Saturday, April 12, 2008

വിശ്വാസത്തിന്റെ യുക്തി

പ്രസംഗങ്ങള്‍ ദൌര്‍ബല്യമായ ഒരു യാചക കഥാപാത്രമുണ്ട് കെജി ജോര്‍ജിന്റെ പഞ്ചവടിപാലമെന്ന സിനിമയില്‍.പ്രസംഗങ്ങള്‍ എന്റെയും ഒരു ആവേശമായിരുന്നു.ട്രാഷ് വാല്യൂ മാത്രമേ ഉള്ളൂ എന്നറിയാമെങ്കിലും മദനിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പല സ്ഥലങ്ങളിലും 90കളില്‍ ഞാന്‍ പോയിരുന്നു.പ്രസംഗം സൃഷ്ടിക്കുന്ന ധ്വന്യാത്മകമായ ഏകത എന്നും എനിക്ക് അല്‍ഭുതമായിരുന്നു.എന്നെ ആകര്‍ഷിച്ച ഒരു പ്രസംഗം ചിന്മയാനന്ദ സ്വാമിയുടെ ആയിരുന്നു.അത് പക്ഷെ ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ.അതും ഇംഗ്ലീഷില്‍.മലയാളത്തില്‍ എന്നെ ആകര്‍ഷിച്ച ഒരു പ്രാസംഗികന്‍ അന്തരിച്ച കണിയാപുരം രാമചന്ദ്രന്റെയാണ്.

കഴിഞ്ഞ ദിവസം ദുബായി ഇന്ത്യന്‍ കോണ്‍സലേറ്റില്‍ Indain Institute of Scientific Heritage ഡയറക്ടര്‍ ശ്രീ എന്‍.ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണപരമ്പരയിലേക്ക് എന്നെ നയിച്ചതും ഏറെ പുകഴ്പെട്ട അദ്ദേഹത്തിന്റെ വാഗ്‌വിലാസമാണ്.ആത്മീയതയിലേക്ക് മധ്യവര്‍ഗ്ഗക്കാരനെ അടുപ്പിക്കുന്ന senile ഘടകങ്ങള്‍ ഈ മുപ്പത്തിമൂന്നാം വയസ്സില്‍ തന്നെ എന്നെ സ്വാധീനിച്ചു തുടങ്ങിയോ,അറിയില്ല.

ഒരുപാട് പ്രതീക്ഷയോടെ ആണ് ദിശാബോധം വീണ്ടെടുക്കുന്ന ഭാരതീയര്‍ എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയത്.വളരെ ഉപരിപ്ലവമായതും മധ്യവര്‍ഗ്ഗ വ്യഥകളെ മാത്രം അഡ്രസ്സ് ചെയ്യുന്നതുമായ ഒരു വെര്‍ബല്‍ സര്‍ക്കസ് കേട്ടതിന്റെ വിഷമത്തിലാണ് ഏതാണ്ട് 3 മണിക്കൂറിനു ശേഷം ഞാനവിടെ നിന്നും പുറത്തു വന്നത്.

അദ്ദേഹത്തിന്റെ പോയിന്റുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത കാലത്തായി ഭാരതവും ഭാരതീയരും ദിശാബോധം വീണ്ടെടുക്കുന്നു.

2. ഇതിന്റെ സൂചനയാണ് ഭാരതീയര്‍ക്ക് യോഗാ,ജ്യോതിഷം,വാസ്തു തുടങ്ങിയ സകല സംഗതികളിലും അധികരിച്ചു വരുന്ന വിശ്വാസം.പണൊക്കെ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിനെ സവര്‍ണ്ണ മൂരാച്ചി ഫാസിസമായി കാണുമായിരുന്നു.ഇന്നങ്ങനെ ആരും കാണുന്നില്ല എന്നു മാത്രമല്ല ആറ്റുകാല്‍ പൊങ്കാലയുടെ പകുതി നടത്തിപ്പ് സി.പി.എം നേതാവ് ഗോവിന്ദപ്പിള്ളയാണ് ചെയ്യുന്നത്.ഗോവിന്ദപ്പിള്ള എന്നും പഴവങ്ങാടി ഗണപതിയെ കാണാന്‍ വരാറുണ്ട്.തൊഴാറില്ല എന്ന് മാത്രം.തിരുവനന്തപുരത്ത് യുക്തിവാദികളുടെ ജില്ലാ നേതാവ് രാവിലെ നാലുമണിക്ക് മാടന്‍ കോവിലില്‍ തൊഴാന്‍ വരുന്നുണ്ട്. പണ്ട് രാവിലെ ചാടി എഴുന്നേല്‍ക്കരുത് എന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസമാകുമായിരുന്നു.ഇന്ന് അങ്ങനെയല്ല.അതില്‍ യുക്തിയുണ്ട് എന്ന് അംഗീകരിക്കപ്പെടുന്നു.ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊസിഷനിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ രക്തയോട്ടത്തെ അത് ബാധിക്കുന്നതായി പാശ്ചാത്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.അത് പോലെ തന്നെ കിഴക്ക് ദിക്കിന്‍ അഭിമുഖമായി പഠിക്കുമ്പോള്‍ അതിന് പോസിറ്റീവായ ഗ്രാവിറ്റി സ്വാധീനം ഉണ്ട്.അതു പോലെ വടക്കോട്ട് തല വെച്ച് കിടക്കുന്നതിനെ എതിര്‍ക്കുന്നതിലും സമാനമായ ഊര്‍ജ്ജ യുക്തി ഉണ്ടത്രേ.

ഗോവിന്ദപ്പിള്ള അല്ലെങ്കില്‍ മറ്റേതെങ്കിലും യുക്തിവാദിക്ക് എന്തെങ്കിലും അഭിപ്രായമാറ്റമുണ്ടായാല്‍ യുക്തി എന്നത് കടലെടുത്ത് പോയി എന്നത് വളരെ പ്രചരണപരമെന്നതിലപ്പുറം എന്തെങ്കിലും പ്രസക്തി ഉള്ള വസ്തുത ആണെന്നു തോന്നുന്നില്ല.പലപ്പോഴും ഗോപാലകൃഷ്ണന്‍ സാറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും self contradicting ആയി തോന്നുന്നു.ഉദാഹരണത്തിനു വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കാമോ എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ മറുപടിയും പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ചാല്‍ മഴ പെയ്യാതിരിക്കുമോ എന്നതിനെ കുറിച്ചുള്ള പരാമര്‍ശവും.ഗണപതി ഇതൊക്കെ നോക്കിയിരിക്കുയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.ചുരുക്കത്തില്‍ ഏതാണ് വിശ്വാസം ഏതാണ് അന്ധവിശ്വാസം എന്ന് അദ്ദേഹത്തിനു തന്നെ തിട്ടമില്ല എന്ന് തോന്നും.വിശ്വാസത്തില്‍ യുക്തി ഇല്ല എന്നു പറയാന്‍ ആവില്ല.യുക്തി തെളിയുമ്പോള്‍ പിന്നീട് അത് വിശ്വാസമല്ലാതെ ആവുകയും ഫാക്റ്റ് ആയി മാറുകയും ചെയ്യും.ഇങ്ങനെ ഉരച്ച് നോക്കാന്‍ യുക്തി കൂടിയേ തീരൂ.യുക്തിയില്‍ നിന്നേ ശാസ്ത്രബോധം ജനിക്കൂ.ശാസ്ത്രബോധം മാത്രമേ പുരോഗതിയിലേക്ക് നയിക്കൂ.ശാസ്ത്രം പ്രാക്തനമെന്നോ ആധുനികമെന്നോ വ്യവച്ഛേദിക്കുന്നതില്‍ പൊരുളില്ല.അതിലെ തത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതാണൊ എന്നത് മാത്രമാണ് പ്രസക്തം.യോഗ കുറെ ഏറെ അംഗീകരിക്കപ്പെട്ടത്,അതിന്റെ തത്വങ്ങള്‍ ഇന്നും ഫലം തരുന്നത് കൊണ്ടാണ്.


4. റ്റാറ്റ കാര്‍ രംഗത്തെ ഭിമനായി മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പിനികളുടെ അക്വിസിഷന്‍ ഭീഷണിയിലാണ് ലോകം.10ല്‍ നാല് സമ്പന്നര്‍ ഇന്ത്യക്കാര്‍ ആണ്.

ഇന്ത്യ എന്നത് ഒരു സാമ്പത്തിക ശക്തി ആയി എന്നതിനും മടുപ്പിക്കുന്ന ഒരു റിറ്റോറിക്ക് എന്നതിലപ്പുറം ഒരു വസ്തുതയാണോ.ഇന്ത്യയില്‍ കുറേ ഏറെ സമ്പന്നര്‍ ഉണ്ടായി എന്നത് വസ്തുത,ഇന്ത്യന്‍ കമ്പിനി ഫോര്‍ഡിനെ പോലും വിഴുങ്ങാന്‍ വലുതായി എന്നതും സത്യം.പക്ഷെ 70% ശതമാനത്തിനും 20 രൂപയില്‍ താഴെ മാത്രമേ ദിവസവരുമാനമുള്ളൂ എന്ന വസ്തുത അത്ര അപ്രസക്തമാണോ?ഇന്തയിലെ പട്ടിണിക്കാരുടെ എണ്ണം അവഗണിക്കാവുന്നതാണോ? ഇനി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അംഗീകരിക്കുകയാണെങ്കില്‍ അത് 91ല്‍ സംഭവിച്ച അഗോളീകരണം കാരണമല്ലേ?ഇന്ത്യയുടെ ഈ നേട്ടത്തില്‍ ഭാരതീയ പൈതൃകത്തിനു എന്താണ് സംഭാവന?അഗോളീകരണം എന്നത് ദേശീയതയില്‍ ഊന്നിയ ഒന്നല്ല മറിച്ച് അന്തര്‍ദേശീയതയില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം മറന്നുവോ?അഗോളീകരണം ചുരുങ്ങിയ ശബ്ദമുള്ള ചിലര്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നു തന്നപ്പോള്‍ ശബ്ദമില്ലാത്ത കോടികള്‍ക്ക് അത് ചൂഷണം ചെയ്യപ്പെടാനുള്ള മറ്റൊരു വഴി ആയത് നാം തിരിച്ചറിയാതെ പോകണോ?

5. ലോകത്തെ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി നമ്മുടേതാണ്.(കയ്യടി)നമ്മുടെ പ്രധാനമന്ത്രി ശിഖനാണ്,രാഷ്ട്രപതി ഹിന്ദു,ഉപരാഷ്ട്രപതി മുസ്ലിം

(ഇത്രയും പറഞ്ഞ ശേഷം വളരെ naive ആയ മട്ടില്‍ ഒരു പാസിംഗ് കമന്റ് ഇവരെ ഒക്കെ നിയന്ത്രിക്കുന്നത് ഇറ്റലിക്കാരി ഒരു അമ്മച്ചി)-വീണ്ടും കയ്യടി-ഒരു പക്ഷെ കൂടിയിരിക്കുന്ന ജനത്തിന്റെ മനോനിലയും രാഷ്ട്രീയസ്വഭാവും ആ കയ്യടിയില്‍ ഉണ്ടെന്ന് എനിക്ക് തോന്നി.ഒരുപക്ഷെ ഗള്‍ഫിലുള്ള ഉപരിമധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയവും ഒളിപ്പിച്ച വര്‍ഗ്ഗീയതയും.

6. അരവണ പ്രശ്നം പരിഹരിക്കാന്‍ 17 IAS ഉദ്യോഗസ്ഥര്‍ക്ക് തല പുകക്കേണ്ടി വന്നു.മുന്‍പ് ഒരു കാലത്തായിരുന്നെങ്കില്‍ ഈ വിഷയം പുല്ലു പോലെ അവഗണിക്കപ്പെടുമായിരുന്നു,അതും ഒരു ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്.ശബരിമലയില്‍ മന്ത്രിയെത്തി,ഒരു ഗ്ലാസ് വെള്ളം കുടിക്കാതെ മുഖ്യമന്ത്രി എത്തി.മന്ത്രി സന്നിധാനത്തില്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു.

17 അല്ല 170 ഉദ്യോഗസ്ഥര്‍ കൂടിയിരുന്ന് അരി ക്ഷാമത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു പരിഹാരം കണ്ടതിനെ കുറിച്ചാണ് അദ്ദേഹം ആശ്വാസം കൊണ്ടിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.അരിക്ഷാമത്തെക്കാള്‍ വലിയ പ്രശ്നമാണ് അരവണ ക്ഷാമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ശുദ്ധജലവിതരണത്തേക്കാള്‍ പ്രധാനം സംസം ജലത്തിന്റെ വിതരണമെന്ന് ആരെങ്കിലും കരുതിയാല്‍ അതാണ് സാംസ്ക്കാരിക നവോത്ഥാനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മനുഷ്യകുലത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാന്‍ ലെഫ്റ്റിസ്റ്റോ സെന്ററിസ്റ്റോ ആവേണ്ട ഹ്യൂമനിസ്റ്റ് ആയാല്‍ മതി.

7.ലോകത്ത് വെജിറ്റേറിയനിസത്തിനു കിട്ടുന്ന പ്രാധാന്യം

വെജിറ്റേറിയനിസം ലോകമെമ്പാടും പ്രചരിക്കുന്നതില്‍ എനിക്കും സന്തോഷം.അത് പക്ഷെ എങ്ങനെ ഇന്ത്യന്‍ പൈതൃകം ആകുന്നു എന്ന് മനസ്സിലാകുന്നില്ല.ശ്രീകൃഷ്ണനും രാമനും നോണ്‍ കഴിച്ചിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.ഇനി ഇല്ല എങ്കില്‍ തന്നെ ബ്രാഹ്മണര്‍ ഒഴികെ എല്ലാവരും നോണ്‍ സാപ്പിട്ടിരുന്നു.അപ്പോള്‍ ബ്രാഹ്മണന്റെ പൈതൃകമാണ് ഭാരത പൈതൃകം എന്നാണോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.കിഴങ്ങും മത്സ്യവും മാസവും കഴിച്ച് പശി അടക്കിയവനെ ഭാരതീയതയുടെ പൈതൃകത്തില്‍ നിന്നും കുടിയിറക്കി വിടുന്നു.ഗോപൂജ ഭാരതീയ പൈതൃകത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.ഗോപൂജ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാകുന്നതിനു മുന്‍പും ഭാരതവും അതിന്റെ ജീവിതധാരയും ഇവിടെ ഉണ്ടായിരുന്നു.അതിനെ നിഷേധിക്കാനുള്ള ശ്രമം ഏത് അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു

ഭാരതീയ പൈതൃകതിലെ വേറിട്ട വഴികള്‍ വെട്ടി തുറന്ന സാംഖ്യനെയും കപിലനെയും ഒന്നും പരാമര്‍ശിച്ച് കണ്ടില്ല.യുക്തിചിന്തയും നാസ്തികത്വവും ഭാരതപാരമ്പര്യത്തിനു അന്യമല്ല എന്നു പറയാനെങ്കിലും ഇവരെ പരാമര്‍ശിക്കാമായിരുന്നു.അതുപോലെ തന്നെ ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന സമഗ്രമായ ഈശ്വരസങ്കല്‍പ്പവും ഈ പ്രഭാഷണത്തില്‍ അന്യമായിരുന്നു.മറിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പാകമാകാത്ത ഉടുപ്പ് ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഭാരതചിന്തയില്‍ ലോകത്തിനു പഠിക്കാനായി ധാരാളം സംഗതികളുണ്ട്.ശക്തമായ കുടുംബ വ്യവസ്ഥ,മുതിര്‍ന്നവരോടുള്ള ബഹുമാനം,മറ്റു ചിന്തകളോടുള്ള ബഹുമാനം,നല്ലതെന്തും കൊള്ളാനുള്ള കഴിവ്,ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന യുക്തിസഹമായ ദൈവസങ്കല്‍പ്പം.ഇവയിലൊക്കെ അടിസ്ഥാനപ്പെടുത്തി മതേതരമായ ഒരു ആത്മീയ സങ്കല്‍പ്പം മുന്നോട്ട് വെയ്ക്കാന്‍ Indain Institute of Scientific Heritageന് കഴിഞ്ഞില്ലെങ്കില്‍ ഇത് സംഘപരിവാറിന്റെ മറ്റൊരു ഒളിമുഖമാണെന്നു ധരിക്കേണ്ടി വരും.