Sunday, November 09, 2008

പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ?

പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ? മറ്റൊരു വിധത്തില്‍ ചോദിച്ചാല്‍ പുണ്യങ്ങളുടെ (ആദര്‍ശങ്ങളുടെ) പ്രസക്തി കാലവുമായി ബന്ധപ്പെട്ടാണോ?

ഗാന്ധിജിയോ ബുദ്ധനോ ക്രിസ്തുവോ ഇന്നത്തെ കാലഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അവരുടെ പഴയ മുദ്രാവാക്യങ്ങളുയര്‍ത്തിയാല്‍ അവര്‍ ബഹിഷ്കൃതരാകുമോ? ഏകെജിക്കും പി കൃഷ്ണപിള്ളക്കും ആര്‍ സുഗതനും ഈ കാലഘട്ടത്തില്‍ എന്തു വരവേല്‍പ്പാകും ലഭിക്കുക?

ആടിനെ പോറ്റുന്ന ചാത്തുവിനെയും (പില്‍ക്കാലത്ത്) ആടിനെ പോറ്റാത്ത ചാത്തുവിനെയും നമുക്കായി വാക്കുകളില്‍ വരഞ്ഞ മലയാളത്തിന്റെ ഒരു കാലത്തെ നല്ല എഴുത്തുകാരനായ എം മുകുന്ദന്‍ മലയാളത്തിന് നല്‍കിയ പുതിയ പദമാണ് കാലഹരണപ്പെട്ട പുണ്യാളന്‍.അത് എന്തിനെ കുറിച്ചാലും ആ പദത്തിന് ഒരു ധ്വന്യാത്മകമായ ഒരു ചന്തമുണ്ട്.ഒരു സീസണ്ട് എഴുത്തുകാരന്റെ കയ്യൊപ്പ്. താന്‍ പറഞ്ഞതല്ല,താഹാ മാടായി കല്‍പ്പിച്ച് കൂട്ടിയതാണ് എന്നൊക്കെ പുലമ്പി എന്തിന് വെറുതേ ആ നല്ല പ്രയോഗത്തിന്റെ പിതൃത്വം ത്യജിക്കണം.

പക്ഷെ വാക്കുകളുടെ ലയവിന്യാസത്തിനപ്പുറം പൊരുള്‍ തേടി പോകുമ്പോള്‍ എന്തോ ചവര്‍പ്പ് അനുഭവപ്പെടുന്നു.തീര്‍ച്ചയായും അത് അച്ചുതാനന്ദ-പിണറായി ദ്വന്ദങ്ങളില്‍ ഏതെങ്കിലും പക്ഷം ചേരുന്നത് കൊണ്ടല്ല.മറിച്ച് നാം കടന്നു വന്നകാലത്തെ മൂല്യബോധം അപ്രസക്തമാണെന്നും പുതിയ കാലത്ത് കൂടുതല്‍ പ്രായോഗികമായി ചിന്തിക്കുന്നവനാണ് ജേതാവ് എന്നുമുള്ള തീരെ ആഴമില്ലാത്ത ഒരു ബോധനം അതില്‍ നിറയുന്നു എന്നതിനാലാണ്.

കൈക്കൂലി വാങ്ങിക്കാത്തവരെ ചിലര്‍ ഉപദേശിക്കുന്നത് കേള്‍ക്കാറില്ലേ-ഇത്തരം നിര്‍ബന്ധബുദ്ധി കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ജീവിക്കാനാവില്ലെന്നും കുറേ കൂടി പ്രായോഗികമാകണമെന്നും.അത്തരമൊരു അരുചി മുകുന്ദന്റെ വാചകത്തിലും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അതില്‍ കുറ്റം പറയാനാകുമോ?നിങ്ങള്‍ ബര്‍ഗറും പിസ്സയും കഴിച്ചുകൊണ്ട് പാര്‍ട്ടി വളര്‍ത്തിക്കൊള്ളൂ,പക്ഷെ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും ലഗസി തള്ളിപറയരുത്.ആ കാലഘട്ടത്തെ ഗൃഹാതുരവും കാല്‍പ്പനികവുമായ ഭാവുകത്വമായി പുച്ഛിക്കുന്നവരുണ്ടാകാം.അവര്‍ക്ക് പോലും അതിനെ പാടെ നിഷേധിക്കാനാകുമന്ന് തോന്നുന്നില്ല.കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്‍ക്കുന്ന വര്‍ഗ്ഗവികാരം മുതല്‍ കെ.പി.ഏ.സിയുടെ നാടകഗാനങ്ങള്‍ വരെ ഒരു പിടി കാല്‍പ്പനികഭാവുകത്വങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമായിട്ടുണ്ട്.അവയെയൊക്കെ നിഷേധിച്ചു കൊണ്ട് ആര്‍ക്കും കമ്മ്യൂണിസത്തിന്റെ കേരള പൈതൃകത്തെ മുന്നോട്ട് കൊണ്ടു പോകാനാകില്ല.വൈകി മാത്രം ഈ വഴിയില്‍ വന്നത് കൊണ്ടാവും മുകുന്ദന് ഇതൊന്നും മനസ്സിലാകതെ പോകുന്നത്.

എന്തു കൊണ്ടാണ് മുകുന്ദന്‍ പിണറായിയെ കാലഘട്ടത്തിന്റെ നേതാവായി ഉയര്‍ത്തികാട്ടുന്നത്? അദ്ദേഹത്തിന് മുതലാളിത്തത്തിന്റെ നവലിബറല്‍ അജണ്ടകളോട് പൊരുത്തപ്പെട്ടും സന്ധി ചെയ്തും പോകനാകുമെന്ന് മുകുന്ദന്‍ കരുതുന്നു. ഇതില്‍ പരം ഒരു അവമതിപ്പ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടാകാനില്ല.ശരിക്കും അച്ചുതാനന്ദനെയല്ല പിണറായിയെയാണ് മുകുന്ദന്‍ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു.ഇതിനെ കുറിച്ച് പിണറായി തന്നെ വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് മുകുന്ദന്റെ വികസന സങ്കല്‍പ്പം?അത് മുതലാളിത്തം വിശദീകരിക്കുന്നത് പോലെ സമൂഹത്തില്‍ വളരെ കുറച്ച് പേര്‍ സമ്പത്ത് കൈയ്യടക്കി വെയ്ക്കുകയും ഉല്‍പ്പാദന ഉപാധികളില്‍ അവകാശം നില നിര്‍ത്തുകയും അവ ഉപയോഗിച്ച് തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പികയും ചെയ്യുക,മുതലാളിത്തത്തിന്റെ കണ്ണിയടുപ്പമുള്ള അരിപ്പയില്‍ കൂടി സമൂഹത്തിലേക്ക് അരിച്ച് വരുന്നത് മാത്രം ബാക്കിയുള്ളവര്‍ എടുക്കുക എന്നതാണോ? സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും വളര്‍ച്ചാ നിരക്കും ചൂണ്ടികാട്ടി മന്‍‌മോഹന്‍ സിങ്ങും ചിദംബരവും മുന്‍പ് ബിജെപിയും ആളെ പറ്റിക്കുന്ന തിളങ്ങുന്ന ഇന്ത്യയുടെ വികസന സങ്കല്‍പ്പമാണോ മുകുന്ദന്‍ പങ്കു വെയ്ക്കുന്നത്?
അതോ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം കിട്ടുന്ന,കൂടുതല്‍ കുട്ടികള്‍ സ്കൂളുകളില്‍ പോകുന്ന,അധികം ചിലവില്ലാതെ നല്ല ചില്കിത്സ ലഭിക്കുന്ന,പരിസ്ഥിതിയെ ചവുട്ടിയരച്ച് പൊതു സമ്പത്ത് കൊള്ളയടിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാത്ത,ഭരണകൂടം മൂലധനത്തിന് ഫെസിലിട്ടേറ്റര്‍ എന്ന നിലയില്‍ മാമാപ്പണി ചെയ്യാതെ റെഗുലേറ്റര്‍ എന്ന രീതിയില്‍ ഇടപെടുന്ന ഒരു വ്യവസ്ഥിതിയെയാണോ മുകുന്ദന്‍ ഇഷ്ടപ്പെടുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് ഒരു വിപ്ലവാനന്തര കാലഘടത്തിലല്ല എന്ന് നല്ല ബോധ്യം ആ പാര്‍ട്ടിക്കുണ്ട്.ഒരു മുതലാളിത്ത സ്വഭാവമുള്ള കേന്ദ്ര സര്‍ക്കാറിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള പരിമിതിയും ആ പാര്‍ട്ടിക്ക് ബോധ്യമുണ്ട്.അതിനര്‍ത്ഥം നിലവിലുള്ള എല്ലാ നവലിബറല്‍ നയങ്ങളെയും അംഗീകരിക്കണമെന്നാണ് എന്ന് ആരും കരുതുന്നില്ല.ചെറുക്കാവുന്നയ്ക്കെതിരേ ചെറുത്തു നില്‍ക്കുക തന്നെ വേണം(ഉദാഹരണം ബാങ്ക് ഡീ-നാഷണലൈസേഷന്‍).ചിലതിന് ബദലുകള്‍ കണ്ടെത്തണം, ചിലതിനോട് പൊരുത്തപ്പെടുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് ഇതിനെ കുറിച്ച് നല്ല ബോധമുണ്ടെന്ന് എനിക്ക് തോന്നുന്നു,മുകുന്ദനില്ലെങ്കിലും.അത് കൊണ്ടാണ് പിണറായിയുടെ വിശദീകരണം ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്.

9 comments:

Radheyan said...

മുകുന്ദന്റെ സുദര്‍ശനം ആരെ ലക്‍ഷ്യമാക്കി

അനംഗാരി said...

ശരിയായ നിഗമനം.
മുകുന്ദന്‍ പിണറായിയാണ് ശരി എന്ന് പറയുക വഴി,രണ്ട് വെടിയാണ് പൊട്ടിച്ചത്.
രാഷ്ട്രീയ താല്പര്യങ്ങളും,ഗൂഢലക്‍ഷ്യങ്ങളും നേടിയെടുക്കാന്‍ ഏതറ്റവും വരെ പോകാമെന്ന് മുകുന്ദന്‍ തെളിയിച്ചു.

ഓ:ടോ:കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന സത്യം പക്ഷെ നമുക്ക് മറച്ച് വെക്കാന്‍ കഴിയില്ല.ഓഹരികമ്പോളത്തില്‍ ഉള്‍പ്പടെ കോടികളുടെ ആസ്തിയുള്ള കമ്പനിയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു.ഓരോ ഭരണകാലവും കമ്പനിയുടെ വളര്‍ച്ചക്കായി വിനിയോഗിച്ച് തീര്‍ക്കുന്ന ഒരു തരം താണ ഏര്‍പ്പാടായി ഭരണം മാറി കൊണ്ടിരിക്കുന്നു.

എപ്പോഴും ചോദിക്കണമെന്ന് ഓര്‍ത്ത ഒരു കാര്യമുണ്ട്:നമ്മള്‍ എവിടെ വെച്ചാണ് കണ്ടിട്ടുള്ളത്?എനിക്ക് നല്ല പരിചയമുള്ള മുഖമാണ് രാധേയന്റേത്.

അയല്‍ക്കാരന്‍ said...

ആദര്‍ശങ്ങള്‍ കാലഹരണപ്പെടുന്നു എന്നതുതന്നെയല്ലേ ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. പുണ്യവാളന്മാരില്‍ ചിലരെങ്കിലും കാലഹരണപ്പെടാതെ നില്‍ക്കുന്നത് അവര്‍ നല്‍കുന്ന മൈലേജ് കൊണ്ട് മാത്രമാണ്. ചില പുണ്യാളന്മാര്‍ പുതുതലമുറയുടെ പ്രായോഗികതകള്‍ക്ക് ബാധ്യതയാകുമ്പോള്‍ അവര്‍ പുറത്താകപ്പെടുന്നു.(ആലപ്പുഴയ്ക്ക് പുറത്തോ അല്ലെങ്കില്‍ ഏതെങ്കിലും എം എന്‍ സ്മാരകങ്ങള്‍ക്ക് പുറത്തോ ആര്‍ സുഗതന്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടാവുമോ?)

മുതലാളിത്തതിന്‍റെ നവലിബറല്‍ സമീപനങ്ങളോട് യോജിച്ചുപോവുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രെട്ടറിക്ക് അവമതിപ്പാകും എന്ന താങ്കളുടെ നിരീക്ഷണത്തോട് പക്ഷെ യോജിക്കാനാവുന്നില്ല. അറ്റ്ലീസ്റ്റ് പിണറായി മുകുന്ദന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതു വരെയെങ്കിലും.

ശ്രീനാരായണഗുരു മദ്യത്തെ എതിര്‍ത്തിട്ടുണ്ട്,പക്ഷെ ഏതെങ്കിലുംഒരു എസ് എന്‍ ഡി പി നേതാവ്
കള്ളുകച്ചവടം നടത്തുന്നു എന്നുപറയുന്നത് എസ് എന്‍ ഡി പി എന്ന സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുണ്ടോ? ഇന്നലെയുടെ ആദര്‍ശങ്ങള്‍ ചില്ലുകൂട്ടില്‍ സൂക്ഷിക്കാനുള്ളവ മാത്രമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കുന്നു.

ചില കാര്യങ്ങളില്‍ നാം പഴമയിലേക്ക് തിരിച്ചുപോകുന്നുണ്ട്. രാജഭക്തിയാണ് സാഹിത്യകാരന്‍റെ വിജയം എന്ന തിരിച്ചറിവ്.

Joker said...

ശ്രീ.രാധേയന്‍

മുകുന്ദന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഒന്ന് മാത്രം. അലഞ്ഞു തിരിഞ്ഞ കവി ആസ്ഥാന കവി മുഖ്യനും രാജാവിന്റെ കണ്ണിലുണ്ണിയും ആകുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.

Appu Adyakshari said...

:-)

പക്ഷപാതി :: The Defendant said...

മുകുന്ദന്‍ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടില്ല. എന്നാലങ്ങനെയാണ് എന്ന് പാര്‍ട്ടി അനുഭാവികളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മുകുന്ദന്‍ വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടും ഇന്നത്തെ കാലത്ത് മുകുന്ദന് യോജിക്കാന്‍ പറ്റുന്നത് പിണറായിയുടെ നയങ്ങളാവുമ്പോള്‍ സൂക്ഷിക്കണം, സ. പീണറായി നയിക്കുന്ന പാര്‍ട്ടി കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് നയങ്ങളില്‍ നിന്ന് മുകുന്ദന് യോജിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു എന്നതില്‍.

ജിവി/JiVi said...

“കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്‍ക്കുന്ന വര്‍ഗ്ഗവികാരം മുതല്‍ കെ.പി.ഏ.സിയുടെ നാടകഗാനങ്ങള്‍ വരെ ഒരു പിടി കാല്‍പ്പനികഭാവുകത്വങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമായിട്ടുണ്ട്.അവയെയൊക്കെ നിഷേധിച്ചു കൊണ്ട് ആര്‍ക്കും കമ്മ്യൂണിസത്തിന്റെ കേരള പൈതൃകത്തെ മുന്നോട്ട് കൊണ്ടു പോകാനാകില്ല.“

ഒക്കെ ശരി, രാധേയന്‍. പക്ഷെ ആ കാല്പനികഭാവുകത്വങ്ങള്‍ക്കനുസരിച്ച്, ഇന്ത്യ എന്ന നവലിബറല്‍ സാമ്പത്തികനയങ്ങളെ പുണര്‍ന്നുകഴിഞ്ഞ, ഒരു ഫെഡറല്‍ സംവിധാനത്തിനുകീഴിലുള്ള ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന് അതിന്റെ പ്രയോരിറ്റീസ് തീരുമാനിക്കാനാവില്ല. അച്യുതാനന്ദന്‍ വെറും കാല്പനികഭാവനകളെ മുന്‍ നിര്‍ത്തി ഒരു ആള്‍ദൈവമാകാന്‍ സ്വയം ശ്രമിക്കുന്നു എന്ന് തോന്നിപ്പോകുന്നു. അത് അദ്ദേഹത്തിലെ നല്ല ഭരണാധികാരിയെ ഇല്ലായ്മ ചെയ്യുന്നു.

രാധേയന്‍ ഒടുവിലെഴുതിയ പാരഗ്രാഫ് ഫ്രെയിം ചെയ്ത് വെക്കേണ്ടത്. ആ ചിന്ത പങ്കുവെക്കുന്നതുകൊണ്ടുതന്നെയാണ് ഒരു സി പി എം അനുഭാവിയായി നില്‍ക്കുന്നത്.

മുകുന്ദനെ വെറുതെവിടുക. പ്രതിഭ വറ്റിത്തുടങ്ങിയാല്‍ പിന്നെ വാര്‍ത്തകളില്‍ നില്‍ക്കേണ്ടത് വിവാദങ്ങളിലുടെയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും അദ്ദേഹം എഴുതിയത് അനുഭവിച്ചതിന്റെ ആഹ്ലാദം ഇപ്പൊഴും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇതെഴുതുന്നത്.

സരസന്‍ said...

“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് ഒരു വിപ്ലവാനന്തര കാലഘടത്തിലല്ല എന്ന് നല്ല ബോധ്യം ആ പാര്‍ട്ടിക്കുണ്ട്.....”

അതു നന്നായി...

dethan said...

രാധേയാ,
ആസ്ഥാന കവികള്‍ കാണിക്കുന്ന വിധേയത്വത്തിനപ്പുറം നവലിബറിലസത്തിന്റെ മാമാപ്പണികൂടിയല്ലേ മുകുന്ദന്‍ ചെയ്യുന്നത് എന്ന് എനിക്കു സംശയമുണ്ട്.
സ. വി എസ്.അതു മനസ്സിലാക്കിത്തന്നെ മറുപടിയും കൊടുത്തിട്ടുണ്ട്.പരിപ്പു വടയുടെയും കട്ടന്‍ ചായയുടെയും ലഗസിയെ പുച്ഛിച്ചത് ,
നിലപാടുകളെക്കുറിച്ചു നല്ല ബോധമുണ്ടെന്നു രാധേയന്‍ കരുതുന്നവര്‍ തന്നെയാണ്.അതുകൊണ്ട് അമിതമായ
ശുഭാപ്തിവിശ്വാസം അവിടെ അര്‍പ്പിക്കാതിരിക്കയല്ലേ ബുദ്ധി?
-ദത്തന്‍