Thursday, May 01, 2008

കേരള വികസനം-എന്റെ കാഴ്ച്ച

ഫ്രണ്‍സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന് ഷാര്‍ജയില്‍ കേരള വികസനത്തെ കുറിച്ച് ഒരു സംവാദം നടത്തുന്നു.ഒരു പേപ്പര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിനായി അവതരിപ്പിക്കാമോ എന്ന് സെക്രട്ടറി സുനില്‍ ചോദിച്ചു,പ്രസംഗം അത്ര വശമുള്ള പണിയല്ല.മാത്രമല്ല കാലവസ്ഥാ വ്യതിയാനം എന്റെ തൊണ്ടയിലെ സൌണ്ട് കാര്‍ഡ് തകര്‍ത്തു.(അല്ലെങ്കില്‍ ഒലത്തിയേനെ)ഏതായാലും എന്റെ ചിന്തകള്‍ കുത്തി ഒരു പോസ്റ്റാക്കി സുനിലിനയച്ചു.ഇത്ര ആയ നിലക്ക് ഇവിടെയും കിടക്കട്ട്....



വികസനം എന്ന പദം കൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമായാല്‍ മാത്രമേ വികസനരംഗത്ത് എന്തെങ്കിലും പ്രതിസന്ധി നാം നേരിടുന്നുവോ എന്ന് പറയാനാവൂ.വികസനം പലപ്പോഴും തെറ്റായ അളവുകോല്‍ വെച്ച് അളക്കപ്പെടുന്ന വളരെ ആപേക്ഷികമായ ഒരു സംഗതി ആയിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.

വികസനമെന്ന പദം മനസ്സിലേക്ക് കൊണ്ട് വരുന്നത് അംബരചുംബികളായ മാളികകളെയും ചീറിപായുന്ന കാറുകളെയും കുതിക്കുന്ന ഓഹരി സൂചികയെയുമാണ്.ഇത്തരമൊരു ചിത്രം നമ്മുടെ മനസ്സിലേക്ക് ആരോ അതി ശക്തമായി ഇമ്പ്രസ് ചെയ്തിരിക്കുന്നു.ഇത്തരം കെട്ടുകാഴ്ച്ചകളില്‍ നിന്നും മുഖ്യധാരാ ഇടതുപക്ഷത്തിനു പോലും മുക്തിയില്ല എന്ന് പലപ്പോഴും തോന്നി പോകുന്നു.

വികസനം എന്നെ സംബന്ധിച്ച് ഇതാണ്.

1. വിദ്യാഭ്യാസപരമായ വികസനം
2. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള സമൂഹത്തിലേക്കുള്ള പുരോഗതി
3. സാമ്പത്തികമായ പുരോഗതി
4. സാംസ്ക്കാരികമായ പുരോഗതി
5. സാങ്കേതികതയിലുള്ള പുരോഗതി
6. പരിസ്ഥിതി സംരക്ഷണത്തിലുള്ള പുരോഗതി.

ഇതില്‍ ഒന്ന് നശിപ്പിച്ച് മറ്റൊന്നിലോ മറ്റെല്ലാതിലുമോ പുരോഗതി കൈവരിക്കുന്നതില്‍ ഒരു മേന്മയുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഉദാഹരണത്തിന് വളരെ സാമ്പത്തിക പുരോഗതി നേടിയ ഗുജറാത്തി സമൂഹം സാംസ്കാരികമായി എത്ര പിന്നോക്കാവസ്ഥയിലാണ് എന്ന് ആ സമൂഹത്തെ നെടുകേ പിളരുന്ന അതിന്റെ വര്‍ഗ്ഗീയ ധ്രുവീകരണം സാക്‍ഷ്യപ്പെടുത്തുന്നു.

ഈ പുരോഗതി സമൂഹത്തില്‍ പൊതുവായി ഉണ്ടാകണം.അല്ലതെ ലോകധനികരില്‍ 10ല്‍ നാലുപേര്‍ ഇന്ത്യക്കാരായാല്‍ ഇന്ത്യ വികസിച്ചു എന്നു പറയുന്നതില്‍പ്പരം ഒരു മൌഡ്യമില്ല.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ നാം ആദ്യകാലങ്ങളില്‍ കുറേ ഏറെ മുന്നേറി.അത് പ്രധാനമായും ഈ രംഗങ്ങളില്‍ നാം അനുവദിച്ച സൌജന്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.പക്ഷെ ഈ രംഗത്തെ പുതിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ നമ്മുടെ പഴയ നയങ്ങള്‍ക്ക് കഴിയുന്നില്ല.പുതിയ നയങ്ങള്‍ രൂപപ്പെടുത്തി എടുക്കാന്‍ പ്രത്യയശാസ്ത്രമാറാപ്പ് നമ്മെ അനുവദിക്കുന്നുമില്ല.ഫലമോ ഈ രംഗങ്ങളില്‍ അരാജകത്വവും ചൂഷണവും തീവെട്ടിക്കൊള്ളയും കൊടി കുത്തി വാഴുന്നു.

മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം വേണം.പണം രോഗികളില്‍ നിന്നും ഈടാക്കാന്‍ ആവില്ല.അപ്പോള്‍ ഇനി ഈ രംഗത്ത് വികസനം വേണ്ട എന്നല്ലല്ലോ.ജനങ്ങളെ പിഴിയാ‍തെ എന്നാല്‍ ഖജനാവിനെ അധികമായി ബാധിക്കാതെ ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

സര്‍ക്കാര്‍ ഡോക്ടറുമാര്‍ സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.പക്ഷെ അത് അനുസ്യൂതം തുടരുന്നു.അതിനു പകരം ഉച്ചക്ക് ശേഷം ഓ.പികള്‍ പേ ക്ലിനിക്കുകളാക്കി മാറ്റുക.അവിടുത്തെ വരുമാനത്തിനെ പകുതി ഡോക്റ്ററുമാര്‍ക്ക് നല്‍കുക.പേക്ലിനിക്കുകള്‍ക്ക് പുറത്തുള്ള പ്രാക്റ്റീസ് ശക്തമായി നിരോധിക്കുക.ഇത്തരം ആശയങ്ങള്‍ കൂടുതല്‍ പ്രയോഗിക്കുകയാണ് പ്രത്യയശാസ്ത്രപരമായ ജഡതകളില്‍ കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നല്ലത്.

കേരളം ഒരു രാജ്യമല്ല.അതിവേഗം മുതലാളിത്തപാതയില്‍ കുതിക്കുന്ന ഒരു രാജ്യത്തെ സംസ്ഥാനം മാത്രമാണ്.തനി സോഷ്യലിസം മാത്രമേ നാം നടപ്പാക്കൂ എന്ന് വാശി പിടിക്കുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട്.പ്രത്യേകിച്ചും മുന്തിയ ധനാഗമമാര്‍ഗ്ഗങ്ങള്‍ കേന്ദ്രം കയ്യടക്കി വെച്ചിരിക്കുമ്പോള്‍.ഇന്നത്തെ നിലയില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ പണ്ട് ഇവിടെ നിലവിലുണ്ടായിരുന്ന ജന്മി-കുടിയാന്‍ ബന്ധത്തെക്കാള്‍ ഒട്ടും മെച്ചമില്ല.അഭിനവ വാഴക്കുലയില്‍ മലയപുലയന്‍‍ അച്ചുതാനന്ദന്‍ ആകുന്നു,ജന്മി പളനിയപ്പന്‍ ചിദംബരം ചെട്ടിയാരും.

സ്വാഭാവികമായി നമ്മുടെ സ്വേച്ഛകള്‍ കടിഞ്ഞാണിടപ്പെടും.സഹായം ചോദിച്ചാല്‍ ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ ബോര്‍ഡ് ചൂണ്ടികാട്ടി അവിടെ നിന്നും അവര്‍ പറയുന്ന വ്യവസ്ഥയില്‍ വാങ്ങിക്കൊള്ളാന്‍ പറയും.അവരോ പണയമായി പാഞ്ചാലിയെ വരെ ചോദിക്കും.

ഉല്‍പ്പാദന പ്രക്രിയ വല്ലാതെ നിലച്ചു പോയ ഒരു സംസ്ഥാനമാണ് കേരളം.അതിന് കാരണം തൊഴിലാളികളാണെന്ന് പ്രചരണം സത്യമായി തോന്നിയിട്ടില്ല.മുന്തിയ മുതലാളിത്തരാജ്യങ്ങളീല്‍ പലതിലും ഇതിലും ശക്തമായ ട്രേഡ് യൂണിയന്‍ മിലിറ്റന്‍സി ഉണ്ട്.എന്റെ സ്വന്തം അനുഭവം പറഞ്ഞാല്‍ ഒരു എക്സിബിഷന്‍ സ്റ്റാന്ഡ് സെറ്റപ്പ് ചെയ്യാന്‍ ഒരു മണിക്കൂറിന് അമേരിക്കയില്‍ 20 മുതല്‍ 25 ഡോളര്‍ കൂലി ഏതാണ്ട് 92 ദിര്‍ഹം.യുഎഇയില്‍ അത് 8 ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെ.അതിലും എത്ര കുറവാണ് കേരളത്തില്‍.

പല ഘടകങ്ങളില്‍ ഒന്ന് തൊഴിലാളി പ്രശ്നമാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.അത് തൊഴിലാളി പ്രശ്നത്തെക്കാള്‍ രാഷ്ട്രീയ പ്രശ്നമെന്ന് കാണാനാണ് എനിക്ക് താല്‍പ്പര്യം.

കേരളത്തിലെ സാമൂഹിക മാറ്റത്തെ ഇങ്ങനെ കാണാം
1. 1957 മുതല്‍ 1970കള്‍ വരെ ശക്തമായ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നു.ഫലമായി ധാരാളം ഭൂരഹിതര്‍ക്ക് ഭൂമി കിട്ടുന്നു.പക്ഷെ ഭൂമി കിട്ടുയവരില്‍ പലരും കൃഷി തൊഴില്‍ ആക്കിയവരല്ല.അതു കൊണ്ട് ഭൂമി പിന്നെയും തുണ്ട് തുണ്ട് ആക്കപ്പെടുന്നു.ഭൂമി സ്കേഴ്സ് റിസോഴ്സ് ആയ നാട്ടില്‍ ഭൂമി തിരെ പ്രത്യുല്‍പ്പാദനപരമല്ലാതെ ആവുന്നു.ആകെ ഭൂമിക്കുള്ള പ്രയോജനം മുറിച്ച് മുറിച്ച് വില്‍ക്കാം എന്ന് മാത്രമായി ചുരുങ്ങുന്നു.

2.മേല്‍പ്പറഞ്ഞ സാമൂഹികമാറ്റം തുടങ്ങുന്ന കാലം വരെ കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു.മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കൃഷിയെ ആദായകരമല്ലാതാക്കി തീര്‍ത്തൂ.റബര്‍ എന്ന നാണ്യവിള ഭക്‍ഷ്യധാന്യകൃഷിയെ സൈഡ്ലൈന്‍ ചെയ്തു രംഗപ്രവേശനം ചെയ്യുന്നു.തോട്ടങ്ങള്‍ക്ക് ഭൂപരിഷ്ക്കരണം ബാധകമല്ലാത്തത് കൊണ്ട് ആ മേഖലയില്‍ ഫ്രാഗ്മെന്റേഷന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല.ഗാട്ട് കരാറിന്റെ കാലം വരെ നാണ്യവിളകള്‍ കേരളത്തിലെ ഒരു വിഭാഗത്തെ നന്നായി സംരക്ഷിച്ചു.

3.1970കളില്‍ ശക്തമായ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്നു.1980കളില്‍ അത് പരമകാഷ്ടയിലെത്തുന്നു.പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടി.നിര്‍മ്മാണ മേഖല ഒഴിച്ച് മറ്റൊരു മേഖലയിലും ഈ പണം വിനിയോഗിക്കപ്പെട്ടില്ല.മാത്രമല്ല.ധനത്തിന്റെ വിനിമയത്തിലെ ഒന്നോ രണ്ടോ ചക്രത്തിനുള്ളില്‍ അത് സംസ്ഥാനത്തിന്റെ വെളിയിലേക്ക് പോയി.അരിയും പച്ചക്കറിയും വാങ്ങുമ്പോള്‍ അത് തമിഴ്നാട്ടിലേക്ക് പോയി,മാരുതി കാര്‍ വാങ്ങുമ്പോള്‍ ഉത്തരേന്ത്യക്കാരനിലൂടെ ജപ്പാനിലേക്ക് പോയി,മുളക് വാങ്ങുമ്പോള്‍ അത് ആന്ധ്രക്ക് പോയി.ഇനി ബാങ്കുകളില്‍ ഉള്ള പണം വായ്പ്പയായി ഇവിടെ ചിലവാക്കപ്പെട്ടില്ല.അതിന് 2 കാരണങ്ങള്‍ ഉണ്ട്.1. അങ്ങോട്ടിട്ട പണം ഈ സംസ്ഥാനത്ത് തന്നെ ചിലവാക്കാന്‍ ഗോസായിയുടെ കാരുണ്യം വേണം 2. ഗള്‍ഫിലോട്ട് നോക്കിയിരുന്ന് നമ്മുടെ എന്റര്‍പ്രണര്‍ഷിപ്പ് നശിച്ചു പോയി.പലര്‍ക്കും ഗള്‍ഫ് ഒരു സ്വപ്നഖനിയായിരുന്നു,ഇവിടെ വന്ന് ഒട്ടകത്തെ കറക്കുന്നതും ഈന്തപ്പനയില്‍ കയറുന്നതും വരെ.നല്ല പ്രോജക്റ്റുകള്‍ ഇല്ലാതെ വായ്പ്പ കിട്ടില്ല. അതേ സമയം മറുനാട്ടില്‍ യൂസഫലിയും പി.എന്‍.സി മേനോനുമൊക്കെ വെന്നിക്കൊടി പാറിച്ചു.

ഇനി എന്താണ് നമ്മുടെ ഭാവി

ജീര്‍ണ്ണത കൊണ്ട് തകരാന്‍ പോകുന്ന മുതലാളിത്ത പാതയോ ആന്തരിക വൈരുദ്ധ്യങ്ങളും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് തകര്‍ന്ന കിഴക്കന്‍ യൂറോപ്പ് മാതൃകയിലെ സോഷ്യലിസമോ ചൈനയിലെ സോഷ്യലിസ്റ്റ് ലേബലുള്ള മുതലാളിത്തമോ അല്ല നമ്മുടെ നല്ല മാതൃക.കുറേ കൂടി നമ്മുക്ക് യോജിക്കുക സ്കാഡിനേവിയന്‍ രാജ്യങ്ങളിലും മറ്റും പുലരുന്ന തരത്തിലുള്ള വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പ്പമാവാം.ജനാധിപത്യം,തുല്യത,സ്വാതന്ത്ര്യം,തുറന്ന വിപണി,സ്റ്റേറ്റിന്റെ സംരക്ഷണം ഈ ഘടകങ്ങള്‍ എല്ലാം പുലരുന്ന ഒരു ഘടന.

കൃഷി:
എന്ത് വില കൊടുത്തും നിലവിലുള്ള കൃഷി സംരക്ഷിക്കുക എന്നത് പരമപ്രധാനമായ സംഗതിയാണ്.സഹഹരണ സംഘങ്ങള്‍ ഈ രംഗത്ത് പരാജയപ്പെട്ടാല്‍ കര്‍ഷകരുടെ കോര്‍പ്പറേറ്റുകള്‍ സൃഷ്ടിച്ചും കൃഷി മുന്നോട്ട് കൊണ്ടുപോകണം.മാത്രമല്ല പരമാവധി യന്ത്രവല്‍ക്കരണം നടത്തുകയും വേണം.കര്‍ഷകതൊഴിലാളികളുടെ തൊഴില്‍ അവസരങ്ങളെക്കാള്‍ പ്രധാനമാണ് കൃഷി എന്ന ഉല്‍പ്പാദനപ്രക്രിയയുടെ നിലനില്‍പ്പ്.

വന്‍ വ്യവസായങ്ങള്‍:
വന്‍ വ്യവസായങ്ങള്‍ കേരളം പോലെ ഒരു പാരസ്ഥിതിക ദുര്‍ബ്ബലപ്രദേശത്ത് പറ്റിയതല്ല.അതിന് ഒരു പാട് ജനവാസമില്ലാത്ത ഭൂമിയും മറ്റും വേണം.മാത്രമല്ല നമ്മുടെ പുഴയും നമ്മുടെ കടലും നമ്മുടെ കായലുകളും നമ്മുടെ വനങ്ങളും നിലനിര്‍ത്തി കൊണ്ടുള്ള ഒരു വികസനത്തെകുറിച്ച് മാത്രമേ നാം ചിന്തിക്കാവൂ.

അടിസ്ഥാന സൌകര്യങ്ങള്‍:
ഇവ മെച്ചപ്പെട്ടേ മതിയാവൂ.അവിടെയും നാം കുടിയിറക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു.അത് പോലെ തന്നെ വലിയ റ്റോള്‍ നിരക്കുകള്‍ ഒരു തരത്തിലും ആശാസ്യമല്ല.ജനത്തിന്റെ നിലവിലുള്ള സ്വാതന്ത്രയങ്ങളെയും അവകാശങ്ങളെയും ഹനിക്കാതെ വേണം ഇത് നേരിടാന്‍.ഈ മേഖലയില്‍ എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം.പക്ഷെ സര്‍ക്കാര്‍ ആവണം റെഗുലേറ്ററി അഥോറിറ്റി.അല്ലാതെ സ്വാശ്രയ കോളേജ് തുടങ്ങിയത് പോലെ പുലിവാലാകരുത്.

സാങ്കേതികത:

ലോകത്ത് എല്ലാ വിശ്വാസപ്രമാണങ്ങളെയും ഇസങ്ങളെയും അപ്രസക്തമാക്കാന്‍ പോകുന്നത് സാങ്കേതികതയാണ്. അതിലുമപ്പുറം സാങ്കേതികത നമ്മുടെ വിരല്‍ തുമ്പിലെത്തിക്കുന്ന അറിവാണ്.ചാതുര്‍വര്‍ണ്ണ്യങ്ങളെയും ചൂഷിത-ചൂഷക വേര്‍തിരുവുകളെയും മറ്റെല്ലാ‍ ജാതികളെയും തകര്‍ത്തു കൊണ്ട് ഒരു പുതിയ അവസ്ഥ വരുന്നു.ലോകത്ത് ഇനി 2 കൂട്ടരേ ഉള്ളൂ അറിവിലേക്ക് വഴി തുറക്കപ്പെട്ടവരും അത് നിഷേധിക്കപ്പെട്ടവരും.പരമാവധി ആളുകളെ അറിവിന്റെ പന്ഥാവിലെത്തിക്കുക എന്നതാണ് നാം ചെയ്യേണ്ട സംഗതി.ഒരു പക്ഷെ അത് നിലവിലുള്ള വിശ്വാസപ്രമാണങ്ങളെയും പ്രത്യയശാസ്ത്രമൂഡതയെയും തകര്‍ത്തെറിയുമായിരിക്കും.പക്ഷെ പകരം അത് ഒരു മെച്ചപ്പെട്ട ലോകം നമ്മുക്ക് മുന്നില്‍ വെക്കും എന്ന് ആശിക്കാം.കാരണം അറിവിന്റെ ആരംഭം ചൂഷണത്തിന്റെ അവസാനം കൂടെയാണ്.

7 comments:

കണ്ണൂസ്‌ said...

സത്യസന്ധമായ നിരീക്ഷണങ്ങള്‍ രാധേയാ.

ഒരല്പ്പ കാലം മുന്‍‌പ് വരെയുണ്ടായിരുന്ന രാധേയന്റെ നിലപാടുകളിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണുന്നു. സ്വാഗതാര്‍‌ഹം.

dethan said...

വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആപേക്ഷികമാണെന്ന താങ്കളുടെ അഭിപ്രായം വാസ്തവമാണ്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു തരത്തിലും ഭരണത്തില്‍ കയറുമ്പോള്‍ മറ്റൊരു തരത്തിലുമാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ വികസന വീക്ഷണം.കേരളത്തിലായാലും കേന്ദ്രത്തിലായാലും സ്ഥിതി വ്യത്യസ്തമല്ല.പ്രതിപക്ഷത്തിരുന്ന
പ്പോള്‍ എഡിബി വായ്പയ്ക്ക് അയിത്തം കല്പിച്ചിരുന്നവര്‍ക്ക് ഭരണത്തിലെത്തിയപ്പോള്‍ വന്ന മാറ്റം നാം
കണ്ടതാണല്ലോ!ഡിപീഇ പി പദ്ധതിയെ എതിര്‍ത്ത ശാസ്ത്രസാഹിത്യ പരിഷത്ത് എല്‍ ഡി എഫ് ഭരണകാലത്ത് അനുവര്ത്തിച്ച നിലപാടും എല്ലാവര്‍ക്കും അറിയാം.ഇപ്പോള്‍ വികസനത്തെക്കുറിച്ചും മറ്റും
ചര്‍ച്ച ചെയ്തു കാലം കഴിക്കാന്‍ പരിഷത്ത് ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും ആര്‍ക്കും മനസ്സിലാകും.

സമയം പോക്കാന്‍ ഇത്തരക്കാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ഗൗരവമായി എടുക്കുന്നവര്‍ വിഡ്ഡികളാകുകയേ
ഉള്ളു.വികസനമെന്നാല്‍ അതിവേഗ പാതകളും ഐ റ്റിവ്യവസായവും ബഹുനില മന്ദിരങ്ങളുമാണെന്നു കരുതുന്നവരാണ് അധികവും.വിശക്കുമ്പോള്‍ റോഡും വീടും കടിച്ചു തിന്നു ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
-ദത്തന്‍

K.V Manikantan said...

പഠിക്കാന്‍ താല്പര്യവും മിടുക്കും ഉള്ള ഒരു കുട്ടിക്ക് അവന്‍ ആഗ്രഹിക്കുന്ന വിദ്യഭ്യാസം നല്‍കാന്‍ (സൌജന്യമായി)ഭരണകൂടത്തിനു കഴിഞ്ഞാല്‍ അത് വികസിത രാജ്യമായി.

പുറത്തിറങ്ങി എന്തെങ്കിലും പണി ഒരു ദിവസം ചെയ്താല്‍ അന്ന് കഴിഞ്ഞുകൂടാനുള്ള വക കിട്ടിയാല്‍ അതു വികസിതരാജ്യമായി.

ശരാശരി പൌരന്‍ മെട്രിക്കുലേഷന്‍ (തോറ്റാലും വേണ്ടില്ല)വരെ വിദ്യാഭ്യാസമുള്ളവനായാല്‍ അതു വികസിതരാജ്യമായി.

90% പൌരന്മാരും വര്‍ത്തമാനപത്രം വായിക്കുന്നവരായാല്‍ അതു വികസിതരാജ്യമായി.

ബ്ലോക്കുട്ടന്‍ ! said...

radheyan,
Thangal Gulf l etthiyappol Economist Ayi.!!!!!!!!!!!!
Kerala vikasanathinu ore oru karyam mathram cheythal mathi..
AIISF/CPI ulppede ullaella particalkkum mooku kayar iduka..
(Bank Trade union ulppede!!!!!!!!!!)
Appol ellam shariyakum.
Arabiye kandappol chuvappu pachayayai!!!!!!!!!!!!!!!!

ബ്ലോക്കുട്ടന്‍ ! said...

I know u very well.
thangalude muzhuvan charithravum enikkariyamm.

Radheyan said...

എന്നെ അറിയാം എന്നത് ഒരു വലിയ സംഗതി അല്ല.കാരണം ഞാന്‍ ഒരു അനോണിയോ ഒളിച്ചിരിക്കുന്നവനോ ഒന്നും അല്ല.എന്നെ അറിയാവുന്ന ഒരുപാട് ബ്ലോഗേഴ്സ് ഇവിടെയും ഇന്ത്യയിലുമുണ്ട്.

ഗള്‍ഫില്‍ എത്തി ഞാന്‍ ഇക്കണോമിസ്റ്റ് ആയതും അല്ല.ഇന്ത്യയിലെ ഏറ്റവും വലിയ അക്കൌണ്ടിംഗ് ബോഡിയുടെ അംഗമാണ് ഞാന്‍ കഴിഞ്ഞ 8 കൊല്ലമായി.അത് എക്കണോമിസ്റ്റ് ആകാനുള്ള യോഗ്യത ആണോ എന്ന് എനിക്കറിയില്ല.സാധരണക്കാര്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഏത് ശാസ്ത്രവും അതിന്റെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നിര്‍വ്വഹിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

എന്റെ രാഷ്ടീയം ഞാന്‍ മറച്ച് വെച്ചിട്ടില്ല.2005 മുതല്‍ ഞാന്‍ അത് പല ബ്ലോഗില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.അതു ഒരു പോരായ്മ ആയി തോന്നിയിട്ടില്ല.

എന്റെ ചരിത്രം അത്ര ഗുപ്തമല്ല അരിങ്ങോടരേ,അത് ആ പ്രൊഫൈലില്‍ നീട്ടി എഴുതിയിട്ടുണ്ട്.ദുബായിയില്‍ എത്തിയാല്‍ ഉടനെ രാഷ്ട്രീയം മാറാന്‍ ഷേക്ക് മുഹമ്മദ് എന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നു മാത്രമല്ല വളരെ ഭംഗിയായി തന്നെ പ്രവസികള്‍ ഇവിടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുമുണ്ട്.ഞാനും എന്നാല്‍ കഴിയുന്ന വിധം അത് ചെയ്യുന്നു,യുവകലാസാഹിതി പോലും അതിനുള്ള റ്റൂളായി മാത്രമേ ഞാന്‍ കണുന്നുള്ളൂ.

ഏതെങ്കിലും വിധത്തില്‍ ഞാന്‍ നിറം മാറി എന്ന തോന്നല്‍ എനിക്കില്ല.ഭൂപരിഷ്ക്കരണെത്തെ ഞാന്‍ തള്ളി പറഞ്ഞിട്ടില്ല.പക്ഷെ ഫോളൊ അപ്പ് ഇല്ലാതെ പോയി എന്നു പറഞ്ഞു.അത് പോലെ ഇന്ന് ഇടതുപക്ഷം നടപ്പാക്കുന്നത് കമ്മ്യൂണിസമാണെന്ന ധാരണയും എനിക്കില്ല.പക്ഷെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഏത് അവസ്ഥയും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ് എന്ന നിലയില്‍ സ്കാന്‍ഡിനേവിയന്‍ വെല്‍ഫെയര്‍ സ്റ്റേറ്റിനെ കുറിച്ച് പറഞ്ഞത്.അത് എന്റെ അടിസ്ഥാന ഇടതുപക്ഷ ധാരണകള്‍ക്ക് വിരുദ്ധമല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ യൂണിയനോ മൂക്കുകയര്‍ ഇടണമെങ്കില്‍ ജനം അത് സ്വഭാവികമയി ചെയ്തുകൊള്ളും.പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയില്‍.കാരണം ഒരു വ്യവസായം എന്ന നിലയില്‍ ഇന്തയിലെ ബാങ്കിംഗ് വളര്‍ച്ചയില്‍ നല്ല ഒരു പങ്ക് ഉത്തരവാദിത്തമുള്ള ജീവനക്കാരെ വളര്‍ത്തിയെടുത്ത യൂണിയനുകള്‍ക്ക് അവകാശപ്പെടാം.

(മാന്യ ബ്ലോഗറുമാര്‍ അറിയാന്‍,എന്റെ പിതാവ് 35 വര്‍ഷങ്ങളായി ഒരു ബാങ്ക് യൂണിയന്‍ പ്രവര്‍ത്തകനാണ്.അതു കൊണ്ട് തന്തക്കു പറയാനാണ് അരിങോടന്റെ ഈ മുരിച്ചുരിക)

കണ്ണൂസ്,

തീവ്രമായ അഭിപ്രായങ്ങള്‍ ഞാന്‍ പുലര്‍ത്തിയിരുന്നു എന്നത് ഒരു പക്ഷെ ഭാഗികമായ ഒരു അഭിപ്രായരൂപീകരണത്തില്‍ നിന്നും ഉണ്ടായതാണ്.വ്യക്തി എന്ന നിലയില്‍ പ്രത്യയശാസ്ത്രം മുന്നോട്ട് വെയ്ക്കുന്ന ധാരമ്മിക സങ്കല്‍പ്പങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്,അത് മാര്‍ക്സിസമായാലും ഗാന്ധിസമായാലും.പക്ഷെ അത്തരം ശാഠ്യങ്ങള്‍ ജനതയുടെ വികസനത്തെ ബാധിക്കാതിരിക്കണമെന്ന തോന്നല്‍ ആവം താങ്കള്‍ എന്നില്‍ മാറ്റം ഉണ്ടെന്ന് പറയുന്നത്.

ദത്തന്‍,സങ്കു,അഭിപ്രായങ്ങള്‍ക്ക് നന്ദി.

കുറുമാന്‍ said...

രാധേയന്‍ജീ,

മികച്ച ലേഖനം.

ഇതിന്മേല്‍ ചര്‍ച്ചയുണ്ടായോ ഷാര്‍ജയില്‍. സുനിലിനെ വിളിച്ചാAല്‍ വിശദമായി അറിയാമല്ലോ അല്ലെ.....