Tuesday, March 18, 2008

കഴുകനു കൊടുക്കാത്ത നിശ്ചല ശരീരങ്ങള്‍-കുരീപ്പുഴ

കുരീപ്പുഴ ശ്രീകുമാറിന്റെ ജനയുഗം പത്രത്തിലെ വര്‍ത്തമാനം എന്ന ആഴ്ച്ചവട്ടത്തില്‍ നിന്നും.....

ആരും ക്രിസ്ത്യാനികളായോ ഹിന്ദുക്കളായോ മുസ്ലീമുകളായോ ജനിക്കുന്നില്ല.മാതാപിതാക്കളുടെ അഭീഷ്ടപ്രകാരം കുഞ്ഞുങ്ങളെ ഓരോ മതത്തിന്റെ തടവറയില്‍ തളച്ചിടുകയാണ് ചെയ്യുന്നത്.ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമോ നിര്‍ബന്ധപൂര്‍വ്വമോ പ്രലോഭനങ്ങള്‍ക്ക് വശംവദരായോ പില്‍ക്കാലത്ത് മറ്റു മതങ്ങളെ ആശ്ലേഷികാറുണ്ട്.അവരുടെ അടുത്ത തലമുറ പുതിയ മതത്തിന്റെ മുള്‍ക്കാട്ടില്‍ വളരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

മതവിശ്വാസികളായാല്‍ പിന്നെ മരണം വരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മലിനജലത്തില്‍ മുങ്ങി താഴുകയേ വഴിയുള്ളൂ.എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള കഴിവ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത് അങ്ങനെയാണ്.

ചിലര്‍ ഈ കുടുക്കില്‍ നിന്നും കുതറിമാറി മാനവികതയുടെയും വിശുദ്ധപ്രകൃതിയുടെയും പവിത്രനദിയില്‍ സ്നാനം ചെയ്യാറുണ്ട്.ചിലരാകട്ടെ അടിസ്ഥാനദൈവവിശ്വാസം ഉപേക്ഷിക്കതെ തന്നെ മതത്തിന്റെ കരാളമുഖമായ പൌരോഹിത്യം സമ്മാനിക്കുന്ന കെണികളെ തള്ളി പറഞ്ഞ് ഭാഗികമായെങ്കിലും രക്ഷപെടാറുണ്ട്. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ അത്രയും നല്ലതെന്ന അഭിവാദനരീതിയാണ് സ്വീകരിക്കേണ്ടത്.

പൌരോഹിത്യം കണക്കു തീര്‍ക്കുന്നത് കുടുംബങ്ങളില്‍ വിവാഹവും മരണവും സംഭവിക്കുമ്പോഴാണ്.വിവാഹവും മരണവും ചടങ്ങുകളുടെ ദുര്‍ഗന്ധക്കുടക്കീഴില്‍ കൊണ്ടാടാന്‍ തീരുമാനിച്ചാല്‍ പള്ളിക്കുള്ളത് പിഴ സഹിതം പള്ളിക്കെന്നുപറഞ്ഞ് പൌരോഹിത്യം പള്ളയും തുറന്നു വരും.

ഈ അക്രാന്തപാതിരി രീതിയെ പുറങ്കാലു കൊണ്ട് തട്ടിയെറിഞ്ഞ ധൈര്യശാലികള്‍ കേരളത്തില്‍ പിറന്നിട്ടുണ്ട്.മരണാനന്തരം തങ്ങളുടെ നിശ്ചലശരീരം പള്ളിക്കഴുകനിലത്തിലേക്കെറിയരുതെന്ന് സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞ പ്രതിഭകളാണവര്‍.ക്രിസ്തുമത പരിസരത്ത് ജനിച്ചുവളരുകയും അതിന്റെ ഇത്തിരിവെട്ടം ഉപേക്ഷിച്ച് മനുഷ്യവിമോചനത്തിന്റെ വിശാലസ്ഥലങ്ങളിലേക്ക് തലയുയര്‍ത്തി നടന്നുപോവുകയും ചെയ്ത മഹാന്മാര്‍.തങ്ങളുടെ നിശ്ചലശരീരം പള്ളി സിമിത്തേരിയിലേക്ക് വിട്ടുകൊടുക്കാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.പൂര്‍ണ്ണമായി അന്യനു വേണ്ടി വിനിയോഗിക്കപ്പെട്ട നിസ്വാര്‍ത്ഥ ജീവിതമായിരുന്നു അവരുടേത്.ചെങ്കൊടി കൈയ്യിലേന്തി ഇരുട്ടിലേക്ക് നടന്നു ചെന്ന ടി വി തോമസ്, കെ സി ജോര്‍ജ്, ജോര്‍ജ് ചടയം‌മുറി, പി ടി പുന്നൂസ് തുടങ്ങിയവരുടെ നിശ്ചലശരീരം ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ പുന്നപ്ര രക്തസാക്ഷികളുറങ്ങുന്ന വിശുദ്ധനിലത്താണ് മറവുചെയ്യപ്പെട്ടത്.തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനായി ജീവിതം സമര്‍പ്പിച്ച എ പി വര്‍ക്കിയുടെയും മത്തായി ചാക്കോയുടെയും നിശ്ചലശരീരം രക്തപതാകയില്‍ പുതപ്പിച്ച് പാര്‍ട്ടി ഓഫീസിന്റെ പരിസരത്താണ് മണ്ണോട് ചേര്‍ത്തത്.

ക്രിസ്തുമതത്തിന്റെ അകത്തളങ്ങളില്‍ പിറക്കുകയും എല്ലാ മതങ്ങളെയും ദൈവവും ചെകുത്താനുമുള്‍പ്പെടെയുള്ള അബദ്ധ വിശ്വാസങ്ങളെയും ഉപേക്ഷിക്കുകയും ചെയ്ത എ ടി കോവൂര്‍,എം സി ജോസഫ്, ഇടമറുക്,ടി പി ഞാളിയത്ത്, ജോണ്‍ ടി മുരിക്കനാനി, കെ യു അലക്സാണ്ടര്‍,വില്യം ഫ്ലെച്ചര്‍ തുടങ്ങിയവരുടെ വിശുദ്ധ മൃതശരീരങ്ങള്‍ കുട്ടികള്‍ക്ക് കീറിമുറിച്ച് പഠിക്കാനായി വൈദ്യശാസ്ത്ര വിദ്യാലയങ്ങള്‍ക്ക് നല്‍കുകയായിരുന്നു.പൌരോഹിത്യത്തെയും അന്ധവിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ കൊല്ലത്തെ എഫ് ലായിയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബികടലോരത്ത് ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.

ജീവിതാന്ത്യം വരെ പള്ളിയെയും വിശുദ്ധ വ്യവസ്ഥിതിയെയും എതിര്‍ത്ത കഥാകാരന്‍ പൊന്‍‌കുന്നം വര്‍ക്കി സ്വന്തം വീട്ടുമുറ്റത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ലോകപ്രസിദ്ധനായ കാര്‍ട്ടൂണീസ്റ്റ് അബു എബ്രഹാം പൌരോഹിത്യത്തെ തൃണവല്‍ഗണിച്ച് തിരുവനന്തപുരത്തെ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.

വിശ്വാസികളായിരുന്നെങ്കിലും വിഭാഗീയതയുടെ നിദര്‍ശനമായ പള്ളി സിമിത്തേരികളില്‍ കുഴിച്ചിടപ്പെടാന്‍ വിമുഖത കാട്ടിയവരെയും കേരളം കണ്ടിട്ടുണ്ട്.പ്രശസ്ത ദന്തചികിത്സകനായിരുന്ന ഡോ പോള്‍ ക്രിസ്‌റ്റ്യന്റെ മൃതശരീരം വത്തിക്കാനില്‍ നിന്നും മുന്‍‌കൂട്ടി വാങ്ങിവെച്ചിരുന്ന അനുമതിപ്രകാരം തീജ്ജ്വാലകള്‍ക്ക് നല്‍കുകയായിരുന്നു.പ്രമുഖ ഹോട്ടല്‍ വ്യവസായിയായ ഇടമറ്റം കുരിവിനാല്‍ക്കുന്നേല്‍ ഡൊമിനിക്ക് ജോസഫിന്റെ മൃതദേഹം സഭയുടെ അനുമതിയോടെ എറണാകുളം പനമ്പിള്ളി നഗറിലെ പൊതുശ്മശാനത്തിലാണ് ദഹിപ്പിച്ചത്.

കൈയ്യില്‍ വന്നുപെട്ട ധിക്കാരികളുടെ മൃതശരീരത്തെ തെമ്മാടിക്കുഴിയിലടക്കി പാഠം പഠിപ്പിക്കാനും സഭ മറന്നിട്ടില്ല.മലയാള സാഹിത്യത്തിനു ദിശാബോധം നല്‍കിയ എം പി പോളാണ് ഉദാഹരണം.

ക്രിസ്തു ദര്‍ശനത്തില്‍ ഉറച്ചു നിന്നുകൊണ്ട് പൌരോഹിത്യത്തിനെതിരേ പോരാടുന്ന ആദരണീയനായ വ്യക്തിയാണ് ജോസഫ് പുലിക്കുന്നേല്‍.പാലാ സഹൃദയ സമിതിയുടെ വാര്‍ഷികത്തിന് വന്ദ്യവയോധികനായ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടത് അഭിമാനതോടെ ഞാന്‍ ഓര്‍ക്കാറുണ്ട്.ഭക്തിയും അന്ധവിശ്വാസവുമില്ലാതെ ഒരു ഉത്തമ സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ വായിക്കാവുന്ന ബൈബിള്‍ തനിമ ചോരാതെ നമ്മള്‍ക്ക് തന്നത് അദ്ദേഹമാണല്ലോ.ജോസഫ് പുലിക്കുന്നേലിന്റെ ഭാര്യ കൊച്ചുറാണി ഈയിടെ മരിച്ചപ്പോഴും അദ്ദേഹം സ്വന്തം നിലപാടില്‍ ഒരു മാറ്റവും വരുത്തിയില്ല.സീറോ മലബാര്‍ സഭയെ പുറത്തു നിര്‍ത്തിക്കൊണ്ട് സ്വന്തം പ്രേയസിക്കായി അദ്ദേഹം കുടുംബവീടിന്റെ കിഴക്കുവശത്ത് ചിതയൊരുക്കുകയായിരുന്നു.

നോക്കൂ,കേരളത്തിനെ മുകളിലുള്ള ആകാശത്തു നിന്നും തീമഴ പെയ്യുന്നില്ല.കേരളം വിണ്ടുകീറി ആരും.ഒരു സത്യക്രിസ്ത്യാനിയോ മറ്റു കഠിനമത വിശ്വാസികളോ വിപ്ലവകാരികളോ പാതാളത്തിലേക്ക് വീഴുന്നില്ല.മതം മനുഷ്യരെ വിരട്ടുന്നത് നരകത്തിലെ തിളച്ചു മറിയുന്ന എണ്ണ കാണിച്ചിട്ടാണല്ലോ.ബൈബിള്‍ നന്നായി പഠിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേലിനും മറ്റുള്ളവര്‍ക്കും സ്വര്‍ഗ്ഗനരകങ്ങള്‍ എന്താണെന്നും നന്നായിട്ടറിയാം.

ജോസഫ് പുലിക്കുന്നേലിന് 70 വയസ്സു തികഞ്ഞപ്പോള്‍ സ്വന്തം മരണാനന്തര കാര്യങ്ങളെക്കുറിച്ച് ഒരു ലഘുലേഖ പ്രസദ്ധീകരിച്ചിരുന്നു.മൃതശരീരം വീട്ടുവളപ്പില്‍ ദഹിപ്പിക്കണമെന്നാണ് ആ ലഘുലേഖയില്‍ അദ്ദേഹം രേഖപ്പെറുത്തിയിട്ടുള്ളത്. റീത്തോ ശിരസ്സു ഭാഗത്ത് കുരിശോ തിരിയോ വയ്ക്കരുതെന്നും അതില്‍ പറഞ്ഞിട്ടുണ്ട്.മതപരമായ ചടങ്ങുകള്‍ തീരെ പാടില്ലെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

മതത്തെ യുക്തിയോടെ സമീപിക്കുന്ന വിശ്വാസിക്കുപോലും മതം പൌരോഹിത്യത്തിന്റെ പടുകൂറ്റന്‍ തട്ടിപ്പാണെനന്നു ബോധ്യപ്പെടുക തന്നെ ചെയ്യും.ദൈവം മതത്തിന്റെ വാണിജ്യമുദ്ര മാത്രമാണെന്നറിയാന്‍ കുറച്ചു ദൂരം കൂടി ചിന്തിച്ചാല്‍ മതിയാകും.മൃതദേഹം പള്ളി ശ്മ്ശാനത്തു തന്നെ സംസ്കരിക്കണമെന്നത് മതപരമായ ഒരു മലിന ചിന്ത മാത്രമാണ്. ആ ചിന്തയുടെ ഇരിപ്പടം മനുഷ്യനില്‍ നിന്നും വളരെ അകലെയുമാണ്.

7 comments:

Radheyan said...

കുരീപ്പുഴ ജനയുഗം പത്രത്തെലെഴുതുന്ന ആഴ്ച്ചവട്ടമായ വര്‍ത്തമാനത്തില്‍ നിന്നും

http://janayugom.wordpress.com

Radheyan said...

ഇവിടെ കാണുക

ഒരു “ദേശാഭിമാനി” said...

നല്ല ലേഖനം :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla lekhanam

മൂര്‍ത്തി said...

നന്ദി രാധേയന്‍..

ബ്ലോക്കുട്ടന്‍ ! said...

Dear Radheyan,

Njanum oru Alappuzhakkarananu.(25 vayassu vare)

HST-yilum,SD college-lum anu padichirunnathu.(80-90).

Ippol England-il thamasam.

10 varsham ayi alappuzhayil oru visitor mathram!!!!!(I spend few days every year)

Blogil kandathil valare santhosham!!!

Good writing.Keep it up!!.

(Innanu adyamayi thangalude blog kanunnathu.)

You know what attracted me to ur blog??!!?!?


Two things in our life!!!!!!!!!

1.
I was a big fan of Malayattoor!.!.!.
Our ambitions were same!!!!!!!!!!!!!!!(IAS ,resignation,politics!!!!!!!!!)

2.
A great Love affair after S.D.College days.(But tragic end)


We both ended up the same at the end of the Day!!!!!!!!!

You brought me back to those golden days.

Thanks friend!!!!!!!!
Wish you all the best!!!

nalan::നളന്‍ said...

രാധേയാ,
മതത്തിന്റെ ആത്യന്തിക ലക്ഷ്യം അധികാരം തന്നെ.
എങ്ങിനെ നിയന്ത്രിക്കാം, നന്മയുമായി കൂട്ടിക്കുഴയ്ക്കുന്നത് കച്ചവടതന്ത്രം തന്നെ.

ബ്ലോഗ് പോലുള്ള പരിസരങ്ങള്‍ മതങ്ങള്‍ നന്മയുടെ പ്രതീകമെല്ലെന്നും, മറിച്ച് തിന്മയുടെ പ്രതീകം തന്നെയാണെന്ന യാഥാര്‍ത്ഥ്യം കൊണ്ടുവരാന്‍ സഹായിക്കും.