Tuesday, September 28, 2010

ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍

ഏറെ അഭിമാനത്തോടെയാകണം ഇത്തവണ ഇടതുപക്ഷമുന്നണി വോട്ടിനായി ജനത്തെ സമീപിക്കുന്നത്. കേരള ജനതയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമെത്താത്ത ഒരു വിഭാഗവും കാണില്ല. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല.അവയെ മാധ്യമങ്ങള്‍ ഒന്നടങ്കം എത്ര പെരുപ്പിച്ചാലും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കാന്‍ കഴിയില്ല.

പരിമിതമായ വിഭവശേഷിയാണ് ഒരു ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അടിസ്ഥാന നയങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്രമാണ്.ഫെഡറലിസം വളരെ പരിമിതമാണ് നമ്മുടെ നാട്ടില്‍. ഉദാഹരണത്തിനു ഹൈവേ വികസിപ്പിക്കാന്‍ ടോള്‍ പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞാല്‍ സംസ്ഥാനത്തിന് മറ്റ് വഴികളില്ല, ഒന്നുകില്‍ പദ്ധതിയേ വേണ്ടെന്നു വെയ്ക്കാം,അല്ലെങ്കില്‍ കേന്ദ്രം പറയുന്ന വഴി പോകാം.ഇങ്ങനെ ആണെങ്കിലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു ഒരേ സമയം ക്ഷേമ സര്‍ക്കാരാകാനും അതേ സമയം വികസന സര്‍ക്കാരാകാനും എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞു.മുന്‍ ഇടതു സര്‍ക്കാരുകള്‍ അടിസ്ഥാനപരമായി ക്ഷേമ സര്‍ക്കാരുകളായിരുന്നു. സാധാരണഗതിയില്‍ ക്ഷേമപദ്ധതികള്‍ നിയന്ത്രിച്ചാണ് സര്‍ക്കാരുകള്‍ വികസനത്തിനു വഴി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ തോമസ് ഐസക്ക് എന്ന ധനകാര്യ വിചക്ഷണനു അഭിമാനിക്കാം. പുതിയ പദ്ധതികള്‍ വരുമ്പോഴും ക്ഷേമപദ്ധതികള്‍ ഒന്നു വെട്ടി കുറച്ചിലെന്നു മാത്രമല്ല, പലതിന്റെയും തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല.


കര്‍ഷക ആത്മഹത്യയുടെ കഥകളിലേക്കാണ് നാലര വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ഓരോ ദിനവും പുലര്‍ന്നിരുന്നത്. കൂടുതലും കൂട്ട ആത്മഹത്യകള്‍. വെറുങ്ങലിച്ച് കിടക്കുന്ന നിരപരാധികളും നിഷ്കളങ്കരുമായ കുട്ടികളുടെ ശരീരങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ അസ്വസ്ഥമാക്കി.ഇന്ന് നാം ആ കഥകള്‍ മറന്നു തുടങ്ങിയെങ്കില്‍ അതിന്റെ നല്ല ക്രഡിറ്റ് ഈ സര്‍ക്കാരിനു കൊടുക്കണം.വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ഇന്നും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.

41 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കുന്ന പദ്ധതി അടിസ്ഥാന ജനതയെ സ്പര്‍ശിക്കുന്ന ഒരു ക്ഷേമ പദ്ധതിയാണ്. ഇതിലൂടെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിങ്ങനെ സകലമാന ജീവിത പിന്നാക്ക അവസ്ഥയുള്ള ആളുകളുടെയും വീട്ടില്‍ അടുപ്പെരിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. കേരളത്തിലെ പൊതു വിതരണ ശ്രംഖല ഇന്ത്യക്ക് മാതൃകയാണെന്നാണ് ശരത് പവാര്‍ പറയുന്നത്. വിശേഷ അവസരങ്ങളിലെ കമ്പോള ചൂഷണത്തില്‍ നിന്നും ജനതയെ ഈ സര്‍ക്കാര്‍ പൊതിഞ്ഞു നിര്‍ത്തി.കഴിഞ്ഞ ഓണക്കാലം ആരുടെയും മനസ്സില്‍ നിന്ന് പോയിട്ടില്ല. പാലിനു ഇടക്കിടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോഴും അതിന്റെ ഗുണം പരമാവധി ക്ഷീര കര്‍ഷകനു കിട്ടുമെന്ന് മില്‍മയെ കൊണ്ട് ഉറപ്പാക്കിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ഏഴു രൂപ ആയിരുന്നു ഒരു കിലോ നെല്ലിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങുവില (സംഭരണ വില എന്നു പറ്യണമെങ്കില്‍ സംഭരണം ഉണ്ടാകേണ്ടേ). സംഭരണമെന്ന സംഭവമേ ഇല്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരട്ടിയായി സംഭരണ വില.സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിക്കുന്നു.പണം കര്‍ഷകന്റെ അക്കൌണ്ടില്‍ എത്തുന്നു.ചില്ലറ പാളിച്ചകളില്ലെന്നല്ല. എങ്കിലും കുട്ടനാട്ടില്‍ ഇന്നു പാടങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യുന്നു,നെല്ല് കളത്തില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് സംഭരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുകള്‍ ഇല്ലാതായി. കൃഷി എന്നത് മെച്ചപ്പെട്ട ഒരു വ്യവസായമായി മാറി. ചുരുങ്ങിയത് മുടക്കുമുതലിന്റെ ഇരട്ടി കര്‍ഷകനു മൂന്നു മാസത്തില്‍ കിട്ടുന്നു. Return on Investment നോക്കുകയാണെങ്കില്‍ ഏതാണ്ട് 400 %. (കാലവസ്ഥയുടെ റിസ്ക്ക് എലമെന്റ് മറന്നിട്ടല്ല) എല്ലാവരെയും പാടത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഏതായാലും കാര്‍ഷിക വിസ്തൃതി കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ആശ്വാസകരമെന്നേ പറയേണ്ടൂ.കൃഷിഭൂമി കൃഷിഭൂ‍മിയായി നില നില്‍ക്കേണ്ട ഒരു ആഗോള സാഹചര്യത്തിലൂടെയാണ് നാം കടന്നു പോക്കുന്നത്. പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവന്നു.എല്ലാറ്റിലും ഉപരി പുതിയ തലമുറയിലെ കുറച്ചു പേർക്കിടയിലെങ്കിലും ഒരു കാര്‍ഷിക സംസ്ക്കാരത്തിനു വിത്തിടാന്‍ സൌമ്യനായ മുല്ലക്കരക്ക് കഴിഞ്ഞു.

കൃഷി പോലെ തന്നെ വന്‍ മുന്നേറ്റം നടത്തിയത് വ്യവസായ വകുപ്പാണ്.ഫലമുള്ള ആ മാവിലേക്ക് ഒളിച്ചും പതുങ്ങിയും എറിയപ്പെട്ട കമ്പും കല്ലും തന്നെ അതിന്റെ തെളിവ്. ഒരു തൊഴിലാളി വര്‍ഗ്ഗപ്രവര്‍ത്തകന്‍ എന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അതും ഒരു വ്യവസായ മന്ത്രിയെ സംബന്ധിച്ച് ഒരു പരിമിതിയാകാം. എന്നാല്‍ അത് ഒരു ഊര്‍ജ്ജമാണ് കരീമിന്.വ്യവസായവികസനത്തിന്റെ കാര്യത്തില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അദ്ദേഹത്തിനു തടസ്സമല്ല. ആന്റണിയുടെ കേന്ദ്രമന്ത്രി പദവി ഇത്രയും ഫലപ്രദമായി വിനിയോഗിച്ച മറ്റാരെങ്കിലുമിണ്ടോ എന്ന് സംശയമാണ്.ഭരണകാലവധിക്കുള്ളില്‍ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.അത് നേടുമെന്നതിന് കഴിഞ്ഞ നാലര വര്‍ഷത്തെ വിജയഗാഥ സാക്ഷി. കരീം ലിബറല്‍ ആകുന്നിടത്ത് മനോരമ മാവോയിസ്റ്റാകുമെന്നത് കൊണ്ട് കരീമിനു കിടക്കപൊറുതിയില്ല.ജന്മനാ കിഷന്‍ജിയോ പ്രചണ്ഡയോ ഒക്കെ ആയ വീരന്റെ പത്രത്തെ കുറിച്ച് പറയാനുമില്ല.കൂടത്തില്‍ ഭൂലോക പുരോഗമനക്കാരായ ജമാ അത്തൈ ഇസ്ലാമിയും. സകലരും കൂടി കമ്മ്യൂണിസത്തിന്റെ പിറകേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഓട്ടമാണ്.പാവം കമ്മ്യൂണിസം

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പവര്‍ കട്ടും ലോഡ് ഷെഡിങ്ങും തുടര്‍ച്ചയാകുമ്പോള്‍ കേരളം വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നത്. ഊര്‍ജ്ജ സ്വയം പര്യാപ്തതക്കായി സ്വന്തം മന്ത്രിസഭയിലെ അംഗമാകട്ടെ കേന്ദ്രമന്ത്രിയാകട്ടെ ആരുമായി മുട്ടാനും ബാലന്‍ തയ്യാര്‍.ഈ വിഷയത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വയ്യാത്തതാണ്.
അതേ വീറോടെ തന്നെ പരിസ്ഥിതിക്കായി ബാലനുമായി ഗുസ്തി പിടിക്കാന്‍ ബിനോയി വിശ്വവും തയ്യാറാണ്. ചന്ദനകൊള്ള വലിയൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും വനഭൂമിയുടെ വിസ്തൃതി കൂടിയെന്നും കണക്കുകള്‍ പറയുന്നു.പ്രകൃതിസ്നേഹിയായ മന്ത്രിക്ക് അഭിമാനിക്കാം.

ഒരുപക്ഷെ ഏറ്റവും കല്ലെറിയപ്പെട്ട മന്ത്രി ശ്രീമതിടീച്ചറാണ്. അവരുടെ ആംഗലേയം പരിഹാസത്തിനുള്ള വിഷയമാക്കിയ സായിപ്പുമാര്‍ക്ക് പോലും ആരോഗ്യരംഗത്ത് വരുത്തിയ കാതലായ മാറ്റങ്ങളെ ശ്രദ്ധിക്കാതെ വയ്യ. റഫറല്‍ സംവിധാനം മുന്നോട്ട് കൊണ്ടു പോവുകയും പ്രാഥമിക ആരോഗ്യരംഗം ശക്തിപ്പെടുത്തികയും ചെയ്താല്‍ ഈ മേഖലയിലെ വെല്ലുവിളികളെ ഭാവിയിലും കേരളത്തിനു നേരിടാനാകും.

സ്മാര്‍ട്ട് സിറ്റി നടപ്പാവതെ പോയതാണ് ഒരു വലിയ വിമര്‍ശനമായി കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നില്ല.എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലും മറ്റ് ഐടി സെന്ററുകളിലും കാര്യമായ അടിസ്ഥാന സൌകര്യവികസനം നടക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ (പോള്‍ വധം, പാലക്കാട് ലോക്കപ്പ് മരണം തുടങ്ങിയവ) ഒഴിവാക്കിയാല്‍ ആഭ്യന്തരവകുപ്പും മെച്ചപ്പെട്ട ഒരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. പോള്‍ വധത്തില്‍ പൊലീസിന്റെ അതേ കണ്ടെത്തലുകള്‍ സി ബി ഐ ശരി വെച്ചതോടെ മംഗളം തുടങ്ങിയ പത്രത്തിലെ ജയിംസ് ബോണ്ടുകള്‍ക്കും ഷെര്‍ലക്ക് ഹോംസുമാര്‍ക്കും മിണ്ടാട്ടം മുട്ടി.പൊതുവില്‍ പൊലീസില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍, കൂടുതല്‍ മെച്ച പ്പെട്ട സൌകര്യങ്ങള്‍ ഒക്കെ കരുത്തുറ്റ ഒരു മന്ത്രിയുടെ സാന്നിധ്യം അറിയിച്ചു. ടൂറിസം രംഗത്തും കോടിയേരിയുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. സാമ്പത്തിക മാന്ദ്യകാലത്തും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി കേരളം. കെ ടി ഡി സിയുടെയും നിലവാരം ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെട്ടു,

സര്‍ക്കാറിനു മുന്നില്‍ വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് ചെങ്ങറ സമരമായിരുന്നു. സമരത്തിന്റെ ന്യായാന്യയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.അതിന്റെ നേതാവിന്റെ വഞ്ചന അണികള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്,കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒറ്റാലുമായി ഇറങ്ങിയിട്ടുള്ള നീലകണ്ഠന്‍,സോളിഡാരിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്.മുത്തങ്ങയോ നന്ദിഗ്രാമോ പ്രതീക്ഷീച്ചവരെ നിരാശരാക്കുന്ന വിധത്തില്‍ ശാന്തമായാണ് ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത്.പാവപ്പെട്ടവന്റെ നേരെ വെടിവെയ്ക്കാതെ മര്‍ദ്ദനമഴിച്ചുവിടാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള തങ്ങളുടെ വിധേയത്വം കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിതാന്ത ജാഗ്രത പ്രേമചന്ദ്രന്റെ ഭരണമികവിനു അടിവരയിടുന്നു. ജനവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന, എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ അളക്കാന്‍ കഴിയാത്ത വകുപ്പാണ് റവന്യു എങ്കിലും മോശമല്ലാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാജേന്ദ്രനു കഴിഞ്ഞു. ഭൂവിതരണത്തിലും മറ്റും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ താല്‍പ്പര്യങ്ങളെയും കോടതിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ട് പോകാന്‍ എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗോള്‍ഫ് കോഴ്സിലും മറ്റും സര്‍ക്കാര്‍ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ പരാമര്‍ശിക്കാതെ വയ്യ.

മാധ്യമ ഹോസ്റ്റിലിറ്റിയാണ് സര്‍ക്കാരും മുന്നണിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രഖ്യാപിത വലതുപക്ഷമായ മനോരമ, വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന മാതൃഭൂമി,തീവ്ര ഇടതു വേഷം കെട്ടുന്ന ജമാ അത്തിന്റെ മാധ്യമം,പൈങ്കിളി വാര്‍ത്തകളുടെ ചാണകക്കുഴികളില്‍ അഭിരമിക്കുന്ന മംഗളം, മുനീര്‍-രാഘവന്‍ താല്‍പ്പര്യങ്ങളുള്ള ഇന്ത്യാവിഷന്‍,ബിജെപി എം പിയും ആഗോളകുത്തകയും ചേര്‍ന്ന് നടത്തുന്ന ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇടതുവിരുദ്ധതയുടെ കാര്യത്തില്‍ ഒത്തു പിടിച്ചു.മുഖ്യമന്ത്രിയും പത്രങ്ങളും സത്യസന്ധര്‍ ബാക്കിയുള്ള മന്ത്രിമാരെല്ലാം മാഫിയ എന്നൊരു മട്ട് തീര്‍ക്കുന്നതില്‍ അവര്‍ നല്ല ഒരു പരിധി വരെ വിജയിച്ചു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയത്തക്ക വണ്ണം ശക്തമായിരുന്നു അവരുടെ പ്രചരണം. സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങളെയും തമസ്ക്കരിക്കാനും ചെറിയ ദോഷങ്ങളെ പര്‍വ്വതീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വലതു വിജയം അക്ഷരം പ്രതി ഒരു മീഡിയ സബോട്ടാഷായിരുന്നു.

പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകില്ലല്ലോ. സാധാരണക്കാരന്‍ അവരുടെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന മുന്നണിയെയും സര്‍ക്കാരിനെയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അടുത്ത അഞ്ചു കൊല്ലം കാര്‍ഷിക ആത്മഹത്യകള്‍ ആവര്‍ത്തിക്കാന്‍, പാടശേഖരങ്ങള്‍ തരിശിടാന്‍,പൊതുമേഖല വിറ്റു തുലയ്ക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.വികസനമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടലാണ്,അംബരചുംബികളായ കെട്ടിടങ്ങളും പുത്തന്‍ കാറുകളുമല്ല എന്ന ഇടത് കാഴ്ച്ചപാടിനെ ഒരു പരിധിയെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ഈ സര്‍ക്കാരിനായി.സുസ്ഥിരമായി ഈ മുന്നണിയെ മുന്നോട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് വോട്ടര്‍മാര്‍ എന്ന നിലയില്‍ കേരള ജനത ചെയ്യേണ്ടത്.

6 comments:

ജനശക്തി said...

കൂടുതല്‍ പേരിലേക്ക് ഈ പോസ്റ്റ് എത്തേണ്ടതുണ്ട്. ഫേസ് ബുക്കിലും ബസ്സിലും ലിങ്ക് ഇട്ടിട്ടുണ്ട്.

മാനവന്‍ said...

താങ്കൾക്ക് ആട്രിബ്യുഷൻ നൽകിക്കൊണ്ടുതന്നെ ഈ പേജ് ഒന്നു പങ്കു വച്ചോട്ടെ..മാനവൻ

Radheyan said...

നന്ദി ജനശക്തി....

തീര്‍ച്ചയായും മാനവന്‍. ഞാന്‍ കോപ്പി ലെഫ്റ്റാണ്. പരമാവധി ആളുകളില്‍ എത്തിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ബ്ലോഗിനു പുറത്തും.....

മാനവന്‍ said...

നന്ദി

അനില്‍@ബ്ലോഗ് // anil said...

വസ്തു നിഷ്ടമായ ഒരു പോസ്റ്റ്, സമയോജിതവും .

മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തിരസ്കരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നതിലാണ് ബ്ലൊഗ് ഒരു ബദല്‍ മാദ്ധ്യമമാകുന്നത്, അതിന്റെ റീച്ചബിലിറ്റി എത്ര കുറവാണെങ്കിലും .

ഷാ said...

മാധ്യമ ബഹളങ്ങളുടെ നടുവില്‍ ഈ നേട്ടങ്ങളൊന്നും ആരും മനസ്സിലാക്കാതെ പോവുന്നു.