Saturday, November 24, 2007

അരവണചരിതം സു(ധാകര)ഭാഷിതം.

റേഡിയോയില്‍ സുഭാഷിതം എന്നൊരു പരിപാടിയുണ്ട്.രാവിലെ ആറിന്.അത് കേട്ട് ദിനം തുടങ്ങുക എന്നത് ഉന്‍‌മേഷദായകമായിരുന്നു.കാലാന്തരേ റേഡിയോ കേള്‍ക്കുന്ന പതിവും വെളുപ്പിന് എഴുന്നേല്‍ക്കുന്ന പതിവും ഇല്ലാതായി.കാലം വരുത്തിയ മാറ്റങ്ങള്‍.ജീവിതത്തിന്റെ യാന്ത്രികത ജീവിതത്തിലെ കൊച്ചു കൊച്ചു നന്‍‌മകളെയും സുഖങ്ങളെയും സന്തോഷങ്ങളെയും നാമറിയാതെ തന്നെ ഇല്ലാതാക്കുകയാണല്ലോ.

മന്ത്രി സുധാകരന്റെ പ്രിയ പത്നി ശ്രീമതി ജൂബിലി നവപ്രഭ 5 കൊല്ലം എന്റെ അധ്യാപികയായിരുന്നു.അതില്‍ 2 കൊല്ലം അവര്‍ എന്റെ ക്ലാസില്‍ പഠിപ്പിച്ചിരുന്നു.അച്ചടക്കമില്ലെങ്കിലും അക്കാദമിക മികവുള്ളതു കൊണ്ടാവും എന്നോട് വളരെ വാത്സല്യപൂര്‍വ്വം പെരുമാറിയിരുന്നു.എന്റെ മാതാപിതാക്കളുമായും മന്ത്രിക്കും പത്നിക്കും അടുത്ത പരിചയമുള്ളതു കൊണ്ടും കൂടിയാവാം ആ വാത്സല്യം.

സുഭാഷിതത്തിനു പകരം ഇന്നു കേരളം കേട്ടാസ്വദിക്കുന്നത് ശ്രീ സുധാകരന്റെ ഭാഷിതങ്ങളാണ്.നിര്‍മമതയോടെ ചില സത്യങ്ങള്‍ തുറന്നു പറയുന്ന ആള്‍ എന്ന ഇമേജ് മന്ത്രിക്ക് കിട്ടിയപ്പോഴും പലരും ചോദിച്ചു “ഇതല്‍പ്പം കടന്നു പോയില്ലേ”.കലാന്തരത്തില്‍ അങ്ങനെ സംശയിക്കുന്നവരുടെ എണ്ണം കൂടി വന്നു.

ആദ്യം ഞാനും കരുതിയത് സുധാകരനു അഴിമതി എന്ന് കേട്ടാല്‍ അലര്‍ജി ആണെന്നും അഴിമതി ആരോപിക്കപെടുന്നവരോട് പോലും സഹവസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നുമാണ്.പക്ഷെ പിന്നീട് മനസ്സിലായി അദ്ദേഹത്തിന് മറ്റു പാര്‍ട്ടിയിലെ അഴിമതിക്കാരെ മാത്രമേ കണ്ണില്‍ പിടിക്കു എന്നും ലാവ്‌ലിനൊന്നും കാണാന്‍ പറ്റില്ലെന്നും.ഡിഗ്രിക്ക് അക്കൌണ്ടന്‍സിക്ക് 100ല്‍ 17ഉം പിന്നെ ഇമ്പ്രൂവ്മെന്റില്‍ 23ഉം കിട്ടുന്ന കുട്ടിക്ക് എത്ര അക്കാദമിക്ക് മിടുക്കുണ്ടാവും എന്നു ശ്രീമതിയോട് ഒന്നു ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം പിണറായിയുടെ പുത്രന്റെ ബിര്‍മ്മിംഹാം പഠനത്തെ വിമര്‍ശിച്ച സാറാ ജോസഫിനെ ചീഞ്ഞവെള്ളത്തിലെ തവള എന്നു വിളിക്കുമായിരുന്നുവോ?

വിളിക്കുമായിരുന്നു എന്നുത്തരം.കാരണം അദ്ദേഹത്തെ നയിക്കുന്നത് അഴിമതി വിരുദ്ധ ആശയമൊന്നുമല്ല.ചില രഹസ്യ അജണ്ടകളാണ്.ആ അജണ്ടയുടെ ഭാഗമായാണ് അദ്ദേഹം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ആലപ്പുഴയില്‍ സദാ സിപിഐ-സിപി എം സംഘര്‍ഷം നിലനിന്നിരുന്നത്.അന്നത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.പുരുഷോത്തമന്‍ സുധാകരനെക്കാള്‍ അധികം സാരസ്വതം സേവിച്ചിരുന്നതു കൊണ്ട് നല്ല മുന്തിയ ഇനം ജിഹ്വാവിലാസമാണ് നടന്നിരുന്നത്.ഒരു പരിധി വരെ സുധാകരന് ആയുധം താഴെ വെയ്ക്കേണ്ടി വന്നു.

ആലപ്പുഴയില്‍ ഇരു കമ്മ്യൂ.പാര്‍ട്ടികളക്കും പരസ്പരം കണ്ണിനു കണ്ടുകൂടാ.കേരള തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പിതൃഭൂമിയില്‍ പിളര്‍പ്പിന്റെ ഇമ്പാക്റ്റ് വളരെ വലുതായിരുന്നു.രക്തസാക്ഷികളുടെ സ്വപ്നം തകര്‍ത്തവരാണ് പിളര്‍പ്പന്‍‌മാരെന്നു സി.പി.ഐ കരുതിയപ്പോള്‍ രക്തസാക്ഷികളുടെ നേരവകാശികള്‍ അതിവിപ്ലവകാരികളായ തങ്ങള്‍ മാത്രമാണെന്ന് സി.പി.എമ്മും കരുതുന്നു.രക്തസാക്ഷി സ്മൃതിക്കു നേരെ പല്ലിളിച്ചു കൊണ്ട് 2 മണ്ഡപങ്ങള്‍ നില്‍ക്കുന്ന അശ്ലീല കാഴ്ച്ചയും ആലപ്പുഴയ്ക്ക് സ്വന്തം.ഇതിനു ഒരു പൈങ്കിളി പരിവേഷം നല്‍കി ബാക്ക് ഡ്രോപ്പായി റ്റിവി -ഗൌരി ബന്ധവും മറ്റും.അച്ഛന്‍ ഒരു വശത്തും മകന്‍ മറു വശത്തുമായി, സഹോദരര്‍ ഇരു ചേരിയിലായി,പല സ്ഥലങ്ങളിലും കുടുംബ ബന്ധങ്ങള്‍ പോലും 65ലും 69-79 കാലത്തും വഷളായി.കാര്യങ്ങള്‍ മെച്ചപ്പെട്ടപ്പോഴും സുധാകരനെ പോലുള്ളവര്‍ ആ വൈരാഗ്യം സൂക്ഷിക്കുന്നു.കിട്ടിയ ചാന്‍സുകളില്‍ പരസ്പരം പണിയുന്നു.

പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റപ്പോള്‍ മുതല്‍ സുധാകരന്‍ അതിലെ 2 അംഗങ്ങളെ ചവുട്ടി താഴ്ത്താനും അഴിമതിക്കാരെന്നു വരുത്തി തീര്‍ക്കാനും ശ്രമിക്കുകയായിരുന്നു.അംഗങ്ങള്‍ക്ക് വീടും വാഹനവും നല്‍കുന്നത് കൊണ്ടാണ് അവര്‍ അഴിമതിക്കാരാകുന്നത്,അതിനാല്‍ പ്രസിഡന്റിനു മാത്രം വണ്ടിയും വീടും.ചോക്ലേറ്റ് തിന്നുന്നത് കൊണ്ട് പല്ല് ചീത്തയാകുന്നത് എന്നു പറയും പോലെ എത്ര എളുപ്പം മന്ത്രി അഴിമതിയുടെ കാരണം കണ്ടു പിടിച്ചു.അല്ലാതെ പ്രസിഡന്റ് സ്വന്തം പാര്‍ട്ടിക്കാരനായതു കൊണ്ടല്ല.

അടുത്തത് പി.നാരായണന്‍ എന്ന സി.പി.ഐ നോമിനി ശബരിമലയില്‍ നിന്നു ഓസിനു അരവണ വാങ്ങി നക്കി എന്നായി മന്ത്രി,ഇതൊക്കെ വരുന്നത് അതിസുന്ദരമായ വാഗ്‌വിലാസത്തിലാണ്.നാരായണന്‍ താന്‍ അരവണ വാങ്ങി നക്കിയതിന്റെ ബില്ല് പത്രസമ്മേളനം വിളീച്ചു കാട്ടി.അതോടെ അതിന്റെ കാറ്റു പോയി.

ഇതിനിടയില്‍ ദേവസ്വം ബോര്‍ഡില്‍ മെംബറുമാരുടെ മുറി പൂട്ടി കൊണ്ടു പോവുക,കാര്‍ പിടിച്ചെടുക്കുക തുടങ്ങിയ തറ വേലകള്‍ പ്രസിഡന്റിനെ കൊണ്ട് കാണിപ്പിച്ചു.പി.നാരായണന്‍ വൈക്കം മാര്‍ക്കറ്റിലെ പഴയ ലോഡിംഗ്‌കാരനാണ്.അദ്ദേഹത്തിന്റെ വായില്‍ നിന്നും മന്ത്രിക്കു ചേര്‍ന്ന നിലവാരത്തിലുള്ള മാര്‍ക്കറ്റ് പദാവലികള്‍ ഒഴുകി തുടങ്ങി.

ഗുപ്തന്‍ എന്ന ദേവസ്വം അധ്യക്ഷന്‍ ഇ.എം.എസിന്റെ പുയ്യാപ്ലയാണ്.പണ്ട് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്റ്ററായിരുന്നു.അന്നു മന്ത്രി ആയിരുന്ന കൊട്ടാരക്കര കീഴൂട്ടു ബാലന്‍ പിള്ളയച്ചനായിരുന്നു പുള്ളിയുടെ കാണപ്പെട്ട ദൈവവും ഭവനത്തിന്റെ ഐശ്വര്യവും.ഇന്നത് സുധാകരനായിരിക്കുന്നു.അപ്പോള്‍ കാണുന്നവനെയും അന്നം തരുന്നവനെയും അപ്പാ എന്നു വിളിച്ചില്ലെങ്കിലും അഫ്ഫാ എന്നെങ്കിലും വിളിക്കേണ്ടേ തിരുമുല്‍പ്പാട്.

നാ‍രായണനും അതുവഴി സിപിഐക്കും മറുപണി കൊടുക്കാന്‍ ആഞ്ഞിരിക്കുമ്പോഴാണ് മംഗളം പത്രം അരവണയില്‍ കല്ലുകടിക്കുന്നു,ചീഞ്ഞു നാറുന്നു എന്നോക്കെ പറഞ്ഞ് രംഗത്തു വന്നത്.സി.പി.ഐ വിരോധം മുറ്റിയ പത്രമാണ് മംഗളമെങ്കിലും ആരോപണത്തിന്റെ കുന്തമുന ആര്‍.എസ്.പിക്ക് നേരെ ആയിരുന്നു.

ഏതായാലും മണ്ഡലത്തിലെ ആദ്യ ദിനം തന്നെ അരവണ വിതരണം തകര്‍ന്നു തരിപ്പണമായി.അതില്‍ ഒരു പാട് അട്ടിമറി ഉള്ളതായി പറയപ്പെടുന്നു.മെഷ്യന്‍ പറഞ്ഞ ദിവസം ഹാന്‍‌ഡ് ഓവര്‍ ചെയ്തില്ല,തന്നപ്പോള്‍ അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നൊക്കെ പുതിയ കരാറുകാരന്‍ പറയുന്നു.ശൂന്യതയില്‍ നിന്നു അരവണയെടുക്കാന്‍ അയാള്‍ സായിബാബ ഒന്നുമല്ലല്ലോ.

ഇതൊന്നും കരാറിലെ അഴിമതി കൊണ്ടല്ല.മറിച്ച് ദേവസ്വം എന്ന ഈജിയന്‍ തൊഴുത്തിലെ താപ്പാനകളുടെ കളി മൂലം ആണെന്ന് വ്യക്തം.മെഷീന്‍ ഹാന്‍‌ഡ് ഓവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ദേവസ്വം എഞ്ചിനീറും മറ്റുമാണ് ഉത്തരം പറയേണ്ടത്.സമഗ്രമായ ഒരു അന്വേഷണം ആവശ്യം തന്നെ.സാമന്യബുദ്ധിയുള്ളവര്‍ ആരും എതിര്‍ക്കില്ല.

മേല്‍പ്പറഞ്ഞ അരവണ കരാര്‍ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചതാണ്.അന്ന് പ്രസിഡന്റിന് എതിര്‍പ്പുള്ളതായി മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല.അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കില്‍ ഒന്നിലേറെ വഴികളുണ്ട്.

1.എതിര്‍ത്ത് വോട്ട് ചെയ്യാം
2.ഡിസന്റിംഗ് നോട്ട് എഴുതാം
3.തന്റെ സംശയങ്ങള്‍ രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെടാം
4.തീരുമാനമെടുക്കാതെ യോഗം പിരിച്ചു വിടാം,അത് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷണറോട് ആവശ്യപ്പെടാം,അല്ലെങ്കില്‍ സ്വയം അങ്ങനെ ചെയ്യാം.

ഇതൊന്നും ചെയ്യാതെ അദ്ദേഹം ഇന്നു പറയുന്നു ഭൂരിപക്ഷത്തിനു വഴങ്ങുകയായിരുന്നു താന്‍ ചെയ്തതെന്ന്.ഭൂരിപക്ഷം പറഞ്ഞാല്‍ എന്ത് അധാര്‍മ്മികതയ്ക്കും അദ്ദേഹം വഴങ്ങുമോ?

അപ്പോള്‍ അങ്ങനെ ഒന്നും ചെയ്യാതെ വഴങ്ങി കൊടുത്ത ഗുപ്തനെ ഒഴിവാക്കി അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായി എന്തു സംഭവിക്കും? മറ്റു പാര്‍ട്ടികള്‍ എതിര്‍ക്കും.അങ്ങനെ സി.പി.ഐ മറ്റൊരു അന്വേഷണം കൂടി അട്ടിമറിച്ചു എന്ന് വിളിച്ചു കൂ‍വാം.അതിന്റെ ആദ്യവെടി എന്ന നിലയില്‍ മന്ത്രി പറയുന്നു-അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അത് എഴുതി തന്നാല്‍ അങ്ങനെ ചെയ്തേക്കാമെന്ന്.അഴിമതിക്കരെന്ന് സാറ് അങ്ങ് തീരുമാനിച്ച് കഴിഞ്ഞെങ്കില്‍ പിന്നെ എന്തിന് അന്വേഷണം? അങ്ങ് തൂക്കി കൊല്ലണം സര്‍.

പാര്‍ട്ടി അങ്ങനെ എഴുതി തന്നതിനാലാണോ ലാവ്‌ലിന്‍ ആരോപിതനായ സെക്രട്ടറിയെ അങ്ങ് സംരക്ഷിക്കുന്നത്? 100ല്‍ 23 മാര്‍ക്കുകാരന്‍ ബുദ്ധിജീവിയുടെ ബര്‍മ്മിംഹാം ഉപരിപഠനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നത്.അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ ചൊറിഞ്ഞ് തടിക്കുന്ന മാന്യമന്ത്രി ഉത്തരം പറയണം.

ഗ്രൂപ്പുകള്‍ക്കിടയില്‍ ചാടി കളിക്കുന്ന കുഞ്ഞിരാമനായ മന്ത്രിക്ക് ഇ.എം.എസിന്റെ പുയ്യാപ്ലയെ തൊടാന്‍ സകലാംഗം വിറയ്ക്കും.എന്നാല്‍ പിന്നെ കിടക്കട്ടെ സഖ്യകക്ഷികളുടെ നെഞ്ചത്ത് മന്ത്രിയുടെ അഴിമതി വിരുദ്ധ ഗ്വാ ഗ്വാ.

അദ്ദേഹം പറയുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നാരായണന്‍ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാന്‍ യോഗ്യനല്ല എന്നു.അദ്ദേഹം പറയുന്നു എങ്ങനെ ദേവസ്വം ഭരിക്കണമെന്ന് പി.കെ.ചന്ദ്രാനന്ദന്‍ തെളിയിച്ചിട്ടുണ്ടെന്ന്.അതില്‍ തന്നെ ഇല്ലേ ഒരു വലിയ വിവരക്കേട്? .പി.കെ.ചന്ദ്രാനന്ദന്‍ ദേവസ്വം പ്രസിഡന്റായപ്പോഴും ദൈവനാമത്തില്‍ ആയിരിക്കും പ്രതിജ്ഞ എടുത്തത്(ദേവസ്വം ബോര്‍ഡില്‍ ദൃഡ പ്രതിജ്ഞ പറ്റില്ലല്ലോ)സ: പി.കെ.ചന്ദ്രാനന്ദന്‍ ഇന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ആണ്.സുധാകരന്റെ മാനദണ്ഡത്തില്‍ വന്ദ്യവയോധികനായ ഈ പുന്നപ്ര വയലാര്‍ സമര സേനാനിയും കമ്യൂണീസ്റ്റെന്നു അവകാശപ്പെടാന്‍ യോഗ്യനല്ലല്ലോ.

ഞങ്ങളുടെ ബാല്യകാലത്ത് ഞങ്ങളുടെ അടുത്ത് ഒരു വൃദ്ധ തനിച്ച് താമസിച്ചിരുന്നു.അവരുടെ വിശാലമായ പറമ്പില്‍ കയറി പറങ്കി മാങ്ങാ പറിക്കുക കുട്ടികളുടെ വിനോദമായിരുന്നു.അതു കാണുമ്പോള്‍ തള്ള ഓടിയെത്തും ചിലപ്പോള്‍ കല്ലെറിയും.അതൊന്നും ഏല്‍‌ക്കാതെ ദൂരെ മാറി നില്‍ക്കുന്ന കുട്ടികളെ അവര്‍ പ്രാകും-നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.

വളരെ കാലം മുന്‍പ് മരിച്ച അവരെ എനിക്ക് കഴിഞ്ഞ നാള്‍ ഓര്‍മ്മ വന്നു.സുധാകരനെ വിമര്‍ശിച്ച 80 കാരന്‍ സി.പി.ഐ സെക്രട്ടറി വെളിയം ഒരു കാലത്തും ഗുണം പിടിക്കില്ലത്രേ.1945-52 കാലത്ത് കൊല്ലത്തും തിരുവനന്തപുരത്തും സിപിയുടെയും പറവൂര്‍ റ്റികെ നാരായണപിള്ളയുടെയും കൂലി പോലീസിന്റെയും കോണ്‍ഗ്രസ്-ജന്മി ഗുണ്ടകളുടെയും ബൂട്സിനടിയില്‍ വെളിയം ഭാര്‍ഗ്ഗവന്‍ എന്ന ഉശിരുള്ള ചെറുപ്പാക്കാരന്റെ വാരിയെല്ലുകള്‍ ഞെരിഞ്ഞൊടിയുമ്പോള്‍,കമ്മ്യൂണിസത്തിനായി അദ്ദേഹം ഇഹലോകാന്ത്യം വരെ അവശേഷിക്കുന്ന പീഡനശതങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ സുധാകരന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ഞരമ്പിലോ അതോ വള്ളി നിക്കറിട്ട് ഓണാട്ടുകരയിലെ വരമ്പിലോ ഓടുകയായിരുന്നു.പരലോകവിശ്വാസിയല്ലാത്ത വെളിയം ഇനി എന്ത് ഗുണം പിടിക്കാന്‍?അല്ലെങ്കില്‍ തന്നെ 1957ല്‍ എം.എല്‍.എ ആയ അദ്ദേഹത്തിന് മന്ത്രിയോ മറ്റോ ആയി ഗുണം പിടിക്കാനോ ഭാര്യയുടെ പേരില്‍ സിംഗപ്പൂര്‍ എക്സ്പോര്‍ട്ട് കമ്പിനി തുടങ്ങാനോ മക്കളെ ബര്‍മിംഗ്‌ഹാമില്‍ അയച്ച് മാനേജ്മെന്റ് സിംഹങ്ങളാക്കാനോ താല്‍പ്പര്യമില്ലെന്നു തോന്നുന്നു.മണ്ടന്‍ തന്നെ.

1969ല്‍ ഇതു പോലെ ഒരു കുരുട്ടു ബുദ്ധി അന്നത്തെ മുഖ്യനു തോന്നി.ദീര്‍ഘകാലം തന്റെ സഖാക്കളായിരുന്ന റ്റിവിക്കിട്ടും എം.എന്നിട്ടും ഒന്നു പണിയണമെന്ന് നമ്പൂതിരിപ്പാടിനു തോന്നി.കാര്യമൊന്നുമില്ല,സി.പി.ഐയോടുള്ള ചൊറിച്ചില്‍ മാത്രം.ഫലമോ 11 കൊല്ലം പ്രതിപക്ഷത്തിരുന്നു ചൊറികുത്തി പഴുപ്പും മണത്ത് ഇരിക്കേണ്ടി വന്നു തിരുമേനിക്കും കൂട്ടര്‍ക്കും.

ഓര്‍മ്മകളുണ്ടായിരിക്കണം

5 comments:

Midhu said...

പാര്‍ലമെന്‍ററി മോഹങ്ങളില്ലാത്ത നേതാവ് തന്നെയാണ് വെളിയം. പക്ഷേ, മൂന്നാര് കൈയേറ്റം അട്ടിമറിച്ചതും മെര്‍ക്കിസ്റ്റണ്‍വിവാദത്തില്‍അന്വേഷണം വേണ്ടെന്ന് ശഠിച്ചതുമൊക്കെ അദ്ദേഹത്തിന്‍റെയും സിപഐയുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ടെന്നുള്ളതില്‍തര്‍ക്കമില്ലാത്ത കാര്യമാണ്. താങ്കളുടെ അനായാസ ശൈലി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

Radheyan said...

വിനു,

നന്ദി,

മെര്‍ക്കിന്‍സ്റ്റണെ കുറിച്ച് പറയാം.അതില്‍ ബിനോയിക്ക് യാതൊരു ഗൂഡലക്‍ഷ്യവുമില്ല എന്ന് വിജിലന്‍സ് കോടതി തന്നെ പറഞ്ഞു കഴിഞ്ഞു.അതില്‍ ഏറ്റവും ഉചിതമായി ഇടപെട്ടത് ബിനോയി ആണ് എന്നത് ഇന്നും ആ ഡീല്‍ നടന്നതില്ല എന്നതില്‍ നിന്നും തെളിയുന്നു.എങ്ങനെ എങ്കിലും ഒരു മന്ത്രിയെ രാജി വെപ്പിക്കണമെന്ന ഉമ്മന്‍-മാണി-തങ്കച്ചന്‍ സഖ്യത്തിന്റെ കടും‌പിടുത്തത്തിനു വഴങ്ങണ്ട എന്നു കരുതിയാവണം വെളിയം അന്വേഷണത്തെ എതിര്‍ത്തത്.മാ‍ണിയുടെ കൊച്ചിന് എന്തിന് ബിനോയി ചിലവിന് കൊടുക്കണം.

ഇനി മൂന്നാര്‍,ഇന്നലത്തെ ഏഷ്യാന്നെറ്റ് വാര്‍ത്തയില്‍ മൂന്നാറില്‍ നിന്നുള്ള സി.പി.ഐ നേതാവ് സി.എ.കുര്യന്‍ രവീന്ദ്രന്‍ പട്ടയം തങ്ങള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് പറയുക ഉണ്ടായി.സി.പി.ഐ ഓഫീസിന്റെ മുന്‍‌വശം തകര്‍ത്തു കൊണ്ട് അനാവശ്യമായി ഒരു വിവാദം സൃഷ്ടിച്ചത് മൂന്നാര്‍ ഉദ്യമം നിര്‍ത്തി വെപ്പിക്കാന്‍ തന്നയല്ലേ.അല്ലെങ്കില്‍ തന്നെ സി.പി.ഐ യുടെ ഇടപെടല്‍ മൂലം സി.പി.എം ഒരു നിര്‍ണ്ണായക പ്രശ്നത്തില്‍ നിന്നും പിന്‍‌വലിഞ്ഞു എന്നു പറഞ്ഞാല്‍ അത് ഇടത് രാഷ്ട്രീയം അല്‍പ്പമെങ്കിലും അറിയുന്ന ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം.സിപി.ഐക്കാര്‍ കാണിച്ച ചില ആവേശം അവര്‍ക്ക് വിനയായി എന്നേ പറയാന്‍ കഴിയൂ.പതുക്കെ എങ്കിലും മൂന്നാറിന്റെ സത്യാവസ്ഥ പുറത്തു വരും എന്നു തന്നെയാണ് എന്റെ വിശ്വാ‍സം

അനംഗാരി said...

നല്ലൊരു നേതാവായിരുന്നു സുധാകരന്‍.എന്തു ചെയ്യാം.നാവിന് എല്ലില്ലാതായി പോയി.
ഈ മന്ത്രിസഭയില്‍ കഴിവുള്ള ഒരുത്തന്‍ പോലും മന്ത്രിയായില്ല എന്ന് പറയാന്‍ എനിക്ക് ഖേദമുണ്ട്.

ഓ:ടോ:ഈ ജൂബിലിയാണൊ നമ്മുടെ അയ്മനത്തുകാരന്‍ ഒരു നേതാവിന്റെ മോള്‍?

Radheyan said...

അയ്മനം കൃഷ്ണന്‍‌കുട്ടി, അദ്ദേഹം എസ്.ഡി.കോളേജിലെ തന്നെ അധ്യാപകനായിരുന്നു.അദ്ദേഹത്തിന്റെ മകളാണ് അവര്‍.അദ്ദേഹം നേതാവായിരുന്നോ എന്ന് എനിക്കറിയില്ല അനംഗാരി.

കുറച്ചൊക്കെ താങ്കള്‍ പറഞ്ഞത് നേരാണ്.ഐസക്കും കരീമും ഭേദമാണ്.പക്ഷെ അവരെ ചുറ്റിപ്പറ്റിയുള്ള രഹസ്യ അജണ്ടകള്‍ ഒരു ഇടതുപക്ഷക്കാരന്‍ എന്ന നിലയില്‍ ആശങ്ക ഉണ്ടാക്കുന്നു.

പ്രേമചന്ദ്രനും മാ‍ത്യുവും കുഴപ്പമില്ല.സി.പി.ഐയില്‍ നിന്ന് അപ്രതീക്ഷിതമായി വിജയമായത് ദിവാകരനാണ്.ഏറെ പ്രതീക്ഷ ഉണ്ടാ‍യിരുന്ന ബിനോയി അധികാരം തനിക്ക് ചേര്‍ന്ന പണിയല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.രാജേന്ദ്രനും മുല്ലക്കര്യ്ക്കും ഷാക്കിള്‍സ് ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇത്രയധികം പുതുമുഖങ്ങള്‍.ഭരണത്തെ കുറിച്ചൊ വ്യവസ്ഥിതിയെ കുറിച്ചോ തീരെ അറിവില്ലാത്ത മുഖ്യമന്ത്രി,ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ അദ്ദേഹത്തിനു കുബുദ്ധി പറഞ്ഞു കൊടുക്കുന്ന പത്രക്കാരടക്കമുള്ള ചില ഉപജാപകവൃന്ദം,സഹകരിക്കാത്ത പാര്‍ട്ടി ഇതൊക്കെ പ്രശ്നങ്ങളാണ്.

മാത്രമല്ല മുന്‍പ് ഉണ്ടായിരുന്ന പോലെ തലയെടുപ്പുള്ള നേതൃത്വവും ഇടതു മുന്നണിക്കില്ല.ഇ.എം.എസ്,പി.കെ.വി,ബേബി ജോണ്‍ എന്നിവര്‍ക്ക് മുന്നണിയെ നന്നായി നയിക്കാന്‍ കഴിഞ്ഞിരുന്നു.

dethan said...

അരവണചരിതം കലക്കി.വര്‍ണ്ണാശ്രമ വ്യവസ്ഥയില്‍ ബ്രാഹ്മണര്‍ ശൂദ്രന്മാരെ ഒരിക്കലും മനുഷ്യരായി ഗണിച്ചിട്ടില്ല.
അതുപോലെ ഇ എം എസ് മുതല്‍ പിണറായി വരെയുള്ള മാര്‍ക്സിസ്റ്റാചാര്യന്മാരൊന്നും സി പി ഐ ക്കാരെ
കമ്മ്യൂണിസ്റ്റുകാരായി കരുതിയിട്ടില്ല.തങ്ങള്‍ക്കു സ്വാധീനമില്ലാത്തിടത്ത് ചിലപ്പോള്‍ അച്ഛാ,അണ്ണാ എന്നൊക്കെ
വിളിച്ചെന്നിരിക്കും.അത് വേറേ കാര്യം.ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് കമ്യൂണിസ്റ്റ്വിരുദ്ധം;പൂമൂടല്‍ നേര്‍ച്ചയും
ബ്ലേഡ് യൂണിവേഴ്സിറ്റിയില്‍ കോഴകൊടുത്ത് മകനെ പഠിപ്പിക്കുന്നതും ലോകബാങ്ക് വായ്പ വാങ്ങുന്നതും
യഥാര്‍ത്ഥ കമ്യൂണിസം! കെ എസ് ആര്‍ റ്റി സി യില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതിക്കേസില്‍ നിന്നും ഭാര്യാ
പിതാവിന്‍റെ സ്വാധീനം കൊണ്ടു രക്ഷപ്പെട്ട ഗുപ്തന്‍ പരിശുദ്ധന്‍;യഥാര്‍ത്ഥ തൊഴിലാളിയായ നാരായണന്‍ അഴിമതിക്കാരന്‍! തിരുമേനിയും കാര്യസ്ഥനും കൂടിപ്പോകുമ്പോള്‍ പാലം തകര്‍ന്ന് വെള്ളത്തില്‍ വീണു. തിരുമേനി നോക്കിയപ്പോള്‍ കാര്യസ്ഥനും താനും കുടിക്കുന്നത് ഒരേ വെള്ളം.തല വീണ്ടും പൊന്തിയപ്പോള്‍
തിരുമേനി വിളിച്ചുപറഞ്ഞു:"ഗോപാലാ നീ വെള്ളം ലേശം കലക്കി കുടിക്ക്" എന്ന്. മെംബര്‍മാര്‍ക്ക് കാറും
മുറിയും വേണ്ട എന്ന് പ്രസിഡന്‍റ് തീരുമാനിച്ചതിന്‍റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായില്ലേ?ഇതാണ് തോക്കില്ലാ
ഉണ്ട തൂക്കികളുടെ കമ്യൂണിസം!!!
ദത്തന്‍