Monday, October 13, 2008

സാമ്പത്തിക പ്രതിസന്ധി-കാണാപ്പുറങ്ങള്‍ തേടി

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ലോകം.ജി-8ലെ ഏഴുപേരും ചേര്‍ത്ത് തലയില്‍ സാമ്പ്രാണി കത്തിച്ച് പുകച്ചിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായില്ലത്രേ.

വ്യക്തിപരമായി ഈ തകര്‍ച്ച എന്നില്‍ ഒരു സമയം ആശ്വാസവും ആകുലതയും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.ആകുലതയെ കുറിച്ച് ആദ്യം പറയാം.ഒന്നാമത് ഞാന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അവരുടെ റിസര്‍വുകള്‍ സൂക്ഷിച്ചിരിക്കുന്നത് അമേരിക്കന്‍ സാമ്പത്തിക ഉപകരണങ്ങളിലാണെന്നത് പരക്കെ അറിയപ്പെടുന്നതാണ്.എത്രത്തോളം അവര്‍ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്,അവയില്‍ എത്ര നഷ്ടപ്പെട്ടു കഴിഞ്ഞു എന്നത് മാത്രമാവും രഹസ്യം.മറ്റൊന്ന് പെട്രോളിയം വിലയില്‍ ഉണ്ടായ തകര്‍ച്ചയാണ്.അതും ഈ മേഖലയെ കാര്യമായി ബാധിക്കും.ഏറെ കാലമായി ഉയര്‍ന്നു നില്‍ക്കുകയും കയറി പൊയ്ക്കോണ്ടിരിക്കുകയും ചെയ്യുന്ന പെട്രോള്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ഇവിടുത്തെ നിക്ഷേപവും ധൂര്‍ത്തും ദീവാളി കുളിയും.

ഉദാഹരണത്തിന് വാണം വിട്ട പോലെ പൊയ്ക്കോണ്ടിരുന്ന യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നല്ല തോതില്‍ ഇടിയാന്‍ സാധ്യതയുണ്ട്.പാശ്ചാത്യനിക്ഷേപം കുറഞ്ഞ ഒരു കാലത്തേക്ക് പ്രതീക്ഷിക്കേണ്ട്,എണ്ണ വില തകര്‍ന്നാല്‍ മേഖലയിലെ ലാഭത്തിന്റെ പുനര്‍നിക്ഷേപവും.ഇത് ഒരു പ്രതിസന്ധി ഗള്‍ഫില്‍ സൃഷ്ടിച്ച് കൂടായ്കയില്ല.

ഇത്തരം വ്യാകുലതകള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ ഈ പ്രതിസന്ധി മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ അനിവാര്യമായിരുന്നു.മറ്റ് പലരും വിളിക്കുന്ന പോലെ ഈ പ്രതിസന്ധിയെ കറക്ഷന്‍ എന്ന ഓമന പേരിട്ട് വിളിക്കാന്‍ എനിക്ക് കഴിയുന്നില്ല.

എന്തൊക്കെയാണ് ഈ പ്രതിസന്ധി നല്‍കുന്ന പാഠങ്ങള്‍.

1. വിപണിയുടെ അപരാജിത്വം, കമ്പോളത്തിന്റെ സുതാര്യത,മുതലാളിത്തത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങി ആഡം സ്മിത്ത് മുതല്‍ കെ.വേണു വരെ പുകഴ്ത്തിയ സംഗതികള്‍ വാസ്തവുമായി വലിയ ബന്ധമില്ല എന്ന് തെളിയിക്കപ്പെടുന്നു.

2.കടം വാങ്ങിയും ചിലവാക്കുക എന്ന അമേരിക്കന്‍ സാമ്പത്തിക നീതി എത്ര ക്രൂരമാകാം എന്ന പാഠം.കൈയിലെത്താത്ത പണത്തെ പോലും നമ്മെ കൊണ്ട് ചിലവാക്കിക്കുന്ന (spend tomorrow's earnings today itself) ക്രഡിറ്റ് കാര്‍ഡ് മുതല്‍ പലതരം സാമ്പത്തിക ഉപകരണങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

3.ഉല്‍പ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത ഫിനാന്‍സ് ക്യാപിറ്റലിന്റെ മായാജാലങ്ങള്‍.2006ല്‍ ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 66 ട്രില്യണ്‍ ആയിരിക്കവേ അക്കൊല്ലം നടന്ന ഫിനാന്‍സ് മൂലധനവ്യാപാരം 700 ട്രില്യണ്‍ ആണെന്ന് ഡോ.എം.എ ഉമ്മന്‍ അദ്ദേഹത്തിന്റെ മാധ്യമം ലേഖനത്തില്‍ പറയുന്നു. ഏതാണ്ട് 10-12 ഇരട്ടി.ഉല്‍പ്പാദനാവുമായി യാതൊരു ബന്ധവുമില്ലാതെ ഇങ്ങനെ സൃഷ്ടിക്കുന്ന പണം പുതുതായി യാതൊരു മൂല്യവും സൃഷ്ടിക്കുന്നില്ല.

4. റിസ്ക്ക് എടുത്ത് ഒരു സുരക്ഷിതത്വമില്ലാതെ ലോണ്‍ നല്‍കുക, പിന്നെ ആ ലോണുകള്‍ പുത്തന്‍ പേരുകളില്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രമെന്‍സ് എന്ന് പൊതുവേ പേര്‍)വിപണിയിലെത്തിക്കുക,അവയെ വണ്‍‌കിട ഇന്‍ഷൂറന്‍സുകാര്‍ പരിരക്ഷിക്കുന്നു എന്ന തെറ്റായ ബോധം നിക്ഷേപകരില്‍ ഉളവാ‍ക്കുക,പിന്നെ ക്രഡിറ്റ് റേറ്റിങ്ങ് തുടങ്ങിയ തരികിടകളും (ഓഡിറ്ററുമാരും മോശമല്ല കുപ്രസിദ്ധമായ എന്‍‌റോണ്‍-ആര്‍തര്‍ ആന്‍ഡേഴ്സണ്‍ കേസ് ഓര്‍ക്കുക)ചേര്‍ത്ത് വിപണനം ചെയ്യുക
ഈ സോപ്പു കുമിളയാണ് അഡ്രസില്ലാതെ തകര്‍ന്നു കിടക്കുന്നത്.ഇത്തരം സാമ്പത്തിക ഉപകരണങ്ങള്‍ അങ്ങേയറ്റം വിനാശകരമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇവ നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ട ഊഹകച്ചവടം മാത്രമാണ്.

5.ലോകത്താകമാനം അമേരിക്ക മുതല്‍ ദുബായ് മുതല്‍ കൊച്ചി വരെ നീരാളി കൈകള്‍ വിരിച്ചു നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായം ഊഹകച്ചവടത്താല്‍ പൊലിപ്പിക്കപ്പെട്ട ഒന്നാണെന്ന ബോധവും ഈ പ്രതിസന്ധി നല്‍കി.ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനമൂല്യമോ അതിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡോ ഒന്നുമല്ല, മറിച്ച് കൃതൃമമായി സൃഷ്ടിച്ച ഒരു തരംഗത്തിലാണ് അതിന്റെ നിലനില്‍പ്പ്.അതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തി എടുത്ത ആസ്തികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

6.ഭരണകൂടമാണ്,കമ്പോളമല്ല സമൂഹത്തില്‍ പ്രമാദമായ കടമ നിര്‍വ്വഹിക്കേണ്ടത് എന്ന് സത്യവും ഈ തകര്‍ച്ച നമ്മുക്ക് മനസ്സിലാക്കി തരുന്നു.മൂകസാക്ഷിയുടെ റോളല്ല,മറിച്ച് ഇടപെടാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു ഭരണസംവിധാനം ആവശ്യമാണ്,അതിനെ അപ്രസക്തമാക്കനും വണ്ണം വളരാന്‍ ഒരു കമ്പോളത്തെയും അനുവദിച്ചു കൂടാ.സമൂഹത്തിന്റെ മുന്‍‌ഗണനകള്‍ നിര്‍ണ്ണയിക്കേണ്ടത് ഭരണകൂടമായിരിക്കണം,കമ്പോളമായിരിക്കരുത്.

ഇതോട് കൂടി മുതലാളിത്തം തകര്‍ന്ന് മണ്ണടിയുമെന്നും സോഷ്യലിസം സ്ഥാപിതമാകുമെന്നുമുള്ള മിഥ്യാധാരണകളൊന്നും ആരും വെച്ച് പുലര്‍ത്തുന്നു എന്ന് കരുതുന്നില്ല.എങ്കിലും മുതലാളിത്തത്തിന്റെ ഈ തകര്‍ച്ച പടരാതിരിക്കാന്‍ അമേരിക്കക്ക് പോലും സോഷ്യലിസത്തിന്റെ ബാലപാഠങ്ങളിലേക്ക് മടങ്ങി പോകേണ്ടി വന്നു എന്ന് പരമാര്‍ത്ഥം കാണാതെ പോവുകയും അരുത്.(ഖജനാവില്‍ നിന്ന് നഷ്ടം വെച്ച് കൊടുക്കുന്ന പരിപാടിയെ privatisation of profit and socialisation of losses എന്ന് ജനം പരിഹസിക്കുന്നുവെങ്കിലും)


മെച്ചപ്പെട്ട റെഗുലേറ്ററി സംവിധാനവും അവയ്ക്ക് മുകളില്‍ വ്യക്തമായ ഭരണകൂടനിയന്ത്രണവുമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ സാമ്പത്തിക സ്ഥാ‍പനങ്ങളെ തകര്‍ക്കാന്‍ ഈ കൊടുങ്കാറ്റിന് ആവാതെ പോയത്.ഈ ധാരണ എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതി അവരുടെ ലാഭക്കൊതിക്ക് ഒരു ജനതയെ എറിഞ്ഞ് കൊടുക്കുന്ന മന്‍‌മോഹന്‍-ചിദംബരാദികള്‍ക്ക് അവശ്യം ഉണ്ടാകേണ്ടതാണ്.ബാങ്കുകളെ കണ്‍സോളിഡേറ്റ് ചെയ്ത് അവയെ സ്വകാര്യവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച് നടന്ന ചിദംബരത്തിനാണ് ദേശസാല്‍കൃത ബാങ്കുകളെ കുറിച്ചും അവര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനക്ക് നല്‍കിയ സേവനങ്ങളെ കുറിച്ചും മേനി പറയാന്‍ ഇപ്പോള്‍ അവസരം ലഭിച്ചത് എന്നത് വല്ലാത്ത ഒരു ഐറണിയാവാം.

90കളില്‍ ഐ.എം.എഫിന്റെ തലവന്‍ അന്നത്തെ ധനമന്ത്രിക്ക് ഒരു നോട്ട് നല്‍കിയത്രേ.ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ കാര്യക്ഷമതയില്‍ വളരെ പിന്നോക്കമാണെന്നും അവയുടെ സേവനം മഹാമോശമാണെന്നും അതിനാല്‍ അവ സ്വകാര്യവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും.2007-2008 ഇന്നത്തെ ധനമന്ത്രിക്കും കിട്ടി സമാനമായ ഒരു നോട്ട്.അതില്‍ പറയുന്നു ഇന്ത്യന്‍ പൊതു മേഖലാബാങ്കുകള്‍ വളരെ കാര്യക്ഷമമായി വര്‍ത്തിക്കുന്നതിനാല്‍ അവ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണം എന്ന്. രോഗം എന്തായാലും ചികിത്സ ജലുസിലാദി വടകം

8 comments:

Radheyan said...

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ലോകം.ജി-8ലെ ഏഴുപേരും ചേര്‍ത്ത് തലയില്‍ സാമ്പ്രാണി കത്തിച്ച് പുകച്ചിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായില്ലത്രേ.

വായിക്കൂ ,അഭിപ്രായം പറയൂ

തറവാടി said...

>>>ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനമൂല്യമോ അതിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡോ ഒന്നുമല്ല, മറിച്ച് കൃതൃമമായി സൃഷ്ടിച്ച ആസ്തികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.<<<

അതാണ് കാര്യം.

>>റിസ്ക്ക് എടുത്ത് ഒരു സുരക്ഷിതത്വമില്ലാതെ ലോണ്‍ നല്‍കുക<<
മാത്രമല്ല ഗാരണ്ടിക്ക് കാണുന്നതോ കുമിളയായ വില.
അതിനുപുറമെ

>> അവയെ വണ്‍‌കിട ഇന്‍ഷൂറന്‍സുകാര്‍ പരിരക്ഷിക്കും <<<

എന്ന വിശ്വാസം

ഇതൊക്കെത്തന്നെയാണ് കാരണങ്ങള്‍ രാധേയനോട് യോജിപ്പ്.

അതേ സമയം സോഷ്യലിസമയിരുന്നെങ്കില്‍ ഭേഷായിരുന്നു എന്ന മൂഢ വിശ്വാസമില്ല രണ്ടെക്സ്ട്രീമും നല്ലതല്ല.

റിസോര്‍സ് ഡിപ്പെന്‍‌ഡായതിനാല്‍ യു.എ.യിക്ക് (ഗള്‍ഫിന്) അത്രക്ക് ഭയപ്പെടേണ്ടതുണ്ടോ?
പാനിക്കില്‍ ദോഷകരമായ ഒന്നും സംഭവിച്ചില്ലെങ്കില്‍ , വരുന്ന വര്‍ഷങ്ങളില്‍ പ്രദീക്ഷിച്ചിരുന്ന മാന്ദ്യത (കണ്‍‌സ്ട്രക്ഷന്‍ മാത്രമാണുദ്ദേശിച്ചത് , rate of new projects/time ) കുറച്ച് മുമ്പെ വരുമെന്നതില്‍ കൂടുതല്‍ ശക്തമായ ഒരു ഇമ്പാക്ട് ഉണ്ടാകാന്‍ സാധ്യത കുറവാനെന്നാണെനിക്ക് തോന്നുന്നത്.

ഒരു പക്ഷെ ഇവിടം സേഫാണെന്ന് കണ്ടാല്‍ കൂടുതല്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇപ്പോഴുള്ളതിനേക്കാള്‍ നന്നാവാനും സാഹചര്യമൊരുക്കില്ലേ എന്നൊരു ചിന്തയും ഇല്ലാതില്ല.


പോസ്റ്റ് നന്നായി കാലോചിതം :)

Radheyan said...

സോഷ്യലിസം വേണമെന്ന് എനിക്കും തോന്നിയിട്ടില്ല.അല്ലെങ്കില്‍ തന്നെ സോഷ്യലിസം വേണമെന്ന് വിചാരിച്ചാല്‍ ഉടന്‍ എത്തിപ്പെടാവുന്ന ഒരു അവസ്ഥയുമല്ല.അത് സമൂഹം പരിണമിച്ചെത്തുന്ന ഒരു അവസ്ഥയാണ്.പുരാണങ്ങളില്‍ നിര്‍വ്വാണം,പരമപദം എന്നൊക്കെ പറയുന്ന പോലെ....,അതു കൊണ്ടാവും അതിനെ ഉട്ടോപ്യന്‍ എന്ന് പലരും വിവക്ഷിക്കുന്നത്.

ഗള്‍ഫിനെ സംബന്ധിച്ച് ഏറ്റവും കാതലായ ചോദ്യം അവര്‍ ഗില്‍റ്റ് ഏഡ്ജ്ഡ് എന്ന് കരുതിപണം സൂക്ഷിച്ചിരിക്കുന്ന ഫിനാന്‍ഷ്യല്‍ ഉപകരണങ്ങളുടെ മൂല്യത്തെ കുറിച്ചാണ്.അത് പോലെ തന്നെ അവരുടെ പ്രധാന വരുമാന സ്രോതസ്സാ‍യ എണ്ണയുടെ വിലയിടിവിനെ കുറിച്ചും.രണ്ടിന്റെയും ഫലം അത്ര എളുപ്പം മനസ്സിലാവില്ല.ലിക്ക്വിഡിറ്റി പ്രതിസന്ധി ഉടന്‍ ഉണ്ടാവില്ലായിരിക്കും.

ഈ പ്രതിസന്ധിയുടെ ഗുണഭോക്താവ് ഇന്ത്യയാകാനാണ് സാധ്യത.ചൈനയും.രണ്ടിടത്തും 2 കാരണങ്ങളാല്‍ ഗവണ്മെന്റ് റെഗുലേഷന്‍ മാര്‍ക്കറ്റ് റെഗുലേഷനില്‍ ഉപരിയായ്യിരുന്നു.ചൈനയിലെ കാരണം അതൊരു ജനാധിപത്യ ഭരണകൂടമല്ലെന്നുള്ളതും,ഇന്ത്യയില്‍ ശക്തമായ ചെറുത്ത് നില്‍പ്പുണ്ടായതുമാണ് കാരണം.

റെഗുലേറ്റഡ് ഇകോണൊമിയുടെ കാലമാകാം വരുന്നത്.

ഉഗ്രന്‍ said...

Follow Up :)

ജിവി/JiVi said...

രാധേയന്‍,

കാര്യമാത്രപ്രസക്തം, ലളിതം.

“ഉല്‍പ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത ഫിനാന്‍സ് ക്യാപിറ്റലിന്റെ മായാജാലങ്ങള്‍.2006ല്‍ ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 66 ട്രില്യണ്‍ ആയിരിക്കവേ അക്കൊല്ലം നടന്ന ഫിനാന്‍സ് മൂലധനവ്യാപാരം 700 ട്രില്യണ്‍ ആണെന്ന് ഡോ.എം.എ ഉമ്മന്‍ അദ്ദേഹത്തിന്റെ മാധ്യമം ലേഖനത്തില്‍ പറയുന്നു“

ഈ കാര്യത്തിന്റെ സെന്‍സ് എന്താണെന്ന് കുറച്ചുകാലമായി ആലോചിക്കുകയായിരുന്നു. ഓഹരിവിപണിയില്‍ ഇന്ഡെക്സ് ട്രേഡ് ചെയ്യുന്ന ഏര്‍പ്പാടിന്റെയും യുക്തി പിടികിട്ടുന്നില്ല.

Rajeeve Chelanat said...

രാധേയന്‍

നല്ല കുറിപ്പ്. വളരെ ചുരുങ്ങിയ വാക്കുകളില്‍ കാര്യം അവതരിപ്പിച്ചിരിക്കുന്നു.

പക്ഷേ ആ ഒടുവിലത്തെ വെടി കസറി.“സോഷ്യലിസം വേണമെന്ന് എനിക്കും തോന്നിയിട്ടില്ല...പുരാണങ്ങളില്‍ നിര്‍വ്വാണം,പരമപദം എന്നൊക്കെ പറയുന്ന പോലെ..“. ടി.വി.ആ‍ര്‍ ഷേണായിയോ, കെ.എം.മാണിയോ, ടി.എം.ജേക്കബോ, ബ്ലോഗ്ഗിലാണെങ്കില്‍, കെ.പി.എസ്സോ, ഇന്ത്യാ ഹെറിറ്റേജോ, നകുലനോ ഒക്കെ എഴുതേണ്ട സാധനമായിപ്പോയല്ലോ രാധേയാ ഇത്.

വേണമെന്ന് വിചാരിച്ചതുകൊണ്ടുമാത്രം എത്തിപ്പെടാവുന്ന അവസ്ഥയല്ല സോഷ്യലിസം. സ്വാഭാവികമായി എത്തിച്ചേരേണ്ട അവസ്ഥയാണ്. തീര്‍ത്തും സമ്മതിച്ചു. പക്ഷേ, അത് ‘വേണമെന്ന് തോന്നാ‘തിരിക്കുന്നത് അതിനോടുള്ള വിപ്രതിപത്തികൊണ്ടുതന്നെയായിരിക്കണം എന്നു തോന്നുന്നു.

മെച്ചപ്പെട്ട ഒരു റെഗുലേറ്ററി ഇക്കോണമിക്ക് സുഗമമായി എത്തിച്ചേരാന്‍/എത്തിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തിന്റേതും എന്ന് രാധേയന് അറിയാതെ വരില്ല എന്നാണ് എന്റെ വിശ്വാസം. ഈ റെഗുലേഷനില്‍ ഇത്തരം ഊഹാപോഹ കമ്പോളത്തിനും അതിന്റെ ചൂതാട്ടങ്ങള്‍ക്കും ഒരു സ്ഥാനവുമുണ്ടാകില്ല. സ്വകാര്യ കമ്പോളത്തെപ്പോലും അന്തിമമായി അത് സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കും. അത്തരം ഓഡിറ്റിംഗിനു വിധേയമാ‍കാന്‍ വിസമ്മതിക്കുന്ന കമ്പോളരീതികളെ ‘മെച്ചപ്പെട്ട റെഗുലേറ്ററി ഇക്കോണമി’ പടികടക്കാന്‍ സമ്മതിക്കില്ല. റഷ്യയിലെ വിപ്ലവപൂര്‍വ്വ ഘട്ടത്തിലെ എന്‍.ഇ.പി. പദ്ധതിയും ഇതേ ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. ഒരു റെഗുലേറ്ററി ഇക്കോണമിക്കുള്ള ശ്രമം എന്ന നിലക്കായിരുന്നു NEP യുടെ ആവിര്‍ഭാവം. അതിനെ തകര്‍ത്തത്, അവിടെ അപ്പോഴും ബാക്കിവരുകയും അതുവരെ ഒതുങ്ങി അവസരം നോക്കിക്കിടന്നിരുന്ന ഫ്യൂഡല്‍ ശക്തികളായിരുന്നു. പാര്‍ട്ടി മെഷീണറികളില്‍ വരെ അവര്‍ കയറിക്കൂടി. ഉള്ളില്‍നിന്നുതന്നെ അതിനെ പൊളിച്ചുകൊടുത്തു. ‘സോഷ്യലിസം വേണമെന്ന് തോന്നിയിട്ടില്ലാത്ത’ ഘടകങ്ങളും പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. അതുകൊണ്ടും കൂടിയാണ് അത് പൊളിഞ്ഞത്.

നിലപാടുകളില്‍ കുറച്ചുകൂടി വ്യക്തത പ്രതീക്ഷിച്ചു. രാധേയാ.

ശരിയായ ഒരു സാമ്പത്തിക വിശകലനത്തില്‍നിന്ന്,അബദ്ധജടിലമായ ഒരു സാമൂഹിക നിഗമനത്തിലേക്കാണ് താങ്കള്‍ (ഓഹരിസൂചികകളെപ്പോലെ) കൂപ്പുകുത്തുന്നത്.

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. സോഷ്യലിസം ആവശ്യമാണ് എന്ന് ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്. അതിനെ എത്രത്തോളം മാനവികവും, ജനാധിപത്യപരവും, യുക്തിസഹവും (sensible) ആക്കാം എന്നതായിരിക്കണം അന്വേഷണം. അല്ലാതെ കുട്ടിയെത്തന്നെ കുളിപ്പിച്ചില്ലാതാക്കലല്ല രാധേയാ, കാലം നമ്മളോട് ആവശ്യപ്പെടുന്നത്.

അഭിവാദ്യങ്ങളോടെ

Radheyan said...

രാജീവ്, ഒന്ന് വ്യക്തമാക്കട്ടെ,

സോഷ്യലിസം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞതിന് രാജീവ് പറഞ്ഞ ഒരൂ വിപ്രതിപത്തി ആരോപിക്കാവുന്നതാണ്.ഒരു പക്ഷെ ജോലിക്കിടയില്‍ എഴുതുന്ന കമന്റുകള്‍ വേണ്ടത്ര അവധാനത പുലര്‍ത്തുന്നില്ല എന്നതിന് തെളിവ് കൂടിയാവാം.

ഞാന്‍ ഉദ്ദേശിച്ചത് കമ്പോളത്തിന്റെ ഈ പ്രതിസന്ധി മറികടക്കാനുള്ള ഉടന്‍ ഉപാധി എന്ന രീതിയില്‍ സോഷ്യലിസം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നു മാത്രമാണ്.അങ്ങനെ അതിനെ വായിക്കാന്‍ അപേക്ഷ.കാരണം മുതലാളിത്തം ചെന്നു വീഴുന്ന പ്രതിസന്ധികളില്‍ നിന്നു യൂ-ടേണ്‍ എടുത്തു ചെന്നു ചെല്ലാവുന്ന ഒരു അഭയമല്ല സോഷ്യലിസമെന്ന് താങ്കളും സമ്മതിക്കും.അതിനായി ഒരുപാട് കടമ്പകള്‍ മുന്നോട്ട് പോകേണ്ടതുണ്ട്.സോഷ്യലിസ്റ്റ് വ്യവസ്ഥ അവതരിപ്പിച്ച ചില രാജ്യങ്ങളില്‍ ആഭ്യന്തരവ്വും ബാഹ്യവുമായ കാരണങ്ങളാലുണ്ടായ ശൈഥില്യം കണ്ടില്ലെന്ന് വെച്ച് പോകാനാവില്ലല്ലോ.അതു കൊണ്ട് സോഷ്യലിസം അസാധ്യമെന്നല്ല,കൂടുതല്‍ ശാ‍സ്ത്രീയവും കാലോചിതവുമായ രീതീകള്‍ അവലംബിക്കണമെന്നാണ് എന്റെ അഭിപ്രായാം(ഇത്തരം പരാജയങ്ങള്‍ സോഷ്യലിസത്തെ ഒരു ഉടോപ്യന്‍ ആശയമാക്കി അവതരിപ്പിക്കാന്‍ ഇട നല്‍കുന്നു എന്നും എനിക്ക് തോന്നുന്നു).

ആശയങ്ങളിലെ അവ്യക്തതക്ക് ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ച് കൊള്ളുന്നു.പരമപദമെന്നും നിര്‍വ്വാണമെന്നും പ്രയോഗിച്ചത് അത്യന്തം ബഹുമാനത്തോട് കൂടി തന്നെയാണ്.അതേ ബഹുമാനം,പ്രതിപത്തി ആഗ്രഹം എല്ലാം സോഷ്യലിസത്തോടും ഉണ്ട്.പക്ഷെ അതിലേക്കുള്ള യാത്രയും പദ്ധതിയും നിര്‍വ്വാണത്തിലേക്കുള്ള പ്രയാണം പോലെ വ്യക്തിനിഷ്ഠമായ ഒന്നാവരുത് മറിച്ച് കൂടുതല്‍ ശാസ്ത്രസമഗ്രത ഉള്ളതാവണം എന്നു ആഗ്രഹിക്കുന്നു.

അല്‍പ്പം പൈങ്കിളി യാനെങ്കിലും പനച്ചൂരാന്റെ കവിതയില്‍ പറയുന്ന പോലെ.

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ....

അതൊരു സ്വപ്നമാകുന്നതിലെ കാല്‍പ്പനികതയില്‍ പ്രതിഷേധിച്ച് കൊണ്ട്

അഭിവാദനങ്ങളോടെ

Rajeeve Chelanat said...

രാധേയന്‍

എന്റെ കുറിപ്പില്‍ വസ്തുതാപരമായ ഒരു തെറ്റുണ്ടായിരുന്നത് ഇപ്പോളാണ് കണ്ണില്‍പ്പെട്ടത്. NEP വരുന്നത് വിപ്ലവാനന്തര കാലഘട്ടത്തിലാണ് എന്നായിരുന്നു എഴുതാന്‍ ഉദ്ദേശിച്ചത്. പൂര്‍വ്വം എന്ന് അബദ്ധപഞ്ചാംഗമാവുകയും ചെയ്തു. ക്ഷമ.

രാധേയന്റെ വിശദീകരണം കാര്യങ്ങള്‍ വ്യക്തമാക്കി. നന്ദി.

അഭിവാദ്യങ്ങളോടെ