Saturday, September 23, 2006

കുഞ്ഞേ നിനക്കായി ,എന്ന തവം ചെയ്തു ഞാന്‍ .......

മരണത്തെ പേടിച്ചാല്‍ ജീവിതം മുഴുവന്‍ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചത് അമ്മയായിരുന്നു.എന്റെ ഇടത്തൊ വലത്തൊ മുകളിലോ എതിരേ വരുന്ന വണ്ടിയിലോ എന്റെ രക്തധമനികളില്‍ തന്നെ എവിടെയോ അവള്‍ പതുങ്ങി ഇരിപ്പുണ്ട് എന്നത് എനിക്കറിയാം.ഒരു നിമിഷം കൊണ്ട് എന്നെ ഇഹത്തിന്റെ സകല കെട്ടുപാടുകളില്‍ നിന്നും രക്ഷപെടുത്താന്‍ കഴിവുള്ളവള്‍.
കൊച്ചുമോന്‍; അവന്‍ എനിക്ക് അനുജന്‍ മാത്രമായിരുന്നില്ല.അമ്മയുടെ ഇളയ അനുജത്തിയുടെ ഇളയ മകന്‍ എന്ന നിലയ്ക്ക് അവന്‍ എന്നെക്കാള്‍ 6-7 വയസ്സിളപ്പമായിരുന്നു.എങ്കിലും ചങ്ങാത്തമായിരുന്നു അവന്റെ മുഖലക്ഷണം.സ്നേഹമായിരുന്നു അവന്റെ identity.ഒരിക്കലും പ്രസാദം കൈവിടാതിരിക്കാന്‍ അവന്‍ എന്നും ശ്രദ്ധിച്ചിരുന്ന പോലെ.
പാളകിടപ്പിലേ അവന് നല്ല താളബോധമായിരുന്നു.അമ്മയുടെ തറവാട്ടിലെ തടിയായ തടിയിലോക്കെ അവന്റെ താളക്കൈകള്‍ വീണിരുന്നു.അത് തിരിച്ചറിഞ്ഞ സംഗീതബോധമുള്ള അവന്റെ അമ്മ തന്നെയാണ് അവനെ മ്രദംഗം പഠിക്കാന്‍ അയച്ചത്.
സ്കൂള്‍പഠനത്തില്‍ ഒരു ശരാശരിക്കാരന്‍ മാത്രമായിരുന്നു അവന്‍.അത് കൊണ്ട് തന്നെ ആണ് പത്താം ക്ലാസിനു ശേഷം മ്രദംഗം ഗൌരവമായി പഠിപ്പിക്കാന്‍ അവന്റെ രക്ഷകര്‍ത്തക്കള്‍ തീരുമാനിച്ചത്.പ്രശസ്തനായ മ്രദംഗവാദകന്‍ ത്രിശൂര്‍ നരേന്ദ്രന്റെ കീഴില്‍ ചെന്നെയിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ അവന്‍ വെറും 15കാര‍ന്‍ കുട്ടിയായിരുന്നു.എനിക്ക് വലിയ സങ്കടമായിരുന്നു. ഇത്ര കുട്ടിക്കാലത്ത് ഈ മഹാനഗരത്തില്‍ അവന്‍ തനിച്ച്..... അമ്മ പറഞ്ഞു ഒരു നല്ല കാര്യത്തിനല്ലെ.

2-3 വര്‍ഷത്തിന് ശേഷ 4 മാസത്തെ ഒരു കോഴ്സ് പഠിക്കാന്‍ ഞാനും അവിടെയെത്തി.ഒരുപക്ഷെ ഞങ്ങള്‍ തമ്മിലുള്ള ഗാഡമായ അടുപ്പത്തിന് ഇഴ പാകുന്നത് ആ കാ‍ലത്തായിരുന്നു.അവനെ കണ്ടിട്ട് കഷ്ടം തോന്നി.ഒരുപാട് ക്ഷീണിച്ചിരുന്നു.ചെന്നെ പോലൊരു ജീവിതചിലവ് കൂടിയ പട്ടണത്തില്‍ താമസിച്ച് പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാ‍ണ്.ചിലവ് കുറഞ്ഞ ചില ചുറ്റുപാടുകള്‍ ഒക്കെ അവന്‍ സംഘടിപ്പിച്ചിരിക്കുന്നു.എങ്കിലും ആഹാരം കഷ്ടപ്പാടാണ്.കിട്ടുന്നത് മോശം,നല്ലത് പോക്കറ്റിന് ഹാനികരം.പക്ഷെ ഈ പ്രയാസങ്ങളൊന്നും അവന്റെ പ്രസന്നതയെ ബാധിച്ചതായി തോന്നിയില്ല.നിഷ്കളങ്കമായ ധാരാളം തമാശകള്‍ പറഞ്ഞ് എന്നെയും എന്റെ കൂട്ടുകാരെയും അവന്‍ രസിപ്പിച്ചു.കഴിയുമ്പോലെ അവന് ഭക്ഷണം വാങ്ങികൊടുക്കുന്നതിലായിരുന്നു എന്റെ ആനന്ദം. നല്ല ഭക്ഷണം കിട്ടുന്നതിന്റെ സന്തോഷം ഒരിക്കലും അവന്‍ മറച്ച് വെച്ചില്ല.“ ചേട്ടന്‍ ഇല്ലായിരുന്നേല്‍ ഇന്നും പുളി സാദം കൊണ്ട് ഒപ്പിക്കേണ്ടി വന്നേനെ”

പിന്നെ ഞാന്‍ ചെന്നെയിലെത്തുന്നത് ഉദ്യോഗസ്ഥനായിട്ടാണ്.അക്കാലം കുറെ കൂടി സന്തോഷകരമായിരുന്നു.വലിയ ഹോട്ടലുകള്‍,മുന്തിയ ഭക്ഷണങ്ങള്‍.അവന്റെ നിറഞ്ഞ ചിരി മാത്രമായിരുന്നു എന്റെ ആനന്ദം.ചെന്നെ കേന്ദ്രീകരിച്ചുള്ള ഓഡിറ്റുകള്‍ ഞാന്‍ ചോദിച്ച് വാങ്ങാനുള്ള കാര്യം അവനായിരുന്നു.

അവനും വളരുകയായിരുന്നു.ചില പരിപാടികളൊക്കെ ഗുരുവിന്റെ സമ്മതത്തോടെ ചെയ്തു തുടങ്ങിയിരുന്നു.ഉണ്ണിക്രിഷ്ണന്‍‍ തുടങ്ങി അനേകം പ്രമുഖരുമായി അടുത്ത് ഇടപഴകാന്‍ കിട്ടിയ അവസരങ്ങളെക്കുറിച്ചും അവന്‍ പറഞ്ഞു.
ഞാന്‍ ദുബായിക്കു പോന്ന ശേഷം ഞങ്ങള്‍ തമ്മിലുള്ള communication കുറഞ്ഞുവെങ്കിലും അടുപ്പത്തിന് അതൊരു തടസ്സവും ഉണ്ടാക്കിയില്ല.ഞാന്‍ നാട്ടിലെത്തിയപ്പൊഴൊക്കെ എന്നെ കാണാന്‍ അവനെത്തിയിരുന്നു.
എന്റെ വിവാഹത്തിനെത്തിയപ്പോള്‍ ഏറെ അവനുമായി സംസരിച്ചു, അവനിപ്പോള്‍ അകാശവാണിയിലെ A grade artist ആണത്രെ. 7-8 കൊല്ലമായി തമിഴ്നാട്ടിലായ സ്ഥിതിക്ക് ഒരു തമിഴത്തിയെ കെട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മറ്റും അവന്‍ കളി പറഞ്ഞു.

ആ ഒരു രാത്രി ജീവിതത്തിലെ ഒരു കാളരാത്രി ആയിരുന്നു. 2004ലെ നവമ്പര്‍,പെരുന്നാള്‍കാലം.പകല്‍ എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞതിന്റെ ആലസ്യം കൊണ്ട് രാത്രി തീവ്രമായ ഉറക്കത്തിലായിരുന്നു ഞാന്‍. ഒരു മിസ് കോള്‍ മൊബൈലില്‍ അടിച്ചമാതിരി കേട്ട് ഞാന്‍ ഉണര്‍ന്നു.അതെ ഒരു പരിചയമില്ലാത്ത ഇന്ത്യന്‍ നമ്പര്‍, ആരേലും തെറ്റി അടിച്ചതാവും.
അസ്വസ്ഥതയോടെ ഞാന്‍ വീണ്ടും കിടന്നു. ഇനി അചഛനെങ്കിലും അസുഖം.... എന്റെ അസ്വസ്ഥത കണ്ട് ഭാര്യ പറഞ്ഞു “3 മണി കഴിഞ്ഞിരിക്കുന്നു, നാട്ടില്‍ നാലര, ഏതായാലും ഒന്നു വിളിക്കൂ”
വിറയലോടെ ഞാന്‍ വീട്ടിലെ നമ്പര്‍ കുത്തി.ഒറ്റ റിങ്ങിന് തന്നെ ഫോണെടുക്കപ്പെട്ടു.എന്റെ ഉള്ളം കാലില്‍ നിന്ന് ഉച്ചിയിലേക്ക് ഒരു വിറയല്‍ പാഞ്ഞു.

മറുതലയ്ക്കല്‍ അച്ഛന്റെ ചിലമ്പിച്ച സ്വരം “ മോനെ കൊച്ചു പോയെടാ ;ബൈക്ക് ആക്സിഡന്റായിരുന്നു,കഴിഞ്ഞ ദിവസം അവന്‍ നാട്ടില്‍ നിന്നു ചെന്നെയ്ക്ക് തിരിച്ച് പോയതേ ഉള്ളൂ”.പിന്നെ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

നിന്റെ പേര്‍ ആനന്ദ് എന്നായിരുന്നു,എല്ലാ ദുര്‍ഘടങ്ങളിലും ആനന്ദം കണ്ടവന്‍,മ്രദംഗം വായിച്ച് ഞങ്ങളെ ഒക്കെ ആനന്ദിപ്പിച്ചവന്‍,മ്രദംഗം ഇല്ലാത്തപ്പോള്‍ എന്റെ തലയില്‍ കൊട്ടി മസാജ് ചെയ്ത് എന്നെ ആനന്ദിപ്പിച്ചവന്‍,റോണാള്‍ഡീഞ്ഞ്യോയെപ്പോലെ നിഷ്കളങ്കമായി ചിരിച്ച് എല്ലാവരെയും ആനന്ദിപ്പിച്ചവന്‍,

വരാനിരിക്കുന്ന കരഘോഷങ്ങളുടെ ഇടിമുഴക്കങ്ങളെയും പുരസ്കാരങ്ങളുടെ പെരുമഴകളെയും ഞങ്ങളുടെ വീട്ടിലെ അമ്മമാര്‍ സ്നേഹവാത്സല്യങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ നിന്റെ ഇഷ്ട ഭക്ഷണമായ പുട്ടും കടലയേയും ഉപേക്ഷിച്ചുള്ള നിന്റെ ഈ യാത്രയും നീ ആനന്ദത്തോടെ തിരഞ്ഞെടുത്തതാണോ, അറിയില്ല

നിന്റെ അമ്മയുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല.തോരുമെന്നും തോന്നുന്നില്ല.
എനിക്ക് ആ കീര്‍ത്തനം ഒര്‍മ്മ വരുന്നു.

എന്ന തവം ചെയ്ത നീ യശോദ...............

നിന്നെ പോലൊരുവന്‍ 24 വര്‍ഷത്തേക്കെങ്കിലും അനിയനായി പിറന്ന് കൂടെ കഴിയാന്‍ എന്തു തപം ഞാന്‍ ചെയ്തു......

10 comments:

വിചാരം said...

രാധേയാ.... അതൊരു വല്ലാത്ത വേദന തന്നെ അല്ലേ .. യാഥാര്‍ത്ഥ്യവുമായി ഉള്‍കൊള്ളുവാന്‍ രാധേയനാവുന്നുണ്ടോ? കഴിയില്ല ഒരുപക്ഷെ ലോകം മുഴുവന്‍ അവനെ മറന്നാലും .. ഒരു പക്ഷെ അവനെ ഓര്‍ക്കാന്‍ ചിലര്‍ക്ക്‌ ആണ്ടിലെ ഒരു ദിനമായിരിക്കാം പക്ഷെ രാധേയന്‌ അങ്ങനെയൊരു ദിനത്തിണ്റ്റെ ആവശ്യമുണ്ടാവില്ല ... അവനിഷ്ടപ്പട്ട ഭക്ഷണം കാണുമ്പോള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രൂപം കാണുമ്പോള്‍ (എനിക്കൊരു ചങ്ങാതിയുണ്ടായിരിന്നു ബക്കര്‍ . അവനെകുറിച്ച്‌ ഞാന്‍ എണ്റ്റെ ബ്ളോഗില്‍ എഴുതിയിട്ടുണ്ട്‌ )... നമ്മുക്ക്‌ രധേയണ്റ്റെ ഉണ്ണിക്ക്‌ വേണ്ടി ... അവണ്റ്റെ ആത്മശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാം

Anonymous said...

ഹൊ!...ഇതൊക്കെ വായിക്കുമ്പൊ ശരിക്കും എന്താ പറയാന്ന് എനിക്ക് അറിയില്ല. :(

ദിവ (diva) said...

അത് സങ്കടമായല്ലോ :(

മുസാഫിര്‍ said...

രധേയന്‍ ,

പ്രിയപ്പെട്ട അനിയന്‍ നഷ്ടപ്പെട്ടതിന്റെ തീവ്രമായ വേദന പ്രതിഫലിച്ച് കാണുന്നുണ്ടു എഴുത്തില്‍,അതുകൊണ്ടു തന്നെ ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായി.
P.S : kr^shNan എന്നെഴുതിയാല്‍ കൃഷ്ണന്‍ എന്നാകും.

വല്യമ്മായി said...

എന്റെ ജീവിതത്തിലും വേര്‍പാടുകളുടെ വേദന അനുഭവിക്കേണ്ടി വന്നിട്ടുള്ളത് കൊണ്ട് താങ്കളുടെ വിഷമം മനസ്സിലാക്കുന്നു.കാലം മനസ്സിന്റെ എല്ലാ മുറിവുകളേയും മായ്ച്ചു കളയട്ടെ.

Radheyan said...

കാലം ഒന്നും മായ്ക്കെണ്ടാ.ഉണ്ണിക്കണ്ണനെ പോലെ മനസ്സില്‍ കളിക്കട്ടെ.

മുസാഫിര്‍, തിരുത്തിന് നന്ദി.

ദില്‍ബാസുരന്‍ said...

നൊമ്പരപ്പെടുത്തി.

:-(

മുരളി വാളൂര്‍ said...

നന്നായി എന്ന ഒരു വെറും കമന്റില്‍ ഒതുക്കാന്‍ കഴിയുന്നില്ല. മനസ്സു പകുത്തു നടന്നവര്‍ വേര്‍പെടുമ്പോഴുള്ള വേദന വായനയുടെ തലത്തിനേക്കാള്‍ വളരെയധികമായിരിക്കും അനുഭവതലത്തില്‍. ദുഃഖം പകുക്കുന്നു.

ശാലിനി said...

തിരിച്ചുവരാത്ത ഈ യാത്ര - വേര്‍പാട്, വേദനിപ്പിക്കുന്നു.

പ്രിയപ്പെട്ടവരുടെ മരണം, ഇനിയൊരിക്കലും ഈ ഭൂമിയില്‍ അവരെ കാണാന്‍ പറ്റില്ലല്ലോ എന്ന നൊമ്പരമാണ്. പിന്നെ ദൂരെയെവിടെയോ അവര്‍ ഉണ്ട് എന്നു മനസിനെ വിശ്വസിപ്പിച്ച് ആശ്വസിക്കുന്നു.

പാര്‍വതി said...

എന്തെങ്കിലും പറഞ്ഞാല്‍ അവിവേകമാകുമോ എന്ന പേടിയുണ്ട്..എന്നാലും ഒന്നെ മനസ്സില്‍ തോന്നുന്നുള്ളു..ദൈവം തനിക്കിഷ്ടമുള്ളവരൊക്കെ നേരത്തെ തന്നെ തിരിച്ച് വിളിക്കും.അവരിവിടെ കഷ്ടപെടുന്നത് കാണാന്‍ കഴിയാത്തത് കൊണ്ട്.

-പാര്‍വതി.