Sunday, August 03, 2008

സോഷ്യലിസത്തിന്റെ മൈതാനനഷ്ടം

റാം‌‌മോഹന്റെ ഈയാഴ്ച്ചത്തെ മാതൃഭൂമിയില്‍ വന്ന ഫുട്ബോളിനെ കുറിച്ചുള്ള ലേഖനം ഈ കുറിപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.

പറയാന്‍ പോകുന്നത് ശാസ്ത്രീയ സോഷ്യലിസത്തെ കുറിച്ചോ കമ്മ്യൂണിസത്തെ കുറിച്ചോ അതിന്റെ വിവിധ സ്കൂളുകളെ കുറിച്ചോ അല്ല.(ഇതൊന്നും ചര്‍ച്ച ചെയ്യരുതെന്ന് പാതിരിമാര്‍ പറഞ്ഞാല്‍ പിന്നെ നാം അപ്പീലുമായി നടക്കരുതല്ലോ)

പറയാന്‍ വന്നത് മൈതാനനഷ്ടങ്ങളെ കുറിച്ചാണ്.മൈതാനങ്ങളുടെ അന്തര്‍ധാനം നഷ്ടപ്പെടുത്തിയ അപൂര്‍വ്വമായ ഒരു സോഷ്യലിസത്തെ കുറിച്ചാണ്.

കുറവന്തോട് എന്ന എന്റെ ഗ്രാമത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടന്നിരുന്ന വിസ്തൃതമായ മൈതാനമാണ്.ഒന്നിലധികം റ്റീമുകള്‍ക്ക് പലതരത്തിലുള്ള കളികള്‍ക്ക് ആ മൈതാനത്ത് സ്ഥലമുണ്ടായിരുന്നു.കിഴക്കേയറ്റത്ത് ക്രിക്കറ്റും ഫുട്ബോളും മാറിമാറി കളിച്ച ഞങ്ങള്‍, നടുക്ക് യുവേഴ്സ് എന്ന ഫുട്ബോള്‍ റ്റീം,പടിഞ്ഞാറേ അറ്റത്ത് ത്രീസ്റ്റാര്‍ എന്ന ക്രിക്കറ്റ് റ്റീം.

മൈതാനത്തിന്റെ ഉടമസ്ഥര്‍ ആരെന്ന് ഈ റ്റീമുകള്‍ ആരും അന്വേഷിച്ചില്ല.80കളില്‍, എന്റെ സ്കൂള്‍ കാലത്ത് ഗ്രൌണ്ട് യുവേഴ്സിന്റെ പൂര്‍ണ്ണ അധീനതയിലായിരുന്നു.ആണ്ടോടാണ്ട് അവര്‍ ഫുട്ബോള്‍ മഹാമഹം നടത്തുകയും ചെയ്തിരുന്നു.മൈതാനം നിറഞ്ഞ പുരുഷാരത്തിന് മധ്യത്തില്‍ തലയോലപ്പറമ്പ് മുതല്‍ കായംകുളം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ക്ലബുകള്‍ അണിനിരന്നു.

ആദ്യ റൌണ്ട് ഒരിക്കലും കടക്കാന്‍ കഴിയാത്ത ഹോം റ്റീമായ യുവേഴ്സിനു വേണ്ടി കയ്യടിക്കാന്‍ കഴിയാത്ത ഞങ്ങള്‍ ആ ഖിന്നതയൊന്നും കൂടാതെ വരുത്തന്‍‌മാര്‍ക്കായി കൈയ്യടിച്ചു.

80കളുടെ അവസാനത്തോടെ ഗ്രൌണ്ട് ഞങ്ങളുടെ നിയന്ത്രണത്തിലായി.ഫുട്ബോളിനെ ക്രിക്കറ്റ് തിന്നു തുടങ്ങി.എങ്കിലും വര്‍ഷത്തില്‍ നാലു മാസമെങ്കിലും ഞങ്ങള്‍ കാല്‍‌പ്പന്ത് കളിച്ചു.കളി പലപ്പോഴും പരുക്കനായത് കൊണ്ട് സീസണ്‍ അവസാനിക്കുമ്പോഴേക്കും ഒട്ടു മിക്ക കളിക്കാര്‍ക്കും അംഗഭംഗം സംഭവിച്ചിരിക്കും.കളി കഴിയുമ്പോള്‍ ഇഫക്റ്റ് വരാന്‍ കളിക്കു മുന്‍പേ ബ്രൂഫന്‍ കഴിക്കുന്നവര്‍ പോലുമുണ്ടായിരുന്നു.

ഞങ്ങളില്‍ ആരുടെയെങ്കിലുമുള്ളില്‍ എന്തെങ്കിലും വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഈ മൈതാനങ്ങളില്‍ വീണുടഞ്ഞു.ഓരോ വിജയങ്ങളിലും ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു.ജാതിപ്പെരുമകളെയും സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകളെയും കളിമിടുക്ക് അപ്രസക്തമാകി.

സന്ധ്യയായിക്കഴിഞ്ഞാല്‍ മൈതാനം സൊറ പറച്ചിലുകാര്‍ കൈയ്യടക്കും. അവിടെയും ഇവിടെയുമായി ചെറിയ ആള്‍ക്കൂട്ടങ്ങള്‍.ജോലികഴിഞ്ഞാല്‍ കുളിച്ച് പടിഞ്ഞാട്ട് പോക്ക് നാട്ടുകാര്‍ക്ക് ഒഴിച്ച് കൂടാനാവത്തതാണ്.സുകുമാരപിള്ളയുടെ പേരില്ലാത്ത ചായക്കടയില്‍ നിന്നോ സബിതയെന്ന ഹോട്ടലില്‍ നിന്നോ ഒരു ചായ.ചിലര്‍ പൊറോട്ട വാങ്ങി പെയ്ന്റടിച്ച് കഴിക്കും (കഷ്ണമില്ലതെ ഇറച്ചിയുടെ ചാര്‍ പൊറോട്ടയില്‍ ഒഴിച്ച് കൊടുക്കുന്ന സൂത്രത്തെയാണ് പെയിന്റടി എന്ന് അറിയപ്പെടുന്നത്).അതിനു ശേഷം മൈതാനത്തേക്കിറങ്ങും.അപ്പോഴേക്കും സൂര്യന്‍ അന്തിക്കുളിക്കായി കടലില്‍ ചാടിയിട്ടുണ്ടാവും.

ഞങ്ങള്‍ കളി കഴിഞ്ഞാലും മൈതാനത്ത് വട്ടം കൂടും.മൈതാനത്തെ ഏറ്റവും വലിയ വട്ടവും ഞങ്ങളുടേത് തന്നെ.ചിലപ്പോള്‍ 24 പേര്‍ വരെ ആ വട്ടത്തില്‍ കാണും.

നല്ല നാടന്‍ കഥകള്‍,തമാശകള്‍,വിഡ്ഡിത്തങ്ങള്‍..... അവയൊന്നും തന്നെ ഇന്ന് ഓര്‍ത്ത് വെയ്ക്കാനാകാത്തതില്‍ ഇന്ന് സങ്കടം തോന്നുന്നു.അല്ലെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് തുറക്കാമായിരുന്നു.

പണം ഒരു അപൂര്‍വ്വ വസ്തുവായിരുന്നു പലര്‍ക്കും.അത് കൊണ്ട് സിഗരറ്റ് പോലുള്ള ആഡംബരങ്ങള്‍ ഈ കമ്മ്യൂണില്‍ ഷെയര്‍ ചെയ്യപ്പെട്ടു.ഒരുത്തന് പരമാവധി മൂന്നോ നാലോ പുക.....

എന്തെങ്കിലും വിശേഷമുള്ള ദിവസങ്ങളില്‍ മദ്യപാനത്തിന് തിരഞ്ഞെടുത്തതും ഇതേ മൈതാനത്തിന്റെ പഞ്ചാരപരപ്പിനെയാണ്.പ്ലാസ്റ്റിക്ക് ഗ്ലാസ് അപൂര്‍വ്വ വസ്തുവാണ്.ഹൈവേയോട് കട നടത്തുന്ന ഒരാളുടെ മകന്‍ മടിക്കുത്തില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്ന ഏക ഗ്ലാസാണ് പാനപാത്രം.ഊഴം വെച്ച് ഓരോരുത്തരായി കുടിക്കും.അങ്ങനെ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് ഞങ്ങള്‍ സമത്വം പകര്‍ന്നു.

ഞങ്ങള്‍ 9 മണിയോടെ പിരിയുമ്പോഴും ചിലര്‍ മൈതാനത്ത് തന്നെ കാണും.ചിലര്‍ ആകാശത്ത് നോക്കി കിടക്കുന്നത് കാണാം.താരങ്ങള്‍ നിറയെ ഉള്ള ആകാശത്തില്‍ അവര്‍ തങ്ങളുടെ ഭാഗ്യതാരകം തിരയുകയാണോ ആവോ?

ഞങ്ങളുടെ മൈതാനം ഏതാനും കൊല്ലം മുന്‍പ് എം.ഇ.എസ്. ഏറ്റെടുത്തു.അവിടെ കേന്ദ്രീയ വിദ്യാലയം നടത്തുന്നു.ആദ്യം അവര്‍ മൈതാനം അടച്ചില്ലെങ്കിലും പിന്നീട് ഒരു കോട്ടമതില്‍ കെട്ടി മൈതാനം അടച്ചു.ആദ്യമൊക്കെ നാട്ടുകാര്‍ ചാടി കടന്ന് ഉള്ളില്‍ കയറി മൈതാനത്തോടുള്ള തങ്ങളുടെ വേര്‍പിരിക്കാനാവാത്ത അനുരാഗം പ്രകടിപ്പിച്ചു.സ്കൂളുകാര്‍ ബീറ്റ് പോലീസിനെ ചട്ടം കെട്ടിയപ്പോള്‍ പ്രതിഷേധം കെട്ടടങ്ങി.വെറുതേ പോലീസിന് പണിയുണ്ടാക്കാന്‍ ഞങ്ങളുടെ നാട്ടിലെ സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചില്ല.

ഇന്ന് കുറവന്തോട്ടിലെ കുട്ടികള്‍ കളീക്കുന്നുണ്ടോ? അറിയില്ല.ആരവങ്ങള്‍ എങ്ങ് നിന്നും കേള്‍ക്കുന്നില്ല.ചില ചെറുപ്പക്കാരെ അവിടെയും ഇവിടെയും കാണാം.പല്ലിനിടയില്‍ ചാണകം പോലെ ഉള്ള ഒരു ലഹരി വസ്തുവൊക്കെ വെച്ച് കിറുങ്ങി.

ജോലി കഴിഞ്ഞ് ആറു മണിക്ക് ആരും പടിഞ്ഞാട്ട് വരാറില്ല.വന്നാല്‍ തന്നെ ചായയും കുടിച്ച് തിരികെ നടക്കും.അവരില്‍ പലരും റ്റിവിയില്‍ മിന്നുകെട്ടും ശ്രീഗുരുവായൂരപ്പനും കണ്ട് നിര്‍വ്വാണം പ്രാപിക്കുക്കയായിരിക്കും.

കുട്ടികള്‍ വട്ടം കൂടി വെടിവട്ടം പറഞ്ഞിരിക്കാറില്ല.അവര്‍ കൂട്ടുകാരികളുമായി നോണ്‍ വെജ് ചാറ്റില്‍ മുഴുകിയിരിക്കുകയായിരിക്കും.

മൈതാനങ്ങളുടെ നഷ്ടം മനുഷ്യന്‍ എന്ന സാമൂഹികജീവിയുടെ പല മരണങ്ങളില്‍ ഒന്നു മാത്രമാണ്.