Thursday, May 31, 2007

ജനയുഗത്തിന്റെ പുനരുത്ഥാനം

മരിച്ച് 3ന് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെയും കടത്തി വെട്ടി മരിച്ച് പതിമൂന്നാം കൊല്ലം ജനയുഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.1940ലളുടെ അവസാനം ജനിച്ച് ജനയുഗം വാരിക,ബാലയുഗം,സിനിരമ തുടങ്ങിയ എണ്ണം പറഞ്ഞ ചില പ്രസദ്ധീകരണങ്ങളിലൂടെയും കാമ്പിശ്ശേരി തുടങ്ങിയ നല്ല പത്രാധിപരിലൂടെയും ജനശ്രദ്ധ നേടുകയും ദരിദ്ര പാര്‍ട്ടിയുടെ ദാരിദ്ര്യം കൊണ്ട്
മുക്കിയും മൂളിയും ഇഴ്ഞ്ഞു നീങ്ങിയും പിന്നെ 1994ല്‍ ഊര്‍ദ്ധ്വന്‍ വലിച്ച് മരിക്കുകയും ചെയ്ത ജനയുഗത്തിന് മൃതസഞ്ജീവിനി ഓതി വെള്ളം തളിച്ച് പുനര്‍ജീവന്‍ നല്‍കിയ ആധുനിക ശുക്രാചാര്യന്‍ എക്സ് സന്യാസിയായ വെളിയത്താശാനാണ്.

കേരള ജനതയുടെ സ്വാതന്ത്ര്യ വാന്ചയെ ഉയര്‍ത്തി പിടിക്കാന്‍ ജനയുഗത്തിനാകട്ടെ.പഴയ നല്ല കാലം തിരികെ എത്തട്ടെ.കമ്യൂണിസ്റ്റ് ഏകീകരണം എന്ന സി.പി.ഐ. മുദ്രാവാക്യം ജനമനസ്സിലേക്ക് വേര് പിടിപ്പിക്കാന്‍ ജനയുഗത്തിനാവട്ടേ.

അഭിവാദ്യങ്ങള്‍

Tuesday, May 22, 2007

പുണ്യാഹം തളിക്കാത്ത ചിന്തകള്‍

വയലാര്‍ രവിയുടെ പിന്‍ തലമുറക്കാര്‍ ഇനി ഗുരുവായൂരില്‍ കയറാന്‍ പാടില്ല എന്ന് വിധിക്കപ്പെട്ടിരിക്കുന്നു.വിധിച്ചത് കോടതിയൊന്നുമല്ല.ഭാരതീയ സംസ്ക്കാരത്തിന്റെ ദ്രവിച്ച നൂലിഴ മനസ്സിലും ശരീരത്തിലും പേറുന്ന ഒരു ബ്രാഹ്മണനാണ്.കാരണമോ വയലാര്‍ രവി തന്റെ വംശവൃക്ഷത്തിന്റെ വിത്ത് വിതച്ചത് ഒരു കൃസ്ത്യന്‍ ഗര്‍ഭപാത്രത്തിലാണ്.(ഇന്നാള് ഒരു മുസ്ലീം വൃക്ക വേണമെന്ന പത്രപരസ്യം കണ്ടു.അതു പോലെ ഒന്നാണോ ഈ ക്രിസ്ത്യന്‍ ഗര്‍ഭപാത്രം).അവര്‍ ഗുരുവായൂരില്‍ കയറിയ മഹാ അശുദ്ധിക്ക് പുണ്യാഹവും നടത്തി.കേരളത്തില്‍ ഇന്ന് നരന്‍ നരന് അശുദ്ധനായി തുടരുന്നു എന്നത് ശ്രീനാരായണഗുരുവിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്ന് തീര്‍ച്ച.

ശ്രീമതി മേഴ്സി രവി നല്ല മുഖശീയുള്ള ഒരു അമ്മയാണ്.അവര്‍ ഇന്നും തന്റെ മതത്തിലും വിശ്വാസത്തിലും തന്നെയാണോ തുടരുന്നത്.അവരെ ഇതു ശ്രീ രവി മതം മാറ്റിയില്ലെങ്കില്‍ അദ്ദേഹം ഒരു സാഷ്ടാംഗ നമസ്കാരം അര്‍ഹിക്കുന്നു.മേഴ്സി എന്ന ക്രിസ്ത്യാനി പെണ്ണിനെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.അവരെ മതം മാറ്റാഞ്ഞതിലൂടെ അദ്ദേഹം അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്.ഭാവിയില്‍ തന്റെ പിന്‍ തലമുറക്ക് ഇന്നുണ്ടായ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ കഴിയുമായിരുന്നിരിക്കണം.എന്നിട്ടും അദ്ദേഹം തന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചു.

മലയാളത്തിലെ രണ്ട് കാവിസംവിധായകരാണ് പ്രിയദര്‍ശനും ഷാജി കൈലാസും.(ഞാന്‍ ആര്‍.എസ്.എസ് അല്ല എന്ന് ഷാജി ഈയിടെയും പറഞ്ഞു എങ്കിലും). അവര്‍ വിവാഹം കഴിച്ചത് ഹിന്ദു മതത്തിലേക്ക് ആളെ ചേര്‍ക്കാനെന്ന മട്ടില്‍ 2 ക്രിസ്ത്യാനി നടികളെ മതം മാറ്റിയെടുത്താണ്.ഉള്ളിലെ പ്രതിലോമകരമായ വംശമേധാവിത്വത്തിന്റെയും ലിംഗമേധവിത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ക്ക് അടിവരയിടുകയാണ് അവര്‍ ചെയ്തത്.എന്ത് കൊണ്ട് ഇവര്‍ പെണ്ണുങ്ങളുടെ മതത്തിലേക്ക് മാറിയില്ല എന്നത് ലിംഗപരമായി പുരുഷനുണ്ടെന്ന് ഇവര്‍ കരുതുന്ന അപ്രമാദിത്തത്തെ ദ്യോതിപ്പിക്കുന്നു.കുഞ്ഞുങ്ങള്‍ക്ക് ഭാവി ജീവിതം പ്രശ്നമാകും,സാമൂഹികമായ ഒറ്റപ്പെടല്‍ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് ന്യായീകരണങ്ങള്‍,എങ്കില്‍ എന്തിന് ഈ പണിക്ക് പോയി എന്ന ചോദ്യം അവശേഷിക്കുന്നു. അവിടെയാണ് വയലാര്‍ രവിയുടെ മഹത്വം.

ആരാണ് ഒരാള്‍ ഹിന്ദു ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്?സ്വയം ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ അവിശ്വസിക്കേണ്ടതുണ്ടോ?ഹിന്ദുത്വത്തിന്റെ കുത്തക ആര്യസമാജത്തിനോ വിശ്വ ഹിന്ദു പരിഷത്തിനോ ഉണ്ടോ?ഇവരുടെ സര്‍ട്ടിഫിക്കേറ്റ് മതിയോ തന്ത്രിക്ക് ഒരാളെ ഹിന്ദുവാക്കാന്‍? അങ്ങനെ ഹിന്ദുവാകുന്നയാള്‍ ബ്രാഹ്മണനോ നായരോ ഈഴവനോ മലയരയനോ ചോലനായ്ക്കനോ?

പുറമേ പരിഷ്ക്കാരവും അകമേ തൂത്താല്‍ പോകാത്ത ജാതിചിന്തയുമായി ആണ് മലയാളി മുന്നോട്ട് പോകുന്നത്.മുന്നോട്ട് പോകുന്നു എന്നത് തന്നെ തെറ്റാണ്.ഒരു ജനപിന്നോക്കയാത്രയാണ്(കട:സത്യന്‍ അന്തിക്കാട്) സാംസ്ക്കരികമായി നമ്മുടെ സമൂഹം നടത്തുന്നത്.

നല്ല നടനാണ് തിലകനെങ്കിലും സിനിമയിലെ തിരുവനന്തപുരം സവര്‍ണ്ണലോബിക്ക് അയാള്‍ വേണ്ട,മണിയന്‍പിള്ളരാജുവിന്റെ തിരുവന്തോരം ഭാഷയില്‍ “അയള്‍ വേണ്ടപ്പി,അയള് ചൊവേന്‍”

താ‍ന്ത്രികവിദ്യയില്‍ അഗ്രഗണ്യനാണ് പറവൂര്‍ ശ്രീധരന്‍ തന്ത്രി.ജാതിയില്‍ ഈഴവനായത് കൊണ്ട് പുള്ളിയുടെ തന്ത്രം അറവുകാട്,കണിച്ചുകുളങ്ങര തുടങ്ങിയ SNDP ക്ഷേത്രങ്ങളിലേ പഥ്യം ഉള്ളൂ.ബാക്കിയിടങ്ങളില്‍ ഏതാണ്ട് അയിത്തം തന്നെ.ബ്രഹ്മം അറിഞ്ഞിട്ടും അദ്ദേഹം ബ്രാഹ്മണന്‍ ആയില്ല.

എന്റെ സുഹൃത്ത് ഒരു നമ്പൂതിരി; ഒരിക്കല്‍ ദീപാരാധന ഏറെ നേരമായിട്ടും നട തുറക്കാഞ്ഞിട്ട് ഭക്തര്‍ തള്ളി നോക്കിയപ്പോള്‍ അകത്ത് പൈന്റ് സേവ നടക്കുകയാണ്.കപ്പലണ്ടി തോടിനാല്‍ അഭിഷിക്തയായി എല്ലാറ്റിനും മൂകസാക്ഷിയായി ദേവീവിഗ്രഹവും.ലവനും ബ്രാഹ്മണന്‍, എവിടെ വേണേല്‍ കയറാം.വേണേല്‍ ചേന്നാസ് തന്ത്രിയുടെ മടിയിലും കയറി ഇരിക്കാം.

ഓ.ബി.സി.ലിസ്റ്റില്‍ പെട്ട യാദവനായ ഭഗവാനേ,അടിക്കു വരുന്നവരുടെ അടുത്ത് സാമം ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് ആദ്യം ഗീതോപദേശം തന്നവനല്ലേ നീ,ബ്രാഹ്മണനെ കൊണ്ട് യാദവനായ് നിന്റെ പാദസേവ ചെയ്യിക്കുന്ന മനോഹരമായ കാഴ്ച്ച നിഷേധിക്കുന്ന ഇവരോട് നീ പൊറുക്കരുതേ

Monday, May 14, 2007

ഹുസൈനും മമ്മൂട്ടിയും പിന്നെ ഉമേഷ് ബാബുവും

രാജാരവിവര്‍മ്മ പുരസ്ക്കാരം ശ്രീ എം.എഫ്.ഹുസൈന് നല്‍കുന്നതിനെതിരേ ബിജെപി പ്രസിഡന്റ് ശ്രീ.പി.കെ കൃഷ്ണദാസിനും കാവി ബുദ്ധിജീവി പി.പരമേശ്വരനും കാവി വികാരജീവി കുമ്മനം രാജശേഖരനും പ്രതിഷേധം.

ഗുജറാത്തിലെ നരഹത്യയെ തടയാന്‍ കഴിയാത്തതിനെക്കുറിച്ച് പറഞ്ഞതിന് ഭരത് മമ്മൂട്ടിക്ക് പോസ്റ്റര്‍ഹാനി,ചാണകാഭിഷേകം.

സാംസ്കാരികമണ്ഠലത്തില്‍ പിണറായിയും പുകാസയുമുണ്ടാക്കുന്ന പുകാറൊന്നും പോരാഞ്ഞിട്ടാണ് കാവിപ്പടയുടെ ഹാലിളക്കം.

നഗ്നത എന്നാണ് ഹിന്ദുത്വവാദികള്‍ക്ക് വര്‍ജ്ജ്യമായതെന്ന് അറിയില്ല.വിക്റ്റോറിയന്‍ സദാചാരങ്ങളുടെ അധിനിവേശങ്ങള്‍ക്ക് മുന്‍പ് നാം നഗ്നതയെ ആരാധിച്ചിരുന്നു,ആസ്വദിച്ചിരുന്നു,ക്ഷേത്രചുമരുകളില്‍ കൊത്തി വെച്ചിരുന്നു.ദിഗംബരന്മാരായ(ദിക്ക് വസ്ത്രമാക്കിയ,തൂണിയില്ലാത്ത എന്ന് പച്ചമലയാളം) സന്യാസികളെ വാരണാസിയിലും മറ്റും ഇന്നും കാണാം.നല്ലതെന്തും ആസ്വദിച്ചിരുന്ന ലിബറല്‍ ഹിന്ദുവിനെ കൊന്ന് അവിടെ നരേന്ദ്രമോഡിയുടെ ജനിറ്റിക്കലി മൂട്ടേറ്റഡ് അക്രമഹിന്ദുവിനെ പ്രതിഷ്ഠിക്കാനാണ് ഈ ശ്രമം എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു

ഹുസൈന്‍ എന്ത് വരക്കണമെന്ന് നാഗ്പ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും പറയും,മമ്മൂട്ടി എന്ത് പ്രസംഗിക്കണമെന്നും അവര്‍ കുറിപ്പടിതരും.(ഉമേഷ്ബാബു എന്തെഴുതണമെന്ന് ഏ.കെ.ജി. സെന്ററില്‍ നിന്നും പറയും)

ഫാ‍സിസത്തെ സ്റ്റാലിന്‍ കുഴിച്ച് മൂടിയ കഥ ദേവേട്ടന്റെ ബ്ലോഗില്‍ വായിച്ചു.പക്ഷേ ഫാസിസത്തിന്റെ പ്രേതങ്ങള്‍ ദിക്കെമ്പാടും പല്ലിളിക്കുന്നു.