Wednesday, September 20, 2006

ഹോട്ടല്‍ താജ്-ഒരു മധുപാനസദസ്സിന്റെ ഓര്‍മ്മക്കായി

ഈ കഥ നടന്നത് എന്നാണ് എന്നറിയില്ല.പക്ഷെ ഞാന്‍ ഇത് കേട്ടത് 90കളുടെ ആദ്യ പാദത്തിലാണ്.അമ്പലപ്പുഴയിലെ അച്ഛന്റെ ഒരു കള്ള് സദസ്സാണ് വേദി.സോഡാ വാങ്ങി കൊടുക്കുക,മിക്സ്ച്ചര്‍ തുടങ്ങിയ ടച്ചിംഗസ് വിളമ്പുക,സര്‍വ്വോപരി കുപ്പിയുടെ മൂട്ടിലെ മട്ടെങ്കിലും തരപ്പെടുത്തുക എന്ന ഉദ്ദേശ്ശവുമായി ഞാന്‍ രംഗത്ത് ഒളിച്ചും തെളിഞ്ഞും നില്‍പ്പുണ്ട്.സത്യത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് അവിടെ പൊഴിയുന്ന കഥകളും തമാശകളും ആണ്.

ആ സദസ്സിലേക്ക് പതിവില്ലാത്ത ഒരാള്‍ വരുന്നു. പേര് ചന്ദ്രന്‍ ചേട്ടന്‍. ബാങ്ക് ജീവനക്കാ‍രനാണ്.ഒരരപ്പിരി എവിടെയോ ലൂസല്ലേ എന്നാര്‍ക്കും തോന്നുന്ന മട്ട്.മറ്റുള്ളവര്‍ക്ക് ഒരു ഇരയെ കിട്ടിയ സന്തോഷം.
ഇദ്ദേഹം ആ സദസ്സില്‍ വിളമ്പിയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. ജീവചരിത്ര വിഭാഗത്തില്‍ പെടുത്തണൊ അതോ സഞ്ചാരസാഹിത്യത്തില്‍ പെടുത്തണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ. ഈ കഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേള്‍ക്കുകയാണ് അതിന്റെ രസം.ഇതില്‍ അദ്ദേഹം സാര്‍ എന്ന് സംബോധന ചെയ്യുന്നത് എന്റെ പിതാവിനെയാണ്. കഥ ഇങ്ങനെ:

എന്റെ സാറേ വളരെ കാലത്തെ ഒരാഗ്രഹമാണ് ആഗ്രയിലും ദില്ലിയിലും പോകണം താജ്മഹല്‍ കാണണ,.ദില്ലിയില്‍ താജില്‍ കയറി ഒരു ഡിന്നര്‍ കഴിക്കണമെന്നൊക്കെ ഉള്ളത്. അപ്പോഴാണ് LTC (Leave travel concession) due ആയതും. കാക്കയും വന്നു പനമ്പഴവും വീണു എന്ന് പോലെ.
സകുടുംബം യാത്രക്ക് ഒരുങ്ങി.കുറക്കണ്ട കൈയ്യില്‍ നിന്ന് കുറച്ച് കാശായലും വേണ്ടില്ല, വിമാനത്തില്‍ തന്നെ ആക്കി യാത്ര. തന്റെ ഭാര്യയും കുഞ്ഞുങ്ങളും സീറ്റ് ബെല്‍റ്റൊക്കെ ഇട്ടിരിക്കുന്നത് കണ്ട് എനിക്ക് രോമാഞ്ചം.
ആഗ്രയൊക്കെ കറങ്ങി തിരിച്ച് ദില്ലിയിലെത്തി.താജില്‍ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തൂ.ഡിന്നറിന് പോകാന്‍ ഞാന്‍ ഭാര്യക്ക് ഒരു പട്ട്സാരി വാങ്ങി കൊടുത്തിരുന്നു,മക്കള്‍ക്ക് നല്ല ഉടുപ്പുകള്‍, ഞാനൊരു സഫാരി സ്യുട്ട് തന്നെ ഇട്ടു.ഹോട്ടലുകാര്‍ വിളിച്ച് തന്ന ഏസി അംബാസിഡര്‍ റ്റാക്സിയില്‍ ഞങ്ങള്‍ താ‍ജിലേക്ക് തിരിച്ചു.

താജിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന കുന്തിസ്റ്റ് (കുന്തം പിടിച്ച് നില്‍ക്കുന്ന കാവല്‍ക്കാരന്‍ എന്ന് വിവക്ഷ) ജന്മം ചെയ്താല്‍ അകത്തേക്ക് വിടില്ല. വേണേല്‍ അടുത്തൊരു ന്യൂ താജ് ഉണ്ടത്രേ, അങ്ങോട്ട് വിട്ടോ എന്ന് ഒരു ഉപദേശവും.

എന്റെ സാറെ, ഞാനകത്തേക്കൊന്നു പാളി നോക്കി.അകത്ത് ഇന്ത്യനെന്ന് പറയാന്‍ മാരുതി എസ്റ്റീം കാര്‍ മാത്രം. ബാക്കിയെല്ലാം വിദേശി. ലോണില്‍ കുട്ടികള്‍ ഓടികളിക്കുന്നു.നല്ല തുടുതുടുത്ത കുഞ്ഞുങ്ങള്‍,കവിള്‍ത്തടമൊക്കെ ആപ്പിള്‍ പോലെ ചുവന്ന കുഞ്ഞുങ്ങള്‍.നല്ല മിനുമിനാന്നിരിക്കുന്ന അമ്മമാര്‍ അവരുടെ കൂടെയുണ്ട്.

സാറേ ഞാനൊന്ന് തിരിഞ്ഞു നോക്കി, ഞാന്‍ മുന്തിയ കുപ്പായമൊക്കെ ഇടീച്ച് കൊണ്ടു വന്ന എന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും കണ്ടിട്ട് നമ്മുടെ നാട്ടില് റോഡിലൊക്കെ അലഞ്ഞു നടക്കുന്ന കുളന്തോണ്ടികള്‍ ഇല്ലേ സാര്‍ , പിച്ചക്കാര് അ‍വരെ പോലെ എനിക്ക് തോന്നി.

ചിരിക്കണോ കരയണൊ എന്നറിയതെ ഒരു നിമിഷം സ്തംഭിച്ച് നിന്നു ആ സുരപാനസദസ്സ്.മെല്ലെ ഒരു ചിരി എല്ലാവരിലേക്കും പടര്‍ന്നു കയറി

3 comments:

ഏറനാടന്‍ said...

ഇവിടെയെന്റെ വകതന്നെയാവട്ടെ പ്രഥമ തേങ്ങയുടക്കല്‍..! ഇത്തിരികൂടി തിരുത്തി തമാശ കൊഴുപ്പിക്കാമായിരുന്നുവെന്നെനിക്കൊരു സന്ദേഹം.. ന്നാലും കൊള്ളാട്ടോ.

Rasheed Chalil said...

രാധേയാ... ഇത് കോള്ളാം.

ദിവാസ്വപ്നം said...

രാധേയന്‍ ജീ

നന്നായിട്ടുണ്ട്. ‘കുന്തിസ്റ്റ്‘ കിടിലനാ‍യി

കഴിഞ്ഞ പോസ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാന്‍ നേരം കിട്ടിയില്ല. അങ്ങോട്ട് ചെല്ലട്ടേ...