Saturday, April 28, 2007

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ

ഈക്കഴിഞ്ഞനാളൊരു സന്ധ്യയില്‍
നാട്ടിലൂടെ ചുറ്റിത്തിരിയുമ്പോള്‍
പെട്ടെന്ന് എന്‍ മുന്നില്‍ വന്നു വീണു
പൊട്ടിപോയ ഭാരതീയസംസ്ക്കാരത്തിന്‍
അത്ര ചെറുതല്ലാത്തൊരു കഷ്ണം.

തൈക്കിളവിയാം ബോളീവുഡിന്റെ
ചായം ചുവപ്പിച്ച കവിളില്‍
നാടും നാട്ടാരും കാണ്‍കെ
സായിപ്പിന്റെ സിഗരറ്റിന്‍ കറയുള്ള
ചുണ്ട് അല്പസമയമധികം ചലിച്ചപ്പോളാണത്രേ
നമ്മുടെ സംസ്കാരഗോപുരം കൂപ്പുകുത്തിയത്.

ഇവിടെ ചുംബിക്കാന്‍ പാടില്ലേ എന്നാരെങ്കിലും
ചോദിച്ചാല്‍,
ചുംബിക്കാം പക്ഷേ ആരും കാണരുത്
ഒരലു കട്ടോളൂ നിങ്ങള്‍ പക്ഷേ
വിരലുകൊണ്ടെങ്കിലും മറച്ചിടേണം.

ഇവിടെ പൊതുനിരത്തില്‍ അപ്പിയിടാം
മൂത്രമൊഴിക്കാം,
ബസ്സില്‍ കയറി പെണ്ണുങ്ങളുടെ
ചന്തിയില്‍ തലോടിടാം,
പക്ഷെ രഹസ്യമായി വേണം
ഇനി രഹസ്യമായി ചെയ്യാനൊത്തില്ലേല്‍
കണ്ണൊന്നടച്ചാ‍ലും പാല് കുടിക്കാം.

മതവാദികള്‍ പറയുന്നു സദചാ‍രം തകര്‍ന്നെന്ന്,
കോടതിയും അനുപല്ലവി പാടുന്നു
ഭരണകൂടവും ഏറ്റ് പാടുന്നു
കേള്‍ക്കുന്നവരറിയാതെ ചോദിക്കുന്നു
ഈ സദാചാരമെന്തേ സ്ഫടികമാളികയോ

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ
ചില്ലുമാളികകള്‍ക്ക് ആയുസ്സുള്ളൂ

POWDER POWDERED (പൊടി പൊടിച്ചേ)

കഥാനായകന്‍ എന്റെ ഒരു ബന്ധു ആകുന്നു.അമ്പലപ്പുഴക്കാരായവര്‍ക്ക് ഇദ്ദേഹത്തിന്റെ കഥകള്‍ നന്നായി ആറിയാം,പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി കൊടുത്തിട്ടുണ്ട്.ചുരുക്കം പറഞ്ഞാല്‍ തെന്നാലി രാമന്‍ കഥകള്‍ പോലെയോ ഹോജാകഥകള്‍ പോലെയോ അമ്പലപ്പുഴ ക്ഷേത്രപരിസരങ്ങളില്‍ ചേട്ടന്‍ കഥകള്‍ പാറി നടന്നു.പത്രം പോലും വായിക്കാത്ത ആളായത് കൊണ്ട് ബ്ലോഗ് വായിക്കും എന്ന പേടി എനിക്കില്ല.(ഇനി ആരേലും ഊമ കത്തെഴുതി ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ പുള്ളിയെ അറിയിക്കുമോ ആവോ)

ഇംഗ്ലീഷ് ഭാഷയെ ലോകത്തിന്റെ ഏതു കോണിലിട്ടും ആരുടെ മുന്നിലിട്ടും വധിക്കാനുള്ള ലൈസന്‍സായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.ബട്ലര്‍ ഇംഗ്ലീഷ് എന്നൊന്നും വിളിച്ച് ഞാന്‍ ബട്ലറുമാരുടെ ശത്രുത സമ്പാദിക്കാനാഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന് സ്വപിതാവില്‍ നിന്ന് ഒസ്യത്തായി കിട്ടിയതാണ് ഈ ലൈസന്‍സ് എന്ന് പറയേണ്ടി വരും.പക്ഷെ തന്തപടിക്ക് പെരുന്തച്ചന്‍ കോമ്പ്ലക്സുണ്ടാക്കും വിധം ചേട്ടന്‍ ഈ കലാപരിപാടിയില്‍ വിജയിച്ചു എന്നത് അവിതര്‍ക്കമാണ്.

കാര്‍ന്നോര്‍ കച്ചവടത്തില്‍ സമര്‍ത്ഥനായിരുന്നു.കാശൊക്കെ ഉണ്ടാക്കി പുള്ളി തറവാട്ടില്‍ നിന്നും കുറച്ചകലെ ഒരു വീട് വെച്ചു.ആ വീടിനെ എന്ത് വിളിക്കണം എന്നതില്‍ ആര്‍ക്ക് തര്‍ക്കമുണ്ടായിരുന്നെങ്കിലും പുള്ളിക്ക് ഇല്ലായിരുന്നു.OUT HOUSE.അങ്ങനെയാണ് പുള്ളി പുതിയ വീടിനെ പരാമര്‍ശിച്ച് കൊണ്ടിരുന്നത്.മനസ്സിലാകാത്ത വിവര ദോഷികള്‍ക്കദ്ദേഹം വിശദീകരിച്ച് കൊടുത്തു.വെളിയില്‍ വീട്,അതായത് തറവാടിന്റെ വെളിയില്‍ വീട്- OUT HOUSE.

മൂത്ത മകള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു,അന്നത്തെ സ്റ്റൈല്‍ വെച്ച് അമ്മയെ മമ്മിയാക്കി.കുഞ്ഞിന്റെ അപ്പി കഴുകിയും മൂത്രതുണി അലക്കിയും അതിനെ പരിപാലിക്കുന്ന അമ്മയുടെ അനുജത്തീ,കുഞ്ഞമ്മ അഥവാ ചെറിയമ്മയെ എങ്ങനെ ആധുനീകരിക്കും.
കാര്‍ണോരുടെ വൊക്കാബുലറിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ദാ വരുന്നു ‌-SHORT MUMMY-അതായത് ചെറിയമ്മ.

ഈ കാര്‍ന്നോരുടെ മകനാണ് നമ്മുടെ കഥാനായകന്‍.

സ്ഥലത്തെ സ്കൂളിലെ അധ്യാപകനും സാത്വികനും മാന്യനുമായ ഒരാള്‍ ഈ പിതാവിന്റെയും പുത്രന്റെയും കടയില്‍ വരാറുണ്ട്.രഹസ്യമായി ഗര്‍ഭനിരോധന ഉറ വാങ്ങാനായി വരുന്ന അദ്ദേഹത്തെ പിതാവ് മറ്റരുമറിയാതെ സാധനം കൊടുത്ത് സഹായിച്ചിരുന്നു.ഒരിക്കല്‍ അദ്ദേഹമെത്തിയപ്പോള്‍ സാധനം സ്റ്റോക്കില്ല.അകത്തുണ്ടോ എന്ന് നോക്കാന്‍ പിതാവ് പുത്രന് രഹസ്യമായി സന്ദേശം നല്‍കി.അകത്ത് കാണാത്തപ്പോള്‍ മകന്‍ അച്ഛനോട് വളരെ ഉറക്കെ “ ഫാദര്‍, എന്തായിത് കോണ്ഡം തീര്‍ന്നാല്‍ ഉടന്‍ വാ‍ങ്ങണ്ടേ, സാറിന് ഡെയിലി യൂസുള്ളതാണെന്ന് അറിയില്ലേ? സാര്‍ സന്ധ്യാസമയത്ത് കടയില്‍ നിറഞ്ഞിരുന്ന് പുരുഷാരത്തില്‍ നിന്നുരുകി.

സന്ധ്യക്ക് ബൂത്തില്‍ നിന്നും പാല്‍ മേടിക്കാന്‍ വന്നിട്ട് പാലുമായി കറങ്ങി നടക്കുന്ന ഒരു പയ്യനെ ചേട്ടന്‍ ഉപദേശിച്ചു.
"മോനേ,വീട്ടില്‍ പോകൂ അല്ലെങ്കില്‍ മില്‍ക് റിട്ടയര്‍ (milk retire) ആകും" (പാല്‍ പിരിയുമെന്ന് വിവക്ഷ).

ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരാളോട് പുള്ളി ഒരിക്കല്‍ ചോദിച്ചു.“നിങ്ങള്‍ ഫോര്‍ട്ടി വണിനാണോ അതോ ലാമ്പിനാണോ പോകുന്നത്” 41നാണോ മകരവിളക്കിനാണോ പോകുന്നത് എന്നാണ് ചോദ്യം

ഏറ്റവും കടുപ്പം ഇത്തവണത്തെ അമ്പലപ്പുഴ ഉത്സവം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്-

POWDER POWDERED (പൊടി പൊടിച്ചെന്ന്)

Thursday, April 05, 2007

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഒന്നാം കേരളമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ട് 50 ആണ്ട് ഇന്ന് തികയുന്നു.കേരളം ഒരു പക്ഷെ പിന്നിടൊരിക്കലും കാണനിടയില്ലാത്തത്ര പ്രതിഭാധനര്‍ നിറഞ്ഞ മന്ത്രിസഭ.കേരളചരിത്രത്തിലെ അതികായരായ ഇ.എം.എസ്,അച്ചുതമേനോന്‍,റ്റി.വി.തോമസ്,ഗൌരിയമ്മ,നീതിയുടെ കെടാവിളക്കായ ജ.കൃഷ്ണയ്യര്‍,നിരൂപണകുലപതി മുണ്ട്ശ്ശേരി,ആരോഗ്യ വിചക്ഷണനായ ഡോ.മേനോന്‍. എന്തായിരുന്നു ആ ലൈനപ്പ്.ഇവരെ ഒക്കെ നയിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറി സാക്ഷാല്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍.

എന്തിനായിരുന്നു ആ മന്ത്രിസഭയെ ഗര്‍ഭഛിദ്രം നടത്തിയത്,വിശ്രുതനായ ജനാധിപത്യഭിഷഗ്വരനായ പണ്ഠിറ്റ്ജീ?വര്‍ഗ്ഗീയ പിശാചുകളുടെയും ജന്മി അധികാരവര്‍ഗ്ഗത്തിന്റെയും അക്രമപരമ്പരകള്‍ക്കൊപ്പം തുള്ളിയപ്പോള്‍ ഡോ.രാജേന്ദ്രപ്രസാദ്, താങ്കള്‍ തിരസ്കരിച്ചത് രക്തരഹിതമായി വിപ്ലവം നടത്താന്‍ ഒരുമ്പെട്ട ഒരു ജനതയുടെ സമത്വസ്വപ്നങ്ങളെയാണ്.

കമ്മ്യൂണിസ്റ്റ് നയങ്ങളൊന്നുമല്ല ആ മന്ത്രിസഭ നടത്താന്‍ തുനിഞ്ഞത്.കോണ്‍ഗ്രസ് അതിന്റെ പല സമ്മേളനങ്ങളില്‍ പാസാക്കിയ പ്രമേയങ്ങള്‍ മാത്രമാണ്.അതിവേഗത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചു എന്നത് സത്യം.അത് പൂര്‍ണ്ണമായും ഭരണഘടന അനുവദിച്ച പരിധികളില്‍ നിന്നു തന്നെ ആയിരുന്നു.പക്ഷെ 1947 ആഗസ്റ്റ് 15 വരെ ബ്രിട്ടന്റെ ചെരുപ്പ് നക്കി നടന്ന വര്‍ഗ്ഗീയ കുരിശുകള്‍ അതിനു ശേഷം ഖദര്‍ അണിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് മുന്‍പ് പാസാക്കിയ പ്രമേയങ്ങള്‍ വിഴുങ്ങേണ്ടി വന്നു.പകരം അവര്‍ പള്ളിയെയും പിള്ളയെയും ഹംസരഥത്തിലേറ്റി നാട്ടില്‍ കലാപം നടത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിഷം കഴിക്കുമെന്ന് പറഞ്ഞ ചില പത്രക്കാരും മറ്റ് ചില സാംസ്കാരിക വിഷങ്ങളും ചേര്‍ത്ത് നാട്ടില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.എക്കാലത്തെയും ദുഷിച്ച ഏകാധിപത്യമനസ്സുള്ള ഇന്ദിരാഗാന്ധി കൂടി ചേര്‍ന്നപ്പോള്‍ ജോറായി.തന്റെ അച്ഛനു ലേഡി മൌണ്ട്ബാറ്റണ്‍ കൊടുത്ത പ്രേമോപഹാരമാണ് ഇന്ത്യ എന്നു മറ്റോ ആയമ്മ തെറ്റിദ്ധരിച്ചിരുന്നോ എന്തോ.കെട്ടിച്ച് വിട്ടാലും ഭര്‍ത്താവിനോട് പോരെടുത്ത് വീട്ടില്‍ വന്നു നില്‍ക്കുന്ന പെണ്ണുങ്ങളെ കൊണ്ട് ഇത്തരം ഉപദ്രവങ്ങളുണ്ടാകും.

ഇന്ന് ആ മന്ത്രിസഭയൂടെ സത്യപ്രതിജ്ഞയുടെ 50ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സയാമീസ് ഇരട്ടകളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സഹിക്കുന്നില്ല.ഒരു പക്ഷേ വിമോചനസമരത്തിന്റെ കുപ്പത്തൊട്ടിയില്‍ മനോരമ താളില്‍ പെറ്റു വീണ ഇവര്‍ക്ക് ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കനാവും.സമുദായ പിന്തുണ ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടോ രമേശുണ്ടോ?ജനാഭിലഷങ്ങളെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വേണ്ട് അട്ടിമറിച്ച പാരമ്പര്യത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണിവര്‍.ചരിത്രം ഇവരെ വിചാരണ ചെയ്യട്ടെ