Tuesday, May 22, 2007

പുണ്യാഹം തളിക്കാത്ത ചിന്തകള്‍

വയലാര്‍ രവിയുടെ പിന്‍ തലമുറക്കാര്‍ ഇനി ഗുരുവായൂരില്‍ കയറാന്‍ പാടില്ല എന്ന് വിധിക്കപ്പെട്ടിരിക്കുന്നു.വിധിച്ചത് കോടതിയൊന്നുമല്ല.ഭാരതീയ സംസ്ക്കാരത്തിന്റെ ദ്രവിച്ച നൂലിഴ മനസ്സിലും ശരീരത്തിലും പേറുന്ന ഒരു ബ്രാഹ്മണനാണ്.കാരണമോ വയലാര്‍ രവി തന്റെ വംശവൃക്ഷത്തിന്റെ വിത്ത് വിതച്ചത് ഒരു കൃസ്ത്യന്‍ ഗര്‍ഭപാത്രത്തിലാണ്.(ഇന്നാള് ഒരു മുസ്ലീം വൃക്ക വേണമെന്ന പത്രപരസ്യം കണ്ടു.അതു പോലെ ഒന്നാണോ ഈ ക്രിസ്ത്യന്‍ ഗര്‍ഭപാത്രം).അവര്‍ ഗുരുവായൂരില്‍ കയറിയ മഹാ അശുദ്ധിക്ക് പുണ്യാഹവും നടത്തി.കേരളത്തില്‍ ഇന്ന് നരന്‍ നരന് അശുദ്ധനായി തുടരുന്നു എന്നത് ശ്രീനാരായണഗുരുവിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്ന് തീര്‍ച്ച.

ശ്രീമതി മേഴ്സി രവി നല്ല മുഖശീയുള്ള ഒരു അമ്മയാണ്.അവര്‍ ഇന്നും തന്റെ മതത്തിലും വിശ്വാസത്തിലും തന്നെയാണോ തുടരുന്നത്.അവരെ ഇതു ശ്രീ രവി മതം മാറ്റിയില്ലെങ്കില്‍ അദ്ദേഹം ഒരു സാഷ്ടാംഗ നമസ്കാരം അര്‍ഹിക്കുന്നു.മേഴ്സി എന്ന ക്രിസ്ത്യാനി പെണ്ണിനെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.അവരെ മതം മാറ്റാഞ്ഞതിലൂടെ അദ്ദേഹം അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്.ഭാവിയില്‍ തന്റെ പിന്‍ തലമുറക്ക് ഇന്നുണ്ടായ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ കഴിയുമായിരുന്നിരിക്കണം.എന്നിട്ടും അദ്ദേഹം തന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചു.

മലയാളത്തിലെ രണ്ട് കാവിസംവിധായകരാണ് പ്രിയദര്‍ശനും ഷാജി കൈലാസും.(ഞാന്‍ ആര്‍.എസ്.എസ് അല്ല എന്ന് ഷാജി ഈയിടെയും പറഞ്ഞു എങ്കിലും). അവര്‍ വിവാഹം കഴിച്ചത് ഹിന്ദു മതത്തിലേക്ക് ആളെ ചേര്‍ക്കാനെന്ന മട്ടില്‍ 2 ക്രിസ്ത്യാനി നടികളെ മതം മാറ്റിയെടുത്താണ്.ഉള്ളിലെ പ്രതിലോമകരമായ വംശമേധാവിത്വത്തിന്റെയും ലിംഗമേധവിത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ക്ക് അടിവരയിടുകയാണ് അവര്‍ ചെയ്തത്.എന്ത് കൊണ്ട് ഇവര്‍ പെണ്ണുങ്ങളുടെ മതത്തിലേക്ക് മാറിയില്ല എന്നത് ലിംഗപരമായി പുരുഷനുണ്ടെന്ന് ഇവര്‍ കരുതുന്ന അപ്രമാദിത്തത്തെ ദ്യോതിപ്പിക്കുന്നു.കുഞ്ഞുങ്ങള്‍ക്ക് ഭാവി ജീവിതം പ്രശ്നമാകും,സാമൂഹികമായ ഒറ്റപ്പെടല്‍ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് ന്യായീകരണങ്ങള്‍,എങ്കില്‍ എന്തിന് ഈ പണിക്ക് പോയി എന്ന ചോദ്യം അവശേഷിക്കുന്നു. അവിടെയാണ് വയലാര്‍ രവിയുടെ മഹത്വം.

ആരാണ് ഒരാള്‍ ഹിന്ദു ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്?സ്വയം ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ അവിശ്വസിക്കേണ്ടതുണ്ടോ?ഹിന്ദുത്വത്തിന്റെ കുത്തക ആര്യസമാജത്തിനോ വിശ്വ ഹിന്ദു പരിഷത്തിനോ ഉണ്ടോ?ഇവരുടെ സര്‍ട്ടിഫിക്കേറ്റ് മതിയോ തന്ത്രിക്ക് ഒരാളെ ഹിന്ദുവാക്കാന്‍? അങ്ങനെ ഹിന്ദുവാകുന്നയാള്‍ ബ്രാഹ്മണനോ നായരോ ഈഴവനോ മലയരയനോ ചോലനായ്ക്കനോ?

പുറമേ പരിഷ്ക്കാരവും അകമേ തൂത്താല്‍ പോകാത്ത ജാതിചിന്തയുമായി ആണ് മലയാളി മുന്നോട്ട് പോകുന്നത്.മുന്നോട്ട് പോകുന്നു എന്നത് തന്നെ തെറ്റാണ്.ഒരു ജനപിന്നോക്കയാത്രയാണ്(കട:സത്യന്‍ അന്തിക്കാട്) സാംസ്ക്കരികമായി നമ്മുടെ സമൂഹം നടത്തുന്നത്.

നല്ല നടനാണ് തിലകനെങ്കിലും സിനിമയിലെ തിരുവനന്തപുരം സവര്‍ണ്ണലോബിക്ക് അയാള്‍ വേണ്ട,മണിയന്‍പിള്ളരാജുവിന്റെ തിരുവന്തോരം ഭാഷയില്‍ “അയള്‍ വേണ്ടപ്പി,അയള് ചൊവേന്‍”

താ‍ന്ത്രികവിദ്യയില്‍ അഗ്രഗണ്യനാണ് പറവൂര്‍ ശ്രീധരന്‍ തന്ത്രി.ജാതിയില്‍ ഈഴവനായത് കൊണ്ട് പുള്ളിയുടെ തന്ത്രം അറവുകാട്,കണിച്ചുകുളങ്ങര തുടങ്ങിയ SNDP ക്ഷേത്രങ്ങളിലേ പഥ്യം ഉള്ളൂ.ബാക്കിയിടങ്ങളില്‍ ഏതാണ്ട് അയിത്തം തന്നെ.ബ്രഹ്മം അറിഞ്ഞിട്ടും അദ്ദേഹം ബ്രാഹ്മണന്‍ ആയില്ല.

എന്റെ സുഹൃത്ത് ഒരു നമ്പൂതിരി; ഒരിക്കല്‍ ദീപാരാധന ഏറെ നേരമായിട്ടും നട തുറക്കാഞ്ഞിട്ട് ഭക്തര്‍ തള്ളി നോക്കിയപ്പോള്‍ അകത്ത് പൈന്റ് സേവ നടക്കുകയാണ്.കപ്പലണ്ടി തോടിനാല്‍ അഭിഷിക്തയായി എല്ലാറ്റിനും മൂകസാക്ഷിയായി ദേവീവിഗ്രഹവും.ലവനും ബ്രാഹ്മണന്‍, എവിടെ വേണേല്‍ കയറാം.വേണേല്‍ ചേന്നാസ് തന്ത്രിയുടെ മടിയിലും കയറി ഇരിക്കാം.

ഓ.ബി.സി.ലിസ്റ്റില്‍ പെട്ട യാദവനായ ഭഗവാനേ,അടിക്കു വരുന്നവരുടെ അടുത്ത് സാമം ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് ആദ്യം ഗീതോപദേശം തന്നവനല്ലേ നീ,ബ്രാഹ്മണനെ കൊണ്ട് യാദവനായ് നിന്റെ പാദസേവ ചെയ്യിക്കുന്ന മനോഹരമായ കാഴ്ച്ച നിഷേധിക്കുന്ന ഇവരോട് നീ പൊറുക്കരുതേ

16 comments:

Radheyan said...

എന്റെ സുഹൃത്ത് ഒരു നമ്പൂതിരി; ഒരിക്കല്‍ ദീപാരാധന ഏറെ നേരമായിട്ടും നട തുറക്കാഞ്ഞിട്ട് ഭക്തര്‍ തള്ളി നോക്കിയപ്പോള്‍ അകത്ത് പൈന്റ് സേവ നടക്കുകയാണ്.കപ്പലണ്ടി തോടിനാല്‍ അഭിഷിക്തയായി എല്ലാറ്റിനും മൂകസാക്ഷിയായി ദേവീവിഗ്രഹവും.ലവനും ബ്രാഹ്മണന്‍, എവിടെ വേണേല്‍ കയറാം.വേണേല്‍ ചേന്നാസ് തന്ത്രിയുടെ മടിയിലും കയറി ഇരിക്കാം.

ഓ.ബി.സി.ലിസ്റ്റില്‍ പെട്ട യാദവനായ ഭഗവാനേ,അടിക്കു വരുന്നവരുടെ അടുത്ത് സാമം ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് ആദ്യം ഗീതോപദേശം തന്നവനല്ലേ നീ,ബ്രാഹ്മണനെ കൊണ്ട് യാദവനായ് നിന്റെ പാദസേവ ചെയ്യിക്കുന്ന മനോഹരമായ കാഴ്ച്ച നിഷേധിക്കുന്ന ഇവരോട് നീ പൊറുക്കരുതേ

vimathan said...

രാധേയന്‍,“കേരളത്തില്‍ ഇന്ന് നരന്‍ നരന് അശുദ്ധനായി തുടരുന്നു എന്നത് ശ്രീനാരായണഗുരുവിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്ന് തീര്‍ച്ച.” എന്നിങനെ എഴുതികണ്ടൂ. തുടക്കത്തില്‍ ബിംബങള്‍ പ്രതിഷ്ഠിച്ച ക്ഷേത്രങള്‍ സ്ഥാപിച്ചുവെങ്കിലും, പിന്നീട് ഗുരു ക്ഷേത്രങള്‍ക്ക് ഇനി പ്രസക്തിയില്ലാ, അല്ലെങ്കില്‍ ക്ഷേത്രങളും ആചാരങളും, മനുഷ്യന്റെ പുരോഗതിയില്‍ വിലങുതടിയാകും എന്ന് മനസ്സിലാക്കിയിരുന്നുവെന്നുവേണം കരുതാന്‍. അവസാന കാലത്ത് ക്ഷേത്രം സ്ഥാപിക്കാന്‍ നിര്‍ബന്ധിച്ച അനുയായികള്‍ക്ക് വിഗ്രഹം ഇല്ലാത്ത “സ്വന്തം പ്രതിബിംബം കാണുന്ന കണ്ണാടീ” പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് സ്ഥാപിച്ചത്. പിന്നീട് “നമുക്കിനി അമ്പലങള്‍ എന്തിന്” എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇനി അമ്പലങള്‍ അല്ലാ വേണ്ടത്, മറിച്ച് “വിദ്യ കൊണ്ടൂം, വ്യവസായം കൊണ്ടും, സംഘടന കൊണ്ടും” ശക്തരാകുകായാണ് വേണ്ടത് എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. മലയാളി സമൂഹത്തിന്റെ ആധുനീകവല്‍ക്കരണം മുന്നില്‍ കണ്ട് അങിനെ നിര്‍ദ്ദേശിച്ച്ച ഗുരുവിന്റെ ആഹ്വാനങള്‍ മറന്ന്, ഗുരുവിന്റെ തന്നെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ വീണ്ടും അമ്പലങളിലേക്ക് ചെല്ലുമ്പോഴാണ് പുണ്യാഹ വിവാദങള്‍ ഉണ്ടാകുന്നത്.

Radheyan said...

അമ്പലങ്ങളോടുള്ള വിമതന്റെയും ഗുരുവിന്റെയും അഭിപ്രായങ്ങള്‍ മാനിക്കുന്നു.പക്ഷെ പൊതുസ്ഥലങ്ങളില്‍ അത് അമ്പലമായികൊള്ളട്ടെ കള്ള് ഷാപ്പായി കൊള്ളട്ടെ പ്രവേശിക്കുന്നതിന് അയിത്തമുണ്ടാവുന്ന അവസ്ഥയെ മാത്രമേ ഞാന്‍ മുന്നില്‍ കണ്ടുള്ളൂ.ഗുരു ഈഴവശിവനെ പ്രതിഷ്ഠിക്കുമ്പോഴും ഇവിടെ ഇരുന്ന് പൂജ ചെയ്ത് സ്വര്‍ഗ്ഗം പൂകാമെന്ന് ധരിച്ചല്ല,നിലവിലുള്ള ഒരു പോക്രിത്തരത്തിനെ ഉചിതമായ ശൈലിയില്‍ നേരിടുകയായിരുന്നു.എന്റെ ഉദ്ദേശവും അത്ര മാത്രം.ആളുകള്‍ ക്ഷേത്രങ്ങളില്‍ പോകുന്നതും പോവാത്തതും അവരുടെ സൌകര്യം,പക്ഷെ പോകുന്നവര്‍ ജാതിയുടെ പേരില്‍ അവമാനിക്കപ്പെടരുത്,ബഹിഷ്ക്കരിക്കപ്പെടരുത്

കുടുംബംകലക്കി said...

അല്ല, ഒന്നു ചോദിച്ചോട്ടേ. ഒരിക്കല്‍ അപമാനിതനായിട്ട് ഇത്രയും അധികാരവും സ്വാധീനവും ഉണ്ടായിട്ടും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ചെറുവിരലനക്കാതെ (അപ്പോള്‍ മാധ്യമങ്ങളില്‍ രണ്ടു ഡയലോഗ് വിട്ടതല്ലാതെ) ഇത്രയുംകാലമിരുന്നിട്ട് വീണ്ടും കൊടിച്ചിപ്പട്ടിയെപ്പോലെ, അതെ കൊടിച്ചിപ്പട്ടിയെപ്പോലെ, ഭക്തിയെന്നും പറഞ്ഞ് അവിടെത്തന്നെ കയറിച്ചെല്ലുന്നവന്മാരെ ചൂലുകൊണ്ടടിക്കുകയാണ് വേണ്ടത്. ഇതുപോലുള്ള അവസരവാദികള്‍ക്കുവേണ്ടി വാദിക്കുന്നവരും കൂടി നാറും; അത്രയേ ഉള്ളൂ.

(ഇത്രയും വൃത്തികെട്ട മനസുള്ള തന്ത്രിമാര്‍ക്ക് തലവെച്ചു കൊടുക്കുവാന്മാത്രം തരികിടയാണോ ഭഗവാന്‍? ദൈവത്തെ (ഈ പറയുന്ന മട്ടിലൊന്നുണ്ടെങ്കില്‍) മറ്റെവിടെയും കണ്ടേക്കാം; ഇത്തരം സ്ഥലങ്ങളിലൊഴികെ.)

chithrakaran said...
This comment has been removed by the author.
chithrakaranചിത്രകാരന്‍ said...

വിമതന്‍ പറഞ്ഞത്‌ പ്രായോഗികമതികള്‍ക്ക്‌ വിജയിക്കാനുള്ള സ്രീനാരായണ മന്ത്രമാണ്‌ . അതുനല്ലതുതന്നെ.

എന്നാല്‍ , എല്ലാവരും അതു മനസ്സിലാക്കാനുള്ള തലത്തിലേക്ക്‌ ഉയരുകില്ല എന്ന സത്യം അവഗണിക്കപ്പെടുന്നുണ്ട്‌.

സാധാരണ ജനം സമൂഹത്തിന്റെ ഒരു ഒഴുക്കിലൂടെയാണ്‌ ക്ഷേത്രങ്ങളിലും , പൊതു സ്ഥലങ്ങളിലും എത്തിച്ചേരുന്നത്‌. അവര്‍ ജാതിയുടെ പേരില്‍ അപമാനിക്കപ്പെടുംബോള്‍ , എന്തിന്‌ അംബലത്തില്‍ പോയി എന്നു ചോദിക്കുന്നത്‌ ? നമ്മള്‍ നമ്മുടെ മനസ്സിലൂടെ അവരെ കാണുന്നതുകൊണ്ടാണ്‌.
അതിനാല്‍... വിശ്വാസിയെ കയ്യൊഴിയാതെ ഇത്തരം വിവാദ സംബവങ്ങളില്‍ ചോദിക്കാനും, പറയാനുമുള്ള ആളായി ... വിശ്വാസികളല്ലാത്ത മനുക്ഷ്യസ്നേഹികള്‍ അനാചാരങ്ങള്‍ എതിര്‍ക്കാന്‍ മുന്നോട്ടു വരണം എന്നാണ്‌ എനിക്കു പറയാനുള്ളത്‌.

രാധേയന്‍ , വളരെ നന്നായിരിക്കുന്നു താങ്കളുടെ പോസ്റ്റ്‌.
ആരും ജാതിയുടെയോ, പണത്തിന്റെയോ പേരില്‍ പരിഹസിക്കപ്പെടുകയോ, അപമാനിക്കപ്പെടുകയോ ചെയ്തുകൂട. പ്രത്യേകിച്ച്‌ പൊതു സ്ഥലങ്ങളില്‍.

Radheyan said...

കുടുംബം കലക്കി, ആരും ആര്‍ക്കു വേണ്ടിയും വക്കാലത്ത് ഏറ്റെടുത്തിട്ടില്ല.ഞാന്‍ രാഷ്ട്രീയമായി രവിയുടെ എതിര്‍ ചേരിയിലുള്ളയാളും അദ്ദേഹത്തിനെതിരേ ചന്ദ്രപ്പനെ ജയിപ്പിക്കാനായി ചേര്‍ത്തലയില്‍ പോയി പ്രവര്‍ത്തിച്ചിട്ടുള്ള ആളുമാണ്.ഒരു സാമൂഹികാവസ്ഥ ചൂണ്ടികാട്ടാന്‍ നല്ലൊരു ഉദാഹരണം കിട്ടിയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.ഫാ‍ര്‍സിയായ ഫിറോസിന്റെ മകന്‍ രാജീവ് ഗാന്ധി ഗുരുവായൂരില്‍ വന്നപ്പോള്‍ ഇതൊന്നുമുണ്ടായില്ല എന്നാണ് എന്റെ ഓര്‍മ്മ.ഗോസായിയെ കണ്ടപ്പോള്‍ തന്ത്രം മറന്നതാണോ എന്തോ

Haree | ഹരീ said...

ശരിയാണ്, സമൂഹത്തില്‍ എല്ലാ മേഖലയും വന്നിട്ടുള്ള അപചയത്തില്‍ നിന്നും താന്ത്രികവിദ്യയും ശാന്തിയും ഒന്നും മുക്തമല്ല... തന്ത്രി എന്ന വ്യക്തിക്ക് എന്തഭിപ്രായമുണ്ടായാലും ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി എന്ന സ്ഥാനത്തിരുന്ന് ഇന്നതേ പറയാവൂ ഇന്നതേ പ്രവര്‍ത്തിക്കാവൂ എന്നൊരു അവസ്ഥയും നിലവിലുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതുപോലെയോ പ്രവര്‍ത്തിച്ചതുപോലെയോ പറയുവാനും പ്രവര്‍ത്തിക്കുവാനും മുഖ്യമന്ത്രിയായപ്പോള്‍ അച്ചുതാനന്ദനു കഴിയുന്നില്ലല്ലോ... അതുപോലെ ഒരു അവസ്ഥ.

മറ്റൊന്നുള്ളത്, ഗുരുവായൂരില്‍ ചോറൂണു നടത്തണമെങ്കിലും വിവാഹം നടത്തണമെങ്കിലും ഒക്കെ, വഴിപാട് രസീതെടുക്കണമല്ലോ, അങ്ങിനെ രസീതെഴുതി പണം മേടിച്ച് ചടങ്ങും കഴിഞ്ഞാണോ പറയേണ്ടത്, അവിടെ വെച്ച് വയലാര്‍ രവിയുടെ കൊച്ചുമകന് ചോറൂണ് നടത്തുവാന്‍ പാടില്ലെന്നത്?

മറ്റൊരു സംശയം. വയലാര്‍ രവിയുടെ ഭാര്യ കൃസ്ത്യാനിയായതിനാല്‍ മകന്‍ കൃസ്ത്യാനി. സമ്മതിച്ചു. പക്ഷെ, മകന്റെ ഭാര്യ ഹിന്ദുവല്ലേ? (ആണെന്നാ‍ണ് എന്റെ അറിവ്, തെറ്റെങ്കില്‍ ക്ഷമിക്കുക.) അപ്പോള്‍ കൊച്ചുമകന്‍ ഹിന്ദുവാവണ്ടേ? അതോ അച്ഛനും അമ്മയുമൊക്കെ ഹിന്ദുവായാലേ മക്കള്‍ ഹിന്ദുവാവുകയുള്ളോ? (സംശയമാണ്... അറിവുള്ളവര്‍ പറഞ്ഞുതരിക.)

പിന്നെ മിശ്രവിവാഹത്തിനു ശേഷം, ആരെങ്കിലുമൊരാള്‍ ഒരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തേണ്ടത് ആവശ്യമാണോ?
--

Sumesh Chandran said...

കുടുംബംകലക്കിയുടെ അഭിപ്രായത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നു ഞാനും... നമുക്ക്‌ വേറെ പണീല്ലെ, മാഷേ... :)

-സു‍-|Sunil said...

ഇത്‌ നല്ല കഥ, എല്ല്ലവര്‍ക്കും തന്ത്രീടെനെഞ്ചത്ത് കേറണം പബ്ലിക്കായി. സ്വകാ‍ര്യമായി തന്ത്രീടെ ആശീര്‍വ്വാദവും വേണം. പറവൂര്‍ ശ്രീധരന്‍ തന്ത്രീന്നുതന്നെ അറിയപ്പെടുന്നു. യാഗങളിലും മറ്റു പങ്കെട്ക്കുന്നു. എന്നിട്ടും രാധേയന്‍ പറ്രയുന്ന പോലെ സമ്മൂഹത്തില്‍ എന്തുകൊണ്ട്‌ സ്വാദ്ധീനിക്കാനായില്ല? എത്റ നമ്പൂതിരികളല്ലാത്ത ഹിന്ദുക്കള്‍ല്‍ എന്നു പറയുന്നവ്വര്‍ അദ്ദേഹത്തിന്റെ പരികര്‍മ്മങള്‍ ആവശ്യപ്പെടൂന്ന്ണ്ട്ട്‌?
ഇപ്പോ‍ാഴത്തെ പല നമ്പൂതിരിമാരും സമൂഹം ആവശ്യപ്പെടുന്നതുകൊണ്ട്‌ വേഷം കെട്ടുകയാണ്. അവര്‍ മുമ്പേ പോലെ അധികാരികളല്ല എന്നോര്‍ക്കുക..
തന്ത്രി എന്ന് കേള്‍ക്ക്മ്പോ‍ാള് പഴയകാ‍ാര്യങള്‍ പറഞ് ഹാലിളകുന്നതായി അഭിനയിക്കുന്നതും ഒരു തരം വട്ടാണ്‌
ആ കുട്ടിയെ എന്തിനാണ് ഗൂരുവായൂ‍ൂരില്‍ കൊണ്ടുപോയീ ചോറുകൊടുത്ത്ത്? വീട്ടിലിരുത്ത്തിയോ,ഹോട്ട്ടലിലോ ആയിക്കൂടെ?
വിശ്വാസം ആണ്‍ കാരണം. ആ വിശ്വാസത്തിന്റെ ഭാഗമാണ് തന്ത്രിയും അദ്ദേഹത്തിന്റെ വിധിയും.
ഓ..ടോ. അമുസ്ലീങള്‍ക്ക് മെക്കയില്‍ പ്രവേശനമുണ്ട്ടോ? മുസ്ലീമാaകണമെങ്കില്‍ വിശ്വാസം വേണ്ടേE? മാത്രമോ അതു പോലെ നട്ക്കേണ്ടേ?
ഹിന്ദു ആണ്‍N് എന്ന് തെളിയിക്കാന്‍ വേറെeവഴ്hയില്‍lലാത്തത്തില്നാ‍ാല് ആര്യസമാജക്കാരുuടെ സര്‍ട്ടീഫിക്കറ്റ് ചോദിക്കുന്നു. ആര്യ സമാജ്ജത്തിന്‌ മൂന്‍പ് ഇത്തരം ഒരു പ്രശ്നമേE ഉദിക്കൂന്നില്ലായിരിന്നു.
-സു- (ഒരു നമ്പൂതിരിപ്പാട്‌ )

വിഷ്ണു പ്രസാദ് said...

വയലാര്‍ രവി ഭാര്യയെ തന്റെ മതത്തിലേക്ക് ചേര്‍ക്കഞ്ഞതു കൊണ്ട് എന്തെങ്കിലും മഹനീയത അദ്ദേഹത്തിന്
ഉണ്ടെന്ന് കരുതാനാവില്ല.ഒരു ആദര്‍ശ രാഷ്ട്രീയക്കാരന്റെ മുഖം മൂടിക്ക് ഒരു പക്ഷേ അതാവശ്യമായതു കൊണ്ടാവം രവി അങ്ങനെ ചെയ്തത്. ഒരു പക്ഷേ ഷാജി കൈലാസിനോ പ്രിയദര്‍ശനോ അതിന്റെ ആവശ്യമില്ലെന്നും വരാം.പ്രായോഗികമായി ചിന്തിക്കുമ്പോള്‍ അവര്‍ ചെയ്തത് അല്പം കൂടി പ്രായോഗികമാണ് എന്നും പറയേണ്ടി വരും.പിന്നെ ഇവിടെ(ഗുരുവായൂരില്‍) ജാതിയല്ല മതമാവുമല്ലോ പ്രശ്നമായിട്ടുണ്ടാവുക.മതങ്ങളെ ബഹുമാനിക്കാത്ത നമുക്ക് അമ്പലത്തില്‍ ആരെ കയറ്റണമെന്നും ആരെ കയറ്റേണ്ടുന്നും പറയാന്‍ എന്ന് അവകാശം.അമ്പലത്തില്‍ കയറ്റിയതുകൊണ്ട് മാത്രം സമൂഹത്തിലെ എല്ലാ വിവേചനങ്ങളും ഇല്ലാതാവുമോ?ക്ഷേത്രം ഒരു മത സ്ഥാപനമാണ്.മതത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നവര്‍ അവിടെ പോയാല്‍ പോരേ...?അല്ലാത്തവര്‍ പോവുന്നതും പോയിക്കഴിഞ്ഞ് ഇമ്മാതിരി വിവാദങ്ങള്‍ ഉണ്ടാക്കുന്നതും ശുദ്ധതട്ടിപ്പാണ്.

വിഷ്ണു പ്രസാദ് said...

ഓ വിട്ടു പോയി...
ഹിന്ദുമതം മതമല്ലല്ലോ,സംസ്കാരമല്ലേ...അപ്പൊ പിന്നെ അര്‍ക്കും കയറുന്നതിന് തടസ്സമുണ്ടാക്കേണ്ട കാര്യമില്ല.
ഇന്ന് പാലക്കാട് കോട്ടയ്ക്കകത്തെ ഹനുമാന്‍ കോവില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന് ഹര്‍ത്താല്‍ ആചരിച്ചു കഴിഞ്ഞു.1989ല്‍ ഞാന്‍ കോട്ടയില്‍ പോകുമ്പോള്‍ അങ്ങനെ ഒരു സാധനം(ഒരു വിഗ്രഹം)അവിടെ കോട്ടയുടെ പ്രവേശനകവാടത്തില്‍ ഉണ്ടായിരുന്നു.ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.ടൂറിസ്റ്റുകള്‍ കൂടിയപ്പോള്‍ കോവിലിലും ആള് കൂടി.ഈ ആടുത്ത കാലത്ത് കോട്ടയില്‍ പോയപ്പോല്‍ കോട്ടയില്‍ പ്രവേസിക്കാനാവാത്ത വിധം ഭക്തന്മാര്‍ വാതില്‍ക്കല്‍ അടഞ്ഞു നിന്നിരുന്നു.മാത്രമല്ല വിഗ്രഹങ്ങളുടെ എണ്‍നവും കൂടിയിരുന്നു.ക്ഷേത്രങ്ങള്‍ ബിസിനസ് കേന്ദ്രങ്ങളാണെന്ന് ചൂഷണ കേന്ദ്രങ്ങളാണെന്ന് രാധേയന് ഞാന്‍ പറഞ്ഞു തരേണ്ടിവരില്ലല്ലോ..

Satheesh :: സതീഷ് said...

സുഹൃത്തുക്കളേ, നിങ്ങളാരെങ്കിലും ചിന്തിച്ചോ എന്താ ഇപ്പം എല്ലാറ്ക്കും ഗുരുവായൂരിനോട് ഒരു കടി എന്ന്? ഗുരുവായൂരിനേക്കാളും കര്‍ശനമായ ചിട്ടകള്‍ പാലിക്കുന്ന എത്രയോ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഇതൊന്നും അറിയാതല്ലല്ലോ സുധാകരന്‍ മന്ത്രി നേരെ ഗുരുവായൂരിന് നേരെ വണ്ടി വിട്ടത്! (ഇതേ പോളിസി വെച്ചിട്ടാണിഷ്ടാ അമേരിക്ക ഇറാഖിനെയും ആക്രമിച്ചത് :-))

തന്ത്രിയുടെ തന്നെ ആള്‍ക്കാര്‍ പറഞ്ഞപ്രകാരം തന്നെ ചോറൂണ്‍ നടത്താനല്ലേ രവിമന്ത്രി അത്രോടം വരെ പോയത്.!
അമ്പലത്തിന്‍ അമ്പലത്തിന്റെ വ്യവസ്ഥയും ചിട്ടയും ഉണ്ടാകുംന്നുള്ളത് അറിയാത്തവരൊന്നുമല്ലല്ലോ ഈ ഒച്ചപ്പാടുണ്ടാക്കുന്നവര്‍?!
ഹരിയുടെ രണ്ടാമത്തെ സംശയം എനിക്കും തോന്നിയിരുന്നു! :)

മാരാര്‍ said...

വയലാര്‍ രവി എന്തിനു പോയി, ആരു പറഞ്ഞു പോകാന്‍ എന്നുള്ള ചോദ്യങ്ങള്‍ യദാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. എന്തിനു വേണമെങ്കിലുമാകട്ടെ.

പ്രശ്നം ഒരാള്‍ ഒരിട്ത്തു ചെന്നു എന്ന കാരണം കൊണ്ട് അവിടെ ഒരു “ശുദ്ധീകരണം”നടത്തുക എന്നത് എത്രത്തോളം അപമാനകരമാണ്? അതും ജാതിയുടെ പേരില്‍?

നമ്മളാരെങ്കിലും നടക്കുന്ന വഴിയില്‍ ഡെറ്റോള്‍ തളിച്ചു കൊണ്ടാരെങ്കിലും പുറകെ നടന്നാല്‍ നമുക്കെന്തു തോന്നും? ( ഈ തന്ത്രിമാര്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ഇതാണു ചെയ്യേണ്ടത് )

പിന്നെ ഒരു വാദം ഇവിടെയും മറ്റു പല പോസ്റ്റുകളിലും കണ്ടത് “ അമ്പലത്തിലാരു കയറണമെന്നു വിശ്വാസികള്‍ തീരുമനിക്കും എന്നാണ്.എല്ലാവരും കയറിയാല്‍ ക്ഷേത്രങ്ങളുടെ പാവനത നഷ്ടപ്പെടുമെന്നും. പണ്ടു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും നടന്ന കാലതും ഇതു പോലെയുള്ള വാദമുഖങ്ങള്‍ ഉണ്ടയിരിക്കാം. പക്ഷേ ക്ഷേത്ര പ്രവേശന വിളംബരം കൊണ്ട് ക്ഷേത്രങ്ങള്‍ ഇപ്പോള്‍ നശിച്ചു പോയിട്ടൊന്നുമില്ലല്ലൊ. ( മറിച്ച് വരുമാനം വര്‍ദ്ധിക്കുകയാണ് ചെയ്തത്, തന്ത്രിയുടെ ദക്ഷിണയും )

chithrakaranചിത്രകാരന്‍ said...

മാരാര്‍ നന്നായിരിക്കുന്നു കമന്റ്‌. തന്ത്രിയെ അപമാനിക്കുംബഴെ അപമാനത്തിന്റെ വേദന എന്തെന്ന് തന്ത്രിക്ക്‌ അറിയാന്‍ കഴിയു.
തന്ത്രി മാത്രമല്ല ആര്‍ക്കും സ്വയം അപമാനിക്കപ്പെടുംബഴെ വേദനിക്കു.

മറ്റൊരാള്‍ said...

......പുറമേ പരിഷ്ക്കാരവും അകമേ തൂത്താല്‍ പോകാത്ത ജാതിചിന്തയുമായി ആണ് മലയാളി മുന്നോട്ട് പോകുന്നത്.മുന്നോട്ട് പോകുന്നു എന്നത് തന്നെ തെറ്റാണ്.ഒരു ജനപിന്നോക്കയാത്രയാണ്(കട:സത്യന്‍ അന്തിക്കാട്) സാംസ്ക്കരികമായി നമ്മുടെ സമൂഹം നടത്തുന്നത്.

നല്ല നടനാണ് തിലകനെങ്കിലും സിനിമയിലെ തിരുവനന്തപുരം സവര്‍ണ്ണലോബിക്ക് അയാള്‍ വേണ്ട,മണിയന്‍പിള്ളരാജുവിന്റെ തിരുവന്തോരം ഭാഷയില്‍ “അയള്‍ വേണ്ടപ്പി,അയള് ചൊവേന്‍”

ഒരു ഇന്റെര്‍വ്യൂവില്‍ ശ്രീ തിലകന്‍ തന്നെ ഇത്‌ പറഞ്ഞത്‌ ഞാനും കേട്ടു. കേട്ടപ്പോള്‍ ഇങ്ങനേയും ആള്‍ക്കാര്‍ കലാരംഗത്ത്‌ ഉണ്ടോ എന്ന് ഒരു സംശയം തോന്നി. എല്ലാം ഒന്നാണ്‌ എന്ന് വിളിച്ച്‌ കൂവുന്ന കലാകാരന്മാരേ നിങ്ങള്‍ക്ക്‌ ഹാ കഷ്ടം.

നന്ദി, ഇത്തരം നിരീക്ഷണങ്ങള്‍ക്ക്‌.