പഴയ പ്രണയത്തിന്റെ മുറിപ്പാടുകളും നക്കിത്തോര്‍ത്തി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ജോലിയില്‍ ശ്രദ്ധ ഊന്നുന്ന കാലം. തിരക്കുള്ള ജോലി,ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റനുള്ള അവസരം,മൂന്നാര്‍,മടിക്കേരി (മെര്‍ക്കാറ),ചിക്കമഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടം ഓഡിറ്റുകള്‍....., ജീവിതത്തില്‍ പുതിയ രസങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ പഠിക്കുകയായിരുന്നു. auto suggestion തുടങ്ങിയ മാനസിക വ്യായാമങ്ങളിലൂടെ അവളുടെ വിവാഹനിശ്ചയം,വിവാഹം തുടങ്ങിയ വാര്‍ത്തകളെ നേരിടാന്‍ ഞാന്‍ പഠിച്ചിരുന്നു.auto suggestion മൂലം ശിലിക്കാത്തത് കൊണ്ടാവും അവളുടെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നു എന്ന വാര്‍ത്ത കുറച്ചുനാള്‍ എന്നെ അസ്വസ്ഥനാക്കി.
അങ്ങനെയിരിക്കെയാണ് ബാംഗ്ലൂരില്‍ എന്റെ സ്ഥലം രക്ഷിതാവായിരുന്ന (ലോക്കല്‍ ഗാര്ഡിയന് എന്നു വിവക്ഷ) കസിന് അദ്ദേഹത്തിന്റെ ഭാര്യയുടെ കസിനായ ഒരു കുട്ടിയുടെ ആലോചന എടുത്തിട്ടത്. ആദ്യം എനിക്കത്ര താല്‍പ്പര്യം തോന്നിയില്ല എങ്കിലും ഒരു മാറ്റം നല്ലതെന്ന് എന്റെ അടുത്ത ചങ്ങാതിമാരും പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ ഞാന്‍ സമ്മതം മൂളി. ഫോട്ടൊ കണ്ടപ്പോള്‍ താല്‍പ്പര്യം ദ്വിഗുണീഭവിച്ചു എന്നത് ഒരു സത്യം മാത്രം.
എഞ്ചിനീയറിംഗ് അവസാന സെമെസ്റ്റര്‍ എഴുതിയിട്ടിരിക്കുന്ന തിരുവനന്തപുരംകാരി.വടക്കോട്ടുള്ളവര്‍ തെക്കുനിന്ന് പെണ്ണെടുക്കുന്നില്ല എന്നതാണ് ഈയടുത്തായി കണ്ടുവരുന്ന പ്രതിഭാസമെങ്കിലും അവളുടെ സ്വദേശം എന്റെ നാടായ അമ്പലപ്പുഴക്കടുത്തുള്ള ഹരിപ്പാട് ആയതിനാല്‍ പൊതുവെ മറ്റ് എതിര്‍പ്പൊന്നും ഇല്ലായിരുന്നു.
ഒക്ടോബര്‍ ഒടുക്കമാണ് ഈ ആലോചന വരുന്നത്. എനിക്കാണേല്‍ നല്ല ജോലിതിരക്ക്.എന്റെ ബോസ് ഭാനു എന്നു പേരുള്ള ഒരു കള്ള കന്നട മോനായിരുന്നു.പത്ത് CA ക്കാര് ചെയ്യേണ്ട പണി ഞങ്ങള്‍ 5 പേരായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ അവധി എന്ന വാക്ക് തന്നെ അയാള്‍ക്ക് അലര്‍ജിയായിരുന്നു. ഞാനോ നാട്ടില്‍ ചെണ്ടപ്പുറത്ത് കോലിടുന്നിടത്തൊക്കെ എന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാക്കണം എന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി.ഓണത്തിനു 4 ദിവസം അവധിയെടുത്തത് തന്നെ അയാള്‍ക്ക് അസാരം ചൊറിച്ചില്‍ ഉണ്ടാക്കിയിരുന്നു.ഇനി പെണ്ണു കാണാന്‍ അവധി ചോദിച്ച് അദ്ദേഹത്തിന്റെ വായില്‍ സരസ്വതിയെക്കൊണ്ട് കാബറേ കളിപ്പിക്കേണ്ട എന്ന് കരുതിയത് മൂലം പെണ്ണ്കാണല്‍ ഗണപതികല്ല്യാണം പോലെ നാളെ നാളെ എന്ന് നീണ്ടു. ബന്ധപ്പുറത്തുള്ള ബന്ധമായതിനാല്‍ ഞങ്ങളുടെ തീരുമാനം അറിഞ്ഞ ശേഷമേ ഇനി മറ്റൊരു ആലോചനയെന്ന് അവരും പറഞ്ഞു.
നവമ്പര്‍ മുതല്‍ ജനുവരി 23 വരെ ചെന്നെയില്‍ തന്നെ ആയിരുന്നു ഞാന്‍. അതിനിടയ്ക്ക് ശ്വാസം കഴിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥ.ഒടുവില്‍ ബായര്‍ എന്ന ജര്‍മ്മന്‍ കമ്പിനിയുടെ ഓഡിറ്റും കഴിഞ്ഞ് രാത്രി 2 മണിക്ക് സൈനിംഗ് പാര്‍ട്ട്ണര്‍ വസിക്കുന്ന ഹോട്ടലിന്റെ റിസ്പ്ഷനില്‍ റിപ്പോര്‍ട്ട് ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ക്ക് മടങ്ങി.ഇത് വരെ പെണ്ണുകാണാന്‍ പോകാത്തതില്‍ കസിന്റെ വീട്ടുകാര്‍ക്ക് ചെറിയ അസന്തുഷ്ടി.
ജനുവരി 26 അവധി, പിന്നെ ശനി,ഞായര്‍ പിന്നെയും അവധി.ശനിയാഴ്ച്ച ഒരു മുങ്ങ് മുങ്ങിയാല്‍ കാര്യം കഴിക്കാം.ശനി ഒരു സെമി ഔദ്യോഗിക ദിവസമാണ്.അടുത്ത ദിവസങ്ങളിലേക്കുള്ള അസൈന്മെന്റ്സ് നിര്‍ണ്ണയിക്കുന്ന ദിവസം. സാധരണ ഞങ്ങള്‍ അന്ന് നഗരത്തില്‍ കാണുമെന്നല്ലാതെ ഓഫീസില്‍ ഹാജരാകറില്ല.സെക്രട്ടറി അസൈന്മെന്റ് അറിയിക്കും.ഞങ്ങള്‍ ഫയലും റ്റിക്കറ്റും ചിലവുകാശും വാങ്ങിക്കാന്‍ അസിസ്റ്റന്റ്മാരായ ആര്‍ട്ടിക്കിള്‍സിനെ ഏല്‍പ്പിക്കും.അതാണ് പതിവ്. എന്താണ് അടുത്ത ആഴ്ച്ചത്തെ പരിപാടി എന്നറിയിക്കാന്‍ സെക്രട്ടറി സുന്ദരിയെ ചട്ടം കെട്ടി ഞാന്‍ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലിനിറങ്ങീ.
മാതപിതാക്കളെയും എന്റെ ഉറ്റ തോഴനെയും കൊണ്ടാണു യാത്ര. (എന്റെ കഴിഞ്ഞ കാല പ്രണയത്തില്‍ ഒരു ഫസിലിറ്റേറ്ററുടെ ഭാഗം അവന് നിര്‍വഹിച്ചു എന്നു പരക്കെ ആക്ഷേപമുണ്ടെങ്കിലും അതില്‍ തരിമ്പും സത്യമില്ല ).പെണ്ണിനെ കണ്ടു.ഇഷ്ടമായി എന്നു പരസ്പരം ഓണ്‍ ദ സ്പോട്ട് ഉത്തരവും നല്കി സന്തോഷചിത്തനായി ഞങ്ങള്‍ മടങ്ങി.ശനിയാഴ്ച്ച വൈകുന്നേരമായിട്ടും ഓഫീസില്‍ നിന്നും വിളിയൊന്നും വരാത്തതിനാല്‍ ബംഗ്ലൂര്‍ക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
തിങ്കളാഴ്ച്ച ഓഫിസിലേക്ക് പുറപ്പെടാന്‍ ധൃതി കൂട്ടിയിരുന്ന എന്നെ വിളിച്ച് കസിന് പറഞ്ഞു. ആ കല്യാണം നടക്കില്ല.നിന്റെ പഴയ കഥയൊക്കെ ആരോ അവരുടെ കാതില്‍ എത്തിച്ചു.നീ ഇപ്പൊഴും ആ ബന്ധം തുടരുന്നു എന്നാണ് അവര്‍ അറിഞ്ഞത്.
ഞാന്‍ പറഞ്ഞു “അതിന് അവളുടെ കല്യാണം കഴിഞ്ഞല്ലോ, മാത്രമല്ല കഴിഞ്ഞ 10 മാസമായി ഞാനവളെ കണ്ടിട്ട് തന്നെയില്ല”.
ആ കഥയൊക്കെ ഞങ്ങള്‍ക്കറിയാം പക്ഷെ അവര്‍ കൂടെ വിശ്വസിക്കേണ്ടെ.നിന്റെ കൂടെ വന്നവന് നിന്റെ മാമയാണെന്നു വരെ പറഞ്ഞു.
ഓഹോ അപ്പോള്‍ നമ്മുടെ യാത്രാ ചാര്‍ട്ടൊക്കെ കൃത്യമായി അറിയുന്ന ഏതൊ ബന്ധു തെണ്ടിയാണ് ഈ കല്യാണം മുടക്കി.(കേരളത്തില്‍ തേങ്ങയേക്കാളും ഡിഗ്രിക്കാരേയുംകാള്‍ കൂടുതല്‍ കല്യാണം മുടക്കികളാണെന്ന സത്യം കല്യാണം കഴിക്കാത്ത എന്റെ ബാച്ചിലര്‍ സുഹൃത്തുക്കളെ അറിയിക്കാന്‍ ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ).
ഞാന്‍ വലിയ ദുഖമൊന്നും കൂടാതെ ഓഫീസിലേക്ക് വിട്ടു. ഇതിലും വലിയ വെള്ളിയാഴ്ച്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല എന്ന മട്ട്.
അവിടെ ചെല്ലുമ്പോള്‍ ഭാനു കോമരം തുള്ളി നില്ക്കുന്നു.ചെമ്പട്ടിന്റെയും വാളിന്റെയും ചിലമ്പിന്റേയും കുറവേയുള്ളൂ. അയാളുടെ മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.
തന്നെ പോലെ ഒരു irresponsible employee ഈ കമ്പിനിയില്‍ ഉണ്ടായിട്ടില്ല. (എന്റെ അറിവില്‍ പുള്ളി ഇതു പറയുന്ന ഏഴാമത്തെ ആളാണ് ഞാന്‍)
ഞാന്‍ എതിര്‍ത്തില്ല.(സത്യം പറഞ്ഞാല്‍ ഈ ജോലിയോട് വലിയ പാഷനൊന്നും എനിക്കില്ല.അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴി അടി എന്നാണല്ലോ.)
ഞാന്‍ അസൈന്മെന്റ് അറിയിക്കാന്‍ സെക്രട്ടറിയോട്........ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ ചാടിവീണു.
"I want you to be at Hubli this morning. How you can reach there now? Because of you I had to change my entire programs"'
പിന്നെ അയാള്‍ മലയാളിയുടെ തൊഴില്‍ സംസ്കാരത്തെ തെറി പറയാന്‍ തുടങ്ങി. സത്യമാണേലും അതങ്ങനെ കേട്ടു നില്ക്കനാവുമോ.
ഞാന്‍ ചാടി എത്തി വലിഞ്ഞ് അയാളുടെ പ്രിന്ററില്‍ നിന്ന് ഒരു വെള്ള കടലാസ് വലിച്ചെടുത്ത് ഒറ്റ വരി രാജി കത്തെഴുതി അയാളുടെ മുന്നിലേക്കിട്ടു.
ഞാനത് ഉദ്ദേശിച്ചില്ല എന്നായി അയാള്‍.
''But I meant it'' ഞാന്‍ വാശിയില്‍ തന്നെ.
“ഒന്നു കൂടി ആലോചിക്കൂ” അദ്ദേഹം സൌമ്യനാകാന്‍ ശ്രമിച്ചു.
“ആലോചിക്കാന്‍ ഒന്നുമില്ല”(നഷ്ട്പ്പെടുവാന്‍ ഒന്നുമില്ലീ കൈവിലങ്ങുകളല്ലാതെ, കിട്ടാനുണ്ടൊരു ലോകം ദുബായിയെന്നൊരു ലോകം.പെങ്ങള് ..അളിയന് ....വിസിറ്റ് വിസ... ദുബായി.... ജോലി.... ആ ഇരുപ്പില്‍ തന്നെ എന്റെ ഭാവന വികസിച്ചത് ഭാനുവിന് മനസ്സിലായില്ല )
ശരി , എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഫയലുകള്‍ തിരിച്ചേല്‍പ്പിച്ചോളൂ.
വൈകുന്നേരം വീട്ടിലെത്തി.പത്രം നിവര്ത്തുമ്പോള് ദാ കിടക്കുന്നു വാരഫലം: പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഉദ്യോഗനഷ്ടം, മാനഹാനി,ശാരീരിക പീഡ. ഭാഗ്യം ഭാനുവിന് വലിയ തടിയൊന്നുമില്ലാത്തത് കൊണ്ട് ശരീരം രക്ഷപെട്ടു.
മാന്യ വായനക്കാരെ നിങ്ങള്‍ തന്നെ പറയൂ ഇത് പഴയ പ്രണയഭൂകമ്പത്തില്‍ നിന്നുരുവാര്‍ന്ന സുനാമിയോ അതൊ വാരഫലക്കരന്‍ പറഞ്ഞ കാലദോഷമോ........
ഇന്നിവിടെയിരുന്ന് ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഒരു ചിരി ഊറി വരുന്നു.
****************************
7 comments:
രാധേയാ,
പഴയ പോസ്റ്റും ഇപ്പോഴാണ് വായിക്കുന്നത്.
പ്രണയത്തിന്റെ മധുരവും കയ്പ്പും അതില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.
പിന്നെ ഒരു പാര പണിയാനാണോ നമ്മുടെ നാട്ടില്‍ വിഷമം. പ്രത്യേകിച്ച് ബന്ധുക്കളുടെ ഇടയില്‍... പ്രിയ ബാച്ചിലന്മാരെ ഇതു കൂടി നമുക്കു കുറിച്ചിടാം
പോസ്റ്റ് നന്നായിരിക്കുന്നു.
സമകാലിക വിഷയങ്ങളും ഇടയ്ക്ക് എഴുതൂ.
താങ്കളുടെ 2 പോസ്റ്റുകളും വായിച്ചു.. ഭംഗിയായി കാര്യങ്ങള്‍ ബോറടിപ്പിക്കാതെ വിവരിച്ചിരിക്കുന്നു..
രാധേയാ മനോഹരമായി പറഞ്ഞിരിക്കുന്നു. ബാച്ചിലേഴ്സിന് അങ്ങനെ ഒരു വാണിംഗ് നല്‍കിയത് നന്നായി.
രാധേയാ, നല്ല എഴുത്ത്. കരിയറിന്റെ തുടക്കത്തില്‍ ജോലി രാജിവെയ്ക്കാന്‍ എനിയ്കും ഈ പറഞ്ഞതുപോലെ വലിയ മടിയൊന്നുമില്ലായിരുന്നു. ഇപ്പോഴാണെങ്കിലോ മൂന്നുവട്ടം ആലോചിച്ചിട്ട് പിന്നെ ഒന്നുകൂടി ആലോചിക്കും. ജോലി രാജി വെയ്ക്കുന്ന കാര്യത്തിലായാലും കല്യാണാലോചനയുടെ കാര്യത്തിലായാലും ബാച്ചിലേഴ്സ് ഇതു വായിച്ചിരിക്കണം. ഞാന്‍ ആദ്യം കരുതിയത് ഓഫീസില്‍ നിന്നും ഭാനു വിളിച്ചതുകൊണ്ട് താന്‍ അവിടെ വേറെ ഒരു സെറ്റപ്പ് ആയി കഴിയുകയാണ്` എന്നു പെണ് വീട്ടുകാര്‍ കരുതിയിരിക്കും എന്നാണ്.
ഇനി ഇതിന്റെ ബാക്കി കൂടി കേള്‍ക്കണം.:) ആ കല്യാണം നടന്നോ, ദുബൈക്കു പറന്നോ എന്നിങ്ങനെ.നന്നായിട്ടുണ്ട് എല്ലാ എഴുത്തും.:)
ബിന്ദു,കല്യാണം നടന്നില്ല,അവള്‍ക്ക് ഒരു ഇ-മെയില്‍ അയച്ചു ഞാന്‍,ന്യായീകരിക്കാനല്ല,പക്ഷെ എന്തോ ഒക്കെ വ്യക്തമാക്കനുണ്ടെന്ന് തോന്നി.അതോടെ ആ കഥ തീര്‍ന്നു.
2002 ഏപ്രിലില്‍ ദുബായിലെത്തി.ജുണില്‍ ജോലിയില്‍ കയറി
2002 അവസാനപാദം എന്നെ അത്ഭുതപ്പെടുത്തികൊണ്ട് എനിക്ക് എന്റെ സ്വന്തം നാട്ടില്‍ നിന്ന് ഒരാലോചന വരുന്നു.100 മൈല്‍ അകലെയുള്ള തിരുവനന്തപുരത്തെ ആലോചന മുടങ്ങി പോയത് കൊണ്ട് എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു.
പക്ഷെ “ധാനേ ധാനേ പെ ലിഖി ഹൈ ഖാനെ വാലെ കാ നാം എന്നാണല്ലൊ.ഒരലമ്പും ഇല്ലാതെ 2003ല്‍ ആ കല്യാണം അങ്ങനെ നടന്നു.താലി കെട്ടുന്നവരെ ഒരു ചെറിയ റ്റെന്ഷന് ഉണ്ടായിരുന്നുവോ, എനിക്ക് നല്ല ഓര്‍മ്മയില്ല.
ഏറ്റവും വലിയ തമാശ ഞാന്‍ പ്രണയരോഗവുമായ് ഏറ്റവും കൂടുതല്‍ അലഞ്ഞിരുന്നത് പില്ക്കാലത്ത് എന്റെ ഭാര്യവീടായ ആ വീടിന്റെ മുന്‍പിലുള്ള വഴിയില്‍ ആയിരുന്നു.
പിന്നീടൊരിക്കല്‍ ഒരു പതിഞ്ഞ താളത്തീല് ഈ കഥകളെല്ലം കേട്ട് ചിരിച്ച് കളഞ്ഞ എന്റെ ഭാര്യയുടെ നല്ല മനസ്സ് കൂടി ഇവിടെ ഓര്‍ക്കാതെ വയ്യ.
രാധേയന്റെ വിവരണ ചാതുര്യം ഏ-ക്ലാസാണ്. ഇനിയും ഇതുപോലുള്ള സംഭവങ്ങളും സ്വതസിദ്ധമായ ആ ശൈലിയില്‍ എഴുതി വിടൂ!
qw_er_ty
Post a Comment