Saturday, June 09, 2007

കണ്ണു കെട്ടിയ ജെ.സി.ബി.

ചേരികള്‍ ഇടിച്ച് നിരത്തുന്ന,അനേകം തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ നശിപ്പിക്കുന്ന ഒരു ജുറാസിക്ക് യന്ത്രമയിരുന്നു ജെ.സി.ബി കഴിഞ്ഞ കുറച്ച് നാള്‍ മുന്‍പ് വരെ.അതിന് ജനകീയ മുഖം നല്‍കിയത് നമ്മുടെ ജനകീയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ നിറം നിര്‍ണ്ണയിക്കപ്പെടാത്ത 3 പൂച്ചകളും ആയിരുന്നു.ആദ്യമാദ്യം തോന്നിയ രസം പൊളിക്കല്‍ മുന്നോട്ട് പോകും തോറും ഒരു ഭീതിയായ് വളര്‍ന്നു.ചെറുകിടക്കാരെയും പാവങ്ങളെയും ഒഴിവാക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലവുരു പറഞ്ഞുവെങ്കിലും ആരെങ്കിലും അത്തരത്തിലുള്ളവര്‍ ഇതില്‍ പെട്ട് പോയാല്‍ എന്തായിരിക്കും അവസ്ഥ.

ഇരമ്പുന്ന ജനകീയഘോഷം,ശക്തമായ മാധ്യമ പിന്തുണ,ലൈവ് വീഡിയോ കവറേജ്;സെക്രട്ടറിയേറ്റിന്റെ ഇരുണ്ട ഗുഹകളില്‍ മന്ത്രിമാര്‍ക്ക് ചരമോപചാരം എഴുതി കൊടുത്തും പൊതുജനത്തോട് നിഴല്‍ യുദ്ധം നടത്തിയും നിര്‍വൃതി കൊള്ളുന്ന ബ്യൂറോക്രാറ്റ് സിംഹത്തിന് മെഗലോമാനിയ (കട:രണ്‍ജി പണിക്കര്‍)പിടിപെടാന്‍ ഇതില്‍ പരം എന്ത് വേണം.പോരാഞ്ഞ് പൈങ്കിളീ പെണ്മാസികകളില്‍ വീരനായക പദവി.I am the state, atleast in Munnar; എന്ന് മാന്യദേഹത്തിന് സന്ദേഹം തോന്നിയില്ലെങ്കിലേ അല്‍ഭുതം.

മുഖ്യമന്ത്രിക്ക് പരമസന്തോഷം.ഭരണത്തിലെ പോരായ്മകള്‍ ജനം മറന്നു.ഏഡിബി ട്രപ്പീസിലെ മലക്കം മറിച്ചിലും നടുവടിച്ചുള്ള വീഴ്ച്ചയും വീണത് വിദ്യയാക്കിയുള്ള നടപ്പും ജനം മറന്നു.പാര്‍ട്ടി പിണറായി കൊണ്ടു പോയപ്പോള്‍ സമസ്തവും നഷ്ടപ്പെട്ട അവസ്ഥയല്ല ഇന്ന്.പുതിയ ഒരു പോര്‍മുഖം തുറക്കാന്‍ സാധിച്ചിരിക്കുന്നു.മകന് ചെയ്ത് കൊടുത്ത ചെറിയ സഹായമുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പരിക്കില്ലാതെ മുന്നോട്ട് വരാന്‍ സാധിച്ചിരിക്കുന്നു.

ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

1999ല്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമാണെന്ന് സുരേഷ്കുമാര്‍.ആ പട്ടയത്തെ രവീന്ദ്രന്‍ പട്ടയമെന്നാണ് വിളിക്കുന്നത്.അന്നത്തെ കലക്ടര്‍ വി.ആര്‍.പത്മനാഭന്‍ നല്‍കിയ സ്പെഷ്യല്‍ അധികാരമുപയോഗിച്ച ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ആയിരുന്ന ശ്രീ രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങളെന്നറിയപ്പെട്ട 1999ലെ പട്ടയങ്ങള്‍.

അഡീഷണല്‍ തഹസില്‍ദാറിന് ചാര്‍ജ്ജ് നല്‍കിയതില്‍ അപാകതയുണ്ടോ എന്ന് നോക്കേണ്ടത് കോടതിയാണ്.പിന്നെ ആ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയും അതിന്റെ സര്‍ക്കാരും.അന്നത്തെ മുന്നണി കണ്‍വീനര്‍ ഇന്നത്തെ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ്.അന്നത്തെ മുന്നണിയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുള്ള പ്രത്യേകാധികാരവും വി.എസ്.തുല്യം ചാര്‍ത്തി നല്‍കിയിട്ടുണ്ടോ ഈ പൂച്ചക്ക്? അന്നത്തെ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെങ്കില്‍ അന്ന് മന്ത്രി ആയിരുന്ന ഇസ്മയിലിനെക്കാള്‍ ഉത്തരവാദിത്തം കണ്‍വീനറായിരുന്ന അങ്ങേയ്ക്കല്ലേ?

മേല്‍പ്പറഞ്ഞ പട്ടയപ്രകാരം 25 സെന്റ് കിട്ടിയിട്ടുണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്.അവിടെ പാര്‍ട്ടി ഓഫീസും അതിനോട് ചേര്‍ന്ന് ഒരു ലോഡ്ജുമുണ്ട്.അല്ലയോ നീതിമാനായ മുഖ്യമന്ത്രി,അങ്ങയുടേ പൂച്ച പറയുന്നതെല്ലാം സത്യമാണെങ്കില്‍ ആ ജെ.സി.ബി ആകുന്ന അങ്ങയുടെ രഥം തെളിക്കേണ്ടത് ആ പാര്‍ട്ടി ഓഫീസിന്റെ നെഞ്ചത്തേക്കാണ്.ഇപ്പോള്‍ പൊളീറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടേ ഉള്ളൂ. അത് എന്നെന്നേക്കുമായുള്ള പുറത്താക്കലായി മാറ്റിയ്യെടുക്കാം.പിന്നെ ഫുള്‍ റ്റൈം ജനകീയനായി വേലിക്കകത്ത് വീട്ടിലിരിക്കാം.
ഇത്തിരി പുളീക്കും അല്ലേ... പിന്നെ അതിനല്ലേ ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍ ഈഈഈഈഇ പാടൊക്കെ പെട്ട് ഈഈഈഈഈഈ കസേരയില്‍ കയറിയത് ...

2 comments:

Radheyan said...

ഇതിലുമപ്പുറം ഇടതുമുന്നണിയില്‍ താനല്ലാതെ അഴിമതിക്കാരനല്ലാത്തവരായി ആരുമില്ലെന്ന് വരുത്താന്‍ സാധിച്ചിരിക്കുന്നു.കഷ്ടകാലസമയത്ത് കൂടെ നിന്നവരാണ് വെളിയവും ചന്ദ്രചൂഡനും.ഇതില്‍ വെളിയത്തിനെങ്കിലും ഒരു പണി കൊടുത്ത് ഉപകാര സ്മരണ കാട്ടേണ്ടേ.ആര്‍.എസ്.പിക്ക് ആകെ ഉള്ള ഒരു രക്ത്സാക്ഷി മണ്ഡപമാണ് ചന്ദനത്തോപ്പിലേത്.അത് പൊളിച്ച് ചന്ദ്രചൂഡനും ഒരു പണി കൊടുക്കണമെന്നാഞ്ഞതാണ്.നടന്നില്ല.എങ്കിലും സാരമില്ല സി.പി.ഐ യെ ഒതുക്കാന്‍ നമ്പൂതിരിപ്പാട് പാടെത്ര പെട്ടതാണ്.ഇന്ന് സി.പി.ഐയെ മൊത്തം വനം കൊള്ളക്കാരും കൈയ്യേറ്റക്കാരും റ്റാറ്റയുടെ സില്‍ബന്ധികളുമാക്കാന്‍ സാധിച്ചു.റ്റാറ്റയുടെ സാമ്രാജ്യത്തില്‍ പകുതി 1971 പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കിയത് അചുതമേനോനും സിപിഐയും ആണ്.പഴങ്കഥയൊക്കെ ആരോര്‍ക്കാന്‍.ഇപ്പോള്‍ വി.എസ് അല്ലാതെ ആദര്‍ശവാദി ഈ ഭൂമിമലയാളത്തില്‍ മരുന്നിനു പോലും കിട്ടാനില്ലാത്ത അവസ്ഥ.ചത്തുപോയവരിലും ഇല്ല ജീവിച്ചിരിക്കുന്നവരിലും ഇല്ല.

പൊളിക്കലിനെ കുറിച്ച് വേറിട്ട ഒരു കാഴ്ച്ച

അങ്കിള്‍. said...

തീരുമാനം കണ്ടില്ലേ രാധേയന്‍.
ഇന്നത്തെ മലയാളമനോരമയുടെ പതിനൊന്നാം പേജില്‍ ഒരു നിസ്സാര ഫില്ലര്‍ പോലെ ഇട്ടിരിക്കുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ്‌. തലക്കെട്ട്‌ "ആരാധനങ്ങളേയും മറ്റും ഒഴിപ്പിക്കരുത്‌" എന്നാണ്‌. പക്ഷേ, അതിന്‌ താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത സാധാരണഗതിയില്‍ മനോരമ ഒന്നാം പേജില്‍ വെണ്ടക്ക നിരത്തേണ്ടതും. ഇതാണാ വാര്‍ത്തഃ

'സര്‍ക്കാര്‍ ഭൂമിയില്‍ കൈയ്യേറ്റം നടത്തിയത്‌ ഒഴിപ്പിക്കുമ്പോള്‍ ആരാധനാലയങ്ങള്‍, രഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസ്സുകള്‍, സ്മാരകങ്ങള്‍ എന്നിവ ഒഴിപ്പിക്കരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.'