Saturday, September 30, 2006

ഭിക്ഷ കിട്ടിയുമില്ല പട്ടികടിക്കുകയും ചെയ്തു

മുന്‍പ് എഴുതിയ പ്രണയകഥയുടെ ഒരു തുടര്‍ച്ചയാണിത്. ഇതു വായിക്കുന്നതിന് മുന്‍പ് അതൊന്നു വായിക്കുന്നത് നന്നായിരിക്കും.

പഴയ പ്രണയത്തിന്റെ മുറിപ്പാടുകളും നക്കിത്തോര്‍ത്തി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ജോലിയില്‍ ശ്രദ്ധ ഊന്നുന്ന കാലം. തിരക്കുള്ള ജോലി,ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റനുള്ള അവസരം,മൂന്നാര്‍,മടിക്കേരി (മെര്‍ക്കാറ),ചിക്കമഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടം ഓഡിറ്റുകള്‍....., ജീവിതത്തില്‍ പുതിയ രസങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ പഠിക്കുകയായിരുന്നു. auto suggestion തുടങ്ങിയ മാനസിക വ്യായാമങ്ങളിലൂടെ അവളുടെ വിവാഹനിശ്ചയം,വിവാഹം തുടങ്ങിയ വാര്‍ത്തകളെ നേരിടാന്‍ ഞാന്‍ പഠിച്ചിരുന്നു.auto suggestion മൂലം ശിലിക്കാത്തത് കൊണ്ടാവും അവളുടെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നു എന്ന വാര്‍ത്ത കുറച്ചുനാള്‍ എന്നെ അസ്വസ്ഥനാക്കി.

അങ്ങനെയിരിക്കെയാണ് ബാംഗ്ലൂരില്‍ എന്റെ സ്ഥലം രക്ഷിതാവായിരുന്ന (ലോക്കല്‍ ഗാര്‍ഡിയന്‍ എന്നു വിവക്ഷ) കസിന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കസിനായ ഒരു കുട്ടിയുടെ ആലോചന എടുത്തിട്ടത്. ആദ്യം എനിക്കത്ര താല്‍പ്പര്യം തോന്നിയില്ല എങ്കിലും ഒരു മാറ്റം നല്ലതെന്ന് എന്റെ അടുത്ത ചങ്ങാതിമാരും പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ ഞാന്‍ സമ്മതം മൂളി. ഫോട്ടൊ കണ്ടപ്പോള്‍ താല്‍പ്പര്യം ദ്വിഗുണീഭവിച്ചു എന്നത് ഒരു സത്യം മാത്രം.
എഞ്ചിനീയറിംഗ് അവസാന സെമെസ്റ്റര്‍ എഴുതിയിട്ടിരിക്കുന്ന തിരുവനന്തപുരംകാരി.വടക്കോട്ടുള്ളവര്‍ തെക്കുനിന്ന് പെണ്ണെടുക്കുന്നില്ല എന്നതാണ് ഈയടുത്തായി കണ്ടുവരുന്ന പ്രതിഭാസമെങ്കിലും അവളുടെ സ്വദേശം എന്റെ നാടായ അമ്പലപ്പുഴക്കടുത്തുള്ള ഹരിപ്പാട് ആയതിനാല്‍ പൊതുവെ മറ്റ് എതിര്‍പ്പൊന്നും ഇല്ലായിരുന്നു.
ഒക്ടോബര്‍ ഒടുക്കമാണ് ഈ ആലോചന വരുന്നത്. എനിക്കാണേല്‍ നല്ല ജോലിതിരക്ക്.എന്റെ ബോസ് ഭാനു എന്നു പേരുള്ള ഒരു കള്ള കന്നട മോനായിരുന്നു.പത്ത് CA ക്കാര്‍ ചെയ്യേണ്ട പണി ഞങ്ങള്‍ 5 പേരായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ അവധി എന്ന വാക്ക് തന്നെ അയാള്‍ക്ക് അലര്‍ജിയായിരുന്നു. ഞാനോ നാട്ടില്‍ ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ എന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാക്കണം എന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി.ഓണത്തിനു 4 ദിവസം അവധിയെടുത്തത് തന്നെ അയാള്‍ക്ക് അസാരം ചൊറിച്ചില്‍ ഉണ്ടാക്കിയിരുന്നു.ഇനി പെണ്ണു കാണാന്‍ അവധി ചോദിച്ച് അദ്ദേഹത്തിന്റെ വായില്‍ സരസ്വതിയെക്കൊണ്ട് കാബറേ കളിപ്പിക്കേണ്ട എന്ന് കരുതിയത് മൂലം പെണ്ണ്കാണല്‍ ഗണപതികല്ല്യാണം പോലെ നാളെ നാളെ എന്ന് നീണ്ടു. ബന്ധപ്പുറത്തുള്ള ബന്ധമായതിനാ‍ല്‍ ഞങ്ങളുടെ തീരുമാനം അറിഞ്ഞ ശേഷമേ ഇനി മറ്റൊരു ആലോചനയെന്ന് അവരും പറഞ്ഞു.

നവമ്പര്‍ മുതല്‍ ജനുവരി 23 വരെ ചെന്നെയില്‍ തന്നെ ആയിരുന്നു ഞാന്‍. അതിനിടയ്ക്ക് ശ്വാസം കഴിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥ.ഒടുവില്‍ ബായര്‍ എന്ന ജര്‍മ്മന്‍ കമ്പിനിയുടെ ഓഡിറ്റും കഴിഞ്ഞ് രാത്രി 2 മണിക്ക് സൈനിംഗ് പാര്‍ട്ട്ണര്‍ വസിക്കുന്ന ഹോട്ടലിന്റെ റിസ്പ്ഷനില്‍ റിപ്പോര്‍ട്ട് ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ക്ക് മടങ്ങി.ഇത് വരെ പെണ്ണുകാണാന്‍ പോകാത്തതില്‍ കസിന്റെ വീട്ടുകാര്‍ക്ക് ചെറിയ അസന്തുഷ്ടി.

ജനുവരി 26 അവധി, പിന്നെ ശനി,ഞായര്‍ പിന്നെയും അവധി.ശനിയാഴ്ച്ച ഒരു മുങ്ങ് മുങ്ങിയാല്‍ കാര്യം കഴിക്കാം.ശനി ഒരു സെമി ഔദ്യോഗിക ദിവസമാണ്.അടുത്ത ദിവസങ്ങളിലേക്കുള്ള അസൈന്മെന്റ്സ് നിര്‍ണ്ണയിക്കുന്ന ദിവസം. സാധരണ ഞങ്ങള്‍ അന്ന് നഗരത്തില്‍ കാണുമെന്നല്ലാതെ ഓഫീസില്‍ ഹാജരാകറില്ല.സെക്രട്ടറി അസൈന്മെന്റ് അറിയിക്കും.ഞങ്ങള്‍ ഫയലും റ്റിക്കറ്റും ചിലവുകാശും വാങ്ങിക്കാന്‍ അസിസ്റ്റന്റ്മാരായ ആര്‍ട്ടിക്കിള്‍സിനെ ഏല്‍പ്പിക്കും.അതാണ് പതിവ്. എന്താണ് അടുത്ത ആഴ്ച്ചത്തെ പരിപാടി എന്നറിയിക്കാന്‍ സെക്രട്ടറി സുന്ദരിയെ ചട്ടം കെട്ടി ഞാന്‍ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലിനിറങ്ങീ.

മാതപിതാക്കളെയും എന്റെ ഉറ്റ തോഴനെയും കൊണ്ടാണു യാത്ര. (എന്റെ കഴിഞ്ഞ കാല പ്രണയത്തില്‍ ഒരു ഫസിലിറ്റേറ്ററുടെ ഭാഗം അവന്‍ നിര്‍വഹിച്ചു എന്നു പരക്കെ ആക്ഷേപമുണ്ടെങ്കിലും അതില്‍ തരിമ്പും സത്യമില്ല ).പെണ്ണിനെ കണ്ടു.ഇഷ്ടമായി എന്നു പരസ്പരം ഓണ്‍ ദ സ്പോട്ട് ഉത്തരവും നല്‍കി സന്തോഷചിത്തനായി ഞങ്ങള്‍ മടങ്ങി.ശനിയാഴ്ച്ച വൈകുന്നേരമാ‍യിട്ടും ഓഫീസില്‍ നിന്നും വിളിയൊന്നും വരാത്തതിനാല്‍ ബംഗ്ലൂര്‍ക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
തിങ്കളാഴ്ച്ച ഓഫിസിലേക്ക് പുറപ്പെടാന്‍ ധൃതി കൂട്ടിയിരുന്ന എന്നെ വിളിച്ച് കസിന്‍ പറഞ്ഞു. ആ കല്യാണം നടക്കില്ല.നിന്റെ പഴയ കഥയൊക്കെ ആരോ അവരുടെ കാതില്‍ എത്തിച്ചു.നീ ഇപ്പൊഴും ആ ബന്ധം തുടരുന്നു എന്നാണ് അവര്‍ അറിഞ്ഞത്.

ഞാന്‍ പറഞ്ഞു “അതിന് അവളുടെ കല്യാണം കഴിഞ്ഞല്ലോ, മാത്രമല്ല കഴിഞ്ഞ 10 മാസമായി ഞാനവളെ കണ്ടിട്ട് തന്നെയില്ല”.
ആ കഥയൊക്കെ ഞങ്ങള്‍ക്കറിയാം പക്ഷെ അവര്‍ കൂടെ വിശ്വസിക്കേണ്ടെ.നിന്റെ കൂടെ വന്നവന്‍ നിന്റെ മാമയാണെന്നു വരെ പറഞ്ഞു.

ഓഹോ അപ്പോള്‍ നമ്മുടെ യാത്രാ ചാര്‍ട്ടൊക്കെ കൃത്യമായി അറിയുന്ന ഏതൊ ബന്ധു തെണ്ടിയാണ് ഈ കല്യാണം മുടക്കി.(കേരളത്തില്‍ തേങ്ങയേക്കാളും ഡിഗ്രിക്കാരേയുംകാള്‍ കൂടുതല്‍ കല്യാണം മുടക്കികളാണെന്ന സത്യം കല്യാണം കഴിക്കാത്ത എന്റെ ബാച്ചിലര്‍ സുഹൃത്തുക്കളെ അറിയിക്കാന്‍ ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ).

ഞാന്‍ വലിയ ദുഖമൊന്നും കൂടാതെ ഓഫീസിലേക്ക് വിട്ടു. ഇതിലും വലിയ വെള്ളിയാഴ്ച്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല എന്ന മട്ട്.

അവിടെ ചെല്ലുമ്പോള്‍ ഭാനു കോമരം തുള്ളി നില്‍ക്കുന്നു.ചെമ്പട്ടിന്റെയും വാളിന്റെയും ചിലമ്പിന്റേയും കുറവേയുള്ളൂ. അയാളുടെ മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.

തന്നെ പോലെ ഒരു irresponsible employee ഈ കമ്പിനിയില്‍ ഉണ്ടായിട്ടില്ല. (എന്റെ അറിവില്‍ പുള്ളി ഇതു പറയുന്ന ഏഴാമത്തെ ആ‍ളാണ് ഞാന്‍)

ഞാന്‍ എതിര്‍ത്തില്ല.(സത്യം പറഞ്ഞാല്‍ ഈ ജോലിയോട് വലിയ പാഷനൊന്നും എനിക്കില്ല.അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴി അടി എന്നാണല്ലോ.)

ഞാന്‍ അസൈന്മെന്റ് അറിയിക്കാന്‍ സെക്രട്ടറിയോട്........ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ ചാടിവീണു.
"I want you to be at Hubli this morning. How you can reach there now? Because of you I had to change my entire programs"'
പിന്നെ അയാള്‍ മലയാളിയുടെ തൊഴില്‍ സംസ്കാരത്തെ തെറി പറയാന്‍ തുടങ്ങി. സത്യമാണേലും അതങ്ങനെ കേട്ടു നില്‍ക്കനാവുമോ.

ഞാന്‍ ചാ‍ടി എത്തി വലിഞ്ഞ് അയാളുടെ പ്രിന്ററില്‍ നിന്ന് ഒരു വെള്ള കടലാസ് വലിച്ചെടുത്ത് ഒറ്റ വരി രാജി കത്തെഴുതി അയാളുടെ മുന്നിലേക്കിട്ടു.

ഞാനത് ഉദ്ദേശിച്ചില്ല എന്നായി അയാള്‍.

''But I meant it'' ഞാന്‍ വാശിയില്‍ തന്നെ.

“ഒന്നു കൂടി ആലോചിക്കൂ” അദ്ദേഹം സൌമ്യനാകാന്‍ ശ്രമിച്ചു.
“ആലോചിക്കാന്‍ ഒന്നുമില്ല”(നഷ്ട്പ്പെടുവാന്‍ ഒന്നുമില്ലീ കൈവിലങ്ങുകളല്ലാതെ, കിട്ടാനുണ്ടൊരു ലോകം ദുബായിയെന്നൊരു ലോകം.പെങ്ങള്‍ ..അളിയന്‍ ....വിസിറ്റ് വിസ... ദുബായി.... ജോലി.... ആ ഇരുപ്പില്‍ തന്നെ എന്റെ ഭാവന വികസിച്ചത് ഭാനുവിന് മനസ്സിലായില്ല )

ശരി , എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഫയലുകള്‍ തിരിച്ചേല്‍പ്പിച്ചോളൂ.

വൈകുന്നേരം വീട്ടിലെത്തി.പത്രം നിവര്‍ത്തുമ്പോള്‍ ദാ കിടക്കുന്നു വാരഫലം: പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഉദ്യോഗനഷ്ടം, മാനഹാനി,ശാരീരിക പീഡ. ഭാഗ്യം ഭാനുവിന് ‍വലിയ തടിയൊന്നുമില്ലാത്തത് കൊണ്ട് ശരീരം രക്ഷപെട്ടു.

മാന്യ വായനക്കാരെ നിങ്ങള്‍ തന്നെ പറയൂ ഇത് പഴയ പ്രണയഭൂകമ്പത്തില്‍ നിന്നുരുവാര്‍ന്ന സുനാമിയോ അതൊ വാരഫലക്കരന്‍ പറഞ്ഞ കാലദോഷമോ........

ഇന്നിവിടെയിരുന്ന് ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഒരു ചിരി ഊറി വരുന്നു.
****************************

Monday, September 25, 2006

കൊച്ചി വികസിക്കുമ്പോള്‍

നഗരങ്ങളുടെ വികസനം ആലോചനപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്.നഗരങ്ങളുടെ വികസനം അടുത്ത റൂറല്‍ പ്രദേശങ്ങളെക്കൂടി കണക്കിലെടുത്ത് വേണം ചെയ്യാന്‍.അല്ലെങ്കില്‍ വന്‍ തോതിലുള്ള ചേരിവല്‍ക്കരണത്തിന് അതു ഇടയാക്കും.മാത്രമല്ല സന്തുലിതമായ വികസനത്തിന്റെ സാധ്യതകളെ അത് തകര്‍ക്കുകയും ചെയ്യും.

കൊച്ചി അതിവേഗത്തില്‍ വികസിച്ച്കൊണ്ടിരിക്കുന്ന നഗരമാണ്. ആ കൊച്ചു നഗരത്തിന്റെ പ്രകൃതി സന്തുലനം തകര്‍ക്കുന്ന മട്ടിലാണ് വികസനം.കായലായ കായലെല്ലാം കയ്യേറി നികത്തി അംബരചുംബികളായ ഫ്ലാറ്റുകള്‍ വരുന്നത് എത്ര മാത്രം പരിസ്ഥിതി ആഘാതമുണ്ടാക്കും എന്ന് ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

കൊച്ചിയെ വ്യാവസായിക-സാമ്പത്തിക തലസ്ഥാനമായി നിര്‍ത്തി കൊണ്ട് 50 കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റുമുള്ള സ്ഥലങ്ങളെ റസിഡന്‍ഷ്യല്‍ ഹബ്ബുകളായി വികസിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.അതിവേഗതീവണ്ടി കൊണ്ട് ഈ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കണം.എല്ലയിടത്തുനിന്നും പരമാവധി 30 മിനിട്ട് യാത്ര. ആളുകളെ കൂടുതല്‍ നഗരത്തിന് പുറത്ത് താമസിപ്പിക്കാന്‍ ശ്രദ്ധിക്കണം.

ഇങ്ങനെ ചെയ്യുന്ന കൊണ്ട് നഗരം ജനബാഹുല്യം കൊണ്ട് തകരുന്ന സ്ഥിതി ഒഴിവാക്കാനാകും.പൊതുയാത്രാസൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ അമിത ഉപഭോഗം തടയാനാവും.ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അര്‍ബനൈസ് ചെയ്യാനും അത് സഹായിക്കും.അല്ലെങ്കില്‍ നഗരം പുറം തള്ളുന്ന അഴുക്കുകള്‍ തട്ടാനുള്ള സ്ഥലമായി അവ അധപതിക്കും.നഗരത്തില്‍ താമസിക്കാന്‍ കഴിവില്ലാത്തവരും എന്നാല്‍ ഉപജീവനപരമായ കാരണങ്ങളാല്‍ നഗരം വിട്ട് പോകാന്‍ കഴിയാത്തവരുമായുള്ളവരെ ഉള്‍ക്കൊള്ളാന്‍ ചേരികള്‍ ഉയര്‍ന്നു വരുന്നത് ഒഴിവാക്കാനും അത് സഹായിക്കും.

Saturday, September 23, 2006

കുഞ്ഞേ നിനക്കായി ,എന്ന തവം ചെയ്തു ഞാന്‍ .......

മരണത്തെ പേടിച്ചാല്‍ ജീവിതം മുഴുവന്‍ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു.എന്റെ ഇടത്തൊ വലത്തൊ മുകളിലോ എതിരേ വരുന്ന വണ്ടിയിലോ എന്റെ രക്തധമനികളില്‍ തന്നെ എവിടെയോ അവള്‍ പതുങ്ങി ഇരിപ്പുണ്ട് എന്നത് എനിക്കറിയാം.ഒരു നിമിഷം കൊണ്ട് എന്നെ ഇഹത്തിന്റെ സകല കെട്ടുപാടുകളില്‍ നിന്നും രക്ഷപെടുത്താന്‍ കഴിവുള്ളവള്‍.
കൊച്ചുമോന്‍; അവന്‍ എനിക്ക് അനുജന്‍ മാത്രമായിരുന്നില്ല.അമ്മയുടെ ഇളയ അനുജത്തിയുടെ ഇളയ മകന്‍ എന്ന നിലയ്ക്ക് അവന്‍ എന്നെക്കാള്‍ 6-7 വയസ്സിളപ്പമായിരുന്നു.എങ്കിലും ചങ്ങാത്തമായിരുന്നു അവന്റെ മുഖലക്ഷണം.സ്നേഹമായിരുന്നു അവന്റെ identity.ഒരിക്കലും പ്രസാദം കൈവിടാതിരിക്കാന്‍ അവന്‍ എന്നും ശ്രദ്ധിച്ചിരുന്ന പോലെ.
പാളകിടപ്പിലേ അവന് നല്ല താളബോധമായിരുന്നു.അമ്മയുടെ തറവാട്ടിലെ തടിയായ തടിയിലോക്കെ അവന്റെ താളക്കൈകള്‍ വീണിരുന്നു.അത് തിരിച്ചറിഞ്ഞ സംഗീതബോധമുള്ള അവന്റെ അമ്മ തന്നെയാണ് അവനെ മ്രദംഗം പഠിക്കാന്‍ അയച്ചത്.
സ്കൂള്‍പഠനത്തില്‍ ഒരു ശരാശരിക്കാരന്‍ മാത്രമായിരുന്നു അവന്‍.അത് കൊണ്ട് തന്നെ ആണ് പത്താം ക്ലാസിനു ശേഷം മ്രദംഗം ഗൌരവമായി പഠിപ്പിക്കാന്‍ അവന്റെ രക്ഷകര്‍ത്തക്കള്‍ തീരുമാനിച്ചത്.പ്രശസ്തനായ മ്രദംഗവാദകന്‍ ത്രിശൂര്‍ നരേന്ദ്രന്റെ കീഴില്‍ ചെന്നെയിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ അവന്‍ വെറും 15കാര‍ന്‍ കുട്ടിയായിരുന്നു.എനിക്ക് വലിയ സങ്കടമായിരുന്നു. ഇത്ര കുട്ടിക്കാലത്ത് ഈ മഹാനഗരത്തില്‍ അവന്‍ തനിച്ച്..... അമ്മ പറഞ്ഞു ഒരു നല്ല കാര്യത്തിനല്ലെ.

2-3 വര്‍ഷത്തിന് ശേഷ 4 മാസത്തെ ഒരു കോഴ്സ് പഠിക്കാന്‍ ഞാനും അവിടെയെത്തി.ഒരുപക്ഷെ ഞങ്ങള്‍ തമ്മിലുള്ള ഗാഡമായ അടുപ്പത്തിന് ഇഴ പാകുന്നത് ആ കാ‍ലത്തായിരുന്നു.അവനെ കണ്ടിട്ട് കഷ്ടം തോന്നി.ഒരുപാട് ക്ഷീണിച്ചിരുന്നു.ചെന്നെ പോലൊരു ജീവിതചിലവ് കൂടിയ പട്ടണത്തില്‍ താമസിച്ച് പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാ‍ണ്.ചിലവ് കുറഞ്ഞ ചില ചുറ്റുപാടുകള്‍ ഒക്കെ അവന്‍ സംഘടിപ്പിച്ചിരിക്കുന്നു.എങ്കിലും ആഹാരം കഷ്ടപ്പാടാണ്.കിട്ടുന്നത് മോശം,നല്ലത് പോക്കറ്റിന് ഹാനികരം.പക്ഷെ ഈ പ്രയാസങ്ങളൊന്നും അവന്റെ പ്രസന്നതയെ ബാധിച്ചതായി തോന്നിയില്ല.നിഷ്കളങ്കമായ ധാരാളം തമാശകള്‍ പറഞ്ഞ് എന്നെയും എന്റെ കൂട്ടുകാരെയും അവന്‍ രസിപ്പിച്ചു.കഴിയുമ്പോലെ അവന് ഭക്ഷണം വാങ്ങികൊടുക്കുന്നതിലായിരുന്നു എന്റെ ആനന്ദം. നല്ല ഭക്ഷണം കിട്ടുന്നതിന്റെ സന്തോഷം ഒരിക്കലും അവന്‍ മറച്ച് വെച്ചില്ല.“ ചേട്ടന്‍ ഇല്ലായിരുന്നേല്‍ ഇന്നും പുളി സാദം കൊണ്ട് ഒപ്പിക്കേണ്ടി വന്നേനെ”

പിന്നെ ഞാന്‍ ചെന്നെയിലെത്തുന്നത് ഉദ്യോഗസ്ഥനായിട്ടാണ്.അക്കാലം കുറെ കൂടി സന്തോഷകരമായിരുന്നു.വലിയ ഹോട്ടലുകള്‍,മുന്തിയ ഭക്ഷണങ്ങള്‍.അവന്റെ നിറഞ്ഞ ചിരി മാത്രമായിരുന്നു എന്റെ ആനന്ദം.ചെന്നെ കേന്ദ്രീകരിച്ചുള്ള ഓഡിറ്റുകള്‍ ഞാന്‍ ചോദിച്ച് വാങ്ങാനുള്ള കാര്യം അവനായിരുന്നു.

അവനും വളരുകയായിരുന്നു.ചില പരിപാടികളൊക്കെ ഗുരുവിന്റെ സമ്മതത്തോടെ ചെയ്തു തുടങ്ങിയിരുന്നു.ഉണ്ണിക്രിഷ്ണന്‍‍ തുടങ്ങി അനേകം പ്രമുഖരുമായി അടുത്ത് ഇടപഴകാന്‍ കിട്ടിയ അവസരങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു.
ഞാന്‍ ദുബായിക്കു പോന്ന ശേഷം ഞങ്ങള്‍ തമ്മിലുള്ള communication കുറഞ്ഞുവെങ്കിലും അടുപ്പത്തിന് അതൊരു തടസ്സവും ഉണ്ടാക്കിയില്ല.ഞാന്‍ നാട്ടിലെത്തിയപ്പൊഴൊക്കെ എന്നെ കാണാന്‍ അവനെത്തിയിരുന്നു.
എന്റെ വിവാഹത്തിനെത്തിയപ്പോള്‍ ഏറെ അവനുമായി സംസരിച്ചു, അവനിപ്പോള്‍ അകാശവാണിയിലെ A grade artist ആണത്രെ. 7-8 കൊല്ലമായി തമിഴ്നാട്ടിലായ സ്ഥിതിക്ക് ഒരു തമിഴത്തിയെ കെട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മറ്റും അവന്‍ കളി പറഞ്ഞു.

ആ ഒരു രാത്രി ജീവിതത്തിലെ ഒരു കാളരാത്രി ആയിരുന്നു. 2004ലെ നവമ്പര്‍,പെരുന്നാള്‍കാലം.പകല്‍ എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞതിന്റെ ആലസ്യം കൊണ്ട് രാത്രി തീവ്രമായ ഉറക്കത്തിലായിരുന്നു ഞാന്‍. ഒരു മിസ് കോള്‍ മൊബൈലില്‍ അടിച്ചമാതിരി കേട്ട് ഞാന്‍ ഉണര്‍ന്നു.അതെ ഒരു പരിചയമില്ലാത്ത ഇന്ത്യന്‍ നമ്പര്‍, ആരേലും തെറ്റി അടിച്ചതാവും.
അസ്വസ്ഥതയോടെ ഞാന്‍ വീണ്ടും കിടന്നു. ഇനി അചഛനെങ്കിലും അസുഖം.... എന്റെ അസ്വസ്ഥത കണ്ട് ഭാര്യ പറഞ്ഞു “3 മണി കഴിഞ്ഞിരിക്കുന്നു, നാട്ടില്‍ നാലര, ഏതായാലും ഒന്നു വിളിക്കൂ”
വിറയലോടെ ഞാന്‍ വീട്ടിലെ നമ്പര്‍ കുത്തി.ഒറ്റ റിങ്ങിന് തന്നെ ഫോണെടുക്കപ്പെട്ടു.എന്റെ ഉള്ളം കാലില്‍ നിന്ന് ഉച്ചിയിലേക്ക് ഒരു വിറയല്‍ പാഞ്ഞു.

മറുതലയ്ക്കല്‍ അച്ഛന്റെ ചിലമ്പിച്ച സ്വരം “ മോനെ കൊച്ചു പോയെടാ ;ബൈക്ക് ആക്സിഡന്റായിരുന്നു,കഴിഞ്ഞ ദിവസം അവന്‍ നാട്ടില്‍ നിന്നു ചെന്നെയ്ക്ക് തിരിച്ച് പോയതേ ഉള്ളൂ”.പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

നിന്റെ പേര്‍ ആനന്ദ് എന്നായിരുന്നു,എല്ലാ ദുര്‍ഘടങ്ങളിലും ആനന്ദം കണ്ടവന്‍,മ്രദംഗം വായിച്ച് ഞങ്ങളെ ഒക്കെ ആനന്ദിപ്പിച്ചവന്‍,മ്രദംഗം ഇല്ലാത്തപ്പോള്‍ എന്റെ തലയില്‍ കൊട്ടി മസാജ് ചെയ്ത് എന്നെ ആനന്ദിപ്പിച്ചവന്‍,റോണാള്‍ഡീഞ്ഞ്യോയെപ്പോലെ നിഷ്കളങ്കമായി ചിരിച്ച് എല്ലാവരെയും ആനന്ദിപ്പിച്ചവന്‍,

വരാനിരിക്കുന്ന കരഘോഷങ്ങളുടെ ഇടിമുഴക്കങ്ങളെയും പുരസ്കാരങ്ങളുടെ പെരുമഴകളെയും ഞങ്ങളുടെ വീട്ടിലെ അമ്മമാര്‍ സ്നേഹവാത്സല്യങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ നിന്റെ ഇഷ്ട ഭക്ഷണമായ പുട്ടും കടലയേയും ഉപേക്ഷിച്ചുള്ള നിന്റെ ഈ യാത്രയും നീ ആനന്ദത്തോടെ തിരഞ്ഞെടുത്തതാണോ, അറിയില്ല

നിന്റെ അമ്മയുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല.തോരുമെന്നും തോന്നുന്നില്ല.
എനിക്ക് ആ കീര്‍ത്തനം ഒര്‍മ്മ വരുന്നു.

എന്ന തവം ചെയ്ത നീ യശോദ...............

നിന്നെ പോലൊരുവന്‍ 24 വര്‍ഷത്തേക്കെങ്കിലും അനിയനായി പിറന്ന് കൂടെ കഴിയാന്‍ എന്തു തപം ഞാന്‍ ചെയ്തു......

Wednesday, September 20, 2006

കപിജന്മം

പരിണാമചക്രത്തിന്‍ സൂചി മെല്ലെ പിന്നോട്ടാക്കി
കപി ജന്മമൊന്നു നേടാന്‍ എനിക്ക് മോഹം (അധികം രൂപാന്തരം ആവശ്യമില്ല)
മരക്കൊമ്പില്‍ ഊയലാടാന്‍
ഒന്നില്‍നിന്നോന്നിലേക്ക് കുതിക്കാന്‍ (ബാന്‍ അടിക്കാന്‍ ആരുമില്ലല്ലോ)
കൂട്ടുകാരൊത്ത് പേന്‍നോക്കിയിരിക്കാന്‍
ഗോഷ്ടികാ‍ണിക്കാന്‍
മാനഭയമില്ലാതെ എവിടെനിന്നും
എവിടെയും ചൊറിയാന്‍
എണ്ണമില്ലത്ത സഖികളൊത്ത്
നാണമില്ലതെ ഇണയാടുവാന്‍
ചന്തകുരങ്ങുമായി കടിപിടികൂടുവാന്‍
കപിജന്മമൊന്നു നേടാന്‍ എനിക്കു മോഹം

ഹോട്ടല്‍ താജ്-ഒരു മധുപാനസദസ്സിന്റെ ഓര്‍മ്മക്കായി

ഈ കഥ നടന്നത് എന്നാണ് എന്നറിയില്ല.പക്ഷെ ഞാന്‍ ഇത് കേട്ടത് 90കളുടെ ആദ്യ പാദത്തിലാണ്.അമ്പലപ്പുഴയിലെ അച്ഛന്റെ ഒരു കള്ള് സദസ്സാണ് വേദി.സോഡാ വാങ്ങി കൊടുക്കുക,മിക്സ്ച്ചര്‍ തുടങ്ങിയ ടച്ചിംഗസ് വിളമ്പുക,സര്‍വ്വോപരി കുപ്പിയുടെ മൂട്ടിലെ മട്ടെങ്കിലും തരപ്പെടുത്തുക എന്ന ഉദ്ദേശ്ശവുമായി ഞാന്‍ രംഗത്ത് ഒളിച്ചും തെളിഞ്ഞും നില്‍പ്പുണ്ട്.സത്യത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് അവിടെ പൊഴിയുന്ന കഥകളും തമാശകളും ആണ്.

ആ സദസ്സിലേക്ക് പതിവില്ലാത്ത ഒരാള്‍ വരുന്നു. പേര് ചന്ദ്രന്‍ ചേട്ടന്‍. ബാങ്ക് ജീവനക്കാ‍രനാണ്.ഒരരപ്പിരി എവിടെയോ ലൂസല്ലേ എന്നാര്‍ക്കും തോന്നുന്ന മട്ട്.മറ്റുള്ളവര്‍ക്ക് ഒരു ഇരയെ കിട്ടിയ സന്തോഷം.
ഇദ്ദേഹം ആ സദസ്സില്‍ വിളമ്പിയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. ജീവചരിത്ര വിഭാഗത്തില്‍ പെടുത്തണൊ അതോ സഞ്ചാരസാഹിത്യത്തില്‍ പെടുത്തണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ. ഈ കഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേള്‍ക്കുകയാണ് അതിന്റെ രസം.ഇതില്‍ അദ്ദേഹം സാര്‍ എന്ന് സംബോധന ചെയ്യുന്നത് എന്റെ പിതാവിനെയാണ്. കഥ ഇങ്ങനെ:

എന്റെ സാറേ വളരെ കാലത്തെ ഒരാഗ്രഹമാണ് ആഗ്രയിലും ദില്ലിയിലും പോകണം താജ്മഹല്‍ കാണണ,.ദില്ലിയില്‍ താജില്‍ കയറി ഒരു ഡിന്നര്‍ കഴിക്കണമെന്നൊക്കെ ഉള്ളത്. അപ്പോഴാണ് LTC (Leave travel concession) due ആയതും. കാക്കയും വന്നു പനമ്പഴവും വീണു എന്ന് പോലെ.
സകുടുംബം യാത്രക്ക് ഒരുങ്ങി.കുറക്കണ്ട കൈയ്യില്‍ നിന്ന് കുറച്ച് കാശായലും വേണ്ടില്ല, വിമാനത്തില്‍ തന്നെ ആക്കി യാത്ര. തന്റെ ഭാര്യയും കുഞ്ഞുങ്ങളും സീറ്റ് ബെല്‍റ്റൊക്കെ ഇട്ടിരിക്കുന്നത് കണ്ട് എനിക്ക് രോമാഞ്ചം.
ആഗ്രയൊക്കെ കറങ്ങി തിരിച്ച് ദില്ലിയിലെത്തി.താജില്‍ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തൂ.ഡിന്നറിന് പോകാന്‍ ഞാന്‍ ഭാര്യക്ക് ഒരു പട്ട്സാരി വാങ്ങി കൊടുത്തിരുന്നു,മക്കള്‍ക്ക് നല്ല ഉടുപ്പുകള്‍, ഞാനൊരു സഫാരി സ്യുട്ട് തന്നെ ഇട്ടു.ഹോട്ടലുകാര്‍ വിളിച്ച് തന്ന ഏസി അംബാസിഡര്‍ റ്റാക്സിയില്‍ ഞങ്ങള്‍ താ‍ജിലേക്ക് തിരിച്ചു.

താജിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന കുന്തിസ്റ്റ് (കുന്തം പിടിച്ച് നില്‍ക്കുന്ന കാവല്‍ക്കാരന്‍ എന്ന് വിവക്ഷ) ജന്മം ചെയ്താല്‍ അകത്തേക്ക് വിടില്ല. വേണേല്‍ അടുത്തൊരു ന്യൂ താജ് ഉണ്ടത്രേ, അങ്ങോട്ട് വിട്ടോ എന്ന് ഒരു ഉപദേശവും.

എന്റെ സാറെ, ഞാനകത്തേക്കൊന്നു പാളി നോക്കി.അകത്ത് ഇന്ത്യനെന്ന് പറയാന്‍ മാരുതി എസ്റ്റീം കാര്‍ മാത്രം. ബാക്കിയെല്ലാം വിദേശി. ലോണില്‍ കുട്ടികള്‍ ഓടികളിക്കുന്നു.നല്ല തുടുതുടുത്ത കുഞ്ഞുങ്ങള്‍,കവിള്‍ത്തടമൊക്കെ ആപ്പിള്‍ പോലെ ചുവന്ന കുഞ്ഞുങ്ങള്‍.നല്ല മിനുമിനാന്നിരിക്കുന്ന അമ്മമാര്‍ അവരുടെ കൂടെയുണ്ട്.

സാറേ ഞാനൊന്ന് തിരിഞ്ഞു നോക്കി, ഞാന്‍ മുന്തിയ കുപ്പായമൊക്കെ ഇടീച്ച് കൊണ്ടു വന്ന എന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും കണ്ടിട്ട് നമ്മുടെ നാട്ടില് റോഡിലൊക്കെ അലഞ്ഞു നടക്കുന്ന കുളന്തോണ്ടികള്‍ ഇല്ലേ സാര്‍ , പിച്ചക്കാര് അ‍വരെ പോലെ എനിക്ക് തോന്നി.

ചിരിക്കണോ കരയണൊ എന്നറിയതെ ഒരു നിമിഷം സ്തംഭിച്ച് നിന്നു ആ സുരപാനസദസ്സ്.മെല്ലെ ഒരു ചിരി എല്ലാവരിലേക്കും പടര്‍ന്നു കയറി

Saturday, September 16, 2006

കരിഞ്ഞ ഓണാഘോഷം-ദുബായി മോഡല്‍

ഇന്നലെ പതിവ് അവധിയുടെ ആലസ്യത്തിലായിരുന്നു ഞാന്‍,റ്റി വിക്കു മുന്നില്‍ ചടഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ നാട്ടുകാരനും കോളെജ് കാലം മുതല്‍ കൂടെയുള്ള ഒരു ചങ്ങാതി വിളിച്ചത്. “ അളിയാ (ഇത് ഞങ്ങള്‍ ആലപ്പുഴക്കാരുടെ ഒരു പതിവ് വിളിയാ‍ണ്), ദുബായി ആലപ്പുഴ അസോസിയേഷന്‍ ഓണാഘോഷമുണ്ട് ഹോട്ടല്‍ പാം ദയറായില്‍. പോയാല്‍ പഴയകാലത്തെ ചില ചങ്ങാത്തങ്ങള്‍ പുതുക്കാം”
എനിക്കിഷ്ടമല്ല ഈ കൂട്ടയ്മകള്‍,വെറുതെ ജാഡ കാണാന്‍. പ്രസിഡന്റിന്റെ ഭാര്യയുടെ കച്ചിപ്പുടി, സെക്രട്ടറിയുടെ മോന്റെ എല്ലുളുക്കി ഡാന്‍സ്,ഖജാന്‍ജിയുടെ അമ്മായിയമ്മയുടെ ആക്ഷന്‍ സോങ്.
ഏങ്കിലും അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോകാമെന്നു വെച്ചു.ഭാര്യക്ക് തിരക്കൊഴിഞ്ഞ് എന്നെ കിട്ടിയ ദിവസം വടികുത്തി പിരിഞ്ഞതിന്റെ നിരാശ.എങ്കിലും 1 മണിക്കൂറില്‍ മോളെയും കൊണ്ടിറങ്ങി.
ചുട്ടുപൊളികിടന്ന കാറിന്റെ വളയം പിടിച്ച് കൂട്ടുകാരനേയും കുടുംബത്തെയും പൊക്കി 12 മണിയോടെ സംഭവം നടക്കുന്ന ഹോട്ടലില്‍ എത്തി.
ചെന്നപാടെ നമ്മളെ പിടിച്ച് സദ്യക്കിരുത്തി. ഞങ്ങളെ കണ്ടിട്ട് പട്ടിണി ആണെന്നു തോന്നിയൊ ഏന്തൊ.
എന്റെ മുന്നില്‍ തന്നെ പൊങ്ങച്ചത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നു.എന്റെ മുന്നില്‍ സദ്യക്കിരുന്ന ഒരു ഭാരവാഹിണി മറ്റൊരുത്തിയോട് “ ഞങ്ങളുടെ വീട്ടില്‍ ദിവസവും ഇത്രയും കറികള്‍ ഒക്കെ ഉണ്ടാവും, ഓണത്തിനു 15 പേര്‍ ഉണ്ടായിരുന്നു” അപ്പൊള്‍ മറ്റവള്‍ “ഓണത്തിനു പിന്നെ എല്ലാ വീട്ടിലും സദ്യ കാണില്ലേ?”. “ അതല്ല വീട്ടില്‍ എല്ല ദിവസവും ഇത്രയും വിഭവങ്ങള്‍ കാണും”. മറ്റവള്‍ ഒന്നടങ്ങി, പായസമെത്തിയപ്പോള്‍ രണ്ടാമത്തവള്‍ തിരിച്ചടിച്ചു, “വീട്ടില്‍ മിക്കവാറും പായസം വെയ്ക്കും” വെട്ടാന്‍ മറുകാര്‍ഡില്ലാതെ മറ്റവള്‍ ഒന്നു പരുങ്ങി.
ഇതെല്ലാം കേട്ടുതന്നെ പെട്ടെന്നു വയറു നിറഞ്ഞ കൊണ്ട് ഊണ് പെട്ടെന്നു കഴിച്ച് ഞാന്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്കു ചെന്നു.
അവിടെ ഒന്നര വയസ്സുള്ള എന്റെ മോള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയാണ്. ഭാര്യയും ചില പഴയ പരിചയങ്ങള്‍ ഒക്കെ പുതുക്കുന്നു.ചുറ്റുപാടും നോക്കി, സംഭവം പഴയതു തന്നെ, പോഡിയത്തില് ഭാ‍രവാഹികളും ഭാര്യമാരും സന്താനങ്ങളും, കാണാന്‍ ഞങ്ങളെ പോലെ കുറേ കോന്തന്മാരും.

അപ്പൊഴാണ് മൈക്കുമായി ആജിവനാന്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഭാരവാഹി ഇപ്രകാരം ഘോഷിച്ചത്.“നമ്മുടെ പ്രിയ സംഗീതകാരന്‍ M G Radhakrishnan നമ്മുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എത്തുന്നു”. എന്റെ പ്രിയപ്പെട്ട സംഗീതജ്ഞ്ഞനാണ് അദ്ദേഹം.ജ്ഞാ‍നമുള്ളയാള്‍,വന്നെതിനെന്തെങ്കിലും ഉപയോഗമുണ്ടായല്ലൊ എന്നാശ്വസിച്ചു.
അദ്ദേഹം വേദിയെലെത്തി.മൈക്കിന്റെ പേറ്റെന്റ് എടുത്ത മാന്യന്‍ അതു വിടുന്ന ലക്ഷണമില്ല. ക്ലീഷെ സുഖിപ്പിക്കലുകള്‍,സ്വന്തം മകളെ കൊണ്ട് ദക്ഷിണ കൊടിപ്പിക്കല്‍ തുടങ്ങിയ തേഞ്ഞ അഭ്യാസങ്ങള്‍.

ഈ സമയമെല്ലാം എന്റെ പുത്രി ഒരു വശത്ത് കളിച്ച്കണ്ടിരിക്കയാണ്. കളിക്കുന്ന ഉത്സാ‍ഹത്തില്‍ അവള്‍ കൂവുന്നുമുണ്ട്. വിഖ്യത ഗായിക മാധുരിയെ തോല്‍പ്പിക്കുന്ന പിച്ചാണ് എന്റെ സന്താനത്തിന്റെ കൂവലിന്.
M G Radhakrishnan ചേട്ടന്‍ സംസരിച്ച് തുടങ്ങി.പ്രായം ആ സ്വരത്തെ ബാധിച്ചിരിക്കുന്നു.എന്നാലും പാടനുള്ള ആവശ്യം അദ്ദേഹം ചെവിക്കൊണ്ടു. അപ്പോഴാണ് മുന്‍പ് മൈക്ക് തിന്നോണ്ടിരുന്ന വ്യക്തി വേദിയില്‍ നിന്നും ചാടിയിറങ്ങി ഒരാക്രോശം എന്റെ ഭാര്യയോട് “ ഇറങ്ങി പോകൂ ആ കുട്ടിയേയും കൊണ്ട്” ഒരു നിമിഷം അമ്പരന്ന അവളുടെ നേര്‍ക്ക് അയാള്‍ പിന്നേയും കയര്‍ത്തു.കാര്യം മനസ്സിലാകതെ നിന്ന എന്നെയും കടന്ന് പുറത്ത് പോയ എന്റെ പ്രിയപ്പെട്ടവളുടെ കണ്ണില്‍ അപമാനിതയുടെ കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു.
അതൊരു പിന്‍ ഡ്രോപ് നിശബ്ദത നിലനിന്നിരുന്ന ക്ലാസ് റൂമൊ തീയറ്ററോ അല്ല, എല്ലാവരും അത്യാവശ്യം ശബ്ദമൊക്കെ ഉണ്ടാക്കുന്നു. അനവധി ക്ലാസിക്കല്‍ കച്ചേരികള്‍ക്ക് സംഘാടകനായിട്ടുള്ള എനിക്ക് സദസ്സുകളുടെ വ്യത്യാസം നന്നായി അറിയാം. എന്റെ കുഞ്ഞിനെ ഒരു അപശകുനത്തെ പോലെ വെളിയിലാക്കനുള്ള മഹത്വമൊന്നും ആ കൂട്ടായ്മക്കില്ല.
എന്റെ ഭാര്യയുടെ തുളുമ്പിയ കണ്ണീര്‍തുള്ളിയുടെ പിന്‍പറ്റി ഞാനും പുറത്തേക്ക് നടന്നു.
പുറത്തു വെച്ചയളെക്കണ്ടപ്പോള്‍ ഞാന്‍ ഒറ്റ ചോദ്യമേ ചോദിച്ചൊള്ളൂ “ ചേട്ടന്‍ കുട്ടിയിടെ വായില്‍ മൈദ മാവ് ഉരുട്ടി വെച്ചിട്ടാണൊ കുട്ടിക്കാലത്ത് എല്ല ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും കൊണ്ട് പോയി കൊണ്ടിരുന്നത് ”
വീട്ടിലെത്തി നീറ്റായി രണ്ട് ലാര്‍ജ് st.Remy വിട്ടതിനു ശേഷമാണു അസ്വസ്ഥത ഒന്നടങ്ങിയത്.ഇനി മേലാല്‍ ഇതു പോലുള്ള പൊങ്ങച്ച കൂട്ടായ്മകള്‍ക്ക് പോകരുതെന്നൊരു ഉഗ്ര ശപഥവും എടുത്ത ശേഷമാണ് ഇന്നലെ ഉറങ്ങിയത്.

Thursday, September 14, 2006

കരുണാകരഭാരതം

സ്വതവേ ദൈവങ്ങളോട് വലിയ പ്രതിപത്തി ഉള്ള ആളല്ല ഞാന്‍,ഗുരുവായൂരപ്പനോട് എനിക്ക് കടുത്ത പ്രതിഷേധവുമായിരുന്നു. കരുണാകര‍നെ പോലെ ഒരാളെ പന പോലെ വളര്‍ത്തുന്നതിനു.വഴിയെ നിന്ന പാവപ്പെട്ടവനെ എല്ലാം വിരട്ടിയോടിച്ച് തട്ടിതകര്‍ത്ത് ആ ഒന്നാം തീയതി തൊഴാനുള്ള വരവിനെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന കണ്ണനെ പറയാത്ത ചീത്തയില്ല.

പക്ഷെ പൊന്നു തമ്പുരാനേ സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം വീഴുന്നെ.......ഇതു പോലൊരു തകര്‍ച്ച ആണു ക്ലൈമാക്സിന് അങ്ങ് പ്ലാന്‍ ചെയ്തിരുന്നത് എന്ന് ഈ അവിവേകി അറിഞ്ഞില്ല.അതും സ്വന്തം പുത്രനേ തന്നെ ആയുധമാക്കി.അല്ലേല്‍ തന്നെ എന്റെ പിഴ, എന്റെ വലിയ പിഴ അങ്ങയെ under estimate ചെയ്തത്. പണ്ട് പാണ്ഡവര്‍ക്കു സ്വരാജ്യം കൈയോടെ വാങ്ങികൊടുക്കാന്‍ വിശ്വരൂപനായ അങ്ങേയ്ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ, ദുര്യോധനന്റെ ആറാംവാരിക്ക് മുട്ടുകൈ കേറ്റി ‘ കഴുവേറെടാ മോനെ വെക്കട ഇന്ദ്രപ്രസ്ഥത്തിന്റെ മൂലാധാരവും പറ്റ്ചീട്ടും” എന്നു പറഞ്ഞിരുന്നേല്‍ അന്നു കഴിയത്തില്ലേ കഥ.പക്ഷെ ഇങ്ങനെ മൂപ്പിച്ച് കൊണ്ട് പോയി അവസാ‍നം ആറ്റം പണി കൊടുക്കുന്നത് അങ്ങയുടെ ഒരു സ്റ്റ്യിലാണല്ലേ.
അല്ലേല്‍ പണ്ടേ ആ കാറ് ആക്സിഡന്റില്‍ പുള്ളിയെ വൈതരണീ നദി(നരകത്തിന്റെ ബോര്‍ഡറിലുള്ള നദിയാണ്) കടത്താന്‍ അവിടുത്തേക്ക് അറിയാഞ്ഞിട്ടാണൊ.പക്ഷെ പുത്രദുഖത്തില്‍ നീറി മരിച്ച ഒരു പാവം പിതാവിന്റെ കണക്ക് എവിടെ കൊള്ളിക്കും.ഇവന്റെ ക്ലൈമാക്ക്സും സ്വന്തം കുരിപ്പിന്റെ കൈകൊണ്ടാ‍വട്ടെ എന്ന് അവിടുന്ന് നിനച്ചിട്ടുണ്ടാവും.
ഒരിക്കല്‍കൂടി സമസ്താപരാധം, ഒരു ചെറിയ റിമൈണ്ടര്‍,അങ്ങേയുടെ ജൂറിസ്ഡിക്ഷനല്ല എങ്കിലും ആ ബുഷിന്റെ കാര്യം കൂടി ഒന്നു മനസ്സു വെക്കണെ..... പന്നന്‍ സകല ജൂറിസ്ഡിക്ഷനും വിട്ട കളിയാണ്.

ലീലകളോരോന്നു കാണുവാണിങ്ങനെ ഭാഗ്യം തന്നതിന് അങ്ങയെ സ്തുതിക്കുന്നു

Monday, September 04, 2006

മിഥ്യകള്‍

ഉട്ടൊപ്യന്‍ സോഷ്യലിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഓണമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത നന്മ മാത്രം വിളവെടുത്തിരുന്ന ഒരു കാലം.മാര്‍ക്സിന് മുന്‍പെ നാമിത് സ്വപ്നം കണ്ടിരുന്നുവൊ.നമ്മള്‍ എത്ര മനോഹരമായി സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചിരുന്നു പണ്ടു തന്നെ.
പക്ഷെ അതേ നാം തന്നെ അയിത്തങ്ങള്‍ ആചരിച്ചു.മനുഷ്യനെ തീണ്ടാപ്പാടകലെ നിര്‍ത്തി.കുഴി കുത്തി കുഴിയില്‍ ചേമ്പില ഇട്ട് കഞ്ഞി കൊടുത്തു,നഗ്നത മറക്കാന്‍ അനുവദിക്കതെ അടിയാളപ്പെണ്‍കിടാങ്ങളുടെ വക്ഷോജഭംഗിയില്‍ ഞരമ്പുകളുടെ വിപ്ലവവാഞ്ചകളെ അടക്കിക്കിടത്തി.

നാം ഒന്നെന്ന് മാധ്യമത്താളുകളിലും ചാനല്‍ ചര്‍ച്ചകളിലും ഘോഷിക്കപ്പെടുമ്പോളും ഇന്നും നാം മനസ്സിലെ അയിത്താചാരങ്ങളെ വളമിട്ട് വളര്‍ത്തുന്നു.സ്ത്രീയെ അമ്മയായി കാണണമെന്ന് പ്രഖ്യാപിക്കുന്നവര്‍ തന്നെ തരം കിട്ടിയാല്‍ മുതുകത്ത് എര്‍ത്ത് കൊടുക്കുന്നു.അതെ; സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമാണെന്നും ആദര്‍ശങ്ങള്‍ പറയാന്‍ മാത്രമുള്ളതാണെന്നും കരുതുന്നവരാണ് ഭൂരിപക്ഷം മലയാളികളും.അങ്ങനെയുള്ള നമ്മള്‍ക്ക് ചേര്‍ന്ന ഒരു മിഥ്യാസ്വപ്നമാണ് ഓണം.ഡെമോക്രസിയാണ് നമ്മുടെ ഭരണ വ്യവസ്ഥ എങ്കില്‍ ഹിപ്പൊക്രിസിയാണ് നമ്മുടെ മനോനില.

Saturday, September 02, 2006

ഓണം വന്നേ ആര്‍പ്പോയ്........ര്‍ര്‍ ര്‍ റൊ

ഓണം എന്താണ്.സ്ഥിതി സമത്വത്തിന്റെ പ്രാഗ് രൂപമൊ.മാവേലി ആര്,ഫിദല്‍ കാസ്റ്റ്രൊയൊ ഹ്യുഗൊ ഷാവെസൊ,വാമനനാര് ബുഷൊ ബ്ലയറൊ, അത്യന്താധുനിക ചിന്തകള്‍ ഇങ്ങനെ പോകുന്നു.പക്ഷെ ഓണം ഓര്‍മ്മകളുടെ വസന്തമാണ്.മുത്തശ്ശി പറയുമായിരുന്നു “ഇപ്പോള്‍ എന്ത് ഓണം,ഞങ്ങളുടെ കുട്ടിക്കാലത്തല്ലേ ഓണം”ഞാനും ഇപ്പോള്‍ അതു തന്നെ പറയുന്നു,കുറെ നാള്‍ കഴിഞ്ഞ് എന്റെ കുട്ടികളും അതു തന്നെ പറയും.ഒന്നു തീര്‍ച്ച ഓണം വര്‍ത്തമാനകാലങ്ങളിലല്ല.ഭൂതകാലത്തില്‍ അഭിരമിക്കുന്ന മലയാളിക്ക് മാത്രമേ ഓണം പോലൊരു ഗ്രഹാതുരതയെ പുല്‍കി മതി മയങ്ങാനാകൂ.
ഇന്നിവിടെ ട്രാഫിക്ക് വനത്തില്‍,ഫ്ലാറ്റെന്ന തടവറയില്‍,ഗള്‍ഫിന്റെ ഊഷര ഗര്‍ഭപാത്രത്തില്‍ ലക്ഷ്മിദേവിയെ മാത്രം ധ്യാനിച്ച്,മാസാവസാനങ്ങളെ മാത്രം സ്വപ്നം കണ്ട് തിരക്കില്‍ നിന്ന് തിരക്കിലേക്ക് പായുമ്പോള്‍ ഞാന്‍ ആ നഷ്ടപ്പെട്ട ഓണങ്ങളെ തിരഞ്ഞ് പോകുന്നു,ഇടവഴികളിലൂടെ മണ്ടി നടന്ന ഓണനിലാവുകള്‍,തുമ്പി തുള്ളി തളര്‍ന്ന് വീഴുന്ന കൌമാരം വിട പറയാറായ പെണ്‍കിടാങ്ങളുടെ ലാസ്യം,അശിക്ഷിതമെങ്കിലും താളബോധം ചോരയില്‍ കൊണ്ട് നടക്കുന്ന മണ്ണിന്റെ മണമുള്ള നാടന്‍ കലാവിരുതന്മാരുടെ ചെണ്ട പെരുക്കല്‍, പാലടയുടെ മത്ത് പിടിപ്പിക്കുന്ന മധുരം,നിലാവിന്റെ വെള്ളിത്തളിക കൈയെത്തി പിടിക്കാനെന്ന വണ്ണം ആലാത്താടുന്ന ചേച്ചിമാര്‍.
പറയൂ ഓര്‍മ്മകളുടെ ഉത്സവം അല്ലേ ഓണം????