ഗള്‍ഫിന്റെ ചുട്ട് പഴുത്ത മണല്‍ക്കാടുകളില്‍ നിന്നും ചുടു നെടുവീര്‍പ്പ് മാത്രം ഉതിര്‍ക്കുന്ന ഈന്തപ്പനകളില്‍ നിന്നും ഓഫീസിന്റെ മനം മടുപ്പിക്കുന്ന വ്യാകുലതകളില്‍ നിന്നും ഒളിച്ചോടി ഞാന്‍ കഴിഞ്ഞ 36 ദിവസങ്ങള്‍ ഞാറ്റുവേലയുടെ നാട്ടില്‍ പൊരുന്നയിരിരിക്കുകയായിരുന്നു.കമ്പ്യൂട്ടര്‍ ഏതാണ്ട പൂര്‍ണ്ണമായി വര്‍ജ്ജിച്ച് പിന്നെയും തളിര്‍ത്ത പുസ്തക വായനയുമായി ഒതുങ്ങിയത് കൊണ്ട് ബ്ലോഗും ഇല്ല.
23.06.2007
എന്നെ കാത്തിരിക്കുകയായിരുന്നു ദേവി എന്ന് തോന്നുന്നു ഈറ്റ് നോവെത്തി.ഉച്ചക്ക് ശേഷം മൂന്നു മണിയോടെ അവനെത്തി.ദേവിയുടെ വീട്ടില്‍ 2 തലമുറയില്‍ ആദ്യത്തെ ആണ്‍ തരി.ഭദ്രക്ക് ഒരു അനുജന്‍.അതെ എന്റെ പൊന്നോമന പുത്രന്‍.2.400 മാത്രം തൂക്കമുള്ള ഒരു നിറയെ മുടിയുള്ള വെളുത്ത കിളിക്കുഞ്ഞ്.അത്തം നക്ഷത്രം.കാലുകളുടെ (Quarters)ദോഷങ്ങളുടെ ഇടയില്‍ കൂടീ നൂണ്ടിറങ്ങിയവന്‍(അത്തം തുടങ്ങി ചില നക്ഷത്രങ്ങള്‍ക്ക് മാതാ,പിതാ,മാതുലാ,തന്‍(self) ദോഷങ്ങളുണ്ടെന്നും ചില ജനനങ്ങള്‍ ഇതിനിടയില്‍ കാര്യമായ ദോഷമില്ലാതെ വരും എന്നും ജ്യോതിഷമതം).ദോഷമെന്തെങ്കിലുമുണ്ടെങ്കില്‍ അത് ഈ പിതാവിന് തന്നു പോ.ആയുഷ്മാനായി വാഴുക ഉണ്ണീ എന്ന് മനസ്സ് മന്ത്രിച്ച് കൊണ്ടേ ഇരുന്നു.
19.07.2007
ഭദ്രക്ക് ആദ്യാക്ഷര പ്രാസമൊക്കുന്ന ഒരു പേര്‍ എന്നതിലപ്പുറം ഒരു ആണ്‍ കുട്ടി ഉണ്ടായാല്‍ അവനിടാന്‍ ഞാന്‍ നിശ്ചയിച്ച പേരിന് ചേരുന്ന പേര് ഞാന്‍ ആദ്യം ഉണ്ടായ മകള്‍ക്ക് ഇടുകയായിരുന്നു.അതെ എന്നും മനസ്സില്‍ ഒരു ജ്വാലയായി നിറഞ്ഞ് നില്‍ക്കുന്ന വിപ്ലവ നിത്യയൌവ്വനത്തിന്റെ പേര് ഞാന്‍ മകനായി എന്നേ കാത്ത് വെച്ചിരുന്നു.ഭഗത്.
പിന്നെ ഈ നാളുകളുടെ സൌഭാഗ്യം എന്റെ മകളുമായി ചിലവിടാന്‍ കിട്ടിയ നിമിഷങ്ങളാണ്.കുഞ്ഞു വാവ ആ രണ്ടര വയസ്സുകാരിയുടെ മനസ്സില്‍ മുറിവാകരുതല്ലോ.നാട്ടിലെത്തിയ ശേഷം ഇടവപ്പാതി പോലെ അണമുറിയാതെ സംസാരിച്ച് തുടങ്ങിയ അവളുടെ മൊഴിമുത്തുകള്‍ അമൃതധാരയായി.
29.07.2007
സെപ്റ്റംബര്‍ 7ന് മാത്രമേ അവര്‍ എത്തൂ.ഇന്ന് ഞാന്‍ ദുബായിയുടെ വേഗങ്ങളിലേക്ക് മടങ്ങി വന്നിരിക്കുന്നു.പക്ഷെ അവര്‍ ഇല്ലാത്ത ഈ കാലം വിരസവും ദുഖവും മാത്രം നല്‍കുന്നു.
Monday, July 30, 2007
Subscribe to:
Posts (Atom)