Saturday, September 16, 2006

കരിഞ്ഞ ഓണാഘോഷം-ദുബായി മോഡല്‍

ഇന്നലെ പതിവ് അവധിയുടെ ആലസ്യത്തിലായിരുന്നു ഞാന്‍,റ്റി വിക്കു മുന്നില്‍ ചടഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ നാട്ടുകാരനും കോളെജ് കാലം മുതല്‍ കൂടെയുള്ള ഒരു ചങ്ങാതി വിളിച്ചത്. “ അളിയാ (ഇത് ഞങ്ങള്‍ ആലപ്പുഴക്കാരുടെ ഒരു പതിവ് വിളിയാ‍ണ്), ദുബായി ആലപ്പുഴ അസോസിയേഷന്‍ ഓണാഘോഷമുണ്ട് ഹോട്ടല്‍ പാം ദയറായില്‍. പോയാല്‍ പഴയകാലത്തെ ചില ചങ്ങാത്തങ്ങള്‍ പുതുക്കാം”
എനിക്കിഷ്ടമല്ല ഈ കൂട്ടയ്മകള്‍,വെറുതെ ജാഡ കാണാന്‍. പ്രസിഡന്റിന്റെ ഭാര്യയുടെ കച്ചിപ്പുടി, സെക്രട്ടറിയുടെ മോന്റെ എല്ലുളുക്കി ഡാന്‍സ്,ഖജാന്‍ജിയുടെ അമ്മായിയമ്മയുടെ ആക്ഷന്‍ സോങ്.
ഏങ്കിലും അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോകാമെന്നു വെച്ചു.ഭാര്യക്ക് തിരക്കൊഴിഞ്ഞ് എന്നെ കിട്ടിയ ദിവസം വടികുത്തി പിരിഞ്ഞതിന്റെ നിരാശ.എങ്കിലും 1 മണിക്കൂറില്‍ മോളെയും കൊണ്ടിറങ്ങി.
ചുട്ടുപൊളികിടന്ന കാറിന്റെ വളയം പിടിച്ച് കൂട്ടുകാരനേയും കുടുംബത്തെയും പൊക്കി 12 മണിയോടെ സംഭവം നടക്കുന്ന ഹോട്ടലില്‍ എത്തി.
ചെന്നപാടെ നമ്മളെ പിടിച്ച് സദ്യക്കിരുത്തി. ഞങ്ങളെ കണ്ടിട്ട് പട്ടിണി ആണെന്നു തോന്നിയൊ ഏന്തൊ.
എന്റെ മുന്നില്‍ തന്നെ പൊങ്ങച്ചത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നു.എന്റെ മുന്നില്‍ സദ്യക്കിരുന്ന ഒരു ഭാരവാഹിണി മറ്റൊരുത്തിയോട് “ ഞങ്ങളുടെ വീട്ടില്‍ ദിവസവും ഇത്രയും കറികള്‍ ഒക്കെ ഉണ്ടാവും, ഓണത്തിനു 15 പേര്‍ ഉണ്ടായിരുന്നു” അപ്പൊള്‍ മറ്റവള്‍ “ഓണത്തിനു പിന്നെ എല്ലാ വീട്ടിലും സദ്യ കാണില്ലേ?”. “ അതല്ല വീട്ടില്‍ എല്ല ദിവസവും ഇത്രയും വിഭവങ്ങള്‍ കാണും”. മറ്റവള്‍ ഒന്നടങ്ങി, പായസമെത്തിയപ്പോള്‍ രണ്ടാമത്തവള്‍ തിരിച്ചടിച്ചു, “വീട്ടില്‍ മിക്കവാറും പായസം വെയ്ക്കും” വെട്ടാന്‍ മറുകാര്‍ഡില്ലാതെ മറ്റവള്‍ ഒന്നു പരുങ്ങി.
ഇതെല്ലാം കേട്ടുതന്നെ പെട്ടെന്നു വയറു നിറഞ്ഞ കൊണ്ട് ഊണ് പെട്ടെന്നു കഴിച്ച് ഞാന്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്കു ചെന്നു.
അവിടെ ഒന്നര വയസ്സുള്ള എന്റെ മോള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയാണ്. ഭാര്യയും ചില പഴയ പരിചയങ്ങള്‍ ഒക്കെ പുതുക്കുന്നു.ചുറ്റുപാടും നോക്കി, സംഭവം പഴയതു തന്നെ, പോഡിയത്തില് ഭാ‍രവാഹികളും ഭാര്യമാരും സന്താനങ്ങളും, കാണാന്‍ ഞങ്ങളെ പോലെ കുറേ കോന്തന്മാരും.

അപ്പൊഴാണ് മൈക്കുമായി ആജിവനാന്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഭാരവാഹി ഇപ്രകാരം ഘോഷിച്ചത്.“നമ്മുടെ പ്രിയ സംഗീതകാരന്‍ M G Radhakrishnan നമ്മുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എത്തുന്നു”. എന്റെ പ്രിയപ്പെട്ട സംഗീതജ്ഞ്ഞനാണ് അദ്ദേഹം.ജ്ഞാ‍നമുള്ളയാള്‍,വന്നെതിനെന്തെങ്കിലും ഉപയോഗമുണ്ടായല്ലൊ എന്നാശ്വസിച്ചു.
അദ്ദേഹം വേദിയെലെത്തി.മൈക്കിന്റെ പേറ്റെന്റ് എടുത്ത മാന്യന്‍ അതു വിടുന്ന ലക്ഷണമില്ല. ക്ലീഷെ സുഖിപ്പിക്കലുകള്‍,സ്വന്തം മകളെ കൊണ്ട് ദക്ഷിണ കൊടിപ്പിക്കല്‍ തുടങ്ങിയ തേഞ്ഞ അഭ്യാസങ്ങള്‍.

ഈ സമയമെല്ലാം എന്റെ പുത്രി ഒരു വശത്ത് കളിച്ച്കണ്ടിരിക്കയാണ്. കളിക്കുന്ന ഉത്സാ‍ഹത്തില്‍ അവള്‍ കൂവുന്നുമുണ്ട്. വിഖ്യത ഗായിക മാധുരിയെ തോല്‍പ്പിക്കുന്ന പിച്ചാണ് എന്റെ സന്താനത്തിന്റെ കൂവലിന്.
M G Radhakrishnan ചേട്ടന്‍ സംസരിച്ച് തുടങ്ങി.പ്രായം ആ സ്വരത്തെ ബാധിച്ചിരിക്കുന്നു.എന്നാലും പാടനുള്ള ആവശ്യം അദ്ദേഹം ചെവിക്കൊണ്ടു. അപ്പോഴാണ് മുന്‍പ് മൈക്ക് തിന്നോണ്ടിരുന്ന വ്യക്തി വേദിയില്‍ നിന്നും ചാടിയിറങ്ങി ഒരാക്രോശം എന്റെ ഭാര്യയോട് “ ഇറങ്ങി പോകൂ ആ കുട്ടിയേയും കൊണ്ട്” ഒരു നിമിഷം അമ്പരന്ന അവളുടെ നേര്‍ക്ക് അയാള്‍ പിന്നേയും കയര്‍ത്തു.കാര്യം മനസ്സിലാകതെ നിന്ന എന്നെയും കടന്ന് പുറത്ത് പോയ എന്റെ പ്രിയപ്പെട്ടവളുടെ കണ്ണില്‍ അപമാനിതയുടെ കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു.
അതൊരു പിന്‍ ഡ്രോപ് നിശബ്ദത നിലനിന്നിരുന്ന ക്ലാസ് റൂമൊ തീയറ്ററോ അല്ല, എല്ലാവരും അത്യാവശ്യം ശബ്ദമൊക്കെ ഉണ്ടാക്കുന്നു. അനവധി ക്ലാസിക്കല്‍ കച്ചേരികള്‍ക്ക് സംഘാടകനായിട്ടുള്ള എനിക്ക് സദസ്സുകളുടെ വ്യത്യാസം നന്നായി അറിയാം. എന്റെ കുഞ്ഞിനെ ഒരു അപശകുനത്തെ പോലെ വെളിയിലാക്കനുള്ള മഹത്വമൊന്നും ആ കൂട്ടായ്മക്കില്ല.
എന്റെ ഭാര്യയുടെ തുളുമ്പിയ കണ്ണീര്‍തുള്ളിയുടെ പിന്‍പറ്റി ഞാനും പുറത്തേക്ക് നടന്നു.
പുറത്തു വെച്ചയളെക്കണ്ടപ്പോള്‍ ഞാന്‍ ഒറ്റ ചോദ്യമേ ചോദിച്ചൊള്ളൂ “ ചേട്ടന്‍ കുട്ടിയിടെ വായില്‍ മൈദ മാവ് ഉരുട്ടി വെച്ചിട്ടാണൊ കുട്ടിക്കാലത്ത് എല്ല ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും കൊണ്ട് പോയി കൊണ്ടിരുന്നത് ”
വീട്ടിലെത്തി നീറ്റായി രണ്ട് ലാര്‍ജ് st.Remy വിട്ടതിനു ശേഷമാണു അസ്വസ്ഥത ഒന്നടങ്ങിയത്.ഇനി മേലാല്‍ ഇതു പോലുള്ള പൊങ്ങച്ച കൂട്ടായ്മകള്‍ക്ക് പോകരുതെന്നൊരു ഉഗ്ര ശപഥവും എടുത്ത ശേഷമാണ് ഇന്നലെ ഉറങ്ങിയത്.

22 comments:

പട്ടേരി l Patteri said...

ദുബായി മോഡെല്‍ എന്നു കണ്ടാണു ഇതു വായിക്കാന്‍ തുടങ്ങിയതു...പക്ഷെ ഒരു കുട്ടിയോടു ഇങ്ങനെ പറഞ്ഞവന്‍ ആരു,,,,,,? മറ്റുള്ളവരൊന്നും പ്രതികരിച്ചില്ലേ? അതോ ഇതു വെറും ഒരു കഥയോ?

ഇടിവാള്‍ said...

ഇതൊക്കെ ഓണ്‍-ദ-സ്പോട്ടിലു വെച്ച് ഡീലു ചെയ്ത്തവസാനിപ്പിക്കേണ്ട കേസല്ലേ...

അലവലാതികള്‍ !

വായീച്ചപ്പോ വിഷമം തോന്നി മാഷേ !

പച്ചാളം : pachalam said...

പോട്ട് ചേട്ടാ സാരമില്ല!
അങ്ങേരെ പറ്റി എന്‍റെ മനസില്‍ നല്ല നല്ല വാക്കുകള്‍ വരുന്നൂ...പക്ഷേ എഴുതുവാന്‍ നിര്‍വാഹമില്ല!
(മനസിലായിക്കാണുമല്ലോ)

ദില്‍ബാസുരന്‍ said...

എന്റെ രാധേയന്‍ ചേട്ടാ,
ആ ഫാരവാഹിയെ മെല്ലെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ”പുന്നാര മോനേ....കുടുംബമായിട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴല്ല ഈ ജാതി ചെറ്റ വര്‍ത്തമാനം പറയുക“ എന്ന് കുശലം പറയുകയും പച്ച,മഞ്ഞ നിറത്തിലുള്ള കിളികളെ കാണാവുന്ന തരത്തില്‍ കവിളില്‍ രണ്ട് തട്ട് തട്ടുകയും ചെയ്യാമായിരുന്നില്ലേ?

ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അടുത്ത ഓണത്തിന് രാവിലെ തന്നെ രണ്ട് ലാര്‍ജടിച്ച് ബാച്ചിലറായി ഈ വക പരിപാടികളില്‍ പങ്കെടുത്ത് നോക്കൂ. അപ്പോളറിയാം ഈ വക പരിപാടികളുടെ രസം. :)

മുസാഫിര്‍ said...

മാഷെ ,
ഇതു വായിച്ചിട്ടു നടന്നതാണെന്നു തോന്നുന്നു.
ദില്‍ബു പറഞ്ഞതിനോടു യോജിക്കുന്നു.പക്ഷെ അപ്പൊഴത്തെ അവസ്തയില്‍ ഒന്നും പറയാന്‍ തോന്നിക്കാണുകയില്ല അല്ലെ.

പാര്‍വതി said...

ഒന്ന് വന്നേന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഒരു വശത്ത് കൊണ്ട് പോയി നാട്ടില്‍ പ്രചാരത്തിലുള്ള രണ്ട് തട്ടും അവന്റെ പള്ളയ്ക്ക് രണ്ട് കൊട്ടും കൊടുക്കാനുള്ള മൂഡാണ് എനിക്ക്..

എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെയാണ് ഇത് പോലുള്ള നശൂലങ്ങളെ പേടിച്ച് എങ്ങും പോവില്ലെന്ന് ശപഥം ചെയ്യുന്നത്.പൊങ്ങച്ച സഞ്ചികളില്ലത്ത ലോകങ്ങളും ഉണ്ടാവില്ലേ..

-പാര്‍വതി

ഇത്തിരിവെട്ടം|Ithiri said...

രാധേയരേ. ഇതിന് ഇടിവാള്‍ജീ പറഞ്ഞത് തന്നെ സ്ഥായിയായ പരിഹാരം.

കൈപ്പള്ളി said...

ഇവന് അര്? വണ്ടിയുടെ നമ്പർ തരു? പല പരിപാടികൾ ഉണ്ട്.

വല്യമ്മായി said...

ഹൈപര്‍ ആക്റ്റീവായ എന്റെ മോന്റെ പഠിപ്പിനെ കുറിച്ചറിയാന്‍ വിളിച്ചപ്പോള്‍ റ്റീച്ചര്‍:അവന്റെ കാര്യം വീട്ടില്‍ പറഞ്ഞ് ഞാനും എന്റെ കുട്ടികളും എന്നും ചിരിക്കാറുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ ഒരു പാട് അഭിമുഖീകരിച്ചുട്ടള്ളത് കൊണ്ട് നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകുന്നു.കൈപ്പള്ളി പറഞ്ഞ പോലെ പേരും വിവരവും കിട്ടിയാല്‍ നന്നായിരുന്നു.

ദേവന്‍ said...

രാധേയാ,
റിബ്ബണ്‍ തുന്നിയ ബാഡ്ജ്‌ കുത്തിയ മീശാധരന്മാരുള്ള ഒരിടത്തും പോകരുത്‌ ഗള്‍ഫില്‍. ഇവന്‍ നാട്ടില്‍ ഷാപ്പു മുറ്റത്ത്‌ ചാരായോണാഘോഷം നടത്തുന്ന കുഴിത്തറ സാധനത്തെ ടക്സിലോ കസവുമൂണ്ടിലോ പൊതിഞ്ഞു വച്ചതാണ്‌.

കസവു സെറ്റും മുണ്ടും ഉടുത്ത കുടവയറു കൊച്ചമ്മമാരുടെ ഇടയിലേക്ക്‌ സ്വന്തം ഭാര്യയെ പറഞ്ഞു വിടാന്‍ ഭാവമുണ്ടെങ്കില്‍ ഒന്നുകില്‍ അവര്‍ "എന്റെ മാല, എന്റെ ഫ്ലാറ്റ്‌, എന്റെ ബെന്‍സ്‌" ജാഡകളെ കൊന്നു കൊലവിളിക്കാനുള്ള കെല്‍പ്പുള്ളവര്‍ ആണെന്ന് ഉറപ്പു വരുത്തണം, അല്ലെങ്കില്‍ ഇതിനെക്കാള്‍ വലുത്‌ പറഞ്ഞു രസിക്കുന്ന സ്ത്രീ ആയിരിക്കണം.

പ്രൊഫൈലും കൂടി കണ്ടതുകൊണ്ട്‌ :
ഇന്‍സ്റ്റിറ്റ്യൂട്ട്‌ ദുബൈ ചാപ്റ്ററില്‍ പോകുമ്പോള്‍ ബി എം ഡബ്ല്യു 740 2005+ മോഡല്‍ വേണം. സ്വന്തമായി ഇല്ലെങ്കില്‍ ത്രിഫ്റ്റിയിലോ ഡയമണ്ടിലോ ഒരു ദിവസത്തേക്ക്‌ വാടകക്കു കിട്ടും. മലയാളം പറയരുത്‌. പറ്റുമെങ്കില്‍ ചിരിക്കുകയേ ചെയ്യരുത്‌. കുപ്പായം: ആല്‍ബര്‍ട്ടോ കുമ്മാട്ടി, ചെരുപ്പ്‌: കമ്മാരന്‍ പഞ്ചിഞ്ചി ഇങ്ങനെ ഒക്കെ വല്ലാത്ത പേരുള്ള കടകളില്‍ നിന്നും വാങ്ങിയതായിരിക്കണമെന്ന് നിര്‍ബ്ബന്ധമാണ്‌.

ഓ ടോ:
ഇമ്മാതിരി പാഴാഘോഷം മാത്രമല്ല ഇവിടെ നടക്കാറ്‌. ഒരു സാമ്പിള്‍ ഇതാ!
യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമം

Radheyan said...

ഇതു കഥയല്ല,മിനിഞ്ഞാന്ന് നടന്ന സംഭവമാണ്,എന്തായാലും നിങ്ങളുടെ എല്ലാം സാന്ത്വനങ്ങള്‍ക്ക് നന്ദി,ഡംഭിന്റെ സോപ് കുമിളകള്‍ പൊട്ടുമ്പോള്‍ മാത്രമേ സംസ്ക്കാരം എന്ന വാക്കിന് പ്രസക്തിയുള്ളൂ.

മറ്റെവിടെയും പ്രദര്‍ശിപ്പിക്കാത്ത എന്റെ രോഷം ഇവിടെ എഴുതാമെന്നു വിചരിച്ചതും ഈ പിന്തുണ പ്രതീക്ഷിച്ച് തന്നെ.പലരും ഹിപൊക്രിസി ഇല്ലതെ തുറന്നെഴുതുന്ന രീതി,കത്തി വെക്കാന്‍ എഡിറ്റര്‍ ഇല്ല എന്ന ആശ്വാസം പലതും ഈ വേദിയെ അനന്യമാക്കുന്നു.
ഓണ്‍-ദ-സ്പോട്ടിലു ഡീല്‍ ചെയ്തു തന്നാണ് ശീലം.പക്ഷെ വേദിയിലുള്ള MG Radhakrishnan ഞാന്‍ വളരെ ബഹുമാനിക്കുന്ന ആളാണ്.അദ്ദെഹത്തിനു അലോസരമുണ്ടാക്കേണ്ട എന്നു കരുതി.അല്ലേല്‍ കുറവന്തോട് മാര്‍ക്കറ്റില്‍ മീന്‍ കാരോടും ലോഡിങ്ങ് തൊഴിലാളികളോടും തായം കളിച്ച്
പഠിച്ച എന്നൊട് തണ്ടി ഒക്കുകേല ഒരു തരവഴിക്കും.
ദുബായിലെങ്കിലും അല്പം ഡീസന്റാവം എന്നു വെച്ചാല്‍ സമ്മതിക്കുകേലെങ്കില്‍....

പിന്നെ ദില്‍ബു, ആ ബാച്ചിലര്‍ കൂട്ടയ്മയുടെ സുഖം ഇപ്പൊളുമുണ്ട് കുട്ടാ മനസ്സിലെങ്കിലും;6 ദിവസവും വീട്ടില്‍ തന്നെ ഇരിക്കുന്ന ഭാര്യയെയും കുട്ടിയെയും കൂടി കരുതിയാണ് ഇതിന് പോയത്.

പാര്‍വതി പറഞ്ഞതും ശരിതന്നെ. എലിയെ പേടിക്കെണ്ട കാര്യം തന്നെ ഇല്ല,പിന്നെന്തിനാ അല്ലെ ഇല്ലം ചുടുന്നത്
ഒരിക്കല്‍ കൂടി ഐക്യദാര്‍ഡ്യങ്ങള്‍ക്ക് നന്ദി

വക്കാരിമഷ്‌ടാ said...

രാധേയാ, വായിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി. ഭാര്യയും കുഞ്ഞും പോലെ വേണ്ടപ്പെട്ടവര്‍ മറ്റുള്ളവരുടെ മുന്നില്‍ അപമാനിതരാവുക എന്ന് പറഞ്ഞാല്‍ അത് വല്ലാത്തൊരു അനുഭവം തന്നെ. അങ്ങിനെ ചെയ്യാതിരിക്കാന്‍ അയാള്‍ക്ക് തോന്നാതിരുന്നത് അയാളുടെ സംസ്കാരം. ഇപ്പോള്‍ അയാളെ കാണുകപോലും ചെയ്യാത്ത എത്രയോ ആള്‍ക്കാര്‍ അയാളെ വെറുക്കുന്നു-അതുതന്നെ അയാള്‍ക്കുള്ള ശിക്ഷ.

എന്നിട്ടും താങ്കള്‍ സംയമനം വെടിഞ്ഞില്ലല്ലോ. അ‌ത് വലിയ കാര്യം തന്നെ.

ശരിക്കും പറഞ്ഞാല്‍ ഇത്തരത്തിലുള്ള കഥകളൊക്കെ വായിക്കുമ്പോള്‍ ഇങ്ങിനത്തെ ആള്‍ക്കാര്‍ കാണില്ല എന്നായിരുന്നു വിചാരം. അത് മാറി. ഇത്തരക്കാര്‍ പച്ചയായി നമ്മുടെയിടയിലുണ്ട്. ശബ്‌ദം അലസോരമുണ്ടാക്കുന്നുണ്ടായിരുന്നെങ്കില്‍ പറയേണ്ട രീതിയില്‍ അയാള്‍ക്ക് പറയാമായിരുന്നു. ഒരു അമ്മയോടാണ് പറയുന്നത്, ഒരു കുഞ്ഞിനെപ്പറ്റിയാണ് പറയുന്നത് എന്നൊക്കെ അയാള്‍ ഓര്‍ക്കണമായിരുന്നു-പ്രത്യേകിച്ചും ഉത്തരവാദിത്തപ്പെട്ട (?) ഒരു സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയില്‍. തന്റെ പ്രവര്‍ത്തിമൂലം ഒരു കുടുംബത്തെ അയാള്‍ വേദനിപ്പിച്ചു. അത് അയാളുടെ സംസ്കാരം. അയാള്‍തന്നെ അതിന്റെ ഉത്തരവാദി.

താങ്കളുടെ വിഷമത്തില്‍ പങ്ക് ചേരുന്നു.

അഗ്രജന്‍ said...

താങ്കളുടെ വിഷമത്തില്‍ പങ്ക് ചേരുന്നു.

പാര്‍വ്വതി പറഞ്ഞത് പോലെ എലിയേ പേടിച്ചില്ലം ചുടരുത്.

വിശാല മനസ്കന്‍ said...

‘വൃത്തികെട്ടവന്‍!‘

‘ഡാ ഡാ എന്ത്യേ..രാ’ എന്നെങ്കിലും പറയാമായിരുന്നൂ.ട്ടാ.

കുഞ്ഞാപ്പു said...

ഞാനു വായിച്ചു സ്ങ്കടം തോന്നി. അതെല്ലാവര്‍ക്കും തോന്നിയതാണല്ലോ.. പക്ഷെ ഒരു കുട്ടിയോടു ഇങ്ങിനെ പെരുമറിയവനേ ഒരു മലപ്പുറം ശൈലിയില്‍ അപ്പോള്‍ തന്നെ പെറുമാറണമായിരുന്നു.
മലപ്പുറം ശൈലിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടാവും എന്നതിനാല്‍ പിന്നെ രാധേയന്‍ ചേട്ടന്‍ എടുത്ത ഉഗ്ര ശപഥം അവന്‍ തനിയെ എടുക്കുമായിരുന്നു. അല്ലെങ്കില്‍ എടുപ്പിക്കണമായിരുന്നു,
എനിക്കിപ്പോള്‍ ഒരു ഇര മിസ്സായതിന്റെ നഷ്ടബോധം തോന്നുന്നു.

ചന്തു said...

രാധേയാ ഒരു ‘കോട്ട്’ ധരിച്ചു എവിടെയും എന്തും വിളംബ്ബാം എന്ന അഹങ്കാരം കൊന്റു നടക്കുന്ന ‘ബാരവാഹികളാണ്’ ഗള്‍ഫില്‍ കൂടുതലും ഉള്ളത്.അവന്മാരെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പമാണ് ‘പോത്തിനു‘ ഡിഗ്രിക്കു ട്യൂഷന്‍ എടുക്കുന്നത്!

മുരളി വാളൂര്‍ said...

പതുക്കനെ ആരും കാണാണ്ട്‌ ജ്ജ്‌ ഒരു പൂശാ പൂശ്യാപ്പിന്നെ ഓന്‍ മിണ്ട്വാ?

കലേഷ്‌ കുമാര്‍ said...

പ്രിയ രാധേയാ,
ഞാന്‍ കലേഷ്. ഉം അല്‍ കുവൈനില്‍ താമസിക്കുന്നു. താങ്കളുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ്.
വായിച്ചു. ശരിക്കും വിഷമം തോന്നി.
സ്പോട്ടില്‍ സംയമനം വിടാഞ്ഞത് ശ്ലാഖനീയം - അത് എല്ലാവരേയും കൊണ്ട് പറ്റിയെന്ന് വരില്ല.
പക്ഷേ, ആ സംഘാടകനാറിയെ അങ്ങനെ വിട്ടത് ശരിയായില്ല.
ഇങ്ങനത്തെ പൊങ്ങച്ചക്കൂട്ടായ്മകള്‍ക്ക് പോകുമ്പോള്‍ 2 എണ്ണം അഡ്വാന്‍സാ‍യിട്ട് വിട്ടിട്ട് വേണം പോകാനെന്നാണെന്റെ അഭിപ്രായം.

സാ‍രമില്ല. അടുത്ത ഇമാറാത്ത് ബൂലോഗക്കൂട്ടായ്മയില്‍ നമ്മുക്കിതിന്റെ ക്ഷീണം തീര്‍ത്തുകളയാം. പുലികളൊക്കെ നാട്ടീന്ന് എത്തീട്ടുണ്ട്.

InjiPennu said...

ഇത് ഭയങ്കര കഷ്ടം ആയിപ്പോയി. തെറിയല്ല, പക്ഷെ മാന്യമായി തന്നെ തിരിച്ച് അവരോട് സംസാരിക്കാഞ്ഞതും കഷ്ടമായിപ്പോയി. അവരുടെ അടുത്തൂന്ന് ഒരു സോറി എങ്കിലും മേടിച്ചിട്ടേ പോരാവായിരുന്നുള്ളൂ.

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോള്‍ വിഷമിച്ചു പോയി.ഞാനും ഒരു ദിവസം ഫാമിലിയായി ഇതുപോലെ ഒരലൂമിനിയുടെ ഓണാഘോഷത്തിനു പോയി അയല്‍വാസി ആലീസിന്റെ കെയറോഫില്‍. മനുഷ്യമനസ്സിന്റെ എല്ലാ തിന്മയുടെയും മിനിയേച്ചര്‍ ഞാന്‍ അന്നവിടെ കണ്ടു. ഞങ്ങള്‍ക്കറിയാവുന്ന ആലീസു പോലും വല്ലാതെ വീര്‍ത്തു പൊട്ടാനായതു കണ്ട്‌ സാബി പറഞ്ഞു, "നമുക്ക്‌ പോകാം ഇതു നമുക്കു പറഞ്ഞതല്ല. ആ ഓര്‍മ്മ മനസ്സിലുണ്ടായതിനാല്‍ എന്റെ ഓണമെത്തുമ്പോള്‍... എന്ന കഥയില്‍ ഉപരിവര്‍ഗ്ഗ NRK കളുടെ (എല്ലാരുമില്ല ചുരുക്കം ചില പുത്തന്‍ പണക്കാര്‍) ജാഢയെക്കുറിച്ചെഴുതിയിരുന്നു.

അതിനു ശേഷം ഞങ്ങള്‍ കമ്പനിയിലെ തൊഴിലാളികളുടെ ഓണാഘോഷങ്ങള്‍ക്കാണ്‌ പോയിരുന്നത്‌. ഇപ്പാവശ്യത്തെ അവരുടെ ഓണാഘോഷം, ഞാന്‍ വിഡിയോ സി.ഡിയാക്കി, അതില്‍ നാട്ടില്‍ നിന്നു മോള്‍ അയച്ചു തന്ന അവള്‍ അത്തപ്പൂക്കളമിടുന്ന ക്ലിപ്പും,നാട്ടിലെ ക്ലബ്ബിന്റെ കുടമടി മത്‌സരവും ചേര്‍ത്ത്‌ ഒരു മൊമെന്റോ പോലെ എല്ലാര്‍ക്കും ഓരോ കോപ്പി കൊടുത്തു. അവര്‍ക്കൊക്കെ വളരെ സന്തോഷമായി. എനിക്കീ ഓണം മറക്കാനാവാത്ത ഒരനുഭവവുമായി.

saptavarnangal said...

സാരമില്ല രാധേയാ.
അയാള്‍ക്ക് മര്യാദയ്ക്കു കാര്യം പറയാമായിരുന്നു. കുട്ടികള്‍ കരയും കൂവും, അതിന് അങ്ങനെ കയര്‍ക്കേണ്ട കാര്യം ഇല്ല.
അത്രയ്ക്കു ഗംഭീര കച്ചേരി ആണെങ്കില്‍ ക്ഷണക്കത്തില്‍ എഴുതി ചേര്‍ക്കണം, ഇത്ര പ്രായത്തില്‍ താഴെയുള്ള കുട്ടീകളെ കൊണ്ടു വരരുത് എന്ന്!

ശിശു said...

പ്രിയ രാധേയാ.. തങ്കളുടെ ആത്മ നൊമ്പരത്തില്‍ പങ്കുചേരുന്നു.. മുന്നെ വന്നവര്‍ പറഞ്ഞതുപോലെ ആ മാന്യ 'ബാരംതാങ്ങി'യെ ഇപ്പോളെത്രവ്യക്തികള്‍ വെറുക്കുന്നു?. അവിടെവെച്ച്‌ പ്രതികരിക്കണമായിരുന്നു എന്നതിനോട്‌ ശിശുവിന്‌ യോജിപ്പില്ല, എങ്കില്‍പ്പിന്നെ അവനും നാമും തമ്മിലുള്ള വ്യത്യാസമെന്ത്‌?
ഈ കുറിപ്പ്‌ അതിനുള്ള ഒന്നാന്തരം പ്രതികരണം തന്നെയാണ്‌, അതു തന്നെയാണ്‌ അവനുള്ള ശിക്ഷയും..
ശിശു വസിക്കുന്ന ഈ കാട്ടിലും അവസ്ഥ വ്യത്യസ്ഥമൊന്നുമല്ല, പുറത്തിറങ്ങാതെ ജീവിതത്തിലാദ്യമായ്‌ ഓണം കഴിച്ചുകൂട്ടി, കാരണം ഇത്തരക്കാരെ ഭയമുള്ളതിനാല്‍, പിന്നെ കഴിവുള്ള പലരേയും മാറ്റിനിര്‍ത്തികൊണ്ടുള്ള ഇവരുടെ തേരോട്ടം കാണതെയുമിരിക്കമല്ലോ..