Thursday, November 02, 2006

ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 2

രാഷ്ട്രീയം തന്നെ തുടരാം. ഇനി പറയേണ്ട ഒരു സംഗതി അടിയന്തരവസ്ഥയാണ്. അതിനു സമാന്തരമായി വേണം കേരളത്തിലെ അതിവിപ്ലവപ്രസ്ഥാനങ്ങളെയും കാണാന്‍.69 മുതല്‍ 77 വരെ മുഖ്യമന്ത്രി ആയിരുന്ന അച്ച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. ഏറ്റവും പ്രഗല്‍ഭര്‍ നിറഞ്ഞ മന്ത്രിസഭ എന്ന ബഹുമതി 57ലെ മന്ത്രിസഭയ്ക്ക് നല്‍കുന്ന പോലെ കേരളം പൊതുവില്‍ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന ബഹുമതി നല്‍കുന്നത് മേനോനാണ്. (ഇതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം.ഇത് കേള്‍ക്കുന്നത് തന്നെ EMS നു അരോചകമായിരുന്നു എന്നാരോ ഒരിക്കല്‍ പറഞ്ഞിരുന്നു).
ഒരുപക്ഷെ മധ്യവര്‍ഗ്ഗത്തിന് ഏറ്റവും പ്രിയപ്പെട്ട എന്നു വേണമെങ്കില്‍ തിരുത്തി വായിക്കാം.
അടിയന്തരാവസ്ഥ കേരളത്തിന്റെ പല കാപട്യങ്ങളെയും തുറന്ന് കാട്ടി.നന്നായി പണിയെടുക്കാന്‍ അറിയാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ തെളിയിച്ചു.ജനത്തിനെ അത്ഭുതപ്പെടുത്തുന്ന കൃത്യതയോടെ അവര്‍ ജോലിക്കെത്തി,ഫയലുകള്‍ മിന്നല്‍ പോലെ സഞ്ചരിച്ചു.അഴിമതി കുറഞ്ഞു, അതിനു മുന്‍പോ അതിനു ശേഷമൊ ഒരിക്കലും സര്‍ക്കാര്‍ ലാവണങ്ങളില്‍ കേള്‍ക്കാത്ത അക്കൊണ്ടബിലിറ്റി എന്ന പദം അതിന്റെ എല്ലാ സമഗ്രതയിലും അവിടങ്ങളില്‍ മുഴങ്ങി.ബസുകള്‍ കൃത്യമായി ഓടി.അനാവശ്യ സമരങ്ങള്‍ പോയിട്ട് അത്യവശ്യ സമരങ്ങള്‍ പോലും ഇല്ലാതെ ആയി.

പക്ഷെ അതോരിറ്റേറിയന്‍ ആയ ഭരണകൂടങ്ങളുടെ സകല ദോഷങ്ങളും ആ ഭരണത്തിനുമുണ്ടായിരുന്നു. ഭരണഘടനയുടെ ചതുര്‍സ്തംഭങ്ങളും ഭരണവര്‍ഗ്ഗത്തിനു മുന്നില്‍ കുമ്പിട്ട് നിന്നു. കോക്കസുകളും സ്തുതിപാ‍ഠകരും ശക്തരായി.ജനം അവശ്യം അറിയേണ്ട ഭരണകൂട ക്രൂരതകള്‍ സാധാരണക്കാര്‍ മുതല്‍ ഭരിക്കുന്ന മുഖ്യമന്ത്രി വരെ അറിയാ‍ത്ത സ്ഥിതി വന്നു.അതില്‍ പ്രധാനമായിരുന്നു രാജന്‍ കേസ്.ഒരുപക്ഷെ ഭരണകൂട നൃശംസതയുടെ ഒരിക്കലും മരിക്കാത്ത രക്തസാക്ഷിയായി രാജന്‍ മാറി. അതിന്റെ അലയൊലികള്‍ (ഇന്നും) കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പോന്നതായി.

ഒരുപാട് സ്ഥാപനങ്ങള്‍ ആ ഭരണകൂടത്തിന്റെ സ്മാരകങ്ങളാണ്. ഭൂപരിഷ്ക്കരണനിയമം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് ആ കാലത്താണ്.ചടുലമായ നീക്കത്തിലൂടെ മലബാര്‍ മേഖലയിലെ വനഭൂമികള്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത് ചെറിയ കാര്യമല്ല, (പ്രത്യേകിച്ചും പാട്ടഭൂമി വിറ്റ് കാശാക്കുന്ന ഹാരിസണ്‍ പ്ലാന്റേഷന്‍സിനെ ഒന്ന് തോണ്ടി നോവിക്കാന്‍ പോലും ഇന്നത്തെ സര്‍ക്കറിനെ കൊണ്ട് കഴിയാത്ത സാഹചര്യത്തില്‍.) എങ്കിലും ആ ഭരണത്തിന്റെ നിത്യ സ്മാരകമായി മാറിയത് രാജന്റെ ലോക്കപ്പ് മരണമാണ്. അതിന്റെ വ്യഥയിലും ധാര്‍മ്മികമായ കുറ്റബോധത്തിലും മേനോന്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.(അതിന്റെ നേര്‍ ഉത്തരവാദികള്‍ മരണകിടക്കയിലും അധികാരകസേരയും സ്വപ്നം കണ്ട് നടക്കുന്ന കാഴ്ച്ച ഇതിന്റെ രസകരമായ ഒരു മറുപുറമാണ്).

പാളിപ്പോയ മാവോയിസമാണ് ഈ കാലഘട്ടത്തിലെ മറ്റൊരു സംഭവം.വ്യാജമായ ഒരു ഇടതുപക്ഷ സ്വയംഭോഗമായിരുന്നു ഈ പ്രസ്ഥാനം.ആത്മരതിയിലധിഷ്ഠിതമായ കാല്‍പ്പനിക നാടകം.എങ്ങോട്ട് പോകുന്നുവെന്നൊ എവിടെ എത്തുമെന്നോ അറിയാത്ത അറിഞ്ഞ്കൊണ്ടുള്ള കണ്‍കെട്ടിക്കളിയില്‍ കുറച്ച് പേര്‍ പങ്കെടുത്തൂ. കുറെയേറെ പേര്‍ മനസ്സു കൊണ്ട് പിന്തുണച്ചു.Foolhardiness എന്ന പദത്തിന്റെ മലയാളമെന്താണ്? അത് തന്നെയായിരുന്നു ഈ വിപ്ലവവും. എങ്കിലും തോല്‍ക്കുമെന്നറിഞ്ഞ് യുദ്ധം ചെയ്യുന്നവന്റെ രക്തസാക്ഷി പരിവേഷത്തെ യുവത നെഞ്ചേറ്റി.കവിതകള്‍ അതിനെ വാഴ്ത്തി. ഒരുപക്ഷെ നല്ല ഒരു ഇടതുപക്ഷ തിരുത്തല്‍ ശക്തിയാകനുള്ള ഊര്‍ജ്ജത്തെ വയനാടന്‍ കാടുകളിലെ ഈ വിപ്ലവസ്വയംഭോഗത്തിലൂടെ അവര്‍ ചിതറി തെറുപ്പിച്ച് കളഞ്ഞു. ആത്മരതികളില്‍ പാരസ്പര്യമുള്ള രതിമൂര്‍ച്ഛകളില്ലെന്ന് മനസ്സിലാക്കിയ ചിലര്‍ അത് തേടി പോട്ടയ്ക്കും പുട്ടപര്‍ത്തിക്കും വള്ളിക്കാവിനും വണ്ടികയറി. മറ്റുചിലര്‍ മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്ന ഗവേഷണത്തിലേക്ക് തിരിഞ്ഞു.ലാഭം മാത്രം തേടുന്ന മുതലാളിത്തത്തെ എങ്ങനെ ജനകീയമാക്കാം എന്നു വിശദീകരിക്കാന്‍ വേണുവിനെ പോലുള്ളവര്‍ക്ക് കഴിയില്ല. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളില്‍ കറക്കിക്കുത്തുന്നത് പോലെ മാവോയിസമല്ലെങ്കില്‍ പിന്നെ മുതലാളിത്തം എന്ന പോലെയാണ് വേണുവിന്റെ ലൈന്‍. അതിനിടയില്‍ ഗാന്ധിസം,സ്വയം പര്യാപ്തത, സഹകരണ പ്രസ്ഥാനം തുടങ്ങിയ ഓപ്ഷന്‍സ് അദ്ദേഹത്തിന് കണ്ണില്‍ പിടിക്കാതെ പോയി.മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ ഉപോല്‍പ്പന്നങ്ങളായ ഭോപ്പാല്‍,പ്ലാച്ചിമട,എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കാണാനും അദ്ദേഹത്തിന് കണ്ണില്ലാതെ പോയി.

1 comment:

vimathan said...

കെ വി (K Venu ) താങ്കള്‍ പറയും പോലെ മാവോയിസം അല്ലെങ്കില്‍ മുതലാളിത്തം എന്ന ലളിതമായ നിലപാടിലെത്തിയ ഒരാളാണ് എന്ന് എനിക്ക് തോന്നുന്നില്ല. CENTRAL REORGANISING COMMITTEE CPI(ML) -ന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ കെ വി, RIM ( Revolutionary International Movement ) ല്‍ അംഗമായിരുന്ന RCP-USA ( Revolutionary communist party -USA ) Chairman BOB AVAIKAN നുമായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ജനാധിപത്യസങ്കല്പം സംബന്ധിച്ച് സുദീര്‍ഖമായ വാദപ്രദിവാദങളില്‍ ഏര്‍പ്പെടുകയുണ്ടായി. അന്നു തുടങിയ തന്റെ ജനാധിപത്യ അന്വേഷണങള്‍ അവസാനം കെ വിയെ കൊണ്ടെത്തിച്ചത്, ലിബറെല്‍ ഡെമോക്രസിയിലാണ് മാര്‍ക്സിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിലാണ്. ബുദ്ധിപരമായ സത്യസന്ത്ധത കാരണം കെ വി അതു തുറന്നുപറയുന്നു എന്നു മാത്രം.
(അതിനിടക്ക് കെ വി സ്വന്തം പാര്‍റ്റി പിരിച്ചുവിട്ടു. ഗോറ്ബച്ചേവും കെ വിയും മാത്രമാണ് സ്വന്തം പാര്‍റ്റി പിരിച്ചു വിട്ട, ചരിത്രത്തിലെ, രണ്ടേ രണ്ട് പാര്‍റ്റി സെക്രട്ടരിമാര്‍).
സോവിയെറ്റ് യൂണിയനിലും മറ്റ് സോഷ്യലിസ്റ്റ് നാടുകളിലും ജനാധിപത്യത്തിനും മനുഷ്യാവകാശങള്‍ക്കും എന്തു വിലയുണ്ടായിരുന്നുവെന്ന് കെ വി കണ്ടെത്തും എത്രയോ മുന്‍പുതന്നെ ഒരുപാട് ബോള്‍ഷെവിക്കുകള്‍ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.
പിന്നെ കെ വി, മുതലാളിത്തത്തെ മുന്നോട്ടു വയ്കുന്നത്, ഒരു മാവൊയിസ്റ്റിന്റെ സ്വാഭാവിക പരിണതി എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. മാവൊ ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍റ്റി കഴിഞ്ഞ പാര്‍റ്റികോണ്‍ഗ്രസ്സില്‍, ഇനി മുതല്‍ മുതലാളിമാര്‍ക്കും പാര്‍റ്റിയില്‍ അംഗത്വമാകാം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലൊ. വിപ്ലവത്തില്‍ സഖ്യകക്ഷിയായവര്‍ക്ക് പാര്‍റ്റി അംഗത്വം തെറ്റല്ല തന്നെ.
പിന്നെ പടിഞ്ഞാറന്‍ യൂറൊപ്യന്‍ രാജ്യങളില്‍ നിലവിലുള്ള പോലെ, ഒരു ലിബറെല്‍ ഡെമോക്രാറ്റിക്ക് മുതലാളിത്ത സമ്പ്രദായം, ഒരു responsible capitalism നിലവിലുള്ള, ഒരു WELFARE STATE കേരളത്തിലും നിലവില്‍ വരണമെന്ന് കെ വി, പറയുംബോള്‍, അതിന് കേരളത്തിലെ വലതുമുന്നണിയെ വിശ്വാസത്തിലെടുക്കാന്‍, ആഹ്വാനം ചെയ്യ്യുമ്പോള്‍, ആ വാക്കുകളിലെ ആര്‍ജ്ജവം ( SINCERITY) അവിശ്വസിക്കാന്‍ പലര്‍ക്കും കാരണങള്‍ കണ്ടേക്കാം....