Wednesday, August 18, 2010

കാരാഗൃഹമൊരുങ്ങുമ്പോള്‍

ഒടുവില്‍ അത് സംഭവിച്ചു. മദനി അറസ്റ്റ് ചെയ്യപ്പെട്ടു. കോലാഹലങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഒടുവില്‍. ഊഹാപോഹങ്ങളുടെ പെരുമ്പറകള്‍ കഴിഞ്ഞ കുറേ ദിനങ്ങളായി വിശ്രമമില്ലാതെ പണിയേടുക്കുകയായിരുന്നു.മദനിയെ ചാരി എല്‍ഡിഏഫിനെ തല്ലാനുള്ള ആവേശത്തില്‍ മംഗളം പോലുള്ള പത്രങ്ങങ്ങള്‍ സകല സീമകളും മറന്നു.കര്‍ണ്ണാടക സര്‍ക്കാരിനെ പുകഴ്ത്തുമ്പോള്‍ മുത്തലിക്കിനെ പോലുള്ള പരമ നാറികളെ കൌപീനകെട്ടില്‍ ഒളിപ്പിക്കുന്ന സര്‍ക്കാരാണെന്നവര് മറന്നു. സി പി എമ്മിനെ വിമര്‍ശിക്കുമ്പോള്‍ കര്‍ണ്ണാടകം ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിലെ പലകേസുകളും നീതിപൂര്‍വ്വം നടത്തണമെങ്കില്‍ ആ സംസ്ഥാനത്തിനു പുറത്ത് വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി പോലും പറഞ്ഞത് അവര്‍ മനപൂര്‍വ്വം മറക്കുന്നു. നിയമ നിയമത്തിന്റെ വഴിക്കു പോകുമെങ്കില്‍ അമിത് ഷാ പ്രതിയായ കേസ് എന്തിന് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. എന്തിന് ബെസ്റ്റ് ബേക്കറി കേസ് മറ്റൊരു സംസ്ഥാനത്ത് വിചാരണ ചെയ്യപ്പെടണം. പുഴുകി പുളിച്ച ക്ലീഷേകളെ എന്തു വിളിക്കുമോ ആവോ?

മദനിയുടെ അറസ്റ്റ് കേരളം ഭംഗിയായി കൈകാര്യം ചെയ്തു എന്നാണ് സ്വതന്ത്രമായി സ്ഥിതിഗതികളെ വീക്ഷിക്കുന്ന ആര്‍ക്കും തോന്നുന്നത്. ഒരു കലാപം ആരുടേയോ ഒക്കെ സ്വപ്നമായിരുന്നു.ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്തു കേരളത്തിനെ സംബന്ധിച്ചിടത്തോളം.മുന്‍പ് തമിഴ്നാടിനായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മദനിയെ അറസ്റ്റ് ചെയ്തു നല്‍കുകയായിരുന്നു.അതിന്റെ പേരില്‍ യു ഡി എഫ് ഇടക്കിടെ മുതലകണ്ണീരും ഒഴുക്കിയിരുന്നു.ഇത്തവണ കര്‍ണ്ണാടകം അറസ്റ്റ് ചെയ്യട്ടെ,ഞങ്ങള്‍ കൂട്ടു വരാം എന്ന തന്ത്രപരമായ നിലപാടാണ് എടുത്തത്.നാടകം കഥാപ്രസംഗം എന്ന് വിലപിക്കുന്ന ചെന്നിത്തല -കുഞ്ഞാലി-വീരാദികളില്‍ ഈ  ഇളഭ്യതയും നഷ്ടബോധവും ദര്‍ശിക്കാം. പൂര്‍ണ്ണമായ നിര്‍മമത്വം പുലര്‍ത്തി കേരള ഭരണകൂടം രാഷ്ട്രീയപരമായും ഭരണപരമായും ഈ പരീക്ഷണം വിജയിച്ചിരിക്കുന്നു.

അറസ്റ്റ് ദുരിതമാണെങ്കിലും പിഡിപി എന്ന പാര്‍ട്ടിക്ക് അത് താല്‍ക്കാലികമായെങ്കിലും രാഷ്ട്രീയ നിലനില്‍പ്പ് ഉണ്ടാക്കി കൊടുക്കും.പൊന്നാനി പരീക്ഷണത്തിന്റെയും അതിനുശേഷമുള്ള ആലപ്പുഴ ഉപതെരെഞ്ഞെടുപ്പിന്റെയും ആഘാതങ്ങള്‍ ആ പാര്‍ട്ടിയെ തീര്‍ത്തും അപ്രസക്തമാക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ വൈകാരിക മൂര്‍ച്ഛക്കപ്പുറം ഒരു താത്വിക അടിത്തറയും ആ പാര്‍ട്ടിക്കില്ല. (അത് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ മദനി തന്നെ. ഖുര്‍ ആന്‍ കെട്ടിപിടിച്ചു കൊണ്ടുള്ള ആ പത്ര സമ്മേളനമൊക്കെ മെലോഡ്രാമയുടെ ഉത്തുംഗ ശ്രംഗങ്ങളായി. നോമ്പുകാലത്ത് അറസ്റ്റ് ചെയ്യാമോ എന്നൊക്കെ ഭാസുരേന്ദ്രബാബുവും പൂന്തുറ സിറാജുമൊക്കെ ചോദിക്കുന്നു. 50 നോമ്പിന്റെ കാലത്ത് ഫാദര്‍ കോട്ടൂരിനെയും സിസ്റ്റര്‍ സ്റ്റെഫിയെയും അറസ്റ്റ് ചെയ്യാമോ എന്ന് ആരും ചോദിച്ച് കേട്ടില്ല.കേരളമേ നിന്റെ സുകൃതം.) ഈ കഴിഞ്ഞ ദിനങ്ങളിലെ വികാരപ്രകടനങ്ങള്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മദനിക്ക് (പിഡിപിക്ക്) ഗുണം ചെയ്തേക്കാം.


വര്‍ഗ്ഗീയതയുടെ കുടമാറ്റക്കളിയില്‍ ചില്ലറ ഗുണങ്ങള്‍ ബിജെപിക്കും കൂട്ടര്‍ക്കും കിട്ടിയേക്കാം.ധ്രുവീകരണം എപ്പോഴും അങ്ങനെയാണ്, സിംഗിള്‍ പോളാര്‍ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അത് എപ്പോഴും ബൈ പോളാര്‍ ആണ്.

മഴ കഴിഞ്ഞ് മരം പെയ്യുന്ന പോലെ ഇന്നലെ ചെന്നിത്തലയില്‍ ഒരു പ്രസ്താവന ഉദിച്ചു.മദനിയുടെ അറസ്റ്റിന്റെ സാഹചര്യവും കേസിന്റെ നിജസ്ഥിതിയും കേരളം വ്യക്തമാക്കണമെന്ന്. അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത് കര്‍ണ്ണാടക് പോലീസ്, നല്‍കിയത് ബാംഗ്ലൂര്‍ മെട്രോപോളീറ്റന്‍ കോടതി,നടപ്പാകിയത് ബാംഗ്ലൂര്‍ പോലീസ്, എന്നാലും ഉത്തരം പറയേണ്ടത് കേരളമാണത്രേ.രണ്ട് വളളത്തേലുമായുള്ള ആ നില്‍പ്പ് കൊള്ളാം. വള്ളങ്ങള്‍ അകലുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും നാട്ടുകാരു കാണുന്നുണ്ട്.

ഉടുമുണ്ടുരിഞ്ഞു പോയത് ലീഗിന്റെയാണ്.ബാക്കിയുള്ളവര്‍ മൌനത്തിലൂടെ തടി കഴിച്ചിലാകിയപ്പോള്‍ ലീഗിന്റെ മൌനം സ്വസമുദായത്തില്‍ അത്ര നല്ല പ്രതികരണമല്ല ഉണ്ടാക്കിയത്. അത് ഒരു തരം ഷണ്ഡത്വമായി വ്യാഖ്യാനിക്കപ്പെടുന്നു. കുഞ്ഞാലികുട്ടിയുടെ ചില പ്രസ്ഥാവനകള്‍ ഈ ധാരണക്ക് ആക്കം കൂട്ടുന്നു. സമുദായപാര്‍ട്ടികളുടെ ഗതികേട്.

കഴിഞ്ഞ തവണത്തെ പോലെ ഒരു ദുര്‍ഗ്ഗതി ഇത്തവണ മദനിക്ക് ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം. വിജു വി നായര്‍, സെബാസ്റ്റിന്‍ പോള്‍ തുടങ്ങിയവര്‍ നടത്തിയ മാധ്യമ ഇടപെടലുകള്‍ പതുക്കെ ആണെങ്കിലും ജനസാമന്യത്തില്‍ എത്തുന്നുണ്ട്, അവ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. പ്രോസിക്യൂഷനും ഇന്വെസ്റ്റിഗേഷനും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നടത്തുന്നതിലെ ന്യൂനതകള്‍ ഉയര്‍ത്തുന്ന  വലിയ ഭരണഘടനാ പ്രശ്നങ്ങള്‍ തന്നെ മദനിയുടെ പ്രതി ചേര്‍ക്കല്‍ കാരണം ചര്‍ച്ച ചെയ്യപ്പെടുമെങ്കില്‍ നല്ലത് തന്നെ. ഏതായലും മുന്‍ തവണയില്‍ നിന്നു ഭിന്നമായി പൊതു സമൂഹത്തില്‍ നിന്നും കുറേ കൂടി ജാഗൃത്താ‍യ ഒരു സമീപനം ഇത്തവണ ഉണ്ടായേക്കും.. മദനിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഈശ്വരന്‍ സൃഷ്ടിക്കുന്ന ഒരു അദൃശ്യ കവചമെന്ന് അദ്ദേഹത്തിനും പൊതുസമൂഹത്തിന്റെ ഇനിയും മരിക്കാത്ത നീതിബോധമെന്ന് നമ്മുക്കും ആശ്വസിക്കാന്‍ കഴിയുന്ന ഒന്ന്. പക്ഷെ  കഴിഞ്ഞതവണ കാരഗൃഹവാസത്തിന്റെ അവസാനകാലത്ത് മദനിയെ മനുഷ്യാവകാശ ലംഘനത്തിന്റെ ഐക്കണായി കണ്ട് അദ്ദേഹത്തെ പിന്‍ഃതുണച്ച പലരും ഇന്ന് നിശബ്ദമാണ്. സി പി എമ്മുമായി കൂട്ടു കൂടിയാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ക്ക് അസ്പൃശ്യനാകും എന്ന സോളീഡാരിറ്റി ബുദ്ധി മദനിക്കില്ലാതെ പോയി. വിനാശകാലേ വിപരീത ബുദ്ധി എന്ന ശ്ലോകം അറബിയിലെങ്ങനാണോ ആവോ