Tuesday, April 20, 2010

ഓള്‍ ഇന്‍ ദ നെയിം ഓഫ് ക്രിക്കറ്റ്

1984ലാണെന്ന് തോന്നുന്നു.ഞാനും ചേച്ചിയും കൂടി നെല്ലു കുത്തിയതിന്റെ പൈസ കൊടുക്കാന്‍ കൂടത്തിങ്കല്‍ എന്ന് വീട് കം മില്ലില്‍ പോയി.അന്ന് ഞങ്ങളുടെ നാട്ടില്‍ ടിവി അതും കളര്‍ ഉള്ള ഏക വീട് അതാണ്.ഞങ്ങള്‍ ചെല്ലുമ്പോള്‍ എന്റെ വലിയച്ഛന്‍ അവിടെ ഇരുന്ന് ടിവിയില്‍ ക്രിക്കറ്റ് കാണുന്നു.അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.വീട്ടുടമസ്ഥനും ചെറുകിട ജന്മിയുമൊക്കെ ആയ കുറുപ്പ് ചേട്ടനടക്കം കുറച്ച് പേര്‍ അവിടെയുണ്ട്.

ഈ കളി അറിയാമോ? ചോദ്യം കുറുപ്പ് ചേട്ടന്റെ. ക്രിക്കറ്റല്ലേ എന്ന് അറച്ചറച്ച് ചേച്ചി. വല്യച്ഛന്റെ അടുത്ത ചോദ്യം. ആരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഒന്ന് ആലോചിച്ച് ചേച്ചി പറഞ്ഞു-കപില്‍ദേവ്.83ല്‍ ലോകകപ്പ് പൊക്കി പല്ല് 32 വെളിയിലിട്ട് നില്‍ക്കുന്ന പടം അവളും കണ്ടിട്ടുണ്ടാകണം.തെറ്റ് എന്ന് വല്യച്ഛന്‍. നീ പറയെടാ. കപില്‍ദേവല്ലെങ്കില്‍ പിന്നെ ഈ തുഴ പിടിക്കുന്ന ഒറ്റയാളിനെ എനിക്ക് അന്നറിയാവൂ.ഗവാസ്ക്കര്‍.ഞാന്‍ ചാടിയടിച്ചു.

അല്ലേലും അവന് പൊതുവിജ്ഞാനംക നന്നായി ഉണ്ട് എന്ന വല്യച്ഛന്റെ ഇന്‍സ്റ്റന്റ് കമന്റാണ് എന്നെ ക്രിക്കറ്റ് പ്രേമി ആക്കിയത്. (ഏറെ കാലം ചേച്ചിയെ ക്രിക്കറ്റ് വിരുദ്ധയും)

പിറ്റേന്നും പിന്നെ കളി ഉള്ളപ്പോഴൊക്കെ ഞാന്‍ കാണാനായി പോകുക പതിവാക്കി.ആ കപ്പ് ഇന്ത്യ നേടി.ശാസ്ത്രിക്ക് ഓഡി കാര്‍ കിട്ടിയ പരമ്പര.പിന്നെ 2 വര്‍ഷത്തിനു ശേഷം ജാവേദ് മിയാന്‍‌ദാദ് എന്ന് അപരിഷ്കൃതനായ ബാറ്റ്സ്മാന്‍ ലോക ചാമ്പ്യന്മാരെന്ന് ഇന്ത്യന്‍ അഹങ്കാരത്തെ അവസാന പന്തില്‍ തൂക്കി വെളിയിലടിച്ചപ്പോഴേക്കും പള്ളിവാസലില്‍ കൊണ്ട് ഷോക്കടിപ്പിച്ചാലും മാറാത്ത ക്രിക്കറ്റ് ഭ്രാന്തിന് അടിമയായി കഴിഞ്ഞിരുന്നു ഞാന്‍.

വല്യച്ഛന്‍ ഒരു അസാമാന്യ ക്രിക്കറ്റ് വിജ്ഞാനകോശമായിരുന്നു.അദ്ദേഹത്തോടുള്ള അടുപ്പം എന്നെ ഏകദിനത്തേക്കാള്‍ ടെസ്റ്റിനെയാണ് സ്നേഹിക്കാന്‍ പഠിപ്പിച്ചത്.ഷോട്‌ലെഗില്‍ നിന്ന് അസാമാന്യ കാച്ചെടുക്കുന്ന അലന്‍ ഡേവിഡ്സണ്‍,നാണയം പിച്ചില്‍ വെച്ച് ഗുഡ് ലെങ്ത് പരിശീലിച്ച അലക് ബഡ്സര്‍,പാഡ് കെട്ടിയ അടുത്ത നമ്പര്‍ ബാറ്റ്സ്മാനെ മുഷിപ്പിക്കുന്ന ഔട്ടാകാത്ത ബ്രാഡ്മാന്‍,തീയുണ്ട വര്‍ഷിക്കുന്ന ചാര്‍ലി ഗ്രിഫിത്ത് തുടങ്ങിയ കരീബിയന്‍ കരിമ്പുലികള്‍,ഗുണ്ടപ്പയുടെ സ്ക്വയര്‍ കട്ടുകള്‍ അങ്ങനെ ഞാനോ അദ്ദേഹമോ കാണാത്ത എത്ര അങ്കങ്ങളുടെ രേഖാചിത്രങ്ങള്‍ രാത്രി ഉറക്കമൊഴിച്ചു കേട്ട ബിബിസി കമന്ററിയുടെ ബലത്തില്‍ അദ്ദേഹമെനിക്ക് വരച്ച് തന്നു.അത് ബിബിസിയിലൂടെ എത്തിച്ച സര്‍ ജോണ്‍സണ്‍ പോലെയുള്ള കമന്റേറ്ററുമാര്‍ പോലും എനിക്ക് പരിചിതരായി.


***************************************************************

ജനങ്ങളുടെ സമയക്കുറവ് ഏകദിനങ്ങളുടെ വളര്‍ച്ചക്ക് വളമായി.മാത്രമല്ല 99% കളികളിലും ഫലമുണ്ടായി.ഇത് ടെസ്റ്റില്‍ സംഭവിക്കാറില്ലല്ലോ.5 ദിവസത്തെ ആകാംക്ഷ വെറും സമനിലയില്‍ ഉപേക്ഷിച്ച് പോരേണ്ടി വരുന്ന സാഹചര്യമായിരുന്നു ടെസ്റ്റിന്,ഇപ്പോള്‍ കുറച്ച് മാറ്റമുണ്ടെങ്കിലും.

ക്രിക്കറ്റില്‍ ഒരു കാര്‍ണിവല്‍ സാധ്യമാകാമെന്നും അത് ഒരു വന്‍ ഷോ-ബിസ് ആക്കാമെന്നും കണ്ടു പിടിച്ചത് ലളിത് മോഡി സാറല്ല.ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ കെറി പാക്കര്‍ എന്ന ആസ്ട്രേലിയക്കാരനാണ്.പക്ഷെ പാക്കറുടെ പുത്തി ഐ സി സി എന്ന കണസര്‍വേറ്റീവ് കടല്‍ കിഴവസംഘത്തിന് ബോധിച്ചില്ല,അവര്‍ ക്രിക്കറ്റിന്റെ ചാരിത്യ്രം സംരക്ഷിക്കാന്‍ അതിന്റെ അരക്കെട്ടില്‍ ഇരുമ്പിന്റെ പൂട്ടും താഴും വെച്ചു. എന്നിട്ടും കുറേ കാലം പാക്കര്‍ സായ്‌വ് ക്രിക്കറ്റിനെ കൊണ്ട് വ്യഭിചരിപ്പിച്ചു.അന്ന് ആ ചുവന്ന തെരുവ് വഴി പോയവരെ എല്ലാം ഐസിസി വിലക്കി(ഇവരാണോ പിന്നെ മലയാളം സിനിമയില്‍ എത്തിയതെന്നറിയില്ല).ഏതായാലും പാക്കര്‍ സര്‍ക്കസ് ചുരുട്ടി കെട്ടേണ്ടി വന്നു.

പക്ഷെ പാക്കരനപ്പൂപ്പനും പയറ്റിയത് ഏകദിനം തന്നെയാണ്, പകലും രാത്രിയും,നിറമുള്ള പന്തുകള്‍,കളര്‍ ജേഴ്സികള്‍ അങ്ങനെ നയനസുഖം പലതുമുണ്ടായിരുന്നെങ്കിലും.പാക്കരനപ്പൂപ്പന്‍ നിര്‍ത്തിയടത്തു നിന്നാണ് മോഡിസാറും കൂട്ടരും തുടങ്ങിയത്.പക്ഷെ പ്രധാന ആകര്‍ഷണം ക്യാപ്സൂള്‍ ഫോര്‍മാറ്റുകളും ചെറിയ ഗ്രൌണ്ടുകളുമായിരുന്നു.പിന്നെ ചിയര്‍ ഗേള്‍സ്,ബിയര്‍ ഗ്ലാസ് അങ്ങനെ പലതും.ക്രിക്കറ്റ് എന്ന് സ്പോര്‍ട്ട് മൈതാന മധ്യത്തില്‍ കൂട്ട മാനഭംഗത്തിന് ഇരയായെങ്കിലും പലരുടെയും ഖജനാവുകള്‍ നിറഞ്ഞു കവിഞ്ഞു.

പണക്കൊഴുപ്പിന്റെ ഈ മഞ്ഞളിപ്പും അന്ധാളിപ്പും ക്രിക്കറ്റിന് വിഡ്ഡികളായ കുറേ ആരാധകരെയും നല്‍കി.അവരില്‍ ഈ അന്ധാളിപ്പ് നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ സ്പെഷ്യല്‍ എഡിഷനുകള്‍ പ്രസവിച്ചു.ഒരൂ ചൂതാട്ടത്തിനപ്പുറം ഒന്നുമല്ലാത്ത ഒന്നിനെ വിശുദ്ധപശുവാക്കി വളര്‍ത്താന്‍ അവര്‍ ധാരാളം പുല്ലും വൈക്കോലും ചിലവാക്കി.കേരളത്തിന് ഒരു ടീമില്ലാത്തതിന്റെ പേരില്‍ ഒഴുക്കിയ കണ്ണീരാല്‍ ഇടുക്കി ഡാം ഈ വേനലില്‍ പോലും നിറഞ്ഞ് കവിയുകയും തദ്വാരാ പ്രൈം ടൈം ഷോകള്‍ ജനത്തിന് കാണാന്‍ പാകത്തിന് പവര്‍ക്കട്ട് ഇല്ലാതാകുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് ഉണ്ടിരുന്ന ചില തിരുവന്തോരം നായന്മാര്‍ക്ക് വിളിയുണ്ടാകുകയും തങ്ങള്‍ക്ക് ഒരു ടീമില്ലാത്തത് പെരുന്നക്ക് തന്നെ മാനക്കേടാണെന്ന് തോന്നുകയും ചെയ്തത്. അങ്ങനെ സര്‍വ്വശ്രീ മോഹന്‍ലാല്‍ നായര്‍,പ്രിയദര്‍ശന്‍ നായര്‍ തുടങ്ങിയ നായന്മാരുടെ ഉത്സാഹത്തില്‍ ഒരു ടീമുണ്ടാക്കാന്‍ മണ്ണടികാവിലമ്മയെ ചൊല്ലി സത്യം ചെയ്തത്.പക്ഷെ മലയാളം പടം മൊഴിമാറ്റി ആളെപ്പറ്റിക്കുന്ന കളി പോലെയല്ല് ഈ കളിയെന്ന് തിരിഞ്ഞത് പിന്നീടാണ്.പടക്ക് പോയി തോക്കുന്നതിലും ഭേദമാണല്ലോ പടയില്‍ നിന്നു പിന്‍‌വാങ്ങുന്നത് എന്ന് കരുതി പടനായന്‍‌മാര്‍ സ്കൂട്ടായി.

പക്ഷെ പെരുന്നയില്‍ നിന്നും അംഗീകരിച്ചില്ലെങ്കിലും നായന്‍‌മാരില്‍ നായരായ ഡല്‍ഹി നായര്‍ക്ക് മാറി നില്‍ക്കാനാകുമോ.കോടികള്‍ ചോദിച്ച മോഡിയെ അക്ഷരാര്‍ത്ഥത്തില്‍ കോടി പുതപ്പിച്ച് തരൂര്‍ ചന്ദ്രന്‍ നായരുടെ മകന്‍ വിജയതിലകം അണിഞ്ഞു.പത്രചാനലുകളും ആബാലവൃദ്ധം മലയാളികളും കോള്‍മയിര്‍ കൊണ്ടു,ഇന്നു വരെ കണ്ടതൊക്കെ കുറുനരികള്‍,ഇവനല്ലോ രാഷ്ട്രീയ സിംഹം എന്ന മട്ടിലായി കഥനങ്ങള്‍.നോര്‍ത്തിന്ത്യന്‍ ലോബിയേ തോല്‍പ്പിച്ച അഭിനവ അര്‍ജ്ജുനന്റെ വാമഭാഗം പൂകാന്‍ തരുണീമണികള്‍ കിനാവ് കണ്ടു.ഈ കണ്ട കൃഷിയൊന്നും കൃഷിയല്ലെന്നും കേരളത്തെ ബാധിച്ച പട്ടമരപ്പ്,മുഞ്ഞ,ചാഴി,മണ്ഡരി തുടങ്ങി കമ്മ്യൂണിസം വരെ സകലരോഗങ്ങള്‍ക്കും ഐപി‌എല്‍ ആണ് സിദ്ധൌഷധമെന്ന് ലോക കര്‍ഷക കൌണ്‍സില്‍ പ്രസിഡന്റെ ഉച്ചൈസ്തരം വിളംബരം ചെയ്തു.

അണ്ണാ അണ്ണനിതില്‍ ഷെയറുണ്ടോ എന്ന് ചില അലവലാതി പത്രക്കാര്‍- നഹി നഹി എന്ന് തരൂരണ്ണന്‍.താന്‍ വെറും മെന്റര്‍ മാത്രം, കാശിടുന്നവരുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയില്ല.തന്റെ താല്‍പ്പര്യം സിമ്പിള്‍.കൊച്ചിയെയും കേരളത്തെയും ഉദ്ധരിക്കുക എന്ന ക്രിയ എളുപ്പമാര്‍ഗ്ഗത്തില്‍ ചെയ്യുന്നു.ഇവന്‍ തന്നെ മിശിഹാ എന്ന് മനോരമ, ദേഷ്യാനെറ്റ്.ജയ്-ഹിന്ദില്‍ ആകെ ജയ്ഹോ.ജഗപൊഗ.

അപ്പോളാണ് മോഡിയണ്ണന്‍ അടുത്ത കാര്‍ഡ് ഇറക്കുന്നത്. നിരുപദ്രവകരമായ ഒരു മംഗള വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ എടുത്ത് പ്ലാന്റ് ചെയുന്നു.തരൂരണ്ണന്‍ മൂന്നാമതും കെട്ടാന്‍ പോകുന്നു,വധു കശ്മീരിയന്‍ സുന്ദരി സുനന്ദ പുഷ്കര്‍ എന്ന ബ്യൂട്ടീഷ്യന്‍ (നോട്ട് ദ പോയിന്റ്റ് ബിസിനസുകാരിയല്ല,ഫെലിസിട്ടേറ്റര്‍ അല്ല, വെറും ബ്യൂട്ടീഷ്യന്‍).തരൂര്‍ മൂന്നാമത് കെട്ടുന്നതും അവരുടെ ഹണിമൂണ്‍ എവിടെ എങ്ങനെ ആയിരിക്കുമെന്നൊമൊക്കെ ആലോചിച്ച് പൊലിപ്പിച്ച് വാര്‍ത്തയിട്ട മലയാളി മൊണ്ണകളായ മാധ്യമക്കാര്‍ക്ക് (കുറേ കാലമായി പ്ലാന്റ്റഡ് വാര്‍ത്തകളീല്‍ ആറാടുകയും അഴിഞ്ഞാടുകയും ചെയ്യുന്ന അതേ മലയാളി മാധ്യമക്കാര്‍ക്ക്)മോഡി തുറന്നു വിടാന്‍ പോകുന്ന ഭൂതത്തിനെകുറിച്ച് ഒരു ക്ലൂവും കിട്ടിയില്ല.

പിറ്റേന്ന് ട്വിറ്ററില്‍ മോഡിസാറിന്റെ ശാരികപൈങ്കിളി ചിലച്ചു. സുനന്ദാക്കന് 70 കോടിയുടെ ഓഹരി ഴൊങ്ങ്ദേവൂ കമ്പനിയില്‍ ഉണ്ടത്രേ. ഇന്നലെ പറഞ്ഞ് എ = ബിക്ക് ഇന്നൊരു ബി = സി.ദേര്‍ഫോര്‍ ഏ = സി എന്ന ലഘുവായ ഇക്വേഷന്‍ ജനം വായിച്ചെടുത്തു.

അപ്പോള്‍ ദേ അക്കന്റെ വക്കീല്,അക്കന്‍ വിയര്‍ത്ത് നേടിയാണ് ഈ ഓഹരി അല്ലാതെ നിക്കാഹ് കബൂലാക്കാ‍ന്‍ ശശിയണ്ണന്റെ മഹറല്ലെന്ന്.....യെവന്‍ എന്ത്‌ര് വക്കീലെന്ന് കമ്പിനി ആക്റ്റ് തലക്കലെങ്കിലും വെച്ചിട്ടുള്ള ആരും അന്തം വിട്ടു പോകും. മാര്‍ച്ച് 17ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യാത്ത കമ്പിനിയില്‍ സ്വെറ്റ് ഇക്വിറ്റി.അതും കമ്പിനിയുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു വ്യക്തിക്ക്.....

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. പച്ചക്ക് പറഞ്ഞല്‍ ഒരു ബിനാമി ഇടപാടാണിത്. തരൂര്‍ മൂലധനമിറക്കിയിട്ടുണ്ടാകാം,ഒരു പക്ഷെ അദ്ദഹത്തിന്റെ പ്രമോട്ടര്‍ അഥവാ മാനിപ്പുലേറ്റര്‍ എന്ന സര്‍വീസിനുള്ള പ്രതിഫലമാകാം,ഇത് പ്രണബ് മുഖര്‍ജി എന്ന ധന മന്ത്രിക്ക് വ്യക്തമാണ്,അദ്ദേഹം വിശദീകരിച്ചപ്പോള്‍ ആന്റണിക്കും സോണിയാമ്മക്കും വ്യക്തം,ധനകാര്യവിദഗ്ധനായ പ്രധാനമന്ത്രിക്കും വ്യക്തം.കൈക്കില കൂടതെ തൂക്കി വെളിയിലിട്ടത് ഇത് കൊണ്ടാണ്.

പക്ഷെ ഐ പി എല്‍ ചക്രവ്യൂഹത്തില്‍ പെട്ട് അരിഞ്ഞു വീഴ്ത്തപ്പെട്ട അഭിമന്യുവാണ് അണ്ണന്‍ ചിലര്‍ക്ക്.മറ്റു ചിലര്‍ക്ക് വടക്കേ ഇന്ത്യന്‍ ലോബിയെ പൊളിച്ച കതിവനൂര്‍ വീരന്‍.ഇനി ചിലര്‍ക്ക് മോഡി സാറിന്റെ മുളയാണി പ്രയോഗത്തില്‍ പരുക്കേറ്റു വീണ പോരാളി.സത്യത്തില്‍ തന്റെ ഓഫീസ് ഒരു ലാഭകേന്ദ്രമാക്കിയ, അതിനായി സത്യപ്രതിജ്ഞാലംഘനം നടത്തിയ ഒരു ബിനാമി ഇടപാടുകാരന്‍ മാത്രമല്ലേ ഇയാള്‍? ചക്കരകുടത്തിലിട്ട കൈ നക്കാന്‍ തുനിയവേ അത് വെട്ടിമാറ്റപ്പെട്ട ഒരു ഹതഭാഗ്യന്‍? ഹര്‍ഷദ് മേത്തക്കോ സുഖ്‌റാമിനോ കിട്ടാതെ പോയ എന്ത് രക്തസാക്ഷി ഇമേജിനാണ് ഇയാള്‍ അര്‍ഹന്‍?

കൊച്ചിക്ക് ഒരു ഐപി‌എല്‍ ടീം കിട്ടിയാല്‍ എന്ത് ഗുണമാണ് ഉണ്ടാകുക? അല്ലെങ്കില്‍ നിലവില്‍ ഐപി‌എല്‍ ഉള്ള നാടുകള്‍ അതിനാല്‍ എത്ര പുരോഗമിച്ചൂ.ബാംഗ്ലൂരിലും മറ്റും സെക്യൂരിറ്റി ഭീഷണി കൂടി എന്നല്ലാതെ.ഐ പി എല്ലില്‍ മുടക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വിദേശ കളിക്കാര്‍ക്കുള്ള പ്രതിഫലമായി വെളിയില്‍ പോകും. പിന്നെ ചിലര്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയേക്കാം.അതിനും ഉറപ്പില്ല.സ്റ്റേറ്റില്‍ നിന്നും കളിക്കാര്‍ വേണമെന്നില്ല,ഇന്ത്യക്കാരായാല്‍ മതി.പിന്നെ അല്ലറ ചില്ലറ കച്ചവടം പരിസരത്തുള്ളവര്‍ക്ക് കിട്ടിയാലായി.ബാക്കി കോടികളൊക്കെ വിനിമയം ചെയ്യപ്പെടുന്നത് കേരളത്തിനോ ഒരു പക്ഷെ ഇന്ത്യക്ക് തന്നെ വെളിയിലോ ആക്കാം. ആകാമെന്നല്ല ആണ്,അതാണല്ലോ ഈ മൌറീഷ്യസ് റൂട്ട്,ബഹാമസ് റൂട്ട് എന്നൊക്കെ പറയുന്നത്.

അപ്പോള്‍ ഐപി‌എല്‍ കാര്യമായ ഒരു മൂലധനനിക്ഷേപവും കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല,മറിച്ചുള്ളത് വളരെ ബോധപൂര്‍വ്വമായ ഒരു പ്രചരണവേലയാണ്.നേരത്തെ പറഞ്ഞ കുറേ മൊണ്ണകള്‍ അതിന് ആമേന്‍ ചൊല്ലുന്നു.ഈ പ്രഹസനം എത്ര കാലം തുടരുമോ ആവോ