Tuesday, November 03, 2009

ബിജെപിയിലെ ബെല്ലാരി രാജാ ഇഫക്റ്റ്

ഏറ്റവും അധികം കോടീശ്വരന്‍‌മാരെ പാര്‍ലമെന്റ് അംഗങ്ങളാക്കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കോടീശ്വരന്‍‌മാര്‍ ജനസംഖ്യയില്‍ 70% ത്തിലധികം വരുന്ന 20 രൂപാ വരുമാനക്കാരായ ദരിദ്രവാസികള്‍ക്കായി നിയമം നിര്‍മ്മിക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പുതിയ ദുര്യോഗം എന്ന് നിരീക്ഷിച്ചത് പ്രഗത്ഭ പാര്‍ലമെന്റേറിയനായ സി.കെ.ചന്ദ്രപ്പനാണ്.

അതിലെന്താണ് കുഴപ്പം എന്ന ചോദ്യം സംശയതോമാമാരില്‍ നിന്ന് ഉയരും എന്നറിയാം. ജനം ജയിപ്പിച്ചിട്ടല്ലേ എന്ന ചോദ്യം. പക്ഷെ ആ ജയം എത്ര തന്നെ ജനാധിപത്യപരമാണെന്ന് അന്വേഷിക്കാന്‍ ആരെങ്കിലും മെനക്കെട്ടു എന്നു തോന്നുന്നില്ല.കഴിഞ്ഞ കുറച്ചു കാലം വരെ വന്‍‌വ്യവസായികള്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നില്ല. കോണ്‍‌ഗ്രസ്, ബിജെപി, സമാജ്‌വാദി തുടങ്ങിയ കക്ഷികളില്‍ കൂടി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു പതിവ്. (ശമ്പളത്തില്‍ നിന്ന് ലെവി അടക്കേണ്ടി വന്ന ഏത് ഹതഭാഗ്യനായ കുട്ടിയുടെയും വായില്‍ വെള്ളമുറിക്കുന്ന പ്രലോഭനങ്ങള്‍, ആരും മറു കണ്ടം ചാടി പോകും). ഇപ്പോളും അമ്പാനി, റ്റാറ്റ തുടങ്ങിയവര്‍ പ്രോക്സി ഗേമില്‍ വിശ്വസിക്കുന്നവരാണ്.

കാലക്രമേണേ വ്യവസായികള്‍ക്ക് തങ്ങളുടെ പ്രോക്സികളെ വിശ്വാസമില്ലാഞ്ഞിട്ടോ എന്തോ രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങാന്‍ തുടങ്ങി.മണിക്ക് സുബ്ബ എന്ന ഓണ്‍‌‌ ലൈന്‍ ലോട്ടറി രാജാവിനെ ഇത്തരത്തില്‍ ആസാമില്‍ നിന്നും കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തതാണ്.ആള് തരികിടയാണെന്നും നേപ്പാളി പൊരന്‍ ആണെന്നും ധാരാളം ക്രിമിനല്‍ കേസ് സ്വന്തമായി ഉള്ളവനാനെന്നും സ്വന്താമായി ഇഷ്ടാനുസാരം പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നവനാണെന്നും പരക്കെ പറയപ്പെടുന്നു. ലാന്‍‌കോ കൊണ്ടപ്പള്ളിയുടെ മുതലാളിയും ആന്ധ്രയില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചതാണ്. രാഷ്ട്രീയം കൊണ്ട് 10 വര്‍ഷം കൊണ്ട് 6000 കോടിയോളം ആസ്തിയുണ്ടാക്കിയ ജഗ്‌മോഹന്‍ റഡ്ഡിയും ആന്ധ്രാക്കാരന്‍ തന്നെ.ബിജെപിക്കും ഉണ്ട് കോടിപതികള്‍ ധാരാളം.അവയിലൊരാള്‍ ബെല്ലാ‍രിയിലെ ഖനി രാജാ കരുണാകര റെഡ്ഡി.

ബെല്ലാരി-കോണ്‍ഗ്രസിന്റെ 5 കുത്തക മണ്ഡലങ്ങളിലൊന്നായിരുന്നു ഈയടുത്ത കാലം വരെ. സോണിയ തന്റെ കന്നി അംഗത്തിനു തിരഞ്ഞെടുത്ത മണ്ഡലം. 77ലെ തകര്‍ച്ചയിലും ഹെഗ്ഡേ തരംഗത്തില്‍ പോലും കോണ്‍ഗ്രസിനെ കൈവിടാത്ത ദുര്‍ഗ്ഗം.കഴിഞ്ഞ 2 പ്രാവശ്യമായി ബിജെപിക്കാരന്‍ കരുണാകര റെഡ്ഡി അവിടെ ജയിക്കണമെങ്കില്‍ അവിടെ ഇപ്പൊള്‍ ജനാധിപത്യം പൂത്തുലയുകയായിരിക്കണം.അയാള്‍ക്ക് ടിക്കറ്റെങ്ങനെ കിട്ടി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.പക്ഷെ ഒരു മണ്ഡലം മൊത്തത്തില്‍ എങ്ങനെ പര്‍ച്ചേസ് ചെയ്തു എന്നത് അത്ഭുതം തന്നെ.

കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ബിജെപിയെ ജയിപ്പിക്കാന്‍ റെഡ്ഡികള്‍ കോടികള്‍ ഒഴുക്കി എന്ന് ആരോപിച്ചത് കോണ്‍‌ഗ്രസ് കര്‍ണ്ണാടക നേതൃത്വമാണ്

ഇപ്പോള്‍ റെഡ്ഡി സഹോദരന്മാര്‍ ബീജെപിയുടെ കഴുത്തില്‍ ചുറ്റിയ പാമ്പായിരിക്കുന്നു. എത്ര നാണമില്ലാതെയാണ് ആ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ഇവരുമായി വില പേശുന്നത്. റെഡ്ഡി സഹോദരന്‍‌മാരുടെ ആവശ്യം സിമ്പിള്‍ ആണ്.മംഗളം റിപ്പോര്‍ട്ട് കാണുക
1. ആഭ്യന്തര വകുപ്പ് അവരുടെ നിയന്ത്രണത്തില്‍ വേണം
2. അവരുടെ ക്രിമിനല്‍ കേസുകള്‍ എല്ലാം പിന്‍‌വലിക്കണം
3. അവരില്‍ ഒരാളെ മന്ത്രി ആക്കണം
4. അവരുടെ ഗുണ്ടാ പടയിലെ പ്രധാനിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ശ്രീ രാമലുവിനെ മന്ത്രി ആക്കണം.

ഇവനെയൊക്കെ അടിച്ചിറക്കുകയല്ലേ ഏത് പാര്‍ട്ടിയും ആദ്യം ചെയ്യേണ്ടത്? പക്ഷെ ബിജെപി അതി ദുര്‍ബ്ബലമായിരിക്കുന്നു. ഏത് കള്ളനോടും സമരസപ്പെടും വിധം ദുര്‍ബ്ബലം. ഈ ദുരിതകാലത്തിലാണ് അവര്‍ക്ക് കഴിഞ്ഞ കാല പാപത്തിന്റെ ശമ്പളം പറ്റേണ്ടി വരുന്നത് എന്നത് അവരുടെ സ്ഥിതി കൂടുതല്‍ ദുരിതമയമാക്കും.