അന്നു നമ്മൂടെ സ്വന്തം കക്ഷിയുടെ ബന്ദായിരുന്നു.വിദ്യാഭ്യാസകാലത്ത് ബന്ദ് ഒരു അനുഗ്രഹവും ആവേശവുമായിരുന്നു.രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍ക്കുന്ന ക്രിക്കറ്റ് റ്റെസ്റ്റ് സംഘടിപ്പിച്ചായിരുന്നു ഞങ്ങള്‍ അക്കാലങ്ങളില്‍ ബന്ദ് ആഘോഷിച്ചിരുന്നത്.
പതിവു പോലെ അത്തവണയും ഉത്സാഹ കമ്മിറ്റിയുടെ കണ്‍വീനര്‍ ബാബുക്കുട്ടന്‍ തലേന്നു തന്നെ മതിലിനു വെളിയില്‍ വന്നു ഞൊട്ടി വിളിച്ച് നാളത്തെ പരിപാടി ഉറപ്പിച്ചിരുന്നു.രാവിലെ മുതല്‍ ഉച്ചവരെ 56 എന്ന ചീട്ടുകളി,ഉച്ചയ്ക്ക് ശേഷം ഫുള്‍ ക്വാറം ക്രിക്കറ്റ് കളി,വൈകുന്നേരം മുന്‍കൂട്ടി കരുതിയ ബിജോയ്സ് ഷെയര്‍ ചെയ്ത ശേഷം കടലില്‍ അല്ലെങ്കില്‍ കായലില്‍ കുളി.
പക്ഷെ എന്തോ എനിക്ക് അന്നത്തെ ബന്ദില്‍ ഒരു ഉത്സാഹവും തോന്നിയില്ല.രാവിലെ ഉള്ള ട്യൂഷന്‍ ക്ലാസ് കളയാന്‍ ഒരു മടി.പഠിക്കനുള്ള അദമ്യമായ പൂതി കൊണ്ടൊന്നുമല്ല. ആയിടെയാണ് 2 നീണ്ട പെണ്‍ കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കു തോന്നി തുടങ്ങിയത്,തികച്ചും ഏകപക്ഷീയമായ ഒരു തോന്നലാവാം അത്.എങ്കിലും പ്രണയരഹിതവും അതിനാല്‍ തന്നെ സ്വപ്നരഹിതവും ആയ ജീവിതം നയിച്ചു പോന്ന മറ്റേതു മലയാളി യുവാവിനെയും പോലെ എനിക്കും ആ കണ്ണുകള്‍ ഒരു മരുപ്പച്ച ആയിരുന്നു.
നഗരത്തില്‍ തന്നെ താമസിക്കുന്ന അവള്‍ക്ക് ക്ലാസില്‍ എത്താന്‍ ബുദ്ധിമുട്ടില്ല.സാധാരണ കാറില്‍ അവളെ കൊണ്ടു വിടുകയാണ് പതിവ്.കാറില്ലെങ്കിലും അവള്‍ക്ക് എത്താവുന്ന ദൂരമേ ഉള്ളൂ.പക്ഷെ എന്റെ കാര്യം അതല്ല.20 കിലോമീറ്ററുകള്‍ താണ്ടി വരണം.ഹര്‍ത്താല്‍/ബന്ദു ദിനങ്ങളില്‍ ബൈക്കെടുക്കാന്‍ അച്ഛന്‍ സമ്മതിക്കില്ല എന്നത് മൂന്നു തരം.ബസുമില്ല.എങ്കിലും എങ്ങനെയും അവിടെ എത്തിയേ തീരൂ.
ഒരു വഴി കണ്ടു.അടുത്ത വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ കടം വാങ്ങി. സൈക്കിള്‍ ഗ്ലാമറിന്റെ അഭാവം മൂലം 6 വര്‍ഷം മുന്‍പ് ഞാന്‍ ദയാരഹിതം ഉപേക്ഷിച്ച വാഹനമാണ്.പെണ്‍കുട്ടികള്‍ക്ക് മുന്നിലൂടെ ബൈക്കില്‍ ചെത്തി പറക്കാനുള്ള മോഹം മൂലമായിരുന്നു അത്.ഇന്ന് ഒരു പ്രണയ സാക്ഷാല്‍ക്കാരത്തിനു സൈക്കിള്‍ തന്നെ ശരണമെന്നായിരിക്കുന്നു.ഇതാണോ ദൈവമേ ഐറണി.
ഡിസംബറിന്റെ ദയാരഹിതമായ മഞ്ഞുകാലം.രാവിലെ അഞ്ചരയ്ക്ക് തന്നെ ഞാനിറങ്ങി.റോഡില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും രാവിലെ കുളിച്ചു തൊഴാന്‍ പോകുന്ന അയ്യപ്പഭക്തര്‍ മാത്രം.ഇരുന്നും എഴുന്നെട്ടു നിന്നും ചവുട്ടി ഞാന്‍ ഒരു വിധം ക്ലാസിലെത്തുമ്പോള്‍ എന്റെ പരിപ്പിളകിയിരുന്നു.കുറേ നാളുകളായി ചെയ്യാത്ത അധ്വാനം അതും തണുപ്പത്ത് ചെയ്തതിനാലാവാം.
ക്ലാസ് ശുഷ്ക്കമായിരുന്നു.നഗരപരിസരത്തുള്ളവര്‍ കൂടി എത്തിയിട്ടില്ല.സാറുമായി ഞാന്‍ കുശലം പറഞ്ഞു നില്‍ക്കുമ്പോഴും കണ്ണുകള്‍ വാതിലില്‍ തന്നെ ആയിരുന്നു.കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു.ദൈവമേ ഇനി ഇവള്‍ വരാതിരിക്കുമോ?
“എങ്കില്‍ നമുക്കു ഉള്ളവര്‍ക്കു തുടങ്ങാം”- സാറിന്റെ വാക്കുകള്‍ എന്നെ കാത്തുനില്‍പ്പിന്റെ ആലോചനാനിര്‍ഭരമായ തപസ്സില്‍ നിന്നുണര്‍ത്തി.
ഇനിയവള്‍ വരില്ല.എന്നില്‍ സംഭരിച്ചു വെച്ചിരുന്ന പോസിറ്റീവ് ഊര്‍ജ്ജം ചോര്‍ന്നു തുടങ്ങി.തിരികെ ചവിട്ടാനുള്ള 20 കിലോ മീറ്റര്‍40 കിലോമീറ്ററായി എവറസ്റ്റ് കൊടുമുടി പോലെ കണ്മുന്നില്‍ നിറഞ്ഞു നിന്നു.സാറ് എന്തോ പുതിയ പ്രോബ്ലം,അതിലെ അഡ്ജസ്റ്റുമെന്റുകള്‍ ഒക്കെ പരിചയപ്പെടുത്തുന്നു.ഒന്നും ഗ്രഹിക്കാന്‍ എനിക്കാവുന്നില്ല.
കൊച്ചമ്മ കാറില്ലെങ്കില്‍ വരില്ലായിരിക്കും,കളയടെ നമ്മുക്ക് പറ്റിയ പാര്‍ട്ടിയല്ല-മനസ്സ് സ്വയം പറഞ്ഞ് കൊണ്ടിരുന്നു
20 മിനിറ്റുകള്‍ക്ക് ശേഷം വാതിലില്‍ ഒരനക്കം മധുരമായ ശബ്ദത്തില്‍-സര്‍ ഞാന്‍ അകത്തേക്ക് വന്നോട്ടെ എന്ന ആംഗലേയവാണി.അതെ അത് അവള്‍ തന്നെ.സംസ്ഥാനസമ്മേളനത്തിന്റെ പ്രകടനം എന്ന പോലെ എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു.
തലയില്‍ ഒരു ചെറിയ കെട്ടുമായി അവള്‍.
എന്തു പറ്റി? ക്ലാസിന്റെ മുഴുവന്‍ ഉദ്വേഗം അവളലേക്ക് നീണ്ടു.
“ഓട്ടോ പിടിച്ചു വരുന്ന വഴി ഏറുകിട്ടി.ചെറിയ ഒരു കല്ലായിരുന്നതിനാല്‍ വലിയ പരിക്കില്ല.അടുത്തു തന്നെ ഒരു കൂട്ടുകാരിയുടെ വീടുണ്ടായിരുന്നു.അവളുടെ അമ്മ ഡ്രസ് ചെയ്തു തന്നു.ക്ലാസില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അവളുടെ പപ്പാ ബൈക്കില്‍ ഇവിടെ ഡ്രോപ്പ് ചെയ്തു”.
“റെസ്റ്റ് എടുക്കാമായിരുന്നില്ലേ.ഇന്ന് പ്രധാനപ്പെട്ട ചാപ്റ്റര്‍ ഒന്നുമില്ല എന്നറിയാമായിരുന്നല്ലോ?”.സാറിന്റെ വാക്കുകളില്‍ ഖിന്നത സ്ഫുരിച്ചു നിന്നു.
അതിന് ഉത്തരം പറയാതെ ഒരു മന്ദഹാസത്തോടെ മെല്ലെ മറ്റു പെണ്‍കുട്ടികള്‍ക്ക് അരികില്‍ അവളിരുന്നു. ആ മന്ദഹാസം മായുന്നതിനു മുന്‍പ് തന്നെ അല്‍പ്പം ചരിഞ്ഞ് ഞാനിരിക്കുന്ന ദിശയിലേക്ക് അവള്‍ ഒന്നു നോക്കി.
എല്ലാം നിനക്കു വേണ്ടി എന്ന് ആ മൃദുസ്മേരത്തില്‍ ഉണ്ടായിരുന്നുവോ.ഞാനറിഞ്ഞില്ല.ഹൃദയം കൊണ്ട് അവളുടെ നെറ്റിയിലെ മുറിവില്‍ മൃദുവായി ചുംബിക്കുകയായിരുന്നു ഞാനപ്പോള്‍.
Subscribe to:
Post Comments (Atom)
7 comments:
ബന്ദുകൊണ്ടുള്ള പല പ്രയോജനങ്ങളിലൊന്ന്...
വെറും വെറും കഥ മാത്രം
അതെന്താ രാധേയാ വെറും കഥ മാത്രം എന്ന് എടുത്തു പറഞ്ഞത്? എന്തായാലും മോശമയില്ല.
ബന്ത് എന്നല്ലേ എഴുതേണ്ടത്?
കഥകള്‍ അനുഭവങ്ങളുമായി ചേര്‍ത്തു വായിയ്ക്കപ്പെടുന്നതുകൊണ്ട്‍ "വെറും വെറും കഥ മാത്രം" എന്ന പ്രസ്താവന അത്യാവശ്യം. ഇല്ലെങ്കില്‍ അടുത്ത ചോദ്യം വരും. പിന്നെ എന്തായി? ലൈന്‍ ശരിയായോ? അതൊ പൊട്ടിയോ? എന്നൊക്കെ.
മാര്‍കേസിന്റെ ‘കോളറക്കാലത്തെ പ്രണയം‘ എന്ന കഥയുടെ തലക്കെട്ടുമായുള്ള സാമ്യം ഇവിടെയെത്തിച്ചു.
പ്രേമം, മടിയനെ, മഞ്ഞത്തും സൈക്കിള്‍ ചവിട്ടിയ്ക്കും എന്നു മനസ്സിലായി. :)
തീക്ഷ്ണമായ ഒരു പ്രണയാനുഭവം ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.പഴയ ബ്ലോഗര്‍സ് ഓര്‍ക്കുന്നുണ്ടാവും.
അതിനോട് ചേര്‍ത്തു വായിക്കേണ്ട എന്നു കരുതിയാണ് കഥ മാത്രം എന്ന് എഴുതിയത്.
ഇതൊരു കൂട്ടുകാരന്‍ പറഞ്ഞ സംഭവത്തെ ഒന്നു പൊലിപ്പിച്ച് നോക്കിയതാണ്.അവിടെ പക്ഷെ അവന് ആന്റിക്ലൈമാക്സ് ആയിരുന്നു.
ബന്ദ് എന്നത് ഹിന്ദി വാക്ക് ആണ്. അവിടെ ന യും ദ യും ചേരുന്ന ന്ദ ആണ് ഉപയോഗിക്കുന്നത്. അല്ലതെ ന യും ത യും ചേരുന്ന ന്ത അല്ല എന്നാണ് പഴയ ഒരു ഹിന്ദി പ്രവേശികക്കാരന്‍ എന്ന നിലയില്‍ എന്റെ ഓര്‍മ്മ.
രാധേയന്‍ പറഞ്ഞതുപോലെ 'ബന്ദ്' തന്നെയാണ് ശരി.
ഉദ്വേഗം നിലനിര്‍ത്തുന്ന എഴുത്ത് അവസാനഘട്ടത്തിലെത്തിയപ്പോള്‍ weak ആയില്ലേ എന്നൊരു സംശയം.
ചേട്ടാ,
പ്രണയത്തിന് വേണ്ടി മനുഷ്യന്‍ എന്ത് തന്നെ ചെയ്യില്ല? തടി കുറയ്ക്കാന്‍ ചിക്കന്‍ ബിരിയാണി വേണ്ടെന്ന് വെയ്ക്കുക, പട്ടിണി കിടന്നും ഫോണ്‍ വിളിയ്ക്കാന്‍ കാശുണ്ടാക്കുക....
Post a Comment