Saturday, November 24, 2007

അരവണചരിതം സു(ധാകര)ഭാഷിതം.

റേഡിയോയില്‍ സുഭാഷിതം എന്നൊരു പരിപാടിയുണ്ട്.രാവിലെ ആറിന്.അത് കേട്ട് ദിനം തുടങ്ങുക എന്നത് ഉന്‍‌മേഷദായകമായിരുന്നു.കാലാന്തരേ റേഡിയോ കേള്‍ക്കുന്ന പതിവും വെളുപ്പിന് എഴുന്നേല്‍ക്കുന്ന പതിവും ഇല്ലാതായി.കാലം വരുത്തിയ മാറ്റങ്ങള്‍.ജീവിതത്തിന്റെ യാന്ത്രികത ജീവിതത്തിലെ കൊച്ചു കൊച്ചു നന്‍‌മകളെയും സുഖങ്ങളെയും സന്തോഷങ്ങളെയും നാമറിയാതെ തന്നെ ഇല്ലാതാക്കുകയാണല്ലോ.

മന്ത്രി സുധാകരന്റെ പ്രിയ പത്നി ശ്രീമതി ജൂബിലി നവപ്രഭ 5 കൊല്ലം എന്റെ അധ്യാപികയായിരുന്നു.അതില്‍ 2 കൊല്ലം അവര്‍ എന്റെ ക്ലാസില്‍ പഠിപ്പിച്ചിരുന്നു.അച്ചടക്കമില്ലെങ്കിലും അക്കാദമിക മികവുള്ളതു കൊണ്ടാവും എന്നോട് വളരെ വാത്സല്യപൂര്‍വ്വം പെരുമാറിയിരുന്നു.എന്റെ മാതാപിതാക്കളുമായും മന്ത്രിക്കും പത്നിക്കും അടുത്ത പരിചയമുള്ളതു കൊണ്ടും കൂടിയാവാം ആ വാത്സല്യം.

സുഭാഷിതത്തിനു പകരം ഇന്നു കേരളം കേട്ടാസ്വദിക്കുന്നത് ശ്രീ സുധാകരന്റെ ഭാഷിതങ്ങളാണ്.നിര്‍മമതയോടെ ചില സത്യങ്ങള്‍ തുറന്നു പറയുന്ന ആള്‍ എന്ന ഇമേജ് മന്ത്രിക്ക് കിട്ടിയപ്പോഴും പലരും ചോദിച്ചു “ഇതല്‍പ്പം കടന്നു പോയില്ലേ”.കലാന്തരത്തില്‍ അങ്ങനെ സംശയിക്കുന്നവരുടെ എണ്ണം കൂടി വന്നു.

ആദ്യം ഞാനും കരുതിയത് സുധാകരനു അഴിമതി എന്ന് കേട്ടാല്‍ അലര്‍ജി ആണെന്നും അഴിമതി ആരോപിക്കപെടുന്നവരോട് പോലും സഹവസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നുമാണ്.പക്ഷെ പിന്നീട് മനസ്സിലായി അദ്ദേഹത്തിന് മറ്റു പാര്‍ട്ടിയിലെ അഴിമതിക്കാരെ മാത്രമേ കണ്ണില്‍ പിടിക്കു എന്നും ലാവ്‌ലിനൊന്നും കാണാന്‍ പറ്റില്ലെന്നും.ഡിഗ്രിക്ക് അക്കൌണ്ടന്‍സിക്ക് 100ല്‍ 17ഉം പിന്നെ ഇമ്പ്രൂവ്മെന്റില്‍ 23ഉം കിട്ടുന്ന കുട്ടിക്ക് എത്ര അക്കാദമിക്ക് മിടുക്കുണ്ടാവും എന്നു ശ്രീമതിയോട് ഒന്നു ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം പിണറായിയുടെ പുത്രന്റെ ബിര്‍മ്മിംഹാം പഠനത്തെ വിമര്‍ശിച്ച സാറാ ജോസഫിനെ ചീഞ്ഞവെള്ളത്തിലെ തവള എന്നു വിളിക്കുമായിരുന്നുവോ?

വിളിക്കുമായിരുന്നു എന്നുത്തരം.കാരണം അദ്ദേഹത്തെ നയിക്കുന്നത് അഴിമതി വിരുദ്ധ ആശയമൊന്നുമല്ല.ചില രഹസ്യ അജണ്ടകളാണ്.ആ അജണ്ടയുടെ ഭാഗമായാണ് അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ആലപ്പുഴയില്‍ സദാ സിപിഐ-സിപി എം സംഘര്‍ഷം നിലനിന്നിരുന്നത്.അന്നത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.പുരുഷോത്തമന്‍ സുധാകരനെക്കാള്‍ അധികം സാരസ്വതം സേവിച്ചിരുന്നതു കൊണ്ട് നല്ല മുന്തിയ ഇനം ജിഹ്വാവിലാസമാണ് നടന്നിരുന്നത്.ഒരു പരിധി വരെ സുധാകരന് ആയുധം താഴെ വെയ്ക്കേണ്ടി വന്നു.

ആലപ്പുഴയില്‍ ഇരു കമ്മ്യൂ.പാര്‍ട്ടികളക്കും പരസ്പരം കണ്ണിനു കണ്ടുകൂടാ.കേരള തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പിതൃഭൂമിയില്‍ പിളര്‍പ്പിന്റെ ഇമ്പാക്റ്റ് വളരെ വലുതായിരുന്നു.രക്തസാക്ഷികളുടെ സ്വപ്നം തകര്‍ത്തവരാണ് പിളര്‍പ്പന്‍‌മാരെന്നു സി.പി.ഐ കരുതിയപ്പോള്‍ രക്തസാക്ഷികളുടെ നേരവകാശികള്‍ അതിവിപ്ലവകാരികളായ തങ്ങള്‍ മാത്രമാണെന്ന് സി.പി.എമ്മും കരുതുന്നു.രക്തസാക്ഷി സ്മൃതിക്കു നേരെ പല്ലിളിച്ചു കൊണ്ട് 2 മണ്ഡപങ്ങള്‍ നില്‍ക്കുന്ന അശ്ലീല കാഴ്ച്ചയും ആലപ്പുഴയ്ക്ക് സ്വന്തം.ഇതിനു ഒരു പൈങ്കിളി പരിവേഷം നല്‍കി ബാക്ക് ഡ്രോപ്പായി റ്റിവി -ഗൌരി ബന്ധവും മറ്റും.അച്ഛന്‍ ഒരു വശത്തും മകന്‍ മറു വശത്തുമായി, സഹോദരര്‍ ഇരു ചേരിയിലായി,പല സ്ഥലങ്ങളിലും കുടുംബ ബന്ധങ്ങള്‍ പോലും 65ലും 69-79 കാലത്തും വഷളായി.കാര്യങ്ങള്‍ മെച്ചപ്പെട്ടപ്പോഴും സുധാകരനെ പോലുള്ളവര്‍ ആ വൈരാഗ്യം സൂക്ഷിക്കുന്നു.കിട്ടിയ ചാന്‍സുകളില്‍ പരസ്പരം പണിയുന്നു.

പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റപ്പോള്‍ മുതല്‍ സുധാകരന്‍ അതിലെ 2 അംഗങ്ങളെ ചവുട്ടി താഴ്ത്താനും അഴിമതിക്കാരെന്നു വരുത്തി തീര്‍ക്കാനും ശ്രമിക്കുകയായിരുന്നു.അംഗങ്ങള്‍ക്ക് വീടും വാഹനവും നല്‍കുന്നത് കൊണ്ടാണ് അവര്‍ അഴിമതിക്കാരാകുന്നത്,അതിനാല്‍ പ്രസിഡന്റിനു മാത്രം വണ്ടിയും വീടും.ചോക്ലേറ്റ് തിന്നുന്നത് കൊണ്ട് പല്ല് ചീത്തയാകുന്നത് എന്നു പറയും പോലെ എത്ര എളുപ്പം മന്ത്രി അഴിമതിയുടെ കാരണം കണ്ടു പിടിച്ചു.അല്ലാതെ പ്രസിഡന്റ് സ്വന്തം പാര്‍ട്ടിക്കാരനായതു കൊണ്ടല്ല.

അടുത്തത് പി.നാരായണന്‍ എന്ന സി.പി.ഐ നോമിനി ശബരിമലയില്‍ നിന്നു ഓസിനു അരവണ വാങ്ങി നക്കി എന്നായി മന്ത്രി,ഇതൊക്കെ വരുന്നത് അതിസുന്ദരമായ വാഗ്‌വിലാസത്തിലാണ്.നാരായണന്‍ താന്‍ അരവണ വാങ്ങി നക്കിയതിന്റെ ബില്ല് പത്രസമ്മേളനം വിളീച്ചു കാട്ടി.അതോടെ അതിന്റെ കാറ്റു പോയി.

ഇതിനിടയില്‍ ദേവസ്വം ബോര്‍ഡില്‍ മെംബറുമാരുടെ മുറി പൂട്ടി കൊണ്ടു പോവുക,കാര്‍ പിടിച്ചെടുക്കുക തുടങ്ങിയ തറ വേലകള്‍ പ്രസിഡന്റിനെ കൊണ്ട് കാണിപ്പിച്ചു.പി.നാരായണന്‍ വൈക്കം മാര്‍ക്കറ്റിലെ പഴയ ലോഡിംഗ്‌കാരനാണ്.അദ്ദേഹത്തിന്റെ വായില്‍ നിന്നും മന്ത്രിക്കു ചേര്‍ന്ന നിലവാരത്തിലുള്ള മാര്‍ക്കറ്റ് പദാവലികള്‍ ഒഴുകി തുടങ്ങി.

ഗുപ്തന്‍ എന്ന ദേവസ്വം അധ്യക്ഷന്‍ ഇ.എം.എസിന്റെ പുയ്യാപ്ലയാണ്.പണ്ട് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്റ്ററായിരുന്നു.അന്നു മന്ത്രി ആയിരുന്ന കൊട്ടാരക്കര കീഴൂട്ടു ബാലന്‍ പിള്ളയച്ചനായിരുന്നു പുള്ളിയുടെ കാണപ്പെട്ട ദൈവവും ഭവനത്തിന്റെ ഐശ്വര്യവും.ഇന്നത് സുധാകരനായിരിക്കുന്നു.അപ്പോള്‍ കാണുന്നവനെയും അന്നം തരുന്നവനെയും അപ്പാ എന്നു വിളിച്ചില്ലെങ്കിലും അഫ്ഫാ എന്നെങ്കിലും വിളിക്കേണ്ടേ തിരുമുല്‍പ്പാട്.

നാ‍രായണനും അതുവഴി സിപിഐക്കും മറുപണി കൊടുക്കാന്‍ ആഞ്ഞിരിക്കുമ്പോഴാണ് മംഗളം പത്രം അരവണയില്‍ കല്ലുകടിക്കുന്നു,ചീഞ്ഞു നാറുന്നു എന്നോക്കെ പറഞ്ഞ് രംഗത്തു വന്നത്.സി.പി.ഐ വിരോധം മുറ്റിയ പത്രമാണ് മംഗളമെങ്കിലും ആരോപണത്തിന്റെ കുന്തമുന ആര്‍.എസ്.പിക്ക് നേരെ ആയിരുന്നു.

ഏതായാലും മണ്ഡലത്തിലെ ആദ്യ ദിനം തന്നെ അരവണ വിതരണം തകര്‍ന്നു തരിപ്പണമായി.അതില്‍ ഒരു പാട് അട്ടിമറി ഉള്ളതായി പറയപ്പെടുന്നു.മെഷ്യന്‍ പറഞ്ഞ ദിവസം ഹാന്‍‌ഡ് ഓവര്‍ ചെയ്തില്ല,തന്നപ്പോള്‍ അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നൊക്കെ പുതിയ കരാറുകാരന്‍ പറയുന്നു.ശൂന്യതയില്‍ നിന്നു അരവണയെടുക്കാന്‍ അയാള്‍ സായിബാബ ഒന്നുമല്ലല്ലോ.

ഇതൊന്നും കരാറിലെ അഴിമതി കൊണ്ടല്ല.മറിച്ച് ദേവസ്വം എന്ന ഈജിയന്‍ തൊഴുത്തിലെ താപ്പാനകളുടെ കളി മൂലം ആണെന്ന് വ്യക്തം.മെഷീന്‍ ഹാന്‍‌ഡ് ഓവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ദേവസ്വം എഞ്ചിനീറും മറ്റുമാണ് ഉത്തരം പറയേണ്ടത്.സമഗ്രമായ ഒരു അന്വേഷണം ആവശ്യം തന്നെ.സാമന്യബുദ്ധിയുള്ളവര്‍ ആരും എതിര്‍ക്കില്ല.

മേല്‍പ്പറഞ്ഞ അരവണ കരാര്‍ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചതാണ്.അന്ന് പ്രസിഡന്റിന് എതിര്‍പ്പുള്ളതായി മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല.അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കില്‍ ഒന്നിലേറെ വഴികളുണ്ട്.

1.എതിര്‍ത്ത് വോട്ട് ചെയ്യാം
2.ഡിസന്റിംഗ് നോട്ട് എഴുതാം
3.തന്റെ സംശയങ്ങള്‍ രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെടാം
4.തീരുമാനമെടുക്കാതെ യോഗം പിരിച്ചു വിടാം,അത് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷണറോട് ആവശ്യപ്പെടാം,അല്ലെങ്കില്‍ സ്വയം അങ്ങനെ ചെയ്യാം.

ഇതൊന്നും ചെയ്യാതെ അദ്ദേഹം ഇന്നു പറയുന്നു ഭൂരിപക്ഷത്തിനു വഴങ്ങുകയായിരുന്നു താന്‍ ചെയ്തതെന്ന്.ഭൂരിപക്ഷം പറഞ്ഞാല്‍ എന്ത് അധാര്‍മ്മികതയ്ക്കും അദ്ദേഹം വഴങ്ങുമോ?

അപ്പോള്‍ അങ്ങനെ ഒന്നും ചെയ്യാതെ വഴങ്ങി കൊടുത്ത ഗുപ്തനെ ഒഴിവാക്കി അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായി എന്തു സംഭവിക്കും? മറ്റു പാര്‍ട്ടികള്‍ എതിര്‍ക്കും.അങ്ങനെ സി.പി.ഐ മറ്റൊരു അന്വേഷണം കൂടി അട്ടിമറിച്ചു എന്ന് വിളിച്ചു കൂ‍വാം.അതിന്റെ ആദ്യവെടി എന്ന നിലയില്‍ മന്ത്രി പറയുന്നു-അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അത് എഴുതി തന്നാല്‍ അങ്ങനെ ചെയ്തേക്കാമെന്ന്.അഴിമതിക്കരെന്ന് സാറ് അങ്ങ് തീരുമാനിച്ച് കഴിഞ്ഞെങ്കില്‍ പിന്നെ എന്തിന് അന്വേഷണം? അങ്ങ് തൂക്കി കൊല്ലണം സര്‍.

പാര്‍ട്ടി അങ്ങനെ എഴുതി തന്നതിനാലാണോ ലാവ്‌ലിന്‍ ആരോപിതനായ സെക്രട്ടറിയെ അങ്ങ് സംരക്ഷിക്കുന്നത്? 100ല്‍ 23 മാര്‍ക്കുകാരന്‍ ബുദ്ധിജീവിയുടെ ബര്‍മ്മിംഹാം ഉപരിപഠനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നത്.അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ ചൊറിഞ്ഞ് തടിക്കുന്ന മാന്യമന്ത്രി ഉത്തരം പറയണം.

ഗ്രൂപ്പുകള്‍ക്കിടയില്‍ ചാടി കളിക്കുന്ന കുഞ്ഞിരാമനായ മന്ത്രിക്ക് ഇ.എം.എസിന്റെ പുയ്യാപ്ലയെ തൊടാന്‍ സകലാംഗം വിറയ്ക്കും.എന്നാല്‍ പിന്നെ കിടക്കട്ടെ സഖ്യകക്ഷികളുടെ നെഞ്ചത്ത് മന്ത്രിയുടെ അഴിമതി വിരുദ്ധ ഗ്വാ ഗ്വാ.

അദ്ദേഹം പറയുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നാരായണന്‍ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാന്‍ യോഗ്യനല്ല എന്നു.അദ്ദേഹം പറയുന്നു എങ്ങനെ ദേവസ്വം ഭരിക്കണമെന്ന് പി.കെ.ചന്ദ്രാനന്ദന്‍ തെളിയിച്ചിട്ടുണ്ടെന്ന്.അതില്‍ തന്നെ ഇല്ലേ ഒരു വലിയ വിവരക്കേട്? .പി.കെ.ചന്ദ്രാനന്ദന്‍ ദേവസ്വം പ്രസിഡന്റായപ്പോഴും ദൈവനാമത്തില്‍ ആയിരിക്കും പ്രതിജ്ഞ എടുത്തത്(ദേവസ്വം ബോര്‍ഡില്‍ ദൃഡ പ്രതിജ്ഞ പറ്റില്ലല്ലോ)സ: പി.കെ.ചന്ദ്രാനന്ദന്‍ ഇന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ആണ്.സുധാകരന്റെ മാനദണ്ഡത്തില്‍ വന്ദ്യവയോധികനായ ഈ പുന്നപ്ര വയലാര്‍ സമര സേനാനിയും കമ്യൂണീസ്റ്റെന്നു അവകാശപ്പെടാന്‍ യോഗ്യനല്ലല്ലോ.

ഞങ്ങളുടെ ബാല്യകാലത്ത് ഞങ്ങളുടെ അടുത്ത് ഒരു വൃദ്ധ തനിച്ച് താമസിച്ചിരുന്നു.അവരുടെ വിശാലമായ പറമ്പില്‍ കയറി പറങ്കി മാങ്ങാ പറിക്കുക കുട്ടികളുടെ വിനോദമായിരുന്നു.അതു കാണുമ്പോള്‍ തള്ള ഓടിയെത്തും ചിലപ്പോള്‍ കല്ലെറിയും.അതൊന്നും ഏല്‍‌ക്കാതെ ദൂരെ മാറി നില്‍ക്കുന്ന കുട്ടികളെ അവര്‍ പ്രാകും-നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.

വളരെ കാലം മുന്‍പ് മരിച്ച അവരെ എനിക്ക് കഴിഞ്ഞ നാള്‍ ഓര്‍മ്മ വന്നു.സുധാകരനെ വിമര്‍ശിച്ച 80 കാരന്‍ സി.പി.ഐ സെക്രട്ടറി വെളിയം ഒരു കാലത്തും ഗുണം പിടിക്കില്ലത്രേ.1945-52 കാലത്ത് കൊല്ലത്തും തിരുവനന്തപുരത്തും സിപിയുടെയും പറവൂര്‍ റ്റികെ നാരായണപിള്ളയുടെയും കൂലി പോലീസിന്റെയും കോണ്‍ഗ്രസ്-ജന്മി ഗുണ്ടകളുടെയും ബൂട്സിനടിയില്‍ വെളിയം ഭാര്‍ഗ്ഗവന്‍ എന്ന ഉശിരുള്ള ചെറുപ്പാക്കാരന്റെ വാരിയെല്ലുകള്‍ ഞെരിഞ്ഞൊടിയുമ്പോള്‍,കമ്മ്യൂണിസത്തിനായി അദ്ദേഹം ഇഹലോകാന്ത്യം വരെ അവശേഷിക്കുന്ന പീഡനശതങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ സുധാകരന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ഞരമ്പിലോ അതോ വള്ളി നിക്കറിട്ട് ഓണാട്ടുകരയിലെ വരമ്പിലോ ഓടുകയായിരുന്നു.പരലോകവിശ്വാസിയല്ലാത്ത വെളിയം ഇനി എന്ത് ഗുണം പിടിക്കാന്‍?അല്ലെങ്കില്‍ തന്നെ 1957ല്‍ എം.എല്‍.എ ആയ അദ്ദേഹത്തിന് മന്ത്രിയോ മറ്റോ ആയി ഗുണം പിടിക്കാനോ ഭാര്യയുടെ പേരില്‍ സിംഗപ്പൂര്‍ എക്സ്പോര്‍ട്ട് കമ്പിനി തുടങ്ങാനോ മക്കളെ ബര്‍മിംഗ്‌ഹാമില്‍ അയച്ച് മാനേജ്മെന്റ് സിംഹങ്ങളാക്കാനോ താല്‍പ്പര്യമില്ലെന്നു തോന്നുന്നു.മണ്ടന്‍ തന്നെ.

1969ല്‍ ഇതു പോലെ ഒരു കുരുട്ടു ബുദ്ധി അന്നത്തെ മുഖ്യനു തോന്നി.ദീര്‍ഘകാലം തന്റെ സഖാക്കളായിരുന്ന റ്റിവിക്കിട്ടും എം.എന്നിട്ടും ഒന്നു പണിയണമെന്ന് നമ്പൂതിരിപ്പാടിനു തോന്നി.കാര്യമൊന്നുമില്ല,സി.പി.ഐയോടുള്ള ചൊറിച്ചില്‍ മാത്രം.ഫലമോ 11 കൊല്ലം പ്രതിപക്ഷത്തിരുന്നു ചൊറികുത്തി പഴുപ്പും മണത്ത് ഇരിക്കേണ്ടി വന്നു തിരുമേനിക്കും കൂട്ടര്‍ക്കും.

ഓര്‍മ്മകളുണ്ടായിരിക്കണം

Wednesday, November 21, 2007

ബന്ദുകാലത്തെ പ്രണയം

അന്നു നമ്മൂടെ സ്വന്തം കക്ഷിയുടെ ബന്ദായിരുന്നു.വിദ്യാഭ്യാസകാലത്ത് ബന്ദ് ഒരു അനുഗ്രഹവും ആവേശവുമായിരുന്നു.രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍ക്കുന്ന ക്രിക്കറ്റ് റ്റെസ്റ്റ് സംഘടിപ്പിച്ചായിരുന്നു ഞങ്ങള്‍ അക്കാലങ്ങളില്‍ ബന്ദ് ആഘോഷിച്ചിരുന്നത്.

പതിവു പോലെ അത്തവണയും ഉത്സാഹ കമ്മിറ്റിയുടെ കണ്‍‌വീനര്‍ ബാബുക്കുട്ടന്‍ തലേന്നു തന്നെ മതിലിനു വെളിയില്‍ വന്നു ഞൊട്ടി വിളിച്ച് നാളത്തെ പരിപാടി ഉറപ്പിച്ചിരുന്നു.രാവിലെ മുതല്‍ ഉച്ചവരെ 56 എന്ന ചീട്ടുകളി,ഉച്ചയ്ക്ക് ശേഷം ഫുള്‍ ക്വാറം ക്രിക്കറ്റ് കളി,വൈകുന്നേരം മുന്‍‌കൂട്ടി കരുതിയ ബിജോയ്സ് ഷെയര്‍ ചെയ്ത ശേഷം കടലില്‍ അല്ലെങ്കില്‍ കായലില്‍ കുളി.

പക്ഷെ എന്തോ എനിക്ക് അന്നത്തെ ബന്ദില്‍ ഒരു ഉത്സാഹവും തോന്നിയില്ല.രാവിലെ ഉള്ള ട്യൂഷന്‍ ക്ലാസ് കളയാന്‍ ഒരു മടി.പഠിക്കനുള്ള അദമ്യമായ പൂതി കൊണ്ടൊന്നുമല്ല. ആയിടെയാണ് 2 നീണ്ട പെണ്‍ കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കു തോന്നി തുടങ്ങിയത്,തികച്ചും ഏകപക്ഷീയമായ ഒരു തോന്നലാവാം അത്.എങ്കിലും പ്രണയരഹിതവും അതിനാല്‍ തന്നെ സ്വപ്നരഹിതവും ആയ ജീവിതം നയിച്ചു പോന്ന മറ്റേതു മലയാളി യുവാവിനെയും പോലെ എനിക്കും ആ കണ്ണുകള്‍ ഒരു മരുപ്പച്ച ആയിരുന്നു.

നഗരത്തില്‍ തന്നെ താമസിക്കുന്ന അവള്‍ക്ക് ക്ലാസില്‍ എത്താന്‍ ബുദ്ധിമുട്ടില്ല.സാധാരണ കാറില്‍ അവളെ കൊണ്ടു വിടുകയാണ് പതിവ്.കാറില്ലെങ്കിലും അവള്‍ക്ക് എത്താവുന്ന ദൂരമേ ഉള്ളൂ.പക്ഷെ എന്റെ കാര്യം അതല്ല.20 കിലോമീറ്ററുകള്‍ താണ്ടി വരണം.ഹര്‍ത്താല്‍/ബന്ദു ദിനങ്ങളില്‍ ബൈക്കെടുക്കാന്‍ അച്ഛന്‍ സമ്മതിക്കില്ല എന്നത് മൂന്നു തരം.ബസുമില്ല.എങ്കിലും എങ്ങനെയും അവിടെ എത്തിയേ തീരൂ.

ഒരു വഴി കണ്ടു.അടുത്ത വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ കടം വാങ്ങി. സൈക്കിള്‍ ഗ്ലാമറിന്റെ അഭാവം മൂലം 6 വര്‍ഷം മുന്‍പ് ഞാന്‍ ദയാരഹിതം ഉപേക്ഷിച്ച വാഹനമാണ്.പെണ്‍കുട്ടികള്‍ക്ക് മുന്നിലൂടെ ബൈക്കില്‍ ചെത്തി പറക്കാ‍നുള്ള മോഹം മൂലമായിരുന്നു അത്.ഇന്ന് ഒരു പ്രണയ സാക്ഷാല്‍ക്കാരത്തിനു സൈക്കിള്‍ തന്നെ ശരണമെന്നായിരിക്കുന്നു.ഇതാണോ ദൈവമേ ഐറണി.

ഡിസംബറിന്റെ ദയാരഹിതമായ മഞ്ഞുകാലം.രാവിലെ അഞ്ചരയ്ക്ക് തന്നെ ഞാനിറങ്ങി.റോഡില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും രാവിലെ കുളിച്ചു തൊഴാന്‍ പോകുന്ന അയ്യപ്പഭക്തര്‍ മാത്രം.ഇരുന്നും എഴുന്നെട്ടു നിന്നും ചവുട്ടി ഞാന്‍ ഒരു വിധം ക്ലാസിലെത്തുമ്പോള്‍ എന്റെ പരിപ്പിളകിയിരുന്നു.കുറേ നാളുകളായി ചെയ്യാത്ത അധ്വാനം അതും തണുപ്പത്ത് ചെയ്തതിനാലാവാം.

ക്ലാസ് ശുഷ്ക്കമായിരുന്നു.നഗരപരിസരത്തുള്ളവര്‍ കൂടി എത്തിയിട്ടില്ല.സാറുമായി ഞാന്‍ കുശലം പറഞ്ഞു നില്‍ക്കുമ്പോഴും കണ്ണുകള്‍ വാതിലില്‍ തന്നെ ആയിരുന്നു.കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു.ദൈവമേ ഇനി ഇവള്‍ വരാതിരിക്കുമോ?

“എങ്കില്‍ നമുക്കു ഉള്ളവര്‍ക്കു തുടങ്ങാം”- സാറിന്റെ വാക്കുകള്‍ എന്നെ കാത്തുനില്‍പ്പിന്റെ ആലോചനാനിര്‍ഭരമായ തപസ്സില്‍ നിന്നുണര്‍ത്തി.

ഇനിയവള്‍ വരില്ല.എന്നില്‍ സംഭരിച്ചു വെച്ചിരുന്ന പോസിറ്റീവ് ഊര്‍ജ്ജം ചോര്‍ന്നു തുടങ്ങി.തിരികെ ചവിട്ടാനുള്ള 20 കിലോ മീറ്റര്‍40 കിലോമീറ്ററായി എവറസ്റ്റ് കൊടുമുടി പോലെ കണ്മുന്നില്‍ നിറഞ്ഞു നിന്നു.സാറ് എന്തോ പുതിയ പ്രോബ്ലം,അതിലെ അഡ്ജസ്റ്റുമെന്റുകള്‍ ഒക്കെ പരിചയപ്പെടുത്തുന്നു.ഒന്നും ഗ്രഹിക്കാന്‍ എനിക്കാവുന്നില്ല.

കൊച്ചമ്മ കാറില്ലെങ്കില്‍ വരില്ലായിരിക്കും,കളയടെ നമ്മുക്ക് പറ്റിയ പാര്‍ട്ടിയല്ല-മനസ്സ് സ്വയം പറഞ്ഞ് കൊണ്ടിരുന്നു

20 മിനിറ്റുകള്‍ക്ക് ശേഷം വാതിലില്‍ ഒരനക്കം മധുരമായ ശബ്ദത്തില്‍-സര്‍ ഞാന്‍ അകത്തേക്ക് വന്നോട്ടെ എന്ന ആംഗലേയവാണി.അതെ അത് അവള്‍ തന്നെ.സംസ്ഥാനസമ്മേളനത്തിന്റെ പ്രകടനം എന്ന പോലെ എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു.

തലയില്‍ ഒരു ചെറിയ കെട്ടുമായി അവള്‍.

എന്തു പറ്റി? ക്ലാസിന്റെ മുഴുവന്‍ ഉദ്വേഗം അവളലേക്ക് നീണ്ടു.

“ഓട്ടോ പിടിച്ചു വരുന്ന വഴി ഏറുകിട്ടി.ചെറിയ ഒരു കല്ലായിരുന്നതിനാല്‍ വലിയ പരിക്കില്ല.അടുത്തു തന്നെ ഒരു കൂട്ടുകാരിയുടെ വീടുണ്ടായിരുന്നു.അവളുടെ അമ്മ ഡ്രസ് ചെയ്തു തന്നു.ക്ലാസില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അവളുടെ പപ്പാ ബൈക്കില്‍ ഇവിടെ ഡ്രോപ്പ് ചെയ്തു”.

“റെസ്റ്റ് എടുക്കാമായിരുന്നില്ലേ.ഇന്ന് പ്രധാനപ്പെട്ട ചാപ്റ്റര്‍ ഒന്നുമില്ല എന്നറിയാമായിരുന്നല്ലോ?”.സാറിന്റെ വാക്കുകളില്‍ ഖിന്നത സ്ഫുരിച്ചു നിന്നു.

അതിന് ഉത്തരം പറയാതെ ഒരു മന്ദഹാസത്തോടെ മെല്ലെ മറ്റു പെണ്‍‌കുട്ടികള്‍ക്ക് അരികില്‍ അവളിരുന്നു. ആ മന്ദഹാസം മായുന്നതിനു മുന്‍പ് തന്നെ അല്‍പ്പം ചരിഞ്ഞ് ഞാനിരിക്കുന്ന ദിശയിലേക്ക് അവള്‍ ഒന്നു നോക്കി.

എല്ലാം നിനക്കു വേണ്ടി എന്ന് ആ മൃദുസ്മേരത്തില്‍ ഉണ്ടായിരുന്നുവോ.ഞാനറിഞ്ഞില്ല.ഹൃദയം കൊണ്ട് അവളുടെ നെറ്റിയിലെ മുറിവില്‍ മൃദുവായി ചുംബിക്കുകയായിരുന്നു ഞാനപ്പോള്‍.

Tuesday, November 20, 2007

മൂക്കിപ്പൊടി മാഹാത്മ്യം (കവിത)

അരയില്‍ നിന്നൊരു ഡപ്പിയെടുത്ത്
ധൂളി മറുകൈവെള്ളയില്‍ പകര്‍ന്ന്
ഇരുവിരലാലതു നുള്ളി സൂക്ഷ്മമായി
ഒന്നു തട്ടികുടഞ്ഞൊട്ട് തലയൊന്ന് ചായ്ച്ച്
പ്രാചീനഗുഹപോല്‍ വിസ്തൃതമയൊരാ
നാസികാന്തരേ നിക്ഷേപിച്ചാഞ്ഞു വലിച്ച്
ഒരുനിമിഷത്തിന്റെ മഹാസമാധി
ജനിമൃതികള്‍ക്കിടയിലെ അര്‍ധവിരാമം
വലിഞ്ഞ തന്ത്രിയുടെ മാത്രാമൌനം

പിന്നെ മസ്തിഷ്ക്കത്തിലെങ്ങോ ഹുംകാര-
മുണര്‍ത്തുന്ന ഭ്രമരത്തെ പുറത്തേക്കെറിയാന്‍
വെമ്പലാര്‍ന്നെന്ന പോല്‍ തലയെറിഞ്ഞൊരു
തുമ്മല്‍,ഹാ മൂക്കിപ്പൊടി മാഹാത്മ്യം

Saturday, October 20, 2007

മനുഷ്യന്‍,മതം,ദൈവം

പലപ്പോഴും ചെവിയില്‍ മുഴങ്ങുന്ന കെ.പി.ഏ.സി യുടെ പഴയ ഒരു അവതരണ ഗാനമുണ്ട്-

ഇരേഴു പതിനാലു ലോകങ്ങള്‍ക്കുമൊരീശ്വരനുണ്ടോ ഇല്ലയോ....

മനുഷ്യന്‍ തന്റെ അസ്തിത്വത്തെകുറിച്ച് ചിന്തിച്ചപ്പോളൊക്കെ ദൈവവും അതില്‍ കഥാപാത്രമായിട്ടുണ്ട്.

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തെക്കാള്‍ മനുഷ്യന് ഒരു ദൈവം ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.അകാശത്തിലല്ല ദൈവമിരിക്കുന്നത്,അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന എന്റെയും നിങ്ങളുടെയും ആകുലതകളിലാണ് ദൈവം.ഗുഹയുടെ മറ്റേ അറ്റത്ത് എവിടെയോ പ്രകാശമുണ്ട് എന്ന പ്രത്യാശയാണ് കടുത്ത ഇരുളിലും ജീവിതത്തെ തപ്പി തടഞ്ഞ് മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.ആ പ്രത്യാശയുടെ ആദ്യകിരണമാണ് വിശ്വസിക്കുക എന്നത്.ആ വിശ്വാസം തന്റെ കഴിവിലാകാം,തന്നെ വിജയിപ്പിക്കുമെന്നു ഒരാള്‍ കരുതുന്ന പ്രത്യയശാസ്ത്രങ്ങളിലാകാം,ഒരു രക്ഷകനിലും ആകാം.പക്ഷെ സ്വയം രക്ഷിക്കാന്‍ തനിക്ക് കഴിയില്ല,പ്രത്യയശാസ്ത്രവും തന്നെ രക്ഷിക്കില്ല എന്നൊരു സന്നിഗ്ദ്ധ ഘട്ടം വരുമ്പോള്‍ പിന്നെ രക്ഷകന്‍ എന്ന മിറക്കിളില്‍ മാത്രമാവും ജീവിതം അതിന്റെ കച്ചി തുരുമ്പു തേടുന്നത്.

മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവി പ്രപഞ്ചത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം രസകരമാണ്.വികാരവിചാരങ്ങളുടെ മണ്ഡലങ്ങള്‍ മനുഷ്യന്റെ അത്ര വികസിക്കാത്തതു കൊണ്ടാവും മറ്റു ജീവജാലങ്ങള്‍ക്ക് ദൈവം ഒരു വലിയ ചിന്താവിഷയമാകാത്തത്.ജീവിച്ചിരിക്കാന്‍ വേണ്ടി ഭക്ഷിക്കുന്നു എന്നതില്‍ കവിഞ്ഞ് ജീവിതത്തില്‍ വലിയ ആനന്ദവും ആസക്തിയും ഇല്ലാത്തതു കൊണ്ട് അവയ്ക്ക് ഇഹലോകത്തോട് വലിയ മമതയോ പരലോകത്തെ കുറീച്ച് വലിയ ആശങ്കകളോ ഇല്ല.ബുദ്ധന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളാണ് ദുഖത്തിന്റെ ഹേതു.ദുഖങ്ങളില്ലെങ്കില്‍ പിന്നെ ദൈവചിന്ത കുറയും എന്ന് കുന്തീദേവി ശ്രീകൃഷ്ണനോട് മഹാഭാരതത്തില്‍ പറയുന്നു.അപ്പോള്‍ മനുഷ്യന്റെ ദുഖത്തിലാണ്, ആശങ്കയിലാണ് ദൈവത്തിന്റെ നിലനില്‍പ്പ്.ഒരു അപവാദമെന്ന പോല്‍ വലിയ സന്തോഷങ്ങള്‍ വരുമ്പോള്‍ ദുഖിതനാകുന്ന ഒരു സുഹൃത്തിനെ ഓര്‍മ്മ വരുന്നു.സുഖത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്തിന് ദുഖഭാവമെന്ന ചോദ്യത്തിന് ഈ സുഖം എക്കാലവും നില നില്‍ക്കുമോ എന്നോര്‍ത്താണ് താന്‍ ദുഖിക്കുന്നത് എന്നയാളുടെ മറുപടി.

ദൈവമെന്ന സങ്കല്‍പ്പം മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു.നല്ല ഒരു അളവു വരെ ധര്‍മ്മം നിലനില്‍ക്കാനുള്ള ഹേതു ദൈവസങ്കല്‍പ്പമാണ്.അതു കൊണ്ട് ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ധാര്‍മ്മികത ഇല്ല എന്ന് വിവക്ഷയില്ല.നിഷ്ക്കാമധര്‍മ്മികളായ അത്തരക്കാര്‍ ദൈവത്തെ ഭയന്ന് ധാര്‍മ്മികത പുലര്‍ത്തുന്നവരേക്കാള്‍ ഒരു പടി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.പക്ഷെ നിയമങ്ങളെ ഭയന്ന് ധര്‍മ്മം പുലര്‍ത്തുന്നവരെക്കാള്‍ അധികമാളുകള്‍ എല്ലാം കണ്ടു കൊണ്ട് ഒരാള്‍ എവിടെയോ ഇരിക്കുന്നു എന്ന ഓഡിറ്റ് ഫിയര്‍ കൊണ്ട് ധര്‍മ്മം പുലര്‍ത്തുന്നു എന്നത് ഒരു സത്യം മാത്രമാണ്.വിപണിയുടെ പ്രലോഭനങ്ങള്‍ അത്തരക്കാരുടെ എണ്ണം കാലക്രമേണെ കുറച്ചേക്കാം.എങ്കിലും ധര്‍മ്മസംസ്ഥാപനത്തില്‍ ദൈവമെന്ന സങ്കല്‍പ്പം അനന്യമായ പങ്ക് വഹിക്കുന്നു.ദൈവമെന്ന സങ്കല്‍പ്പം എന്ന് മനപ്പൂര്‍വ്വം പ്രയോഗിച്ചതാണ്.കാരണം സങ്കല്‍പ്പത്തിനപ്പുറം സത്യമെന്തെന്ന് ഉണ്ടെന്ന് പറയുന്നവര്‍ക്കുമറിയില്ല,ഇല്ലെന്നു പറയുന്നവര്‍ക്കും അറിയില്ല.ഒരുപക്ഷെ നമ്മുടെ ഈ അജ്ഞതയുടെ പ്ലാസന്റായ്ക്കുള്ളില്‍ ലോകാവസാനം വരെ ദൈവം സുരക്ഷിതനായിരിക്കും.

ദൈവമെന്ന ആന്റി-എസ്റ്റാബ്ലിഷ്മെന്റിന് ഒട്ടും ചേരാത്തതാണ് ദൈവത്തെ പോറ്റുന്ന മതം എന്ന എസ്റ്റാബ്ലിഷ്മെന്റ്.അവനവന്റെ ദൈവത്തെ കണ്ടെത്താനുള്ള ഓരോ വ്യക്തിയുടെയും ജീവിതലക്‍ഷ്യത്തെ മതം അട്ടിമറിക്കുന്നു.എന്നിട്ട് തങ്ങളുടെ എസ്റ്റാബ്ലിഷ്മെന്റിന് അനുയോജ്യമായ വിധത്തില്‍ അവന്റെ മനോനിലയെയും ചിന്താപദ്ധതിയെയും മതം അപനിര്‍മ്മിക്കുന്നു.evolution എന്ന വാക്കിനെ മതം എതിര്‍ക്കുന്നു.സൃഷ്ടി സമഗ്രമായിരുന്നു എന്ന് മതം വൃഥാ പറഞ്ഞുകൊണ്ടേയിരിക്കുന്നു.ഭാഷയും ശാസ്ത്രവും പ്രപഞ്ചവും ചുറ്റുപാടുകളും പരിണമിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.എങ്കിലും പഴകി ദ്രവിച്ച സൃഷ്ടിയുടെ സമ്പൂര്‍ണ്ണത എന്ന വാദം നമുക്കിടയില്‍ മതം ഇന്നും വിജയകരമായി വിറ്റു കൊണ്ടിരിക്കുന്നു.

മതങ്ങള്‍ ഏറ്റവും അധികം എതിര്‍ക്കുന്നതും ഭയക്കുന്നതും തങ്ങള്‍ക്കുള്ളിലെ പരിണാമത്തെയാണ്.ആധുനികതയുടെ എല്ലാ നേട്ടങ്ങളെയും ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച് അവര്‍ ശാസ്ത്രത്തെയും ആധുനികതയെയും എതിര്‍ക്കുന്നു.മൈക്രോഫോണ്‍ മുതല്‍ ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഭൌതികശാസ്ത്രത്തിന്റെ എല്ലാ സങ്കേതങ്ങളും അവര്‍ മതത്തിന്റെ മൌലികവാദം പരത്താന്‍ ഉപയോഗിക്കുന്നു.ഇവരില്‍ വിഷം മുറ്റിയവര്‍ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളായ AK 47 മുതല്‍ RDX വരെ ഉപയോഗിച്ച് തങ്ങളുടെ മതത്തിന്റെ അധീശത്വം ഉറപ്പിക്കുന്നു.

ദൈവം എന്ന മിത്തിന് മതങ്ങളുടെ സംരക്ഷണം ആവശ്യമായിരിക്കാം.പക്ഷെ ദൈവം എന്ന റിയാലിറ്റിക്ക് അത്തരം ഒരു സംരക്ഷണം ആവശ്യമോ.ശുദ്ധമാനസനായ നമ്മുടെ മുന്‍ മുഖ്യമന്ത്രി ചോദിച്ചത് പോലെ ഭഗവാനെന്തിനാ പാറാവ്.

യുക്തിയും ബുദ്ധിയും ബോധവും കൊണ്ട് നന്മയില്‍ അധിഷ്ഠിതമായ അവനവന്റെ ദൈവത്തെ ഓരോ വ്യക്തിയും കണ്ടെത്തുകയാണ് വേണ്ടത്.അപ്പോഴാണ് ജീവിതത്തിന്റെ യാത്രക്ക് അര്‍ത്ഥങ്ങളുണ്ടാകുന്നത്.സത്യവും മിഥ്യയും വീരസ്യവും ഇഴകലര്‍ത്തിയ പഴമ്പുരാണങ്ങളുടെ അടിസ്ഥാനത്തിലല്ല,മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ ഉരകല്ലിലാവണം വിശ്വാസങ്ങളെ പരീക്ഷിക്കേണ്ടത്.ആത്മീയത ആത്മനിഷ്ഠമാവണം,അത് പരപ്രേരണയാല്‍ ഉളവായതാകരുത്.

മതം ആചാരനിബദ്ധമാണ്.ആചാരം മനുഷ്യനെ അസ്വതന്ത്രനാക്കുന്നു.ആചാരങ്ങള്‍ പ്രദര്‍ശനത്തിനുള്ളതാണ്.സ്വയം അത് പാലിക്കുന്നുണ്ട്ന്നും മറ്റൊരുവന്‍ അത് ചെയ്യുന്നില്ല എന്നും പ്രദര്‍ശിപ്പിക്കാനുള്ള ഒരു അഭ്യാസം.അത് കൊണ്ടാണ് മതപരമായ ചിഹ്നങ്ങള്‍ക്ക് അവ ഒരിക്കലും അര്‍ഹിക്കാത്ത പരിശുദ്ധി കൈവരുന്നത്.കൊടികളും അടയാളങ്ങളും മാത്രമേ അവശേഷിക്കുന്നുള്ളൂ.അവയ്ക്ക് ഹേതുവായ ആദര്‍ശങ്ങളെ അനുയായികള്‍ തന്നെ എന്നേ കുഴിച്ചു മൂടി.

ദൈവമെന്ന ഒന്ന് ഉണ്ടെങ്കില്‍ അത് ആചാരങ്ങളെക്കാള്‍ വളരെ മുകളില്‍ ഉള്ള ഒന്നാവണം.തന്നിലേക്കുള്ള വഴി ഒന്നായി മാത്രം ചുരുക്കുന്ന ഒരു സങ്കുചിതനാവില്ല അദ്ദേഹം.തന്റെ സന്ദേശം ഒരു വിഭാഗത്തിനായി ചുരുക്കുന്ന ഒരു ഗ്രൂപ്പ് നേതാവാകില്ല അദ്ദേഹം.തന്റെ സന്ദേശം ഒരു ഭാഷയില്‍ മാത്രം എഴുതുന്ന ഒരു ഭാഷാഭ്രാന്തനുമാകില്ല അദ്ദേഹം.ദൈവത്തിലേക്ക് അല്ലെങ്കില്‍ നന്മയിലേക്ക് പലവഴി ഉണ്ടെന്ന് അംഗീകരിക്കുകയാണ് മൌലികവാദത്തില്‍ നിന്നു രക്ഷപെടാനുള്ള ഒന്നാം പാഠം.ആ വഴിയില്‍ ഭൌതികവാദവും നിരീശരത്വവും വരെ ഉണ്ടായേക്കാം.ആത്യന്തികമായി നന്മയാണവര്‍ ആഗ്രഹിക്കുന്നതെങ്കില്‍,അത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണം.അസഹിഷ്ണുതയാണ് ഈ കാലത്തെ ഏറ്റവും വലിയ ദൈവദോഷം.ഈ ബഹുസരത ദൈവം സൃഷ്ടിച്ചതാണെങ്കില്‍,അത് അംഗീകരിക്കാന്‍ വിശ്വാസികള്‍ തയാറാകണം.

Thursday, September 06, 2007

മെര്‍ക്കിന്‍സ്റ്റണ്‍-ചാഞ്ഞ മരത്തിലേക്കുള്ള ചാടികയറ്റം

വിവാദങ്ങള്‍ കൂട്ടിയാണ് മലയാളി അത്താഴമുണ്ണുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.എരിവും പുളിയും മധുരവുമൊക്കെയായി നികേഷും ഭഗത്തും വേണുവും വിനുവുമൊക്കെ അത്താഴം വിഭവസമൃദ്ധമാക്കുന്നുണ്ട്.റ്റിവിയില്‍ നോക്കി അത്താഴം കഴിച്ചാല്‍ കറി വേറൊന്നും വേണ്ട.ഇടയ്ക്ക് കാണികളെ റിയാലിറ്റി ഷോക്കാര്‍ അടിച്ച് മാറ്റിയെങ്കിലും ഇപ്പോള്‍ കുരുവിളയും ഇടവിളയായി ആണവകരാറുമൊക്കെയായി വാര്‍ത്താചാനലുകള്‍ പിടിച്ച് കയറി വരുന്നു.(ഒരേ സമയം സുമുഖനും നൃത്തം ചെയുന്നവനും കാണികളെ വേഷപകിട്ടില്‍ വിസ്മയിപ്പിക്കുന്നവനുമായ പാട്ടുകാരന്‍ സകലകലാനിധി ആയിരുന്ന സ്വാതിതിരുന്നാളിനു പോലും അചിന്ത്യമായിരുന്നു.ജനം റിയാലിറ്റിയുടെ അബ്സേഡിറ്റി മനസിലാക്കി അതില്‍ നിന്ന് പിന്മാറട്ടെ.അല്ലേല്‍ അവരെ ദൈവം കാക്കട്ടെ)

അങ്ങനെ ഇന്ത്യാവിഷന്‍ ചൂട്ടുകത്തിച്ച പുതിയ വിവാദമാണ് മെര്‍ക്കിന്‍സ്റ്റണ്‍.പക്ഷെ ആദ്യം ഈ റിപ്പോര്‍ട്ട് അവതരിപ്പികുമ്പോള്‍ അത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഒരു ക്രമക്കേട് എന്നാണ് പറയപ്പെട്ടത്.കുരുവിള വിള കൊയ്യാറായി മുറ്റി നിന്ന കാലമായത് കൊണ്ട് അധികമാരും ശ്രദ്ധിച്ചില്ല.എങ്കിലും വനം മന്ത്രി പ്രാഥമിക അന്വേഷണം നടത്തുകയും ഉന്നതാന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തു.മുഖ്യമന്ത്രി സെപ്റ്റംബര്‍ 6ന് ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ഒരു യോഗം വിളിക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് ചെന്നിത്തല,വേണുഗോപാല്‍ തുടങ്ങിയ സത്യസന്ധരായ നേതാക്കളും കൈയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും മുഖം നോക്കാതെ എതിര്‍ക്കുകയും ചെയ്യുന്ന മനോരമയും(അമ്പട ഞാനേ...) ഇതില്‍ വിവാദത്തിന്റെ സ്കോപ്പ് കാണുകയും ചാടി വീഴുകയും ചെയ്തത്.പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.എസ്. കാണിച്ച പരാക്രമങ്ങളും അതിനു കിട്ടിയ മാധ്യമപിന്തുണയും അത് വഴി കൈവന്ന ജനപ്രീതിയും രമേഷിന് നല്ല ബോധ്യമുണ്ട്. മൂന്നര കൊല്ലത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വയം ഒരു മുഖ്യമന്ത്രി കാന്‍ഡിഡേറ്റായി മനസ്സില്‍ കരുതുന്ന അദ്ദേഹം അതിന് വി.എസ്സിന്റെ പാത തന്നെ തിരഞ്ഞെടുത്തു എന്ന് തോന്നുന്നു.ഇനി ഉമ്മന്‍ ചാണ്ടിയുമായി അന്ന് ഒരു വടംവലി ഉണ്ടായാല്‍ ജനം 10 ജന്‍പഥിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു അച്ചു ഇമേജ്,അതാണ് രമേഷിന്റെ ഉത്തരാധുനികകാലസ്വപ്നം.

2001ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (Ecologically Fragile Lands-EFL)നോട്ടിഫൈ ചെയ്ത് ഏറ്റെടുക്കാനായി ഒരു ഓര്‍ഡിനന്‍സ് കൊണ്ട് വന്നു.പിന്നീട് 2003ല്‍ യു ഡി എഫ് അത് ബില്ലാക്കി അവതരിപ്പിച്ചു.

മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്നും സേവി മനോ മാത്യു എന്ന അതിന്റെ ഉടമ വിറ്റത് EFL ആയി നോട്ടിഫൈ ചെയ്ത് ഭൂമി ആയിരുന്നു.അതിനുള്ള എഗ്രിമന്റ് 2007 മാര്‍ച്ച് 30ന് അദ്ദേഹം ISRO യുമായി ഒപ്പു വെച്ചു.

അതിനു ശേഷം അദ്ദേഹം തൊഴില്‍ മന്ത്രിക്ക് ഒരു പരാതി നല്‍കുന്നു.വനം വകുപ്പിന്റെ ഇടപെടല്‍ കാരണം അദ്ദേഹത്തിന് തോട്ടം നടത്തികൊണ്ട് പോകാന്‍ ആവുന്നില്ല.ഏതാണ്ട് 900 വരുന്ന തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണ്.പൂട്ടി കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ ഒരുപാട് യത്നിക്കുന്ന ആളാണ് നല്ലോരു തൊഴിലാളി പ്രവര്‍ത്തകന്‍ കൂടിയായ സ:ഗുരുദാസന്‍.നന്നായി പ്രവര്‍ത്തിക്കുന്ന ഒരു തോട്ടം സര്‍ക്കാര്‍ വകുപ്പിന്റെ ഇടപെടല്‍ കൊണ്ട് നടത്താന്‍ പറ്റുന്നില്ല എന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയ തൊഴില്‍ മന്ത്രി വനം മന്ത്രിയുമായി ബന്ധപ്പെടുന്നു.തൊഴിലാ‍ളി പ്രശ്നങ്ങളോട് മുഖം തിരിക്കാന്‍ മറ്റൊരു തൊഴിലാളി നേതാവായ വനം മന്ത്രിക്കും കഴിയില്ലായിരുന്നു.അദ്ദേഹം ബന്ധപ്പെട്ടവരുടെ യോഗം മേയ് 16ന് തന്റെ ചേമ്പറില്‍ വിളിക്കുന്നു.

വിറകിനാവശ്യമുള്ള മരം മുറിക്കാന്‍ തന്നെ അനുവദിക്കുന്നില്ല എന്നും അത് കൊണ്ട് തേയില ഫാക്റ്ററിയും തോട്ടവും നടത്തികൊണ്ട് പോകാന്‍ ആവുന്നില്ല എന്നതായിരുന്നു സേവിയുടെ പരാതി.തേയില ഫാക്റ്ററിയിലെ ഡ്രയറും മറ്റും പ്രവര്‍ത്തിപ്പിക്കാനുള്ള വിറകും മറ്റും വെട്ടാനുള്ള അനുമതി സാധരണ വനം വകുപ്പ് തോട്ടങ്ങള്‍ക്ക് നല്‍കാറുണ്ട്.അത് കൊണ്ട് ചില പ്രദേശങ്ങള്‍ ഒഴിച്ചുള്ള ഭാഗത്തു നിന്നും വിറകെടുക്കാന്‍ മന്ത്രി യോഗത്തില്‍ അനുമതി നല്‍കി.

അപ്പോഴാണ് സേവി എന്ന സൂത്രശാലി ഒരു ആപ്പിട്ടത്.യു ഡി എഫ് കൊണ്ടുവന്ന നിയമപ്രകാരം എസ്റ്റേറ്റുകള്‍ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ല എന്നും അതിനാല്‍ ഡിനോട്ടിഫൈ ചെയ്ത് തരണമെന്നും അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ തോട്ടം പ്രവര്‍ത്തിപ്പിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവായി കിട്ടുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

ഇതിന് വനം മന്ത്രി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വളച്ചൊടിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇതാണ്-“ ഈ വിഷയം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല.മേല്‍പ്പറഞ്ഞ നോട്ടിഫൈഡ് ലാന്‍ഡിന്റെ കസ്റ്റോഡിയനാ‍യ ചീഫ് കണസര്‍വേറ്റര്‍ക്ക് ഒരു അപേക്ഷ കൊടുക്കൂ”

കൊടുത്താല്‍ ഉടന്‍ ഡീനോട്ടിഫൈ ചെയ്ത് തരാമെന്ന് മന്ത്രി പറഞ്ഞില്ല.അദ്ദേഹത്തിന്റെ ഇന്റെന്‍ഷന്‍ അത് അല്ല എന്ന് അദ്ദേഹം തന്റെ പിന്നീടുള്ള പ്രവര്‍ത്തികള്‍ കൊണ്ട് തെളിയിക്കുകയും ചെയ്തു.മാത്രമല്ല സേവി മാര്‍ച്ച് 30ന് തന്നെ എഗ്രിമെന്റാക്കിയ ഭൂമി മേയ് 16ന് ഡീ നോട്ടിഫൈ ചെയ്ത് വില്‍ക്കാന്‍ മന്ത്രി സഹായിച്ചു എന്ന് പറയുന്നത് പരസ്പര വിരുദ്ധമല്ലേ?

സ്വാഭാവികമായും അങ്ങനെ ഒരു അപ്പീല്‍ കൊടുത്താല്‍ അത് പരിഗണിക്കേണ്ടി വരും.ആ സ്ഥലം സര്‍വ്വേ ചെയ്യപ്പെടും.നിയമവകുപ്പിന്റെ ഉപദേശം തേടപ്പെടും.നിയമപ്രകാരം സേവിയുടെ ക്ലെയിം ന്യായമാണെങ്കില്‍ വകവെച്ച് കൊടുക്കേണ്ടിയും വരും.

ഇല്ലെങ്കിലോ സേവി കോടതിയില്‍ പോകും.കോടതി Ecologically Fragile Lands ആക്റ്റ് പരിശോധിക്കും.അതില്‍ കൈയ്യേറ്റക്കരുടെ തലതൊട്ടപ്പനായ മാണി തോട്ടങ്ങളെ ഒഴിവാക്കിയ ഉപവകുപ്പ് പ്രകാരം ഭൂമി സേവിക്ക് ഡീനോട്ടിഫൈ ചെയ്ത് കൊടുക്കാന്‍ ഉത്തരവാകും.

ഇനി പറയുക ആരാണ് കുറ്റക്കാര്‍:തോട്ടങ്ങളെ അടക്കം ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കിയ എല്‍.ഡി.എഫ് ആണോ,അതോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി അന്നത്തെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വക വെക്കതെ ഓര്‍ഡിനന്‍സിന്റെ മൂക്കും മുലയും ഛേദിച്ച മാണി ആണോ.

ഇനി മന്ത്രി ബിനോയിയെ കുറിച്ച് 2 വാക്ക്: രാഷ്ട്രീയത്തില്‍ അന്യം നിന്നു പോകുന്ന വിനയം,സത്യസന്ധത,നീതിബോധം ഒക്കെ ആവോളമുള്ള നല്ല ഒരു മനുഷ്യസ്നേഹിയാണ് ബിനോയി.കഴിഞ്ഞ കലാപകാലത്ത് അദ്ദേഹം നാദാപുരത്ത് ചെയ്ത അത്യധ്വാനത്തിന് കാ‍ലവും ചരിത്രവും സാക്ഷി.നല്ല ഒരുപാട് മാതൃകകള്‍ ചൂണ്ടികാട്ടിയാണ് സഖാക്കള്‍ സി.കെ വിശ്വനാഥനും ഓമനയും അദ്ദേഹത്തെ വളര്‍ത്തിയത്.70കളുടെ കാല്‍പ്പനിക കാമ്പസിന്റെ ഒരു പരിച്ഛേദം,കൂത്തട്ടുകുളം മേരി എന്ന ഉരുക്കുവനിതയുടെ പുത്രിയെ മിശ്രവിവാഹം കഴിച്ച് തന്റെ ആദര്‍ശങ്ങളെ പ്രവര്‍ത്തിയുടെ കര്‍മ്മപഥത്തിലെത്തിച്ച മനുഷ്യന്‍.കവിതയെയും മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ച,മനുഷ്യന്റെയും പ്രകൃതിയുടെയും അപചയങ്ങളില്‍ വേദനിച്ച ഒരുവനെ ഇങ്ങനെ ഒരു കാര്യവുമില്ലാതെ കല്ലെറിയുന്നത് ദുഖകരമാണ്.

Monday, July 30, 2007

അവന്‍ വന്ന അവധിക്കാലം

ഗള്‍ഫിന്റെ ചുട്ട് പഴുത്ത മണല്‍ക്കാടുകളില്‍ നിന്നും ചുടു നെടുവീര്‍പ്പ് മാത്രം ഉതിര്‍ക്കുന്ന ഈന്തപ്പനകളില്‍ നിന്നും ഓഫീസിന്റെ മനം മടുപ്പിക്കുന്ന വ്യാകുലതകളില്‍ നിന്നും ഒളിച്ചോടി ഞാന്‍ കഴിഞ്ഞ 36 ദിവസങ്ങള്‍ ഞാറ്റുവേലയുടെ നാട്ടില്‍ പൊരുന്നയിരിരിക്കുകയായിരുന്നു.കമ്പ്യൂട്ടര്‍ ഏതാണ്ട പൂര്‍ണ്ണമായി വര്‍ജ്ജിച്ച് പിന്നെയും തളിര്‍ത്ത പുസ്തക വായനയുമായി ഒതുങ്ങിയത് കൊണ്ട് ബ്ലോഗും ഇല്ല.

23.06.2007
എന്നെ കാത്തിരിക്കുകയായിരുന്നു ദേവി എന്ന് തോന്നുന്നു ഈറ്റ് നോവെത്തി.ഉച്ചക്ക് ശേഷം മൂന്നു മണിയോടെ അവനെത്തി.ദേവിയുടെ വീട്ടില്‍ 2 തലമുറയില്‍ ആദ്യത്തെ ആണ്‍ തരി.ഭദ്രക്ക് ഒരു അനുജന്‍.അതെ എന്റെ പൊന്നോമന പുത്രന്‍.2.400 മാത്രം തൂക്കമുള്ള ഒരു നിറയെ മുടിയുള്ള വെളുത്ത കിളിക്കുഞ്ഞ്.അത്തം നക്ഷത്രം.കാലുകളുടെ (Quarters)ദോഷങ്ങളുടെ ഇടയില്‍ കൂടീ നൂണ്ടിറങ്ങിയവന്‍(അത്തം തുടങ്ങി ചില നക്ഷത്രങ്ങള്‍ക്ക് മാതാ,പിതാ,മാതുലാ,തന്‍(self) ദോഷങ്ങളുണ്ടെന്നും ചില ജനനങ്ങള്‍ ഇതിനിടയില്‍ കാര്യമായ ദോഷമില്ലാതെ വരും എന്നും ജ്യോതിഷമതം).ദോഷമെന്തെങ്കിലുമുണ്ടെങ്കില്‍ അത് ഈ പിതാവിന് തന്നു പോ.ആയുഷ്മാനായി വാഴുക ഉണ്ണീ എന്ന് മനസ്സ് മന്ത്രിച്ച് കൊണ്ടേ ഇരുന്നു.

19.07.2007

ഭദ്രക്ക് ആദ്യാക്ഷര പ്രാസമൊക്കുന്ന ഒരു പേര്‍ എന്നതിലപ്പുറം ഒരു ആണ്‍ കുട്ടി ഉണ്ടായാല്‍ അവനിടാന്‍ ഞാന്‍ നിശ്ചയിച്ച പേരിന് ചേരുന്ന പേര് ഞാന്‍ ആദ്യം ഉണ്ടായ മകള്‍ക്ക് ഇടുകയായിരുന്നു.അതെ എന്നും മനസ്സില്‍ ഒരു ജ്വാലയായി നിറഞ്ഞ് നില്‍ക്കുന്ന വിപ്ലവ നിത്യയൌവ്വനത്തിന്റെ പേര് ഞാന്‍ മകനായി എന്നേ കാത്ത് വെച്ചിരുന്നു.ഭഗത്.

പിന്നെ ഈ നാളുകളുടെ സൌഭാഗ്യം എന്റെ മകളുമായി ചിലവിടാ‍ന്‍ കിട്ടിയ നിമിഷങ്ങളാണ്.കുഞ്ഞു വാവ ആ രണ്ടര വയസ്സുകാരിയുടെ മനസ്സില്‍ മുറിവാകരുതല്ലോ.നാട്ടിലെത്തിയ ശേഷം ഇടവപ്പാതി പോലെ അണമുറിയാതെ സംസാരിച്ച് തുടങ്ങിയ അവളുടെ മൊഴിമുത്തുകള്‍ അമൃതധാരയായി.

29.07.2007
സെപ്റ്റംബര്‍ 7ന് മാത്രമേ അവര്‍ എത്തൂ.ഇന്ന് ഞാന്‍ ദുബായിയുടെ വേഗങ്ങളിലേക്ക് മടങ്ങി വന്നിരിക്കുന്നു.പക്ഷെ അവര്‍ ഇല്ലാത്ത ഈ കാലം വിരസവും ദുഖവും മാത്രം നല്‍കുന്നു.

Thursday, June 14, 2007

ഗീബത്സിന്റെ കുഞ്ഞുങ്ങളും ക്രൂശിതമായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചീത്തപ്പേര്‍ കേള്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വം പാര്‍ട്ടികളില്‍ ഒന്നാണ് സി.പി.ഐ.ആകെകൂടിയുള്ള ഒരു മുണ്ട് ഉണങ്ങുവാന്‍ അത് അലക്കിയിട്ട് നിക്കറുമിട്ട് ഹോട്ടല്‍ മുറിയില്‍ ഉലാത്തുന്ന സി.രാജേശ്വരറാവു ആ പാര്‍ട്ടി ഭൌതിക ദാരിദ്ര്യത്തിലും പുലര്‍ത്തിയിരുന്ന ആത്മീയമായ ഔന്നത്യത്തെ മനസ്സിലാക്കി തരുന്നു.എം.എന്‍ സ്മാരകം എന്ന പാര്‍ട്ടിയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഒന്ന് ചെന്ന് നോക്കിയാലും ഈ ദാരിദ്യത്തിന്റെ അപൂര്‍വ്വകാന്തി കാണാം.ഒരു പഴയ മേശ.മൂന്നു നാല് പഴയ കസേരകള്‍.പഴകിയ മേശവിരി.ഏത് നേരവും തുറന്ന് കിടക്കുന്ന മറയ്ക്കാനൊന്നുമില്ലാത്ത സെക്രട്ടറിയുടെ മുറി.മറ്റ് പല പാര്‍ട്ടികളുടെയും കൊട്ടാരസമാനമായ ഓഫീസുകളും ഈ കണ്ണുകള്‍ കണ്ടിരിക്കുന്നു.

ഈ പാര്‍ട്ടിയാണ് ഇന്ന് ആരോപണങ്ങളാല്‍ ശരവ്യമായി നില്‍ക്കുന്നത്.ഈ അവസ്ഥ വളരെ ദുഖമുണ്ടാക്കി.മറ്റൊരു പാര്‍ട്ടി കൂടി അഴിമതിയുടെയും സ്വജനപക്ഷപാതത്തീന്റെയും ചെളിക്കുണ്ടില്‍ വീണു എന്നതിനര്‍ത്ഥം ഇന്ത്യന്‍ പോളിറ്റി അത്രയും കൂടി അധപതിച്ചു എന്ന് കൂടിയാണ്.പാര്‍ട്ടിയോടുള്ള അനുഭാവം കൊണ്ട് മാത്രമല്ല കൂടുതല്‍ സൂക്ഷ്മമായി പത്രവാര്‍ത്തകളെ പിന്തുടര്‍ന്നപ്പോള്‍ പലതും ഗോസിപ്പ് സ്വഭാവത്തിലുള്ളതാണെന്നും പത്രങ്ങള്‍ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നില്ലെന്നും ആടി കളിക്കുന്നുവെന്നും തോന്നിയത് കൊണ്ടാണ് ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയണമെന്ന് തോന്നിയത്.കൂടുതല്‍ പഠിച്ചപ്പോള്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് മാത്രമല്ല കരുതി കൂട്ടി പ്രചരിപ്പിക്കുന്നതാണ് എന്ന് മനസ്സിലായി.നല്ല തിളക്കമുള്ള ഒരു കാര്‍ കാണുമ്പോള്‍ അതില്‍ താക്കോല്‍ കൊണ്ട്
വരയുന്ന മലയാളിയുടെ വികൃതമനസ്സാണ് സി.പി.ഐയെ ചെളി വാ‍രി എറിഞ്ഞ് രസിക്കുന്ന മാധ്യമങ്ങള്‍ക്കുള്ളതെന്നാണ് തോന്നുന്നത്.ദാ നോക്ക് അവനും നമ്മളെ പോലെ കള്ളന്‍ തന്നെ എന്ന് പറയുമ്പോള്‍ ഒരു ഗൂഡമായ ആനന്ദം അനുഭവിക്കുന്നത് പോലെ.

ആരും എഴുതാത്ത സത്യം
---------------------------------

സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനെ കുറിച്ചുള്ള സത്യം എന്താണ്?

1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേത്.പിന്നീട് 1959‍ അത് 19000 രൂപ കൊടുത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വാങ്ങി(അന്ന് എം.എന്‍ ആണ് സെക്രട്ടറി).ആ ആധാരത്തില്‍ ഏഴര സെന്റ് സ്വന്തം സ്ഥലവും ബാക്കി 4 സെന്റ് വിരിവുമായിരുന്നു.ആ വസ്തുത ആധാരത്തില്‍ പറയുന്നുമുണ്ട്.സ്വന്തം ഭൂമിയോട് ചേര്‍ന്നുള്ള റെവന്യൂ ഭൂമി കൈവശം വെച്ച് ആദായമെടുത്ത് അനുഭവിക്കുന്ന ഭൂമിയെയാണ് വിരിവ് എന്ന് പറയുന്നത്ത്(കൃത്യം ലീഗല്‍ വ്യഖ്യാനം നിയമവിദഗ്ദ്ധര്‍ പറയട്ടെ)
പാര്‍ട്ടി അവിടെ കെട്ടിടം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്നത്തെ എന്‍.സി.പി നേതാവുമായ കുപ്പുസ്വാമി കെ.ഡി.എച്.നിയമത്തിന് വിരുദ്ധമാണ് കെട്ടിടനിര്‍മ്മാണം എന്ന് പറഞ്ഞ് സെഷന്‍സ് ജില്ല ഹൈക്കോടതി വരെ കേസിന് പോയി.കേസ് ചെലവ് സഹിതം തള്ളുകയും ഏഴര സെന്റ് സി.പി.ഐയുടെ സ്വന്തം സ്ഥലമാണെന്നും അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ഒക്കെ ഉടമകളുടെ ഇഷ്ടമാണെന്നും അടിവരയിട്ട് വിധിക്കുകയും ചെയ്തു.

രവീന്ദ്രന്‍ പട്ടയം
-----------
1996ലെ സര്‍ക്കാര്‍ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാന്‍ തീരുമാനിക്കുന്നു.ഒരു സെന്റ് സ്ഥലത്തിനെങ്കിലും ആധാരമോ പട്ടയമോ കൈവശരേഖയോ ഉള്ളവര്‍ക്കാണ് വീട്.പക്ഷെ സ്വന്തമായി ഇങ്ങനെ ഒരു ഭൂമി ഇങ്ങനെ പലര്‍ക്കുമില്ലെന്ന സത്യം മനസ്സിലായത് ഇതിന് ചിലവാക്കിയ ഫണ്ട് ലാപ്സായപ്പോഴോ അനര്‍ഹര്‍ക്ക് വീതം വെക്കേണ്ടി വന്നപ്പോഴോ ആണ്.അന്ന് ഭൂമി ഇല്ലാത്ത പരമാവധി ആളുകള്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാന്‍ വി.എസ്.അച്ചുതാനന്ദന്‍ കണ്‍വീനര്‍ ആയ ഇടതുമുന്നണി തീരുമാനിച്ചു.ലക്ഷകണക്കിന് ആളുകള്‍ അതിന്‍ പ്രകാരം ഭൂമിക്ക് ഉടയവരായി.വെറുതേ വഴിയേ പോയവര്‍ക്കെല്ലാം ഭൂമി നല്‍കുക ആയിരുന്നില്ല.മറിച്ച് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ല കക്ഷികളെയും ചേര്‍ത്ത് ഒരു ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി ഉണ്ടാക്കി.അവരുടെ ശിപാര്‍ശ അനുസരിച്ചാണ് പട്ടയം നല്‍കിയത്.

ഇങ്ങനെ പട്ടയം നല്‍കാനുള്ള അധികാരം തഹസില്‍ദാറിലാണ് നിക്ഷിപ്ത്മായിരുന്നത്.മൂന്നറടങ്ങുന്ന ദേവികുളം താലൂക്കില്‍ അന്ന് തഹസില്ദാറില്ലായിരുന്നു.അന്നത്തെ ഇടുക്കി കലക്റ്റര്‍ ശ്രീ വി.ആര്‍.പത്മനാഭന്‍ ഒരു അസാധാരണ വിജ്ഞാപനം(എക്സ്റ്റ്രാ ഓര്‍ഡിനറി ഗസറ്റ്) വഴി അതിനുള്ള അധികാരം ഡെപ്യൂട്ടി തഹസില്‍ദാറിന് നല്‍കി.അതില്‍ സാങ്കേതിക പിഴവുണ്ടോ എന്ന് പറയാന്‍ ഗവണ്മെന്റിനോ കോടതിക്കോ മാത്രമേ അധികാരമുള്ളൂ

രവീന്ദ്രന്‍ പട്ടയവും സി.പി.ഐയുടെ ഭൂമിയും.
----------------------------------------

സി.പി.ഐക്ക് ഏഴര സെന്റ് സ്വന്തം ഭൂമിയും അതിനോട് അനുബന്ധമായി 4 സെന്റോളം വിരിവും ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.ഏഴര സെന്റ് അന്ന് സെക്രട്ടറി ആയിരുന്ന പി.കെ.വിയുടെ പേരിലേക്ക് നിയമാനുസ്രതം മാറ്റപ്പെട്ടിരുന്നു.ബാക്കി നാല് സെന്റ് വിരിവിന് പട്ടയം നേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സ്വാഭാവികമായി ഏഴര സെന്റിന്റെ ഉടമക്ക് മാത്രമേ വിരിവിന് പട്ടയം അപേക്ഷിക്കാന്‍ സാധിക്കൂ.അത് കൊണ്ട് മാത്രമാണ് അത് പി.കെ.വിയുടെ പേരില്‍ അപേക്ഷിക്കപ്പെട്ടത്.സ്വാഭാവികമായും ഏഴര സെന്റിന്റെ ഉടമസ്ഥതയെ കുറിച്ചുള്ള കോളത്തില്‍ മനോരമയില്‍ പറയുന്ന പോലെ പൂരിപ്പിച്ചിട്ടുണ്ടാവാം.ഒരു ഫോര്‍ജറി ആണ് ഉദ്ദേശമെങ്കില്‍ പളുങ്കു പോലെ പവിത്രനായ പി.കെ.വിയെ പാര്‍ട്ടി ഇതിലേക്ക് വലിച്ചിഴക്കുമെന്ന് ആരെങ്കിലും കരുതുന്നിണ്ടോ.ഒരു വെറും സാധാരണ നടപടി ക്രമത്തിനെ അസാധരണമാം വിധം പെരുപ്പിച്ച് കാട്ടിയും അസ്ഥാനത്ത് നിന്ന് ചില വിവരങ്ങള്‍ മാത്രം പ്രസദ്ധീകരിക്കുകയും ചെയ്തത് പി.കെ.വിയേയും പാര്‍ട്ടിയേയും ഒരു പോലെ കളങ്കപെടുത്താന്‍ മാത്രമാണ് മനോരമയും മറ്റ് മാധ്യമങ്ങളും ശ്രമിച്ചത്.മഹാനായ ആ വലിയ മനുഷ്യന്‍ മരിച്ചപ്പോള്‍ പൊഴിച്ചതെല്ലാം മുതലക്കണ്ണീറായിരുന്നു എന്ന് തെളിയിക്കുക്ക കൂടി ആയി മാധ്യമങ്ങള്‍.

എന്തായിരുന്നു മാധ്യമങ്ങളുടെ ഉദ്ദേശം
---------------------------------------
എന്നും മാധ്യമങ്ങളുടെ നല്ല പുസ്തകത്തിലുള്ള പാര്‍ട്ടിയാണ് സി.പി.ഐ.സ്വതവേ സൌമ്യരും മാധ്യമസുഹൃദം പുലര്‍ത്തുന്നവരും.പിന്നെ എന്തേ ഇത്തരത്തിലുള്ള ഒരു ആക്രമണം.

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ അമിതമായി ഫിക്ഷണലൈസ് ചെയ്യുന്നു.അവര്‍ നായക പ്രതിനായക ദ്വന്ദ്വത്തില്‍ വിശ്വസിക്കുന്നു.ഒരു പൈങ്കിളി വാരികയില്‍ നിന്ന് പത്രത്തിലേക്ക് പരിണാമം ചെയ്ത മംഗളം പോലുള്ള പത്രങ്ങള്‍ പ്രത്യേകിച്ചു.അവരെ സംബന്ധിച്ച് നായകന്‍ ആരുമാവം,വി.എസ്സാകാം, സുരേഷ്കുമാറാകാം,മറ്റാരെങ്കിലുമാകം,പക്ഷെ ദ്വന്ദ്വത്തിലെ വില്ലന്‍ ആരെന്നത് അനുസരിച്ചിരിക്കും കഥഗതിയുടെ കൊഴുപ്പ്.ഏറെ നാളായി ഈ ദ്വന്ദ്വം വി.എസ്-പിണറായി ആയിരുന്നു.ഇന്ന് ആ കഥകള്‍ ക്ലീഷേ ആയിരിക്കുന്നു.ജനം മടുത്ത് തുടങ്ങിയിരുക്കുന്നു.വില്ലനായിരുന്ന രാജന്‍പി.ദേവും ജനാര്‍ദ്ദനനും മോഹന്‍ലാലും ഒക്കെ പ്രേക്ഷകസിമ്പതി നേടീ പോസിറ്റീവ് കഥാപാത്രങ്ങളായി മാറിയ പോലെ പിണറായിയും ജനമനസ്സില്‍ പരിണമിക്കുന്നു.
കഥയില്‍ പുതിയ വില്ലന്‍ വേണം.എങ്കിലെ എരിവോടെ ജനം വായിക്കൂ,റ്റി.വി.കാണൂ.അതിനായി മാധ്യമങ്ങള്‍ സൃഷ്ടിച്ച പുതിയ വില്ലന്മാരാണ് ഇസ്മയിലും സി.പി.ഐയും.

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും
-----------------------------------

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും പൊളിക്കേണ്ട എന്ന ഉത്തരവിന് പിന്നില്‍ സി.പി.ഐ ആണത്രേ.ശരിക്കും ഇങ്ങനെ ഒരു ഉത്തരവിന്റെ ആവശ്യം സി.പി.ഐക്ക് ഇല്ല.കാരണം സ്വന്തം ഭൂമിയിലാണ് പാര്‍ട്ടി ഓഫീസ് നില്‍ക്കുന്നത് എന്ന് ഹൈക്കോടതി വിധി ഉള്ള കാലത്തോളം സുരേഷ് കുമാറിന് അത് തൊടാനാവില്ല.സി.പിഐക്ക് പട്ടയം കിട്ടിയ നാല് സെന്റിലല്ല പാര്‍ട്ടി ഓഫീസ്.അത് അവിടെ വെറുതേ കിടപ്പുണ്ട്.എന്നാല്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും പട്ടയഭൂമിയിലാണ്.സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിന്റെ പോര്‍ട്ടിക്കോ പൊളിക്കാന്‍ കാരണം അത് ദേശീയ പാതയോട് നിശ്ചിത ദൂരം പാലിച്ചില്ല എന്നതിനാലാണ്.സി.പി.ഐയുടെ ഓഫീസ് തൊടുമ്പോള്‍ പ്രതിഷേധമുണ്ടാവും എന്നും അതിന്റെ മറവില്‍ സി.പി.എം ഓഫീസ് രക്ഷിച്ചെടുക്കാം എന്നും സുരേഷ്കുമാറും മുഖ്യമന്ത്രിയും കരുതി എന്നതാണ് വാസ്തവം.അതിനാലാണ് ഇപ്പോള്‍ ആരാധനാലയങ്ങളെയും പാര്‍ട്ടി ഓഫീസിനെയും തൊടണ്ട എന്ന് മുഖ്യന്‍ പറയുന്നത്.ഇനി തൊടാന്‍ പറഞ്ഞാലും അത് സി.പി.ഐയെ ബാധിക്കില്ല.കാരണം ആ ഓഫീസ് സ്വന്തം ഭൂമിയിലാണെന്നത് തന്നെ കാരണം

Saturday, June 09, 2007

കണ്ണു കെട്ടിയ ജെ.സി.ബി.

ചേരികള്‍ ഇടിച്ച് നിരത്തുന്ന,അനേകം തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്ന ഒരു ജുറാസിക്ക് യന്ത്രമയിരുന്നു ജെ.സി.ബി കഴിഞ്ഞ കുറച്ച് നാള്‍ മുന്‍പ് വരെ.അതിന് ജനകീയ മുഖം നല്‍കിയത് നമ്മുടെ ജനകീയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ നിറം നിര്‍ണ്ണയിക്കപ്പെടാത്ത 3 പൂച്ചകളും ആയിരുന്നു.ആദ്യമാദ്യം തോന്നിയ രസം പൊളിക്കല്‍ മുന്നോട്ട് പോകും തോറും ഒരു ഭീതിയായ് വളര്‍ന്നു.ചെറുകിടക്കാരെയും പാവങ്ങളെയും ഒഴിവാക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലവുരു പറഞ്ഞുവെങ്കിലും ആരെങ്കിലും അത്തരത്തിലുള്ളവര്‍ ഇതില്‍ പെട്ട് പോയാല്‍ എന്തായിരിക്കും അവസ്ഥ.

ഇരമ്പുന്ന ജനകീയഘോഷം,ശക്തമായ മാധ്യമ പിന്തുണ,ലൈവ് വീഡിയോ കവറേജ്;സെക്രട്ടറിയേറ്റിന്റെ ഇരുണ്ട ഗുഹകളില്‍ മന്ത്രിമാര്‍ക്ക് ചരമോപചാരം എഴുതി കൊടുത്തും പൊതുജനത്തോട് നിഴല്‍ യുദ്ധം നടത്തിയും നിര്‍വൃതി കൊള്ളുന്ന ബ്യൂറോക്രാറ്റ് സിംഹത്തിന് മെഗലോമാനിയ (കട:രണ്‍ജി പണിക്കര്‍)പിടിപെടാന്‍ ഇതില്‍ പരം എന്ത് വേണം.പോരാഞ്ഞ് പൈങ്കിളീ പെണ്മാസികകളില്‍ വീരനായക പദവി.I am the state, atleast in Munnar; എന്ന് മാന്യദേഹത്തിന് സന്ദേഹം തോന്നിയില്ലെങ്കിലേ അല്‍ഭുതം.

മുഖ്യമന്ത്രിക്ക് പരമസന്തോഷം.ഭരണത്തിലെ പോരായ്മകള്‍ ജനം മറന്നു.ഏഡിബി ട്രപ്പീസിലെ മലക്കം മറിച്ചിലും നടുവടിച്ചുള്ള വീഴ്ച്ചയും വീണത് വിദ്യയാക്കിയുള്ള നടപ്പും ജനം മറന്നു.പാര്‍ട്ടി പിണറായി കൊണ്ടു പോയപ്പോള്‍ സമസ്തവും നഷ്ടപ്പെട്ട അവസ്ഥയല്ല ഇന്ന്.പുതിയ ഒരു പോര്‍മുഖം തുറക്കാന്‍ സാധിച്ചിരിക്കുന്നു.മകന് ചെയ്ത് കൊടുത്ത ചെറിയ സഹായമുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പരിക്കില്ലാതെ മുന്നോട്ട് വരാന്‍ സാധിച്ചിരിക്കുന്നു.

ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

1999ല്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍.ആ പട്ടയത്തെ രവീന്ദ്രന്‍ പട്ടയമെന്നാണ് വിളിക്കുന്നത്.അന്നത്തെ കലക്ടര്‍ വി.ആര്‍.പത്മനാഭന്‍ നല്‍കിയ സ്പെഷ്യല്‍ അധികാരമുപയോഗിച്ച ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന ശ്രീ രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങളെന്നറിയപ്പെട്ട 1999ലെ പട്ടയങ്ങള്‍.

അഡീഷണല്‍ തഹസില്‍ദാറിന് ചാര്‍ജ്ജ് നല്‍കിയതില്‍ അപാകതയുണ്ടോ എന്ന് നോക്കേണ്ടത് കോടതിയാണ്.പിന്നെ ആ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയും അതിന്റെ സര്‍ക്കാരും.അന്നത്തെ മുന്നണി കണ്‍വീനര്‍ ഇന്നത്തെ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ്.അന്നത്തെ മുന്നണിയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേകാധികാരവും വി.എസ്.തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ടോ ഈ പൂച്ചക്ക്? അന്നത്തെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെങ്കില്‍ അന്ന് മന്ത്രി ആയിരുന്ന ഇസ്മയിലിനെക്കാള്‍ ഉത്തരവാദിത്തം കണ്‍വീനറായിരുന്ന അങ്ങേയ്ക്കല്ലേ?

മേല്‍പ്പറഞ്ഞ പട്ടയപ്രകാരം 25 സെന്റ് കിട്ടിയിട്ടുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്.അവിടെ പാര്‍ട്ടി ഓഫീസും അതിനോട് ചേര്‍ന്ന് ഒരു ലോഡ്ജുമുണ്ട്.അല്ലയോ നീതിമാനായ മുഖ്യമന്ത്രി,അങ്ങയുടേ പൂച്ച പറയുന്നതെല്ലാം സത്യമാണെങ്കില്‍ ആ ജെ.സി.ബി ആകുന്ന അങ്ങയുടെ രഥം തെളിക്കേണ്ടത് ആ പാര്‍ട്ടി ഓഫീസിന്റെ നെഞ്ചത്തേക്കാണ്.ഇപ്പോള്‍ പൊളീറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടേ ഉള്ളൂ. അത് എന്നെന്നേക്കുമായുള്ള പുറത്താക്കലായി മാറ്റിയ്യെടുക്കാം.പിന്നെ ഫുള്‍ റ്റൈം ജനകീയനായി വേലിക്കകത്ത് വീട്ടിലിരിക്കാം.
ഇത്തിരി പുളീക്കും അല്ലേ... പിന്നെ അതിനല്ലേ ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഈഈഈഈഇ പാടൊക്കെ പെട്ട് ഈഈഈഈഈഈ കസേരയില്‍ കയറിയത് ...

Thursday, May 31, 2007

ജനയുഗത്തിന്റെ പുനരുത്ഥാനം

മരിച്ച് 3ന് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെയും കടത്തി വെട്ടി മരിച്ച് പതിമൂന്നാം കൊല്ലം ജനയുഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.1940ലളുടെ അവസാനം ജനിച്ച് ജനയുഗം വാരിക,ബാലയുഗം,സിനിരമ തുടങ്ങിയ എണ്ണം പറഞ്ഞ ചില പ്രസദ്ധീകരണങ്ങളിലൂടെയും കാമ്പിശ്ശേരി തുടങ്ങിയ നല്ല പത്രാധിപരിലൂടെയും ജനശ്രദ്ധ നേടുകയും ദരിദ്ര പാര്‍ട്ടിയുടെ ദാരിദ്ര്യം കൊണ്ട്
മുക്കിയും മൂളിയും ഇഴ്ഞ്ഞു നീങ്ങിയും പിന്നെ 1994ല്‍ ഊര്‍ദ്ധ്വന്‍ വലിച്ച് മരിക്കുകയും ചെയ്ത ജനയുഗത്തിന് മൃതസഞ്ജീവിനി ഓതി വെള്ളം തളിച്ച് പുനര്‍ജീവന്‍ നല്‍കിയ ആധുനിക ശുക്രാചാര്യന്‍ എക്സ് സന്യാസിയായ വെളിയത്താശാനാണ്.

കേരള ജനതയുടെ സ്വാതന്ത്ര്യ വാന്ചയെ ഉയര്‍ത്തി പിടിക്കാന്‍ ജനയുഗത്തിനാകട്ടെ.പഴയ നല്ല കാലം തിരികെ എത്തട്ടെ.കമ്യൂണിസ്റ്റ് ഏകീകരണം എന്ന സി.പി.ഐ. മുദ്രാവാക്യം ജനമനസ്സിലേക്ക് വേര് പിടിപ്പിക്കാന്‍ ജനയുഗത്തിനാവട്ടേ.

അഭിവാദ്യങ്ങള്‍

Tuesday, May 22, 2007

പുണ്യാഹം തളിക്കാത്ത ചിന്തകള്‍

വയലാര്‍ രവിയുടെ പിന്‍ തലമുറക്കാര്‍ ഇനി ഗുരുവായൂരില്‍ കയറാന്‍ പാടില്ല എന്ന് വിധിക്കപ്പെട്ടിരിക്കുന്നു.വിധിച്ചത് കോടതിയൊന്നുമല്ല.ഭാരതീയ സംസ്ക്കാരത്തിന്റെ ദ്രവിച്ച നൂലിഴ മനസ്സിലും ശരീരത്തിലും പേറുന്ന ഒരു ബ്രാഹ്മണനാണ്.കാരണമോ വയലാര്‍ രവി തന്റെ വംശവൃക്ഷത്തിന്റെ വിത്ത് വിതച്ചത് ഒരു കൃസ്ത്യന്‍ ഗര്‍ഭപാത്രത്തിലാണ്.(ഇന്നാള് ഒരു മുസ്ലീം വൃക്ക വേണമെന്ന പത്രപരസ്യം കണ്ടു.അതു പോലെ ഒന്നാണോ ഈ ക്രിസ്ത്യന്‍ ഗര്‍ഭപാത്രം).അവര്‍ ഗുരുവായൂരില്‍ കയറിയ മഹാ അശുദ്ധിക്ക് പുണ്യാഹവും നടത്തി.കേരളത്തില്‍ ഇന്ന് നരന്‍ നരന് അശുദ്ധനായി തുടരുന്നു എന്നത് ശ്രീനാരായണഗുരുവിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്ന് തീര്‍ച്ച.

ശ്രീമതി മേഴ്സി രവി നല്ല മുഖശീയുള്ള ഒരു അമ്മയാണ്.അവര്‍ ഇന്നും തന്റെ മതത്തിലും വിശ്വാസത്തിലും തന്നെയാണോ തുടരുന്നത്.അവരെ ഇതു ശ്രീ രവി മതം മാറ്റിയില്ലെങ്കില്‍ അദ്ദേഹം ഒരു സാഷ്ടാംഗ നമസ്കാരം അര്‍ഹിക്കുന്നു.മേഴ്സി എന്ന ക്രിസ്ത്യാനി പെണ്ണിനെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.അവരെ മതം മാറ്റാഞ്ഞതിലൂടെ അദ്ദേഹം അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്.ഭാവിയില്‍ തന്റെ പിന്‍ തലമുറക്ക് ഇന്നുണ്ടായ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ കഴിയുമായിരുന്നിരിക്കണം.എന്നിട്ടും അദ്ദേഹം തന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചു.

മലയാളത്തിലെ രണ്ട് കാവിസംവിധായകരാണ് പ്രിയദര്‍ശനും ഷാജി കൈലാസും.(ഞാന്‍ ആര്‍.എസ്.എസ് അല്ല എന്ന് ഷാജി ഈയിടെയും പറഞ്ഞു എങ്കിലും). അവര്‍ വിവാഹം കഴിച്ചത് ഹിന്ദു മതത്തിലേക്ക് ആളെ ചേര്‍ക്കാനെന്ന മട്ടില്‍ 2 ക്രിസ്ത്യാനി നടികളെ മതം മാറ്റിയെടുത്താണ്.ഉള്ളിലെ പ്രതിലോമകരമായ വംശമേധാവിത്വത്തിന്റെയും ലിംഗമേധവിത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ക്ക് അടിവരയിടുകയാണ് അവര്‍ ചെയ്തത്.എന്ത് കൊണ്ട് ഇവര്‍ പെണ്ണുങ്ങളുടെ മതത്തിലേക്ക് മാറിയില്ല എന്നത് ലിംഗപരമായി പുരുഷനുണ്ടെന്ന് ഇവര്‍ കരുതുന്ന അപ്രമാദിത്തത്തെ ദ്യോതിപ്പിക്കുന്നു.കുഞ്ഞുങ്ങള്‍ക്ക് ഭാവി ജീവിതം പ്രശ്നമാകും,സാമൂഹികമായ ഒറ്റപ്പെടല്‍ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് ന്യായീകരണങ്ങള്‍,എങ്കില്‍ എന്തിന് ഈ പണിക്ക് പോയി എന്ന ചോദ്യം അവശേഷിക്കുന്നു. അവിടെയാണ് വയലാര്‍ രവിയുടെ മഹത്വം.

ആരാണ് ഒരാള്‍ ഹിന്ദു ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്?സ്വയം ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ അവിശ്വസിക്കേണ്ടതുണ്ടോ?ഹിന്ദുത്വത്തിന്റെ കുത്തക ആര്യസമാജത്തിനോ വിശ്വ ഹിന്ദു പരിഷത്തിനോ ഉണ്ടോ?ഇവരുടെ സര്‍ട്ടിഫിക്കേറ്റ് മതിയോ തന്ത്രിക്ക് ഒരാളെ ഹിന്ദുവാക്കാന്‍? അങ്ങനെ ഹിന്ദുവാകുന്നയാള്‍ ബ്രാഹ്മണനോ നായരോ ഈഴവനോ മലയരയനോ ചോലനായ്ക്കനോ?

പുറമേ പരിഷ്ക്കാരവും അകമേ തൂത്താല്‍ പോകാത്ത ജാതിചിന്തയുമായി ആണ് മലയാളി മുന്നോട്ട് പോകുന്നത്.മുന്നോട്ട് പോകുന്നു എന്നത് തന്നെ തെറ്റാണ്.ഒരു ജനപിന്നോക്കയാത്രയാണ്(കട:സത്യന്‍ അന്തിക്കാട്) സാംസ്ക്കരികമായി നമ്മുടെ സമൂഹം നടത്തുന്നത്.

നല്ല നടനാണ് തിലകനെങ്കിലും സിനിമയിലെ തിരുവനന്തപുരം സവര്‍ണ്ണലോബിക്ക് അയാള്‍ വേണ്ട,മണിയന്‍പിള്ളരാജുവിന്റെ തിരുവന്തോരം ഭാഷയില്‍ “അയള്‍ വേണ്ടപ്പി,അയള് ചൊവേന്‍”

താ‍ന്ത്രികവിദ്യയില്‍ അഗ്രഗണ്യനാണ് പറവൂര്‍ ശ്രീധരന്‍ തന്ത്രി.ജാതിയില്‍ ഈഴവനായത് കൊണ്ട് പുള്ളിയുടെ തന്ത്രം അറവുകാട്,കണിച്ചുകുളങ്ങര തുടങ്ങിയ SNDP ക്ഷേത്രങ്ങളിലേ പഥ്യം ഉള്ളൂ.ബാക്കിയിടങ്ങളില്‍ ഏതാണ്ട് അയിത്തം തന്നെ.ബ്രഹ്മം അറിഞ്ഞിട്ടും അദ്ദേഹം ബ്രാഹ്മണന്‍ ആയില്ല.

എന്റെ സുഹൃത്ത് ഒരു നമ്പൂതിരി; ഒരിക്കല്‍ ദീപാരാധന ഏറെ നേരമായിട്ടും നട തുറക്കാഞ്ഞിട്ട് ഭക്തര്‍ തള്ളി നോക്കിയപ്പോള്‍ അകത്ത് പൈന്റ് സേവ നടക്കുകയാണ്.കപ്പലണ്ടി തോടിനാല്‍ അഭിഷിക്തയായി എല്ലാറ്റിനും മൂകസാക്ഷിയായി ദേവീവിഗ്രഹവും.ലവനും ബ്രാഹ്മണന്‍, എവിടെ വേണേല്‍ കയറാം.വേണേല്‍ ചേന്നാസ് തന്ത്രിയുടെ മടിയിലും കയറി ഇരിക്കാം.

ഓ.ബി.സി.ലിസ്റ്റില്‍ പെട്ട യാദവനായ ഭഗവാനേ,അടിക്കു വരുന്നവരുടെ അടുത്ത് സാമം ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് ആദ്യം ഗീതോപദേശം തന്നവനല്ലേ നീ,ബ്രാഹ്മണനെ കൊണ്ട് യാദവനായ് നിന്റെ പാദസേവ ചെയ്യിക്കുന്ന മനോഹരമായ കാഴ്ച്ച നിഷേധിക്കുന്ന ഇവരോട് നീ പൊറുക്കരുതേ

Monday, May 14, 2007

ഹുസൈനും മമ്മൂട്ടിയും പിന്നെ ഉമേഷ് ബാബുവും

രാജാരവിവര്‍മ്മ പുരസ്ക്കാരം ശ്രീ എം.എഫ്.ഹുസൈന് നല്‍കുന്നതിനെതിരേ ബിജെപി പ്രസിഡന്റ് ശ്രീ.പി.കെ കൃഷ്ണദാസിനും കാവി ബുദ്ധിജീവി പി.പരമേശ്വരനും കാവി വികാരജീവി കുമ്മനം രാജശേഖരനും പ്രതിഷേധം.

ഗുജറാത്തിലെ നരഹത്യയെ തടയാന്‍ കഴിയാത്തതിനെക്കുറിച്ച് പറഞ്ഞതിന് ഭരത് മമ്മൂട്ടിക്ക് പോസ്റ്റര്‍ഹാനി,ചാണകാഭിഷേകം.

സാംസ്കാരികമണ്ഠലത്തില്‍ പിണറായിയും പുകാസയുമുണ്ടാക്കുന്ന പുകാറൊന്നും പോരാഞ്ഞിട്ടാണ് കാവിപ്പടയുടെ ഹാലിളക്കം.

നഗ്നത എന്നാണ് ഹിന്ദുത്വവാദികള്‍ക്ക് വര്‍ജ്ജ്യമായതെന്ന് അറിയില്ല.വിക്റ്റോറിയന്‍ സദാചാരങ്ങളുടെ അധിനിവേശങ്ങള്‍ക്ക് മുന്‍പ് നാം നഗ്നതയെ ആരാധിച്ചിരുന്നു,ആസ്വദിച്ചിരുന്നു,ക്ഷേത്രചുമരുകളില്‍ കൊത്തി വെച്ചിരുന്നു.ദിഗംബരന്മാരായ(ദിക്ക് വസ്ത്രമാക്കിയ,തൂണിയില്ലാത്ത എന്ന് പച്ചമലയാളം) സന്യാസികളെ വാരണാസിയിലും മറ്റും ഇന്നും കാണാം.നല്ലതെന്തും ആസ്വദിച്ചിരുന്ന ലിബറല്‍ ഹിന്ദുവിനെ കൊന്ന് അവിടെ നരേന്ദ്രമോഡിയുടെ ജനിറ്റിക്കലി മൂട്ടേറ്റഡ് അക്രമഹിന്ദുവിനെ പ്രതിഷ്ഠിക്കാനാണ് ഈ ശ്രമം എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു

ഹുസൈന്‍ എന്ത് വരക്കണമെന്ന് നാഗ്പ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും പറയും,മമ്മൂട്ടി എന്ത് പ്രസംഗിക്കണമെന്നും അവര്‍ കുറിപ്പടിതരും.(ഉമേഷ്ബാബു എന്തെഴുതണമെന്ന് ഏ.കെ.ജി. സെന്ററില്‍ നിന്നും പറയും)

ഫാ‍സിസത്തെ സ്റ്റാലിന്‍ കുഴിച്ച് മൂടിയ കഥ ദേവേട്ടന്റെ ബ്ലോഗില്‍ വായിച്ചു.പക്ഷേ ഫാസിസത്തിന്റെ പ്രേതങ്ങള്‍ ദിക്കെമ്പാടും പല്ലിളിക്കുന്നു.

Saturday, April 28, 2007

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ

ഈക്കഴിഞ്ഞനാളൊരു സന്ധ്യയില്‍
നാട്ടിലൂടെ ചുറ്റിത്തിരിയുമ്പോള്‍
പെട്ടെന്ന് എന്‍ മുന്നില്‍ വന്നു വീണു
പൊട്ടിപോയ ഭാരതീയസംസ്ക്കാരത്തിന്‍
അത്ര ചെറുതല്ലാത്തൊരു കഷ്ണം.

തൈക്കിളവിയാം ബോളീവുഡിന്റെ
ചായം ചുവപ്പിച്ച കവിളില്‍
നാടും നാട്ടാരും കാണ്‍കെ
സായിപ്പിന്റെ സിഗരറ്റിന്‍ കറയുള്ള
ചുണ്ട് അല്പസമയമധികം ചലിച്ചപ്പോളാണത്രേ
നമ്മുടെ സംസ്കാരഗോപുരം കൂപ്പുകുത്തിയത്.

ഇവിടെ ചുംബിക്കാന്‍ പാടില്ലേ എന്നാരെങ്കിലും
ചോദിച്ചാല്‍,
ചുംബിക്കാം പക്ഷേ ആരും കാണരുത്
ഒരലു കട്ടോളൂ നിങ്ങള്‍ പക്ഷേ
വിരലുകൊണ്ടെങ്കിലും മറച്ചിടേണം.

ഇവിടെ പൊതുനിരത്തില്‍ അപ്പിയിടാം
മൂത്രമൊഴിക്കാം,
ബസ്സില്‍ കയറി പെണ്ണുങ്ങളുടെ
ചന്തിയില്‍ തലോടിടാം,
പക്ഷെ രഹസ്യമായി വേണം
ഇനി രഹസ്യമായി ചെയ്യാനൊത്തില്ലേല്‍
കണ്ണൊന്നടച്ചാ‍ലും പാല് കുടിക്കാം.

മതവാദികള്‍ പറയുന്നു സദചാ‍രം തകര്‍ന്നെന്ന്,
കോടതിയും അനുപല്ലവി പാടുന്നു
ഭരണകൂടവും ഏറ്റ് പാടുന്നു
കേള്‍ക്കുന്നവരറിയാതെ ചോദിക്കുന്നു
ഈ സദാചാരമെന്തേ സ്ഫടികമാളികയോ

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ
ചില്ലുമാളികകള്‍ക്ക് ആയുസ്സുള്ളൂ

POWDER POWDERED (പൊടി പൊടിച്ചേ)

കഥാനായകന്‍ എന്റെ ഒരു ബന്ധു ആകുന്നു.അമ്പലപ്പുഴക്കാരായവര്‍ക്ക് ഇദ്ദേഹത്തിന്റെ കഥകള്‍ നന്നായി ആറിയാം,പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി കൊടുത്തിട്ടുണ്ട്.ചുരുക്കം പറഞ്ഞാല്‍ തെന്നാലി രാമന്‍ കഥകള്‍ പോലെയോ ഹോജാകഥകള്‍ പോലെയോ അമ്പലപ്പുഴ ക്ഷേത്രപരിസരങ്ങളില്‍ ചേട്ടന്‍ കഥകള്‍ പാറി നടന്നു.പത്രം പോലും വായിക്കാത്ത ആളായത് കൊണ്ട് ബ്ലോഗ് വായിക്കും എന്ന പേടി എനിക്കില്ല.(ഇനി ആരേലും ഊമ കത്തെഴുതി ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ പുള്ളിയെ അറിയിക്കുമോ ആവോ)

ഇംഗ്ലീഷ് ഭാഷയെ ലോകത്തിന്റെ ഏതു കോണിലിട്ടും ആരുടെ മുന്നിലിട്ടും വധിക്കാനുള്ള ലൈസന്‍സായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.ബട്ലര്‍ ഇംഗ്ലീഷ് എന്നൊന്നും വിളിച്ച് ഞാന്‍ ബട്ലറുമാരുടെ ശത്രുത സമ്പാദിക്കാനാഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന് സ്വപിതാവില്‍ നിന്ന് ഒസ്യത്തായി കിട്ടിയതാണ് ഈ ലൈസന്‍സ് എന്ന് പറയേണ്ടി വരും.പക്ഷെ തന്തപടിക്ക് പെരുന്തച്ചന്‍ കോമ്പ്ലക്സുണ്ടാക്കും വിധം ചേട്ടന്‍ ഈ കലാപരിപാടിയില്‍ വിജയിച്ചു എന്നത് അവിതര്‍ക്കമാണ്.

കാര്‍ന്നോര്‍ കച്ചവടത്തില്‍ സമര്‍ത്ഥനായിരുന്നു.കാശൊക്കെ ഉണ്ടാക്കി പുള്ളി തറവാട്ടില്‍ നിന്നും കുറച്ചകലെ ഒരു വീട് വെച്ചു.ആ വീടിനെ എന്ത് വിളിക്കണം എന്നതില്‍ ആര്‍ക്ക് തര്‍ക്കമുണ്ടായിരുന്നെങ്കിലും പുള്ളിക്ക് ഇല്ലായിരുന്നു.OUT HOUSE.അങ്ങനെയാണ് പുള്ളി പുതിയ വീടിനെ പരാമര്‍ശിച്ച് കൊണ്ടിരുന്നത്.മനസ്സിലാകാത്ത വിവര ദോഷികള്‍ക്കദ്ദേഹം വിശദീകരിച്ച് കൊടുത്തു.വെളിയില്‍ വീട്,അതായത് തറവാടിന്റെ വെളിയില്‍ വീട്- OUT HOUSE.

മൂത്ത മകള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു,അന്നത്തെ സ്റ്റൈല്‍ വെച്ച് അമ്മയെ മമ്മിയാക്കി.കുഞ്ഞിന്റെ അപ്പി കഴുകിയും മൂത്രതുണി അലക്കിയും അതിനെ പരിപാലിക്കുന്ന അമ്മയുടെ അനുജത്തീ,കുഞ്ഞമ്മ അഥവാ ചെറിയമ്മയെ എങ്ങനെ ആധുനീകരിക്കും.
കാര്‍ണോരുടെ വൊക്കാബുലറിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ദാ വരുന്നു ‌-SHORT MUMMY-അതായത് ചെറിയമ്മ.

ഈ കാര്‍ന്നോരുടെ മകനാണ് നമ്മുടെ കഥാനായകന്‍.

സ്ഥലത്തെ സ്കൂളിലെ അധ്യാപകനും സാത്വികനും മാന്യനുമായ ഒരാള്‍ ഈ പിതാവിന്റെയും പുത്രന്റെയും കടയില്‍ വരാറുണ്ട്.രഹസ്യമായി ഗര്‍ഭനിരോധന ഉറ വാങ്ങാനായി വരുന്ന അദ്ദേഹത്തെ പിതാവ് മറ്റരുമറിയാതെ സാധനം കൊടുത്ത് സഹായിച്ചിരുന്നു.ഒരിക്കല്‍ അദ്ദേഹമെത്തിയപ്പോള്‍ സാധനം സ്റ്റോക്കില്ല.അകത്തുണ്ടോ എന്ന് നോക്കാന്‍ പിതാവ് പുത്രന് രഹസ്യമായി സന്ദേശം നല്‍കി.അകത്ത് കാണാത്തപ്പോള്‍ മകന്‍ അച്ഛനോട് വളരെ ഉറക്കെ “ ഫാദര്‍, എന്തായിത് കോണ്ഡം തീര്‍ന്നാല്‍ ഉടന്‍ വാ‍ങ്ങണ്ടേ, സാറിന് ഡെയിലി യൂസുള്ളതാണെന്ന് അറിയില്ലേ? സാര്‍ സന്ധ്യാസമയത്ത് കടയില്‍ നിറഞ്ഞിരുന്ന് പുരുഷാരത്തില്‍ നിന്നുരുകി.

സന്ധ്യക്ക് ബൂത്തില്‍ നിന്നും പാല്‍ മേടിക്കാന്‍ വന്നിട്ട് പാലുമായി കറങ്ങി നടക്കുന്ന ഒരു പയ്യനെ ചേട്ടന്‍ ഉപദേശിച്ചു.
"മോനേ,വീട്ടില്‍ പോകൂ അല്ലെങ്കില്‍ മില്‍ക് റിട്ടയര്‍ (milk retire) ആകും" (പാല്‍ പിരിയുമെന്ന് വിവക്ഷ).

ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരാളോട് പുള്ളി ഒരിക്കല്‍ ചോദിച്ചു.“നിങ്ങള്‍ ഫോര്‍ട്ടി വണിനാണോ അതോ ലാമ്പിനാണോ പോകുന്നത്” 41നാണോ മകരവിളക്കിനാണോ പോകുന്നത് എന്നാണ് ചോദ്യം

ഏറ്റവും കടുപ്പം ഇത്തവണത്തെ അമ്പലപ്പുഴ ഉത്സവം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്-

POWDER POWDERED (പൊടി പൊടിച്ചെന്ന്)

Thursday, April 05, 2007

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഒന്നാം കേരളമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ട് 50 ആണ്ട് ഇന്ന് തികയുന്നു.കേരളം ഒരു പക്ഷെ പിന്നിടൊരിക്കലും കാണനിടയില്ലാത്തത്ര പ്രതിഭാധനര്‍ നിറഞ്ഞ മന്ത്രിസഭ.കേരളചരിത്രത്തിലെ അതികായരായ ഇ.എം.എസ്,അച്ചുതമേനോന്‍,റ്റി.വി.തോമസ്,ഗൌരിയമ്മ,നീതിയുടെ കെടാവിളക്കായ ജ.കൃഷ്ണയ്യര്‍,നിരൂപണകുലപതി മുണ്ട്ശ്ശേരി,ആരോഗ്യ വിചക്ഷണനായ ഡോ.മേനോന്‍. എന്തായിരുന്നു ആ ലൈനപ്പ്.ഇവരെ ഒക്കെ നയിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറി സാക്ഷാല്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍.

എന്തിനായിരുന്നു ആ മന്ത്രിസഭയെ ഗര്‍ഭഛിദ്രം നടത്തിയത്,വിശ്രുതനായ ജനാധിപത്യഭിഷഗ്വരനായ പണ്ഠിറ്റ്ജീ?വര്‍ഗ്ഗീയ പിശാചുകളുടെയും ജന്മി അധികാരവര്‍ഗ്ഗത്തിന്റെയും അക്രമപരമ്പരകള്‍ക്കൊപ്പം തുള്ളിയപ്പോള്‍ ഡോ.രാജേന്ദ്രപ്രസാദ്, താങ്കള്‍ തിരസ്കരിച്ചത് രക്തരഹിതമായി വിപ്ലവം നടത്താന്‍ ഒരുമ്പെട്ട ഒരു ജനതയുടെ സമത്വസ്വപ്നങ്ങളെയാണ്.

കമ്മ്യൂണിസ്റ്റ് നയങ്ങളൊന്നുമല്ല ആ മന്ത്രിസഭ നടത്താന്‍ തുനിഞ്ഞത്.കോണ്‍ഗ്രസ് അതിന്റെ പല സമ്മേളനങ്ങളില്‍ പാസാക്കിയ പ്രമേയങ്ങള്‍ മാത്രമാണ്.അതിവേഗത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചു എന്നത് സത്യം.അത് പൂര്‍ണ്ണമായും ഭരണഘടന അനുവദിച്ച പരിധികളില്‍ നിന്നു തന്നെ ആയിരുന്നു.പക്ഷെ 1947 ആഗസ്റ്റ് 15 വരെ ബ്രിട്ടന്റെ ചെരുപ്പ് നക്കി നടന്ന വര്‍ഗ്ഗീയ കുരിശുകള്‍ അതിനു ശേഷം ഖദര്‍ അണിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് മുന്‍പ് പാസാക്കിയ പ്രമേയങ്ങള്‍ വിഴുങ്ങേണ്ടി വന്നു.പകരം അവര്‍ പള്ളിയെയും പിള്ളയെയും ഹംസരഥത്തിലേറ്റി നാട്ടില്‍ കലാപം നടത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിഷം കഴിക്കുമെന്ന് പറഞ്ഞ ചില പത്രക്കാരും മറ്റ് ചില സാംസ്കാരിക വിഷങ്ങളും ചേര്‍ത്ത് നാട്ടില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.എക്കാലത്തെയും ദുഷിച്ച ഏകാധിപത്യമനസ്സുള്ള ഇന്ദിരാഗാന്ധി കൂടി ചേര്‍ന്നപ്പോള്‍ ജോറായി.തന്റെ അച്ഛനു ലേഡി മൌണ്ട്ബാറ്റണ്‍ കൊടുത്ത പ്രേമോപഹാരമാണ് ഇന്ത്യ എന്നു മറ്റോ ആയമ്മ തെറ്റിദ്ധരിച്ചിരുന്നോ എന്തോ.കെട്ടിച്ച് വിട്ടാലും ഭര്‍ത്താവിനോട് പോരെടുത്ത് വീട്ടില്‍ വന്നു നില്‍ക്കുന്ന പെണ്ണുങ്ങളെ കൊണ്ട് ഇത്തരം ഉപദ്രവങ്ങളുണ്ടാകും.

ഇന്ന് ആ മന്ത്രിസഭയൂടെ സത്യപ്രതിജ്ഞയുടെ 50ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സയാമീസ് ഇരട്ടകളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സഹിക്കുന്നില്ല.ഒരു പക്ഷേ വിമോചനസമരത്തിന്റെ കുപ്പത്തൊട്ടിയില്‍ മനോരമ താളില്‍ പെറ്റു വീണ ഇവര്‍ക്ക് ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കനാവും.സമുദായ പിന്തുണ ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടോ രമേശുണ്ടോ?ജനാഭിലഷങ്ങളെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വേണ്ട് അട്ടിമറിച്ച പാരമ്പര്യത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണിവര്‍.ചരിത്രം ഇവരെ വിചാരണ ചെയ്യട്ടെ

Monday, March 05, 2007

പ്രതിഷേധം, വാക്കുകള്‍ക്കതീതമായി

യാഹു, ഞാന്‍ പ്രതിഷേധിക്കുന്നു.

Sunday, February 25, 2007

അസ്തമിക്കാത്ത ഭാസ്കരനൊരു കാവ്യപൂജ

കാലമെത്തിയ വേര്‍പാടിതെങ്കിലും
കാവ്യസൂര്യാ നീ അസ്തമിച്ചീടുമ്പോള്‍
ഒട്ടു കേഴുന്നെന്‍ മനോവീണ നിന്‍
പട്ടുനൂലിഴയിട്ട മൌനസംഗീതത്തില്‍

ആരെയൊക്കെ ഭവാന്‍ നാകവീഥിയില്‍
ആനന്ദഹര്‍ഷത്തിന്‍ സ്വര്‍ണതേരേറ്റി
ആര്‍ദ്രമാം പ്രണയമാനസങ്ങളെ,
പച്ചിരുമ്പിനെ നെഞ്ചാല്‍ തടുത്തൊരാ
തച്ചുടക്കാനാവാത്ത വിപ്ലവസ്മരണയെ,
അമ്മിഞ്ഞയിറ്റുന്ന മാതൃഭാവങ്ങളെ,
ആദ്യമുകുളം വിരിയുന്നത് കാത്തോരാ
അച്ഛന്റെ ഉള്‍പുളകങ്ങളെ,
പെറ്റമ്മെയേ, പിച്ച നടന്നു പഠിച്ചോരീ
പെറ്റനാടിന്റെ സ്വാതന്ത്ര്യവാഞ്ചകളെ.

ഇന്നിവിടെ മൌനസാഗരക്കരയില്‍ നില്‍ക്കേ
ആയിരം കവിതകള്‍ തീരം തഴുകവേ
എന്‍ മനം മെല്ലെ ചൊല്ലീടുന്നിങ്ങനെ
നശ്വരമായെതെന്തും തകരിലും
ഉജ്ജ്വലമായ കാവ്യരശ്മിയാല്‍
നിത്യവുമീമണ്ണിനെ തഴുകും
ബാലഭാസ്കരശോഭയാകുന്നു നീ

Saturday, February 24, 2007

കരീബിയന്‍ കടലില്‍ കാറ്റ് മുരളുമ്പോള്‍

വന്യമായ ഒരു കരീബിയന്‍ കാറ്റായിരുന്നു ഐസക് അലക്സാണ്ടര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് എന്ന വിവിയന്‍ റിച്ചാര്‍ഡ്സ്. അയവെട്ടുന്ന പശുവിനെ പോലെ സദാ ചവച്ച്, താളത്തില്‍ ചന്തിയാട്ടി റിച്ചാര്‍ഡ്സ് നടന്ന് കയറിയത് നിരവധി ആരാധകരുടെ മനസ്സിലേക്കയിരുന്നു.മൃഗീയമായ അയാളുടെ കരവേഗങ്ങള്‍ കാണികള്‍ക്ക് ഹരമായിരുന്നു.ഒരു നേരെമെങ്കിലും ആ കരിമ്പാറക്കെട്ടുകളില്‍ ഒരു മഴയാവാന്‍, സ്വേദഹാരമാകുവാന്‍ നീനാ ഗുപ്തമാര്‍ കൊതിച്ചു. ആരെയും അദ്ദേഹം ഹതാശയരാക്കിയില്ല.സിക്സര്‍ വേണ്ടവര്‍ക്ക് അദ്ദേഹം അത് നല്‍കി(സന്താനങ്ങളെ വേണ്ടവര്‍ക്ക് അതും).ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് വെടിക്കെട്ടുകാ‍ര്‍ ഏറെ വന്നിട്ടും ക്രിക്കറ്റ് ആരാധകര്‍ റിച്ചാര്‍ഡ്സിനെ മറക്കുന്നില്ല.

ഇത്രയും ഓര്‍ക്കാന്‍ കാരണം ലോകകപ്പാണ്.ഒരു പക്ഷേ ഏറ്റവും അധികം ബിഗ് ഹിറ്ററുമാര്‍ മാറ്റുരക്കുന്ന ലോകകപ്പ് ഇതാവാം.ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് ,ധോണി,അഫ്രീദി,ഊത്തപ്പ,ഫുള്‍ടണ്‍,കെവിന്‍ പീറ്റേഴ്സണ്‍,മക്മില്ലന്‍...അന്തമില്ലാതെ നീളുന്നു കൂറ്റനടിക്കാരുടെ പരമ്പര. കരീബിയന്‍ പടനിലങ്ങളില്‍ ഇവരാകും അങ്കകോഴികള്‍, ചാവനും കൊല്ലാനും.പ്രശസ്തരും പ്രഗല്‍ഭരും (സച്ചിന്‍,ദ്രാവിഡ്,യൂസഫ്,ഹഖ്,പോണ്ടിംഗ്..)ഒരു ചുവട് പിന്നിലേ നില്‍ക്കൂ എന്നാണ് കഴിഞ്ഞ ഒന്നര മാസത്തില്‍ നടന്ന കളികള്‍ സൂചിപ്പിക്കുന്നത്.

സ്വതവേ ഇരട്ടവേഗതയുള്ള പിച്ചുകളാണ് വിന്‍ഡീസിലേത്. ബാറ്റ്സ്മാന്‍ വെറുക്കുന്ന പിച്ചുകള്‍.പക്ഷേ കാണികളില്‍ നിന്നും സം പ്രേക്ഷണത്തില്‍ നിന്നും കോടികള്‍ പ്രതീക്ഷിക്കുന്ന ICC അത്തരം വിക്കറ്റുകളെ അനുകൂലിക്കാനിടയില്ല.ബാസ്കറ്റ് ബോളിലേക്കും ബേസ്-ബോളിലേക്കും മാ‍റി പോകുന്ന കരീബിയന്‍ യുവത്വത്തിനെ ക്രിക്കറ്റിലേക്ക് മടക്കി കൊണ്ട് വരണമെന്ന് അവിടുത്തെ ബോര്‍ഡും ആഗ്രഹിക്കുന്നു.അപ്പോള്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സാധ്യതക്കളെ കുറിച്ച് പ്രവചനം അസാധ്യമാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം.നാലു ടീമുകള്‍ വെല്‍ സെറ്റാണ്.ഇംഗ്ലണ്ട്,ന്യൂസിലാണ്ട്,ദ.ആഫ്രിക്ക,ഇന്ത്യ എന്നിവര്‍.കോമ്പിനേഷന്‍സിനെക്കുറിച്ച് ഇവര്‍ക്ക് വലിയ കണ്‍ഫ്യൂഷനില്ല എന്നത് മാത്രമാണ് വെല്‍ സെറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓസ്റ്റ്റേലിയ,പാക്കിസ്ഥാന്‍,ശ്രീലങ്ക ഇവര്‍ക്കെല്ലാം തന്നെ അപാരമായ പ്രഹരശേഷിയുമായി തല്‍ക്കാലം സംഭവിച്ച തിരിച്ചടികളില്‍ നിന്നും ഉയര്‍ന്ന് വരാന്‍ കഴിവുണ്ട്. ആതിഥേയര്‍ എന്ന നിലയില്‍ വിന്‍ഡീസിന് മറ്റാര്‍ക്കുമില്ലാത്ത ഒരു അഡ്വാന്റേജുമുണ്ട്.ഇതെല്ലാം ചേരുമ്പോള്‍ പാഴൂര്‍ പടിപ്പുരയിലിരിക്കുന്നവരും ഒന്ന് മടിക്കും പ്രവചനം നടത്താന്‍.

കടലാസ്സിലെങ്കിലും ഏറ്റവും ശക്തര്‍ ഇന്ത്യ ആണ്.7 ബാറ്റ്സ്മാന്മാര്‍, 3 മീഡിയം പേസറുമാര്‍,1 സ്പിന്നര്‍ ഇതാവും ഇന്ത്യന്‍ കോമ്പിനേഷന്‍.ഗ്രൌണ്ട് ചെറുതാണെങ്കില്‍ ഇത് 4 മീഡിയം പേസറുമാരാക്കനും വിഷമമില്ല.അതിനുള്ള കോപ്പ് ഇന്ത്യയുടെ കയ്യിലുണ്ട്.7 ബാറ്റ്സ്മാന്മാര്‍ക്കും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.അതില്‍ ധോണി,ഉത്തപ്പ,സേവഗ്,യുവരാജ് എന്നിവര്‍ ഏത് ഇക്വേഷനും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍.ദ്രാവിഡ് സച്ചിന്‍ ഗാംഗുലി ത്രയം 10000 ത്തിനു മേല്‍ സ്കോര്‍ ചെയ്തിട്ടുള്ള 6 പേരില്‍ 3 പേര്‍.ബോളിംഗില്‍ സഹീര്‍ തകര്‍പ്പന്‍ ഫോമിലാണ്.അഗര്‍ക്കാര്‍ കരിയറിലെ ഏറ്റവും നല്ല സമയത്ത്,ആക്രമണത്തിന് ശ്രീശാന്ത്, കണിശതക്ക് മുനാഫ് പട്ടേല്‍,പ്രവചനാതീതമായ ഹര്‍ഭജന്‍.മേമ്പൊടിയായി പത്താനും കുംബ്ലേയും. ഏറ്റവും സാധ്യതയുള്ള റ്റീം ഇന്ത്യ തന്നെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഏട്ടിലെ പശു ഇനി പുല്ലു തിന്നില്ലെങ്കിലോ.....

ന്യൂസിലാന്റിന്റെ കഴിഞ്ഞ ഓസീസുമായുള്ള കളി വെച്ച് അളക്കണ്ട എന്ന് തോന്നുന്നു.ന്യൂസിലാന്റ് അതി ഭയങ്കരമായ ഹോം ഗ്രൌണ്ട് അഡ്വാന്റേജുള്ള ടീമാണ്.അവിടുത്തെ കാലവസ്ഥയും ഗ്രൌണ്ടുകളുടെ ഓവല്‍ ഷേപ്പുമാണ് അതിനു കാരണം എന്ന് തോന്നുന്നു. സ്ക്ക്വയര്‍-ലെഗിലൊക്കെ എത്ര സിക്സാണ് പിറക്കുന്നത്? .എങ്കിലും നല്ല ഒരു യുവ നിരയാണ്.ആ‍വശ്യത്തിനു പരിചയസമ്പന്നതയുമുണ്ട്.ഫ്ലെമിംഗിന്റെ നായകത്വമാണ് അവരുടെ USP.

ദ.ആഫ്രിക്ക ഫോമിലുള്ള റ്റീമാണ്.പക്ഷേ കാലിസിലിള്ള അമിത ആശ്രയം അവര്‍ക്ക് ദോഷം ചെയ്യും.പൊള്ളോക്ക്,സ്മിത്ത്,പ്രിന്‍സ്, പിന്നെ ഇതു വരെ തന്റെ പ്രതിഭയോട് നീതി പുലര്‍ത്താത്ത ഗിബ്സ് എന്നിവര്‍ ഒത്തു പിടിച്ചാല്‍ കപ്പില്‍ ചുംബിക്കാന്‍ അവര്‍ക്കും നല്ല സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന് അടുത്ത കാലത്ത് നേടിയ വിജയങ്ങള്‍, അതും പരാജയത്തിന്റെ പരമ്പരകള്‍ക്ക് ശേഷം,ഫ്ലൂക്കല്ലെന്ന് തെളിയിക്കണം.പുതുമുഖങ്ങള്‍ പലരും വെറും കാടന്‍ അടിക്കാരാണെന്നുള്ളത് പോരായ്മയാണ്.ഇത്തരക്കരുടെ ദൌര്‍ബല്യങ്ങള്‍ വേഗം പുറത്താകും.പീറ്റേഴ്സണ്‍,കോളിന്‍വുഡ്,ഫ്ലിന്റോഫ് എന്നിവരിലാണ് റ്റീമിന്റെ പ്രതീക്ഷകള്‍.ബോളിംഗ് പരിചയക്കുറവുള്ള ഒരു നിരയുടെ കൈയ്യിലാണെന്നത് വീഴ്ച്ചയാവാം.നേട്ടവുമാവാം അതിന്റെ ഫ്രഷ്നെസ്സ്

പാക്കിസ്ഥാന്‍ പഴയ പ്രതാപകാലത്തിന്റെ നാലിലൊന്ന് ഗുണമുള്ള ബോളിംഗ് അറ്റാക്കില്ല എന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.ബാറ്റിംഗ് തരക്കേടില്ല.അഫ്രീദിയൊക്കെ പേരിന്റെ നിഴലാണെങ്കിലും.മുഹമ്മദ് യൂസഫാണ് റ്റീമിന്റെ നെടുംതൂണ്‍.അദ്ദേഹം അപാര ഫോമിലുമാണ്.

ശ്രീലങ്കയുടെ വിജയം ഒരു അട്ടിമറി സാധ്യതയായേ കണക്കാക്കാനാവൂ.അല്ലെങ്കില്‍ ജയസൂര്യ കില്ലിംഗ് ഇന്‍സ്റ്റിങ്ക്റ്റുമായി ഉയര്‍ന്ന് വരണം.അസംഭവ്യമല്ല.എങ്കിലും സാധ്യത വിരളം.മുരളി മാജിക്കും എത്ര ഫലിക്കുമെന്നറിയില്ല കരീബിയന്‍ പ്രതലങ്ങളില്‍,മാത്രമല്ല ഇന്ത്യയുടെ ഗ്രൂപ്പിലാണെന്നുള്ളത് അവരുടെ വഴി ദുഷ്കരമാക്കുന്നു.

ഓസീസ്....... എന്താണ് അവര്‍ക്ക് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല. കൂറ്റന്‍ സ്കോറുകള്‍ പോലും പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു.മക്ഗ്രാത്തിനു ശേഷം പ്രളയം എന്ന അവസ്ഥയാണോ.മക്ഗ്രാത്തിന് ഒറ്റക്ക് എന്തു ചെയ്യാന്‍ കഴിയും.പുതുമുഖങ്ങളില്‍ നിന്ന് ഒരു മാച്ച് വിന്നര്‍ ഉണ്ടാകുമോ?സൈമണസിന്റെ പരിക്ക് അവരെ വല്ലാതെ ബാധിക്കുമോ? ഇതിനെല്ലാമുള്ള ഉത്തരം വെള്ളിത്തിരയില്‍ മാത്രം...........(സോറി കരീബിയന്‍ പുല്‍മൈതാനങ്ങളില്‍ മാത്രം).

റിച്ചാര്‍ഡ്സ് എന്ന വന്‍വെടിക്കെട്ടുകാരന്റെ നാട്ടിലാണ് ഇത്തവണ പൂരം. സാധാരണ ഉടുക്ക് കൊട്ടലൊന്നും അവിടുത്തെ പട്ടികളെ ഭയപ്പെടുത്തില്ല,കാണികളെ തൃപ്തിപെടുത്തുകയുമില്ല.കരീബിയന്‍ കടലില്‍ നിന്നും ഒരു കൊടും കാറ്റിന്റെ ഹൂംകാരമുയരുന്നുണ്ടോ, നമ്മുക്ക് കാതോര്‍ക്കാം.

Tuesday, February 13, 2007

അലിയറിയുമോ അങ്ങാടി വാണിഭം

അലിയെന്നാല്‍ മഞ്ഞളാംകുഴി അലി അല്ലെങ്കില്‍ മാക് അലി. അലിക്ക് എ.കെ.ജി സെന്റര്‍ എന്ന അങ്ങാടിയിലെ വാണിഭങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മറ്റാരുമല്ല അങ്ങാടി മൊത്തമായി മൂന്നു കൊല്ലത്തേക്ക് പാട്ടത്തിനു പിടിച്ച കരാറുകാരനായ പിണറായി വിജയനാണ്.

വിജയന്‍ മനസ്സില്‍ കണ്ടാല്‍ മതി ഫാരിസ് അതനുസരിച്ച് എഴുതിയിരിക്കും.ഫാരിസ് എന്നാല്‍ ദീപിക കൈപ്പിടിയില്‍ ഒതുക്കിയ സിംഗപ്പൂര്‍ മുതലാളി.വിജയന്റെ ഇഷ്ടതോഴന്‍.പരമ്പരാഗത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ് ദീപിക.കത്തനാരുടെ പത്രത്തിന് കമ്മ്യൂണിസ്റ്റ്കാരോട് എന്താ ഇത്ര സ്നേഹം എന്ന് ചിന്തിച്ച് വായിച്ച് നോക്കുമ്പോളാണ് താല്‍പ്പര്യം കമ്മ്യൂണിസത്തോടല്ല മറിച്ച് പിണറായി-കോടിയേരി അച്ചുതണ്ടിനോടാണെന്ന് മനസ്സിലാകുന്നത്.ഒന്നാം നമ്പര്‍ ശത്രു മുഖ്യമന്ത്രി,രണ്ടാമത്തേത് സി.പി.ഐ.പക്ഷേ കര്‍ത്താവ് കനിഞ്ഞ് അധികം പേര്‍ ഈ അവരാതം വായിക്കാത്തതു കൊണ്ട് രണ്ടുകൂട്ടരും രക്ഷപെട്ട് നില്‍ക്കുന്നു.

വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാട്പെടുന്നു എന്ന് വിജയന്‍ തന്റെ ജിഹ്വയായ ദീപികയിലൂടെ അദ്ദേഹം പരാതി പറയുന്നു.അഴിമതി അന്വേഷണത്തെ ധീരമായി നേരിട്ട പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്.ആദ്യ മന്ത്രിസഭയുടെ കാലത്തെ അരി അഴിമതി ആരോപണത്തെക്കുറിച്ച് ഓര്‍ക്കുക.എന്നാല്‍ ഒരാള്‍ ഖജനാവിലെ പണം ദുര്യുപയോഗിച്ച് വലിയ വക്കിലന്മാരെ വരുത്തി അന്വേഷണത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം അതിലൂടെ പൊതു സമൂഹത്തോട് എന്താണ് പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സികുന്നില്ല എന്നത് ആരെയും അല്‍ഭുതപ്പെടുത്തുന്നു.

ഐസ്ക്രീം വാണിഭം ഇന്ത്യാവിഷനിലൂടെ പുനര്‍ജനിച്ചപ്പോള്‍ അന്ന് അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ആ‍ാളാണ് വിജയന്‍.(അദ്ദേഹത്തിന്റെ സില്‍ബന്തി തന്നെയാണ് കുഞ്ഞാലികുട്ടിയെ രക്ഷപെടുത്തിയതെന്ന ആരോപണം നിലനില്‍ക്കുമ്പോളാണ് ആദ്ദേഹം പ്ലേറ്റ് മാറ്റിയത്).കേരളം കണ്ട ജുഡീഷ്യല്‍ അട്ടിമറിയിലൂടെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ പിണറായി ആദ്യം ചെയ്തത് അതിലെ പ്രതിയെ സ്പോര്‍ട്ട്സ് കൌണ്‍സില്‍ അദ്ധ്യക്ഷനാക്കുകയായിരുന്നു.അവര്‍ക്കെതിരെ സര്‍ക്കാര്‍ അപ്പില്‍ നല്‍കുന്നു എന്ന വസ്തുത പോലും പിണറായി സംഘം വകവെച്ചില്ല. ജനം അദ്ദേഹത്തെ സംശയാസ്പദമായ രാഷ്ട്രീയേതര ബന്ധമുള്ളയളെന്ന് സംശയിച്ചാല്‍ കുറ്റം പറയാമോ.

അച്ചുതാനന്ദന്‍ ഒരു ആദര്‍ശശാലിയാണെന്ന അഭിപ്രായമൊന്നുമില്ല.പ്രത്യേകിച്ച് അരുണ്‍കുമാറിനെ പോലുള്ള ഒരു കരുപ്പ് ഉള്ള സാഹചര്യത്തില്‍.മകനെ തള്ളി പറയാന്‍ രാഷ്ട്രീയക്കാരായ മറ്റ് പല പിതാക്കന്മാരെ പോലെ അദ്ദേഹത്തിനും മടിയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പല നിലപാടുകളും കേരളം ഇടം വലം വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്നു,പിന്തുണയ്ക്കുന്നു.എവിടെയോ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കാണുന്നു.തിന്മയുടെ അച്ചുതണ്ടുകളാല്‍ പട്ട് പോയ ഒരു ജനത അതിലെ അവശേഷിക്കുന്ന നന്മകള്‍ പ്രചോദിപ്പിക്കാന്‍ പ്രാപ്തനായ ഒരാള്‍ എന്ന് അദ്ദേഹത്തെ കുറിച്ച് ധരിക്കുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹമായിരുന്നു ഇടതുപക്ഷത്തെ ജൈവമാക്കി നിര്‍ത്തിയിരുന്നത്.അല്ലാതെ വഴിപാട് സമരങ്ങളോ കൊട്ടിഘോഷിക്കപ്പെട്ട കേരള മാര്‍ച്ചോ ആയിരുന്നില്ല.ഇത് ജനം നന്നായി മനസ്സിലാക്കുകയും ചെയ്തു.അത് കൊണ്ട് തന്നെ അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ ജനം അധികം പ്രതീക്ഷിക്കുന്നു.അവിടെ അദ്ദേഹത്തെ നിസ്തേജനാക്കി നാണം കെടുത്തുക എന്നതാ‍ണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയം.

അലിയിലേക്ക് മടങ്ങി വരാം.അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പിണറായിയെ ചൊടിപ്പിച്ചത് താഴെ പറയുന്ന മൂന്ന് അഭിപ്രായങ്ങളാണ്.
1. പാര്‍ട്ടി അച്ചുതാനന്ദനെ പലതും ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന തോന്നല്‍ ജനത്തിനുണ്ട്, ആ വികാരം ഞാനും പങ്ക് വെക്കുന്നു.
2. അച്ചുതാനന്ദന്റെ നിലപാടുകളെ താന്‍ പിന്താങ്ങുന്നു.
3. എ.ഡി.ബി. വായ്പ വാങ്ങുന്നതിനോട് യോജിപ്പില്ല.അല്ലെങ്കില്‍ അതിനെതിരേ കഴിഞ്ഞ് കാലത്ത് ഞാ‍നടക്കമുള്ളവര്‍ സഭക്കകത്തും പുറത്തും കാട്ടിയത് വെറും തട്ടിപ്പാണെന്ന് ജനം കരുതും.

ഒന്നാമത്തെ തോന്നല്‍ സാക്ഷാല്‍ കാരാട്ട് ശരി വെച്ചതാണ്. സര്‍ക്കാരിന് പാര്‍ട്ടിയുമായുള്ള ഏകോപനകുറവ് നിമിത്തം വേണ്ടത്ര കാര്യക്ഷമതയോടെ നീങ്ങാനാവുന്നില്ല എന്ന് പ്രകാശ് പറഞ്ഞിരുന്നു. ഈ അറിവ് അലിക്കെങ്ങനെ കിട്ടി എന്ന് ചോദിക്കുമ്പോള്‍ പ്രകാശ് പത്രസമ്മേളനം നടത്തി പറഞ്ഞു തന്നു എന്നാണ് നിസ്സാരമായ ഉത്തരം. അതോ ഇനി ഭിക്ഷയില്ല എന്ന് പറയാന്‍ കാരണവര്‍ക്ക് മാത്രമേ അവകാശമുള്ളു എന്ന് പറയും പോലെ ഇതൊക്കെ ജ.സെക്രട്ടറി പറഞ്ഞാല്‍ മാത്രമേ വകവെയ്ക്കൂ എന്നുണ്ടോ?

രണ്ടാമത്തെ പോയിന്റ് അച്ചുതാനന്ദന്റെ നിലപാടിനെ പിന്താങ്ങുന്നു എന്ന് മാത്രമേ അലി പറഞ്ഞുള്ളൂ.അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.ജി.സുധാകരന്‍ പറയും പോലെ അച്ചുതാനന്ദന്‍ പിണറായിയുടെയും ഗുരുവല്ലേ.ഇനി പിണറായിയുടെയോ മറ്റോ നിലപാടുകളെ എതിര്‍ക്കുന്നതായി അലി പറഞ്ഞുമില്ല.പിന്നെ അതില്‍ കോപമെന്തിന് സഖാവേ? അല്ലെങ്കില്‍ ഈ കോപം തന്നെ ആദ്യത്തെ പോയിന്റിനെ സാധൂകരിക്കുന്നില്ലേ?

എ.ഡിബി. വായ്പ മുന്നണി അംഗീകരിക്കാനിരിക്കുന്നതേയുള്ളൂ.അതിനെ കുറിച്ച് ഒരു വേറിട്ട നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് സ്വതന്ത്ര അംഗം. മാത്രമല്ല അതിനെക്കുറിച്ച് അലി അതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം സാധാരണക്കാര്‍ക്ക് തോന്നുന്ന നിസ്സാര സംശയമാണ്.എന്തിനായിരുന്നു ഈ കോലാഹലം. നാഴികക്ക് നാല്‍പ്പത് വട്ടം മാറ്റിപറയാന്‍ രാഷ്ട്രീയക്കാരന് കഴിയും.പക്ഷേ കച്ചവടക്കാരന് കഴിയില്ല.കാരണം ബിസിനസ്സില്‍ വാക്കാണ് വലുത്.അവിടെ പിതൃശൂന്യതക്ക് സ്ഥാനമില്ല.അലി വാക്കിന് നെറിയുള്ള കച്ചവടക്കാ‍രനാണ്.

പക്ഷേ അലിയുടെ കച്ചവടമല്ല പിണറായിയുടെ കച്ചവടം.അവിടെ മുന്നണി ഇതര ജാര ബന്ധങ്ങളാവാം.പറഞ്ഞ വാക്ക് വിഴുങ്ങാം.കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം വെച്ച് മടങ്ങും വഴി അവരെ വെടിവെച്ച് കൊന്ന കരുണാകരന്റെ വീട്ടില്‍ കയറി സദ്യ ഉണ്ണാം.അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് അതേ ശ്വാസത്തില്‍ രോഗശാന്തി ശ്രുശ്രൂഷക്ക് ഹാലേലൂയാ പാടാം.അലിയറിയുമോ ഈ അങ്ങാടിയിലെ വാണിഭം??

ദീപികയെ ഉപയോഗിച്ചുള്ള ഈ നിഴല്‍കുത്ത് വേണ്ട.നട്ടെളുള്ള രാഷ്ട്രീയക്കാരനാണ് വിജയന്‍ എന്നാണ് വെയ്പ്.വിമര്‍ശിക്കനുള്ളത് സി.പി.ഐ യെ ആയി കൊള്ളട്ടെ അച്ചുതാനന്ദനെ ആയിക്കൊള്ളട്ടെ അതങ്ങ പറയുകയെല്ലേ ഉചിതം.അതിന് കൂലിയെഴുത്തിന്റെ ആവശ്യമുണ്ടോ?ഇനി പറയണമെങ്കില്‍ സ്വന്തമാ‍യി ഒരു പത്രം തന്നെ ഉണ്ടല്ലോ.വിമോചന സമരക്കാരുടെ പത്രം പിന്തുണക്കുന്നത് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റിനെ ആവാന്‍ തരമില്ല. കമ്മ്യൂണിസ്റ്റ് ട്രോജന്‍ കുതിരയില്‍ ഒളിപ്പിച്ച ഒരു അഞ്ചാം പത്തിയെ മാത്രമേ അവര്‍ക്ക് പിന്താങ്ങാനാവൂ.

Disaster management ല്‍ ഉള്‍പ്പെടുത്തി സുനാമി പുനരധിവാസത്തിന് വായ്പ വാങ്ങാന്‍ തീരുമാനിച്ചത് കേന്ദ്രമാണ്.സംസ്ഥാനത്തിനായി അതിന്റെ കരാര്‍ ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2005 മേയ് 12) ആണ്.ഒപ്പിട്ട ഒരു കരാറില്‍ നിന്നും പിന്‍ വാങ്ങാന്‍ തുടര്‍ച്ചയായ സര്‍ക്കാരിനാവില്ല.മാത്രമല്ല നഗരസഭകള്‍ക്കുള്ള വായ്പ എതിര്‍ക്കപ്പെടുന്നത് അത് വലിയ തോതില്‍ നഗരസഭകളുടെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തുന്നത് കൊണ്ടാണ്.ഇനി ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണമെങ്കില്‍ പിണറായിക്ക് അത് LDF ല്‍ നിഷ്പ്രയാസം നടക്കുമെന്നിരിക്കേ എന്തിന് ദീപിക ഉപയോഗപ്പെടുത്തി ഒരു നിഴല്‍ കുത്ത്.

Sunday, January 07, 2007

വികസനം-ചില ശീര്‍ഷാസന ചിന്തകള്‍

വികസനം എന്ന വാക്കിന്റെ അര്‍ത്ഥം വളരെ സമര്‍ത്ഥമായി രൂപകല്‍പ്പന ചെയ്യാന്‍ കമ്പോളശക്തികള്‍ക്ക് സാധിച്ചിരിക്കുന്നു. കൊടിയ ഇടതുപക്ഷക്കാരന്‍ പോലും വികസനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ചിന്തിക്കുക മണിമാളികകളെക്കുറിച്ചും ആഡംബരകാറുകളെക്കുറിച്ചും മള്‍ട്ടിപ്ലെക്ക്സുകളെക്കുറിച്ചും ഷോപ്പിംഗ് കോമ്പ്ലക്സുകളെക്കുറിച്ചും ആയിരിക്കും.അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ കമ്പോളം നമ്മോട് ആവശ്യപ്പെടുന്നു.

(വികസനം എന്ന് വാക്ക് കൊണ്ട് നമ്മള്‍ പലപ്പോഴും സാമ്പത്തിക വികസനം മാത്രമാണ് ലക്ഷ്യമാക്കുന്നത്. സാംസ്കാരികമായ വികസനം,ബൌദ്ധികമായ വികസനം,കലാകായികപരമായ വികാസം ഇവയൊക്കെ നാം ഇതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നു. ഈ പോസ്റ്റും സാമ്പത്തിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ മേഖലകള്‍ ഒഴിവാക്കുന്നു.)

വികസനത്തിന്റെ അളവുകോലായി പണ്ട് കണ്ടിരുന്നത് പ്രതിശീര്‍ഷവരുമാനം മാത്രമായിരുന്നെകില്‍ ഇന്ന് അതിനെക്കാള്‍ പ്രമുഖമായി വരുന്നത് ഓഹരി സൂചികയും വളര്‍ച്ചാ നിരക്കുമാണ്.ഒഴുകി നടക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന ഓഹരി സൂചിക തെങ്ങു കയറുന്ന ചന്ദ്രന്റെയും വേലി കെട്ടുന്ന ശശീന്ദ്രന്റെയും ജീവിതത്തിലെ വികാസത്തിന്റെ സൂചകമാകുന്നതെങ്ങനെ എന്ന് എനിക്കിന്നും മനസ്സിലാകാത്ത കാര്യമാണ്.ഏതാണ്ട് അതു പോലെ തന്നെയാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും.പണ്ട് ഒരു സാമ്പത്തിക ശാസ്ത്രം ക്ലാസില്‍ ആരോ പ്രതിശീര്‍ഷ വരുമാനത്തെ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു- ‘ഞാനും റ്റാറ്റയും കൂടി ഹോട്ടലില്‍പോയി,റ്റാറ്റ 2 കോഴിയെ തിന്നു,ഞാന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു.ശരാശരി 2 പേരും ഓരോ കോഴിയെ തിന്നു എന്ന് പറയുന്നത് പോലെയാണ് പ്രതിശീര്‍ഷ വരുമാനം”.

ഗ്രാമീണമായ ഒരു ഇക്കണോമി

ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകുന്ന ഒരു ഗ്രാമീണ സമ്പത്ഘടനയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരം സ്വയം പര്യാപ്തഗ്രാമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ ബദല്‍.ഡോഗ്മാറ്റിക്ക് എന്നു പറഞ്ഞ് ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ തള്ളി കളഞ്ഞ ഈ ഗാന്ധിയന്‍ ബദലിനെ പുനപ്രതിഷ്ഠിക്കുകയാണ് ഇടതുപക്ഷത്തിന്റെ അടിയന്തിരകര്‍ത്തവ്യം. ഉടയോന്‍-വിധേയന്‍ ബന്ധം നിലനില്‍ക്കുന്ന ഒരു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയുടേത്. നല്ല ധനാഗമസ്രോതസ്സുകള്‍ ചിദംബരം ചെട്ട്യാര്‍ കൈയ്യടക്കി വെക്കുന്നു. കുരങ്ങന്‍ പങ്കു വെച്ച അപ്പകഷ്ണം പോലുള്ള പ്ലാന്‍ ഫണ്ട് ആണ് തോമസ് ഐസക്കിന് കിട്ടുന്നത്.ഏതാണ്ട് ഇതേ സമീപനം തന്നെ സംസ്ഥാനം തദ്ദേശസ്ഥാപനങ്ങളോടും പുലര്‍ത്തുന്നു.(മുഴുത്ത കഷ്ണം കേന്ദ്രത്തിന് കിട്ടുന്ന ഈ ഫെഡറലിസത്തെ ദീര്‍ഘവീക്ഷണത്തോടെ എതിര്‍ത്ത ഭരണാധികാരിയായിരുന്നു സര്‍ സി.പി. അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതയോട് യോജിപ്പില്ലെങ്കിലും സ്വാമിയുടെ വീക്ഷണത്തെ അനുമോദിക്കാ‍തെ വയ്യ). അത്തരമൊരു ഫെഡറല്‍ ഘടനയില്‍ സ്വയം സാമ്പത്തിക-വികസന നയങ്ങള്‍ തീരുമാനിക്കാന്‍ അതിലെ ഫാക്റ്ററുകള്‍ക്ക് കഴിയാതെ പോകുന്നു.

എന്തായിരിക്കണം ഗ്രാമീണ സമ്പദ് വ്യവസ്ഥ

മാനുഷിക അധ്വാനം ഒരു ചിലവാകാത്ത ചരക്കായി മാറി എന്ന് പലരും വിവക്ഷിക്കുന്നുണ്ട്. അതിനോട് യോജിക്കുക വയ്യ.കായിക അധ്വാനം കുറക്കുന്ന ഒരു പാ‍ട് കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ റാഷണല്‍ തിങ്കിങ്ങിന് പകരം വെക്കാന്‍ കമ്പ്യൂട്ടറിനോ അതിനേക്കാള്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

ഗ്രാമീണ സമ്പദ്ഘടന ഒരു സ്ത്രീ കേന്ദ്രീകൃത സങ്കല്‍പ്പമാണ്. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമൊക്കെ അതിന്റെ ഒരു ലളിതമായ രൂപമണ്.സീരിയല്‍ കാഴ്ച്ചകളിലും പരദൂഷണവെടിവട്ടങ്ങളിലും കുരുങ്ങി കിടക്കുന്ന സ്ത്രീകളുടെ കര്‍മ്മശേഷി എങ്ങനെ ഗൂണപരമായി വിനിയോഗിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം.2006ല്‍ സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ മൊഹമ്മദ് യൂനിസ് എന്ന ബംഗ്ലാദേശീയുടെ മൈക്രോ ക്രെഡിറ്റ് സംരംഭങ്ങളും ഇത്തരുണത്തില്‍ സ്മരണീയമാണ്.പട്ടിണിയും ദാരിദ്ര്യവും അകറ്റാനാണ് യൂനിസ് ശ്രമിച്ചതെങ്കില്‍ അതിലൂടെ കരുത്തുറ്റ ഒരു ഗ്രാമീണ ഇക്കോണമിയും അതു വഴി ശക്തമായ ഒരു ആഗോളവല്‍ക്കരണപ്രതിരോധവും കേരളത്തിനു സാധിക്കണം

സ്ത്രീകളെ കേന്ദ്രീകരിക്കാന്‍ പല നല്ല കാരണങ്ങളുമുണ്ട്.
1. വാ‍യ്പ്പകള്‍ ബീവറേജസ് കോര്‍പ്പറെഷനിലേക്കോ കള്ളു ഷാപ്പിലേക്കോ വഴിതിരിച്ച് വിടപ്പെടില്ല. 2.സ്ത്രീകളുടെ മോചനം സാമ്പത്തിക സ്വാധീനതയിലൂടെ മാത്രമേ സാധിക്കൂ(ബ്രാ കത്തിച്ചാല്‍ സ്വാതന്ത്ര്യം വരില്ല എന്ന് തന്നെ)
3. സ്ത്രീകളുടെ മിച്ചമൂല്യം കൂടുതല്‍ കാര്യക്ഷമതയോടെ പുനരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സമയത്തെ സൃഷ്ടിപരമായി ഉപയോഗിച്ച് ഉല്‍പ്പന്നമായി മാറ്റുക,ഉല്‍പ്പന്നത്തെ നന്നായി മാര്‍ക്കറ്റ് ചെയ്യുക ഇതാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനകര്‍മ്മങ്ങള്‍.ഇതില്‍ ആദ്യത്തേതിന് സര്‍ക്കാര്‍ ഏജന്‍സികളുടെ പരോക്ഷ സഹായം മതിയെങ്കില്‍ രണ്ടാമത്തേതിന് കൂടുതല്‍ പ്രത്യക്ഷ സഹായം വേണ്ടി വരും. ഉല്‍പ്പന്നം എന്തുമാവം, പച്ചക്കറികളാവാം, പാലാം,മുട്ടയാവാം,വെണ്ണയാവാം,സൂചിയോ തൂമ്പയോ ആവാം,കയര്‍ കരകൌശലവസ്തുക്കളാവാം,രാമപുരത്ത് വാര്യര്‍ പറഞ്ഞ പോലെ അവലുമാം മലരുമാം ഫലവുമാം.....ബ്രാന്‍ഡിംഗ് എന്നത് വെറും കണ്‍കെട്ട് വിദ്യയാണെന്ന് അറിയാമെങ്കിലും അതും അത്യാവശമാണ്.അത് കേന്ദ്രീകൃതമായി ചെയ്യാന്‍ സര്‍ക്കാര്‍ സഹായം വേണം.അങ്ങനെ ഓരോ ഗ്രാമങ്ങളും ഓരോ ഉല്‍പ്പാദന കേന്ദ്രങ്ങളും ലാഭകേന്ദ്രങ്ങളുമായി മാറണം.നമ്മുടെ മൂലധനം നമ്മുടെ വ്യവസ്ഥിതിയില്‍ തന്നെ പരമാവധി റീസൈക്കിള്‍ ചെയ്യപ്പെടണം.

കേരളത്തില്‍ നിന്ന് നല്ല ക്രെഡിറ്റ് പ്രപ്പോസലുകളില്ലാത്തത് കൊണ്ടാണ് കേരളത്തില്‍ നിക്ഷേപിക്കപ്പെടുന്ന ഗണ്യമായ NRI പണം സംസ്ഥാനത്തിന്റെ പുറത്തേക്ക് പോകുന്നത് എന്ന വിമര്‍ശനം ശ്രദ്ധേയവും വസ്തുതാപരവുമാണ്. പക്ഷേ വന്‍കിട പ്രോജക്ടുകള്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ ഏതാണ്ട് അസാ‍ധ്യമാണ്. അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ കൌപീനതുമ്പിനോളം പോന്ന ഈ കൊച്ച് പ്രദേശത്തെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാക്കിയേക്കാം. അപ്പോള്‍ പിന്നെ സ്ത്രീശാക്തീകരണം പോലുള്ള പ്രക്രിയകളെ സഹായിക്കാനാവണം ഇത്തരം ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്.പദ്ധതികള്‍ കാമ്പുള്ളതും മുടക്കുമുതല്‍ തിരിച്ച് തരുന്നതും ആവണം.പഴയ IRDP പോലുള്ള തരികിട വീതം വെയ്പ്പുകളാവരുതെന്ന് സാരം.ഒരു പരിധി വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും.വ്യക്തികള്‍ക്ക് സഹായം നല്‍കുന്നതിനേക്കാള്‍ ഗ്രൂപ്പുകളെ പരിഗണിക്കുന്നതാണ് നല്ലത്.മനുഷ്യാധ്വാനം contribute ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ളവരുടെ ഒരു ഗ്രൂപ്പായിരിക്കണമത്.

ജനത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാവണം. അതിനു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം.(ശനിയാഴ്ച്ച കൈത്തറി ധരിക്കാനുള്ള നിര്‍ദ്ദേശം ഇടതുമുന്നണി സര്‍ക്കാറിന്റെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ്) സോഡ നാരങ്ങായ്ക്ക് കൊക്കോ കോളയുടെ മാന്യതയില്ലെങ്കില്‍ അത് ഉണ്ടാക്കി കൊടുക്കണം.12 രൂപാ കൊടുത്ത് ഒരു കോളാ വാങ്ങുമ്പോള്‍ അതിന്റെ 40%മെങ്കിലും കടല്‍ കടക്കുന്നു എന്ന് നാം ജനത്തെ മനസ്സിലാക്കണം.അതേ സമയം ഒരു സോഡാ നാരങ്ങ 3 രൂപക്ക് കുടിക്കുമ്പോള്‍ ബാക്കി 9 രൂപാ നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നു എന്ന് മാത്രമല്ല,അതില്‍ 50 പൈസ നാട്ടിലെ നാരങ്ങാ കര്‍ഷകനു കിട്ടുന്നു 50 പൈസ മുറുക്കാന്‍ കടക്കാരന് കിട്ടുന്നു,സോഡാ ഉണ്ടാക്കുന്നവനും,അത് നിറക്കുന്നവനും അത് വിതരണം ചെയ്യുന്നവനും പങ്ക് കിട്ടുന്നു.ചുരുക്കത്തില്‍ ചിലവാക്കുന്ന പണം നമ്മുടെ ചുറ്റുവട്ടത്ത് തന്നെ പുനരുല്‍പ്പാദനാര്‍ത്ഥം വിന്യസിക്കപ്പെടുന്നു.


ഇതൊരു സമര ബദല്‍ അല്ല എന്ന ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകളുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.അഗോളീകരണത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് കൊണ്ട് അതിനുള്ളില്‍ നിന്ന് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. പട്ടിണിയും വറുതിയുമാണ് സമരത്തിന്റെ ഇന്ധനം.സ്വഭാവികമായി പട്ടിണി ഇല്ലാതാക്കനുള്ള ശ്രമങ്ങള്‍ പട്ടിണിക്കെതിരേയുള്ള പോരാട്ടങ്ങളെയുമില്ലാതാക്കും.സമരമെന്നത് സൃഷ്ടിപരമല്ല, എന്നാല്‍ അതിജീവനമെന്നത് സൃഷ്ടിയേക്കാള്‍ മഹത്തരമാണ്.കാരണം അതിന് ഇച്ഛാശക്തി എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിയ ഒരു സമുഹത്തിനേ കഴിയൂ.

Friday, January 05, 2007

അങ്ങനെ ഒരു അവധിക്കാലത്ത് 2 (ഫോട്ടോസ്)

കുട്ടനാട്ടില്‍ ഒരു ദിനം കുട്ടനാട്ടുകാരനായി

മാറുന്ന ആലപ്പുഴ ബീച്ച്മനുഷ്യാ നീ മണ്ണാകുന്നു.... ദുബായികുട്ടിക്ക് അപൂര്‍വ്വമായ മണ്ണില്‍ കളി

അങ്ങനെ ഒരു അവധിക്കാലത്ത് (ഫോട്ടോസ്)

ആഴക്കടലിന്റെ അങ്ങേക്കരയിലായി നേരം വെളുക്കുന്ന മേട്ടില്‍

ഭദ്രയുടെ ആദ്യ അവധിക്കാലം.പിന്നില്‍ കാണുന്നത് ഒരു കാലത്ത് ആലപ്പുഴയുടെ കൊടിയടയാളമായിരുന്ന കടല്‍പ്പാലം


ആലപ്പുഴ ബീച്ച് ഒരു ജൂണ്‍ മാസ സായാഹ്നം.സൂര്യന്‍ മുങ്ങികുളിക്ക് ഒരുങ്ങുന്നു