Saturday, May 14, 2011

തെരെഞ്ഞെടുപ്പിനു മുൻപും പിൻപും

 അങ്ങനെ ആ പൂരം കഴിഞ്ഞു. തൃശൂർ പൂരത്തിന്റെ മാറ്റ് കുറച്ച സാക്ഷാൽ ഇലക്ഷൻ പൂരം. ആവേശം കൊടിയിറങ്ങിയാൽ പിന്നെ അല്പം വകതിരിവോടെ കാര്യങ്ങൾ കാണാമെന്നാണല്ലോ.


ഫലം

 70നു മുകളിൽ സീറ്റ് കിട്ടിയ യൂ ഡി എഫ് വിജയിച്ചിരിക്കുകയാണ്. സാങ്കേതികമായ വിജയം എന്നൊക്കെ പറയാമെങ്കിലും വിജയം വിജയം തന്നെയാണ്. പക്ഷെ ആ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനു അല്പം പോലും സന്തോഷം നൽകുന്നതാകുന്നില്ല ഈ ഫലം. മുഖ്യ പ്രതിപക്ഷ കക്ഷിക്ക് മുഖ്യഭരണ കക്ഷിയെക്കാൾ സീറ്റു കൂടുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ലല്ലോ. അതിലും അസ്വസ്ഥത ഉണ്ടാക്കുന്നതാകും മറ്റു ഘടക കക്ഷികളുമായുള്ള പ്രപ്പൊർഷൻ തെറ്റിയ അവസ്ഥ.

കോൺഗ്രസ്
ഒരു പാർട്ടി എന്ന നിലയിൽ നാലോളം ജില്ലകളിൽ പച്ച തൊടാനാകാതെ പോയ കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ കനത്ത പ്രതിസന്ധി നേരിടുന്നു. മുസ്ലീം ലീഗിന്റെ മുന്നേറ്റമാണ് കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണമായി തോന്നുന്നത്. യൂ ഡി എഫ് മതന്യൂനപക്ഷങ്ങളൂടെ ഒരു കൂട്ടായ്മയാണെന്ന തോന്നൽ ഉണ്ടായ സ്ഥലങ്ങളിൽ യൂ ഡി എഫിനു കിട്ടിയ അടി കനത്തതായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തിരുവനന്തപുരത്ത് നേടിയ ചില സീറ്റുകൾ ഒഴിച്ച് ബാക്കി യൂ ഡി എഫിനു കിട്ടിയ സീറ്റുകൾ എല്ലാം ന്യൂനപക്ഷ മേഖലയിലായിരുന്നു. കണ്ണൂരിൽ യൂ ഡി എഫ് ജയിച്ച സീറ്റുകൾ പോലും  ഈ തരത്തിലുള്ളവ ആയിരുന്നു. എന്നു വെച്ച് എല്ലാ ന്യൂനപക്ഷ സീറ്റുകളും യൂ ഡി എഫിനു കിട്ടി എന്നർത്ഥമില്ല. പത്തനംതിട്ടയിലും ഇടുക്കിയിലും ഇടതുപക്ഷം ചില മുന്നേറ്റങ്ങൾ നടത്തി.

ലീഗ്

ഒരു പാർട്ടി എന്ന നിലയിൽ ലീഗിന്റെ വിജയം കാണാതെ പോകാൻ വയ്യ. സി പി എമ്മിനോളം പോന്ന അവരുടെ സംഘടനാ ശേഷിയുടെ വിജയമായി അതിനെ കാണാം. പക്ഷെ ധാർമ്മിക വശത്തിലുണ്ടായ അവരുടെ ചോർച്ച സ്വന്തം മേഖലകളിൽ വൈകാരികതള്ളീച്ച കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടിയെ ചുമന്ന ലീഗിനെ ചുമന്ന കോൺഗ്രസിനു അതുണ്ടാക്കിയ ധാർമ്മിക ഇമേജ് നഷ്ടം ഭീകരമായിരുന്നു. ഭാവി ഭരണത്തിൽ ലീഗ് ചെലുത്താൻ പോകുന്ന ദുസ്വാധീനം ഈ അവസ്ഥ വദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. (സി എചിന്റെയും ചാകീരിയുടെയും ലീഗല്ല പി കെ കുഞ്ഞാലിക്കുട്ടിയുടെയും  പി കെ ബഷീറിന്റെയും ലീഗ്). ഇത് ചിലപ്പോൾ ബി ജെ പിയുടെ ഭാവി മോഹങ്ങളെ പുഷ്പ്പിപ്പിക്കാനും ഇടയാക്കിയേക്കും.

വി എസ് ഫാക്ടർ

അനുകൂലമായും പ്രതികൂലമായും പ്രവർത്തിച്ച ഒരു സംഗതിയായി വി എസ് ഫാക്ടറിനെ കാണേണ്ടി വരും. ആലപ്പുഴ, കൊല്ലം ജില്ലകളിൽ അത് രാസത്വരകമായി പ്രവർത്തിച്ചു. ഒരു പരിധിവരെ തൃശൂരും ഇതുണ്ടായി. പക്ഷെ തിരുവനന്ത്പുരത്ത് ഇത് തീരെ ഉണ്ടായില്ല. എറണാകുളത്തും ഇത് ഏശിയില്ല, അത് പ്രതീക്ഷിച്ചതാണെങ്കിൽ പോലും. പക്ഷെ അത്ഭുതമെന്ന് പറയട്ടെ പാലക്കാട്ടും കണ്ണൂരും ഇതിനു കാര്യമായ ഒരു അനക്കവുമുണ്ടാക്കിയില്ല. അവിടെയൊക്കെ ഇടതുപക്ഷം സാധാരണഗതിയിൽ ജയിക്കുന്ന സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. എങ്കിലും ഇടതുപക്ഷത്തിനു ശക്തമായ പോരാട്ടവീര്യം പകർന്നത് വി എസിന്റെ സാന്നിധ്യമാണെന്നത് നിഷേധിക്കാനാകില്ല.

വരുന്ന സർക്കാർ

ഭാവി സർക്കാർ അൽപ്പായുസായിരിക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. അച്യുത മേനോൻ സർക്കാരിന്റെ പോലെ ചെറിയ ഭൂരിപക്ഷം കൊണ്ട് ഉറപ്പുള്ള ഭരണം കാഴ്ച്ച വെയ്ക്കാൻ കഴിയുമെന്ന്    യൂ ഡി എഫ് അവകാശപ്പെടുന്നു. കാത്തിരുന്നു കാണാമെന്നേ ഇപ്പോൾ പറയാൻ കഴിയൂ. അധികാരമില്ലാത്ത അവസ്ഥയിൽ അധിക കാലം ജീവിക്കാൻ കഴിയാത്ത ഒരു പറ്റം വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ ഏതു നിലയിലും അധികാരം നില നിർത്താൻ അവർ ശ്രമിക്കുമെന്നതിനാൽ അത്ര പെട്ടെന്ന് സർക്കാർ താഴെ പോകും എന്ന് കരുതുന്നില്ല.

വീരന്റെ ദൾ

ഒരു വലതു കക്ഷിയായി അധികാരത്തിന്റെ ഭാഗമാകാൻ പോവുന്ന വീരദൾ കടുത്ത ആശയ പ്രതിസന്ധികളിലൂടെ കടന്നു പോകും. മുതലാളിയുടെ സോഷ്യലിസ്റ്റ്- ഇക്കോളജിസ്റ്റ് മുഖമൂടി പറിച്ച് കീറും വിധം അത്തരം പ്രതിസന്ധികൾ മൂത്തു പാകമായേക്കാം. കൃഷ്ണൻ കുട്ടി തുടങ്ങി വെച്ച ആഭ്യന്തര  കലാപം കത്തി പടർന്നേക്കാം. തൽക്കാലം മോഹനനെ മന്ത്രിയാക്കി വീരൻ അടങ്ങിയിരിക്കും എങ്കിലും ഇതെത്ര കാലം എന്നത് ചോദ്യം. പ്രത്യേകിച്ചും കൃഷ്ണൻ കുട്ടിയെ ഒതുക്കിയത് മകനായിട്ടാണെന്ന് പലരും കുശുശുക്കുന്നതിനിടയ്ക്ക്.

കേരളാ കോൺഗ്രസ്

എത്ര മന്ത്രിമാരെ കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ് മാണി കോൺഗ്രസിൽ. മുതിർന്ന നേതാക്കൾ എന്ന നിലയിൽ മാണിക്കും ജോസഫിനും മന്ത്രി സ്ഥാനം ഉറപ്പാണ്. ഒന്നു കൂടി കിട്ടിയാൽ അത് സി എഫിനു പോകാനാണ് സാധ്യത. അല്ലെങ്കിൽ ജയരാജിനു. എങ്ങനെ പോയാലും പി സി ജോർജിനും മോൻസിനും വലിയ സാധ്യതയില്ല. ചുരുക്കത്തിൽ മറ്റൊരു പിളർപ്പിനു ഇന്നും കേരള കോൺഗ്രസിനു ആവതുണ്ടെന്ന് അർത്ഥം. പിണറായിക്കെതിരേ പറഞ്ഞ തരവഴികേടൊക്കെ ചുക്കുവെള്ളം കുടിച്ച് വിഴുങ്ങാൻ ജോർജിനു വലിയ ബുദ്ധിമുട്ട് കാണില്ല എന്ന് അദ്ദേഹത്തിന്റെ   ഇന്നേ വരെയുള്ള രാഷ്ട്രീയ ജീവിതത്തിന്റെ ഒട്ടോപ്സി റിപ്പോർട്ട് തെളിയിക്കുന്നു.

ചുരുക്കത്തിൽ കാർട്ടൂണിസ്റ്റുകൾക്കും ചാനൽ കുഞ്ഞുങ്ങൾക്കും എന്നെ പോലെയുള്ള ബ്ലൊഗർ-ബസർ അടക്കം സകല ഇത്തിൾക്കണ്ണികൾക്ക് ഇന്നു മുതൽ ശരിക്കുമുള്ള പൂരം തുടങ്ങുകയാണ്. പെട്രോൾ വില കൂട്ടി കൊണ്ട് നമ്മൾക്കുള്ള ഇന്ധന സപ് ളൈ കേന്ദ്ര സർക്കാർ തന്നെ തുടങ്ങി കഴിഞ്ഞു.

2 comments:

പട്ടേപ്പാടം റാംജി said...

ശരിയായ ഒരു വിലയിരുത്തല്‍ കാണാന്‍ കഴിയുന്നു ഈ ലേഖനത്തില്‍. ഈ വിജയം മൂലം വളരെ വ്യക്തമായിരിക്കുന്നത് വെറും ജാതികളെ മാത്രം കൂടെ നിര്‍ത്തി മറ്റെല്ലാം ബലി കഴിക്കുന്ന ഒരു സംസ്കാരമായി മാറിയ കൊണ്ഗ്രസ്സിനെയാണ്. അത് കൊണ്ട് സംഭവിച്ചിരുക്കുന്ന കോട്ടങ്ങള്‍ ഈ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നു. ലഖനത്തില്‍ സൂചിപ്പിച്ച പോലെ പല തെറ്റുകളും ഒരു ഭാഗത്തിന് വേണ്ടി ന്യായികരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം അണികള്‍ തന്നെ മറ്റു ഭാഗങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്നത് കാണാതെ പോയി. ജനങ്ങള്‍ ഒരു തിരിച്ചറിവിനെ കാണാന്‍ ശ്രമിക്കുന്നു എന്ന് ഈ ഫലം തെളിയിക്കുന്നു എന്ന് തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

നല്ല വിലയിരുത്തല്‍.
ലീഗിന്റെ വിജയം മലപ്പുറത്തിന്റെ മാത്രം പ്രത്യേകതയാണ്.
അതിനെ പരമ്പരാഗത രീതിയില്‍ പ്രതിരോധിക്കാന്‍ നടത്തിയിരുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു മലപ്പുറം ചുവക്കുന്നു എന്ന പ്രചരണം. ഗുണത്തെക്കാള്‍ ഏറെ അത് ദോഷമാണ് ചെയ്തത്.