Thursday, September 14, 2006

കരുണാകരഭാരതം

സ്വതവേ ദൈവങ്ങളോട് വലിയ പ്രതിപത്തി ഉള്ള ആളല്ല ഞാന്‍,ഗുരുവായൂരപ്പനോട് എനിക്ക് കടുത്ത പ്രതിഷേധവുമായിരുന്നു. കരുണാകര‍നെ പോലെ ഒരാളെ പന പോലെ വളര്‍ത്തുന്നതിനു.വഴിയെ നിന്ന പാവപ്പെട്ടവനെ എല്ലാം വിരട്ടിയോടിച്ച് തട്ടിതകര്‍ത്ത് ആ ഒന്നാം തീയതി തൊഴാനുള്ള വരവിനെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന കണ്ണനെ പറയാത്ത ചീത്തയില്ല.

പക്ഷെ പൊന്നു തമ്പുരാനേ സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം വീഴുന്നെ.......ഇതു പോലൊരു തകര്‍ച്ച ആണു ക്ലൈമാക്സിന് അങ്ങ് പ്ലാന്‍ ചെയ്തിരുന്നത് എന്ന് ഈ അവിവേകി അറിഞ്ഞില്ല.അതും സ്വന്തം പുത്രനേ തന്നെ ആയുധമാക്കി.അല്ലേല്‍ തന്നെ എന്റെ പിഴ, എന്റെ വലിയ പിഴ അങ്ങയെ under estimate ചെയ്തത്. പണ്ട് പാണ്ഡവര്‍ക്കു സ്വരാജ്യം കൈയോടെ വാങ്ങികൊടുക്കാന്‍ വിശ്വരൂപനായ അങ്ങേയ്ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ, ദുര്യോധനന്റെ ആറാംവാരിക്ക് മുട്ടുകൈ കേറ്റി ‘ കഴുവേറെടാ മോനെ വെക്കട ഇന്ദ്രപ്രസ്ഥത്തിന്റെ മൂലാധാരവും പറ്റ്ചീട്ടും” എന്നു പറഞ്ഞിരുന്നേല്‍ അന്നു കഴിയത്തില്ലേ കഥ.പക്ഷെ ഇങ്ങനെ മൂപ്പിച്ച് കൊണ്ട് പോയി അവസാ‍നം ആറ്റം പണി കൊടുക്കുന്നത് അങ്ങയുടെ ഒരു സ്റ്റ്യിലാണല്ലേ.
അല്ലേല്‍ പണ്ടേ ആ കാറ് ആക്സിഡന്റില്‍ പുള്ളിയെ വൈതരണീ നദി(നരകത്തിന്റെ ബോര്‍ഡറിലുള്ള നദിയാണ്) കടത്താന്‍ അവിടുത്തേക്ക് അറിയാഞ്ഞിട്ടാണൊ.പക്ഷെ പുത്രദുഖത്തില്‍ നീറി മരിച്ച ഒരു പാവം പിതാവിന്റെ കണക്ക് എവിടെ കൊള്ളിക്കും.ഇവന്റെ ക്ലൈമാക്ക്സും സ്വന്തം കുരിപ്പിന്റെ കൈകൊണ്ടാ‍വട്ടെ എന്ന് അവിടുന്ന് നിനച്ചിട്ടുണ്ടാവും.
ഒരിക്കല്‍കൂടി സമസ്താപരാധം, ഒരു ചെറിയ റിമൈണ്ടര്‍,അങ്ങേയുടെ ജൂറിസ്ഡിക്ഷനല്ല എങ്കിലും ആ ബുഷിന്റെ കാര്യം കൂടി ഒന്നു മനസ്സു വെക്കണെ..... പന്നന്‍ സകല ജൂറിസ്ഡിക്ഷനും വിട്ട കളിയാണ്.

ലീലകളോരോന്നു കാണുവാണിങ്ങനെ ഭാഗ്യം തന്നതിന് അങ്ങയെ സ്തുതിക്കുന്നു

29 comments:

Sreejith K. said...

കലക്കി രഥീയാ. ഇഷ്ടമയി വിമര്‍ശനം. പറഞ്ഞതിനോട് നൂറുശതമാനവും യോജിക്കുന്നു.

Kaippally said...

good one

viswaprabha വിശ്വപ്രഭ said...

ഹോ! ഇതുപോലെ കലക്കി കടുകുവറുത്ത ഒരു പോസ്റ്റ് ഞാന്‍ ഈ ബൂലോഗമലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല!
രാഷ്ട്രീയവിശകലനം ഇങ്ങനെ വേണം!
ഗുരുവായൂരപ്പന്‍ രക്ഷിയ്ക്കട്ടെ!

“ദുര്യോധനന്റെ ആറാംവാരിക്ക് മുട്ടുകൈ കേറ്റി ‘ കഴുവേറെടാ മോനെ വെക്കട ഇന്ദ്രപ്രസ്ഥത്തിന്റെ മൂലാധാരവും പറ്റ്ചീട്ടും” എന്നു പറഞ്ഞിരുന്നേല്‍”....

Santhosh said...

ഹൊ, ഹൊ! വിശ്വം പറഞ്ഞത് അച്ചട്ട്. രാഷ്ട്രീയ വിമര്‍ശനത്തിനു വേണ്ടത് നര്‍മഭാവനയും, കാര്യവിവരവും, കയ്യടക്കവും. എല്ലാം വേണ്ടുവോളവും അതിലധികവുമുണ്ട് ഈ പോസ്റ്റില്‍. ഇനിയും പോരട്ടെ കഥകളിങ്ങനെ പലതും...

evuraan said...

ഒന്നാം തരം ലേഖനം രാധേയാ...!

Adithyan said...

ഇതു കൊള്ളാം, ഇഷ്ടപ്പെട്ടു :)

അനംഗാരി said...

അച്ചാ...ബഹുത് അച്ചാ....കൊട് കൈ.

Visala Manaskan said...

അടിച്ചുതകര്‍ത്തു!
ഞെരിപ്പന്‍.

രാജീവ് സാക്ഷി | Rajeev Sakshi said...

"നഞ്ചെന്തിനാ നാനാഴി?"
ഒരുപാടൊന്നും എഴുതിപൊലിപ്പിക്കാതെ തന്നെ,
സരസം.. സമ്പൂര്‍ണ്ണം!!

വല്യമ്മായി said...

കുറച്ച് വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.നന്നായിട്ടുണ്ട്.

Rasheed Chalil said...

രാധേയാ‍... അസ്സലായി.

ഇടിവാള്‍ said...

ഇതിപ്പഴേ വായിക്കാനൊത്തുള്ളൂ എന്നാലോചിച്ച് എനിക്കു വിഷമം ! ഉഗ്രന്‍ !

ഒരു സമാന ചിന്താഗതിക്കാരനായ ഗുരുവായൂര്‍ പരിസര വാസി !

asdfasdf asfdasdf said...

രാധേയന്‍ തകര്‍ത്തുകളഞ്ഞല്ലോ..

വേണു venu said...

ഇന്ദ്രപ്രസ്ഥത്തിന്റെ മൂലാധാരവും പറ്റ്ചീട്ടും.
ഹാ ഹാ.നല്ല പ്രയോഗം.നല്ല വിമര്‍ശനം.
വേണു.‍

Unknown said...

രാധേയന്‍ മാഷേ,
സൂപ്പറായിട്ടുണ്ട്. കലകലക്കന്‍ പോസ്റ്റ്!

myexperimentsandme said...

വളരെ നല്ല രാഷ്ട്രീയ വിമര്‍ശനം. നല്ല നല്ല പ്രയോഗങ്ങള്‍. നന്നായി എഴുതിയിരിക്കുന്നു.

പക്ഷേ എന്താണ് നമുക്കൊക്കെ ഇത്ര കരുണാകരമുരളീവിരോധം എന്ന് ചിലപ്പോളൊക്കെ ആലോചിച്ച് പോകുന്നു-മറ്റുള്ളവരോടൊന്നും ഇല്ലാത്തത്ര.

ഒരു കാരണം അദ്ദേഹത്തിന്റെ പുത്രപുത്രീ സ്നേഹവും അവരെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതുമാണെന്ന് തോന്നുന്നു. പക്ഷേ പുത്രന്മാരെ കൈപിടിച്ച് കൊണ്ടുവരുന്ന വേറേയും രാഷ്ട്രീയക്കാരുണ്ടല്ലോ-കേയെം മാണി, റ്റീയെം ജേക്കബ്ബ്, ബാല്‍കൃഷ്ണ് പിള്ള, രാഹുല്‍ ഗാന്ധി..

ഇനി അച്ഛന്റെ പേരൊന്നുകൊണ്ട് മാത്രം മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയതാണോ? കുടുംബ മഹിമകൊണ്ട് രാഷ്ട്രീയത്തില്‍ വന്ന വേറേയും ആള്‍ക്കാരുണ്ടല്ലോ-രാഹുല്‍ ഗാന്ധി തന്നെ ഉത്തമോദാഹരണം. സോണിയാ ഗാന്ധി ഒട്ടുമേ മോശമല്ല. രാജീവ് ഗാന്ധിയും അങ്ങിനെ വന്നതല്ലേ.

വന്ന മകന്‍ ഒട്ടുമേ കൊള്ളാത്തതുകൊണ്ടാണോ? രാഹുല്‍ ഗാന്ധിയെ വെച്ച് നോക്കുമ്പോള്‍ മുരളി എങ്ങിനെ? അല്ലെങ്കില്‍ ജോസ്.കെ.മാണി, അനൂപ് ജേക്കബ്ബ്? അതോ ഇനി സ്വഭാവ വിശേഷങ്ങളാണോ? ഇവരില്‍ പലരുടെയും സ്വകാര്യകാര്യങ്ങളെപ്പറ്റി അറിയില്ല-അറിയണമോ എന്നും അറിയില്ല. മുരളി എത്ര ക്രിമിനല്‍ കേസില്‍ പെട്ടിട്ടുണ്ട് എന്നറിയില്ല. പക്ഷേ പതിനെട്ടോളം ക്രിമിനല്‍ കേസില്‍ പ്രതിയായ കൊടിയേരിയുടെ മകന്‍ നാളത്തെ ഒരു മന്ത്രി ആയിക്കൂടെന്നില്ല എന്ന് തോന്നുന്നു. ദേഹത്തെ പിടിക്കാക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുയാണെന്ന് തോന്നുന്നു. അച്ഛനെ സല്യൂട്ടടിച്ചുകൊണ്ട് അച്ഛന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന മകനെ പിടിക്കാനുള്ള വകുപ്പ് ഇനി ഡിപ്പാര്‍ട്ട്മെന്റിനില്ലേ?

കരുണാകരന്റെ ആശ്രിതവാത്സല്യമാണോ? കൂടെ നില്‍ക്കുന്നവരെ, അവര്‍ എത്ര കൊള്ളരുതാത്തവരാണെങ്കിലും, കരുണാകരന്‍ സഹായിക്കും എന്ന് കേട്ടിട്ടുണ്ട്. പല രാഷ്ട്രീയക്കാരും അത് ചെയ്യുന്നതല്ലേ? അങ്ങിനെ ചെയ്യാത്തവരെയും നമ്മള്‍ ചീത്ത പറയാറില്ലേ?

അഴിമതിയാണോ? കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരന്‍ കരുണാകരനാണോ? അങ്ങിനെയെങ്കില്‍ ബാക്കി അഴിമതിക്കാരോടൊക്കെ നമുക്ക് ഇതേ സമീപനമാണോ?

സ്വജനപക്ഷപാതമാണോ? ആരോപണമാണ്, എങ്കിലും സ്വജനപക്ഷപാതത്തിന് പേരുകേട്ട (ആരോപിക്കപ്പെട്ട) വേറേ എത്രയോ ആള്‍ക്കാരുണ്ട്. മതികെട്ടാന്‍ മുഴുവന്‍ മാണികുടുംബത്തിന് പതിച്ച് കൊടുത്തു എന്നാണ് ആരോപണം. കരുണാകരകുടുംബം കാട് വെട്ടിത്തെളിച്ചു എന്നൊരു ആരോപണം കേട്ടിട്ടില്ല എന്ന് തോന്നുന്നു. സ്വജനപക്ഷപാതം ആരോപിക്കപ്പെട്ട വേറേയും ധാരാളം രാഷ്ട്രീയക്കാരുണ്ടല്ലോ.

വേറേ പാര്‍ട്ടി ഉണ്ടാക്കിയതാണോ? ആവാന്‍ വഴിയില്ല. കാരണം നാഴികയ്ക്ക് നാല്‍‌പതുവട്ടം പാര്‍ട്ടി മാറിയ എത്രയോ പേരുണ്ട്. അക്കാര്യത്തില്‍ ആന്റണിയോടുള്ള സമീപനമല്ലല്ലോ കരുണാകരനോട്. പിന്നെ ആന്റണി ആദര്‍ശത്തിന്റെ പേരിലും കരുണാകരന്‍ സ്വാര്‍ത്ഥതയുടെ പേരിലും എന്ന് പറയാം. പക്ഷേ സ്വന്തം കാര്യം നോക്കി പാര്‍ട്ടി മാറുന്ന എത്രയോ പേരേ നമ്മള്‍ സഹിക്കുന്നു.

അതോ മുകളില്‍ പറഞ്ഞതെല്ലാം ഒന്നിച്ചുള്ള അപൂര്‍വ്വ പ്രതിഭാസമാണ് കരുണാകരമുരളീദ്വയം എന്നതുകൊണ്ടാണോ?

ഇതൊന്നും ഞാന്‍ ഡീയൈസീയുടെ അന്താരാഷ്ട്ര സെല്ലിന്റെ അന്താക്ഷരീസെക്രട്ടറിയായതുകൊണ്ടൊന്നുമല്ലേ. ഇതില്‍ വല്ല ഇരട്ടത്താപ്പും നമുക്കുണ്ടോ എന്നൊന്നറിയാന്‍ മാത്രം. കരുണാകരമുരളീരവങ്ങളെ വ്യക്തിപരമായി എനിക്കറിയാന്‍ വയ്യ. പത്രങ്ങളില്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ. പത്രങ്ങളുടെ വിശ്വാസ്യതയോടുള്ള പ്രശ്‌നമാണ് ഒരു കാരണം. അദ്ദേഹത്തിനു മാത്രമായുള്ള വെറുക്കല്‍ സ്പെഷ്യാലിറ്റികള്‍ എന്തൊക്കെയാണെന്നുള്ള അന്വേഷണം.

കരുണാകരന്‍ ഇങ്ങിനെയൊക്കെ ആയിത്തീരാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും അദ്ദേഹത്തെ ചീത്ത പറയുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ല എന്നും നമ്മുടെ അദ്ദേഹത്തോടുള്ള സമീപനത്തില്‍ യാതൊരു ഇരട്ടത്താപ്പുമില്ല എന്നുമൊക്കെയാണ് വാസ്തവങ്ങള്‍ എങ്കില്‍ ഞാനും റെഡി. പക്ഷേ അങ്ങിനെതന്നെയാണോ എന്നൊന്നുറപ്പിക്കണമല്ലോ.

കേയം മാണിയെപ്പോലുള്ളവരെ കീ വിളിച്ചുകൊണ്ട് കരുണാകരനെ കൂയ് വിളിക്കുമ്പോള്‍ എന്തോ...ചിലപ്പോള്‍ അങ്ങിനെതന്നെയായിരിക്കും വേണ്ടത്-അറിയില്ല.

പക്ഷേ ഒരു കാര്യത്തില്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തിനോട് ക്ഷമിക്കില്ല. രാജന്‍ സംഭവും പ്രൊഫസര്‍ ഈച്ചരവാര്യരോടുള്ള അദ്ദേഹത്തിന്റെ സമീപനവും. യാതൊരു ദയയും അര്‍ഹിക്കാത്ത രീതിയിലാണ് ശ്രീ കരുണാകരന്‍ അദ്ദേഹത്തോട് പെരുമാറിയത്. പ്രൊഫസര്‍ ഈച്ചരവാര്യര്‍ അദ്ദേഹത്തെ ശപിച്ചിരുന്നോ എന്നറിയില്ല. രാജന്‍ സംഭവത്തില്‍ കരുണാകരന് നേരിട്ട് എത്രമാത്രം പങ്കുണ്ടായിരുന്നു എന്നുമറിയില്ല. പക്ഷേ ഉത്തരവാദിത്തം ധാരാളമുണ്ടായിരുന്നു; പ്രൊഫസര്‍ ഈച്ചരവാര്യരോട് കടപ്പാടുമുള്ള ആളായിരുന്നു ശ്രീ കരുണാകരന്‍. അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടും കരുണാകരന്റെ പെരുമാറ്റം ഒരു ദയയും അര്‍ഹിക്കാത്ത തരത്തിലായിപ്പോയി.

പക്ഷേ കരുണാകരനെ നന്നായി അറിയാവുന്ന പ്രൊഫസര്‍ക്ക് കരുണാകരന്റെ പെരുമാറ്റത്തില്‍ രാജന്റെ മരണശേഷം അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. പക്ഷേ ശ്രീ അച്യുതമേനോന്റെ പെരുമാറ്റം പ്രൊഫസറെ വല്ലാതെ ഉലച്ചു. അദ്ദേഹം അത് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നെ വല്ലാതെ കരയിച്ച ഒരു പുസ്തകം.

മുസ്തഫ|musthapha said...

വക്കരി> കരുണാകരനെപ്പറ്റി ഇത്രയും നല്ലൊരു വിശകലനം കേള്‍ക്കുന്നതാദ്യം... ഏവര്‍ക്കും പരിഗണിക്കാവുന്ന ചിന്തകള്‍.

ദുര്യോധനോടും എനിക്ക് ചില സമയങ്ങളില്‍ ഇഷ്ടം തോന്നിയിട്ടുണ്ട്.

സോറി, അത് പറയാന്‍ വിട്ട് പോയി. രാധേയാ... താങ്കളുടെ അവതരണം സൂപ്പര്‍

ദിവാസ്വപ്നം said...

രാധേയാ, നന്നായിട്ടുണ്ട്.

വക്കാരീ, കരുണാകരനോട് പലര്‍ക്കുമുള്ള ഇറിറ്റേഷന് പ്രധാന കാരണം, കരുണാകരനു ശേഷം വന്ന മുഖ്യമന്ത്രിമാരെയൊന്നും മര്യാദയ്ക്ക് ഭരിയ്ക്കാനുള്ള ചാന്‍സ്, ചുള്ളന്‍ കൊടുത്തില്ല എന്നതായിരിയ്ക്കില്ലേ...

പിന്നെ, വക്കാരി പറഞ്ഞപോലെ തന്നെ, “അതോ മുകളില്‍ പറഞ്ഞതെല്ലാം ഒന്നിച്ചുള്ള അപൂര്‍വ്വ പ്രതിഭാസമാണ് കരുണാകരമുരളീദ്വയം എന്നതുകൊണ്ടാണോ?“

ഒന്നും പോരാഞ്ഞിട്ട്, അവസാനം ഈച്ചരവാര്യര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയോദാഹരണം എന്ന നിലയിലെങ്കിലും കരുണാകരന്‍ ഒരു കാലത്ത് സ്റ്റാര്‍ വാല്യൂ ഉണ്ടായിരുന്നു. ഇന്നോ ?

(കരുണാകരനെ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒരു ഫാമിലി ഫ്രണ്ട് ഇവിടെ ഉണ്ട്. ഓരോരുത്തരുടെ ഇഷ്ടം. അത്ര തന്നെ)

Sreejith K. said...

കരുകാകരന്റേതായി ഞാന്‍ കാണുന്ന കുറ്റങ്ങള്‍.

1) സ്വന്തം കുറ്റങ്ങള്‍ മറച്ചുവച്ച് മറ്റുള്ളവരെ‍ കുറ്റംപറയാന്‍ മുന്‍പന്തിയില്‍. ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും ആന്റണിയെക്കുറിച്ചും ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യക്തിപരം.
2) മറ്റുള്ളവരുടെ മനോവീര്യം കെടുത്തുന്നത് മുഖ്യ നേരമ്പോക്ക്. ആന്റണിയെക്കുറിച്ച് പറഞ്ഞതൊക്കെയും ഉദാഹരണം. ഇപ്പോല്‍ ലക്ഷ്യം ഉമ്മന്‍‌ചാണ്ടി.
3) കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള ഫോര്‍മുല കയ്യിലുണ്ടെന്ന്‍ പറഞ്ഞ് ആളാവാന്‍ നോക്കിയിരുന്നു പണ്ട്. ഒരു ഫോര്‍മുലയും കയ്യില്‍ ഇല്ലെന്നും, അന്ന് സന്ദര്‍ഭത്തെ മുതലെടുക്കാന്‍ നോക്കിയതായിരുന്നു എന്നും കാലം തെളിയിച്ചു. ഇങ്ങനെ ഉദാഹരണങ്ങള്‍ അനവധി.
4) സന്തം മകനേയും മകളേയും എല്ലാ സ്ഥാനത്തും കൊണ്ടിരുത്താന്‍ ശ്രമിക്കുന്നു. മറ്റു മന്ത്രിമാര്‍ പടിപടിയായി മക്കളെ ഉയര്‍ത്തുമ്പോള്‍, മുരളിയുടെ തുടക്കം തന്നെ മുകളില്‍ നിന്നായിരുന്നു.
5) സ്വന്തം മകനുവേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി പിളര്‍ത്തി. താന്റെ അധ്വാനവും വിയര്‍പ്പും കൊണ്ടുയര്‍ന്നുവന്ന ഒരു പാര്‍ട്ടിയാണെന്ന പരിഗണന പോലും കൊടുക്കാതെ, ആ പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കൊന്നു. സ്വന്തം മകളുമായി പ്രത്യയശാസ്ത്രവുമായി അന്ന് തെറ്റിപ്പിരിഞ്ഞു.
6) പാര്‍ട്ടി വിട്ടു പോയ ഡി.ഐ.സി, പിന്നീട് ഇടതുപക്ഷവുമായി ചേര്‍ന്നു. പ്രത്യയശാസ്ത്രപരമായി ഒരു സാമ്യവും ഇല്ല കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മില്‍. സ്വന്തം നിലനില്‍പ്പിനായി എന്തും ചെയ്യും എന്ന തൊട്ടിത്തരം കാട്ടി.
7) അവിടുന്നു പിന്നെ പുറത്തായപ്പോല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലെന്ന് മനസ്സിലായി ഒരു നാണവുമില്ലാതെ വീണ്ടൂം കോണ്‍ഗ്രസ്സിലേക്ക് മടങ്ങിച്ചെന്നു. അച്ഛനും മകനും ഇലക്ഷനുശേഷം മാതൃസംഘടനയില്‍ ലയിക്കാം എന്ന് പറഞ്ഞു. പക്ഷെ ബുദ്ധിപൂര്‍വ്വം അതെഴുതിക്കൊടുത്തില്ല, അവരാവശ്യപ്പെട്ടിട്ടും.
8) ഇലക്ഷനിലെ ദയനീയപരാജയം കോണ്‍ഗ്രസ്സ് ഡി.ഐ.സി-യുടെ തലയില്‍ കെട്ടി വച്ചു. ഡി.ഐ.സി. വീണ്ടും കോണ്‍ഗ്രസ്സിനു പുറത്ത്. ഇപ്പോള്‍ ഏത് പാര്‍ട്ടിയുമായി ഒട്ടണമെന്ന് സംശയം. ശരത് ചന്ദ്രപ്രശാദിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ കൊണ്ട് പിടിച്ച ശ്രമം. ശ്രമം വിജയിച്ചാല്‍ ഡി.ഐ.സി വീണ്ടും ഇടതുപക്ഷത്തിന്റെ വാതിലില്‍ മുട്ടും.
9) ഡി.ഐ.സി-യില്‍ നിന്ന് ഇപ്പോള്‍ വ്യാപകമായ ഇറങ്ങിപ്പോക്ക്. ശങ്കരന്‍, ജേക്കബ്, ശോഭനാ ജോര്‍ജ് തുടങ്ങിയ വമ്പന്മാരെല്ലാം പോയി. കരുണാകരന്‍ ഒറ്റപ്പെടുന്നു. എന്നിട്ടൂം അഹങ്കാരത്തിന് ഒരു കുറവുമില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമാകുന്നു. പാര്‍ട്ടിക്ക് മത്സരിക്കാന്‍‍ പോലുമുള്ള കെല്‍പ്പില്ല. എന്തെങ്കിലും ഒരു നീക്ക്പോക്ക് അതിനുമുന്‍പുണ്ടാകുമെന്നുറപ്പ്.
10) കരുണാകരന്റെ കാലശേഷം ആ പാര്‍ട്ടി മൂക്കും കുത്തി വീഴും. മുരളീധരന്റെ നേതൃത്വം ആര്‍ക്കും അംഗീകരിക്കിച്ച് ആ പാര്‍ട്ടിയില്‍ തുടരാനാകില്ല. ഫലം, അച്ഛന്‍ തന്നെ തന്റെ മകന്റെ രാഷ്ട്രീയത്തിന്റെ അന്തകനാകും. ആ രീതിയില്‍ ഇന്നൊരാലോചനയും നടന്നുകാണുന്നില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയും അവരിതു വരെ അലോചിച്ചിട്ടുള്ള ലക്ഷണമില്ല. ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍പ്പോലും മുരളിക്ക് രക്ഷയുണ്ടാകാന്‍ വഴിയില്ല.

asdfasdf asfdasdf said...

ശ്രീജിത്തേ ശരത് ചന്ദ്രപ്രശാദും പാര്‍ട്ടി തുടങ്ങിയോ ?

myexperimentsandme said...

ഇത് കൈമള്‍: കരുണാകരന്‍ ഇതുവരെ എനിക്ക് വക്കീല്‍ ഫീസ് തന്നിട്ടില്ല :)

1) സ്വന്തം കുറ്റങ്ങള്‍ മറച്ചുവച്ച് മറ്റുള്ളവരെ‍ കുറ്റംപറയാന്‍ മുന്‍പന്തിയില്‍. ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും ആന്റണിയെക്കുറിച്ചും ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യക്തിപരം.

പി.സി. ജോര്‍ജ്ജ് പി.ജെ. ജോസഫിനെതിരെ ഉന്നയിക്കുന്നതും പലതും വ്യക്തിപരമായ ആരോപണങ്ങള്‍. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തന്നെ അങ്ങിനെ ചെയ്യുന്ന ആദ്യത്തെ നേതാവ് കരുണാകരനല്ല. ഉമ്മന്‍ ചാണ്ടിയുടെയും ആന്റണിയുടെയും ഒക്കെ ഭരണത്തെപ്പറ്റിയും സംഘടനയെപ്പറ്റിയുമൊക്കെയുള്ള ആരോപണങ്ങളും കരുണാകരന്‍ ഉന്നയിച്ചിട്ടുണ്ട്. ഇവിടെ കരുണാകരനെ മാത്രമായി വെറുക്കാനുള്ള പ്രത്യേകത എന്താണ്?

2) മറ്റുള്ളവരുടെ മനോവീര്യം കെടുത്തുന്നത് മുഖ്യ നേരമ്പോക്ക്. ആന്റണിയെക്കുറിച്ച് പറഞ്ഞതൊക്കെയും ഉദാഹരണം. ഇപ്പോല്‍ ലക്ഷ്യം ഉമ്മന്‍‌ചാണ്ടി.

അങ്ങിനെ മനോവീര്യം കെടുക എന്നുള്ളത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. ഏതു തരത്തിലുള്ള ആരോപണങ്ങളും നേരിടാനും അതിനെ വേണ്ടരീതിയില്‍ പ്രതിരോധിക്കാനുമുള്ള കഴിവ് ഒരു രാഷ്ട്രീയക്കാരനു വേണം. പകുതിവഴിക്ക് ഇട്ടിട്ട് പോകുന്ന ആന്റണിനയംകൊണ്ട് വലിയ ഗുണമൊന്നും നാടിനില്ല. മറ്റുള്ളവരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ എല്ലാ രാഷ്ട്രീയക്കാരും പറയാറുണ്ട്, പ്രവര്‍ത്തിക്കാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മനോവീര്യം കെടുത്തുന്ന എത്രയെത്ര പ്രവര്‍ത്തികളാണ് മാര്‍ക്‍സിസ്റ്റുകാര്‍ ചെയ്തത്? ഇവിടെയും എന്താണ് കരുണാകരനു സ്പെഷ്യലായി?

3) കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള ഫോര്‍മുല കയ്യിലുണ്ടെന്ന്‍ പറഞ്ഞ് ആളാവാന്‍ നോക്കിയിരുന്നു പണ്ട്. ഒരു ഫോര്‍മുലയും കയ്യില്‍ ഇല്ലെന്നും, അന്ന് സന്ദര്‍ഭത്തെ മുതലെടുക്കാന്‍ നോക്കിയതായിരുന്നു എന്നും കാലം തെളിയിച്ചു. ഇങ്ങനെ ഉദാഹരണങ്ങള്‍ അനവധി.

കരുണാകരനെ ആത്മാര്‍ത്ഥതയുടെ പ്രതീകമായി കണ്ടവരുടെ കുഴപ്പം. മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ തന്നെ അദ്ദേഹം. ഇന്ന് പറയുന്നത് നാളെ മാറ്റി പറയും. ഇല്ലാത്ത കാര്യങ്ങള്‍ പറയും, നുണകള്‍ പറയും. ഇതൊക്കെ ചെയ്യുന്ന ഏക രാഷ്ട്രീയക്കാരന്‍ കരുണാകരനല്ലല്ലോ. സന്ദര്‍ഭങ്ങള്‍ മുതലെടുക്കാന്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മോശമല്ലല്ലോ. അപ്പോള്‍ ഇവിടെയും എന്താണ് കരുണാകരസ്പെഷല്‍?

4) സന്തം മകനേയും മകളേയും എല്ലാ സ്ഥാനത്തും കൊണ്ടിരുത്താന്‍ ശ്രമിക്കുന്നു. മറ്റു മന്ത്രിമാര്‍ പടിപടിയായി മക്കളെ ഉയര്‍ത്തുമ്പോള്‍, മുരളിയുടെ തുടക്കം തന്നെ മുകളില്‍ നിന്നായിരുന്നു.

ഒരൊറ്റ ദിവസം കൊണ്ടാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ഗണേശന്‍ മന്ത്രിയായതും സംഘടനാതലത്തില്‍ വളരെനാള്‍ പ്രവര്‍ത്തിച്ചതിനു ശേഷമൊന്നുമല്ലായിരുന്നു. ജോസ് കെ. മാണിയും അങ്ങിനെയൊക്കെ തന്നെ. വേണമെങ്കില്‍ ഇരുപത്തഞ്ചാം വയസ്സില്‍ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അപ്പോള്‍?

5) സ്വന്തം മകനുവേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി പിളര്‍ത്തി. താന്റെ അധ്വാനവും വിയര്‍പ്പും കൊണ്ടുയര്‍ന്നുവന്ന ഒരു പാര്‍ട്ടിയാണെന്ന പരിഗണന പോലും കൊടുക്കാതെ, ആ പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കൊന്നു. സ്വന്തം മകളുമായി പ്രത്യയശാസ്ത്രവുമായി അന്ന് തെറ്റിപ്പിരിഞ്ഞു.

പക്ഷേ ആന്റണിയുള്‍പ്പടെ പലരും കോണ്‍ഗ്രസ്സ് വിട്ടപ്പോഴും അതില്‍ ഉറച്ച് നിന്നയാളാണ് കരുണാകരന്‍. ആ ആന്റണിയെ നമ്മള്‍ ഇപ്പോഴും പൂജിക്കുന്നു. സ്വന്തം മകളുമായി പ്രത്യയശാസ്ത്രപരമായി തെറ്റിപ്പിരിഞ്ഞെങ്കില്‍ മക്കള്‍ക്കെല്ലാം വേണ്ടി എന്തും ചെയ്യുന്ന അച്ഛനല്ലല്ലോ കരുണാകരന്‍. സ്വന്തം മകനുവേണ്ടി പിളര്‍ത്തി എന്നത് ആരോപണമല്ലേ. അതല്ലല്ലോ കരുണാകരന്‍ പറഞ്ഞ ന്യായങ്ങള്‍. ചില കാര്യങ്ങള്‍ കരുണാകരന്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലും ചില കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലും ചില കാര്യങ്ങള്‍ നമ്മുടെ ഊഹങ്ങളുടെ അടിസ്ഥാനത്തിലുമെല്ലാം നമ്മള്‍ തീരുമാനിക്കുന്നതെന്തുകൊണ്ടാണ്? ഒരു യൂണിഫോമിറ്റി കാണുന്നില്ലല്ലോ. സ്വന്തം മകനുവേണ്ടിത്തന്നെയാണല്ലോ ദേവഗൌഡ കര്‍ണ്ണാടകയിലും കളികള്‍ കളിച്ചത്. സോണിയാ ഗാന്ധി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും സ്വന്തം മകനുവേണ്ടി തന്നെ. അപ്പോള്‍?

6) പാര്‍ട്ടി വിട്ടു പോയ ഡി.ഐ.സി, പിന്നീട് ഇടതുപക്ഷവുമായി ചേര്‍ന്നു. പ്രത്യയശാസ്ത്രപരമായി ഒരു സാമ്യവും ഇല്ല കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മില്‍. സ്വന്തം നിലനില്‍പ്പിനായി എന്തും ചെയ്യും എന്ന തൊട്ടിത്തരം കാട്ടി.

പ്രത്യയശാസ്ത്രപരമായി ഒരു സാമ്യവുമില്ലാത്ത ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കേന്ദ്രം ഭരിക്കുന്നുണ്ടല്ലോ. ഇവിടെ കോണ്‍ഗ്രസ്സിനെ ചീത്ത പറഞ്ഞിട്ട് മാഹിയിലും അതുപോലെ അച്ച്യുതാനന്ദന്‍ ചെയ്തപ്പോള്‍ ആരോ ചെവിയില്‍ പറഞ്ഞുകൊടുക്കേണ്ടി വന്നല്ലോ,“ശൂ, ശൂ, ഇവിടെ നമ്മള്‍ രണ്ടും ഒന്നാണെന്ന്”. അപ്പോള്‍?

7) അവിടുന്നു പിന്നെ പുറത്തായപ്പോല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലെന്ന് മനസ്സിലായി ഒരു നാണവുമില്ലാതെ വീണ്ടൂം കോണ്‍ഗ്രസ്സിലേക്ക് മടങ്ങിച്ചെന്നു. അച്ഛനും മകനും ഇലക്ഷനുശേഷം മാതൃസംഘടനയില്‍ ലയിക്കാം എന്ന് പറഞ്ഞു. പക്ഷെ ബുദ്ധിപൂര്‍വ്വം അതെഴുതിക്കൊടുത്തില്ല, അവരാവശ്യപ്പെട്ടിട്ടും.

പ്രത്യേകിച്ച് നാണമൊന്നുമില്ലാതെ തന്നെയാണല്ലോ ആന്റണിയും കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് വന്നത്. ബുദ്ധിപൂര്‍വ്വമായ കളികള്‍ എല്ലാ രാഷ്ട്രീയക്കാരും കളിക്കുന്നത് തന്നെയല്ലേ. ബുദ്ധിപൂര്‍വ്വമല്ലാത്ത കളികളെയല്ലേ നമ്മള്‍ സാധാരണ വിമര്‍ശിക്കുന്നത്. സോണിയ ഗാന്ധിയുടെ വിദേശജന്മം എന്ന ഒരൊറ്റ പ്രശ്നത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പോയ ശരദ് പവാര്‍ ഇപ്പോള്‍ അവരെ പുകഴ്ത്തി അവരുടെ കീഴില്‍ തന്നെ ഭരിക്കുന്നുണ്ടല്ലോ. പക്ഷേ ശരദ് പവാറിനെ നമ്മള്‍ കരുണാകരനെപ്പോലെ ചീത്ത പറയുന്നില്ലല്ലോ. അപ്പോള്‍ പിന്നെ?

8) ഇലക്ഷനിലെ ദയനീയപരാജയം കോണ്‍ഗ്രസ്സ് ഡി.ഐ.സി-യുടെ തലയില്‍ കെട്ടി വച്ചു. ഡി.ഐ.സി. വീണ്ടും കോണ്‍ഗ്രസ്സിനു പുറത്ത്. ഇപ്പോള്‍ ഏത് പാര്‍ട്ടിയുമായി ഒട്ടണമെന്ന് സംശയം. ശരത് ചന്ദ്രപ്രശാദിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ കൊണ്ട് പിടിച്ച ശ്രമം. ശ്രമം വിജയിച്ചാല്‍ ഡി.ഐ.സി വീണ്ടും ഇടതുപക്ഷത്തിന്റെ വാതിലില്‍ മുട്ടും.

ശരത് ചന്ദ്രപ്രസാദല്ല, ശരത് പവാര്‍. ഇതൊക്കെ ഏതൊരു രാഷ്ട്രീയക്കാരനും ചെയ്യുന്നതല്ലേ. സിപിഐ പണ്ട് കോണ്‍ഗ്രസ്സിനെ പിന്തുണച്ചില്ലേ. ഈ ഡി.ഐ.സിയെ എടുക്കാന്‍ പിണറായി വിജയന്‍ പോലുള്ളവര്‍ക്ക് സമ്മതവുമായിരുന്നല്ലോ. ഇവിടെയും ഇത്തരം കാര്യങ്ങളില്‍ കരുണാകനെ മാത്രമായി വെറുക്കാനുള്ള കാരണം?

9) ഡി.ഐ.സി-യില്‍ നിന്ന് ഇപ്പോള്‍ വ്യാപകമായ ഇറങ്ങിപ്പോക്ക്. ശങ്കരന്‍, ജേക്കബ്, ശോഭനാ ജോര്‍ജ് തുടങ്ങിയ വമ്പന്മാരെല്ലാം പോയി. കരുണാകരന്‍ ഒറ്റപ്പെടുന്നു. എന്നിട്ടൂം അഹങ്കാരത്തിന് ഒരു കുറവുമില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമാകുന്നു. പാര്‍ട്ടിക്ക് മത്സരിക്കാന്‍‍ പോലുമുള്ള കെല്‍പ്പില്ല. എന്തെങ്കിലും ഒരു നീക്ക്പോക്ക് അതിനുമുന്‍പുണ്ടാകുമെന്നുറപ്പ്.

നേതാക്കന്മാരും അണികളും ഇറങ്ങിപ്പോകുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ലല്ലോ. എത്രയോ കേരളാ കോണ്‍ഗ്രസ്സുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതും ഇങ്ങിനത്തെ ഇറങ്ങിപ്പോക്കുകളൊക്കെ മൂലമല്ലേ. ഇവിടെ കരുണാകരന് മാത്രമായുള്ള പ്രത്യേകത എന്താണ്?

10) കരുണാകരന്റെ കാലശേഷം ആ പാര്‍ട്ടി മൂക്കും കുത്തി വീഴും. മുരളീധരന്റെ നേതൃത്വം ആര്‍ക്കും അംഗീകരിക്കിച്ച് ആ പാര്‍ട്ടിയില്‍ തുടരാനാകില്ല. ഫലം, അച്ഛന്‍ തന്നെ തന്റെ മകന്റെ രാഷ്ട്രീയത്തിന്റെ അന്തകനാകും. ആ രീതിയില്‍ ഇന്നൊരാലോചനയും നടന്നുകാണുന്നില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയും അവരിതു വരെ അലോചിച്ചിട്ടുള്ള ലക്ഷണമില്ല. ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍പ്പോലും മുരളിക്ക് രക്ഷയുണ്ടാകാന്‍ വഴിയില്ല

അത് പല ഊഹങ്ങളില്‍ ഒരു ഊഹം മാത്രം. അങ്ങിനെ സംഭവിക്കാം, സംഭവിക്കാതിരിക്കാം. പക്ഷേ കരുണാകരനെ മാത്രം സ്പെഷലായി ഇത്രയും വെറുക്കാന്‍ നമ്മള്‍ മലയാളികള്‍ക്കുള്ള കാരണങ്ങളാണ് ഞാന്‍ അന്വേഷിക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ ഞാന്‍ ഡിയൈസ്സീ അന്താരാക്ഷ്ട്ര അന്താക്ഷരീ സെക്രട്ടറിയൊന്നുമല്ലേ. എനിക്ക് കരുണാകരനെ വെറുക്കണം. അതൊരു ഫൂള്‍ പ്രൂഫ് വെറുക്കലുമായിരിക്കണം. നാളെ ആരെങ്കിലും എന്റെ വെറുപ്പിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അവര്‍ക്ക് തിരിച്ചൊന്നും പറയാന്‍ പറ്റാത്തത്ര ശക്തമായ കാരണങ്ങള്‍ എനിക്കൊന്ന് പറയണം. അതിനുവേണ്ടി മാത്രം :)

ശ്രീജിത്തേ ചുമ്മാതാണേ, ചുമ്മാ കുറച്ച് സമയം കിട്ടി. എന്നാല്‍ പിന്നെ ഇങ്ങിനെയായിക്കൊള്ളട്ടെ എന്ന് കരുതി.

Shiju said...

അപ്പോള്‍ വക്കാരി ഡി. ഐ. സി (കെ) ആണല്ലേ.

myexperimentsandme said...

ഹ...ഹ...ഷിജൂ, ഇനി അച്ഛനും മകനും കൂടി തെറ്റി ഡീഅയ്യേസ്സീ (കെ) യും ഡീഅയ്യേസ്സീ (എം) ഉം ഉണ്ടാവാതിരുന്നാല്‍ ഞാന്‍ ഡീഅയ്യേസീ (കെ) യുടെ പ്രസിഡന്റ്. :)

ഇതൊക്കെ ചുമ്മാ താണപ്പാ :)

Unknown said...

വക്കാരീ സാര്‍,
എനിക്ക് ഒരു ട്രാന്‍സ്ഫര്‍ ശരിയാക്കിത്തരാമോ പാറശാലയ്ക്ക്? താങ്കള്‍ക്ക് ഡി ഐ സിയിലുള്ള ബന്ധം വെച്ച് ഒന്ന് ശരിയാക്കിത്തരുമോ?

(ഓടോ: താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തം.വക്കാരീ... ഇതാണ് ക്രിയാത്മകമായ ചര്‍ച്ച.തുടരൂ...)

Radheyan said...

ആദ്യത്തെ 3-4 ദിവസം ആരും കാര്യമായി പ്രതികരിക്കാത്ത്പ്പോള്‍ ഞാന്‍ കരുതി എന്റെ പോസ്റ്റ് വേണ്ടത്ത്ര ഏറ്റില്ല എന്ന്.പ്രതികരണങ്ങള്‍ക്ക് നന്ദി,അഭിനന്ദനങ്ങള്‍ക്കും.
ഇനി വക്കാരിയുടെ കാതലുള്ള ചോദ്യത്തിന്റെ ഉത്തരം തേടാം.
ഏറ്റവും കൂടുതല്‍ നുണ പറഞ്ഞ പൊതു പ്രവര്‍ത്തകന്‍ ആരെന്ന് ചോദിച്ചാല്‍ ഏത് കുഞ്ഞും പറയും കരുണകരന്‍ ആണെന്ന്,പണ്ട് കണിയാപുരം രാമചന്ദ്രന്‍ പറഞ്ഞപോലെ കരുണകരന്‍ കള്ളം പറയാനും പാ‍ല്‍ക്കഞ്ഞി കുടിക്കനും മാ‍ത്രമെ വായ തുറക്കാറുള്ളൂ.
അയാള്‍ അവകാശപ്പെടുന്ന പോലെ അയാള്‍ക്ക് സ്വതന്ത്യസമരവുമായി ഒരു ബന്ധവുമില്ല.സീതറാം മിത്സിലെ സമരം പൊളിക്കാന്‍ കരിങ്കാലി പണി ചെയ്ത് രാഷ്ട്രീയ ജീവിതം തുടങ്ങിയ കരുണകരന്‍ ഇന്നും ആ പണി തന്നെ തുടരുന്നു.കുറെനാള്‍ കോണ്‍ഗ്രസ്സിലിരുന്ന് ആ പണി ചെയ്തു.ഇപ്പോല്‍ ഇടത് മുന്നണിയില്‍ കയറി ആ പണി തുടരാന്‍ ആഗ്രഹിക്കുന്നു.
ഇന്നലത്തെ സംഭവം തന്നെ ഉദാഹരണമായി എടുക്കാം.ശോഭന ആടിയത് cഎല്ലാവര്‍ക്കും അറിയാം.കരുണാകരന്‍ അത് പറയുമ്പോള്‍ അവര്‍ നാട്യക്കാരി ആണെന്ന് അയാള്‍ക്ക് നേരത്തെ അറിയാത്ത ഒരു naive look അയാള്‍ ഭാവിക്കുന്നു,ശോഭനയേയും രമേശിനെയും ചുറ്റിപ്പറ്റി ഉപശാലകളില്‍ പണ്ട് പ്രചരിച്ചിരുന്ന കഥ ഓര്‍മ്മിപ്പിക്കാനെന്നവണ്ണം പറയുന്നു “ഞാന്‍ കരുതി പഴയ അടുപ്പം വെച്ച് രമേശാണ് ഈ കപടനാടകം ഒരുക്കിയതെന്ന്” ഇത്ര പുച്ഛമാണ് അവരോടെങ്കില്‍ അതിപ്പോഴാണൊ കാണിക്കുന്നത്.അവര്‍ ഇതിനു മുന്‍പ് പലപ്പോഴും കപടനാടകം ആടിയിട്ടുണ്ട്(കെ.വി.തോമസ് സംഭവം).

കേരള രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ എല്ലാം തുടങ്ങി വെച്ചത് കരുണാകരനാണ്.82-87 കാലത്തെ ഭരണത്തില്‍ സകല മൂല്യങ്ങളും അയാള്‍ ചവുട്ടി അരച്ചു.ആക്കാലം മുതലാണ് മേഖല തിരിച്ച് കേരളം ജാതിമത ശക്തികള്‍ക്ക് തീറെഴുഴുതി തുടങ്ങിയത്.(ഈ പരിപാടിക്ക് സ്കോപ്പുണ്ടെന്ന് കണ്ട്പിടിച്ചത് EMS ആണ്,മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ).അങ്ങനെ മാ‍ണി മധ്യതിരുവതാംകൂരിന്റെയും തങ്ങള്‍ മലബാരിന്റെയും കിരീടമില്ലാത്ത സുല്‍ത്താന്‍മാരായി.
അയാളുടെ കൊള്ളരുതായ്മകള്‍ മുഴുവന്‍ എഴുതാന്‍ സ്ഥലവും സമയവും പോര.
നുണ പറഞ്ഞും കണ്ണിറുക്കി കാണിച്ചും നാട്ടുകാരെ പറ്റിക്കുന്നതിന് പരിധിയുണ്ട് എന്നതാണ് ഈ പതനത്തിന്റെ ഗുണപാഠം.

Sreejith K. said...

1) സ്വന്തം കുറ്റങ്ങള്‍ മറച്ചുവച്ച് മറ്റുള്ളവരെ‍ കുറ്റംപറയാന്‍ മുന്‍പന്തിയില്‍. ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും ആന്റണിയെക്കുറിച്ചും ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ വ്യക്തിപരം.

പി.സി. ജോര്‍ജ്ജ് പി.ജെ. ജോസഫിനെതിരെ ഉന്നയിക്കുന്നതും പലതും വ്യക്തിപരമായ ആരോപണങ്ങള്‍. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തന്നെ അങ്ങിനെ ചെയ്യുന്ന ആദ്യത്തെ നേതാവ് കരുണാകരനല്ല. ഉമ്മന്‍ ചാണ്ടിയുടെയും ആന്റണിയുടെയും ഒക്കെ ഭരണത്തെപ്പറ്റിയും സംഘടനയെപ്പറ്റിയുമൊക്കെയുള്ള ആരോപണങ്ങളും കരുണാകരന്‍ ഉന്നയിച്ചിട്ടുണ്ട്. ഇവിടെ കരുണാകരനെ മാത്രമായി വെറുക്കാനുള്ള പ്രത്യേകത എന്താണ്?

കരുണാകരനെ മാത്രം വെറുക്കുന്നു എന്നാരും പറയുന്നില്ല വക്കാരീ, കരുണാകരനേയും വെറുക്കുന്നുണ്ട് എന്നേയുള്ളൂ. പി.സി.ജോര്‍ജ്ജും ടി.എം.ജേക്കബ്ബും ഒക്കെ വ്യക്തിപരമായ വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതവരുടെ സംസ്കാരം. ഇവിടെ ആരാണ് കൂടുതല്‍ മോശപ്പെട്ട കമന്റ് എന്ന് നമ്മള്‍ അന്വേഷിക്കുന്നില്ല. കരുണാകരന്റേത് മോശമാണോ എന്നത് മാത്രം. അത് താങ്കള്‍ നിഷേധിക്കുന്നുണ്ടോ?

മാത്രമല്ല, മറ്റുള്ളവര്‍ എന്തെങ്കിലും പ്രത്യേക അവസരം വരുമ്പോള്‍ (അഴിമതി, തിരഞ്ഞെടുപ്പ്) മാത്രമാണ് ഇത്തരം നാണക്കേടുകള്‍ക്കിറങ്ങുന്നത്. കരുണാകരന്റെ തോന്ന്യവാസം പറച്ചില്‍ വിമാനകമ്പനികളുടെ പരസ്യം പോലെയാണ്. രണ്ട് നേരം, ആഴ്ചയില്‍ നാല്, കൊല്ലം മുഴുവനും.

2) മറ്റുള്ളവരുടെ മനോവീര്യം കെടുത്തുന്നത് മുഖ്യ നേരമ്പോക്ക്. ആന്റണിയെക്കുറിച്ച് പറഞ്ഞതൊക്കെയും ഉദാഹരണം. ഇപ്പോല്‍ ലക്ഷ്യം ഉമ്മന്‍‌ചാണ്ടി.

അങ്ങിനെ മനോവീര്യം കെടുക എന്നുള്ളത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. ഏതു തരത്തിലുള്ള ആരോപണങ്ങളും നേരിടാനും അതിനെ വേണ്ടരീതിയില്‍ പ്രതിരോധിക്കാനുമുള്ള കഴിവ് ഒരു രാഷ്ട്രീയക്കാരനു വേണം. പകുതിവഴിക്ക് ഇട്ടിട്ട് പോകുന്ന ആന്റണിനയംകൊണ്ട് വലിയ ഗുണമൊന്നും നാടിനില്ല. മറ്റുള്ളവരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ എല്ലാ രാഷ്ട്രീയക്കാരും പറയാറുണ്ട്, പ്രവര്‍ത്തിക്കാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മനോവീര്യം കെടുത്തുന്ന എത്രയെത്ര പ്രവര്‍ത്തികളാണ് മാര്‍ക്‍സിസ്റ്റുകാര്‍ ചെയ്തത്? ഇവിടെയും എന്താണ് കരുണാകരനു സ്പെഷ്യലായി?

ആരെന്ത് പറഞ്ഞാലും അത് സഹിക്കണം എന്നതാണോ ഒരു രാഷ്ട്രീയക്കാനായാല്‍ വേണത്? ഇത് അനോണിമസ്സ് കമന്റ്സ് എത്ര കേട്ടാലും മനോവീര്യം കെടരുത് എന്ന് ബ്ലോഗ്ഗറോട് പറയുന്നപോലുണ്ടല്ലോ. ഇത്തരം ചീപ്പ് വര്‍ത്തമാനം കേള്‍ക്കാന്‍ വയ്യ എന്ന് വിചാരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കുന്ന ആളുകള്‍ കാണില്ലേ? (ഞാന്‍ പരസ്യമായി രാഷ്ട്രീയം പറയുന്നതും ഇത്തരത്തിലുള്ള ആളുകളെപ്പേടിച്ചിട്ടാണ്). ആരോപണങ്ങള്‍ പ്രതികരിക്കാന്‍ ഉള്ള നട്ടെല്ല് വേണമെന്നത് ന്യായം. പക്ഷെ കരുണാകരന്‍ പത്രപ്രസ്താവനയില്‍ പറയുന്നത് മുഴുവന്‍ ആരോപണങ്ങളാണോ? സ്വന്തം വൈരാഗ്യം തീര്‍ക്കല്‍ അല്ലേ?

കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് മനസ്സിലാക്കാം. അത് വോട്ട് നേടാനാണ്. കരുണാകരന്‍ സ്വന്തം സംഘടനയില്‍ ഉള്ളവരെ കുറ്റം പറയുന്നത് അവര്‍ പേടിച്ചിട്ട് സ്ഥനമാനങ്ങള്‍ തനിക്ക്/മകന് വിട്ടുതരാന്‍ വേണ്ടി മാത്രമാണ്. കരുണാകരന്റെ പ്രായം മൂലവും, പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സീനിയോരിറ്റി മൂലവും മറ്റുള്ളവര്‍ ക്ഷമിച്ച് തരുമ്പോള്‍, പകരം ഒരുമാതിരി തലയില്‍ കയറില്‍ തൂറുന്ന സ്വഭാവമാണ് ഇദ്ദേഹം കാണിക്കുന്നത്

3) കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള ഫോര്‍മുല കയ്യിലുണ്ടെന്ന്‍ പറഞ്ഞ് ആളാവാന്‍ നോക്കിയിരുന്നു പണ്ട്. ഒരു ഫോര്‍മുലയും കയ്യില്‍ ഇല്ലെന്നും, അന്ന് സന്ദര്‍ഭത്തെ മുതലെടുക്കാന്‍ നോക്കിയതായിരുന്നു എന്നും കാലം തെളിയിച്ചു. ഇങ്ങനെ ഉദാഹരണങ്ങള്‍ അനവധി.

കരുണാകരനെ ആത്മാര്‍ത്ഥതയുടെ പ്രതീകമായി കണ്ടവരുടെ കുഴപ്പം. മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ തന്നെ അദ്ദേഹം. ഇന്ന് പറയുന്നത് നാളെ മാറ്റി പറയും. ഇല്ലാത്ത കാര്യങ്ങള്‍ പറയും, നുണകള്‍ പറയും. ഇതൊക്കെ ചെയ്യുന്ന ഏക രാഷ്ട്രീയക്കാരന്‍ കരുണാകരനല്ലല്ലോ. സന്ദര്‍ഭങ്ങള്‍ മുതലെടുക്കാന്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മോശമല്ലല്ലോ. അപ്പോള്‍ ഇവിടെയും എന്താണ് കരുണാകരസ്പെഷല്‍?

ആരും ചെയ്യാത്ത ഒരു തെറ്റ് ചെയ്താലേ കരുണാകരനെ തള്ളിപ്പറയൂ എന്നാണ് വക്കാരിയുടെ നിലപാടെന്നെനിക്ക് തോന്നുന്നു. കരുണാകരന്‍ അന്ന് ഫോര്‍മുലയുടെ കാര്യം പറഞ്ഞ് നടന്നത്, കോണ്‍ഗ്രസ്സില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ മാത്രമായിരുന്നു. ആന്റണിയെക്കൊണ്ട് ഒന്നും നടക്കില്ല, അങ്ങേരെ പുറത്താക്കൂ എന്നെ പാര്‍ട്ടിയിലെടുക്കൂ എന്ന മെസ്സേജിന്റെ എന്‍‌ക്രിപ്റ്റഡ് രൂപമായിരുന്നു അത്. തന്റെ മുഖ്യമന്ത്രിസ്ഥാനം തട്ടിയെടുത്ത ആന്റണിക്കെതിരേ ഇങ്ങനെ പലതും കരുണാകരന്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നു. ഇതൊന്നും ഒരു വ്യക്തി എന്ന നിലയിലും ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും നീതീകരിക്കപ്പെടേണ്ടതല്ല.

4) സന്തം മകനേയും മകളേയും എല്ലാ സ്ഥാനത്തും കൊണ്ടിരുത്താന്‍ ശ്രമിക്കുന്നു. മറ്റു മന്ത്രിമാര്‍ പടിപടിയായി മക്കളെ ഉയര്‍ത്തുമ്പോള്‍, മുരളിയുടെ തുടക്കം തന്നെ മുകളില്‍ നിന്നായിരുന്നു.

ഒരൊറ്റ ദിവസം കൊണ്ടാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ഗണേശന്‍ മന്ത്രിയായതും സംഘടനാതലത്തില്‍ വളരെനാള്‍ പ്രവര്‍ത്തിച്ചതിനു ശേഷമൊന്നുമല്ലായിരുന്നു. ജോസ് കെ. മാണിയും അങ്ങിനെയൊക്കെ തന്നെ. വേണമെങ്കില്‍ ഇരുപത്തഞ്ചാം വയസ്സില്‍ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അപ്പോള്‍?

രാ‍ഹുല്‍ ഗാന്ധിയെ ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ മുഴുവനും പിന്താങ്ങിയിരുന്നു എന്നോര്‍ക്കണം. എന്നിട്ടും അദ്ദേഹമാസ്ഥാനം നിരസിക്കുകയായിരുന്നു. മുരളിയുടെ കഥ നേരെ തിരിച്ചാണ്. എല്ലാ കോണ്‍ഗ്രസ്സുകാരുടേയും എതിര്‍പ്പിന്റെ തൃണവല്‍ഗണിച്ചാണ് കരുണാകരന്‍ മുരളിയെ ഉയര്‍ത്തിക്കൊണ്ട് വന്നത് പ്രതിഷ്ഠിച്ചത്. ഗണേശന്‍ മന്ത്രിയായത് ശരിയാണ്. പക്ഷെ പിന്‍‌കാലത്ത് ആ സ്ഥാനത്തിന് താന്‍ യോഗ്യനാണെന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി. മുരളിക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു മന്ത്രിയായ സമയത്ത്? സ്വല്‍പ്പം സല്‍പ്പേരെങ്കിലും സമ്പാദിച്ചോ? ജോസ്.കെ.മാണി സ്വന്തം പ്രയത്നം കൊണ്ടാണ് ഗ്രൂപ്പില്‍ ഉയര്‍ന്ന് വന്നത്. മന്ത്രിയുടെ ലേബല്‍ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. സ്വന്തം ഗ്രൂപ്പിലല്ലാണ്ട് കോണ്‍ഗ്രസ്സില്‍ ഇന്നും ജോസ് ആരുമല്ല, ആവാന്‍ കഴിയാത്തത് കൊണ്ടായാലും.

5) സ്വന്തം മകനുവേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി പിളര്‍ത്തി. താന്റെ അധ്വാനവും വിയര്‍പ്പും കൊണ്ടുയര്‍ന്നുവന്ന ഒരു പാര്‍ട്ടിയാണെന്ന പരിഗണന പോലും കൊടുക്കാതെ, ആ പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കൊന്നു. സ്വന്തം മകളുമായി പ്രത്യയശാസ്ത്രവുമായി അന്ന് തെറ്റിപ്പിരിഞ്ഞു.

പക്ഷേ ആന്റണിയുള്‍പ്പടെ പലരും കോണ്‍ഗ്രസ്സ് വിട്ടപ്പോഴും അതില്‍ ഉറച്ച് നിന്നയാളാണ് കരുണാകരന്‍. ആ ആന്റണിയെ നമ്മള്‍ ഇപ്പോഴും പൂജിക്കുന്നു. സ്വന്തം മകളുമായി പ്രത്യയശാസ്ത്രപരമായി തെറ്റിപ്പിരിഞ്ഞെങ്കില്‍ മക്കള്‍ക്കെല്ലാം വേണ്ടി എന്തും ചെയ്യുന്ന അച്ഛനല്ലല്ലോ കരുണാകരന്‍. സ്വന്തം മകനുവേണ്ടി പിളര്‍ത്തി എന്നത് ആരോപണമല്ലേ. അതല്ലല്ലോ കരുണാകരന്‍ പറഞ്ഞ ന്യായങ്ങള്‍. ചില കാര്യങ്ങള്‍ കരുണാകരന്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലും ചില കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലും ചില കാര്യങ്ങള്‍ നമ്മുടെ ഊഹങ്ങളുടെ അടിസ്ഥാനത്തിലുമെല്ലാം നമ്മള്‍ തീരുമാനിക്കുന്നതെന്തുകൊണ്ടാണ്? ഒരു യൂണിഫോമിറ്റി കാണുന്നില്ലല്ലോ. സ്വന്തം മകനുവേണ്ടിത്തന്നെയാണല്ലോ ദേവഗൌഡ കര്‍ണ്ണാടകയിലും കളികള്‍ കളിച്ചത്. സോണിയാ ഗാന്ധി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും സ്വന്തം മകനുവേണ്ടി തന്നെ. അപ്പോള്‍?

ദേവഗൌഡയുടെ കഥ ഇവിടെ പറയാതിരിക്കുകയാകും ബുദ്ധി. അത് രാജ്‌കുമാറിന്റെ പോലെ ഒരു കേസ് ആണ്. നമുക്ക് കേരളത്തിലേക്ക് വരാം.

കരുണാകരന്‍ പാര്‍ട്ടിയില്‍ ഉറച്ച് നിന്നത് അന്ന് അദ്ദേഹത്തിന്റെ സ്ഥാനത്തിന് പാര്‍ട്ടിയില്‍ വെല്ലുവിളി ഇല്ലാതിരുന്നത് കൊണ്ടാണ്. പോരാണ്ട് അന്ന് മകന്‍ രാഷ്ട്രീയത്തിലിറങ്ങാനും പ്രായമായിട്ടില്ല. അതായപ്പോള്‍ മകന് സ്ഥലവുമില്ല. കുറേ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. ഒരു സ്ഥാനവും കിട്ടാ‍ത്ത കോണ്‍ഗ്രസ്സുകാരുടെ സ്ഥിരം പരിപാടിയാണ് പാര്‍ട്ടിക്കുപുറത്ത് പോയി പുതിയ ഗ്രൂപ്പ് ഉണ്ടാക്കി, പിന്നെ മന്ത്രിസ്ഥാനത്തിനുവേണ്ടി വിലപേശുക എന്നത്. കരുണാകരനും അത് ചെയ്തു. പക്ഷെ മുരളിയുടെ പൊതുസമ്മതി കാരണം തിരിച്ച് കേറാന്‍ പറ്റുന്നില്ല. അപ്പോള്‍ എങ്ങിനെയെങ്കിലും ആ ചൊരുക്ക് തീര്‍ക്കുക.

മകനും മകളും രണ്ട് വഴിക്കാകുമ്പോള്‍ അച്ഛന് ഒരാളുടെ കൂടെ നിന്നേ ഒക്കൂ. രാഷ്ട്രീയം പറയാന്‍ അറിയാവുന്നത് മകന് മാത്രമായതിനാല്‍ മകന്റെ കൂടെ നിന്നു. സോണിയ മകന് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ട് എന്നും ഞാന്‍ സമ്മതിച്ച് തരില്ല. അച്ഛന്റെ ഒരൊറ്റ ലേബല്‍ മാത്രം മതി രാഹുലിന് വേണമെന്നുണ്ടെങ്കില്‍ അടുത്ത ഇലക്ഷന് പ്രധാനമന്ത്രിയാവാന്‍.

6) പാര്‍ട്ടി വിട്ടു പോയ ഡി.ഐ.സി, പിന്നീട് ഇടതുപക്ഷവുമായി ചേര്‍ന്നു. പ്രത്യയശാസ്ത്രപരമായി ഒരു സാമ്യവും ഇല്ല കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മില്‍. സ്വന്തം നിലനില്‍പ്പിനായി എന്തും ചെയ്യും എന്ന തൊട്ടിത്തരം കാട്ടി.

പ്രത്യയശാസ്ത്രപരമായി ഒരു സാമ്യവുമില്ലാത്ത ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കേന്ദ്രം ഭരിക്കുന്നുണ്ടല്ലോ. ഇവിടെ കോണ്‍ഗ്രസ്സിനെ ചീത്ത പറഞ്ഞിട്ട് മാഹിയിലും അതുപോലെ അച്ച്യുതാനന്ദന്‍ ചെയ്തപ്പോള്‍ ആരോ ചെവിയില്‍ പറഞ്ഞുകൊടുക്കേണ്ടി വന്നല്ലോ,“ശൂ, ശൂ, ഇവിടെ നമ്മള്‍ രണ്ടും ഒന്നാണെന്ന്”. അപ്പോള്‍?

കമ്മ്യൂണിസ്റ്റുകാര്‍ക്ക് കേരളത്തിലും ബംഗാളിലും രണ്ട് അജണ്ട ആണ്. കേന്ദ്രത്തില്‍ വേറൊന്നും. അവരങ്ങിനെയായി, കരുണാകരനെന്നാല്‍ ഇങ്ങനെയായിക്കൂടേ എന്ന ചോദ്യം തന്നെ ബാലിശമാണ്. കമ്മ്യൂണിസ്റ്റുകാരെ ഓടിച്ചിട്ട് തല്ലിക്കൊന്ന കാലത്തെ ആഭ്യന്തിരമന്ത്രിയായിരുന്നു ഈ കരുണാകരന്‍. പാര്‍ട്ടി പിളര്‍ത്തുന്നതുവരെ ഒരു കറതീര്‍ന്ന കമ്മൂണിസ്റ്റ് വിരോധി. പട്ടിണി സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അഭിമാനം നഷ്ടപ്പെടും എന്ന് പറയുന്നപോലെ, “എന്തെങ്കിലും തരണേ” എന്നും പറഞ്ഞ് തന്റെ ശത്രുക്കളുടെ വാതിലില്‍ തന്നെ കരുണാകരന്‍ മുട്ടി. ഒരു ഘട്ടത്തില്‍ അവരുടെ കമ്മുണിസ്റ്റ് പാര്‍ട്ടി ലയനം ഏതാണ്ട് ഉറപ്പായിരുന്നതാണ്. പക്ഷെ പിന്നീട് പുറത്തായപ്പോള്‍ ഇതേ കമ്യൂണിസ്റ്റുപാര്‍ട്ടിയെ അവര്‍ നേരത്തേ കോണ്‍ഗ്രസ്സിനെ പറഞ്ഞത് തന്നെ പറഞ്ഞു. മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കുറുക്കന് ഇതിലും അന്തസ്സുണ്ടായിരുന്നു.

7) അവിടുന്നു പിന്നെ പുറത്തായപ്പോല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലെന്ന് മനസ്സിലായി ഒരു നാണവുമില്ലാതെ വീണ്ടൂം കോണ്‍ഗ്രസ്സിലേക്ക് മടങ്ങിച്ചെന്നു. അച്ഛനും മകനും ഇലക്ഷനുശേഷം മാതൃസംഘടനയില്‍ ലയിക്കാം എന്ന് പറഞ്ഞു. പക്ഷെ ബുദ്ധിപൂര്‍വ്വം അതെഴുതിക്കൊടുത്തില്ല, അവരാവശ്യപ്പെട്ടിട്ടും.

പ്രത്യേകിച്ച് നാണമൊന്നുമില്ലാതെ തന്നെയാണല്ലോ ആന്റണിയും കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് വന്നത്. ബുദ്ധിപൂര്‍വ്വമായ കളികള്‍ എല്ലാ രാഷ്ട്രീയക്കാരും കളിക്കുന്നത് തന്നെയല്ലേ. ബുദ്ധിപൂര്‍വ്വമല്ലാത്ത കളികളെയല്ലേ നമ്മള്‍ സാധാരണ വിമര്‍ശിക്കുന്നത്. സോണിയ ഗാന്ധിയുടെ വിദേശജന്മം എന്ന ഒരൊറ്റ പ്രശ്നത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പോയ ശരദ് പവാര്‍ ഇപ്പോള്‍ അവരെ പുകഴ്ത്തി അവരുടെ കീഴില്‍ തന്നെ ഭരിക്കുന്നുണ്ടല്ലോ. പക്ഷേ ശരദ് പവാറിനെ നമ്മള്‍ കരുണാകരനെപ്പോലെ ചീത്ത പറയുന്നില്ലല്ലോ. അപ്പോള്‍ പിന്നെ?

ആന്റണി പൂര്‍ണ്ണമായും കോണ്‍ഗ്രസ്സ് വിട്ടുപോയില്ല എന്നാണ് എന്റെ ഊഹം. കരുണാകരന്‍ കമ്മൂണിസ്റ്റുപാര്‍ട്ടിയുമായി ചേര്‍ന്ന് ഇലക്ഷന് വരെ മത്സരിച്ചതാണ്. എന്നിട്ടും വീണ്ടും തിരിച്ചു വന്നു. ഇനി കോണ്‍ഗ്രസ്സില്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ ആരെങ്കിലും ചര്‍ദ്ദിച്ചത് തിരിച്ച് കഴിക്കുമോ എന്ന് പറഞ്ഞ ബാലകൃഷ്ണപ്പിള്ളയും ഇലക്ഷനായപ്പോള്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചു ചെന്നിരുന്നു. ശരദ്പവാറിനും നിലനില്‍പ്പിനായി അങ്ങിനെ പലതും ചെയ്യേണ്ടി വന്നു. ഇവരെല്ലാവരും കൊലപാതകം ചെയ്യുന്നവരാണ്, അത് കൊണ്ട് ഞാന്‍ ചെയ്താല്‍ തെറ്റില്ല എന്നതരത്തില്‍ പറഞ്ഞാല്‍ എങ്ങിനെ ന്യായമാകും?

8) ഇലക്ഷനിലെ ദയനീയപരാജയം കോണ്‍ഗ്രസ്സ് ഡി.ഐ.സി-യുടെ തലയില്‍ കെട്ടി വച്ചു. ഡി.ഐ.സി. വീണ്ടും കോണ്‍ഗ്രസ്സിനു പുറത്ത്. ഇപ്പോള്‍ ഏത് പാര്‍ട്ടിയുമായി ഒട്ടണമെന്ന് സംശയം. ശരത് ചന്ദ്രപ്രശാദിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ കൊണ്ട് പിടിച്ച ശ്രമം. ശ്രമം വിജയിച്ചാല്‍ ഡി.ഐ.സി വീണ്ടും ഇടതുപക്ഷത്തിന്റെ വാതിലില്‍ മുട്ടും.

ശരത് ചന്ദ്രപ്രസാദല്ല, ശരത് പവാര്‍. ഇതൊക്കെ ഏതൊരു രാഷ്ട്രീയക്കാരനും ചെയ്യുന്നതല്ലേ. സിപിഐ പണ്ട് കോണ്‍ഗ്രസ്സിനെ പിന്തുണച്ചില്ലേ. ഈ ഡി.ഐ.സിയെ എടുക്കാന്‍ പിണറായി വിജയന്‍ പോലുള്ളവര്‍ക്ക് സമ്മതവുമായിരുന്നല്ലോ. ഇവിടെയും ഇത്തരം കാര്യങ്ങളില്‍ കരുണാകനെ മാത്രമായി വെറുക്കാനുള്ള കാരണം?

പിണറായി പിന്തുണച്ചപ്പോള്‍ കരുണാകരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയ് വിളിച്ചു. വി.എസ് തള്ളിപ്പറഞ്ഞപ്പോള്‍, ഇതേ കരുണാകരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മൂര്‍ദ്ദാബാദ് വിളിച്ചു. വെറും ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളിലാണ് ഇതൊക്കെ നടന്നതെന്നോര്‍ക്കണം. എങ്ങിനെ വിശ്വസിച്ച് കൂടെക്കൂട്ടും ഇത്തരക്കാരെ? വല്ലപ്പോഴും രാഷ്ട്രീയ നിലപാട് മാറുന്നത് മനസ്സിലാക്കാം. ഇന്ന് ഡി.ഐ.സി ആരുടെ കൂടെ ആണെന്നറിയണമെങ്കില്‍ പത്രം വായിയ്ക്കണം എന്ന സ്ഥിതി ആയിരുന്നു ഒരിടയ്ക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെക്കൂടി കോണ്‍ഗ്രസ്സിന് തെറി വിളി‍ച്ച പ്രവര്‍ത്തകര്‍ക്ക്, നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സുകാരുടെ കൂടെക്കൂടി കമ്മ്യൂണിസ്റ്റ് കാരെ തെറി വിളിക്കേണ്ടി വന്നു. പ്രവര്‍ത്തകരുടെ വികാരത്തിന് ഇവിടെ ഒരു വിലയുമില്ലേ. എടുത്ത് പറയേണ്ട ഒരു വസ്തുത,, ഡി.ഐ.സി എന്നത് ഒരു പാര്‍ട്ടിയല്ല, മറിച്ച് കരുണാകരന്‍ എന്ന ഒരു വ്യക്തി മാത്രമാണ് എന്നുള്ളതാണ്.

9) ഡി.ഐ.സി-യില്‍ നിന്ന് ഇപ്പോള്‍ വ്യാപകമായ ഇറങ്ങിപ്പോക്ക്. ശങ്കരന്‍, ജേക്കബ്, ശോഭനാ ജോര്‍ജ് തുടങ്ങിയ വമ്പന്മാരെല്ലാം പോയി. കരുണാകരന്‍ ഒറ്റപ്പെടുന്നു. എന്നിട്ടൂം അഹങ്കാരത്തിന് ഒരു കുറവുമില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമാകുന്നു. പാര്‍ട്ടിക്ക് മത്സരിക്കാന്‍‍ പോലുമുള്ള കെല്‍പ്പില്ല. എന്തെങ്കിലും ഒരു നീക്ക്പോക്ക് അതിനുമുന്‍പുണ്ടാകുമെന്നുറപ്പ്.

നേതാക്കന്മാരും അണികളും ഇറങ്ങിപ്പോകുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ലല്ലോ. എത്രയോ കേരളാ കോണ്‍ഗ്രസ്സുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതും ഇങ്ങിനത്തെ ഇറങ്ങിപ്പോക്കുകളൊക്കെ മൂലമല്ലേ. ഇവിടെ കരുണാകരന് മാത്രമായുള്ള പ്രത്യേകത എന്താണ്?

ഇറങ്ങിപ്പോകുന്നവരെക്കുറിച്ച് കരുണാകരന്‍ പറയുന്നത് കേട്ടിട്ട് ചിരി വരാത്ത ആരെങ്കിലും കാണുമോ? കൊച്ചുകുട്ടികള്‍ പിണങ്ങുമ്പോള്‍ നിനക്ക് ഇനി എന്റെ സ്ലേറ്റ് പെന്‍സില്‍ തരില്ല എന്ന് പറയുന്നത് ഓര്‍മ്മിപ്പിക്കുന്നു ചില വാചകങ്ങള്‍. വമ്പന്മാര്‍ ഓരോരുത്തരായി ഇപ്പോള്‍ ഇറങ്ങിപ്പോകുന്നുണ്ട്. കുറച്ച് കഴിയുമ്പോല്‍ ആരും ഉണ്ടാകില്ല. അച്ചനും മകനും, കാശും സ്ഥാനവും കണ്ട് കൂടെക്കൂടിയ പ്രവര്‍ത്തകരും മാത്രം.

10) കരുണാകരന്റെ കാലശേഷം ആ പാര്‍ട്ടി മൂക്കും കുത്തി വീഴും. മുരളീധരന്റെ നേതൃത്വം ആര്‍ക്കും അംഗീകരിക്കിച്ച് ആ പാര്‍ട്ടിയില്‍ തുടരാനാകില്ല. ഫലം, അച്ഛന്‍ തന്നെ തന്റെ മകന്റെ രാഷ്ട്രീയത്തിന്റെ അന്തകനാകും. ആ രീതിയില്‍ ഇന്നൊരാലോചനയും നടന്നുകാണുന്നില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയും അവരിതു വരെ അലോചിച്ചിട്ടുള്ള ലക്ഷണമില്ല. ഗുരുവായൂരപ്പന്‍ വിചാരിച്ചാല്‍പ്പോലും മുരളിക്ക് രക്ഷയുണ്ടാകാന്‍ വഴിയില്ല

അത് പല ഊഹങ്ങളില്‍ ഒരു ഊഹം മാത്രം. അങ്ങിനെ സംഭവിക്കാം, സംഭവിക്കാതിരിക്കാം. പക്ഷേ കരുണാകരനെ മാത്രം സ്പെഷലായി ഇത്രയും വെറുക്കാന്‍ നമ്മള്‍ മലയാളികള്‍ക്കുള്ള കാരണങ്ങളാണ് ഞാന്‍ അന്വേഷിക്കുന്നത്.

ഇത് വക്കാരി പറഞ്ഞത് ന്യായം. ഇതെന്റെ ഊഹം മാത്രമാണ്. പക്ഷെ ഇതല്ല സംഭവിക്കാന്‍ പോകുന്നത് എന്ന് വക്കാരിക്ക് തോന്നുന്നുണ്ടോ? ഇത് തന്നെ സംഭവിക്കുമെന്ന് എനിക്ക് ഏറെക്കുറേ ഉറപ്പാണ്.

എനിക്ക് കരുണാകരനെ മാത്രം സ്പെഷലായി വെറുക്കണം എന്നൊന്നുമില്ല. ആരെയും വെറുക്കും ഞാന്‍ ;) കേരളത്തില്‍ ഉള്ള രാഷ്ട്രീയക്കാരില്‍ ഇപ്പോള്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് കരുണാകരനെയാണ്. അതിനുകാരണം, കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഓരോരുത്തരുടേയും കുറ്റങ്ങള്‍‍ ഒരു ലിസ്റ്റ് ആയി എടുത്ത് വച്ചാല്‍, ആ ലിസ്റ്റില്‍ ഉള്ളത് മൊത്തം കരുണാകരനു ബാധകമാണ് എന്നതാണ്.

കൂട്ടത്തില്‍ ഒന്നുകൂടെ പറയട്ടെ, ഞാന്‍ ഒരു കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനല്ല. കേരളത്തില്‍ ഇന്ന് നിലവിലുള്ള കമ്യൂണിസ്റ്റ് ചിന്താഗതിയോട് എനിക്ക് വിയോജിപ്പാണ്. പക്ഷെ ഇത് ഒരു പാര്‍ട്ടിയോടുള്ള വെറുപ്പാണ്; മറിച്ച് കോണ്‍ഗ്രസ്സിനോടുള്ള വെറുപ്പ് അതിലെ പ്രവര്‍ത്തകരെക്കുറിച്ചും.

myexperimentsandme said...

ഹ...ഹ...ശ്രീജിത്തേ ഇഷ്ടപ്പെട്ടു. സമ്മതിച്ച് തന്നിരിക്കുന്നു. അപ്പോള്‍ കരുണാകരനെ ധൈര്യമായി വെറുക്കാമല്ലേ :)

പിന്നെ ജോസ് കെ. മാണി എന്ന് പറയുന്നത് കെ.എം. മാണിയുടെ മകനാണ്. അദ്ദേഹം കേരളാ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന് വന്നത് അച്ഛന്റെ ലേബലില്‍ തന്നെ. സ്റ്റീഫന്‍ ജോര്‍ജ്ജിനെപ്പോലുള്ളവരും തോമസ് ചാഴിക്കാടനെപ്പോലുള്ളവരും ഒക്കെ അതിനെ എതിര്‍ക്കുന്നവരാണ്. സ്റ്റീഫന്‍ ജോര്‍ജ്ജ് ആണെന്ന് തോന്നുന്നു, അതിനെ പരസ്യമായി തന്നെ എതിര്‍ത്തിരുന്നു (ശരിക്കറിയില്ല).

പിന്നെ ശ്രീ‍ജിത്ത് പറഞ്ഞ പോയിന്റുകള്‍ ഒക്കെ ഞാന്‍ പറഞ്ഞാല്‍ പിന്നേം പി. ശങ്കരന്‍ കോണ്‍ഗ്രസ്സില്‍ തന്നെ എന്ന നിലയിലാവുമെന്നൊരു പേടി. എങ്കിലും എനിക്ക് ആള്‍ക്കാരെ കണ്‍‌വിന്‍സ് ചെയ്യിക്കാനുള്ള പോയിന്റ്സ് ആയില്ല എന്ന് തോന്നുന്നു. വെറുക്കാനാണെങ്കില്‍ കരുണാകരനെപ്പോലെ വെറുക്കപ്പെടേണ്ട ധാരാളം നേതാക്കന്മാര്‍ നമുക്കുണ്ട്. കരുണാകരനെ മാത്രമായി ഞാന്‍ വെറുക്കുന്നതിന് ഇതുവരെയുള്ള കാരണം രാജന്‍ കേസാണ്. ആ കാര്യത്തില്‍ കരുണാകരനോടൊപ്പം തന്നെ അച്ച്യുതമേനോനോടും എനിക്ക് എതിര്‍പ്പുണ്ട്, വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണെങ്കിലും.

ബാക്കി അഴിമതി, സ്വജന പക്ഷപാതം, പാരവെയ്ക്കല്‍, നുണ പറയല്‍, മക്കളെ തിരുകി കയറ്റല്‍, നാണമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യല്‍ ഇവയൊക്കെ ഏതൊരു രാഷ്ട്രീയക്കാരനും തരം പോലെ ചെയ്യുന്നത് തന്നെ. കരുണാകരന്‍ ചെയ്യുമ്പോള്‍ അതൊക്കെ വാര്‍ത്തയാകുന്നുണ്ടെങ്കില്‍ അത് കരുണാകരന്റെ മിടുക്ക്.

എങ്കിലും ശ്രീജിത്തിന്റെ എഫര്‍ട്ട് സമ്മതിച്ച് തന്നിരിക്കുന്നു. എനിക്കിന്ന് ലീവാണേ :)

അരവിന്ദ് :: aravind said...

രാധേയന്‍
നല്ല പോസ്റ്റ്...
രാഷ്ട്രീയപരമായല്ല..ഭക്തിയുടെ പ്രശ്നമായിരുന്നു.
കൃഷ്നഭക്തിയില്‍ കരുണാ‍കരനെ വെല്ലാന്‍ ആരുണ്ടായിരുന്നു! ഇപ്പോളും..

പക്ഷേ എന്നിട്ടിപ്പോള്‍ അദ്ദേഹത്തിന് ഭവിച്ച ദുര്‍ഗ്ഗതി കണ്ട് ഞാനന്തം വിട്ടിരുന്നു. കണ്ടില്ലേ അമ്മേ എത്ര പ്രാര്‍ത്ഥിച്ചാലെന്ത് ഒരു ഗുണവുമില്ല എന്നും, ഗുരുവായൂരില്‍ അമിതഭക്തി ദോഷമാണെന്നും വരെ ഞാന്‍ ചിന്തിച്ചു.
ഭഗവാന് കരുണാകരനെ ഇഷ്ടല്ലാ എന്ന് മാത്രം ഇതു വരെ തോന്നിയില്ല. ഞാന്‍ മണ്ടന്‍.
അങ്ങനെ നോക്കുമ്പോള്‍ എല്ലാറ്റിനും അര്‍ത്ഥം കിട്ടുന്നു.
താങ്ക്സ്. :-)

Durga said...

Ugran!! RadhEyan thakarthu!:-D