Monday, March 01, 2010

സിനിമയും സംഘടനയും

മലയാള സാംസ്ക്കാരികരംഗത്ത് നടക്കുന്ന വിഴുപ്പലക്കല്‍, പല്ലിട കുത്തി സ്വയം മണക്കല്‍, നാട്ടുകാരെ മണപ്പിക്കല്‍ തുടങ്ങിയ അതിശ്രേഷ്ഠമായ കലാപരിപാടികളില്‍ ഒരു കമന്റ് പോലും ഇടരുതെന്ന് കരുതിയിരിക്കുകയായിരുന്നു. വേറൊന്നും കൊണ്ടല്ല കുറവന്തോട് മാര്‍ക്കറ്റും എസ്.ഡി കോളേജും ഒക്കെ വിട്ട ശേഷം തെറി സമ്പത്തില്‍ കുറവു വന്നോ എന്നൊരു സംശയം.ഇവിടെയാണെങ്കില്‍ പാക്കിസ്ഥാനികളുടെ വായില്‍ നിന്ന് പരിചയിച്ച ബഹന്‍, മാം തെറികള്‍ നാട്ടിലൊട്ട് വില്‍ക്കുകയുമില്ല. സാംസ്ക്കാരിക തിടമ്പുകളോട് മത്സരിക്കാനുള്ള കോപ്പില്ലെന്ന് സാരം.

സിനിമാ രംഗത്തെ സംഘടനകളെ കുറിച്ച് ചില ചിന്തകള്‍ മനസ്സില്‍ വന്നിരുന്നു. ശരിക്കും സിനിമയില്‍ സംഘടന ആവശ്യമാണോ? ഉണ്ടെങ്കില്‍ തന്നെ അത് എപ്രകാരമാകുന്നതാവും സംഘടനക്കും അതിലെ അംഗങ്ങള്‍ക്കും അത് പ്രതിനിധാനം ചെയ്യുന്ന കലയ്ക്കും വ്യവസായത്തിനും നല്ലത്?

സംഘടിച്ച് വിലപേശാനുള്ള ത്വര മനുഷ്യനില്‍ ആദ്യം മുതലേ ഉണ്ടെങ്കിലും അതിനു വ്യക്തമായ രൂപഭാവങ്ങള്‍ കൈവരുന്നത് വ്യാവസയിക വിപ്ലവത്തോടെയാണ്. ആദ്യകാലങ്ങളില്‍ സംഘടിത വിലപേശല്‍ മുതലാളിത്തത്തിനും അതിന്റെ താങ്ങില്‍ നില കൊള്ളുന്ന ഭരണ വ്യവസ്ഥിതിക്കും അസഹ്യവും അരോചകവുമായിരുന്നു(ഇന്നും ഇമ്പീരിയലിസ്റ്റ് ക്യാപിറ്റലിസം നില നില്‍ക്കുന്ന ഗള്‍ഫില്‍ ട്രേഡ് യൂണിയനുകള്‍ അംഗീകരിക്കപ്പെട്ടിട്ടില്ല).പക്ഷെ എന്തിനോടും സമരസപ്പെടുന്ന മുതലാളിത്തം ട്രേഡ് യൂനിയനുകളില്‍ ചില ഗുണങ്ങള്‍ കണ്ടെത്തുകയും ക്രമേണെ അംഗീകരിക്കുകയുമായിരുന്നു.ഇതുമൂലം മെച്ചപ്പെട്ട കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുകയും ആത്യന്തികമായി മുതലാളിത്തത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ സഹായിക്കുകയും ചെയ്തു.

ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ കൂടുതലും വ്യത്യസ്ഥമായ താല്‍പ്പര്യങ്ങള്‍ കുറവുമായിരിക്കും.ഇതാണ് ഏത് ഒരു സംഘടനയുടെ അടിസ്ഥാന തത്വം.ഇത് ലംഘിക്കപ്പെടുമ്പോളാണ് പിളര്‍പ്പുകളും പുതിയ സംഘടനകളും ഉണ്ടാകുന്നത്. പൊതുവായ താല്‍പ്പര്യങ്ങള്‍ ഉണ്ടാകാന്‍ അംഗങ്ങളുടെ സംഘടന കൊണ്ടുള്ള അടിസ്ഥാന ആവശ്യങ്ങളും സമാനമായിരിക്കണം.

അമ്മ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സമാനമല്ല എന്നതില്‍ ആരംഭിക്കുന്നു ആ സംഘടനയുടെ പാളിച്ചകള്‍. മമ്മൂട്ടിയുടെയും ഇന്ദ്രന്‍സിന്റെയും സംഘടന കൊണ്ടുള്ള ആവശ്യങ്ങള്‍ വ്യത്യസ്ഥമാണ്. അവരില്‍ പൊതുവായ സംഗതികള്‍ കുറവാണ്. സംഘടനയുടെ ജനറല്‍ ബോഡിയിലൊഴികെ ഒരിടത്തും ഇവര്‍ക്ക് ജനാധിപത്യപരമായ തുല്യത അവകാശപ്പെടാനാകില്ല.ഒരു സെറ്റില്‍ പോലും സൂപ്പര്‍ സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കാനുമാകില്ല.


തികച്ചും ഫ്യൂഡലായ ഒരു സെറ്റപ്പിലാണ് ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായം കെട്ടി പൊക്കിയിരിക്കുന്നത്. മലയാളത്തില്‍ നസീര്‍ സത്യന്‍ കാലം മുതല്‍ അങ്ങനെ ആയിരുന്നു. ആദ്യ കാല നായകന്‍‌മാര്‍ പ്രത്യേകിച്ചും നസീര്‍ ഒരു വ്യക്തി എന്ന നിലയില്‍ വളരെ ഔന്നത്യം പുലര്‍ത്തിയിരുന്നത് കൊണ്ട് ആദ്യകാലങ്ങളില്‍ ഈ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അടിയാളന്‍‌മാരായ താഴെ തട്ടുകാര്‍ സംരക്ഷിക്കപ്പെട്ടു പോന്നു. (മുത്തയ്യ എന്ന നടനെ നസീര്‍ ആജീവനാന്തം സംരക്ഷിച്ച കഥ ഉദാഹരണം).പക്ഷെ അപ്പോഴും ലിംഗപരമായ ചൂഷണങ്ങളും മറ്റും നടക്കുന്നുണ്ടായിരുന്നു എന്ന് ചില രണ്ടാം നിര നടിമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട് (കോട്ടയം ശാന്ത). പില്‍ക്കാലത്ത് അതിമാനുഷരായ എന്നതിനാല്‍ മനുഷ്യത്വം തൊട്ടു തീണ്ടാത്ത നായകര്‍ തമ്പുരാന്‍ പദവി കയ്യേറിയപ്പോള്‍ ഈ ഫ്യൂഡല്‍ വ്യവസ്ഥിതി ജീര്‍ണ്ണതയുടെ പടുകുഴിയിലെത്തി.

ഈ ഫ്യൂഡല്‍ വ്യവസ്ഥ നിലനിര്‍ത്തി കൊണ്ടാണ് അമ്മ എന്ന സംഘടന കെട്ടിപൊക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ വിമര്‍ശനത്തിന്റെ കാറ്റും വെളിച്ചവും അതിനുള്ളിലിരിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാകുന്നത്.തമ്പുരാക്കന്മാരെ ആരാധിക്കുന്ന ഒരു സിനിമാ സംസ്ക്കാരമാണ് ഇവര്‍ ഇന്നും നമുക്ക് വിളമ്പുന്നത്.അത് കൊണ്ട് തന്നെ ഈ വ്യവസ്ഥിതിയിലെ ഒരു ഇളമുറ തമ്പുരാനെ പോലും തൊട്ടു തീണ്ടാന്‍ അകത്തുള്ളവരെയോ പുറത്തുള്ളവരെയോ അനുവദിക്കുകയില്ല (തുളസീദാസ്- ദിലീപ് വിഷയം,അഡ്വാന്‍സ് വാങ്ങിയ ശേഷം ഈ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കില്ല എന്ന ധാര്‍ഷ്ട്യം അമ്മ എങ്ങനെ കൈകാര്യം ചെയ്തു)
എന്നാല്‍ സിനിമയിലെ ഒരു അധസ്ഥിതനെയും ഇവര്‍ ഉദ്ധരിക്കുകയില്ല. അതു കൊണ്ടാണ് ആര് സിനിമാ രംഗത്ത് നില്‍ക്കണം ആര് വേണ്ട എന്നൊക്കെ ഇവര്‍ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.ഊര് വിലക്ക് പോലെയുള്ള പ്രാകൃതവും ഭരണഘടനാ വിരുദ്ധവുമായ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. പൊതു സമൂഹത്തോട് സംഘടനയില്‍ അംഗമായ കലാകാരന്‍ എന്തു പറയണമെന്നു പോലും സംഘടനയും അതിലൂടെ ആറാം തമ്പുരാന്മാരും മനാഡിയാറുമാരും തീര്‍പ്പ് കല്‍പ്പിക്കുന്നത്.(തുറന്ന വിമര്‍ശനം ഏറ്റവും കൂടുതല്‍ നടത്തിയ നടന്‍ ജഗതിയാണ്. എന്നാല്‍ ജഗതി എന്ന നടന്‍ ഇല്ലാതെ സിനിമ ജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം തമ്പുരാക്കന്മാര്‍ക്കില്ലാത്ത കാലം അദ്ദേഹത്തിന്റെ രോമം പോലും തൊടാന്‍ കഴിയില്ല.)

അഭിനേതാക്കളുടെ സംഘടന ഒരു വെല്‍ഫെയര്‍ അസോസിയേഷനാകുന്നതാണ് അംഗങ്ങള്‍ക്കും വ്യവസായത്തിനും സമൂഹത്തിനും അഭികാമ്യം.അത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പോലെ കേഡര്‍ രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ ഒരു ഔചത്യവുമില്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അത്തരം സംഘടനാ ചട്ടക്കൂട് ആവശ്യമാകാം.
എന്നാല്‍ അത്തരമൊന്ന് പൊതുവായ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ ഇല്ലാത്ത ഒരു കൂട്ടത്തിന് ചേരുന്നതല്ല.അതു കൊണ്ട് കുറേ കൂടി അയഞ്ഞ സംഘടനാ രീതിയിലെ ഒരു കൂട്ടായ്മയേ സിനിമയുടെ ഭാവിക്ക് ഗുണം ചെയ്യൂ.

അച്ചടക്കമല്ല പലപ്പോഴും അച്ചടക്ക ലംഘനമാണ് മഹത്തായ കലക്ക് ഹേതുവാകുന്നത്.ഭീരുവാ‍യ കലാകാരന്‍‌മാരില്‍ നിന്നും ഉദാത്തമായ കല പ്രതീക്ഷിക്കാനാവില്ല.

വാലും തലയുമില്ലാതെ:

ഈ അഴീക്കോട് സാറ് തന്നെയാണോ തത്വമസി എഴുതിയത്. അദ്ദേഹമെഴുതുന്നതിന് കൂടുതല്‍ ചേരുക “ഞാനെന്ന ഭാവം” എന്ന തലക്കെട്ടാണ്. അതാണെങ്കിലോ തത്വമസിക്ക് നേരെ എതിരും.