Sunday, March 23, 2008

സംഭവാമി യുഗേ യുഗേ

ഒരു പഴയ സംഭവം എന്റെ മനസ്സിലേക്ക് എത്തിച്ചത് ഈയിടെ കണ്ണൂരില്‍ ആത്മഹത്യ ചെയ്ത കാര്‍ത്തിക്കിനെ കുറിച്ച് പരാമര്‍ശിച്ച ഒരു ബ്ലോഗാണ്.അതും ഇതും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ തീരുമാനിക്കുക.

ഈ കഥയില്‍ എനിക്ക് പ്രത്യേകിച്ച് വേഷമൊന്നുമില്ല. ഞാനൊരു കാണി മാത്രം.ഇതിലെ നായകന്‍ വിക്രമാണ്, സിനിമാനടന്‍ വിക്രമല്ല,ഞങ്ങളുടെ കൂട്ടത്തിലെ അല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലെ തന്നെ ഏറ്റവും വലിയ തല്ലിപ്പൊളിയുടെ ഇരട്ടപ്പേരായിരുന്നു വിക്രം.ഇതെന്താ ഇത്ര സ്റ്റൈയിലില്‍ ഒരു ഇരട്ടപ്പേരെന്ന് ചിന്തിക്കാന്‍ വരട്ടെ.സകല തറപ്പണിക്കും തൊട്ടിത്തരത്തിനും മുന്‍പന്തിയിലായിരുന്ന അവന്റെ ഏക പരാധീനത അവന്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു കൂച്ച്‌വിലങ്ങായി നിന്ന വിക്കായിരുന്നു.വിക്കാ,വിക്കാ എന്ന വിളി സ്റ്റൈലാക്കി വിക്രം എന്ന് ആക്കി കൊടുത്തത് ഞങ്ങളില്‍ ചിലര്‍ തന്നെ ആയിരുന്നു.


ഞാന്‍ ബീ കോം കഴിഞ്ഞ് റിസല്‍റ്റ് കാത്തിരിക്കുന്ന സമയം.വീടിനും കോളേജിനും പുറമേ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ ആസ്വദിക്കുന്ന ഒരു ലോകമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി വരുന്നത് ആ കാലത്തായിരുന്നു.ആദ്യം അടുത്തുള്ള ഒരു കവലയായിരുന്നു ഈ തെക്ക് വടക്ക് സംഘത്തിന്റെ കേന്ദ്രം.അവിടെ നിന്നും തരുണീമണികളുടെ അനാട്ടമി പരസ്യമായി ചര്‍ച്ച ചെയ്യുവാനും അത് ഉറക്കെ പറയുവാനും തുടങ്ങിയതോടെ മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തീരെ ബോധമില്ലാത്ത ചില തന്തമാര്‍ പോലീസില്‍ പരാതി നല്‍കി.പ്രായമായ ആളുകളെ ചില ചെല്ലപ്പേരുകള്‍ വിളിക്കുക തുടങ്ങിയ അഭ്യാസങ്ങളും കൂടി ആയപ്പോള്‍ സംഗതി കാര്യമായി.(തലമുടി മുന്നോട്ട് ഇട്ടിരിന്ന ഒരു ചേട്ടനെ മാമാട്ടികുട്ടി,മീശ പിരിച്ച് വെച്ചിരുന്ന ഒരു തേവര്‍ മകന്‍ ചേട്ടന്‍,പൊക്കമില്ലാതെ കുടവയറും ഉന്തിയ പല്ലുമായുള്ള ഒരു ഇക്കയെ ഗണപതി...)പോലീസിന്റെ ശല്യം ഭയന്ന് ഞങ്ങള്‍ ഞങ്ങളുടെ ആസ്ഥാനം ആള്‍ പാര്‍പ്പില്ലാത്ത ഒരു പുരയിടത്തിലെ ഒരു കിണറ്റിന്‍ കരയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായി.

ആ പറമ്പില്‍ ആളു താമസമില്ലെങ്കിലും അതിനടുത്ത് ഒക്കെ ആളുകള്‍ താമസമുണ്ട്. വിക്രമിന്റെ വീടും അതിനടുത്താണ്.അവിടെ ഇരുന്ന നാട്ടില്‍ കൊള്ളവുന്നവരെ കുറുച്ച് കഥകള്‍ പട്യ്ക്കുക,പ്രതീക്ഷാ തീയറ്ററില്‍ റിലീസാകുന്ന പടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുക,സിഗററ്റ് ഷെയര്‍ ചെയ്ത് വലിക്കുക,അപൂര്‍വ്വം ദിവസങ്ങളില്‍ അന്തിക്ക് ചെറിയ തോതിലുള്ള വിഷപാനം ഇതൊക്കെ ആയി ദിവസങ്ങള്‍ രസകരമായി കഴിഞ്ഞു പോയി.

പ്രതീക്ഷ കുളിരിന്റെ മൊത്തവ്യാപാരശാല, അതിന്റെ ഓണര്‍ തങ്കപ്പന്‍ ചേട്ടന്‍ ഒരു പ്രായമുള്ള മനുഷ്യനായിരുന്നു.ബിറ്റിടാത്ത ദിവസങ്ങളില്‍ തിയറ്ററില്‍ ഇപ്രകാരം ഒരു അശരീരി മുഴങ്ങിയിരുന്നുവത്രേ..

തങ്കപ്പന്‍ ചേട്ട പ്ലീസ് കഷ്ണമിട് ചേട്ടാ..(അഭ്യര്‍ത്ഥന)
തങ്കപ്പാ കഷ്ണമിടെടാ... (ആജ്ഞ)
തങ്കപ്പാ ത**ളി കഷ്ണമിടടാ (ഭീഷണി)
തങ്കപ്പാ ത**ളി നീ കഷ്ണമിടണ്ടടാ, നീ ചത്തു ചെല്ലുമ്പോള്‍ ദൈവം ചോദിക്കുമെടാ... (പ്‌രാക്ക്)

ഈ അശരീരിയുടെ ശരീരം വിക്രമായിരുന്നു എന്നാണ് പ്രതീക്ഷയിലെ പെര്‍മനന്റ് മെമ്പറും ഞങ്ങളുടെ ഗുരുസ്ഥാനീയനുമായിരുന്ന സത്താര്‍ പറയുന്നത്.(സത്താറിന്റെ അഭിപ്രായത്തില്‍ തങ്കപ്പന്‍ ചേട്ടന്‍ ഓണത്തിനു ബോണസ് തരേണ്ടതാണ് അവര്‍ ഇരുവര്‍ക്കും എന്നാണ്.അത്രത്തോളം പ്രതീക്ഷയുടെ ലാഭത്തിലേക്ക് വിക്രമും സത്താറും സംഭാവന ചെയ്യുന്നുണ്ട് അത്രേ;ഒരിക്കല്‍ ഞാന്‍ സത്താറിനോട് ചോദിച്ചു,എന്തിനാണ് വീണ്ടും ഒരേ ബിറ്റു പടം കാണാന്‍ പോകുന്നതെന്ന്.ഉത്തരം വളരെ പെട്ടെന്നായിരുന്നു-കഴിഞ്ഞ തവണ കണ്ടപ്പോള്‍ കഥ മനസ്സിലായില്ല)

കിണറ്റു കരയിലേക്ക് തിരികേ വരട്ടേ.അമ്മയ്ക്കോപ്പം ഷോപ്പിംഗ്‌നു അകമ്പടി പോകേണ്ടി വന്നതു കൊണ്ട് അന്നെനിക്ക് കിണറ്റില്ന്‍ കരയില്‍ കോറം തികയ്ക്കാന്‍ പോവാന്‍ സാ‍ധിച്ചിരുന്നില്ല.ഏറെ ഇരുട്ടി ഞങ്ങള്‍ തിരികേ വരുമ്പോള്‍ ആളുകള്‍ കിണട്ടിന്‍ കരയിലേക്ക് പായുന്നു.അമ്മയെ വീടിന്റെ പടിക്കല്‍ കൊട്ടിയിട്ട് ബൈക്കില്‍ തന്നെ ഞാനും അതേ ദിക്കിലേക്ക് പാഞ്ഞു.

അവിടെ ചെല്ലുമ്പോള്‍ അനേകം സ്ത്രീകളുള്‍പ്പടെ ഉള്ള ആളുകളുടെ ആരാധന മുറ്റിയ മിഴികളുടെ നടുവില് വിക്രം പരിലസിക്കുന്നു.നടന്ന സംഭങ്ങളുടെ കമന്ററി നല്‍കാന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വതവേ ഉള്ള വിക്കും പിന്നെ ആവേശവും കാരണം വാക്കുകള്‍ മുറിയുന്നു.മുറിയുന്ന വാക്കുകള്‍ അവന്റെ വാപ്പ തന്നെ തുന്നികൂട്ടുന്നു.

സംഭവം ഇതാണ്.അതിന്റെ അടുത്ത് തമസിച്ചിരിന്നു ഒരു ചെറുപ്പക്കാരന്‍,ശശി, ഭാര്യയും അവന്റെ അമ്മയുമായി ഉള്ള വഴക്കില്‍ മനം നൊന്ത് അടുത്ത പുരയിടത്തിലെ ഞങ്ങളുടെ ആസ്ഥാനകിണറിനു സമീപമുള്ള കശുമാവില്‍ തൂങ്ങി ചാകാന്‍ തീരുമാനിച്ചു.അങ്ങനെ തൂങ്ങുന്നത് ദൂരെ സ്വന്തം വീട്ടില്‍ നിന്നും കണ്ട വിക്രം ഓടി വന്ന് അവനെ കാലില്‍ പിടിച്ച് പൊക്കുകയും വാപ്പയുടെ സഹായത്തോടെ കെട്ട് അഴിക്കുകയും അതീനു ശേഷം അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കുകയും ചെയ്തു.മുന്‍പൊരിക്കല്‍ ഒരു ബാബറി ദിനത്തില്‍ പി.ഡി.പി കാരന്‍ എന്ന പേരില്‍ വിക്രത്തിനെ പോലിസിനെ കൊണ്ട് പിടിപ്പിച്ചത് ഈ ശശിയും അവന്റെ പാര്‍ട്ടിക്കാരുമായിരുന്നു എന്ന് അറിയുമ്പോളെ ആ അടിയുടെ പൊരുള്‍ പൂര്‍ണ്ണമായി കിട്ടൂ)

എന്നിലെ ഷെര്‍ലക്ക് ഹോംസ് ഉണര്‍ന്നു. അവന്‍ പറയുന്ന പോലെ അവന്റെ വീട്ടീല്‍ നിന്നാല്‍ ഇവിടെ കാണുന്ന സംഭവമൊന്നും കാണാന്‍ കഴിയില്ല.പിന്നെ അവന്‍ ഈ പരിസരത്ത് വന്നത് എന്തിനായിരുന്നു.എന്റെ സംശയം ഞാന്‍ അവിടെ ഉണ്ടായിരുന്ന സത്താറിനോട് പറഞ്ഞു.ഞങ്ങള്‍ അവനെ മാറ്റി നിര്‍ത്തി ചോദിച്ചു.ആദ്യം അവന്‍ ഉരുണ്ടു.പിന്നെ അവന്‍ ആ സത്യം പറഞ്ഞു.

ഞങ്ങളെ കൂടാതെ ഒരാള്‍ കൂടി അവന്‍ പറഞ്ഞത് കേട്ടു.സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നായ അച്ചായനായിരുന്നു അത്..

സത്താറേ,അച്ചായന്‍ കുഴപ്പമാക്കുമോ?

ഏയ് പുള്ളി ഫിറ്റായിരിക്കും നമ്മള്‍ പറഞ്ഞത് ഒന്നും മനസ്സിലായി കാണില്ല, സത്താര്‍ ആശ്വസിപ്പിച്ചു

നാണക്കേട് കൊണ്ടോ എന്തോ കുറച്ച് നാളുകള്‍ക്ക് ശേഷം മാത്രമേ ശശി പുറത്തിറഞ്ഞിയുള്ളൂ.ദാ എതിരേ വരുന്നു നമ്മുടെ അച്ചായന്‍,ഫുള്‍ഫിറ്റ്.അച്ചായന്റെ അന്തക ഡയലോഗ്- എടാ പട്ടി കഴുവേറട മോനെ,നിന്നെ രക്ഷിച്ചവനെ തല്ലിയ്യാല്‍ മതിയല്ലോ,ഞാനായിരുന്നേല്‍ അണ്ണാക്കിലോട്ട് കുറച്ച് കുറഡാന്‍ **ഒഴിച്ചേനെ,ഇതിപ്പം ആ വിക്രം നിന്റെ പെണ്ണുമ്പിള്ളയുടെ കുളിസീന്‍ കാ‍ണാന്‍ വന്നത് കൊണ്ട് നീ രക്ഷപെട്ടു....

ശശി ഇനിയും കയറെടൂക്കണോ കായലില്‍ ചാടണോ അതോ ഫ്യുറഡാ‍ന്‍ അടിച്ചിട്ട് റെയിലില്‍ തല വെയ്ക്കണോ എന്ന് ആലോചിച്ച് അന്തിച്ച് നില്‍ക്കവേ ഞങ്ങള്‍ ജെന്റിലായി സ്കൂട്ടായി.


**ഫ്യൂറഡാന്‍ എന്ന കീടനാശിനിയുടെ കുട്ടനാടന്‍ കൊളോക്കിയല്‍ നാമം

Tuesday, March 18, 2008

കഴുകനു കൊടുക്കാത്ത നിശ്ചല ശരീരങ്ങള്‍-കുരീപ്പുഴ

കുരീപ്പുഴ ശ്രീകുമാറിന്റെ ജനയുഗം പത്രത്തിലെ വര്‍ത്തമാനം എന്ന ആഴ്ച്ചവട്ടത്തില്‍ നിന്നും.....

ആരും ക്രിസ്ത്യാനികളായോ ഹിന്ദുക്കളായോ മുസ്ലീമുകളായോ ജനിക്കുന്നില്ല.മാതാപിതാക്കളുടെ അഭീഷ്ടപ്രകാരം കുഞ്ഞുങ്ങളെ ഓരോ മതത്തിന്റെ തടവറയില്‍ തളച്ചിടുകയാണ് ചെയ്യുന്നത്.ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമോ നിര്‍ബന്ധപൂര്‍വ്വമോ പ്രലോഭനങ്ങള്‍ക്ക് വശംവദരായോ പില്‍ക്കാലത്ത് മറ്റു മതങ്ങളെ ആശ്ലേഷികാറുണ്ട്.അവരുടെ അടുത്ത തലമുറ പുതിയ മതത്തിന്റെ മുള്‍ക്കാട്ടില്‍ വളരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

മതവിശ്വാസികളായാല്‍ പിന്നെ മരണം വരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മലിനജലത്തില്‍ മുങ്ങി താഴുകയേ വഴിയുള്ളൂ.എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനുള്ള കഴിവ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത് അങ്ങനെയാണ്.

ചിലര്‍ ഈ കുടുക്കില്‍ നിന്നും കുതറിമാറി മാനവികതയുടെയും വിശുദ്ധപ്രകൃതിയുടെയും പവിത്രനദിയില്‍ സ്നാനം ചെയ്യാറുണ്ട്.ചിലരാകട്ടെ അടിസ്ഥാനദൈവവിശ്വാസം ഉപേക്ഷിക്കതെ തന്നെ മതത്തിന്റെ കരാളമുഖമായ പൌരോഹിത്യം സമ്മാനിക്കുന്ന കെണികളെ തള്ളി പറഞ്ഞ് ഭാഗികമായെങ്കിലും രക്ഷപെടാറുണ്ട്. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ അത്രയും നല്ലതെന്ന അഭിവാദനരീതിയാണ് സ്വീകരിക്കേണ്ടത്.

പൌരോഹിത്യം കണക്കു തീര്‍ക്കുന്നത് കുടുംബങ്ങളില്‍ വിവാഹവും മരണവും സംഭവിക്കുമ്പോഴാണ്.വിവാഹവും മരണവും ചടങ്ങുകളുടെ ദുര്‍ഗന്ധക്കുടക്കീഴില്‍ കൊണ്ടാടാന്‍ തീരുമാനിച്ചാല്‍ പള്ളിക്കുള്ളത് പിഴ സഹിതം പള്ളിക്കെന്നുപറഞ്ഞ് പൌരോഹിത്യം പള്ളയും തുറന്നു വരും.

ഈ അക്രാന്തപാതിരി രീതിയെ പുറങ്കാലു കൊണ്ട് തട്ടിയെറിഞ്ഞ ധൈര്യശാലികള്‍ കേരളത്തില്‍ പിറന്നിട്ടുണ്ട്.മരണാനന്തരം തങ്ങളുടെ നിശ്ചലശരീരം പള്ളിക്കഴുകനിലത്തിലേക്കെറിയരുതെന്ന് സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞ പ്രതിഭകളാണവര്‍.ക്രിസ്തുമത പരിസരത്ത് ജനിച്ചുവളരുകയും അതിന്റെ ഇത്തിരിവെട്ടം ഉപേക്ഷിച്ച് മനുഷ്യവിമോചനത്തിന്റെ വിശാലസ്ഥലങ്ങളിലേക്ക് തലയുയര്‍ത്തി നടന്നുപോവുകയും ചെയ്ത മഹാന്മാര്‍.തങ്ങളുടെ നിശ്ചലശരീരം പള്ളി സിമിത്തേരിയിലേക്ക് വിട്ടുകൊടുക്കാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.പൂര്‍ണ്ണമായി അന്യനു വേണ്ടി വിനിയോഗിക്കപ്പെട്ട നിസ്വാര്‍ത്ഥ ജീവിതമായിരുന്നു അവരുടേത്.ചെങ്കൊടി കൈയ്യിലേന്തി ഇരുട്ടിലേക്ക് നടന്നു ചെന്ന ടി വി തോമസ്, കെ സി ജോര്‍ജ്, ജോര്‍ജ് ചടയം‌മുറി, പി ടി പുന്നൂസ് തുടങ്ങിയവരുടെ നിശ്ചലശരീരം ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ പുന്നപ്ര രക്തസാക്ഷികളുറങ്ങുന്ന വിശുദ്ധനിലത്താണ് മറവുചെയ്യപ്പെട്ടത്.തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനായി ജീവിതം സമര്‍പ്പിച്ച എ പി വര്‍ക്കിയുടെയും മത്തായി ചാക്കോയുടെയും നിശ്ചലശരീരം രക്തപതാകയില്‍ പുതപ്പിച്ച് പാര്‍ട്ടി ഓഫീസിന്റെ പരിസരത്താണ് മണ്ണോട് ചേര്‍ത്തത്.

ക്രിസ്തുമതത്തിന്റെ അകത്തളങ്ങളില്‍ പിറക്കുകയും എല്ലാ മതങ്ങളെയും ദൈവവും ചെകുത്താനുമുള്‍പ്പെടെയുള്ള അബദ്ധ വിശ്വാസങ്ങളെയും ഉപേക്ഷിക്കുകയും ചെയ്ത എ ടി കോവൂര്‍,എം സി ജോസഫ്, ഇടമറുക്,ടി പി ഞാളിയത്ത്, ജോണ്‍ ടി മുരിക്കനാനി, കെ യു അലക്സാണ്ടര്‍,വില്യം ഫ്ലെച്ചര്‍ തുടങ്ങിയവരുടെ വിശുദ്ധ മൃതശരീരങ്ങള്‍ കുട്ടികള്‍ക്ക് കീറിമുറിച്ച് പഠിക്കാനായി വൈദ്യശാസ്ത്ര വിദ്യാലയങ്ങള്‍ക്ക് നല്‍കുകയായിരുന്നു.പൌരോഹിത്യത്തെയും അന്ധവിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ കൊല്ലത്തെ എഫ് ലായിയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബികടലോരത്ത് ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.

ജീവിതാന്ത്യം വരെ പള്ളിയെയും വിശുദ്ധ വ്യവസ്ഥിതിയെയും എതിര്‍ത്ത കഥാകാരന്‍ പൊന്‍‌കുന്നം വര്‍ക്കി സ്വന്തം വീട്ടുമുറ്റത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ലോകപ്രസിദ്ധനായ കാര്‍ട്ടൂണീസ്റ്റ് അബു എബ്രഹാം പൌരോഹിത്യത്തെ തൃണവല്‍ഗണിച്ച് തിരുവനന്തപുരത്തെ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.

വിശ്വാസികളായിരുന്നെങ്കിലും വിഭാഗീയതയുടെ നിദര്‍ശനമായ പള്ളി സിമിത്തേരികളില്‍ കുഴിച്ചിടപ്പെടാന്‍ വിമുഖത കാട്ടിയവരെയും കേരളം കണ്ടിട്ടുണ്ട്.പ്രശസ്ത ദന്തചികിത്സകനായിരുന്ന ഡോ പോള്‍ ക്രിസ്‌റ്റ്യന്റെ മൃതശരീരം വത്തിക്കാനില്‍ നിന്നും മുന്‍‌കൂട്ടി വാങ്ങിവെച്ചിരുന്ന അനുമതിപ്രകാരം തീജ്ജ്വാലകള്‍ക്ക് നല്‍കുകയായിരുന്നു.പ്രമുഖ ഹോട്ടല്‍ വ്യവസായിയായ ഇടമറ്റം കുരിവിനാല്‍ക്കുന്നേല്‍ ഡൊമിനിക്ക് ജോസഫിന്റെ മൃതദേഹം സഭയുടെ അനുമതിയോടെ എറണാകുളം പനമ്പിള്ളി നഗറിലെ പൊതുശ്മശാനത്തിലാണ് ദഹിപ്പിച്ചത്.

കൈയ്യില്‍ വന്നുപെട്ട ധിക്കാരികളുടെ മൃതശരീരത്തെ തെമ്മാടിക്കുഴിയിലടക്കി പാഠം പഠിപ്പിക്കാനും സഭ മറന്നിട്ടില്ല.മലയാള സാഹിത്യത്തിനു ദിശാബോധം നല്‍കിയ എം പി പോളാണ് ഉദാഹരണം.

ക്രിസ്തു ദര്‍ശനത്തില്‍ ഉറച്ചു നിന്നുകൊണ്ട് പൌരോഹിത്യത്തിനെതിരേ പോരാടുന്ന ആദരണീയനായ വ്യക്തിയാണ് ജോസഫ് പുലിക്കുന്നേല്‍.പാലാ സഹൃദയ സമിതിയുടെ വാര്‍ഷികത്തിന് വന്ദ്യവയോധികനായ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടത് അഭിമാനതോടെ ഞാന്‍ ഓര്‍ക്കാറുണ്ട്.ഭക്തിയും അന്ധവിശ്വാസവുമില്ലാതെ ഒരു ഉത്തമ സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ വായിക്കാവുന്ന ബൈബിള്‍ തനിമ ചോരാതെ നമ്മള്‍ക്ക് തന്നത് അദ്ദേഹമാണല്ലോ.ജോസഫ് പുലിക്കുന്നേലിന്റെ ഭാര്യ കൊച്ചുറാണി ഈയിടെ മരിച്ചപ്പോഴും അദ്ദേഹം സ്വന്തം നിലപാടില്‍ ഒരു മാറ്റവും വരുത്തിയില്ല.സീറോ മലബാര്‍ സഭയെ പുറത്തു നിര്‍ത്തിക്കൊണ്ട് സ്വന്തം പ്രേയസിക്കായി അദ്ദേഹം കുടുംബവീടിന്റെ കിഴക്കുവശത്ത് ചിതയൊരുക്കുകയായിരുന്നു.

നോക്കൂ,കേരളത്തിനെ മുകളിലുള്ള ആകാശത്തു നിന്നും തീമഴ പെയ്യുന്നില്ല.കേരളം വിണ്ടുകീറി ആരും.ഒരു സത്യക്രിസ്ത്യാനിയോ മറ്റു കഠിനമത വിശ്വാസികളോ വിപ്ലവകാരികളോ പാതാളത്തിലേക്ക് വീഴുന്നില്ല.മതം മനുഷ്യരെ വിരട്ടുന്നത് നരകത്തിലെ തിളച്ചു മറിയുന്ന എണ്ണ കാണിച്ചിട്ടാണല്ലോ.ബൈബിള്‍ നന്നായി പഠിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേലിനും മറ്റുള്ളവര്‍ക്കും സ്വര്‍ഗ്ഗനരകങ്ങള്‍ എന്താണെന്നും നന്നായിട്ടറിയാം.

ജോസഫ് പുലിക്കുന്നേലിന് 70 വയസ്സു തികഞ്ഞപ്പോള്‍ സ്വന്തം മരണാനന്തര കാര്യങ്ങളെക്കുറിച്ച് ഒരു ലഘുലേഖ പ്രസദ്ധീകരിച്ചിരുന്നു.മൃതശരീരം വീട്ടുവളപ്പില്‍ ദഹിപ്പിക്കണമെന്നാണ് ആ ലഘുലേഖയില്‍ അദ്ദേഹം രേഖപ്പെറുത്തിയിട്ടുള്ളത്. റീത്തോ ശിരസ്സു ഭാഗത്ത് കുരിശോ തിരിയോ വയ്ക്കരുതെന്നും അതില്‍ പറഞ്ഞിട്ടുണ്ട്.മതപരമായ ചടങ്ങുകള്‍ തീരെ പാടില്ലെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

മതത്തെ യുക്തിയോടെ സമീപിക്കുന്ന വിശ്വാസിക്കുപോലും മതം പൌരോഹിത്യത്തിന്റെ പടുകൂറ്റന്‍ തട്ടിപ്പാണെനന്നു ബോധ്യപ്പെടുക തന്നെ ചെയ്യും.ദൈവം മതത്തിന്റെ വാണിജ്യമുദ്ര മാത്രമാണെന്നറിയാന്‍ കുറച്ചു ദൂരം കൂടി ചിന്തിച്ചാല്‍ മതിയാകും.മൃതദേഹം പള്ളി ശ്മ്ശാനത്തു തന്നെ സംസ്കരിക്കണമെന്നത് മതപരമായ ഒരു മലിന ചിന്ത മാത്രമാണ്. ആ ചിന്തയുടെ ഇരിപ്പടം മനുഷ്യനില്‍ നിന്നും വളരെ അകലെയുമാണ്.