം ഒരു അവമതിപ്പ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടാകാനില്ല.ശരിക്കും അച്ചുതാനന്ദനെയല്ല പിണറായിയെയാണ് മുകുന്ദന്‍ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു.ഇതിനെ കുറിച്ച് പിണറായി തന്നെ വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് മുകുന്ദന്റെ വികസന സങ്കല്‍പ്പം?അത് മുതലാളിത്തം വിശദീകരിക്കുന്നത് പോലെ സമൂഹത്തില്‍ വളരെ കുറച്ച് പേര്‍ സമ്പത്ത് കൈയ്യടക്കി വെയ്ക്കുകയും ഉല്‍പ്പാദന ഉപാധികളില്‍ അവകാശം നില നിര്‍ത്തുകയും അവ ഉപയോഗിച്ച് തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പികയും ചെയ്യുക,മുതലാളിത്തത്തിന്റെ കണ്ണിയടുപ്പമുള്ള അരിപ്പയില്‍ കൂടി സമൂഹത്തിലേക്ക് അരിച്ച് വരുന്നത് മാത്രം ബാക്കിയുള്ളവര്‍ എടുക്കുക എന്നതാണോ? സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും വളര്‍ച്ചാ നിരക്കും ചൂണ്ടികാട്ടി മന്‍‌മോഹന്‍ സിങ്ങും ചിദംബരവും മുന്‍പ് ബിജെപിയും ആളെ പറ്റിക്കുന്ന തിളങ്ങുന്ന ഇന്ത്യയുടെ വികസന സങ്കല്‍പ്പമാണോ മുകുന്ദന്‍ പങ്കു വെയ്ക്കുന്നത്?
അതോ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം കിട്ടുന്ന,കൂടുതല്‍ കുട്ടികള്‍ സ്കൂളുകളില്‍ പോകുന്ന,അധികം ചിലവില്ലാതെ നല്ല ചില്കിത്സ ലഭിക്കുന്ന,പരിസ്ഥിതിയെ ചവുട്ടിയരച്ച് പൊതു സമ്പത്ത് കൊള്ളയടിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാത്ത,ഭരണകൂടം മൂലധനത്തിന് ഫെസിലിട്ടേറ്റര്‍ എന്ന നിലയില്‍ മാമാപ്പണി ചെയ്യാതെ റെഗുലേറ്റര്‍ എന്ന രീതിയില്‍ ഇടപെടുന്ന ഒരു വ്യവസ്ഥിതിയെയാണോ മുകുന്ദന്‍ ഇഷ്ടപ്പെടുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് ഒരു വിപ്ലവാനന്തര കാലഘടത്തിലല്ല എന്ന് നല്ല ബോധ്യം ആ പാര്‍ട്ടിക്കുണ്ട്.ഒരു മുതലാളിത്ത സ്വഭാവമുള്ള കേന്ദ്ര സര്‍ക്കാറിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള പരിമിതിയും ആ പാര്‍ട്ടിക്ക് ബോധ്യമുണ്ട്.അതിനര്‍ത്ഥം നിലവിലുള്ള എല്ലാ നവലിബറല്‍ നയങ്ങളെയും അംഗീകരിക്കണമെന്നാണ് എന്ന് ആരും കരുതുന്നില്ല.ചെറുക്കാവുന്നയ്ക്കെതിരേ ചെറുത്തു നില്‍ക്കുക തന്നെ വേണം(ഉദാഹരണം ബാങ്ക് ഡീ-നാഷണലൈസേഷന്‍).ചിലതിന് ബദലുകള്‍ കണ്ടെത്തണം, ചിലതിനോട് പൊരുത്തപ്പെടുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് ഇതിനെ കുറിച്ച് നല്ല ബോധമുണ്ടെന്ന് എനിക്ക് തോന്നുന്നു,മുകുന്ദനില്ലെങ്കിലും.അത് കൊണ്ടാണ് പിണറായിയുടെ വിശദീകരണം ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്.

Monday, October 13, 2008

സാമ്പത്തിക പ്രതിസന്ധി-കാണാപ്പുറങ്ങള്‍ തേടി

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ലോകം.ജി-8ലെ ഏഴുപേരും ചേര്‍ത്ത് തലയില്‍ സാമ്പ്രാണി കത്തിച്ച് പുകച്ചിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായില്ലത്രേ.

വ്യക്തിപരമായി ഈ തകര്‍ച്ച എന്നില്‍ ഒരു സമയം ആശ്വാസവും ആകുലതയും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.ആകുലതയെ കുറിച്ച് ആദ്യം പറയാം.ഒന്നാമത് ഞാന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അവരുടെ റിസര്‍വുകള്‍ സൂക്ഷിച്ചിരിക്കുന്നത് അമേരിക്കന്‍ സാമ്പത്തിക ഉപകരണങ്ങളിലാണെന്നത് പരക്കെ അറിയപ്പെടുന്നതാണ്.എത്രത്തോളം അവര്‍ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്,അവയില്‍ എത്ര നഷ്ടപ്പെട്ടു കഴിഞ്ഞു എന്നത് മാത്രമാവും രഹസ്യം.മറ്റൊന്ന് പെട്രോളിയം വിലയില്‍ ഉണ്ടായ തകര്‍ച്ചയാണ്.അതും ഈ മേഖലയെ കാര്യമായി ബാധിക്കും.ഏറെ കാലമായി ഉയര്‍ന്നു നില്‍ക്കുകയും കയറി പൊയ്ക്കോണ്ടിരിക്കുകയും ചെയ്യുന്ന പെട്രോള്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ഇവിടുത്തെ നിക്ഷേപവും ധൂര്‍ത്തും ദീവാളി കുളിയും.

ഉദാഹരണത്തിന് വാണം വിട്ട പോലെ പൊയ്ക്കോണ്ടിരുന്ന യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നല്ല തോതില്‍ ഇടിയാന്‍ സാധ്യതയുണ്ട്.പാശ്ചാത്യനിക്ഷേപം കുറഞ്ഞ ഒരു കാലത്തേക്ക് പ്രതീക്ഷിക്കേണ്ട്,എണ്ണ വില തകര്‍ന്നാല്‍ മേഖലയിലെ ലാഭത്തിന്റെ പുനര്‍നിക്ഷേപവും.ഇത് ഒരു പ്രതിസന്ധി ഗള്‍ഫില്‍ സൃഷ്ടിച്ച് കൂടായ്കയില്ല.

ഇത്തരം വ്യാകുലതകള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ ഈ പ്രതിസന്ധി മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ അനിവാര്യമായിരുന്നു.മറ്റ് പലരും വിളിക്കുന്ന പോലെ ഈ പ്രതിസന്ധിയെ കറക്ഷന്‍ എന്ന ഓമന പേരിട്ട് വിളിക്കാന്‍ എനിക്ക് കഴിയുന്നില്ല.

എന്തൊക്കെയാണ് ഈ പ്രതിസന്ധി നല്‍കുന്ന പാഠങ്ങള്‍.

1. വിപണിയുടെ അപരാജിത്വം, കമ്പോളത്തിന്റെ സുതാര്യത,മുതലാളിത്തത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങി ആഡം സ്മിത്ത് മുതല്‍ കെ.വേണു വരെ പുകഴ്ത്തിയ സംഗതികള്‍ വാസ്തവുമായി വലിയ ബന്ധമില്ല എന്ന് തെളിയിക്കപ്പെടുന്നു.

2.കടം വാങ്ങിയും ചിലവാക്കുക എന്ന അമേരിക്കന്‍ സാമ്പത്തിക നീതി എത്ര ക്രൂരമാകാം എന്ന പാഠം.കൈയിലെത്താത്ത പണത്തെ പോലും നമ്മെ കൊണ്ട് ചിലവാക്കിക്കുന്ന (spend tomorrow's earnings today itself) ക്രഡിറ്റ് കാര്‍ഡ് മുതല്‍ പലതരം സാമ്പത്തിക ഉപകരണങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

3.ഉല്‍പ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത ഫിനാന്‍സ് ക്യാപിറ്റലിന്റെ മായാജാലങ്ങള്‍.2006ല്‍ ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 66 ട്രില്യണ്‍ ആയിരിക്കവേ അക്കൊല്ലം നടന്ന ഫിനാന്‍സ് മൂലധനവ്യാപാരം 700 ട്രില്യണ്‍ ആണെന്ന് ഡോ.എം.എ ഉമ്മന്‍ അദ്ദേഹത്തിന്റെ മാധ്യമം ലേഖനത്തില്‍ പറയുന്നു. ഏതാണ്ട് 10-12 ഇരട്ടി.ഉല്‍പ്പാദനാവുമായി യാതൊരു ബന്ധവുമില്ലാതെ ഇങ്ങനെ സൃഷ്ടിക്കുന്ന പണം പുതുതായി യാതൊരു മൂല്യവും സൃഷ്ടിക്കുന്നില്ല.

4. റിസ്ക്ക് എടുത്ത് ഒരു സുരക്ഷിതത്വമില്ലാതെ ലോണ്‍ നല്‍കുക, പിന്നെ ആ ലോണുകള്‍ പുത്തന്‍ പേരുകളില്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രമെന്‍സ് എന്ന് പൊതുവേ പേര്‍)വിപണിയിലെത്തിക്കുക,അവയെ വണ്‍‌കിട ഇന്‍ഷൂറന്‍സുകാര്‍ പരിരക്ഷിക്കുന്നു എന്ന തെറ്റായ ബോധം നിക്ഷേപകരില്‍ ഉളവാ‍ക്കുക,പിന്നെ ക്രഡിറ്റ് റേറ്റിങ്ങ് തുടങ്ങിയ തരികിടകളും (ഓഡിറ്ററുമാരും മോശമല്ല കുപ്രസിദ്ധമായ എന്‍‌റോണ്‍-ആര്‍തര്‍ ആന്‍ഡേഴ്സണ്‍ കേസ് ഓര്‍ക്കുക)ചേര്‍ത്ത് വിപണനം ചെയ്യുക
ഈ സോപ്പു കുമിളയാണ് അഡ്രസില്ലാതെ തകര്‍ന്നു കിടക്കുന്നത്.ഇത്തരം സാമ്പത്തിക ഉപകരണങ്ങള്‍ അങ്ങേയറ്റം വിനാശകരമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇവ നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ട ഊഹകച്ചവടം മാത്രമാണ്.

5.ലോകത്താകമാനം അമേരിക്ക മുതല്‍ ദുബായ് മുതല്‍ കൊച്ചി വരെ നീരാളി കൈകള്‍ വിരിച്ചു നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായം ഊഹകച്ചവടത്താല്‍ പൊലിപ്പിക്കപ്പെട്ട ഒന്നാണെന്ന ബോധവും ഈ പ്രതിസന്ധി നല്‍കി.ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനമൂല്യമോ അതിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡോ ഒന്നുമല്ല, മറിച്ച് കൃതൃമമായി സൃഷ്ടിച്ച ഒരു തരംഗത്തിലാണ് അതിന്റെ നിലനില്‍പ്പ്.അതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തി എടുത്ത ആസ്തികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

6.ഭരണകൂടമാണ്,കമ്പോളമല്ല സമൂഹത്തില്‍ പ്രമാദമായ കടമ നിര്‍വ്വഹിക്കേണ്ടത് എന്ന് സത്യവും ഈ തകര്‍ച്ച നമ്മുക്ക് മനസ്സിലാക്കി തരുന്നു.മൂകസാക്ഷിയുടെ റോളല്ല,മറിച്ച് ഇടപെടാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു ഭരണസംവിധാനം ആവശ്യമാണ്,അതിനെ അപ്രസക്തമാക്കനും വണ്ണം വളരാന്‍ ഒരു കമ്പോളത്തെയും അനുവദിച്ചു കൂടാ.സമൂഹത്തിന്റെ മുന്‍‌ഗണനകള്‍ നിര്‍ണ്ണയിക്കേണ്ടത് ഭരണകൂടമായിരിക്കണം,കമ്പോളമായിരിക്കരുത്.

ഇതോട് കൂടി മുതലാളിത്തം തകര്‍ന്ന് മണ്ണടിയുമെന്നും സോഷ്യലിസം സ്ഥാപിതമാകുമെന്നുമുള്ള മിഥ്യാധാരണകളൊന്നും ആരും വെച്ച് പുലര്‍ത്തുന്നു എന്ന് കരുതുന്നില്ല.എങ്കിലും മുതലാളിത്തത്തിന്റെ ഈ തകര്‍ച്ച പടരാതിരിക്കാന്‍ അമേരിക്കക്ക് പോലും സോഷ്യലിസത്തിന്റെ ബാലപാഠങ്ങളിലേക്ക് മടങ്ങി പോകേണ്ടി വന്നു എന്ന് പരമാര്‍ത്ഥം കാണാതെ പോവുകയും അരുത്.(ഖജനാവില്‍ നിന്ന് നഷ്ടം വെച്ച് കൊടുക്കുന്ന പരിപാടിയെ privatisation of profit and socialisation of losses എന്ന് ജനം പരിഹസിക്കുന്നുവെങ്കിലും)


മെച്ചപ്പെട്ട റെഗുലേറ്ററി സംവിധാനവും അവയ്ക്ക് മുകളില്‍ വ്യക്തമായ ഭരണകൂടനിയന്ത്രണവുമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ സാമ്പത്തിക സ്ഥാ‍പനങ്ങളെ തകര്‍ക്കാന്‍ ഈ കൊടുങ്കാറ്റിന് ആവാതെ പോയത്.ഈ ധാരണ എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതി അവരുടെ ലാഭക്കൊതിക്ക് ഒരു ജനതയെ എറിഞ്ഞ് കൊടുക്കുന്ന മന്‍‌മോഹന്‍-ചിദംബരാദികള്‍ക്ക് അവശ്യം ഉണ്ടാകേണ്ടതാണ്.ബാങ്കുകളെ കണ്‍സോളിഡേറ്റ് ചെയ്ത് അവയെ സ്വകാര്യവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച് നടന്ന ചിദംബരത്തിനാണ് ദേശസാല്‍കൃത ബാങ്കുകളെ കുറിച്ചും അവര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനക്ക് നല്‍കിയ സേവനങ്ങളെ കുറിച്ചും മേനി പറയാന്‍ ഇപ്പോള്‍ അവസരം ലഭിച്ചത് എന്നത് വല്ലാത്ത ഒരു ഐറണിയാവാം.

90കളില്‍ ഐ.എം.എഫിന്റെ തലവന്‍ അന്നത്തെ ധനമന്ത്രിക്ക് ഒരു നോട്ട് നല്‍കിയത്രേ.ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ കാര്യക്ഷമതയില്‍ വളരെ പിന്നോക്കമാണെന്നും അവയുടെ സേവനം മഹാമോശമാണെന്നും അതിനാല്‍ അവ സ്വകാര്യവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും.2007-2008 ഇന്നത്തെ ധനമന്ത്രിക്കും കിട്ടി സമാനമായ ഒരു നോട്ട്.അതില്‍ പറയുന്നു ഇന്ത്യന്‍ പൊതു മേഖലാബാങ്കുകള്‍ വളരെ കാര്യക്ഷമമായി വര്‍ത്തിക്കുന്നതിനാല്‍ അവ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണം എന്ന്. രോഗം എന്തായാലും ചികിത്സ ജലുസിലാദി വടകം

Sunday, August 03, 2008

സോഷ്യലിസത്തിന്റെ മൈതാനനഷ്ടം

റാം‌‌മോഹന്റെ ഈയാഴ്ച്ചത്തെ മാതൃഭൂമിയില്‍ വന്ന ഫുട്ബോളിനെ കുറിച്ചുള്ള ലേഖനം ഈ കുറിപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.

പറയാന്‍ പോകുന്നത് ശാസ്ത്രീയ സോഷ്യലിസത്തെ കുറിച്ചോ കമ്മ്യൂണിസത്തെ കുറിച്ചോ അതിന്റെ വിവിധ സ്കൂളുകളെ കുറിച്ചോ അല്ല.(ഇതൊന്നും ചര്‍ച്ച ചെയ്യരുതെന്ന് പാതിരിമാര്‍ പറഞ്ഞാല്‍ പിന്നെ നാം അപ്പീലുമായി നടക്കരുതല്ലോ)

പറയാന്‍ വന്നത് മൈതാനനഷ്ടങ്ങളെ കുറിച്ചാണ്.മൈതാനങ്ങളുടെ അന്തര്‍ധാനം നഷ്ടപ്പെടുത്തിയ അപൂര്‍വ്വമായ ഒരു സോഷ്യലിസത്തെ കുറിച്ചാണ്.

കുറവന്തോട് എന്ന എന്റെ ഗ്രാമത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടന്നിരുന്ന വിസ്തൃതമായ മൈതാനമാണ്.ഒന്നിലധികം റ്റീമുകള്‍ക്ക് പലതരത്തിലുള്ള കളികള്‍ക്ക് ആ മൈതാനത്ത് സ്ഥലമുണ്ടായിരുന്നു.കിഴക്കേയറ്റത്ത് ക്രിക്കറ്റും ഫുട്ബോളും മാറിമാറി കളിച്ച ഞങ്ങള്‍, നടുക്ക് യുവേഴ്സ് എന്ന ഫുട്ബോള്‍ റ്റീം,പടിഞ്ഞാറേ അറ്റത്ത് ത്രീസ്റ്റാര്‍ എന്ന ക്രിക്കറ്റ് റ്റീം.

മൈതാനത്തിന്റെ ഉടമസ്ഥര്‍ ആരെന്ന് ഈ റ്റീമുകള്‍ ആരും അന്വേഷിച്ചില്ല.80കളില്‍, എന്റെ സ്കൂള്‍ കാലത്ത് ഗ്രൌണ്ട് യുവേഴ്സിന്റെ പൂര്‍ണ്ണ അധീനതയിലായിരുന്നു.ആണ്ടോടാണ്ട് അവര്‍ ഫുട്ബോള്‍ മഹാമഹം നടത്തുകയും ചെയ്തിരുന്നു.മൈതാനം നിറഞ്ഞ പുരുഷാരത്തിന് മധ്യത്തില്‍ തലയോലപ്പറമ്പ് മുതല്‍ കായംകുളം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ക്ലബുകള്‍ അണിനിരന്നു.

ആദ്യ റൌണ്ട് ഒരിക്കലും കടക്കാന്‍ കഴിയാത്ത ഹോം റ്റീമായ യുവേഴ്സിനു വേണ്ടി കയ്യടിക്കാന്‍ കഴിയാത്ത ഞങ്ങള്‍ ആ ഖിന്നതയൊന്നും കൂടാതെ വരുത്തന്‍‌മാര്‍ക്കായി കൈയ്യടിച്ചു.

80കളുടെ അവസാനത്തോടെ ഗ്രൌണ്ട് ഞങ്ങളുടെ നിയന്ത്രണത്തിലായി.ഫുട്ബോളിനെ ക്രിക്കറ്റ് തിന്നു തുടങ്ങി.എങ്കിലും വര്‍ഷത്തില്‍ നാലു മാസമെങ്കിലും ഞങ്ങള്‍ കാല്‍‌പ്പന്ത് കളിച്ചു.കളി പലപ്പോഴും പരുക്കനായത് കൊണ്ട് സീസണ്‍ അവസാനിക്കുമ്പോഴേക്കും ഒട്ടു മിക്ക കളിക്കാര്‍ക്കും അംഗഭംഗം സംഭവിച്ചിരിക്കും.കളി കഴിയുമ്പോള്‍ ഇഫക്റ്റ് വരാന്‍ കളിക്കു മുന്‍പേ ബ്രൂഫന്‍ കഴിക്കുന്നവര്‍ പോലുമുണ്ടായിരുന്നു.

ഞങ്ങളില്‍ ആരുടെയെങ്കിലുമുള്ളില്‍ എന്തെങ്കിലും വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഈ മൈതാനങ്ങളില്‍ വീണുടഞ്ഞു.ഓരോ വിജയങ്ങളിലും ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു.ജാതിപ്പെരുമകളെയും സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകളെയും കളിമിടുക്ക് അപ്രസക്തമാകി.

സന്ധ്യയായിക്കഴിഞ്ഞാല്‍ മൈതാനം സൊറ പറച്ചിലുകാര്‍ കൈയ്യടക്കും. അവിടെയും ഇവിടെയുമായി ചെറിയ ആള്‍ക്കൂട്ടങ്ങള്‍.ജോലികഴിഞ്ഞാല്‍ കുളിച്ച് പടിഞ്ഞാട്ട് പോക്ക് നാട്ടുകാര്‍ക്ക് ഒഴിച്ച് കൂടാനാവത്തതാണ്.സുകുമാരപിള്ളയുടെ പേരില്ലാത്ത ചായക്കടയില്‍ നിന്നോ സബിതയെന്ന ഹോട്ടലില്‍ നിന്നോ ഒരു ചായ.ചിലര്‍ പൊറോട്ട വാങ്ങി പെയ്ന്റടിച്ച് കഴിക്കും (കഷ്ണമില്ലതെ ഇറച്ചിയുടെ ചാര്‍ പൊറോട്ടയില്‍ ഒഴിച്ച് കൊടുക്കുന്ന സൂത്രത്തെയാണ് പെയിന്റടി എന്ന് അറിയപ്പെടുന്നത്).അതിനു ശേഷം മൈതാനത്തേക്കിറങ്ങും.അപ്പോഴേക്കും സൂര്യന്‍ അന്തിക്കുളിക്കായി കടലില്‍ ചാടിയിട്ടുണ്ടാവും.

ഞങ്ങള്‍ കളി കഴിഞ്ഞാലും മൈതാനത്ത് വട്ടം കൂടും.മൈതാനത്തെ ഏറ്റവും വലിയ വട്ടവും ഞങ്ങളുടേത് തന്നെ.ചിലപ്പോള്‍ 24 പേര്‍ വരെ ആ വട്ടത്തില്‍ കാണും.

നല്ല നാടന്‍ കഥകള്‍,തമാശകള്‍,വിഡ്ഡിത്തങ്ങള്‍..... അവയൊന്നും തന്നെ ഇന്ന് ഓര്‍ത്ത് വെയ്ക്കാനാകാത്തതില്‍ ഇന്ന് സങ്കടം തോന്നുന്നു.അല്ലെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് തുറക്കാമായിരുന്നു.

പണം ഒരു അപൂര്‍വ്വ വസ്തുവായിരുന്നു പലര്‍ക്കും.അത് കൊണ്ട് സിഗരറ്റ് പോലുള്ള ആഡംബരങ്ങള്‍ ഈ കമ്മ്യൂണില്‍ ഷെയര്‍ ചെയ്യപ്പെട്ടു.ഒരുത്തന് പരമാവധി മൂന്നോ നാലോ പുക.....

എന്തെങ്കിലും വിശേഷമുള്ള ദിവസങ്ങളില്‍ മദ്യപാനത്തിന് തിരഞ്ഞെടുത്തതും ഇതേ മൈതാനത്തിന്റെ പഞ്ചാരപരപ്പിനെയാണ്.പ്ലാസ്റ്റിക്ക് ഗ്ലാസ് അപൂര്‍വ്വ വസ്തുവാണ്.ഹൈവേയോട് കട നടത്തുന്ന ഒരാളുടെ മകന്‍ മടിക്കുത്തില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്ന ഏക ഗ്ലാസാണ് പാനപാത്രം.ഊഴം വെച്ച് ഓരോരുത്തരായി കുടിക്കും.അങ്ങനെ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് ഞങ്ങള്‍ സമത്വം പകര്‍ന്നു.

ഞങ്ങള്‍ 9 മണിയോടെ പിരിയുമ്പോഴും ചിലര്‍ മൈതാനത്ത് തന്നെ കാണും.ചിലര്‍ ആകാശത്ത് നോക്കി കിടക്കുന്നത് കാണാം.താരങ്ങള്‍ നിറയെ ഉള്ള ആകാശത്തില്‍ അവര്‍ തങ്ങളുടെ ഭാഗ്യതാരകം തിരയുകയാണോ ആവോ?

ഞങ്ങളുടെ മൈതാനം ഏതാനും കൊല്ലം മുന്‍പ് എം.ഇ.എസ്. ഏറ്റെടുത്തു.അവിടെ കേന്ദ്രീയ വിദ്യാലയം നടത്തുന്നു.ആദ്യം അവര്‍ മൈതാനം അടച്ചില്ലെങ്കിലും പിന്നീട് ഒരു കോട്ടമതില്‍ കെട്ടി മൈതാനം അടച്ചു.ആദ്യമൊക്കെ നാട്ടുകാര്‍ ചാടി കടന്ന് ഉള്ളില്‍ കയറി മൈതാനത്തോടുള്ള തങ്ങളുടെ വേര്‍പിരിക്കാനാവാത്ത അനുരാഗം പ്രകടിപ്പിച്ചു.സ്കൂളുകാര്‍ ബീറ്റ് പോലീസിനെ ചട്ടം കെട്ടിയപ്പോള്‍ പ്രതിഷേധം കെട്ടടങ്ങി.വെറുതേ പോലീസിന് പണിയുണ്ടാക്കാന്‍ ഞങ്ങളുടെ നാട്ടിലെ സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചില്ല.

ഇന്ന് കുറവന്തോട്ടിലെ കുട്ടികള്‍ കളീക്കുന്നുണ്ടോ? അറിയില്ല.ആരവങ്ങള്‍ എങ്ങ് നിന്നും കേള്‍ക്കുന്നില്ല.ചില ചെറുപ്പക്കാരെ അവിടെയും ഇവിടെയും കാണാം.പല്ലിനിടയില്‍ ചാണകം പോലെ ഉള്ള ഒരു ലഹരി വസ്തുവൊക്കെ വെച്ച് കിറുങ്ങി.

ജോലി കഴിഞ്ഞ് ആറു മണിക്ക് ആരും പടിഞ്ഞാട്ട് വരാറില്ല.വന്നാല്‍ തന്നെ ചായയും കുടിച്ച് തിരികെ നടക്കും.അവരില്‍ പലരും റ്റിവിയില്‍ മിന്നുകെട്ടും ശ്രീഗുരുവായൂരപ്പനും കണ്ട് നിര്‍വ്വാണം പ്രാപിക്കുക്കയായിരിക്കും.

കുട്ടികള്‍ വട്ടം കൂടി വെടിവട്ടം പറഞ്ഞിരിക്കാറില്ല.അവര്‍ കൂട്ടുകാരികളുമായി നോണ്‍ വെജ് ചാറ്റില്‍ മുഴുകിയിരിക്കുകയായിരിക്കും.

മൈതാനങ്ങളുടെ നഷ്ടം മനുഷ്യന്‍ എന്ന സാമൂഹികജീവിയുടെ പല മരണങ്ങളില്‍ ഒന്നു മാത്രമാണ്.

Wednesday, July 23, 2008

മന്‍‌മോഹനാസനത്തിലെ ആല്‍‌ത്തണല്‍

മന്‍‌മോഹന്‍ സിങ്ങ് ഭൂരിപക്ഷം സംഘടിപ്പിച്ചിരിക്കുന്നു.

ഇതില്‍ ബുഷപ്പന്റ്റെ നാട്ടിലിരുന്നും ഇന്ത്യലിരുന്നും വേറെ പലയിടത്തിരുന്നും കോള്‍ മയിര്‍ കൊള്ളുന്നു പലരും.പലരും പ്രകാശ് കാരാട്ടിന്റെ നെഞ്ചത്ത് കുതിര കയറുന്നു.റെഡിഫിലൊക്കെ കമന്റിടുന്ന ചപ്പാത്തികള്‍ നടത്തുന്ന ഇടതുപക്ഷവിമര്‍ശനത്തിന്റെ നിലവാരം പോലും പലതിനുമില്ല.എങ്കിലും.....

അത്ര നെഗളിക്കാനുണ്ടോ ഈ വിജയത്തില്‍? അല്ലെങ്കില്‍ ഉളുപ്പിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ തലതാഴ്ത്തുകയല്ലേ വേണ്ടത്?

എന്താണ് ഇന്ത്യന്‍ ഇടതുപക്ഷം ചെയ്ത പാതകം?

നാലേകാല്‍ കൊല്ലം മുന്‍പ് വര്‍ഗ്ഗീയ ശക്തികളെ ഒഴിവാക്കാന്‍ തങ്ങളുടെ പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധരായ എങ്കിലും മതേതര സ്വഭാവമുള്ള ഒരു സര്‍ക്കാറിന് പിന്തുണ നല്‍കി. ഇത് തെറ്റായിരുന്നുവോ?

അതിനായി മറ്റേത് കക്ഷിയും ആവശ്യപ്പെടുന്ന പോലെ 6 കേന്ദ്ര മന്ത്രി സ്ഥാനവും 5 സഹമന്തി സ്ഥാനവും ഇടതുപക്ഷം ആവശ്യപ്പെട്ടില്ല.മറിച്ച് തങ്ങള്‍ക്ക് കൂടി താല്‍പ്പര്യമുള്ള പൊതു വിഷയങ്ങള്‍ മാത്രമേ നടപ്പാക്കാവൂ എന്ന് നിര്‍ദ്ദേശം വെച്ചു.അന്ന് അതിനെ മന്‍‌മോഹനോ സോണിയയോ സര്‍ക്കാസത്തിന്റെ രാജാവ് ലാലുവോ കരുണാനിധിയോ എതിര്‍ത്തില്ല.ഇങ്ങനെ തത്വാധിഷ്ടിതമായ ഒരു നിലപാട് എടുത്തതാണോ ഇടത് പക്ഷം ചെയ്ത തെറ്റ്?

ഈ നാലരക്കൊല്ലം അവിഹിതമായി ഒരു പ്യൂണിനെ സ്ഥലം മാറ്റാന്‍ ഇടതുപക്ഷം സമര്‍ദ്ദം ചെലുത്തിയില്ല.(അമര്‍സിങ്ങിനായി ഊര്‍ജ്ജ സെക്രട്ടറിയെ മാറ്റിയത് കൂട്ടി വായിക്കുക).
സിബിഐയെ കൊണ്ട് ഏതെങ്കിലും കേസ് തേച്ച്‌മാച്ച് കളയാന്‍ ശ്രമിച്ചില്ല(ലാവ്‌ലിന്‍ പോലും)
പ്രാദേശികമായ താല്‍പ്പര്യങ്ങള്‍ ഉണ്ടായിട്ട് കൂടി ഡി.എം.കെ യോ ലാലു പാര്‍ട്ടിയെയോ പോലെ അതിന്റെ പേരില്‍ സമ്മര്‍ദ്ദ രാഷ്ട്രീയം കളിച്ചില്ല.

മറിച്ച് ഇന്ത്യന്‍ ഇടതു പക്ഷം എന്തു ചെയ്തു?

സര്‍ക്കാറിനെ സഹായിക്കാന്‍ തങ്ങളുടെ ഏറ്റവും നല്ല സാമാജികനെ സ്പീക്കറായി വിട്ടി നല്‍കി (പൊന്നരഞ്ഞാണം പാമ്പായി,അത് വേറെ കാര്യം)

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാകാന്‍ സമര്‍ദ്ദം ചെലുത്തി, നടപ്പാക്കിച്ചു (കോണ്‍ഗ്രസ് 45 കൊല്ലം ഭരിച്ചിട്ടും ചെയ്യാത്ത സംഗതി)

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി (ഇനി ഒരടി മുന്നോട്ട് പോകാന്‍ മുലായം+ലാലു സമ്മതിക്കുമോ?)

160000ല്‍ അധികം കര്‍ഷക ആത്മഹത്യ നടന്നതിനെ വിമര്‍ശിച്ചു.കേരള സര്‍ക്കാര്‍ ചെയ്തപോലെ കടാശ്വാസം നല്‍കാന്‍ നിര്‍ബന്ധിച്ചു.

പൊതു മേഖലാ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പിനികളെയും സംരക്ഷിച്ചു.അതിലൂടെ ആ സ്ഥാപനങ്ങള്‍ ചെയ്യുന്ന പ്രയോറിറ്റി സെക്ടര്‍ സേവനങ്ങളെ സാധാരണക്കാര്‍ക്കായി നിലനിര്‍ത്തി.

നെയ്‌വേലി ലിഗ്നേറ്റ് പോലുള്ള നവരത്ന സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.കരുണാനിധി പോലുള്ള ആളുകള്‍ ഇതില്‍ സഹായിച്ചു.


പെട്രോള്‍ വില കൂട്ടാതെ നികുതി ഘടനയില്‍ മാറ്റം വരുത്തിയും റിലയന്‍സ് പോലുള്ള ഇന്‍ഡിജിനസ് എണ്ണ കമ്പിനികള്‍ ഓരോ വര്‍ധനയിലുമുണ്ടാക്കുന്ന കൊള്ളലാഭത്തില്‍ സെസ് ഏര്‍പ്പെടുത്തിയും ജനത്തെ രക്ഷിക്കാന്‍ സമര്‍ദ്ദം ചെലുത്തി (സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല)


ഇടതുപക്ഷം എന്തു ചെയ്തില്ല?
ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയില്ല

എം.പി സ്ഥാനം ഉപയോഗിച്ച് മനുഷ്യകടത്ത് നടത്തിയില്ല

ഈ നിര്‍ണ്ണായക വോട്ടെടുപ്പിലും കുതിര കച്ചവടത്തിനു മുതിര്‍ന്നില്ല.മാത്രമല്ല കുതിര കച്ചവടം നടക്കുന്ന വസ്തുത ആദ്യം തന്നെ പുറത്ത് പറഞ്ഞതും ഇടതു പക്ഷമാണ്.

പക്ഷെ ഇടതുപക്ഷം ആണവകരാറിന്‍‌മേല്‍ ചില സംശയങ്ങള്‍ ഉന്നയിച്ചു.അവ ക്ലിയര്‍ ചെയ്യാതെ മുന്നോട്ട് പോവരുതെന്ന് ആവശ്യപ്പെട്ടു.അത് രാജ്യത്താകമാനവും പാരലമെന്റിലും ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടു.

ആണവകരാറല്ല അരിയുടെ വിലയാണ് ഇപ്പോഴത്തെ അടിയന്തരപ്രശ്നം എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.പൊതുവിതരണസംവിധാനം ശക്തമാക്കി വിലക്കയറ്റം തടയുകയാണ് ഉടന്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞു.


ഇതിനിടെ അമര്‍സിങ്ങുമായി മേശക്കടിയിലൂടെ ഉണ്ടാക്കിയ ഒരു ഡീലിന്റെ ബലത്തില്‍ മന്‍‌മോഹന്‍ സിങ്ങ് റ്റെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടതു പക്ഷത്തിന് തോന്നിയത് ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് മുഖത്തെറിഞ്ഞത്.ഞാന്‍ ഇലക്ഷനു പോയി ജനങ്ങളുടെ പിന്‍‌തുണ വാങ്ങി ഇതു നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ അത് പ്രധാനമന്ത്രിയുടെ സ്ഥൈര്യമാ‍ണെന്ന് സമ്മതിക്കാമായിരുന്നു.മറിച്ച് അമര്‍ സിങ്ങിന്റെ അതിലൂടെ അനില്‍ അംബാനിയുടെ പണത്തില്‍ കണ്ണു നട്ടാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.(ആരാന്റെ തീട്ടം കണ്ട് പന്നിയെ വളര്‍ത്തരുതെന്ന ചൊല്ല് പുള്ളി പഠിക്കാനിരിക്കുന്നതേ ഉള്ളൂ)



ഇന്ന്

ഇടതുപക്ഷം മറ്റേതു പക്ഷത്തെ പോലെ മറ്റൊരു പക്ഷം മാത്രമാണ് എന്ന് ചിന്തിക്കുന്നവര്‍ക്കും ഇടതുപക്ഷമാണ് ഇന്ത്യയുടെ പുരോഗമനത്തില്‍ വിലങ്ങു തടി എന്ന് പ്രചരിപ്പിക്കുന്ന ഒമര്‍ അബ്ദുള്ള ബ്രാന്‍ഡ് ഉന്നതകുലജാതര്‍ക്കും ജാതകള്‍ക്കും അനല്‍പ്പമായ ആഹ്ലാദം നല്‍കി കൊണ്ട് ഇടതു പക്ഷം പരാജയപ്പെട്ടിരിക്കുന്നു. വിജയിച്ചതോ

1.അമര്‍ സിങ്ങ് എന്ന പൊളിറ്റിക്കല്‍ ഗാംബ്ലര്‍
2. അനില്‍ അംബാനി
3. ഇന്ത്യയുമായി 100 ബില്യണന്റെ യുറേനിയം + റിയാക്ടര്‍ വ്യാപാരമോര്‍ത്ത് നാവു നനച്ചും കാശെറിഞ്ഞും കഴിയുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍
4.പപ്പുയാദവ് ആദിയായ ക്രിമിനലുകള്‍

ഇനിയുമുണ്ട് പേരറിയാത്ത ഒരുപാട് അധോശക്തികള്‍. വരും നാളുകളില്‍ അവ തെളിയുമെന്ന് പ്രതീക്ഷിക്കാം.

പക്ഷെ മന്‍‌മോഹന്‍ സിങ്ങ്, താങ്കള്‍ പരാജിതരുടെ പട്ടികയിലാണ്.താങ്കള്‍ ഇന്ന് ശരിക്കും ഒരു കോണ്‍ഗ്രസുകാരനായിരിക്കുന്നു.കരുണാകരനെയും നരസിംഹറാവുവിനെയും പോലെ മറ്റൊരു കോണ്‍ഗ്രസ്.ഇത്രയും നാള്‍ താങ്കള്‍ ബുഷിന്റെ His Masters Voice മാത്രമായിരുന്നെങ്കില്‍ നാളെ മുതല്‍ താങ്കള്‍ മുലായം യാദവ് മുതല്‍ അമര്‍ സിങ്ങ് മുതല്‍ പപ്പുയാദവ് വരെയുള്ളവരുടെ ഓര്‍ഡര്‍ലിയാണ്.അവരുടെ തീട്ടൂരങ്ങള്‍ക്കായി കാത്തിരിക്കുക.അത് ഒരിക്കലും കര്‍ഷകരെ സംരക്ഷിക്കാനോ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ളതോ ആവില്ല.ഏതെങ്കിലും കുത്തക മുതലാളിയേയോ കള്ളപ്പണക്കാരനെയോ സംരക്ഷിക്കാനുള്ളതാവും,അത് താങ്കള്‍ക്ക് അവാച്യമായ അനുഭൂതികള്‍ നല്‍കുമെന്ന് കരുതട്ടെ

താങ്കളുടെ ആസനത്തില്‍ മുളച്ച ഈ ആല്‍ താങ്കള്‍ക്ക് എന്നും തണലായിരിക്കട്ടെ, ആമേന്‍

വാലും തലയുമില്ലാതെ:

മായാവതി എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാകുന്നു.മുന്‍പ് ഇത് പോലെ ഊത്തല്‍ കണ്ടത് ലാലു യാദവിന്റെ കാര്യത്തിലാണ്.അന്ന് ലാലുവിനെ കുറ്റം പറഞ്ഞും ലാലുമായി ധാരണ ഉണ്ടാക്കിയതിന് സുര്‍ജിത്തിനെ തെറി പറഞ്ഞ് നടന്ന കോട്ട്-കണ്ഠകൌപീന ധാരികള്‍ പലരും ലാലുവിന്റെ മാനേജ്മെന്റ് ക്ലാസ് അറ്റന്‍ഡ് ചെയ്യുകയാണ്.ചിലര്‍ അദ്ദേഹത്തിന് “സര്‍ക്കാസചക്രവര്‍ത്തി വാഴ്കെ” ശ്ലോകം രചിക്കുന്ന തിരക്കിലാണ്.

ലാലുവിന്റെ അത്ര അഴിമതി കഥകള്‍ മായവതി കേള്‍പ്പിച്ചിട്ടില്ല.മാത്രമല്ല പലകാലങ്ങളില്‍ കോണ്‍‌ഗ്രസും ബിജെപിയും അവരുടെ പിറകേ നടന്ന് സപ്പോര്‍ട്ട് ഇരന്ന് വാങ്ങിയിട്ടുള്ളതുമാണ്.ഇന്ന് പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി അവരെ ഉള്‍പ്പെടുത്തുമ്പോള്‍ അവരുമായി ഇടതുപക്ഷം കൈകോര്‍ക്കുമ്പോള്‍ എന്തിന് അസ്വസ്ഥമാകുന്നു.(അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇടതു നേതാക്കള്‍ പറയുന്നു).മരുമകള്‍ ഉടച്ചാല്‍ പൊന്‍‌കല്‍ം അമ്മായി പൊട്ടിച്ചാ‍ല്‍ മണ്‍കലം എന്നാണോ

ഒരു പിന്നോക്കക്കാരി സ്ത്രീ അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തുന്നതിനെ ആരെങ്കിലും ഭയപ്പെടുന്നുവോ ആവോ?

“സുകുമാര” കല

സുകുവേട്ടന്‍ ഒരു സംഭവം തന്നെ. അദ്ദേഹം കരുതിയത് ഇന്നലെ കോഴ വിവാദം പാര്‍ലമെന്റിനെ വന്നപ്പോള്‍ മന്മോഹന്‍ സിങ്ങ് രാജി വെയ്ക്കുമെന്നാണ്. അതിനാണദ്ദേഹം ഓടുന്ന സിങ്ങിനെന്ന് കരുതി ഒരു മുഴം മുന്‍പേ എറിഞ്ഞത്. പോസ്റ്റിന്റെ ഉള്ളടക്കം മന്‍‌മോഹന്‍ജി രാജിവെയ്ക്കൂ, ഈ പണി മാന്യന്‍‌മാര്‍ക്ക് പറ്റിയതല്ല എന്നായിരുന്നു.(ഇന്ന് നോക്കിയപ്പോള്‍ ആ അവിഹിതഗര്‍ഭം കലക്കപ്പെട്ടിരിക്കുന്നു,പോസ്റ്റ് കിടന്നിടത്ത് സിങ്ങിന്റെ താടിയിലെ പൂട പോലുമില്ല)



സിങ്ങ് ആരാ മ്വോന്‍... പുള്ളി ഇപ്പോള്‍ ആസനത്തില്‍ കിളുത്ത ഈ ആല് ഒരു വന്‍ തണലായി കരുതി. അപ്പോള്‍ സുകുവേട്ടന്‍ എന്താ ചെയ്ക? ആ തണലത്തിരുന്ന് അല്‍പ്പം കാറ്റ് കൊള്ളുക. എന്നിട്ടോ അവിടെ നിന്ന് ഗമിക്കുന്ന കീഴ്ശ്വാസത്തെ ഇങ്ങനെ പുകത്തുക ഇവിടെ കാറ്റിന് സുഗന്ധം


കഷ്ടം...

Monday, July 21, 2008

Wednesday, July 16, 2008

ചില ആണവ സംശയങ്ങള്‍

കഴിഞ്ഞ പോസ്റ്റില്‍ ആണവകരാറിന്റെ രാഷ്ട്രീയം ആണ് ഞാന്‍ പരാമര്‍ശിച്ചിരുന്നത്. ഇത്തവണ കരാറിനെ കുറിച്ച് പരിമിതമായി മാത്രം മനസ്സിലാകിയ ശേഷം ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അറിയാവുന്നവര്‍ ഉത്തരം പറയുക.

ദില്ലിയിലെ രാഷ്ട്രീയം ഈ പോസ്റ്റിന്റെ പരാമര്‍ശവിഷയമല്ല. എന്നാല്‍ ലോക ആണവരാഷ്ട്രീയം ഇതിലുണ്ട് എന്ന് അംഗീകരിക്കുന്നു.



1. ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമാണോ? അമേരിക്ക (ലോകം) അത് അംഗീകരിക്കുന്നുണ്ടോ?

2. അമേരിക്കന്‍ ആണവ ആക്റ്റിന്റെ (1954)സെക്ഷന്‍ 123 പ്രകാരം അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യവുമായി കരാര്‍ അനുവദിക്കുന്നുണ്ടോ? അതിനാലല്ലേ അതിന് പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ഹൈഡ് ആക്റ്റ് നിര്‍മ്മിച്ചത്.അപ്പോള്‍ ഹൈഡ് ആക്റ്റ് ഇന്ത്യക്ക് ബാധകമാകില്ല എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ? ഹൈഡ് ആക്റ്റ് ഇല്ലെങ്കില്‍ സെക്ഷന്‍ 123 2(1) പ്രകാരം അമേരിക്കക്ക് എന്‍.പി.റ്റി ഒപ്പിടാത്ത രാജ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഹൈഡ് ആക്റ്റ് നമ്മുക്ക് ബാധകമാണ്.

3. ഹൈഡ് ആക്റ്റ് പ്രകാരം ഏഷ്യയിലെ ആണവ നിര്‍വ്യാപനത്തിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്‍‌തുണക്കണം.എന്നു വെച്ചാല്‍ ഏത് പട്ടിയെയും പേപ്പട്ടി എന്ന് വിളിച്ച് അമേരിക്ക ആക്രമിക്കുമ്പോള്‍ നാം മുഴുത്ത കല്ലുമെടുത്ത് കൂടെ ചെല്ലണം.ഇറാക്കില്‍ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ന്യായം പൊസഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ആയിരുന്നു.യുദ്ധശേഷം ഒരു ആസിഡ് ബള്‍ബെങ്കിലും കിട്ടിയോ?

4. ചൈന ഈ കരാറില്‍ ഒപ്പ് വെച്ചു എന്നു പറയുന്നവര്‍ ഒരു സംഗതിക്ക് ഉത്തരം പറയണം.ചൈനക്ക് ആണവായുധ പദവി കിട്ടി.അത് അംഗീകരിച്ച ഒരു കരാറില്‍ ആണ് അവര്‍ ഏര്‍പ്പെട്ടത്.എന്നാല്‍ ആണവയുധ ശേഷി നേടിയ ഇന്ത്യ ഇപ്പോഴും ലൈസന്‍സില്ലാത്ത വെടിക്കാരന്‍ തന്നെയാണ്.ഇന്ത്യയെ ആണവരാജ്യമായി അംഗീകരിക്കുക,അതിനു ശേഷം ഇന്ത്യ എന്‍.പി.റ്റി ഒപ്പിടുക,അതിനു ശേഷം സെക്ഷന്‍ 123 പ്രകാരം ഇന്ത്യയുമായി ഡീല്‍ ചെയ്യുക, ഇതല്ലായിരുന്നുവോ വേണ്ടത്? അപ്പോള്‍ ഹൈഡ് ആക്റ്റിന്റെ ഈ ഡെമോക്ലസിന്റെ വാള്‍ നമ്മുക്ക് മുകളില്‍ തൂങ്ങുമായിരുന്നുവോ? ആണവരാജ്യമെന്ന നിലയില്‍ ചൈനക്ക് ഹൈഡ് ആക്റ്റ് ബാധകമല്ല.

5.എന്ത് കൊണ്ട് ഇത്ര നാള്‍ നാം എന്‍.പി.റ്റി. ഒപ്പിട്ടില്ല? നമ്മുക്ക് ആണവായുധരാജ്യം എന്ന പദവി വക വെച്ച് തരാത്തത് കൊണ്ടല്ലേ? ഇപ്പോള്‍ അത് വക വെച്ച് തരുന്നുണ്ടോ?

6.എന്‍.പിറ്റി. ഒപ്പിടാത്തതിന് നാം പറഞ്ഞ ന്യായം ചില രാജ്യങ്ങള്‍ക്ക് (അമേരിക്ക,റഷ്യ,ഫ്രാന്‍സ്,ബ്രിട്ടന്‍,ചൈന) ആണവായുധ പദവി വകവെച്ച് നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിന് ശേഷി (ഇന്ത്യ,പാകിസ്ഥാന്‍) ഉണ്ടെങ്കില്‍ കൂടി അത് നല്‍കാത്തത് വിവേചനമാണ് എന്നല്ലേ? ആ പൊസിഷന്‍ ഇപ്പോള്‍ മാറിയോ?

7. ഇന്ത്യയില്‍ ധാരാളമുള്ള തോറിയം ഉപയോഗിക്കുന്നില്ല, മുന്‍പ് നാം പണചിലവ് ഏറെ എന്ന് പറഞ്ഞ് 1990ല്‍ (മന്‍‌മോഹനിസത്തിന്റെ തുടക്കകാലത്തില്‍)നിര്‍ത്തി വെച്ച റിയാക്ടറുകളെക്കാള്‍ ചിലവ് കൂടിയവ വാങ്ങുന്നു,സാങ്കേതിക വിദ്യ കൈമാറുന്നില്ല തൂടങ്ങിയ ആരോപണങ്ങള്‍ വേറെ. ഇത് ശരിയാണോ എന്ന് ഫിസിക്സ് അറിയാവുന്നവര്‍ പറയുക

8.നിശ്ചിത കാലത്തിനുള്ളീല്‍ 40 ആണവറിയാക്റ്ററുകള്‍ വാങ്ങിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോ?

Thursday, July 10, 2008

ആണവചിതയില്‍ സര്‍ക്കാരിന്‍ ജഡം വെച്ച് വാ‍യ്ക്കരിയിടാന്‍..

ആണവ കരാറില്‍ തട്ടി യു.പി.എയുടെ കപ്പല്‍ ഉലയുന്ന സ്ഥിതിയിലാണ് ഈ കുറിപ്പ് എഴുതുന്നത്.അംബാനിമാര്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ടും കുതിരകച്ചവടത്തിന് മടിയില്ല എന്ന് മന്‍‌മോഹന്‍സിങ്ങ് വ്യക്തമാക്കിയത് കൊണ്ടും എങ്ങനെ ഈ കഥ പുരോഗമിക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ.എങ്കിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ദുശാഠ്യത്തെ ഒന്ന് പരാമര്‍ശിക്കുന്നതിന് മാത്രമാണ് ഈ കുറിപ്പ്.

ആ‍ണവകരാറിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നില്ല.ശ്രമിച്ചാലും നടക്കില്ല.കാരണം അത് വളരെ ഗുപ്തമായ എന്തോ സംഗതിയെന്ന മട്ടിലാണ് കോണ്‍ഗ്രസ് പെരുമാറുന്നത്.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കാന്‍ ഇടതുപക്ഷം പറഞ്ഞ കാരണങ്ങളില്‍ ഏറ്റവും വാലിഡ് എന്ന് തോന്നിയ വാദം ഈ മടിയില്‍ ഘനമുണ്ടെന്ന് തോന്നിക്കപ്പെടുന്ന സര്‍ക്കാറിന്റെ വഴിയിലെ ഭയമാണ്.

നയതന്ത്രരേഖകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന തൊടുന്യായത്തിലൂന്നിയുള്ള ഈ അഭ്യാസം ഒരു വെല്ലുവിളി തന്നെയാണ്.അത് പാര്‍ലമെന്റിനോട് മാത്രമല്ല പാരലമെന്റ് പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ജനതയോട് തന്നെയാണ്.

ആത്യന്തികമായി ഒരു ബ്യൂറോക്രാറ്റ് മാത്രമാണ് താന്‍ എന്ന് മന്മോഹന്‍ സിങ്ങ് പേര്‍ത്തും തെളിയിക്കുന്നു.ജനത്തെ ഭയക്കുന്ന ജനത്തെ വെറുക്കുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭു.അതു കൊണ്ടാണ് രാജ്യസഭയെന്ന അടുക്കള വാതിലില്‍ കൂടി കയറി പ്രധാനമന്ത്രി പദത്തില്‍ കഴിഞ്ഞ നാലില്‍ ഏറെ കൊല്ലം അദ്ദേഹം ഞെളിഞ്ഞിരുന്നത്.കോണ്‍ഗ്രസിന്‍ എവിടെയെങ്കിലും നിറുത്തി അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാന്‍ കഴിയാഞ്ഞിട്ടല്ല.അതിന്റെ ആവശ്യമില്ല എന്ന് ഈ ബ്യൂറോക്രാറ്റ് കരുതുന്നു.ജനത്തോട് ഉത്തരവാദിത്തമില്ലാത്ത ഒരു ബ്യൂറോക്രാറ്റിന് മാത്രമേ ജനാധിപത്യത്തെ ഇങ്ങനെ പുച്ഛിക്കാന്‍ കഴിയൂ.

ഇന്ന് എസ്.പിയുമായു ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പോലെ ഒരു ക്വിദ്-പ്രോ-ക്വോ (something in return)ഉള്ള ഒരു ബന്ധമായിരുന്നില്ല ഇടതൂപക്ഷവും കോണ്‍ഗ്രസുമായി ഉണ്ടാക്കിയത്.ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി അവയില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് മുന്നണി സംവിധാനത്തിലെ തമ്പ് റൂള്‍.ഇത് അറിയാന്‍ സിങ്ങ് കരുണാകരനോട് ഒന്ന് ചോദിച്ചാല്‍ മതിയായിരുന്നു.

മുന്നണിയിലുള്ള വിവിധ കക്ഷികള്‍ക്ക് അവരുടേതായ നയങ്ങളും താല്‍പ്പര്യങ്ങളും പരിപാടികളും ഉണ്ടാകും.അതു കൊണ്ടാണല്ലോ അവ പല പാര്‍ട്ടികളായത്.ഒരു പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് ഡോഗ്മയായി അനുഭവപ്പെടാം.അത്തരം ഘട്ടങ്ങളില്‍ ഇത്തരം ഡോഗ്മകളെ പരസ്പരം കൂട്ടിമുട്ടിക്കാതിരിക്കുക എന്നതാണ് മുന്നണി രാഷ്ട്രീയം മൂന്നോട്ട് കൊണ്ട് പോകാനുള്ള ഏക വഴി.പ്രത്യേകിച്ചും നയസമീപനങ്ങളില്‍ വല്ലാത്ത കടുമ്പിടുത്തമുള്ള ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമ്പോള്‍.

കേരളത്തില്‍ ഏറെ പരിചിതമായ മുന്നണി സംവിധാനം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇന്നും വഴങ്ങുന്നില്ല എന്ന് മനസ്സിലാക്കേണ്ടി വരും.ഒരു പക്ഷെ ഇതിലും ഭേദമായി ബിജെപി മുന്നണിയെ മാനേജ് ചെയ്തു.ആര്‍ട്ടിക്കിള്‍ 370,ഏകീകൃത സിവില്‍ കോഡ്,പള്ളി പൊളി,അമ്പലം പണി ഇങ്ങനെ അവരുടെ മാത്രം ഇഷ്ടവിഷയങ്ങളൊട്ടുമിക്കതും പരണത്ത് വെച്ചാണ് അവര്‍ 5 കൊല്ലം ഭരിച്ചത്.ഭരണത്തിന്റെ ഗുണദോഷം വേറെ.ഒന്ന് ആലോചിക്കണം അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ ആ മുന്നണിയില്‍ ഡി.എം.കെ അല്ലാതെ ആരും ഉണ്ടാകില്ലായിരുന്നു.എന്നിട്ട് പോലും അവര്‍ വിവാദവിഷയങ്ങള്‍ കൊടിലു കൊണ്ട് പോലും തൊട്ടില്ല.

പക്ഷെ കോണ്‍ഗ്രസും അതിന്റെ പ്രധാനമന്ത്രിയും പരമാവധി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്.തരം കിട്ടിയപ്പോളൊക്കെ പൊതു മിനിമം പരിപാടിയില്‍ നിന്ന് മാറി തരവഴികേട് കാണിക്കാന്‍ മന്‍‌മോഹനും ചിദംബരവും മത്സരിച്ചു.ഇടതുപക്‍ഷത്തിന്റ്റെ കടുത്ത ബി.ജെ.പി വിരുദ്ധത മന്‍‌മോഹനും കൂട്ടരും ഒരു താപ്പായി എടുത്തു.അതിന്റെ പരിണാമമാണ് ഇപ്പോഴത്തെ ഈ വഴി പിരിയല്‍.

രാജ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതിരിക്കിമ്പോഴാണ് സിങ്ങ് പ്രശ്നങ്ങള്‍ അമേരിക്കയില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുന്നത്.പണപ്പെരുപ്പവും വിലവര്‍ധനയും കൊണ്ട് ജനത്തിന്റെ കളസം കീറി.ദാരിദ്രം,കുട്ടികളുടെ പോഷകാഹാര കുറവ്,പ്രാഥമിക വിദ്യാഭ്യാസ-ആരോഗ്യ വിഷയങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അവസ്ഥ, തകര്‍ന്ന കാര്‍ഷിക വ്യവസ്ഥ,കര്‍ഷക ആത്മഹത്യ- അതൊന്നും മന്‍‌മോഹനെ അലട്ടുന്നില്ല.ബുഷിനുള്ള വാക്ക് പാലിക്കണം.കുടുംബം വിറ്റാണെങ്കിലും പുളികുടി നടത്തണം എന്ന പിടിവാശി.ഈ ഒരു വാശി അടിസ്ഥാന ജനതയുടെ ദുരവസ്ഥ പരിഹര്‍ക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍.

ചില കുഞ്ചിരാമന്‍‌മാര്‍ ചൈനക്ക് വേണ്ടിയാണ് ഇടതുപക്ഷ നിലപാട് എടുത്തത് എന്ന് പറയുന്നു.ചൈനയോട് ഇടതുപക്‍ഷത്തിനുള്ള സോളിഡാരിറ്റി ഒരു രഹസ്യമല്ല.പക്ഷെ അതിനെ വളച്ചൊടിക്കുന്നവര്‍ ഇടതുപക്‍ഷ നിലപാട് വ്യക്തമായി മനസ്സിലാക്കാത്തവരോ മനസ്സിലയില്ല എന്ന് നടിക്കുന്നവരോ ആണ്.ഞാന്‍ മനസ്സിലാക്കിയ ഇടതു നിലപാട് ഇതാണ്

1. ഇടതു പക്ഷം ആണവ കരാറിന് എതിരല്ല.പക്ഷെ സുതാര്യമായ ചര്‍ച്ചകള്‍ നടത്തണം.പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണം. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ ഒരു തിരഞ്ഞെടുപ്പിനെയും നേരിടണം.
2. ചൈനക്കെതിരേ ഒരു അച്ചുതണ്ട് വളര്‍ത്താനാണ് അമേരിക്ക ഇന്ത്യയെ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഇടതുപക്ഷം എതിര്‍ക്കും. ലോകത്തെ ഏക റോഗ് രാജ്യവുമായി അത്തരത്തിലുള്ള ഏത് സഖ്യത്തെയും ഇടതുപക്ഷം എതിര്‍ക്കും.അമേരിക്ക ഇന്ത്യയെ ചൈനയെക്കാള്‍ വലിയ ശക്തിയാകാന്‍‍ സഹായ്യിക്കും എന്നൊക്കെയുള്ള വാദങ്ങള്‍ സഹതാപത്തോടെ മാത്രമേ കാണാന്‍ സാ‍ധിക്കൂ

ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കൂട്ടുകെട്ടിനെയാണ് മന്‍‌മോഹന്‍സിങ്ങിന്റെ ദുര്‍വാശിക്ക് വേണ്ടി പട്ടടയിലേക്ക് എടുക്കുന്നത്.ഒരിക്കലും ജയലളിതയെയോ കരുണാനിധിയെയോ പോലെ പ്രാദേശിക താല്‍പ്പര്യങ്ങളുടെയോ വ്യക്തി താല്‍പ്പര്യങ്ങളുടെയോ സമ്മര്‍ദ്ദം ഇടതുപക്‍ഷം ചെലുട്ത്തിയില്ല.ഇടത് സമ്മര്‍ദ്ദം മുഴുവന്‍ ഈ തീവണ്ടിയെ പൊതു മിനിമം പരിപാടി എന്ന പാളത്തില്‍ നിര്‍ത്താനായിരുന്നു.പൊതു മിനിമം പരിപാടിയില്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.ഇത് രാഷ്ട്രീയമായ വിശ്വാസ വഞ്ചനയാണ്.ബുഷിനെ പോലെ ഒരു കാപാലികനു വേണ്ടി ആയിരുന്നു ഈ ചതി എന്നത് ദുഖകരമാണ്.

Monday, June 23, 2008

ഭഗത്തിന്റെ ജന്മദിനം


ഭഗത് ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് ഉച്ച തിരിഞ്ഞ് 3.15ഓടെയാണ് അവന്‍ ജീവിതസമരങ്ങളുടെ ഈ ഭൂമികയിലേക്ക് പ്രതിഷേധിച്ച് കൊണ്ട് കടന്നു വന്നത്.

40 ദിവസം പ്രായമുള്ളപ്പോള്‍ ചികുന്‍ ഗുനിയയോ അതിന്റെ ഏതോ അവാന്തരവിഭാഗമോ അവനെ ആക്രമിച്ചു.വെണ്‍പട്ടു പോലുള്ള ആ മേനിയില്‍ കറുത്ത പാടുകള്‍ വീണു.പാലു പോലും കുടിക്കാനാകാതെ ചുണ്ടുകള്‍ വറ്റിയുണങ്ങി.ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ നിന്നും തന്റെ പേരിലെ പോരാളിയെ സൂചിപ്പിച്ചു കൊണ്ട് അവന്‍ അതിജീവിച്ചു.

ഇന്ന് അവന്‍ ഏറെ മിടുക്കനായിരിക്കുന്നു.വന്ന അസുഖത്തിന്റെ പാടുകള്‍ ഏതാണ്ട് മാഞ്ഞു കഴിഞ്ഞു.ചേച്ചിയോടൊപ്പം വീടു മുഴവന്‍ ഓടി നടക്കുന്നു,ഞങ്ങളുടെ ചെറിയ ഫ്ലാറ്റില്‍ കൊഞ്ചല്‍ നിറയ്ക്കുന്നു,കുസൃതി കൊണ്ട് അമ്മയുടെ മയില്‍‌പ്പീലിമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു.

മകനേ നീ ഒരു നല്ല മനുഷ്യനായി വളരുക.

അച്ഛന്‍,അമ്മ,ചേച്ചി

Wednesday, June 18, 2008

കട്ട് പറയേണ്ടവര്‍ ആക്ഷനില്‍ മുഴുകുമ്പോള്‍

രണ്‍ജി പണിക്കരുടെ ഡയലോഗുകളും ജോഷിയുടെ ചടുലമായ സ്വീക്കെന്‍സുകളും മമ്മൂട്ടിയുടെ ആക്ഷനുകളും വിനയന്റെ ഞൊണ്ടി സെന്റിമെന്‍സും നിറഞ്ഞ ഒരു പടം കേരളമാകുന്ന വിശാലമായ ഭൂമികയില്‍ ആരും കട്ടു പറയാനില്ലാതെ തുടരുകയാണല്ലോ.മലയാളസിനിമയില്‍ ട്രേഡ് യൂണിയന്റെ പ്രസക്തി എന്താണെന്ന ലളിതമായ ചോദ്യം എന്റെ മുന്നില്‍ വന്നവതരിച്ചതങ്ങനെയാണ്.

കലയും വ്യവസായവും

സിനിമ ഒരു സമയം കലയും വ്യവസായവുമാണ്.അല്ലെങ്കില്‍ വ്യാവസായികമായ അടിസ്ഥാനമില്ലാതെ നിലനില്‍ക്കാനാകാത്ത കലയാണ് സിനിമ.മറ്റു കലകളെക്കാള്‍ പെര്‍ഫെക്ഷന്‍ അവകാശപ്പെടാനാകും സിനിമയ്ക്ക്.പക്ഷെ കൂടുതല്‍ പെര്‍ഫെക്ഷന്‍ എന്നാല്‍ കൂടുതല്‍ കാശ്മുടക്ക് എന്നാണ്.അപ്പോള്‍ സിനിമ എന്ന വ്യവസായത്തെ തള്ളിപ്പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന് പോലും കല വളര്‍ത്താനാകില്ല.

കലാകാരനും സിനിമാക്കാരനും

യഥാര്‍ത്ഥ കലാകാരന്‍ എന്നു ദാരിദ്ര്യത്തില്‍ ആയിരിക്കും എന്ന തിയറി വെച്ച് നോക്കിയാല്‍ സിനിമാക്കാര്‍ കലാകാരന്‍‌മാരല്ല എന്ന് പറയേണ്ടി വരും.കാരണം സിനിമാക്കാരന്‍ എന്ന സംജ്ഞയില്‍ സാധാരണ കൊള്ളിക്കപ്പെടുന്ന നടന്‍,സംവിധായകര്‍ തുടങ്ങിയവര്‍ മറ്റേത് കലയും ചെയ്യുന്നവരെക്കാള്‍ സമ്പന്നരാണ്.തകര്‍ന്നു പോകുന്നവരില്ലെന്നല്ല.പക്ഷെ വിജയിച്ചവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ അത് കൈയ്യിലിരുപ്പ് കൊണ്ട് മാത്രമാകും.

ട്രേഡ് യൂണിയന്‍

സിനിമ ഒരു ട്രേഡ് ആണെങ്കിലും അതിന്റെ മുന്‍‌നിര പ്രവര്‍ത്തകര്‍ പ്രഫഷണലുകളാണ്,തൊഴിലാളികളല്ല.സംവിധായകന്‍,ക്യാമറാമാന്‍,നടന്‍,പാട്ട്,കൂത്ത്,അടി,പിടി ഇവയൊക്കെ കൈകാര്യം ചെയ്യുന്നത് പ്രഫഷണലുകളാണ്.ജന്മസിദ്ധമോ ആര്‍ജ്ജിതമോ ആയ ചില പ്രത്യേക കഴിവുകള്‍ ഉപയോഗിച്ച് ചില പ്രതേക കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പൊതുവേ പ്രൊഫഷണലുകള്‍ എന്നുദ്ദേശിക്കുന്നത്.കഴിവ്,വൈദഗ്ദ്ധ്യം തുടങ്ങി പല ഘടകങ്ങളാണ് പ്രൊഫഷണലുകളെ വിജയികളാക്കുന്നത്.കൊലക്കേസുമായി വരുന്നവന്‍ അതിന്ന വക്കീലിനെ വെച്ച് ചെയ്യണമെന്ന് പറയാന്‍ ബാര്‍ കൌണ്‍സിലിനോ ക്യാന്‍സറുമായി വരുന്നവന്‍ ഇന്ന ഡോക്ടര്‍ക്ക് കേസില്ല അത് കൊണ്ട് അങ്ങോട്ട് പൊയ്ക്കോ എന്ന് പറയാന്‍ ഐ.എം.എക്കോ അധികാരമില്ല എന്നത് പോലെ തന്നെയാണ് ഇവിടെയും കാര്യങ്ങള്‍.ഏതെങ്കിലും സംഘടന നിര്‍മ്മാതാവായ എന്നോട് നിങ്ങള്‍ വിനയനെ വെച്ച് മാത്രമേ അടുത്ത സിനിമ എടുക്കാവൂ എന്നു പറഞ്ഞാല്‍ അത് അനുസരിക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല.

സിനിമയിലെ സംവിധായകര്‍ സംഘടനയുണ്ടാക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.കളക്റ്റീവ് ബാര്‍ഗെയിനിംഗ് ചെയ്ത് ഇവര്‍ക്ക് എന്താണ് നേടാനുള്ളത്?ഇവര്‍ക്കിടയില്‍ പൊതുവായി എന്താണുള്ളത്?പറയുമ്പോള്‍ അടൂരും സംവിധായകന്‍ വിനയനും സംവിധായകന്‍,പക്ഷെ സഭയില്‍ കൂട്ടി പറയാവുന്ന പേരാണോ ഇത് രണ്ടും.

ഒരു സിനിമയെ സംബന്ധിച്ച് സംവിധായകന്‍ അതിന്റെ വ്യാഖ്യാതാവ് മാത്രമല്ല,സി.ഇ.ഒ കൂടിയാണ്.ഒരു സിനിമയെ വിഷ്വലൈസ് ചെയ്യുന്നതിനൊപ്പം അതിന്റെ കോസ്റ്റും അതിന്റെ സാധ്യതകളും വിഷ്വലൈസ് ചെയ്യാന്‍ അയാള്‍ക്ക് സാധിക്കണം.നിര്‍മ്മാതാവ് ഷെയര്‍ഹോള്‍ഡറാണെങ്കില്‍ സംവിധായകനാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.സ്വാഭാവികമായി മറ്റ് തൊഴിലാളികളെ പോലെ സംവിധായകനെ കാണാനാവില്ല.

സിനിമയില്‍ പക്കാ തൊഴിലാളികളുണ്ട്.സെറ്റില്‍ അധ്വാനിക്കുന്നവന്‍ മുതല്‍ പാചകക്കാരന്‍ മുതല്‍ ഡ്രൈവര്‍ വരെ.അവരുടെ താല്‍പ്പര്യങ്ങളെ സംവിധായകരുടെയോ മറ്റ് ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിനിമാ പ്രവര്‍ത്തകരുടെ താല്‍പ്പര്യവുമായി കൂട്ടി കെട്ടുക വയ്യ.കാരണം സിനിമയുടെ മൊത്തം ചുമതലക്കാരന്‍ എന്ന നിലയില്‍ സംവിധായകന്റെ താല്‍പ്പര്യങ്ങള്‍ തൊഴിലാളികളുടേതുമായി കോണ്‍ഫ്ലിക്റ്റ് ചെയ്യുന്നതാവാം.

ചുരുക്കം പറഞ്ഞാല്‍ സിനിമയില്‍ സംഘടന വേണ്ടത് യഥാര്‍ത്ഥ തൊഴിലാളികള്‍ക്കാണ്.അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കലാകാരന്മാരുമായി ചേര്‍ന്നുള്ള സംഘടന്യ്ക്ക് പറ്റില്ല.വിനയന്റെ സിനിമയുടെ നിര്‍മ്മാതാവും തൊഴിലാളിയുമായി ഒരു ഇഷ്യു വന്നാല്‍ വിനയന്‍ തന്റെ നിര്‍മ്മാതാവിനെയും അത് മൂലം സിനിമയയെയും ഉപേക്ഷിച്ച് തൊഴിലാളികളുടെ ദത്തുപുത്രനാകും എന്നു കരുതുക വയ്യ.കാരണം സ്വാഭാവികമായും ഇവര്‍ 2 കൂട്ടരും 2 വര്‍ഗ്ഗതാല്‍പ്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

വിലക്കുകള്‍

സിനിമയ്ക്കു പുറത്തെ സിനിമയിലെ ഏറ്റവും വലിയ കോമഡിയാണ് വിലക്കുകള്‍.നടനെ മാക്ട വിലക്കുന്നു,സംവിധായകനെ അമ്മ വിലക്കുന്നു,ഇവരെയെല്ലാം നിര്‍മ്മാതക്കള്‍ വിലക്കുന്നു,നിര്‍മ്മാതാക്കളെ വിതരണക്കാരും തിയറ്റരുകാരും വിലക്കുന്നു.പൊതുജനത്തിന് സംഘടനയില്ലാത്തത് കൊണ്ട് ഇവരെയെല്ലാം ഒറ്റയടിക്ക് വിലക്കാന്‍ പറ്റുന്നില്ല.

ഇവിടെ ഒരു നിയമവും ഭരണഘടനയുമൊക്കെ ഉള്ള രാജ്യമാണ്.നീതി നിര്‍വ്വഹണത്തിന് ഭരണഘടനാസ്ഥാപനങ്ങളുമുണ്ട്.പരാതികള്‍ കേള്‍ക്കാന്‍ അവ പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ട്.അവ പോലും ആരെയും വിലക്കാറില്ല.തല്ലി ചെയ്യിക്കേണ്ട ഒന്നല്ല കല.അതില്‍ നൈസര്‍ഗ്ഗികതയുടെ അംശം വളരെ വലുതാണ്.ഊരുവിലക്കുക,വഴി മുടക്കുക,മഹറോന്‍ ചൊല്ലുക,കല്യാണവും കല്ലറയും വിലക്കുക തുടങ്ങിയ ഫ്യൂഡല്‍-പൊരോഹിത്യങ്ങളുടെ തുരുമ്പടുത്ത ശിക്ഷാവിധികളാണ്.പ്രതിഭയുള്ളവനെ ഇവിടെ വിലക്കിയാല്‍ അവന്‍ ചിലപ്പോള്‍ ഹോളിവുഡില്‍ പോയി മനോജ് നൈറ്റ് ശ്യാമളനാകും.കിണറിനു പുറത്തും ലോകമുണ്ടെന്ന് ഈ വിലക്കന്മാര്‍ അറിഞ്ഞിരിക്കണം.

Monday, May 26, 2008

കേരള ആത്മീയതയുടെ ഭൌതികസത്യങ്ങള്‍

ഇത് ശിക്കാറിന്റെ കാലമാണ്.

ശിക്കാരികള്‍ ചാനല്‍ദൈവങ്ങളാവം,എഴുത്തുമാധ്യമപുലികളാവാം,പോലീസാവാം,ഡിഫിക്കാരാകാം,യുവമോര്‍ച്ചക്കാരാകാം.സ്വാമികള്‍,പാസ്റ്ററുമാര്‍,ചാത്തന്‍സേവക്കാര്‍,അമ്മവേഷക്കാര്‍,രോഗശാന്തിക്കാര്‍‍ അങ്ങനെ ജനത്തിന്റെ വിവരക്കേടിനെയും ക്ഷിപ്ര വിശ്വാസത്തെയും വയറ്റിപ്പാടാക്കിയ പല കൂട്ടരും അമ്പേറ്റു വീഴുന്നു.ആത്മീയവേഷക്കാര്‍ മാത്രമല്ല അവരുടെ തപോവനങ്ങളില്‍ എത്തിനോക്കിയ മാ‍ന്‍പേടകള്‍ക്ക് പോലും രക്ഷയില്ല.

അതിനിടെ ആത്മീയവാദികള്‍ക്ക് വക്കാലത്തുമായി മറ്റു ചിലരും വന്നു.ചിലര്‍ അങ്ങനെയാണ്.പൊതു സമൂഹത്തിന്റെ വികാരത്തിന് എതിരേ നില്‍ക്കുക എന്നത് ഒരു ഫാഷനാക്കും.വലിയ വിപ്ലവകാരികളായ്തു കൊണ്ടൊന്നുമല്ല.എല്ലാവരും സ്വാമിമാരെ തെറി പറയുമ്പോള്‍ സ്വാമിമാര്‍ക്ക് ചരട് ജപിച്ച് നല്‍കാനും അത് വിറ്റ് കാശുണ്ടാക്കാനും കൂടിയുള്ള സ്വാതന്ത്ര്യമല്ലേ മൂപ്പിലാന്‍ ആഗസ്റ്റ് 15ന് വാങ്ങി തന്നത് എന്ന മട്ടിലുള്ള ചോദ്യം വളരെ naive ആയി തോന്നാമെങ്കിലും അത് അത്ര നിഷ്കളങ്കമാകാന്‍ വഴിയില്ല.അതെന്തെങ്കിലുമാകട്ടെ,ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അതല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ 50 വര്‍ഷം കേരളം അതിശക്തമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു.ശ്രീനാരായണന്‍ തന്നെ ആയിരുന്നു പൂര്‍വ്വപാദത്തിലെ ഹീറോ.എന്തായിരിക്കണം ഒരു സന്ന്യാസി എന്നതിന് നമ്മുക്ക് തേടി പോകാന്‍ കഴിയുന്ന ഏറ്റവും അടുത്ത ഉദാഹരണം ഗുരു തന്നെയാണ്.സ്വയം ആത്മീയതയുടെ സീമകള്‍ ലംഘിക്കാതെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭൌതികവും ആത്മീയവുമായ ഉന്നതിക്ക് വേണ്ടി അദ്ദേഹം സമരം ചെയ്തു.സന്ന്യാസി വിപ്ലവകാരിയാകുന്ന ചരിത്രസന്ധി.ഗുരു കാട്ടില്‍ ഫലമൂലങ്ങള്‍ തിന്നു തപസ്സു ചെയ്ത ആളല്ല.ജനമധ്യത്തില്‍ തന്നെ അദ്ദേഹം നില കൊണ്ടത്.അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിനു പോലും അവസാനകാലത്ത് ഇളക്കമുണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്.എങ്കിലും അദ്ദേഹം തികഞ്ഞ ആത്മീയവാദിയായിരുന്നു.

ആരാണ് ആത്മീയവാദി എന്ന് ഗുരു തന്നെ പറയുന്നു.ഒരു നല്ല മനുഷ്യന്‍ തന്നെയാണ് നല്ല ആത്മീയവാദി ആയി മാറുന്നത്.ഒരുവന്‍ ആത്മസുഖത്തിന് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണം ചെയ്യുമ്പോള്‍ ആണ് ഒരാള്‍ നല്ല മനുഷ്യന്‍ ആകുന്നത്.അതിലെ ആത്മസുഖത്തിന്റെ ഡെഫനിഷന്‍ ഒന്നു വിപുലീകരിച്ച് അത് കേവലം ഭൌതികസുഖത്തിനപ്പുറം ആത്മസംതൃപ്തിക്കായി അനുഷ്ഠിക്കുമ്പോള്‍ അയാള്‍ ആത്മീയവാദിയാകുന്നു.സന്ന്യാസിയാകുന്നു.

ഭഗത്‌സിംഗ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം ഒന്നും ഇച്ഛിക്കുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നോ തന്റെ മകളെയും കൊച്ചുമകനെയും ഭാവി പ്രധാനമന്ത്രി ആക്കണമെന്നോ തന്റെ കൊച്ചുമരുമകളുടെ പാവാടചരടില്‍ ഈ രാജ്യത്തെ കൊരുത്തിടണമെന്നോ അദ്ദേഹം ആഗ്രഹിക്കുന്നില്ല.അത് കൊണ്ടാണ് തൂക്കികൊല്ലുന്നതിന്റെ ഏതാനും നിമിഷം മുന്‍പ് വരെ നിസ്ചിന്തനാ‍യി ഭഗത് പുസ്തകം വായിച്ചിരുന്നത്.അതു കൊണ്ടാണ് പ്രാര്‍ത്ഥനയുടെ വഴിലേക്ക് മരണത്തിനു മുന്‍പേ നയിക്കാന്‍ ശ്രമിച്ചവരുടെ കൈ അദ്ദേഹം തട്ടികളഞ്ഞത്.അതു കൊണ്ടാണ് അദ്ദേഹം അടി പതറാതെ ഇങ്ക്വിലാബ് വിളിച്ച് കൊലമരം പൂകിയത്.
പരിത്യാഗിയാണ് സന്ന്യാസിയെങ്കില്‍ ഭാവിരാഷ്ട്രീയജീവിതം തൊട്ട് സ്വന്തം പ്രാണന്‍ വരെ പരിത്യജിച്ച ഭഗത്തല്ലേ ഏറ്റവും വലിയ സന്യാസി.തികഞ്ഞ ഒരു ഭൊതികവാദിയായ ഭഗത് സിംഗ് ഗാന്ധിജിയേക്കാള്‍ കുറഞ്ഞ ആത്മീയവാദിയാണോ?

1950കളുടെ രണ്ടാം പാദം കേരളത്തെ സംബന്ധിച്ച് നവോത്ഥാനമൂല്യങ്ങളുടെ തിരിച്ച് പോക്കിന്റെ കാലമായിരുന്നു.നാം ഇന്നു കാണുന്ന കപട ആത്മീയത ഇവിടെ വേര് ആഴ്ത്തിയതും ഈ കാലത്താണ്.വിമോചനസമരം ആ ദുഷിപ്പിന്റെ പരീക്ഷണശാലയായി.നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ മതശക്തികളുടെ കൂട്ടികൊടുപ്പുകാരായപ്പോള്‍ ആദ്യ പരീക്ഷണം തന്നെ വിജയമായി.

ഭഗത് സിംഗിന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോഴും നാട് നീളെ സ്വാതന്ത്ര്യസമരസേനാനികള്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെയും അവരുടെ സാമന്തരായ നാട്ടുരാജാക്കന്മാറ്രുടെയും അവരുടെ ദിവാന്‍മാരുടെയും അടിയും തൊഴിയും കൊള്ളുമ്പോഴും പില്‍ക്കാലത്തെ വിമോചനസമരക്കാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും.ഒരു കൂട്ടര്‍ ബ്രിട്ടീഷ് രാജാവിനെയും മറ്റൊരു കൂട്ടര്‍ നാട്ടുരാജാവിനെയും നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.പ്രധാനവിനോദം സേനാനികളെ ഒറ്റുകൊടുക്കലായിരുന്നു.പക്ഷെ ദോഷം പറയരുതല്ലോ 1947 ആഗസ്റ്റ് 16ന് അവരെല്ലാം കോണ്‍ഗ്രസ്സായി.

വിമോചനസമരം ഒരുക്കിയ ചരിത്ര പശ്ചാത്തലം കപട ആത്മീയതയുടെ വളര്‍ച്ചയെ വല്ലാതൊന്നുമല്ല സഹായിച്ചത്.വിമോചനസമരം ഇടതുപക്ഷത്തിനും ഒരു പാഠം നല്‍കി.ഈ ശക്തികളെയൊക്കെ എതിര്‍ത്ത് പോകുന്നതിനേക്കാള്‍ നല്ലത് സഹകരിച്ച് പോകുന്നതാണെന്.അങ്ങനെ സംഘടിത ആത്മീയവ്യാപാരികളുമായി അവരും കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു.ജില്ലകള്‍ വീതം വെയ്ക്കപ്പെട്ടു.വിദ്യാഭ്യാസരംഗം വീതം വെയ്ക്കപ്പെട്ടു.എന്തിന് അബ്ക്കാരി റേഞ്ചുകള്‍ പോലും ജാതിമത അടിസ്ഥാനത്തില്‍ വീതം വെയ്ക്കപ്പെട്ടു.എന്തിനും ഏതിനും ളോഹയും കാഷായവും നിസ്ക്കാര തഴമ്പും മറയായി.


പക്ഷെ ആത്മീയതയുടെ ബ്രാന്‍‌ഡ് നെയിമില്‍ അതിഭൌതികതയാണ് ഇവിടെ വിറ്റു പോയിരുന്നത് എന്ന് തിരിച്ചറിയാന്‍ നാം വൈകി. ആത്മീയതയുടെ ആവശ്യക്കാരും അതി ഭൌതികവാദികള്‍ തന്നെയായിരുന്നു.പെട്ടെന്ന് സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍,കൈക്കൂലിയും അഴിമതിയും കാട്ടി സ്വത്ത് സമ്പാദിച്ചവര്‍,ബ്ലേഡ് കാശെടുത്ത് ദീപാളി കുളിച്ചവര്‍,ബ്ലേഡ് നടത്തിപ്പുകാര്‍,രാഷ്രീയഭാഗ്യാന്വേഷികള്‍ അങ്ങനെ പോയി ആത്മീയതയുടെ കസ്റ്റമര്‍ ലിസ്റ്റ്.

അന്യന്റെ ചിലവില്‍ അരമനകളില്‍ വസിക്കുന്നവരും മെഴ്സിഡസില്‍ മാത്രം ചരിക്കുന്നവരും വിശിഷ്ഠ്ഭോജ്യങ്ങള്‍ ഭുജിക്കുന്നവരും വിമാനങ്ങളില്‍ പറന്നു നടന്ന് അനുഗ്രഹിക്കുന്നവരും എങ്ങനെ സന്ന്യാസിമാരാകും?ഭൌതികതയുടെ പരമകോടിയില്‍ വസിക്കുന്നവര്‍ എങ്ങനെ ആത്മീയ വാദികളാവും?തങ്ങളിലേക്ക് ഒഴുകുന്ന കോടികളില്‍ ചെറിയ ഒരു പങ്ക് സല്‍ക്കര്‍മ്മകള്‍ക്കായി വന്‍ പബ്ലിസിറ്റിയില്‍ ചിലവാക്കുകയും ബാക്കി അവനവന്റെ സുഖത്തിനായി ചിലവഴിക്കുന്നവരെങ്ങനെ സര്‍വ്വസംഗപരിത്യാഗിയാകും? (ആ ചിലവാക്കല്‍ തന്നെ ഇന്‍‌കം റ്റാക്സ് ആക്റ്റ് (സെക്ഷന്‍ 13 ആണെന്ന് തോന്നുന്നു)കാരണമാവാന്‍ സാധ്യത)

ആത്മീയവ്യാപാരവും ഭൌതിക വ്യാപരവും.

ആത്മീയവ്യാപാരവും ഭൌതിക വ്യാപാരവും-ഒന്നു ശരിയും മറ്റേത് തെറ്റുമാകുന്നതെങ്ങനെ?

ഭൌതിക വ്യാപാരങ്ങള്‍ (ചക്കയാവട്ടെ,മാങ്ങയാവട്ടെ,സേവനങ്ങളാകട്ടെ)വ്യക്തമായ വ്യാപാരനിയമങ്ങളാലും രാഷ്ട്ര-അന്താരാഷ്ട്ര നിയമങ്ങളാലും നിയന്ത്രിതമാണ്.സ്വാമി ജപിച്ച് തന്ന ചരട് ഫലിച്ചില്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോകാനാവില്ല.മാത്രമല്ല ഭൌതിക വ്യാപാരങ്ങളുടെ വരുമാനം സര്‍ക്കാരി ബോധിപ്പിക്കേണ്ടതും നികുതി അടക്കേണ്ടതുമാണ്.ഇതൊന്നും ആത്മീയവ്യാപാരത്തില്‍ നടപ്പില്ല.

ഭൌതികവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ അത് പൂര്‍ണ്ണമനസ്സോടെ ഉത്തമബോധ്യത്തോടെ ചെയ്യുന്നതാണ്.സാമ്പിള്‍ കാണിച്ചിട്ട് വേറെ ഉല്‍പ്പന്നം കൊടുത്താ‍ല്‍ കേസിനു പോകാം.അങ്ങനെ ഒരു ഉത്തമബോധ്യം ആത്മീയവ്യാപാരത്തില്‍ ഇല്ല.ഭക്തന്‍ ഫലം ഇച്ഛിക്കുന്നുണ്ടെങ്കിലും കിട്ടുമെന്ന് ഉറപ്പൊന്നും അയാള്‍ക്കില്ല.പലപ്പോഴും അയാള്‍ ഒരു അര്‍ധമനോരോഗിയാവാനാണ് സാധ്യത.യുക്തിയും സാമാന്യ ബോധവും ഇല്ലാതിരിക്കല്‍ ഒരു ആരോഗ്യ മനസ്സിന്റെ ലക്ഷണമായി കരുതുക വയ്യല്ലോ.

ആത്മീയവ്യാപാരികളോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുലത കൂടുതല്‍ ആളുകളെ ഇത്തരം വേഷം കെട്ടാന്‍ പ്രേരിപ്പിക്കും.കാഷായമോ ളോഹയോ ആര്‍ക്കും രക്ഷാകവചമാകരുത്.ആസനത്തില്‍ കുന്തം കയറ്റേണ്ട.പക്ഷെ ചെവിയില്‍ തൂവലിട്ട് സുഖിപ്പിക്കരുത്.

മറ്റൊന്ന് വിജയത്തിന് കുറുക്ക് വഴികളില്ല എന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടാവുകയാണ്.പാഠങ്ങളില്‍ നിരീശ്വരത്വം പഠിപ്പിച്ചാലും ഇല്ലെങ്കിലും പാഠങ്ങളില്‍ യുക്തിചിന്ത ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.യുക്തിയില്ലാത്ത ഒരു ജനത ആത്മീയ തട്ടിപ്പുകളില്‍ മാത്രമല്ല മറ്റു പല തട്ടിപ്പുകളിലും ചെന്നു വീഴും.ആട് തേക്ക് മാഞ്ചിയം,ബ്ലേഡ്,ചെയിന്‍ മണി ഇവയിലൊക്കെ പെട്ടവര്‍ വിദ്യാഭ്യാസമില്ലാത്തവരല്ല,മറിച്ച് യുക്തി കടലെടുത്ത് പോയവരാണ്.ഇനി അടുത്ത സാമൂഹ്യ തട്ടിപ്പ് നടക്കാന്‍ പോകുന്നത് ഫ്ലാറ്റ് കച്ചവടത്തിലായിരിക്കും.ഗവണ്മെന്റ് ഒരു റെഗുലേറ്ററി അഥോറിറ്റി ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത് തന്നെ അത് സംഭവിക്കും.അത്ര യുക്തിരഹിതമായണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഊഹകച്ചവടം നടക്കുന്നത്.

ഏതെങ്കിലും സ്വമി ആകാശത്തില്‍ നിന്നും അല്‍പ്പം കോമണ്‍സെന്‍സ് വീശിയെടുത്ത് അതിബുദ്ധിമാന്മാരായ മലയാളികളുടെ തലച്ചോറില്‍ തിരുകിയിരുന്നെങ്കില്‍....

Thursday, May 15, 2008

ഏകജാലകത്തില്‍ കഴപ്പ് അനുഭവിക്കുന്നവര്‍ക്ക്

ഏകജാലകത്തെ കുറിച്ച് അസത്യജടിലമായ ഒരുപാട് പ്രചരണങ്ങള്‍ നടക്കുന്നു.ഇതിനെ കുറിച്ച് മാരീചന്‍ ഒരിക്കല്‍ എഴിതിയിരൂന്നു.ഇത് മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരുടെ ലേഖനം. വായിക്കുക...

ഏകജാലകത്തിലൂടെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് കുട്ടികളെ എടുക്കുന്നില്ല.മെറിറ്റും സംവരണവും മാത്രം.എന്നിട്ടും മാനേജറുമാര്‍ക്കും പാതിരിമാര്‍ക്കും അവരുടെ ചെല്ലം ചുമട്ടുകാരായ മാണി-ഉമ്മന്‍-ചെന്നിത്തലമാര്‍ക്കും ഇത്ര ചങ്കു കഴയ്ക്കുന്നു.ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

ഏകജാലകം സത്യവും മിഥ്യയും -മാധ്യമം ലേഖനം

Thursday, May 01, 2008

കേരള വികസനം-എന്റെ കാഴ്ച്ച

ഫ്രണ്‍സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന് ഷാര്‍ജയില്‍ കേരള വികസനത്തെ കുറിച്ച് ഒരു സംവാദം നടത്തുന്നു.ഒരു പേപ്പര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിനായി അവതരിപ്പിക്കാമോ എന്ന് സെക്രട്ടറി സുനില്‍ ചോദിച്ചു,പ്രസംഗം അത്ര വശമുള്ള പണിയല്ല.മാത്രമല്ല കാലവസ്ഥാ വ്യതിയാനം എന്റെ തൊണ്ടയിലെ സൌണ്ട് കാര്‍ഡ് തകര്‍ത്തു.(അല്ലെങ്കില്‍ ഒലത്തിയേനെ)ഏതായാലും എന്റെ ചിന്തകള്‍ കുത്തി ഒരു പോസ്റ്റാക്കി സുനിലിനയച്ചു.ഇത്ര ആയ നിലക്ക് ഇവിടെയും കിടക്കട്ട്....



വികസനം എന്ന പദം കൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമായാല്‍ മാത്രമേ വികസനരംഗത്ത് എന്തെങ്കിലും പ്രതിസന്ധി നാം നേരിടുന്നുവോ എന്ന് പറയാനാവൂ.വികസനം പലപ്പോഴും തെറ്റായ അളവുകോല്‍ വെച്ച് അളക്കപ്പെടുന്ന വളരെ ആപേക്ഷികമായ ഒരു സംഗതി ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.

വികസനമെന്ന പദം മനസ്സിലേക്ക് കൊണ്ട് വരുന്നത് അംബരചുംബികളായ മാളികകളെയും ചീറിപായുന്ന കാറുകളെയും കുതിക്കുന്ന ഓഹരി സൂചികയെയുമാണ്.ഇത്തരമൊരു ചിത്രം നമ്മുടെ മനസ്സിലേക്ക് ആരോ അതി ശക്തമായി ഇമ്പ്രസ് ചെയ്തിരിക്കുന്നു.ഇത്തരം കെട്ടുകാഴ്ച്ചകളില്‍ നിന്നും മുഖ്യധാരാ ഇടതുപക്ഷത്തിനു പോലും മുക്തിയില്ല എന്ന് പലപ്പോഴും തോന്നി പോകുന്നു.

വികസനം എന്നെ സംബന്ധിച്ച് ഇതാണ്.

1. വിദ്യാഭ്യാസപരമായ വികസനം
2. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള സമൂഹത്തിലേക്കുള്ള പുരോഗതി
3. സാമ്പത്തികമായ പുരോഗതി
4. സാംസ്ക്കാരികമായ പുരോഗതി
5. സാങ്കേതികതയിലുള്ള പുരോഗതി
6. പരിസ്ഥിതി സംരക്ഷണത്തിലുള്ള പുരോഗതി.

ഇതില്‍ ഒന്ന് നശിപ്പിച്ച് മറ്റൊന്നിലോ മറ്റെല്ലാതിലുമോ പുരോഗതി കൈവരിക്കുന്നതില്‍ ഒരു മേന്മയുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഉദാഹരണത്തിന് വളരെ സാമ്പത്തിക പുരോഗതി നേടിയ ഗുജറാത്തി സമൂഹം സാംസ്കാരികമായി എത്ര പിന്നോക്കാവസ്ഥയിലാണ് എന്ന് ആ സമൂഹത്തെ നെടുകേ പിളരുന്ന അതിന്റെ വര്‍ഗ്ഗീയ ധ്രുവീകരണം സാക്‍ഷ്യപ്പെടുത്തുന്നു.

ഈ പുരോഗതി സമൂഹത്തില്‍ പൊതുവായി ഉണ്ടാകണം.അല്ലതെ ലോകധനികരില്‍ 10ല്‍ നാലുപേര്‍ ഇന്ത്യക്കാരായാല്‍ ഇന്ത്യ വികസിച്ചു എന്നു പറയുന്നതില്‍പ്പരം ഒരു മൌഡ്യമില്ല.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ നാം ആദ്യകാലങ്ങളില്‍ കുറേ ഏറെ മുന്നേറി.അത് പ്രധാനമായും ഈ രംഗങ്ങളില്‍ നാം അനുവദിച്ച സൌജന്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.പക്ഷെ ഈ രംഗത്തെ പുതിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ നമ്മുടെ പഴയ നയങ്ങള്‍ക്ക് കഴിയുന്നില്ല.പുതിയ നയങ്ങള്‍ രൂപപ്പെടുത്തി എടുക്കാന്‍ പ്രത്യയശാസ്ത്രമാറാപ്പ് നമ്മെ അനുവദിക്കുന്നുമില്ല.ഫലമോ ഈ രംഗങ്ങളില്‍ അരാജകത്വവും ചൂഷണവും തീവെട്ടിക്കൊള്ളയും കൊടി കുത്തി വാഴുന്നു.

മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം വേണം.പണം രോഗികളില്‍ നിന്നും ഈടാക്കാന്‍ ആവില്ല.അപ്പോള്‍ ഇനി ഈ രംഗത്ത് വികസനം വേണ്ട എന്നല്ലല്ലോ.ജനങ്ങളെ പിഴിയാ‍തെ എന്നാല്‍ ഖജനാവിനെ അധികമായി ബാധിക്കാതെ ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

സര്‍ക്കാര്‍ ഡോക്ടറുമാര്‍ സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.പക്ഷെ അത് അനുസ്യൂതം തുടരുന്നു.അതിനു പകരം ഉച്ചക്ക് ശേഷം ഓ.പികള്‍ പേ ക്ലിനിക്കുകളാക്കി മാറ്റുക.അവിടുത്തെ വരുമാനത്തിനെ പകുതി ഡോക്റ്ററുമാര്‍ക്ക് നല്‍കുക.പേക്ലിനിക്കുകള്‍ക്ക് പുറത്തുള്ള പ്രാക്റ്റീസ് ശക്തമായി നിരോധിക്കുക.ഇത്തരം ആശയങ്ങള്‍ കൂടുതല്‍ പ്രയോഗിക്കുകയാണ് പ്രത്യയശാസ്ത്രപരമായ ജഡതകളില്‍ കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നല്ലത്.

കേരളം ഒരു രാജ്യമല്ല.അതിവേഗം മുതലാളിത്തപാതയില്‍ കുതിക്കുന്ന ഒരു രാജ്യത്തെ സംസ്ഥാനം മാത്രമാണ്.തനി സോഷ്യലിസം മാത്രമേ നാം നടപ്പാക്കൂ എന്ന് വാശി പിടിക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട്.പ്രത്യേകിച്ചും മുന്തിയ ധനാഗമമാര്‍ഗ്ഗങ്ങള്‍ കേന്ദ്രം കയ്യടക്കി വെച്ചിരിക്കുമ്പോള്‍.ഇന്നത്തെ നിലയില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ പണ്ട് ഇവിടെ നിലവിലുണ്ടായിരുന്ന ജന്മി-കുടിയാന്‍ ബന്ധത്തെക്കാള്‍ ഒട്ടും മെച്ചമില്ല.അഭിനവ വാഴക്കുലയില്‍ മലയപുലയന്‍‍ അച്ചുതാനന്ദന്‍ ആകുന്നു,ജന്മി പളനിയപ്പന്‍ ചിദംബരം ചെട്ടിയാരും.

സ്വാഭാവികമായി നമ്മുടെ സ്വേച്ഛകള്‍ കടിഞ്ഞാണിടപ്പെടും.സഹായം ചോദിച്ചാല്‍ ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ ബോര്‍ഡ് ചൂണ്ടികാട്ടി അവിടെ നിന്നും അവര്‍ പറയുന്ന വ്യവസ്ഥയില്‍ വാങ്ങിക്കൊള്ളാന്‍ പറയും.അവരോ പണയമായി പാഞ്ചാലിയെ വരെ ചോദിക്കും.

ഉല്‍പ്പാദന പ്രക്രിയ വല്ലാതെ നിലച്ചു പോയ ഒരു സംസ്ഥാനമാണ് കേരളം.അതിന് കാരണം തൊഴിലാളികളാണെന്ന് പ്രചരണം സത്യമായി തോന്നിയിട്ടില്ല.മുന്തിയ മുതലാളിത്തരാജ്യങ്ങളീല്‍ പലതിലും ഇതിലും ശക്തമായ ട്രേഡ് യൂണിയന്‍ മിലിറ്റന്‍സി ഉണ്ട്.എന്റെ സ്വന്തം അനുഭവം പറഞ്ഞാല്‍ ഒരു എക്സിബിഷന്‍ സ്റ്റാന്ഡ് സെറ്റപ്പ് ചെയ്യാന്‍ ഒരു മണിക്കൂറിന് അമേരിക്കയില്‍ 20 മുതല്‍ 25 ഡോളര്‍ കൂലി ഏതാണ്ട് 92 ദിര്‍ഹം.യുഎഇയില്‍ അത് 8 ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെ.അതിലും എത്ര കുറവാണ് കേരളത്തില്‍.

പല ഘടകങ്ങളില്‍ ഒന്ന് തൊഴിലാളി പ്രശ്നമാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.അത് തൊഴിലാളി പ്രശ്നത്തെക്കാള്‍ രാഷ്ട്രീയ പ്രശ്നമെന്ന് കാണാനാണ് എനിക്ക് താല്‍പ്പര്യം.

കേരളത്തിലെ സാമൂഹിക മാറ്റത്തെ ഇങ്ങനെ കാണാം
1. 1957 മുതല്‍ 1970കള്‍ വരെ ശക്തമായ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നു.ഫലമായി ധാരാളം ഭൂരഹിതര്‍ക്ക് ഭൂമി കിട്ടുന്നു.പക്ഷെ ഭൂമി കിട്ടുയവരില്‍ പലരും കൃഷി തൊഴില്‍ ആക്കിയവരല്ല.അതു കൊണ്ട് ഭൂമി പിന്നെയും തുണ്ട് തുണ്ട് ആക്കപ്പെടുന്നു.ഭൂമി സ്കേഴ്സ് റിസോഴ്സ് ആയ നാട്ടില്‍ ഭൂമി തിരെ പ്രത്യുല്‍പ്പാദനപരമല്ലാതെ ആവുന്നു.ആകെ ഭൂമിക്കുള്ള പ്രയോജനം മുറിച്ച് മുറിച്ച് വില്‍ക്കാം എന്ന് മാത്രമായി ചുരുങ്ങുന്നു.

2.മേല്‍പ്പറഞ്ഞ സാമൂഹികമാറ്റം തുടങ്ങുന്ന കാലം വരെ കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു.മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കൃഷിയെ ആദായകരമല്ലാതാക്കി തീര്‍ത്തൂ.റബര്‍ എന്ന നാണ്യവിള ഭക്‍ഷ്യധാന്യകൃഷിയെ സൈഡ്ലൈന്‍ ചെയ്തു രംഗപ്രവേശനം ചെയ്യുന്നു.തോട്ടങ്ങള്‍ക്ക് ഭൂപരിഷ്ക്കരണം ബാധകമല്ലാത്തത് കൊണ്ട് ആ മേഖലയില്‍ ഫ്രാഗ്മെന്റേഷന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല.ഗാട്ട് കരാറിന്റെ കാലം വരെ നാണ്യവിളകള്‍ കേരളത്തിലെ ഒരു വിഭാഗത്തെ നന്നായി സംരക്ഷിച്ചു.

3.1970കളില്‍ ശക്തമായ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്നു.1980കളില്‍ അത് പരമകാഷ്ടയിലെത്തുന്നു.പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടി.നിര്‍മ്മാണ മേഖല ഒഴിച്ച് മറ്റൊരു മേഖലയിലും ഈ പണം വിനിയോഗിക്കപ്പെട്ടില്ല.മാത്രമല്ല.ധനത്തിന്റെ വിനിമയത്തിലെ ഒന്നോ രണ്ടോ ചക്രത്തിനുള്ളില്‍ അത് സംസ്ഥാനത്തിന്റെ വെളിയിലേക്ക് പോയി.അരിയും പച്ചക്കറിയും വാങ്ങുമ്പോള്‍ അത് തമിഴ്നാട്ടിലേക്ക് പോയി,മാരുതി കാര്‍ വാങ്ങുമ്പോള്‍ ഉത്തരേന്ത്യക്കാരനിലൂടെ ജപ്പാനിലേക്ക് പോയി,മുളക് വാങ്ങുമ്പോള്‍ അത് ആന്ധ്രക്ക് പോയി.ഇനി ബാങ്കുകളില്‍ ഉള്ള പണം വായ്പ്പയായി ഇവിടെ ചിലവാക്കപ്പെട്ടില്ല.അതിന് 2 കാരണങ്ങള്‍ ഉണ്ട്.1. അങ്ങോട്ടിട്ട പണം ഈ സംസ്ഥാനത്ത് തന്നെ ചിലവാക്കാന്‍ ഗോസായിയുടെ കാരുണ്യം വേണം 2. ഗള്‍ഫിലോട്ട് നോക്കിയിരുന്ന് നമ്മുടെ എന്റര്‍പ്രണര്‍ഷിപ്പ് നശിച്ചു പോയി.പലര്‍ക്കും ഗള്‍ഫ് ഒരു സ്വപ്നഖനിയായിരുന്നു,ഇവിടെ വന്ന് ഒട്ടകത്തെ കറക്കുന്നതും ഈന്തപ്പനയില്‍ കയറുന്നതും വരെ.നല്ല പ്രോജക്റ്റുകള്‍ ഇല്ലാതെ വായ്പ്പ കിട്ടില്ല. അതേ സമയം മറുനാട്ടില്‍ യൂസഫലിയും പി.എന്‍.സി മേനോനുമൊക്കെ വെന്നിക്കൊടി പാറിച്ചു.

ഇനി എന്താണ് നമ്മുടെ ഭാവി

ജീര്‍ണ്ണത കൊണ്ട് തകരാന്‍ പോകുന്ന മുതലാളിത്ത പാതയോ ആന്തരിക വൈരുദ്ധ്യങ്ങളും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് തകര്‍ന്ന കിഴക്കന്‍ യൂറോപ്പ് മാതൃകയിലെ സോഷ്യലിസമോ ചൈനയിലെ സോഷ്യലിസ്റ്റ് ലേബലുള്ള മുതലാളിത്തമോ അല്ല നമ്മുടെ നല്ല മാതൃക.കുറേ കൂടി നമ്മുക്ക് യോജിക്കുക സ്കാഡിനേവിയന്‍ രാജ്യങ്ങളിലും മറ്റും പുലരുന്ന തരത്തിലുള്ള വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പ്പമാവാം.ജനാധിപത്യം,തുല്യത,സ്വാതന്ത്ര്യം,തുറന്ന വിപണി,സ്റ്റേറ്റിന്റെ സംരക്ഷണം ഈ ഘടകങ്ങള്‍ എല്ലാം പുലരുന്ന ഒരു ഘടന.

കൃഷി:
എന്ത് വില കൊടുത്തും നിലവിലുള്ള കൃഷി സംരക്ഷിക്കുക എന്നത് പരമപ്രധാനമായ സംഗതിയാണ്.സഹഹരണ സംഘങ്ങള്‍ ഈ രംഗത്ത് പരാജയപ്പെട്ടാല്‍ കര്‍ഷകരുടെ കോര്‍പ്പറേറ്റുകള്‍ സൃഷ്ടിച്ചും കൃഷി മുന്നോട്ട് കൊണ്ടുപോകണം.മാത്രമല്ല പരമാവധി യന്ത്രവല്‍ക്കരണം നടത്തുകയും വേണം.കര്‍ഷകതൊഴിലാളികളുടെ തൊഴില്‍ അവസരങ്ങളെക്കാള്‍ പ്രധാനമാണ് കൃഷി എന്ന ഉല്‍പ്പാദനപ്രക്രിയയുടെ നിലനില്‍പ്പ്.

വന്‍ വ്യവസായങ്ങള്‍:
വന്‍ വ്യവസായങ്ങള്‍ കേരളം പോലെ ഒരു പാരസ്ഥിതിക ദുര്‍ബ്ബലപ്രദേശത്ത് പറ്റിയതല്ല.അതിന് ഒരു പാട് ജനവാസമില്ലാത്ത ഭൂമിയും മറ്റും വേണം.മാത്രമല്ല നമ്മുടെ പുഴയും നമ്മുടെ കടലും നമ്മുടെ കായലുകളും നമ്മുടെ വനങ്ങളും നിലനിര്‍ത്തി കൊണ്ടുള്ള ഒരു വികസനത്തെകുറിച്ച് മാത്രമേ നാം ചിന്തിക്കാവൂ.

അടിസ്ഥാന സൌകര്യങ്ങള്‍:
ഇവ മെച്ചപ്പെട്ടേ മതിയാവൂ.അവിടെയും നാം കുടിയിറക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു.അത് പോലെ തന്നെ വലിയ റ്റോള്‍ നിരക്കുകള്‍ ഒരു തരത്തിലും ആശാസ്യമല്ല.ജനത്തിന്റെ നിലവിലുള്ള സ്വാതന്ത്രയങ്ങളെയും അവകാശങ്ങളെയും ഹനിക്കാതെ വേണം ഇത് നേരിടാന്‍.ഈ മേഖലയില്‍ എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം.പക്ഷെ സര്‍ക്കാര്‍ ആവണം റെഗുലേറ്ററി അഥോറിറ്റി.അല്ലാതെ സ്വാശ്രയ കോളേജ് തുടങ്ങിയത് പോലെ പുലിവാലാകരുത്.

സാങ്കേതികത:

ലോകത്ത് എല്ലാ വിശ്വാസപ്രമാണങ്ങളെയും ഇസങ്ങളെയും അപ്രസക്തമാക്കാന്‍ പോകുന്നത് സാങ്കേതികതയാണ്. അതിലുമപ്പുറം സാങ്കേതികത നമ്മുടെ വിരല്‍ തുമ്പിലെത്തിക്കുന്ന അറിവാണ്.ചാതുര്‍വര്‍ണ്ണ്യങ്ങളെയും ചൂഷിത-ചൂഷക വേര്‍തിരുവുകളെയും മറ്റെല്ലാ‍ ജാതികളെയും തകര്‍ത്തു കൊണ്ട് ഒരു പുതിയ അവസ്ഥ വരുന്നു.ലോകത്ത് ഇനി 2 കൂട്ടരേ ഉള്ളൂ അറിവിലേക്ക് വഴി തുറക്കപ്പെട്ടവരും അത് നിഷേധിക്കപ്പെട്ടവരും.പരമാവധി ആളുകളെ അറിവിന്റെ പന്ഥാവിലെത്തിക്കുക എന്നതാണ് നാം ചെയ്യേണ്ട സംഗതി.ഒരു പക്ഷെ അത് നിലവിലുള്ള വിശ്വാസപ്രമാണങ്ങളെയും പ്രത്യയശാസ്ത്രമൂഡതയെയും തകര്‍ത്തെറിയുമായിരിക്കും.പക്ഷെ പകരം അത് ഒരു മെച്ചപ്പെട്ട ലോകം നമ്മുക്ക് മുന്നില്‍ വെക്കും എന്ന് ആശിക്കാം.കാരണം അറിവിന്റെ ആരംഭം ചൂഷണത്തിന്റെ അവസാനം കൂടെയാണ്.

Saturday, April 12, 2008

വിശ്വാസത്തിന്റെ യുക്തി

പ്രസംഗങ്ങള്‍ ദൌര്‍ബല്യമായ ഒരു യാചക കഥാപാത്രമുണ്ട് കെജി ജോര്‍ജിന്റെ പഞ്ചവടിപാലമെന്ന സിനിമയില്‍.പ്രസംഗങ്ങള്‍ എന്റെയും ഒരു ആവേശമായിരുന്നു.ട്രാഷ് വാല്യൂ മാത്രമേ ഉള്ളൂ എന്നറിയാമെങ്കിലും മദനിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പല സ്ഥലങ്ങളിലും 90കളില്‍ ഞാന്‍ പോയിരുന്നു.പ്രസംഗം സൃഷ്ടിക്കുന്ന ധ്വന്യാത്മകമായ ഏകത എന്നും എനിക്ക് അല്‍ഭുതമായിരുന്നു.എന്നെ ആകര്‍ഷിച്ച ഒരു പ്രസംഗം ചിന്മയാനന്ദ സ്വാമിയുടെ ആയിരുന്നു.അത് പക്ഷെ ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ.അതും ഇംഗ്ലീഷില്‍.മലയാളത്തില്‍ എന്നെ ആകര്‍ഷിച്ച ഒരു പ്രാസംഗികന്‍ അന്തരിച്ച കണിയാപുരം രാമചന്ദ്രന്റെയാണ്.

കഴിഞ്ഞ ദിവസം ദുബായി ഇന്ത്യന്‍ കോണ്‍സലേറ്റില്‍ Indain Institute of Scientific Heritage ഡയറക്ടര്‍ ശ്രീ എന്‍.ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണപരമ്പരയിലേക്ക് എന്നെ നയിച്ചതും ഏറെ പുകഴ്പെട്ട അദ്ദേഹത്തിന്റെ വാഗ്‌വിലാസമാണ്.ആത്മീയതയിലേക്ക് മധ്യവര്‍ഗ്ഗക്കാരനെ അടുപ്പിക്കുന്ന senile ഘടകങ്ങള്‍ ഈ മുപ്പത്തിമൂന്നാം വയസ്സില്‍ തന്നെ എന്നെ സ്വാധീനിച്ചു തുടങ്ങിയോ,അറിയില്ല.

ഒരുപാട് പ്രതീക്ഷയോടെ ആണ് ദിശാബോധം വീണ്ടെടുക്കുന്ന ഭാരതീയര്‍ എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയത്.വളരെ ഉപരിപ്ലവമായതും മധ്യവര്‍ഗ്ഗ വ്യഥകളെ മാത്രം അഡ്രസ്സ് ചെയ്യുന്നതുമായ ഒരു വെര്‍ബല്‍ സര്‍ക്കസ് കേട്ടതിന്റെ വിഷമത്തിലാണ് ഏതാണ്ട് 3 മണിക്കൂറിനു ശേഷം ഞാനവിടെ നിന്നും പുറത്തു വന്നത്.

അദ്ദേഹത്തിന്റെ പോയിന്റുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത കാലത്തായി ഭാരതവും ഭാരതീയരും ദിശാബോധം വീണ്ടെടുക്കുന്നു.

2. ഇതിന്റെ സൂചനയാണ് ഭാരതീയര്‍ക്ക് യോഗാ,ജ്യോതിഷം,വാസ്തു തുടങ്ങിയ സകല സംഗതികളിലും അധികരിച്ചു വരുന്ന വിശ്വാസം.പണൊക്കെ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിനെ സവര്‍ണ്ണ മൂരാച്ചി ഫാസിസമായി കാണുമായിരുന്നു.ഇന്നങ്ങനെ ആരും കാണുന്നില്ല എന്നു മാത്രമല്ല ആറ്റുകാല്‍ പൊങ്കാലയുടെ പകുതി നടത്തിപ്പ് സി.പി.എം നേതാവ് ഗോവിന്ദപ്പിള്ളയാണ് ചെയ്യുന്നത്.ഗോവിന്ദപ്പിള്ള എന്നും പഴവങ്ങാടി ഗണപതിയെ കാണാന്‍ വരാറുണ്ട്.തൊഴാറില്ല എന്ന് മാത്രം.തിരുവനന്തപുരത്ത് യുക്തിവാദികളുടെ ജില്ലാ നേതാവ് രാവിലെ നാലുമണിക്ക് മാടന്‍ കോവിലില്‍ തൊഴാന്‍ വരുന്നുണ്ട്. പണ്ട് രാവിലെ ചാടി എഴുന്നേല്‍ക്കരുത് എന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസമാകുമായിരുന്നു.ഇന്ന് അങ്ങനെയല്ല.അതില്‍ യുക്തിയുണ്ട് എന്ന് അംഗീകരിക്കപ്പെടുന്നു.ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊസിഷനിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ രക്തയോട്ടത്തെ അത് ബാധിക്കുന്നതായി പാശ്ചാത്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.അത് പോലെ തന്നെ കിഴക്ക് ദിക്കിന്‍ അഭിമുഖമായി പഠിക്കുമ്പോള്‍ അതിന് പോസിറ്റീവായ ഗ്രാവിറ്റി സ്വാധീനം ഉണ്ട്.അതു പോലെ വടക്കോട്ട് തല വെച്ച് കിടക്കുന്നതിനെ എതിര്‍ക്കുന്നതിലും സമാനമായ ഊര്‍ജ്ജ യുക്തി ഉണ്ടത്രേ.

ഗോവിന്ദപ്പിള്ള അല്ലെങ്കില്‍ മറ്റേതെങ്കിലും യുക്തിവാദിക്ക് എന്തെങ്കിലും അഭിപ്രായമാറ്റമുണ്ടായാല്‍ യുക്തി എന്നത് കടലെടുത്ത് പോയി എന്നത് വളരെ പ്രചരണപരമെന്നതിലപ്പുറം എന്തെങ്കിലും പ്രസക്തി ഉള്ള വസ്തുത ആണെന്നു തോന്നുന്നില്ല.പലപ്പോഴും ഗോപാലകൃഷ്ണന്‍ സാറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും self contradicting ആയി തോന്നുന്നു.ഉദാഹരണത്തിനു വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കാമോ എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ മറുപടിയും പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ചാല്‍ മഴ പെയ്യാതിരിക്കുമോ എന്നതിനെ കുറിച്ചുള്ള പരാമര്‍ശവും.ഗണപതി ഇതൊക്കെ നോക്കിയിരിക്കുയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.ചുരുക്കത്തില്‍ ഏതാണ് വിശ്വാസം ഏതാണ് അന്ധവിശ്വാസം എന്ന് അദ്ദേഹത്തിനു തന്നെ തിട്ടമില്ല എന്ന് തോന്നും.വിശ്വാസത്തില്‍ യുക്തി ഇല്ല എന്നു പറയാന്‍ ആവില്ല.യുക്തി തെളിയുമ്പോള്‍ പിന്നീട് അത് വിശ്വാസമല്ലാതെ ആവുകയും ഫാക്റ്റ് ആയി മാറുകയും ചെയ്യും.ഇങ്ങനെ ഉരച്ച് നോക്കാന്‍ യുക്തി കൂടിയേ തീരൂ.യുക്തിയില്‍ നിന്നേ ശാസ്ത്രബോധം ജനിക്കൂ.ശാസ്ത്രബോധം മാത്രമേ പുരോഗതിയിലേക്ക് നയിക്കൂ.ശാസ്ത്രം പ്രാക്തനമെന്നോ ആധുനികമെന്നോ വ്യവച്ഛേദിക്കുന്നതില്‍ പൊരുളില്ല.അതിലെ തത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതാണൊ എന്നത് മാത്രമാണ് പ്രസക്തം.യോഗ കുറെ ഏറെ അംഗീകരിക്കപ്പെട്ടത്,അതിന്റെ തത്വങ്ങള്‍ ഇന്നും ഫലം തരുന്നത് കൊണ്ടാണ്.


4. റ്റാറ്റ കാര്‍ രംഗത്തെ ഭിമനായി മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പിനികളുടെ അക്വിസിഷന്‍ ഭീഷണിയിലാണ് ലോകം.10ല്‍ നാല് സമ്പന്നര്‍ ഇന്ത്യക്കാര്‍ ആണ്.

ഇന്ത്യ എന്നത് ഒരു സാമ്പത്തിക ശക്തി ആയി എന്നതിനും മടുപ്പിക്കുന്ന ഒരു റിറ്റോറിക്ക് എന്നതിലപ്പുറം ഒരു വസ്തുതയാണോ.ഇന്ത്യയില്‍ കുറേ ഏറെ സമ്പന്നര്‍ ഉണ്ടായി എന്നത് വസ്തുത,ഇന്ത്യന്‍ കമ്പിനി ഫോര്‍ഡിനെ പോലും വിഴുങ്ങാന്‍ വലുതായി എന്നതും സത്യം.പക്ഷെ 70% ശതമാനത്തിനും 20 രൂപയില്‍ താഴെ മാത്രമേ ദിവസവരുമാനമുള്ളൂ എന്ന വസ്തുത അത്ര അപ്രസക്തമാണോ?ഇന്തയിലെ പട്ടിണിക്കാരുടെ എണ്ണം അവഗണിക്കാവുന്നതാണോ? ഇനി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അംഗീകരിക്കുകയാണെങ്കില്‍ അത് 91ല്‍ സംഭവിച്ച അഗോളീകരണം കാരണമല്ലേ?ഇന്ത്യയുടെ ഈ നേട്ടത്തില്‍ ഭാരതീയ പൈതൃകത്തിനു എന്താണ് സംഭാവന?അഗോളീകരണം എന്നത് ദേശീയതയില്‍ ഊന്നിയ ഒന്നല്ല മറിച്ച് അന്തര്‍ദേശീയതയില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം മറന്നുവോ?അഗോളീകരണം ചുരുങ്ങിയ ശബ്ദമുള്ള ചിലര്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നു തന്നപ്പോള്‍ ശബ്ദമില്ലാത്ത കോടികള്‍ക്ക് അത് ചൂഷണം ചെയ്യപ്പെടാനുള്ള മറ്റൊരു വഴി ആയത് നാം തിരിച്ചറിയാതെ പോകണോ?

5. ലോകത്തെ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി നമ്മുടേതാണ്.(കയ്യടി)നമ്മുടെ പ്രധാനമന്ത്രി ശിഖനാണ്,രാഷ്ട്രപതി ഹിന്ദു,ഉപരാഷ്ട്രപതി മുസ്ലിം

(ഇത്രയും പറഞ്ഞ ശേഷം വളരെ naive ആയ മട്ടില്‍ ഒരു പാസിംഗ് കമന്റ് ഇവരെ ഒക്കെ നിയന്ത്രിക്കുന്നത് ഇറ്റലിക്കാരി ഒരു അമ്മച്ചി)-വീണ്ടും കയ്യടി-ഒരു പക്ഷെ കൂടിയിരിക്കുന്ന ജനത്തിന്റെ മനോനിലയും രാഷ്ട്രീയസ്വഭാവും ആ കയ്യടിയില്‍ ഉണ്ടെന്ന് എനിക്ക് തോന്നി.ഒരുപക്ഷെ ഗള്‍ഫിലുള്ള ഉപരിമധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയവും ഒളിപ്പിച്ച വര്‍ഗ്ഗീയതയും.

6. അരവണ പ്രശ്നം പരിഹരിക്കാന്‍ 17 IAS ഉദ്യോഗസ്ഥര്‍ക്ക് തല പുകക്കേണ്ടി വന്നു.മുന്‍പ് ഒരു കാലത്തായിരുന്നെങ്കില്‍ ഈ വിഷയം പുല്ലു പോലെ അവഗണിക്കപ്പെടുമായിരുന്നു,അതും ഒരു ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്.ശബരിമലയില്‍ മന്ത്രിയെത്തി,ഒരു ഗ്ലാസ് വെള്ളം കുടിക്കാതെ മുഖ്യമന്ത്രി എത്തി.മന്ത്രി സന്നിധാനത്തില്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു.

17 അല്ല 170 ഉദ്യോഗസ്ഥര്‍ കൂടിയിരുന്ന് അരി ക്ഷാമത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു പരിഹാരം കണ്ടതിനെ കുറിച്ചാണ് അദ്ദേഹം ആശ്വാസം കൊണ്ടിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.അരിക്ഷാമത്തെക്കാള്‍ വലിയ പ്രശ്നമാണ് അരവണ ക്ഷാമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ശുദ്ധജലവിതരണത്തേക്കാള്‍ പ്രധാനം സംസം ജലത്തിന്റെ വിതരണമെന്ന് ആരെങ്കിലും കരുതിയാല്‍ അതാണ് സാംസ്ക്കാരിക നവോത്ഥാനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മനുഷ്യകുലത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാന്‍ ലെഫ്റ്റിസ്റ്റോ സെന്ററിസ്റ്റോ ആവേണ്ട ഹ്യൂമനിസ്റ്റ് ആയാല്‍ മതി.

7.ലോകത്ത് വെജിറ്റേറിയനിസത്തിനു കിട്ടുന്ന പ്രാധാന്യം

വെജിറ്റേറിയനിസം ലോകമെമ്പാടും പ്രചരിക്കുന്നതില്‍ എനിക്കും സന്തോഷം.അത് പക്ഷെ എങ്ങനെ ഇന്ത്യന്‍ പൈതൃകം ആകുന്നു എന്ന് മനസ്സിലാകുന്നില്ല.ശ്രീകൃഷ്ണനും രാമനും നോണ്‍ കഴിച്ചിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.ഇനി ഇല്ല എങ്കില്‍ തന്നെ ബ്രാഹ്മണര്‍ ഒഴികെ എല്ലാവരും നോണ്‍ സാപ്പിട്ടിരുന്നു.അപ്പോള്‍ ബ്രാഹ്മണന്റെ പൈതൃകമാണ് ഭാരത പൈതൃകം എന്നാണോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.കിഴങ്ങും മത്സ്യവും മാസവും കഴിച്ച് പശി അടക്കിയവനെ ഭാരതീയതയുടെ പൈതൃകത്തില്‍ നിന്നും കുടിയിറക്കി വിടുന്നു.ഗോപൂജ ഭാരതീയ പൈതൃകത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.ഗോപൂജ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാകുന്നതിനു മുന്‍പും ഭാരതവും അതിന്റെ ജീവിതധാരയും ഇവിടെ ഉണ്ടായിരുന്നു.അതിനെ നിഷേധിക്കാനുള്ള ശ്രമം ഏത് അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു

ഭാരതീയ പൈതൃകതിലെ വേറിട്ട വഴികള്‍ വെട്ടി തുറന്ന സാംഖ്യനെയും കപിലനെയും ഒന്നും പരാമര്‍ശിച്ച് കണ്ടില്ല.യുക്തിചിന്തയും നാസ്തികത്വവും ഭാരതപാരമ്പര്യത്തിനു അന്യമല്ല എന്നു പറയാനെങ്കിലും ഇവരെ പരാമര്‍ശിക്കാമായിരുന്നു.അതുപോലെ തന്നെ ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന സമഗ്രമായ ഈശ്വരസങ്കല്‍പ്പവും ഈ പ്രഭാഷണത്തില്‍ അന്യമായിരുന്നു.മറിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പാകമാകാത്ത ഉടുപ്പ് ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഭാരതചിന്തയില്‍ ലോകത്തിനു പഠിക്കാനായി ധാരാളം സംഗതികളുണ്ട്.ശക്തമായ കുടുംബ വ്യവസ്ഥ,മുതിര്‍ന്നവരോടുള്ള ബഹുമാനം,മറ്റു ചിന്തകളോടുള്ള ബഹുമാനം,നല്ലതെന്തും കൊള്ളാനുള്ള കഴിവ്,ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന യുക്തിസഹമായ ദൈവസങ്കല്‍പ്പം.ഇവയിലൊക്കെ അടിസ്ഥാനപ്പെടുത്തി മതേതരമായ ഒരു ആത്മീയ സങ്കല്‍പ്പം മുന്നോട്ട് വെയ്ക്കാന്‍ Indain Institute of Scientific Heritageന് കഴിഞ്ഞില്ലെങ്കില്‍ ഇത് സംഘപരിവാറിന്റെ മറ്റൊരു ഒളിമുഖമാണെന്നു ധരിക്കേണ്ടി വരും.

Sunday, March 23, 2008

സംഭവാമി യുഗേ യുഗേ

ഒരു പഴയ സംഭവം എന്റെ മനസ്സിലേക്ക് എത്തിച്ചത് ഈയിടെ കണ്ണൂരില്‍ ആത്മഹത്യ ചെയ്ത കാര്‍ത്തിക്കിനെ കുറിച്ച് പരാമര്‍ശിച്ച ഒരു ബ്ലോഗാണ്.അതും ഇതും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ തീരുമാനിക്കുക.

ഈ കഥയില്‍ എനിക്ക് പ്രത്യേകിച്ച് വേഷമൊന്നുമില്ല. ഞാനൊരു കാണി മാത്രം.ഇതിലെ നായകന്‍ വിക്രമാണ്, സിനിമാനടന്‍ വിക്രമല്ല,ഞങ്ങളുടെ കൂട്ടത്തിലെ അല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലെ തന്നെ ഏറ്റവും വലിയ തല്ലിപ്പൊളിയുടെ ഇരട്ടപ്പേരായിരുന്നു വിക്രം.ഇതെന്താ ഇത്ര സ്റ്റൈയിലില്‍ ഒരു ഇരട്ടപ്പേരെന്ന് ചിന്തിക്കാന്‍ വരട്ടെ.സകല തറപ്പണിക്കും തൊട്ടിത്തരത്തിനും മുന്‍പന്തിയിലായിരുന്ന അവന്റെ ഏക പരാധീനത അവന്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു കൂച്ച്‌വിലങ്ങായി നിന്ന വിക്കായിരുന്നു.വിക്കാ,വിക്കാ എന്ന വിളി സ്റ്റൈലാക്കി വിക്രം എന്ന് ആക്കി കൊടുത്തത് ഞങ്ങളില്‍ ചിലര്‍ തന്നെ ആയിരുന്നു.


ഞാന്‍ ബീ കോം കഴിഞ്ഞ് റിസല്‍റ്റ് കാത്തിരിക്കുന്ന സമയം.വീടിനും കോളേജിനും പുറമേ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ ആസ്വദിക്കുന്ന ഒരു ലോകമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി വരുന്നത് ആ കാലത്തായിരുന്നു.ആദ്യം അടുത്തുള്ള ഒരു കവലയായിരുന്നു ഈ തെക്ക് വടക്ക് സംഘത്തിന്റെ കേന്ദ്രം.അവിടെ നിന്നും തരുണീമണികളുടെ അനാട്ടമി പരസ്യമായി ചര്‍ച്ച ചെയ്യുവാനും അത് ഉറക്കെ പറയുവാനും തുടങ്ങിയതോടെ മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തീരെ ബോധമില്ലാത്ത ചില തന്തമാര്‍ പോലീസില്‍ പരാതി നല്‍കി.പ്രായമായ ആളുകളെ ചില ചെല്ലപ്പേരുകള്‍ വിളിക്കുക തുടങ്ങിയ അഭ്യാസങ്ങളും കൂടി ആയപ്പോള്‍ സംഗതി കാര്യമായി.(തലമുടി മുന്നോട്ട് ഇട്ടിരിന്ന ഒരു ചേട്ടനെ മാമാട്ടികുട്ടി,മീശ പിരിച്ച് വെച്ചിരുന്ന ഒരു തേവര്‍ മകന്‍ ചേട്ടന്‍,പൊക്കമില്ലാതെ കുടവയറും ഉന്തിയ പല്ലുമായുള്ള ഒരു ഇക്കയെ ഗണപതി...)പോലീസിന്റെ ശല്യം ഭയന്ന് ഞങ്ങള്‍ ഞങ്ങളുടെ ആസ്ഥാനം ആള്‍ പാര്‍പ്പില്ലാത്ത ഒരു പുരയിടത്തിലെ ഒരു കിണറ്റിന്‍ കരയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായി.

ആ പറമ്പില്‍ ആളു താമസമില്ലെങ്കിലും അതിനടുത്ത് ഒക്കെ ആളുകള്‍ താമസമുണ്ട്. വിക്രമിന്റെ വീടും അതിനടുത്താണ്.അവിടെ ഇരുന്ന നാട്ടില്‍ കൊള്ളവുന്നവരെ കുറുച്ച് കഥകള്‍ പട്യ്ക്കുക,പ്രതീക്ഷാ തീയറ്ററില്‍ റിലീസാകുന്ന പടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുക,സിഗററ്റ് ഷെയര്‍ ചെയ്ത് വലിക്കുക,അപൂര്‍വ്വം ദിവസങ്ങളില്‍ അന്തിക്ക് ചെറിയ തോതിലുള്ള വിഷപാനം ഇതൊക്കെ ആയി ദിവസങ്ങള്‍ രസകരമായി കഴിഞ്ഞു പോയി.

പ്രതീക്ഷ കുളിരിന്റെ മൊത്തവ്യാപാരശാല, അതിന്റെ ഓണര്‍ തങ്കപ്പന്‍ ചേട്ടന്‍ ഒരു പ്രായമുള്ള മനുഷ്യനായിരുന്നു.ബിറ്റിടാത്ത ദിവസങ്ങളില്‍ തിയറ്ററില്‍ ഇപ്രകാരം ഒരു അശരീരി മുഴങ്ങിയിരുന്നുവത്രേ..

തങ്കപ്പന്‍ ചേട്ട പ്ലീസ് കഷ്ണമിട് ചേട്ടാ..(അഭ്യര്‍ത്ഥന)
തങ്കപ്പാ കഷ്ണമിടെടാ... (ആജ്ഞ)
തങ്കപ്പാ ത**ളി കഷ്ണമിടടാ (ഭീഷണി)
തങ്കപ്പാ ത**ളി നീ കഷ്ണമിടണ്ടടാ, നീ ചത്തു ചെല്ലുമ്പോള്‍ ദൈവം ചോദിക്കുമെടാ... (പ്‌രാക്ക്)

ഈ അശരീരിയുടെ ശരീരം വിക്രമായിരുന്നു എന്നാണ് പ്രതീക്ഷയിലെ പെര്‍മനന്റ് മെമ്പറും ഞങ്ങളുടെ ഗുരുസ്ഥാനീയനുമായിരുന്ന സത്താര്‍ പറയുന്നത്.(സത്താറിന്റെ അഭിപ്രായത്തില്‍ തങ്കപ്പന്‍ ചേട്ടന്‍ ഓണത്തിനു ബോണസ് തരേണ്ടതാണ് അവര്‍ ഇരുവര്‍ക്കും എന്നാണ്.അത്രത്തോളം പ്രതീക്ഷയുടെ ലാഭത്തിലേക്ക് വിക്രമും സത്താറും സംഭാവന ചെയ്യുന്നുണ്ട് അത്രേ;ഒരിക്കല്‍ ഞാന്‍ സത്താറിനോട് ചോദിച്ചു,എന്തിനാണ് വീണ്ടും ഒരേ ബിറ്റു പടം കാണാന്‍ പോകുന്നതെന്ന്.ഉത്തരം വളരെ പെട്ടെന്നായിരുന്നു-കഴിഞ്ഞ തവണ കണ്ടപ്പോള്‍ കഥ മനസ്സിലായില്ല)

കിണറ്റു കരയിലേക്ക് തിരികേ വരട്ടേ.അമ്മയ്ക്കോപ്പം ഷോപ്പിംഗ്‌നു അകമ്പടി പോകേണ്ടി വന്നതു കൊണ്ട് അന്നെനിക്ക് കിണറ്റില്ന്‍ കരയില്‍ കോറം തികയ്ക്കാന്‍ പോവാന്‍ സാ‍ധിച്ചിരുന്നില്ല.ഏറെ ഇരുട്ടി ഞങ്ങള്‍ തിരികേ വരുമ്പോള്‍ ആളുകള്‍ കിണട്ടിന്‍ കരയിലേക്ക് പായുന്നു.അമ്മയെ വീടിന്റെ പടിക്കല്‍ കൊട്ടിയിട്ട് ബൈക്കില്‍ തന്നെ ഞാനും അതേ ദിക്കിലേക്ക് പാഞ്ഞു.

അവിടെ ചെല്ലുമ്പോള്‍ അനേകം സ്ത്രീകളുള്‍പ്പടെ ഉള്ള ആളുകളുടെ ആരാധന മുറ്റിയ മിഴികളുടെ നടുവില് വിക്രം പരിലസിക്കുന്നു.നടന്ന സംഭങ്ങളുടെ കമന്ററി നല്‍കാന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വതവേ ഉള്ള വിക്കും പിന്നെ ആവേശവും കാരണം വാക്കുകള്‍ മുറിയുന്നു.മുറിയുന്ന വാക്കുകള്‍ അവന്റെ വാപ്പ തന്നെ തുന്നികൂട്ടുന്നു.

സംഭവം ഇതാണ്.അതിന്റെ അടുത്ത് തമസിച്ചിരിന്നു ഒരു ചെറുപ്പക്കാരന്‍,ശശി, ഭാര്യയും അവന്റെ അമ്മയുമായി ഉള്ള വഴക്കില്‍ മനം നൊന്ത് അടുത്ത പുരയിടത്തിലെ ഞങ്ങളുടെ ആസ്ഥാനകിണറിനു സമീപമുള്ള കശുമാവില്‍ തൂങ്ങി ചാകാന്‍ തീരുമാനിച്ചു.അങ്ങനെ തൂങ്ങുന്നത് ദൂരെ സ്വന്തം വീട്ടില്‍ നിന്നും കണ്ട വിക്രം ഓടി വന്ന് അവനെ കാലില്‍ പിടിച്ച് പൊക്കുകയും വാപ്പയുടെ സഹായത്തോടെ കെട്ട് അഴിക്കുകയും അതീനു ശേഷം അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കുകയും ചെയ്തു.മുന്‍പൊരിക്കല്‍ ഒരു ബാബറി ദിനത്തില്‍ പി.ഡി.പി കാരന്‍ എന്ന പേരില്‍ വിക്രത്തിനെ പോലിസിനെ കൊണ്ട് പിടിപ്പിച്ചത് ഈ ശശിയും അവന്റെ പാര്‍ട്ടിക്കാരുമായിരുന്നു എന്ന് അറിയുമ്പോളെ ആ അടിയുടെ പൊരുള്‍ പൂര്‍ണ്ണമായി കിട്ടൂ)

എന്നിലെ ഷെര്‍ലക്ക് ഹോംസ് ഉണര്‍ന്നു. അവന്‍ പറയുന്ന പോലെ അവന്റെ വീട്ടീല്‍ നിന്നാല്‍ ഇവിടെ കാണുന്ന സംഭവമൊന്നും കാണാന്‍ കഴിയില്ല.പിന്നെ അവന്‍ ഈ പരിസരത്ത് വന്നത് എന്തിനായിരുന്നു.എന്റെ സംശയം ഞാന്‍ അവിടെ ഉണ്ടായിരുന്ന സത്താറിനോട് പറഞ്ഞു.ഞങ്ങള്‍ അവനെ മാറ്റി നിര്‍ത്തി ചോദിച്ചു.ആദ്യം അവന്‍ ഉരുണ്ടു.പിന്നെ അവന്‍ ആ സത്യം പറഞ്ഞു.

ഞങ്ങളെ കൂടാതെ ഒരാള്‍ കൂടി അവന്‍ പറഞ്ഞത് കേട്ടു.സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നായ അച്ചായനായിരുന്നു അത്..

സത്താറേ,അച്ചായന്‍ കുഴപ്പമാക്കുമോ?

ഏയ് പുള്ളി ഫിറ്റായിരിക്കും നമ്മള്‍ പറഞ്ഞത് ഒന്നും മനസ്സിലായി കാണില്ല, സത്താര്‍ ആശ്വസിപ്പിച്ചു

നാണക്കേട് കൊണ്ടോ എന്തോ കുറച്ച് നാളുകള്‍ക്ക് ശേഷം മാത്രമേ ശശി പുറത്തിറഞ്ഞിയുള്ളൂ.ദാ എതിരേ വരുന്നു നമ്മുടെ അച്ചായന്‍,ഫുള്‍ഫിറ്റ്.അച്ചായന്റെ അന്തക ഡയലോഗ്- എടാ പട്ടി കഴുവേറട മോനെ,നിന്നെ രക്ഷിച്ചവനെ തല്ലിയ്യാല്‍ മതിയല്ലോ,ഞാനായിരുന്നേല്‍ അണ്ണാക്കിലോട്ട് കുറച്ച് കുറഡാന്‍ **ഒഴിച്ചേനെ,ഇതിപ്പം ആ വിക്രം നിന്റെ പെണ്ണുമ്പിള്ളയുടെ കുളിസീന്‍ കാ‍ണാന്‍ വന്നത് കൊണ്ട് നീ രക്ഷപെട്ടു....

ശശി ഇനിയും കയറെടൂക്കണോ കായലില്‍ ചാടണോ അതോ ഫ്യുറഡാ‍ന്‍ അടിച്ചിട്ട് റെയിലില്‍ തല വെയ്ക്കണോ എന്ന് ആലോചിച്ച് അന്തിച്ച് നില്‍ക്കവേ ഞങ്ങള്‍ ജെന്റിലായി സ്കൂട്ടായി.


**ഫ്യൂറഡാന്‍ എന്ന കീടനാശിനിയുടെ കുട്ടനാടന്‍ കൊളോക്കിയല്‍ നാമം

Tuesday, March 18, 2008

കഴുകനു കൊടുക്കാത്ത നിശ്ചല ശരീരങ്ങള്‍-കുരീപ്പുഴ

കുരീപ്പുഴ ശ്രീകുമാറിന്റെ ജനയുഗം പത്രത്തിലെ വര്‍ത്തമാനം എന്ന ആഴ്ച്ചവട്ടത്തില്‍ നിന്നും.....

ആരും ക്രിസ്ത്യാനികളായോ ഹിന്ദുക്കളായോ മുസ്ലീമുകളായോ ജനിക്കുന്നില്ല.മാതാപിതാക്കളുടെ അഭീഷ്ടപ്രകാരം കുഞ്ഞുങ്ങളെ ഓരോ മതത്തിന്റെ തടവറയില്‍ തളച്ചിടുകയാണ് ചെയ്യുന്നത്.ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമോ നിര്‍ബന്ധപൂര്‍വ്വമോ പ്രലോഭനങ്ങള്‍ക്ക് വശംവദരായോ പില്‍ക്കാലത്ത് മറ്റു മതങ്ങളെ ആശ്ലേഷികാറുണ്ട്.അവരുടെ അടുത്ത തലമുറ പുതിയ മതത്തിന്റെ മുള്‍ക്കാട്ടില്‍ വളരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

മതവിശ്വാസികളായാല്‍ പിന്നെ മരണം വരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മലിനജലത്തില്‍ മുങ്ങി താഴുകയേ വഴിയുള്ളൂ.എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള കഴിവ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത് അങ്ങനെയാണ്.

ചിലര്‍ ഈ കുടുക്കില്‍ നിന്നും കുതറിമാറി മാനവികതയുടെയും വിശുദ്ധപ്രകൃതിയുടെയും പവിത്രനദിയില്‍ സ്നാനം ചെയ്യാറുണ്ട്.ചിലരാകട്ടെ അടിസ്ഥാനദൈവവിശ്വാസം ഉപേക്ഷിക്കതെ തന്നെ മതത്തിന്റെ കരാളമുഖമായ പൌരോഹിത്യം സമ്മാനിക്കുന്ന കെണികളെ തള്ളി പറഞ്ഞ് ഭാഗികമായെങ്കിലും രക്ഷപെടാറുണ്ട്. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ അത്രയും നല്ലതെന്ന അഭിവാദനരീതിയാണ് സ്വീകരിക്കേണ്ടത്.

പൌരോഹിത്യം കണക്കു തീര്‍ക്കുന്നത് കുടുംബങ്ങളില്‍ വിവാഹവും മരണവും സംഭവിക്കുമ്പോഴാണ്.വിവാഹവും മരണവും ചടങ്ങുകളുടെ ദുര്‍ഗന്ധക്കുടക്കീഴില്‍ കൊണ്ടാടാന്‍ തീരുമാനിച്ചാല്‍ പള്ളിക്കുള്ളത് പിഴ സഹിതം പള്ളിക്കെന്നുപറഞ്ഞ് പൌരോഹിത്യം പള്ളയും തുറന്നു വരും.

ഈ അക്രാന്തപാതിരി രീതിയെ പുറങ്കാലു കൊണ്ട് തട്ടിയെറിഞ്ഞ ധൈര്യശാലികള്‍ കേരളത്തില്‍ പിറന്നിട്ടുണ്ട്.മരണാനന്തരം തങ്ങളുടെ നിശ്ചലശരീരം പള്ളിക്കഴുകനിലത്തിലേക്കെറിയരുതെന്ന് സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞ പ്രതിഭകളാണവര്‍.ക്രിസ്തുമത പരിസരത്ത് ജനിച്ചുവളരുകയും അതിന്റെ ഇത്തിരിവെട്ടം ഉപേക്ഷിച്ച് മനുഷ്യവിമോചനത്തിന്റെ വിശാലസ്ഥലങ്ങളിലേക്ക് തലയുയര്‍ത്തി നടന്നുപോവുകയും ചെയ്ത മഹാന്മാര്‍.തങ്ങളുടെ നിശ്ചലശരീരം പള്ളി സിമിത്തേരിയിലേക്ക് വിട്ടുകൊടുക്കാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.പൂര്‍ണ്ണമായി അന്യനു വേണ്ടി വിനിയോഗിക്കപ്പെട്ട നിസ്വാര്‍ത്ഥ ജീവിതമായിരുന്നു അവരുടേത്.ചെങ്കൊടി കൈയ്യിലേന്തി ഇരുട്ടിലേക്ക് നടന്നു ചെന്ന ടി വി തോമസ്, കെ സി ജോര്‍ജ്, ജോര്‍ജ് ചടയം‌മുറി, പി ടി പുന്നൂസ് തുടങ്ങിയവരുടെ നിശ്ചലശരീരം ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ പുന്നപ്ര രക്തസാക്ഷികളുറങ്ങുന്ന വിശുദ്ധനിലത്താണ് മറവുചെയ്യപ്പെട്ടത്.തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനായി ജീവിതം സമര്‍പ്പിച്ച എ പി വര്‍ക്കിയുടെയും മത്തായി ചാക്കോയുടെയും നിശ്ചലശരീരം രക്തപതാകയില്‍ പുതപ്പിച്ച് പാര്‍ട്ടി ഓഫീസിന്റെ പരിസരത്താണ് മണ്ണോട് ചേര്‍ത്തത്.

ക്രിസ്തുമതത്തിന്റെ അകത്തളങ്ങളില്‍ പിറക്കുകയും എല്ലാ മതങ്ങളെയും ദൈവവും ചെകുത്താനുമുള്‍പ്പെടെയുള്ള അബദ്ധ വിശ്വാസങ്ങളെയും ഉപേക്ഷിക്കുകയും ചെയ്ത എ ടി കോവൂര്‍,എം സി ജോസഫ്, ഇടമറുക്,ടി പി ഞാളിയത്ത്, ജോണ്‍ ടി മുരിക്കനാനി, കെ യു അലക്സാണ്ടര്‍,വില്യം ഫ്ലെച്ചര്‍ തുടങ്ങിയവരുടെ വിശുദ്ധ മൃതശരീരങ്ങള്‍ കുട്ടികള്‍ക്ക് കീറിമുറിച്ച് പഠിക്കാനായി വൈദ്യശാസ്ത്ര വിദ്യാലയങ്ങള്‍ക്ക് നല്‍കുകയായിരുന്നു.പൌരോഹിത്യത്തെയും അന്ധവിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ കൊല്ലത്തെ എഫ് ലായിയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബികടലോരത്ത് ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.

ജീവിതാന്ത്യം വരെ പള്ളിയെയും വിശുദ്ധ വ്യവസ്ഥിതിയെയും എതിര്‍ത്ത കഥാകാരന്‍ പൊന്‍‌കുന്നം വര്‍ക്കി സ്വന്തം വീട്ടുമുറ്റത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ലോകപ്രസിദ്ധനായ കാര്‍ട്ടൂണീസ്റ്റ് അബു എബ്രഹാം പൌരോഹിത്യത്തെ തൃണവല്‍ഗണിച്ച് തിരുവനന്തപുരത്തെ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.

വിശ്വാസികളായിരുന്നെങ്കിലും വിഭാഗീയതയുടെ നിദര്‍ശനമായ പള്ളി സിമിത്തേരികളില്‍ കുഴിച്ചിടപ്പെടാന്‍ വിമുഖത കാട്ടിയവരെയും കേരളം കണ്ടിട്ടുണ്ട്.പ്രശസ്ത ദന്തചികിത്സകനായിരുന്ന ഡോ പോള്‍ ക്രിസ്‌റ്റ്യന്റെ മൃതശരീരം വത്തിക്കാനില്‍ നിന്നും മുന്‍‌കൂട്ടി വാങ്ങിവെച്ചിരുന്ന അനുമതിപ്രകാരം തീജ്ജ്വാലകള്‍ക്ക് നല്‍കുകയായിരുന്നു.പ്രമുഖ ഹോട്ടല്‍ വ്യവസായിയായ ഇടമറ്റം കുരിവിനാല്‍ക്കുന്നേല്‍ ഡൊമിനിക്ക് ജോസഫിന്റെ മൃതദേഹം സഭയുടെ അനുമതിയോടെ എറണാകുളം പനമ്പിള്ളി നഗറിലെ പൊതുശ്മശാനത്തിലാണ് ദഹിപ്പിച്ചത്.

കൈയ്യില്‍ വന്നുപെട്ട ധിക്കാരികളുടെ മൃതശരീരത്തെ തെമ്മാടിക്കുഴിയിലടക്കി പാഠം പഠിപ്പിക്കാനും സഭ മറന്നിട്ടില്ല.മലയാള സാഹിത്യത്തിനു ദിശാബോധം നല്‍കിയ എം പി പോളാണ് ഉദാഹരണം.

ക്രിസ്തു ദര്‍ശനത്തില്‍ ഉറച്ചു നിന്നുകൊണ്ട് പൌരോഹിത്യത്തിനെതിരേ പോരാടുന്ന ആദരണീയനായ വ്യക്തിയാണ് ജോസഫ് പുലിക്കുന്നേല്‍.പാലാ സഹൃദയ സമിതിയുടെ വാര്‍ഷികത്തിന് വന്ദ്യവയോധികനായ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടത് അഭിമാനതോടെ ഞാന്‍ ഓര്‍ക്കാറുണ്ട്.ഭക്തിയും അന്ധവിശ്വാസവുമില്ലാതെ ഒരു ഉത്തമ സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ വായിക്കാവുന്ന ബൈബിള്‍ തനിമ ചോരാതെ നമ്മള്‍ക്ക് തന്നത് അദ്ദേഹമാണല്ലോ.ജോസഫ് പുലിക്കുന്നേലിന്റെ ഭാര്യ കൊച്ചുറാണി ഈയിടെ മരിച്ചപ്പോഴും അദ്ദേഹം സ്വന്തം നിലപാടില്‍ ഒരു മാറ്റവും വരുത്തിയില്ല.സീറോ മലബാര്‍ സഭയെ പുറത്തു നിര്‍ത്തിക്കൊണ്ട് സ്വന്തം പ്രേയസിക്കായി അദ്ദേഹം കുടുംബവീടിന്റെ കിഴക്കുവശത്ത് ചിതയൊരുക്കുകയായിരുന്നു.

നോക്കൂ,കേരളത്തിനെ മുകളിലുള്ള ആകാശത്തു നിന്നും തീമഴ പെയ്യുന്നില്ല.കേരളം വിണ്ടുകീറി ആരും.ഒരു സത്യക്രിസ്ത്യാനിയോ മറ്റു കഠിനമത വിശ്വാസികളോ വിപ്ലവകാരികളോ പാതാളത്തിലേക്ക് വീഴുന്നില്ല.മതം മനുഷ്യരെ വിരട്ടുന്നത് നരകത്തിലെ തിളച്ചു മറിയുന്ന എണ്ണ കാണിച്ചിട്ടാണല്ലോ.ബൈബിള്‍ നന്നായി പഠിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേലിനും മറ്റുള്ളവര്‍ക്കും സ്വര്‍ഗ്ഗനരകങ്ങള്‍ എന്താണെന്നും നന്നായിട്ടറിയാം.

ജോസഫ് പുലിക്കുന്നേലിന് 70 വയസ്സു തികഞ്ഞപ്പോള്‍ സ്വന്തം മരണാനന്തര കാര്യങ്ങളെക്കുറിച്ച് ഒരു ലഘുലേഖ പ്രസദ്ധീകരിച്ചിരുന്നു.മൃതശരീരം വീട്ടുവളപ്പില്‍ ദഹിപ്പിക്കണമെന്നാണ് ആ ലഘുലേഖയില്‍ അദ്ദേഹം രേഖപ്പെറുത്തിയിട്ടുള്ളത്. റീത്തോ ശിരസ്സു ഭാഗത്ത് കുരിശോ തിരിയോ വയ്ക്കരുതെന്നും അതില്‍ പറഞ്ഞിട്ടുണ്ട്.മതപരമായ ചടങ്ങുകള്‍ തീരെ പാടില്ലെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

മതത്തെ യുക്തിയോടെ സമീപിക്കുന്ന വിശ്വാസിക്കുപോലും മതം പൌരോഹിത്യത്തിന്റെ പടുകൂറ്റന്‍ തട്ടിപ്പാണെനന്നു ബോധ്യപ്പെടുക തന്നെ ചെയ്യും.ദൈവം മതത്തിന്റെ വാണിജ്യമുദ്ര മാത്രമാണെന്നറിയാന്‍ കുറച്ചു ദൂരം കൂടി ചിന്തിച്ചാല്‍ മതിയാകും.മൃതദേഹം പള്ളി ശ്മ്ശാനത്തു തന്നെ സംസ്കരിക്കണമെന്നത് മതപരമായ ഒരു മലിന ചിന്ത മാത്രമാണ്. ആ ചിന്തയുടെ ഇരിപ്പടം മനുഷ്യനില്‍ നിന്നും വളരെ അകലെയുമാണ്.