Monday, November 06, 2006

2 വിചിത്ര നീതികള്‍

വാര്‍ത്തവായനക്കാരന്റെ ചാകരദിനമായിരുന്നു ഇന്നലെ. സദ്ദാം ഹുസ്സൈന്റെ കൊലമരം മുതല്‍ രാമന്‍ പിള്ളാച്ചന്റെ പിണങ്ങിപോക്ക് വരെ.പി.കെ കൃഷ്ണദാസിന്റെ ആരോഹണം മുതല്‍ എന്‍.എന്‍ കൃഷ്ണദാസിന്റെ അവരോഹണം വരെ. ഒരുമാതിരി ഗ്രഹണിപിള്ളേര്‍ പുഴുക്ക് കണ്ടപോലെ എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത ഒരവസ്ഥ.

വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്ക് സഞ്ചരിക്കുമ്പോഴാണ് നീതിനിര്‍വ്വഹണത്തിലെ ചില നീതികേടുകള്‍ വെറുതെ മനസ്സിലൂടെ കടന്ന് പോയത്.

ദുജൈലില്‍ 183 പേരെ കൊന്നതിനാണത്രേ സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. അയാള്‍ വധാര്‍ഹന്‍ തന്നെ.സംശയമില്ല. പരമാധികാരം നിലനിര്‍ത്താന്‍ ഓരോ ഭരണാധികാരിയും നടത്തൂന്ന നരമേധങ്ങള്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കുകയും വേണം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്ക എത്ര നരഹത്യകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്.
ഹിരോഷിമ,നാഗസാക്കി,കൊറിയ,വിയറ്റ്നാം,ചിലി,എത്സാല്വഡോര്‍, ഹംഗറി, പാലസ്തീന്‍, ഹൈതി,അഫ്ഗാന്‍,ഇറാക്ക്........ ഇവിടങ്ങളില്‍ അമേരിക്ക നേരിട്ടും പാവ ഏകാധിപതികള്‍ വഴിയും കൂലിപട്ടാളം വഴിയും കൊന്ന മനുഷ്യരുടെ എണ്ണം കോടികള്‍ കവിയും. അമേരിക്ക എന്ന സമ്പന്ന രാജ്യത്തിനു നിലനില്‍ക്കാന്‍ ബാക്കി ലോകം കൊടുക്കേണ്ടി വന്ന വിലയാ‍ണത്.

കള്ളന്മാരെ അമേരിക്ക പിടിക്കും,കൊലപാതകികളെ അമേരിക്ക പിടിക്കും,ഈ അമേരിക്കയെ ആരു പിടിക്കും. 183 പേരെ കൊന്നവന് ഒരു തവണ വധശിക്ഷ വിധിച്ചാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം പേരെ ഇറാക്കില്‍ കൊന്ന ബുഷിനെ 3333 തവണ ശിക്ഷിക്കേണ്ടതല്ലേ.......
****************************************************************
ഇത് നീതിയുടെ അല്ലെങ്കില്‍ നീതികേടിന്റെ ഒരു മുഖം. മറ്റൊന്ന് എ.കെ.ജി സെന്ററിലാണ്.കൃഷ്ണദാസിന്റെ വിധി സദ്ദാമിന്റെ പോലെ തന്നെ നിര്‍ണ്ണയിച്ച ശേഷം നടന്ന വിചാരണ.കുറ്റം മറ്റേ ഗ്രൂപ്പുകാരനായ ഏ.കെ.ബാലന്റെ ഫോണ്‍ ചോര്‍ത്തി അയാള്‍ നടത്തുന്ന ഗ്രൂപ്പ് കളിയുടെ തെളിവായി ഗ്രൂപ്പ് കളിയെക്കുറിച്ച് അന്വേഷിക്കുന്ന പാലൊളി കമ്മീഷന് നല്‍കി. പക്ഷെ സാക്ഷിയെ കുറ്റക്കാരനാക്കി കളഞ്ഞു കമ്മീഷന്‍.ഫോണില്‍ കൂടി ഗ്രൂപ്പ് കളിച്ചയാള്‍ക്ക് മന്ത്രിസ്ഥാനവും സെക്രട്ടരിയേറ്റ് അംഗത്വവും,തെളിവ് സഹിതം ചൂണ്ടികാണിച്ച ആള്‍ക്ക് ശിക്ഷയും.പണ്ട് സി.എച്ച്.മുഹമ്മദ്കോയ പറഞ്ഞപോലെ പാല്‍ തട്ടി കമത്തിയ അമ്മായിക്കല്ല, തറയില്‍നിന്ന് അത് നക്കികുടിച്ച് ചക്കിപ്പൂച്ചക്കാണ് തവിക്കണകൊണ്ട് തലക്കടി കിട്ടിയത്.
നീതിസാരത്തിന്റെ പുത്തന്‍ വ്യാഖ്യാനങ്ങള്‍, അല്ലേ???

Thursday, November 02, 2006

ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 2

രാഷ്ട്രീയം തന്നെ തുടരാം. ഇനി പറയേണ്ട ഒരു സംഗതി അടിയന്തരവസ്ഥയാണ്. അതിനു സമാന്തരമായി വേണം കേരളത്തിലെ അതിവിപ്ലവപ്രസ്ഥാനങ്ങളെയും കാണാന്‍.69 മുതല്‍ 77 വരെ മുഖ്യമന്ത്രി ആയിരുന്ന അച്ച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. ഏറ്റവും പ്രഗല്‍ഭര്‍ നിറഞ്ഞ മന്ത്രിസഭ എന്ന ബഹുമതി 57ലെ മന്ത്രിസഭയ്ക്ക് നല്‍കുന്ന പോലെ കേരളം പൊതുവില്‍ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന ബഹുമതി നല്‍കുന്നത് മേനോനാണ്. (ഇതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം.ഇത് കേള്‍ക്കുന്നത് തന്നെ EMS നു അരോചകമായിരുന്നു എന്നാരോ ഒരിക്കല്‍ പറഞ്ഞിരുന്നു).
ഒരുപക്ഷെ മധ്യവര്‍ഗ്ഗത്തിന് ഏറ്റവും പ്രിയപ്പെട്ട എന്നു വേണമെങ്കില്‍ തിരുത്തി വായിക്കാം.
അടിയന്തരാവസ്ഥ കേരളത്തിന്റെ പല കാപട്യങ്ങളെയും തുറന്ന് കാട്ടി.നന്നായി പണിയെടുക്കാന്‍ അറിയാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ തെളിയിച്ചു.ജനത്തിനെ അത്ഭുതപ്പെടുത്തുന്ന കൃത്യതയോടെ അവര്‍ ജോലിക്കെത്തി,ഫയലുകള്‍ മിന്നല്‍ പോലെ സഞ്ചരിച്ചു.അഴിമതി കുറഞ്ഞു, അതിനു മുന്‍പോ അതിനു ശേഷമൊ ഒരിക്കലും സര്‍ക്കാര്‍ ലാവണങ്ങളില്‍ കേള്‍ക്കാത്ത അക്കൊണ്ടബിലിറ്റി എന്ന പദം അതിന്റെ എല്ലാ സമഗ്രതയിലും അവിടങ്ങളില്‍ മുഴങ്ങി.ബസുകള്‍ കൃത്യമായി ഓടി.അനാവശ്യ സമരങ്ങള്‍ പോയിട്ട് അത്യവശ്യ സമരങ്ങള്‍ പോലും ഇല്ലാതെ ആയി.

പക്ഷെ അതോരിറ്റേറിയന്‍ ആയ ഭരണകൂടങ്ങളുടെ സകല ദോഷങ്ങളും ആ ഭരണത്തിനുമുണ്ടായിരുന്നു. ഭരണഘടനയുടെ ചതുര്‍സ്തംഭങ്ങളും ഭരണവര്‍ഗ്ഗത്തിനു മുന്നില്‍ കുമ്പിട്ട് നിന്നു. കോക്കസുകളും സ്തുതിപാ‍ഠകരും ശക്തരായി.ജനം അവശ്യം അറിയേണ്ട ഭരണകൂട ക്രൂരതകള്‍ സാധാരണക്കാര്‍ മുതല്‍ ഭരിക്കുന്ന മുഖ്യമന്ത്രി വരെ അറിയാ‍ത്ത സ്ഥിതി വന്നു.അതില്‍ പ്രധാനമായിരുന്നു രാജന്‍ കേസ്.ഒരുപക്ഷെ ഭരണകൂട നൃശംസതയുടെ ഒരിക്കലും മരിക്കാത്ത രക്തസാക്ഷിയായി രാജന്‍ മാറി. അതിന്റെ അലയൊലികള്‍ (ഇന്നും) കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പോന്നതായി.

ഒരുപാട് സ്ഥാപനങ്ങള്‍ ആ ഭരണകൂടത്തിന്റെ സ്മാരകങ്ങളാണ്. ഭൂപരിഷ്ക്കരണനിയമം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് ആ കാലത്താണ്.ചടുലമായ നീക്കത്തിലൂടെ മലബാര്‍ മേഖലയിലെ വനഭൂമികള്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത് ചെറിയ കാര്യമല്ല, (പ്രത്യേകിച്ചും പാട്ടഭൂമി വിറ്റ് കാശാക്കുന്ന ഹാരിസണ്‍ പ്ലാന്റേഷന്‍സിനെ ഒന്ന് തോണ്ടി നോവിക്കാന്‍ പോലും ഇന്നത്തെ സര്‍ക്കറിനെ കൊണ്ട് കഴിയാത്ത സാഹചര്യത്തില്‍.) എങ്കിലും ആ ഭരണത്തിന്റെ നിത്യ സ്മാരകമായി മാറിയത് രാജന്റെ ലോക്കപ്പ് മരണമാണ്. അതിന്റെ വ്യഥയിലും ധാര്‍മ്മികമായ കുറ്റബോധത്തിലും മേനോന്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.(അതിന്റെ നേര്‍ ഉത്തരവാദികള്‍ മരണകിടക്കയിലും അധികാരകസേരയും സ്വപ്നം കണ്ട് നടക്കുന്ന കാഴ്ച്ച ഇതിന്റെ രസകരമായ ഒരു മറുപുറമാണ്).

പാളിപ്പോയ മാവോയിസമാണ് ഈ കാലഘട്ടത്തിലെ മറ്റൊരു സംഭവം.വ്യാജമായ ഒരു ഇടതുപക്ഷ സ്വയംഭോഗമായിരുന്നു ഈ പ്രസ്ഥാനം.ആത്മരതിയിലധിഷ്ഠിതമായ കാല്‍പ്പനിക നാടകം.എങ്ങോട്ട് പോകുന്നുവെന്നൊ എവിടെ എത്തുമെന്നോ അറിയാത്ത അറിഞ്ഞ്കൊണ്ടുള്ള കണ്‍കെട്ടിക്കളിയില്‍ കുറച്ച് പേര്‍ പങ്കെടുത്തൂ. കുറെയേറെ പേര്‍ മനസ്സു കൊണ്ട് പിന്തുണച്ചു.Foolhardiness എന്ന പദത്തിന്റെ മലയാളമെന്താണ്? അത് തന്നെയായിരുന്നു ഈ വിപ്ലവവും. എങ്കിലും തോല്‍ക്കുമെന്നറിഞ്ഞ് യുദ്ധം ചെയ്യുന്നവന്റെ രക്തസാക്ഷി പരിവേഷത്തെ യുവത നെഞ്ചേറ്റി.കവിതകള്‍ അതിനെ വാഴ്ത്തി. ഒരുപക്ഷെ നല്ല ഒരു ഇടതുപക്ഷ തിരുത്തല്‍ ശക്തിയാകനുള്ള ഊര്‍ജ്ജത്തെ വയനാടന്‍ കാടുകളിലെ ഈ വിപ്ലവസ്വയംഭോഗത്തിലൂടെ അവര്‍ ചിതറി തെറുപ്പിച്ച് കളഞ്ഞു. ആത്മരതികളില്‍ പാരസ്പര്യമുള്ള രതിമൂര്‍ച്ഛകളില്ലെന്ന് മനസ്സിലാക്കിയ ചിലര്‍ അത് തേടി പോട്ടയ്ക്കും പുട്ടപര്‍ത്തിക്കും വള്ളിക്കാവിനും വണ്ടികയറി. മറ്റുചിലര്‍ മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്ന ഗവേഷണത്തിലേക്ക് തിരിഞ്ഞു.ലാഭം മാത്രം തേടുന്ന മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്നു വിശദീകരിക്കാന്‍ വേണുവിനെ പോലുള്ളവര്‍ക്ക് കഴിയില്ല. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളില്‍ കറക്കിക്കുത്തുന്നത് പോലെ മാവോയിസമല്ലെങ്കില്‍ പിന്നെ മുതലാളിത്തം എന്ന പോലെയാണ് വേണുവിന്റെ ലൈന്‍. അതിനിടയില്‍ ഗാന്ധിസം,സ്വയം പര്യാപ്തത, സഹകരണ പ്രസ്ഥാനം തുടങ്ങിയ ഓപ്ഷന്‍സ് അദ്ദേഹത്തിന് കണ്ണില്‍ പിടിക്കാതെ പോയി.മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ ഉപോല്‍പ്പന്നങ്ങളായ ഭോപ്പാല്‍,പ്ലാച്ചിമട,എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കാണാനും അദ്ദേഹത്തിന് കണ്ണില്ലാതെ പോയി.

Wednesday, November 01, 2006

ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 1

50 വയസ്സ് ഒരു രാജ്യത്തിനെയോ പ്രദേശത്തിനെയൊ സംബന്ധിച്ച് പ്രധാന കാലയളവല്ല.ഒരു മനുഷ്യനെ സംബന്ധിച്ച് ആയുസ്സിന്റെ മുക്കാല്‍ ഭാഗമാണെങ്കിലും.പക്ഷെ നിരന്തരമാറ്റങ്ങള്‍ സംഭവിച്ച ഒരു കാലമെന്ന രീതിയില്‍ നാം ഇതിനെ കൂടുതല്‍ അടുത്ത് കാണേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങളെ ഒന്ന് വീദൂരവീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ് ഞാന്‍.

രാഷ്ട്രീയം :

രാഷ്ട്രീയം മലയാളിക്ക് ജീവശ്വാസമാണ്.ചായക്കട-ബാര്‍ബര്‍ഷോപ്പ് പത്രപാരായണമാണോ മലയാളി ഇത്രമേല്‍ രാഷ്ട്രീയജീവിയാക്കിയതെന്ന് പലപ്പോഴും സംശയം തോന്നും.ഇതുപോലെ വാദവിവാദകോലാഹലങ്ങളെ സ്നേഹിക്കുന്ന ഒരു ജനത വേറേ ഉണ്ടോ എന്ന് സംശയമാണ്. ഏഷ്യാനെറ്റിലെ വേണുവും ഇന്ത്യാവിഷനിലെ നിതീഷും മറ്റും നാല് നേരവും വിവാദങ്ങള്‍ പുഴുങ്ങി തിന്നാണല്ലോ ജീവിക്കുന്നത് തന്നെ.കേരളത്തിനു പല വിശേഷണങ്ങളും കാലാകാലങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന പോലെ മറ്റെതെങ്കിലും ചേരുമോ എന്നത് സംശയമാണ്.

ഉദാത്തമായ ഒരു പുരോഗമനാഭിമുഖ്യത്തോടെയാണ് കേരളത്തിന്റെ രാഷ്ട്രീയചരിതം ആരംഭിക്കുന്നത് തന്നെ.എങ്കിലും പുരോഗമനശക്തികളോളം തന്നെ അധോഗമനവര്‍ഗ്ഗീയശക്തികളും ഇവിടെ പ്രബലമാണെന്ന് വിമോചനസമരം തെളിയിച്ചു.ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ധത്തില്‍ നവോത്ഥാനനായകന്മാര്‍ തകര്‍ത്തെറിഞ്ഞ ജാതിമതവര്‍ഗ്ഗീയശക്തികള്‍ക്ക് കേരളരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ച് വരവ് ഒരിക്കിയത് വിമോചനസമരമാണ്. എങ്കിലും ഇന്നും മലയാളി അവന്റെ പ്രഖ്യാതമായ ഗ്രഹാതുരതയായി ഇടതുപക്ഷ പ്രേമം കൊണ്ടു നടക്കുന്നു.

പിന്നെ സംസ്ഥാനരാഷ്ട്രീയത്തീല്‍ ഏറെ അലയും തിരയും തീര്‍ത്തത് 2 പിളര്‍പ്പുകളാണ്.64-65 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലോകവ്യാപകമായും കോണ്‍ഗ്രസ്സില്‍ കേരളത്തിലുമുണ്ടായ പിളര്‍പ്പുകള്‍.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ആശയസമരത്തിനൊടുവില്‍ 2 ആയപ്പോള്‍ കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ വഷളാക്കിയത് വര്‍ഗ്ഗിയതയായിരുന്നു.ഒരുപക്ഷെ വിമോചനസമരത്തില്‍ അനാവശ്യമായി,നെഹ്രുവിയന്‍ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി തലയിടുകയും ജാതിശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കൊടുത്ത വിലയായി കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ കാണാം.അന്ന് പിളര്‍ന്നു മാറിയ കൂട്ടര്‍ ഇന്നും കേരളത്തിന്റെ രാഷ്ട്രീയനഭസ്സില്‍ മാണിയെന്നും ജോസെഫെന്നും പിള്ളയെന്നും ജേക്കബെന്നും മറ്റും പേരുള്ള തമോഗര്‍ത്തങ്ങളായി വര്‍ത്തിക്കുന്നു.പക്ഷെ പില്‍ക്കാലഗതി നോക്കിയാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് നമ്മുടെ രാഷ്ട്രീയത്തെ വല്ലാതെയൊന്നും ബാധിച്ചില്ല എന്നു കാണാന്‍ കഴിയും.
എന്നാല്‍ കമ്മ്യൂ. പാര്‍ട്ടിയിലെ കാര്യം അങ്ങനെ അല്ല.അത് പുരോഗമന ഇടത് പ്രസ്ഥാനത്തിന്റെ കുതിപ്പിന്റെ ഊര്‍ജ്ജം വല്ലാതെ ചോര്‍ത്തികളഞ്ഞു.തലപ്പൊക്കമുള്ള നേതാക്കളില്‍ EMS,AKG,KR ഗൌരി എന്നിവരൊഴിച്ച് ബാക്കി എല്ലാവരും സി.പി.ഐയില്‍ തന്നെ നിന്നു. കൈയ്യാലപ്പുറത്തെ തേങ്ങ പോലെ നിന്ന EMS, പ്രവര്‍ത്തകര്‍ AKGക്ക് ഒപ്പമാണെന്ന് കണ്ട് സി.പി.എമ്മിലേക്ക് ചാടി.അപാര ക്രൌഡ് പുള്ളറായ AKGക്ക് ഒപ്പമായിരുന്നു അണികള്‍.മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധത വല്ലാതെ വേരുറച്ച അണികള്‍ക്ക് സി.പി.ഐ സ്വീകരിച്ച ദേശീയ ജനാധിപത്യം എന്ന ലൈന്‍ പിടിച്ചില്ല.പിളര്‍ന്ന ശേഷം പരസ്പരം എങ്ങനെ നശിപ്പിക്കാം എന്നതിലാണ് അവര്‍ മത്സരിച്ചത്.സി.പി.എം. അങ്ങനെ ഒരു നിലപാട് പോലും എടുക്കുകയുണ്ടായി. അതിന്റെ ഭാഗമായി പഴയ സഖാക്കളില്‍ പ്രമുഖരാ‍യിരുന്ന MN, TV, എന്നിവര്‍ക്കെതിരേ അഴിമതി പോലും അരോപിക്കപ്പെട്ടു. സൃഗാലതന്ത്രജ്ഞനായ ഗോവിന്ദന്‍ നായരും പുന്നപ്ര വയലാര്‍ സമരനായകന്‍ റ്റി.വി.തോമസും ആക്രമണം തന്നെ പ്രതിരോധം എന്ന ലൈനെടുത്തു.69ല്‍ അങ്ങനെ നഷ്ടപ്പെട്ട അധികാരം പിന്നീട് 10 വര്‍ഷത്തേക്ക് സി.പി.എമ്മിന് ഉപ്പ് നോക്കാന്‍ കിട്ടിയില്ല. ഒടുവില്‍ വിശാല ഇടത് ഐക്യമെന്ന ദേശീയനയത്തിന്‍ മേല്‍ പി.കെ.വി. അധികാരം സ്വയം വിട്ട് വന്ന ശേഷമാണ് 80ല്‍ സി പി എം അധികാരത്തില്‍ എത്തുന്നത്.