Wednesday, July 16, 2008

ചില ആണവ സംശയങ്ങള്‍

കഴിഞ്ഞ പോസ്റ്റില്‍ ആണവകരാറിന്റെ രാഷ്ട്രീയം ആണ് ഞാന്‍ പരാമര്‍ശിച്ചിരുന്നത്. ഇത്തവണ കരാറിനെ കുറിച്ച് പരിമിതമായി മാത്രം മനസ്സിലാകിയ ശേഷം ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അറിയാവുന്നവര്‍ ഉത്തരം പറയുക.

ദില്ലിയിലെ രാഷ്ട്രീയം ഈ പോസ്റ്റിന്റെ പരാമര്‍ശവിഷയമല്ല. എന്നാല്‍ ലോക ആണവരാഷ്ട്രീയം ഇതിലുണ്ട് എന്ന് അംഗീകരിക്കുന്നു.



1. ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമാണോ? അമേരിക്ക (ലോകം) അത് അംഗീകരിക്കുന്നുണ്ടോ?

2. അമേരിക്കന്‍ ആണവ ആക്റ്റിന്റെ (1954)സെക്ഷന്‍ 123 പ്രകാരം അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യവുമായി കരാര്‍ അനുവദിക്കുന്നുണ്ടോ? അതിനാലല്ലേ അതിന് പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ഹൈഡ് ആക്റ്റ് നിര്‍മ്മിച്ചത്.അപ്പോള്‍ ഹൈഡ് ആക്റ്റ് ഇന്ത്യക്ക് ബാധകമാകില്ല എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ? ഹൈഡ് ആക്റ്റ് ഇല്ലെങ്കില്‍ സെക്ഷന്‍ 123 2(1) പ്രകാരം അമേരിക്കക്ക് എന്‍.പി.റ്റി ഒപ്പിടാത്ത രാജ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഹൈഡ് ആക്റ്റ് നമ്മുക്ക് ബാധകമാണ്.

3. ഹൈഡ് ആക്റ്റ് പ്രകാരം ഏഷ്യയിലെ ആണവ നിര്‍വ്യാപനത്തിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്‍‌തുണക്കണം.എന്നു വെച്ചാല്‍ ഏത് പട്ടിയെയും പേപ്പട്ടി എന്ന് വിളിച്ച് അമേരിക്ക ആക്രമിക്കുമ്പോള്‍ നാം മുഴുത്ത കല്ലുമെടുത്ത് കൂടെ ചെല്ലണം.ഇറാക്കില്‍ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ന്യായം പൊസഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ആയിരുന്നു.യുദ്ധശേഷം ഒരു ആസിഡ് ബള്‍ബെങ്കിലും കിട്ടിയോ?

4. ചൈന ഈ കരാറില്‍ ഒപ്പ് വെച്ചു എന്നു പറയുന്നവര്‍ ഒരു സംഗതിക്ക് ഉത്തരം പറയണം.ചൈനക്ക് ആണവായുധ പദവി കിട്ടി.അത് അംഗീകരിച്ച ഒരു കരാറില്‍ ആണ് അവര്‍ ഏര്‍പ്പെട്ടത്.എന്നാല്‍ ആണവയുധ ശേഷി നേടിയ ഇന്ത്യ ഇപ്പോഴും ലൈസന്‍സില്ലാത്ത വെടിക്കാരന്‍ തന്നെയാണ്.ഇന്ത്യയെ ആണവരാജ്യമായി അംഗീകരിക്കുക,അതിനു ശേഷം ഇന്ത്യ എന്‍.പി.റ്റി ഒപ്പിടുക,അതിനു ശേഷം സെക്ഷന്‍ 123 പ്രകാരം ഇന്ത്യയുമായി ഡീല്‍ ചെയ്യുക, ഇതല്ലായിരുന്നുവോ വേണ്ടത്? അപ്പോള്‍ ഹൈഡ് ആക്റ്റിന്റെ ഈ ഡെമോക്ലസിന്റെ വാള്‍ നമ്മുക്ക് മുകളില്‍ തൂങ്ങുമായിരുന്നുവോ? ആണവരാജ്യമെന്ന നിലയില്‍ ചൈനക്ക് ഹൈഡ് ആക്റ്റ് ബാധകമല്ല.

5.എന്ത് കൊണ്ട് ഇത്ര നാള്‍ നാം എന്‍.പി.റ്റി. ഒപ്പിട്ടില്ല? നമ്മുക്ക് ആണവായുധരാജ്യം എന്ന പദവി വക വെച്ച് തരാത്തത് കൊണ്ടല്ലേ? ഇപ്പോള്‍ അത് വക വെച്ച് തരുന്നുണ്ടോ?

6.എന്‍.പിറ്റി. ഒപ്പിടാത്തതിന് നാം പറഞ്ഞ ന്യായം ചില രാജ്യങ്ങള്‍ക്ക് (അമേരിക്ക,റഷ്യ,ഫ്രാന്‍സ്,ബ്രിട്ടന്‍,ചൈന) ആണവായുധ പദവി വകവെച്ച് നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിന് ശേഷി (ഇന്ത്യ,പാകിസ്ഥാന്‍) ഉണ്ടെങ്കില്‍ കൂടി അത് നല്‍കാത്തത് വിവേചനമാണ് എന്നല്ലേ? ആ പൊസിഷന്‍ ഇപ്പോള്‍ മാറിയോ?

7. ഇന്ത്യയില്‍ ധാരാളമുള്ള തോറിയം ഉപയോഗിക്കുന്നില്ല, മുന്‍പ് നാം പണചിലവ് ഏറെ എന്ന് പറഞ്ഞ് 1990ല്‍ (മന്‍‌മോഹനിസത്തിന്റെ തുടക്കകാലത്തില്‍)നിര്‍ത്തി വെച്ച റിയാക്ടറുകളെക്കാള്‍ ചിലവ് കൂടിയവ വാങ്ങുന്നു,സാങ്കേതിക വിദ്യ കൈമാറുന്നില്ല തൂടങ്ങിയ ആരോപണങ്ങള്‍ വേറെ. ഇത് ശരിയാണോ എന്ന് ഫിസിക്സ് അറിയാവുന്നവര്‍ പറയുക

8.നിശ്ചിത കാലത്തിനുള്ളീല്‍ 40 ആണവറിയാക്റ്ററുകള്‍ വാങ്ങിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോ?

15 comments:

Radheyan said...

ചോദ്യങ്ങള്‍ പാപം, പൊരുത്തപ്പെടലാണ് പുണ്യമെന്ന് രാജന്‍ ഗുരുക്കള്‍ സാര്‍(ഗുരുക്കള്‍ സാര്‍,പുനരുക്തി ദോഷം??)

എങ്കിലും ചോദ്യങ്ങള്‍ കാമം പോലെ. അടക്കിയിട്ടും അടങ്ങുന്നില്ല.

N.J Joju said...

കൊള്ളാം, നല്ല ഉദ്ദ്യമം
ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിയ്ക്കുന്നു.

ചതുര്‍മാനങ്ങള്‍ said...

താങ്കളുടെ രണ്ടാമത്തെ സംശയമാണു ഏറ്റവും പ്രസക്തമായി എനിക്കു തോന്നിയതു. രണ്ടാമത്തെ സംശയത്തെ ചുറ്റിപ്പറ്റിയാണു പിന്നീടുള്ള സംശയങ്ങളെല്ലാം.

പക്ഷേ രണ്ടാമത്തെ സംശയം തന്നെ ഒട്ടും ക്ലിയര്‍ അല്ല. 1954 ലെ അമേരി‍ക്കന്‍ ആണവ ആക്ടില്‍ 1968-ല്‍ ഒപ്പിട്ടുതുടങ്ങിയ N.P. T-യെക്കുറിച്ചു പരാമര്‍ശം ഉണ്ടോ?

Joker said...

The precise contours of the bilateral cooperation agreement — called the `123 agreement' after Section 123 of the U.S. Atomic Energy Act — are important because the U.S. is still trying to withhold "full" civilian nuclear cooperation from India on three major fronts. The Hyde Act excludes the sale of equipment related to enrichment, reprocessing, and heavy water production to India, and the White House also insists India will not be given prior consent to reprocess spent fuel produced from American-origin equipment or low-enriched uranium (LEU). Thirdly, the U.S. side does not want India to be able to stockpile nuclear fuel.

Pls read
http://www.hindu.com/2007/03/24/stories/2007032402551000.htm

----The Hindu ---

Radheyan said...

എനിക്ക് വ്യക്തമല്ല.ചിലപ്പോള്‍ 1954ലെ ആക്റ്റ് അമന്‍ഡ് ചെയ്തിരിക്കും.

ഇതേ ചോദ്യങ്ങള്‍ അല്ലെങ്കില്‍ ഇതുമായി സാമ്യമുള്ളവ പലരും ചോദിച്ചു കണ്ടു.

ഒന്നുറപ്പാണ് 123 സെക്ഷന്‍ പ്രകാരമുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റിന് ഏര്‍പ്പെടണമെങ്കില്‍ ഹൈഡ് ആക്റ്റിലൂടെ മാത്രമേ സാധിക്കൂ.അത് പ്രണബ് മുഖര്‍ജിയും സമ്മതിക്കുന്നുണ്ട്.അവര്‍ പറയുന്നത് അത് അമേരിക്കയില്‍ മാത്രം പ്രസക്തമായ നിയമമാണെന്നാണ്.പക്ഷെ അതില്‍ പറഞ്ഞിരിക്കുന്നത് മുഴുവന്‍ അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടുന്ന രാജ്യം പാലിക്കും എന്ന് അമേരിക്ക ഉറപ്പ് വരുത്തേണ്ട നിയമങ്ങളും.നേരെ പറഞ്ഞാല്‍ ഇന്ത്യ പലിക്കേണ്ട നിയമങ്ങള്‍ എന്ന് അര്‍ത്ഥം.

ചൈനയടക്കം ആണവാ‍യുധ രാജ്യങ്ങള്‍ ഇന്ത്യ ഈ കരാറില്‍ ഒപ്പിടുന്നതാണ് ഇഷ്ടപ്പെടുക.സ്വാഭാവികമായി ഇന്ത്യക്ക് അംഗീകൃത ആണവായുധ രാജ്യമെന്ന പദവി നഷ്ടപ്പെടും,അല്ലെങ്കില്‍ ആ ക്ലെയിം എന്നേന്നേക്കുമായി വെച്ച് പൂട്ടേണ്ടി വരും.ഇടതു പക്ഷം ഇവിടെ എടുക്കുന്ന നിലപാട് ചൈനക്ക് അനുഗുണമല്ല എന്ന് ഞാന്‍ മുന്‍പ് പറയാന്‍ കാരണമതാണ്.

The Prophet Of Frivolity said...

ആകെ മൊത്തം ചോദ്യങ്ങളില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തോന്നുന്നത് മൂന്നാമത്തേതാണ്. എന്തുകൊണ്ട് അങ്ങനെ എന്നതിന്നുത്തരം ഞാന്‍ കാലഹരണപ്പെട്ട മനസ്സുള്ളവനാണെന്നതാവും. ഇങ്ങനെ ആലോചിക്കുക. ഹൈഡ് നിയമപ്രകാരം ഇന്ത്യ മുഴുത്ത കല്ലുമെടുത്ത് അമേരിക്കപോകുന്നതിന്ന് പിറകെ പോകണം എന്നുതന്നെ വെയ്ക്കുക. എന്താണ് പ്രശ്നം? ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ പിന്നെ ഏഷ്യയില്‍ ‘രാജ്യങ്ങള്‍‘ വല്ലതും ബാ‍ക്കിയുണ്ടോ? പങ്കജ് മിശ്ര പറയുന്നത് പോലെ താന്‍ കണ്ടെത്തിയ മൂല്യങ്ങള്‍ അവസാനത്തെ വാക്കാണെന്നും, മനുഷ്യരാശിയെ അതിനനുകൂലമായി മാറ്റിയെടുക്കണമെന്നും ഉറച്ചുവിശ്വസിക്കുന്നുവെന്നത് പാശ്ചാത്യരാജ്യങ്ങളുടെ അസ്ഥിയോളം ആഴത്തിലുള്ള വിശ്വാസമാണ്. ചരിത്രപരമായ വിശ്വാസം. അപ്പോ പൌരസ്ത്യര്‍ എന്നു പറയുന്നത് അസംസ്കൃതവസ്തു മാത്രമാണ്. ആണവക്കരാര്‍ എന്നത് ഇന്ത്യയുമായുള്ള ബാന്ധവത്തിന്റെ വെറും തുഞ്ചം മാത്രമാണ്. അത് പാശ്ചാത്യമനസ്സുകള്‍ക്ക്(പാശ്ചാത്യമെന്നത് ചരിത്രപരമായി അമേരിക്കനല്ലെങ്കിലും ഇന്നതാണെന്നത്) ഇന്ത്യയോട് വന്ന മാറ്റത്തിന്റെ ദൃഷ്ടാന്തമായി എനിക്കു തോന്നുന്നു. വീണ്ടും അമേരിക്കയുടെ പിറകെ പോയാലെന്ത് എന്നതിലേക്ക്. ഉദാഹരണമായി ഇറാന്‍ എന്ന രാജ്യമെടുക്കുക. അമേരിക്ക ഇറാനെ അക്രമിക്കുന്നു, നമ്മള്‍ അതില്‍ സഹകരിക്കുന്നു. എന്താണ് പ്രശ്നം? ഞാന്‍ ചോദിക്കുന്നത് ഇന്ത്യയെന്ന രാജ്യത്തിന്ന് എന്താണ് പ്രശ്നം? അതാണ് കാതല്‍. ഇവിടെ നമ്മള്‍ മറ്റ് വഴികളെല്ലാമടഞ്ഞ് ധാര്‍മ്മികത എന്ന സംജ്ഞയിലെത്തും. അടുത്ത ചോദ്യമെന്നത് വളരെലളിതമാണ്; ധാര്‍മ്മികതയ്ക്ക് എന്ത് വില മാഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍. ഒന്നാലോചിച്ചുനോക്കു? കാന്റിനുമുകളില്‍ അയന്‍ റാന്റ് നേടിയ വിജയത്തിന്റെ കഥയാണ് നമ്മുടെ കാലത്തിന്റെ കഥ. അത് തടുക്കാനാവില്ല, അതോര്‍ത്ത് കരയാം. പ്രവാചകന്റെ വഴിയില്‍ ഇതിഹാസകാരന്‍ ഒരു കഥാപത്രത്തെക്കൊണ്ട് പറയിക്കുന്നില്ലേ, ഇന്ത്യ തങ്ങളുടേതെന്നവകാശപ്പെടുന്ന ഭൂമിയില്‍ നിന്നും ചൈന കാലങ്ങളായി കരം പിരിക്കാറുണ്ടെന്ന്? കാലഘട്ടത്തിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് മനസ്സിനെ പാകപ്പെടുത്താത്തവര്‍ക്ക് ഏതെങ്കിലും പുസ്തകത്തിലെ കഥാപാത്രമായി ഒതുങ്ങാം. അത്ര തന്നെ. ലിസ്റ്റ് വേണമെങ്കില്‍ തരാം. :)

ചതുര്‍മാനങ്ങള്‍ said...

ഒന്നാമത്തെ ചോദ്യത്തിനു താങ്കള്‍ തന്നെ ഉത്തരം നന്നായി പറഞ്ഞു കഴിഞ്ഞു.

“ചൈനയടക്കം ആണവാ‍യുധ രാജ്യങ്ങള്‍ ഇന്ത്യ ഈ കരാറില്‍ ഒപ്പിടുന്നതാണ് ഇഷ്ടപ്പെടുക.സ്വാഭാവികമായി ഇന്ത്യക്ക് അംഗീകൃത ആണവായുധ രാജ്യമെന്ന പദവി നഷ്ടപ്പെടും,അല്ലെങ്കില്‍ ആ ക്ലെയിം എന്നേന്നേക്കുമായി വെച്ച് പൂട്ടേണ്ടി വരും.ഇടതു പക്ഷം ഇവിടെ എടുക്കുന്ന നിലപാട് ചൈനക്ക് അനുഗുണമല്ല എന്ന് ഞാന്‍ മുന്‍പ് പറയാന്‍ കാരണമതാണ്“.

താങ്കളുടെ തന്നെ ഈ മറുപടിയും 4,5,6 ചോദ്യങ്ങളില്‍ താങ്കളുടെ പരാമര്‍ശങ്ങള്‍ കൂടി കാണുമ്പോള്‍ ഒന്നാമത്തെ ചോദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു തോന്നിപ്പോകുന്നു.

മൂര്‍ത്തി said...

രാധേയാ,

നല്ല ഉദ്യമം..

ഇന്നു ദൂരദര്‍ശനില്‍ ചര്‍ച്ച ഉണ്ടായിരുന്നു. അതില്‍ ഗോപാലകൃഷ്ണന്‍ എന്ന ഒരു നയതന്ത്രജ്ഞനും (അവതാരകന്‍ വിശേഷിപ്പിച്ചത്) ഉണ്ടായിരുന്നു. കരാര്‍ അനുകൂലി. പുള്ളി പറഞ്ഞത് ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ ഇന്ത്യക്ക് ബാധകം അല്ലെന്നും അമേരിക്കന്‍ പ്രസിഡന്റിനുമാത്രം ബാധകമായത് ആണെന്നുമാണ്. ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ താല്പര്യത്തിനു വിരുദ്ധമല്ല എന്ന മട്ടിലുള്ള സര്‍ട്ടിഫിക്കറ്റ് പുള്ളി എല്ലാ വര്‍ഷവും കോണ്‍ഗ്രസിനു കൊടുക്കണം. ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്റെ കാര്യത്തില്‍ അവര്‍ക്ക് അണുവായുധം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിനു നല്‍കുന്നുണ്ടത്രെ. പാക്കിസ്ഥാനു ആയുധം ഉണ്ട് എന്ന് എല്ലാ അറിവും ഉണ്ടായിരിക്കെ തന്നെ. തുടര്‍ന്ന് ആരോ ചോദിച്ചു നാളെ അമേരിക്ക ഇന്ത്യക്ക് യോജിക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു രാജ്യത്തെ ആക്രമിക്കുന്നു എന്നു കരുതുക. ഇന്ത്യ അതിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും എന്ന്. അപ്പോള്‍ പുള്ളി പറഞ്ഞത് അങ്ങിനെ ഒരു സാഹചര്യം വരാതെ നാം നോക്കണം എന്ന്.

പാക്കിസ്ഥാനനുകൂലമായി അമേരിക്കന്‍ പ്രസിഡന്റ് എന്തുകൊണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന് ഊഹിക്കാമല്ലോ.

മറ്റൊരു ചോദ്യം സാഹിത്യകാരനായ സി. രാധാകൃഷ്ണന്റെ വകയായിരുന്നു. ഇന്ത്യയിലെ സൈനികേതര ആണവ സ്ഥാ‍പനങ്ങളില്‍ ഏതൊക്കെ ഐ.എ.ഇ.എയുടെ പരിശോധനക്ക് വെളിയില്‍ നില്‍ക്കും എന്ന്. അതിനുത്തരമായി ഗോപാലകൃഷ്ണന്‍ പറഞ്ഞത് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ, അല്ലെങ്കില്‍ ഫോറിന്‍ കമ്പോണന്റ്സ് ഒന്നും ഉപയോഗിക്കാത്ത ഏത് ഇന്‍സ്റ്റലേഷനും പരിശോധനക്ക് വെളിയില്‍ ആയിരിക്കും എന്നാണ്. സ്വാഭാവികമായും അടുത്ത ചോദ്യം അങ്ങിനെ ഏതെങ്കിലും ഒരെണ്ണം ഇന്ത്യയില്‍ ഉണ്ടോ എന്നതായിരിക്കും. ആ ചോദ്യവും ചര്‍ച്ചയില്‍ വന്നു. അതിന്റെ ഉത്തരം ഇല്ല എന്നാണ്. എന്നുവെച്ചാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ എല്ലാം പരിശോധനക്ക് കീഴില്‍ വരും.

മറ്റൊന്ന് പല വാക്കുകളിലേയും ambiguityയെക്കുറിച്ചായിരുന്നു. ഏത് നയതന്ത്രക്കരാറിലും അങ്ങിനെ വരും എന്നും എല്ലാം സൌഹാര്‍ദ്ദപരമാണെങ്കില്‍ അത് പ്രശ്നമാകില്ല എന്നുമാണ് ശ്രീ. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ഇത് ഞാന്‍ ടി.വിയില്‍ കേട്ടഭാഗത്തിന്റെ രത്നച്ചുരുക്കം.

അനില്‍@ബ്ലോഗ് // anil said...

അമേരിക്കന്‍ ആണവ ആക്റ്റില്‍ എന്തെല്ലാം പറഞ്ഞിരിക്കുന്നു എന്നു വ്യക്തമായ ഉത്തരം നെറ്റില്‍ നിന്നും കിട്ടിയില്ല.പക്ഷെ ആണവായുധം കൈവശമുള്ള രാജ്യങ്ങളുമായി മാത്രമെ ഇത്തരം കരാറില്‍ എര്‍പ്പെടാവൂ എന്നു വ്യവസ്ഥ്ചയ്യുന്നതാണു 123 വകുപ്പു.അതിനെ അമന്റു ചെയ്താണു ഇപ്പൊഴുള്ള കരാറിനു അടിത്തറ ഒരുക്കിയിരിക്കുന്നതു.യാതൊരു വിധ അണു പരീക്ഷണങ്ങളും അനുവദിക്കുന്നില്ല എന്നു ഹൈഡ് അക്റ്റില്‍ വ്യവസ്ഥ ചയ്തൈട്ടുള്ളതായാണ് കിട്ടുന്ന വിവരം.കൂടുതല്‍ നൊക്കിക്കൊണ്ടിരിക്കുകയാണു.
താങ്കള്‍ക്കു ആശംസകള്‍

കണ്ണൂസ്‌ said...

ഹൈഡ് ആക്റ്റ് മുഴുവനായി ഇവിടെയുണ്ട്.

ആണവകരാറിനെക്കുറിച്ചുള്ള അപ്ഡേറ്റഡ് വിവരങ്ങള്‍ ഇവിടേയും.

വായിച്ചാല്‍ മനസ്സിലാവുന്നവര്‍ ആരെങ്കിലും കാര്യങ്ങള്‍ പറഞ്ഞു തരിക.

Radheyan said...

ചതുര്‍മാനങ്ങള്‍ എന്റെ ഉത്തരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക കൂടിയാണ് ഉദ്ദേശം.നിയമമാണ്,വ്യാഖ്യാനത്തിനാണ് പ്രാധാന്യം.

ജോജു, ഉത്തരങ്ങള്‍ അത്ര സുഖകരമാവില്ല ഒരു രാജ്യസ്നേഹിക്കും എന്ന് തോന്നുന്നു.

ജോക്കര്‍,ലിങ്കിനു നന്ദി.

പ്രവാചകാ, സ്വയം സൃഷ്ടിച്ച ധാര്‍മ്മികതയുടെ ആ അവനവന്‍ കടമ്പ ചാടാന്‍ കഴിഞ്ഞാല്‍ എനിക്കും ഒരൊ ഓന്താവാന്‍ കഴിഞ്ഞേക്കും.വേലികള്‍ക്കും പടര്‍പ്പുകള്‍ക്കും ഒപ്പിച്ച് നിറം മാറി സ്വന്തം തടി (മാത്രം) രക്ഷിക്കുന്ന ഓന്ത്.(കൃഷിന് നന്ദി)

അംബിക്കുട്ടി (ambiguity)ഒരു വലിയ പ്രശ്നം തന്നെ ആണ്.എങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്ന വകുപ്പുകള്‍.

ഒരു സുഹൃത്ത് മറ്റൊരു ബ്ലോഗില്‍ പറഞ്ഞത് ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ചിലതൊക്കെ സഹിക്കണം എന്നാണ്.വീടു പുലര്‍ത്താനാണ് പെണ്‍ വാണിഭം നടത്തിയത് എന്ന് ഈയിടെ മകളെ വാണിഭം ചെയ്ത വടകരക്കാരനും പറയുമോ ആവോ?

അനില്‍ നന്ദി.

കണ്ണൂസ്,ലിങ്കിന് നന്ദി,നേരത്തെ ഇത് കണ്ടിരുന്നു.പക്ഷെ ആദ്യം പറഞ്ഞ പോലെ വ്യാഖ്യാനവും ആപ്ലിക്കേഷനുമാണ് പ്രധാനം.അതിന്‍ ചര്‍ച്ച കൂടിയേ തീരൂ.ദേശവ്യാപകമായ ചര്‍ച്ച.കമ്പോട് കമ്പ്

കണ്ണൂസ്‌ said...

കരാറിന്റെ ടെക്‍നിക്കല്‍ ഗുണദോഷങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെയുണ്ട്.

N.J Joju said...

ഇതാ എന്റെ വക
ഹൈഡ് ആക്ട്

N.J Joju said...

bharath1. ഇന്ത്യ ആണവായുധരാജ്യമാണെന്നാണ് ഇന്ത്യ(നമ്മള്‍) അവകാശപ്പെടുന്നത്. ലോകം(അമേരിയ്ക്ക) അംഗീകരിയ്ക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്.(അംഗീകരിച്ചില്ലെങ്കില്‍ നമുക്കുന്താ...)
2.Atomic Energy Act of 1954 (42 U.S.C. 2153) ന്റെ section 123 ലാണ് മറ്റു രാജ്യങ്ങളുമായുള്ള ആണവസൌഹൃദം പരാമര്‍ശിയ്ക്കുന്നത്. ഹൈഡ് ആക്ടില്‍ section 123 പരാമര്‍ശിയ്ക്കുന്നുമുണ്ട്.
“it is in the interest of the United States to enter into
an agreement for nuclear cooperation arranged pursuant to
section 123 of the Atomic Energy Act of 1954 (42 U.S.C. 2153)
with a country that has never been a State Party to the NPT
if...”

ഹൈഡ് ആക്ട് അമേരിയ്ക്കന്‍ ആണവനയത്തിന്റെ സുപ്രധാന ചുവടുമാറ്റമായി കണക്കാക്കാമെങ്കിലും അതു പൂര്‍ണ്ണമായും ഇന്ത്യയുമായുള്ള ബന്ധത്തെ നിര്‍വ്വചിയ്ക്കുന്നതാണ്. Henry J. Hyde United States-India Peaceful Atomic Energy Cooperation Act of 2006 എന്നാണ് അതിന്റെ പൂര്‍ണ്ണ രൂപം. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാവില്ല എന്നു പറയുന്നതും ബാധകമാവും എന്നു പറയുന്നതും ശരിയുമാണ്, തെറ്റുമാണ്.

3. പട്ടി പേപ്പട്ടിയല്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും അടിയറവു വച്ചിട്ടില്ല.
4. 2005 ല്‍ NPT യില്‍ ഒപ്പുവയ്ക്കാനുള്ള ഒരു ശ്രമമുണ്ടായിരുന്നു എന്നു കേള്‍ക്കുന്നു.
“If India did not sign the NPT, it is not because of its lack of commitment for non-proliferation, but because we consider it a flawed treaty and it did not recognise the need for universal, non-discriminatory verification and treatment," പ്രണാബ് മുഖര്‍ജിയുടെ വാക്കുകള്‍.
നമ്മുക്ക് ആണവായുധരാജ്യം എന്ന പദവി വക വെച്ച് തരാത്തത് കൊണ്ടല്ല NPT യില്‍ ഒപ്പുവയ്ക്കാത്തത് എന്നാണു മനസിലാകുന്നത്.


7,8 ഉത്തരങ്ങള്‍ അറിയില്ല.

പ്രധാനമന്ത്രി അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ കൂടി ആയ സ്ഥിതിയ്ക്ക് 40 ആണവറിയാക്റ്ററുകള്‍ വാങ്ങിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നു കരുതാനാവില്ല.

Radheyan said...

ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
ഇന്ത്യ-അമേരിക്ക ആണവകരാറിനെക്കുറിച്ച് പത്ത് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുന്‍ അണുശക്തി കമീഷന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റിദ്ധാരണകള്‍ മൂലം എംപിമാരടക്കം നിരവധി പേര്‍ ഇതിനെ പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണ 1.

ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്‍കാന്‍ ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.

വസ്തുത:

123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.

തെറ്റിദ്ധാരണ 2.

ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.

വസ്തുത:

കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില്‍ ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.

തെറ്റിദ്ധാരണ 3.

ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.

വസ്തുത:

ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.

തെറ്റിദ്ധാരണ 4.

ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.

വസ്തുത:

ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.

തെറ്റിദ്ധാരണ 5.

ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.

വസ്തുത:

യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.

തെറ്റിദ്ധാരണ 6.

ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.

വസ്തുത:

ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള്‍ പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള്‍ ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.

തെറ്റിദ്ധാരണ7.

ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.

വസ്തുത:

2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.

തെറ്റിദ്ധാരണ 8.

ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.

വസ്തുത:

30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.

തെറ്റിദ്ധാരണ 9.

ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.

വസ്തുത:

ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.

തെറ്റിദ്ധാരണ10.

ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.

വസ്തുത:

ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.