Tuesday, April 14, 2009

സൂക്ഷിക്കുക ഇടതുവശം ചേര്‍ന്ന് പോവുകജനവിരുദ്ധരാഷ്ട്രീയക്കാര്‍ മനപ്പൂര്‍വ്വം മറന്ന ചില പ്രശ്നങ്ങള്‍ ഈ വൈകാത്ത വേളയില്‍ നിങ്ങളുടെ സ്മൃതിപഥത്തില്‍ എത്തട്ടെ.....

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.

* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി
സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.

* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.


ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.


തിരുവനന്തപുരം സ. പി രാമചന്ദ്രന്‍ നായര്‍

ആറ്റിങ്ങല്‍ സ. എ സമ്പത്ത്

കൊല്ലം സ. പി രാജേന്ദ്രന്‍

പത്തനംതിട്ട സ. കെ. അനന്തഗോപന്‍

മാവേലിക്കര സ. ആര്‍.എസ്.അനില്‍

ആലപ്പുഴ സ. കെ.എസ്.മനോജ്

കോട്ടയം സ. കെ.സുരേഷ് കുറുപ്പ്

ഇടുക്കി ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്

എറണാകുളം സ.സിന്ധു ജോയി

ചാലക്കുടി സ.യൂ.പി.ജോസഫ്

തൃശൂര്‍ സ. സി.എന്‍.ജയദേവന്‍

ആലത്തൂര്‍ സ.പി.കെ.ബിജു

പാലക്കാട് സ:എം.ബി.രാജേഷ്

പൊന്നാനി ഡോ.ഹുസൈന്‍ രണ്ടത്താണി

മലപ്പുറം സ.റ്റി.കെ.ഹംസ

കോഴിക്കോട് സ.മുഹമ്മദ് റിയാസ്

വടകര സ.പി.സതീദേവി

വയനാട് സ.എം.റഹ്മത്തുള്ള

കണ്ണൂര്‍ സ.കെ കെ രാഗേഷ്

കാസര്‍ഗോഡ് സ. പി കരുണാകരന്‍


നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

Monday, April 13, 2009

നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ

പ്രശസ്ത രാഷ്ട്രീയ മാധ്യമ നിരൂപകന്‍ കെ.രാജേശ്വരി വക ലേഖനം. ഇന്ന് വീണ്ടും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു

മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.

.


ആത്മകഥ വായിക്കുമ്പോള്‍ / കെ. രാജേശ്വരി

1953 ഡിസംബര്‍ 31നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണ് കെ.സി. മാമ്മന്‍ മാപ്പിള ഇഹലോക വാസം വെടിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി മാമി മരണമടഞ്ഞിരുന്നു. മാമ്മന്‍ മാപ്പിള ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മോതിരം പണിയിച്ച് മക്കള്‍ക്കുകൊടുത്തു എന്നാണ് ഐതിഹ്യം.

ശതാബ്ദി വേളയില്‍ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകമാണ് സാംസ്കാരിക നവോത്ഥാനം. എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയും കെ.എം. മാത്യുവിന്റെ ആമുഖവും ഗ്രന്ഥകാരന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പയുടെ പ്രസ്താവനയും കഴിഞ്ഞ്, ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്: ''മാമ്മന്‍ മാപ്പിളയുടെ സഹധര്‍മിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങള്‍ ഉരുക്കി ഏഴു മോതിരങ്ങളുണ്ടാക്കി ഏഴു പുത്രന്മാര്‍ക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം:

I humbly undertake to pray God constantly especially when any difficulty or temptation confronts me for divine guidance and help to conduct myself in thought, word and deed in such a manner as would have been pleasing to our dearest mother had she been alive as would be pleasing to our dearest mother now resting in God's presence I shall cherish this ring as an ever present help and inspiration.

പരിഭാഷ:

എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും ^ ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും ^ പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു സവിനയം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നതാണ്.''

മാമ്മന്‍ മാപ്പിളയുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകര്‍പ്പ് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.

മാമ്മന്‍ മാപ്പിള ^ മാമ്മി ദമ്പതികള്‍ക്ക് ഒമ്പതു മക്കളാണ് ഉണ്ടായിരുന്നത്. എട്ടാണും ഒരു പെണ്ണും. കെ.എം. ചെറിയാന്‍, കെ.എം. ഉമ്മന്‍, കെ.എം. ഈപ്പന്‍, കെ.എം. വര്‍ഗീസ് മാപ്പിള, കെ.എം. ജേക്കബ്, കെ.എം. ഫിലിപ്പ്, മറിയക്കുട്ടി, കെ.എം. മാത്യു, കെ.എം. മാമ്മന്‍ മാപ്പിള. ഇവരില്‍, ചാക്കോച്ചന്‍ എന്നു വിളിച്ചിരുന്ന കെ.എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികളുമൊത്ത് പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയി. മാമ്മന്‍ മാപ്പിളയുടെ ഏക മകള്‍ മറിയക്കുട്ടി ഭര്‍ത്താവ് കുര്യന്‍മാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.

ഏഴു മോതിരങ്ങള്‍ പണിയിച്ച് ഏഴു പുത്രന്മാര്‍ക്കുകൊടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒന്നാമത് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മക്കളെന്നു പറഞ്ഞാല്‍ ആണ്‍മക്കളാണ്. പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു^കൊച്ചി ഭാഗത്ത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ബാധകമായതുമൊക്കെ മാമ്മന്‍ മാപ്പിളയുടെ കണ്ണടഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷമാണ്. രണ്ടാമത്, മോതിരമല്ല, പ്രതിജ്ഞയാണ് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.

മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയര്‍ന്നിരിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച കെ.എം. മാത്യുവിന്റെ ആത്മകഥയുടെ പേരുതന്നെ 'എട്ടാമത്തെ മോതിരം' എന്നാണ്. 'നഷ്ടജാതകം' എന്ന ആമുഖക്കുറിപ്പില്‍ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

''ഓര്‍മകളിലൂടെയുള്ള ദീര്‍ഘയാത്ര തുടങ്ങും മുന്‍പ് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കള്‍ക്കു കെ.സി. മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് എന്തായിരുന്നുവെന്നോ? ഓരോ സ്വര്‍ണമോതിരം! ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്വര്‍ക്കിങ്' എന്നു പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴു സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവല്‍ മാലാഖ ഉണ്ടെന്ന്.

ആ മോതിരം ധരിക്കുമ്പോള്‍ ഞങ്ങള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു: .... ഇതെഴുതുന്ന പേനയ്ക്കടുത്ത് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.''

മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്ക് പൂര്‍വകാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണ് അച്ചായന്‍. അപ്പച്ചന്‍ മരിച്ച് 55 കൊല്ലത്തിനുശേഷം രണ്ടു മോതിരങ്ങള്‍കൂടി പണിയിച്ച് സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കര്‍മകുശലതയുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.

'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.

പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.

ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.

ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''

'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനേക്കാള്‍ രസകരമാണ് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിര്‍ത്ത കഥ. അച്ചായന്റെ വാക്കുകള്‍ ശ്രവിപ്പിന്‍:
''....1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് കയ്പോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. സി.പിയെ എതിര്‍ത്തതിന്റെ പേരില്‍ ശ്വാസംമുട്ടിച്ച് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണ് എടുക്കേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിര്‍ന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജര്‍മാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചര്‍ച്ച ചെയ്തു.
ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിര്‍ക്കേണ്ടത് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണ്. പക്ഷേ, എതിര്‍ത്താല്‍ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പ്. സി.പിയുടെ കാലത്ത് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനമെടുത്താല്‍ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി. നായര്‍ മാനേജ്മെന്റിനോട് ഉറപ്പിച്ചുപറഞ്ഞു: പത്രം നിര്‍ത്തിയിട്ടു വീട്ടില്‍ പോയി ഇരുന്നാലും നിങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയിലാവുമെന്ന് ഉറപ്പ്.

അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല.

അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തില്‍ അതുവരെ നമുക്ക് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം.....''

നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പ്! കര്‍ത്താവേ, അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കും അഞ്ചിന പരിപാടിക്കും, ''നാവടക്കൂ പണിയെടുക്കൂ'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും നല്‍കിയ ധീരമായ പിന്തുണ, ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കന്‍പായല്‍ നിര്‍മാര്‍ജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രന്‍ റിപ്പോര്‍ട്ടുകള്‍....
1977 ജനുവരിയില്‍ സെന്‍സര്‍ഷിപ്പിന് ഇളവുവരുത്തിയപ്പോള്‍ ഒരു വിഭാഗം പത്രങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ തുടങ്ങി. മലയാള മനോരമ ഇന്ദിരാജിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. പ്രിയദര്‍ശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങള്‍ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സല്‍ഫലങ്ങളെ പ്രകീര്‍ത്തിച്ചു. അവയെ ശാശ്വതമാക്കാന്‍, നാടിനെ നാകമാക്കാന്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ വായനക്കാരെ ഉദ്ബോധിപ്പിച്ചു.

1977 മാര്‍ച്ച് 21നുശേഷം ഇന്ദിര^സഞ്ജയ് സ്തുതി നിറുത്തിവെച്ചു, കോണ്‍ഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടര്‍ന്നു. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ത്തി ഇന്ദിര പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മനോരമ ശക്തമായി എതിര്‍ത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങള്‍ വന്നു. അസംഗഡ് മണ്ഡലത്തില്‍ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വായി ജനതാപാര്‍ട്ടിയിലെ രാംബച്ചന്‍സിംഗ് യാദവിനെയും കോണ്‍ഗ്രസിലെ ചന്ദ്രജിത് യാദവിനെയും മലര്‍ത്തിയടിച്ചപ്പോള്‍ മനോരമക്കു വീണ്ടുവിചാരമുണ്ടായി. ആ വര്‍ഷാവസാനം ഇന്ദിരാഗാന്ധി ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് ലോക്സഭയില്‍ തിരിച്ചെത്തിയപ്പോള്‍ കന്മഷം തീര്‍ത്തും മാറി. 1979 ആദ്യം കര്‍ണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ വീണ്ടും ആരാധനയായി. കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!

'എട്ടാമത്തെ മോതിര'ത്തിലുള്ള അസത്യങ്ങളും അര്‍ധസത്യങ്ങളും എണ്ണിപ്പറയാന്‍ ഒരുമ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേള്‍ക്കുവിന്‍:

''ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി.സി. അലക്സാണ്ടര്‍ അന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഒരുദിവസം ദല്‍ഹിയില്‍നിന്ന് അലക്സാണ്ടര്‍ എന്നെ വിളിച്ചു:

^മാത്തുക്കുട്ടിക്കു പത്മഭൂഷന്‍ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാല്‍ മാത്രം മതി.

കോണ്‍ഗ്രസ് പിളര്‍ന്നതിനെത്തുടര്‍ന്ന് (1969) ഇന്ദിരാഗാന്ധിയുടെ കൂടെയാണ് മനോരമ നില്‍ക്കേണ്ടതെന്ന് ഉണ്ണൂണ്ണിച്ചായന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഇന്ദിരാഗാന്ധിക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോര്‍മിച്ച് ഞാന്‍ അലക്സാണ്ടറോട് പറഞ്ഞു:

^വേണ്ട അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയത് എനിക്കു പത്മ അവാര്‍ഡുകിട്ടാന്‍ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാര്‍ഡ് സമ്മാനിക്കുന്നത് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകള്‍ പറയാനിടവരരുത്. മനോരമയുടെ വിശ്വാസ്യതക്ക് അത് നന്നല്ല. എന്നെ അതില്‍നിന്ന് ഒഴിവാക്കണം.

തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് അലക്സാണ്ടര്‍ എനിക്ക് കത്തെഴുതുകയും അന്ന് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറുപടിയില്‍ വിശദമാക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ എനിക്കു പത്മഭൂഷന്‍ പ്രഖ്യാപിക്കുകയും ഞാന്‍ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു എനിക്ക് പത്മഭൂഷണ്‍ ലഭിച്ചത്....''

ബി.ജെ.പിക്കാര്‍ക്ക് ഇത്ര ഹൃദയവിശാലതയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 26നാണ്. 1998ലും അതിന് മാറ്റമൊന്നുമില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്റാല്‍ ആണ്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ.ആര്‍. നാരായണന്‍. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മാര്‍ച്ച് 19നാണ്.

എട്ടാമത്തെ മോതിരം തനിത്തങ്കമാണ്. ചെമ്പ് തീരെയുമില്ലെന്നര്‍ഥം.