50 വയസ്സ് ഒരു രാജ്യത്തിനെയോ പ്രദേശത്തിനെയൊ സംബന്ധിച്ച് പ്രധാന കാലയളവല്ല.ഒരു മനുഷ്യനെ സംബന്ധിച്ച് ആയുസ്സിന്റെ മുക്കാല്‍ ഭാഗമാണെങ്കിലും.പക്ഷെ നിരന്തരമാറ്റങ്ങള്‍ സംഭവിച്ച ഒരു കാലമെന്ന രീതിയില്‍ നാം ഇതിനെ കൂടുതല്‍ അടുത്ത് കാണേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങളെ ഒന്ന് വീദൂരവീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ് ഞാന്‍.
രാഷ്ട്രീയം :
രാഷ്ട്രീയം മലയാളിക്ക് ജീവശ്വാസമാണ്.ചായക്കട-ബാര്‍ബര്‍ഷോപ്പ് പത്രപാരായണമാണോ മലയാളി ഇത്രമേല്‍ രാഷ്ട്രീയജീവിയാക്കിയതെന്ന് പലപ്പോഴും സംശയം തോന്നും.ഇതുപോലെ വാദവിവാദകോലാഹലങ്ങളെ സ്നേഹിക്കുന്ന ഒരു ജനത വേറേ ഉണ്ടോ എന്ന് സംശയമാണ്. ഏഷ്യാനെറ്റിലെ വേണുവും ഇന്ത്യാവിഷനിലെ നിതീഷും മറ്റും നാല് നേരവും വിവാദങ്ങള്‍ പുഴുങ്ങി തിന്നാണല്ലോ ജീവിക്കുന്നത് തന്നെ.കേരളത്തിനു പല വിശേഷണങ്ങളും കാലാകാലങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല എന്ന പോലെ മറ്റെതെങ്കിലും ചേരുമോ എന്നത് സംശയമാണ്.
ഉദാത്തമായ ഒരു പുരോഗമനാഭിമുഖ്യത്തോടെയാണ് കേരളത്തിന്റെ രാഷ്ട്രീയചരിതം ആരംഭിക്കുന്നത് തന്നെ.എങ്കിലും പുരോഗമനശക്തികളോളം തന്നെ അധോഗമനവര്‍ഗ്ഗീയശക്തികളും ഇവിടെ പ്രബലമാണെന്ന് വിമോചനസമരം തെളിയിച്ചു.ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ധത്തില്‍ നവോത്ഥാനനായകന്മാര്‍ തകര്‍ത്തെറിഞ്ഞ ജാതിമതവര്‍ഗ്ഗീയശക്തികള്‍ക്ക് കേരളരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ച് വരവ് ഒരിക്കിയത് വിമോചനസമരമാണ്. എങ്കിലും ഇന്നും മലയാളി അവന്റെ പ്രഖ്യാതമായ ഗ്രഹാതുരതയായി ഇടതുപക്ഷ പ്രേമം കൊണ്ടു നടക്കുന്നു.
പിന്നെ സംസ്ഥാനരാഷ്ട്രീയത്തീല്‍ ഏറെ അലയും തിരയും തീര്‍ത്തത് 2 പിളര്‍പ്പുകളാണ്.64-65 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലോകവ്യാപകമായും കോണ്‍ഗ്രസ്സില്‍ കേരളത്തിലുമുണ്ടായ പിളര്‍പ്പുകള്‍.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ആശയസമരത്തിനൊടുവില്‍ 2 ആയപ്പോള്‍ കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ വഷളാക്കിയത് വര്‍ഗ്ഗിയതയായിരുന്നു.ഒരുപക്ഷെ വിമോചനസമരത്തില്‍ അനാവശ്യമായി,നെഹ്രുവിയന്‍ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി തലയിടുകയും ജാതിശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കൊടുത്ത വിലയായി കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ കാണാം.അന്ന് പിളര്‍ന്നു മാറിയ കൂട്ടര്‍ ഇന്നും കേരളത്തിന്റെ രാഷ്ട്രീയനഭസ്സില്‍ മാണിയെന്നും ജോസെഫെന്നും പിള്ളയെന്നും ജേക്കബെന്നും മറ്റും പേരുള്ള തമോഗര്‍ത്തങ്ങളായി വര്‍ത്തിക്കുന്നു.പക്ഷെ പില്‍ക്കാലഗതി നോക്കിയാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് നമ്മുടെ രാഷ്ട്രീയത്തെ വല്ലാതെയൊന്നും ബാധിച്ചില്ല എന്നു കാണാന്‍ കഴിയും.
എന്നാല്‍ കമ്മ്യൂ. പാര്‍ട്ടിയിലെ കാര്യം അങ്ങനെ അല്ല.അത് പുരോഗമന ഇടത് പ്രസ്ഥാനത്തിന്റെ കുതിപ്പിന്റെ ഊര്‍ജ്ജം വല്ലാതെ ചോര്‍ത്തികളഞ്ഞു.തലപ്പൊക്കമുള്ള നേതാക്കളില്‍ EMS,AKG,KR ഗൌരി എന്നിവരൊഴിച്ച് ബാക്കി എല്ലാവരും സി.പി.ഐയില്‍ തന്നെ നിന്നു. കൈയ്യാലപ്പുറത്തെ തേങ്ങ പോലെ നിന്ന EMS, പ്രവര്‍ത്തകര്‍ AKGക്ക് ഒപ്പമാണെന്ന് കണ്ട് സി.പി.എമ്മിലേക്ക് ചാടി.അപാര ക്രൌഡ് പുള്ളറായ AKGക്ക് ഒപ്പമായിരുന്നു അണികള്‍.മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധത വല്ലാതെ വേരുറച്ച അണികള്‍ക്ക് സി.പി.ഐ സ്വീകരിച്ച ദേശീയ ജനാധിപത്യം എന്ന ലൈന്‍ പിടിച്ചില്ല.പിളര്‍ന്ന ശേഷം പരസ്പരം എങ്ങനെ നശിപ്പിക്കാം എന്നതിലാണ് അവര്‍ മത്സരിച്ചത്.സി.പി.എം. അങ്ങനെ ഒരു നിലപാട് പോലും എടുക്കുകയുണ്ടായി. അതിന്റെ ഭാഗമായി പഴയ സഖാക്കളില്‍ പ്രമുഖരായിരുന്ന MN, TV, എന്നിവര്‍ക്കെതിരേ അഴിമതി പോലും അരോപിക്കപ്പെട്ടു. സൃഗാലതന്ത്രജ്ഞനായ ഗോവിന്ദന്‍ നായരും പുന്നപ്ര വയലാര്‍ സമരനായകന്‍ റ്റി.വി.തോമസും ആക്രമണം തന്നെ പ്രതിരോധം എന്ന ലൈനെടുത്തു.69ല്‍ അങ്ങനെ നഷ്ടപ്പെട്ട അധികാരം പിന്നീട് 10 വര്‍ഷത്തേക്ക് സി.പി.എമ്മിന് ഉപ്പ് നോക്കാന്‍ കിട്ടിയില്ല. ഒടുവില്‍ വിശാല ഇടത് ഐക്യമെന്ന ദേശീയനയത്തിന്‍ മേല്‍ പി.കെ.വി. അധികാരം സ്വയം വിട്ട് വന്ന ശേഷമാണ് 80ല്‍ സി പി എം അധികാരത്തില്‍ എത്തുന്നത്.
Subscribe to:
Post Comments (Atom)
15 comments:
നല്ല പോസ്റ്റ്. തുടര്‍ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍റ്റിയില്‍ പിളര്‍പ്പ് ഉണ്ടായ സമയത്ത് സ:ഇ എം എസ്സ് ഒരു മധ്യനിലപാടാണ് എടുത്തത് എന്നത് ശരിയാണ്. തന്റെ നിലപാടുകള്‍ വിശദീകരിക്കാനും, പാര്‍റ്റിയിലെ പിളര്‍പ്പ് ഒഴിവാക്കാനും സ: ഇ എം എസ്സ് "Revisionism & secterianism in the communist party of India" എന്ന പേരിലാണെന്നു തോന്നുന്നു, ഉള്‍പാര്‍റ്റി ചര്‍ച്ചക്കായി ഒരു രേഖ വിതരണം ചെയ്തിരുന്നു എന്ന് ഒരു പഴയകാല പാര്‍റ്റി അംഗമായിരുന്ന എന്റെ അച്ചന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അന്നു പല നേതാക്കളും ഇതിന് അനുകൂലമായി പറയുകയും ചെയ്തിരുന്നുവത്രെ. പക്ഷെ അവരില്‍ ഭൂരിപക്ഷവും പിന്നീട്, സ: ഇ എം എസ്സിനെപ്പോലെ എ കെ ജിക്കൊപ്പം സി പി എമ്മിലെക്ക് പോയി എന്നതും ചരിത്രം.
കേരളം ഒരു കപട ഇടതുപക്ഷ സമൂഹമായി നിലകൊള്ളുന്നത് എന്തുകൊണ്ടു്? എന്ന ചോദ്യത്തിനുത്തരം തേടിക്കൊണ്ടു കെ.വേണു ഒക്ടോബര്‍ 29 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതുന്നുണ്ട്. 50 വര്‍ഷത്തെ കേരളാപൊളിറ്റിക്സിനെ ഏറെക്കുറെ നല്ല രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുള്ളൊരു ലേഖനമായിരുന്നു അത്.
അതേ ലക്കം മാതൃഭൂമിയിലെ ‘മലയാളത്തിനു ഒരു സര്‍വ്വകലാശാല’ എന്ന ലേഖനവും ‘മുഖ്യധാരയില്‍ നിന്ന് അകലുന്ന ട്രോപ്പിക്കല്‍ പാരഡൈസ്’ എന്ന ലേഖനവും കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടതു തന്നെയാണു്.
വിമതന്‍ പറഞ്ഞത് സത്യമായിരുന്നു.പാര്‍ട്ടിക്ക് ആദ്യം മുതല്‍ തന്നെ ദേശീയതയില്‍ ഊന്നിയ കാഴ്ച്ചപ്പാടില്ലായിരുന്നു.സാര്‍വ്വദേശീയതയില്‍ ഊന്നിയ നയസമീപനങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത്.ചൈനയിലെ പീപ്പിള്‍സ് ആര്‍മി ഇന്ത്യയെ ആക്രമിക്കുമ്പോള്‍ എന്ത് നിലപാടെടുക്കണം എന്ന സംശയമോക്കെ അങ്ങനെ ഉണ്ടാകുന്നതാണ്.
ദേശീയതയെ പിന്തുണയ്ക്കുന്നത് ദേശീയ ബൂര്‍ഷ്വാസിയെ പിന്തുണയ്ക്കുന്നതിനു തുല്യമെന്ന അബദ്ധജടിലമായ ചിന്താഗതിക്ക് ഊന്നല്‍ കിട്ടുകയും ചെയ്തു.ഒരുപക്ഷെ കല്‍ക്കട്ട തീസിസ് തുടര്‍ന്നു പോകുകയും പാര്‍ട്ടി ജനാധിപത്യ ക്രമത്തില്‍ പങ്കെടുക്കതെ മാറി നില്‍ക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ ചൈനയുടെ സഹായത്തോടെ ഒരു വിപ്ലവ സര്‍ക്കാറുണ്ടാക്കനുള്ള ശ്രമം അംഗീകരിക്കപ്പെടുമായിരുന്നു.പക്ഷെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ അതിനര്‍ത്ഥം ഇന്ത്യന്‍ ദേശിയതയെ അംഗീകരിക്കുന്നു എന്നത് തന്നെയാണ്.പിന്നെ ഒരു കണ്‍ഫ്യൂഷന്‍ ആവശ്യമില്ലാത്തതാണ്
പെരിങ്ങോടരേ,മാത്രഭൂമി കൈയ്യിലുണ്ട്.മോഹന്‍ലാലിനെ കുറിച്ചുള്ള പഠനം മാത്രമെ വായിച്ചുള്ളൂ.കൂടുതല്‍ ഗഹനമായവ വെള്ളിയാഴ്ച്ചകളിലേക്ക് മാറ്റിയിരിക്കുന്നു.
വേണുവിനെക്കുറിച്ച് വലിയ അഭിപ്രായമില്ല.കടുത്ത ഭൌതികവാദികള്‍ എന്തെങ്കിലും തിരിച്ചടികള്‍ കിട്ടുമ്പോള്‍ കടുത്ത വിശ്വാസിയായി പരിണമിക്കുന്നത് പോലെയുണ്ട് അദ്ദേഹത്തിന്റെ സമീപകാല നിലപാടുകള്‍.ഒരുപക്ഷെ ഒരുകാലത്ത് അതിഭാവുകത്വം നിറഞ്ഞ മാവോയ്യിസ്റ്റ് മൌലികവാദം സ്വീകരിച്ചതിന്റെ ഒരു പ്രായശ്ചിത്തം ചെയ്യാനെന്ന മട്ടില്‍ വല്ലാതെ മുതലാളിത്തവാദിയാകുന്നുണ്ട് വേണു.വ്യക്തിനിഷ്ഠമായ നിലപാടുകളിലെ പരാജയം കേരളസമൂഹത്തിനു മേല്‍ ചാരിവെയ്ക്കുന്നപോലെ.
കൂടുതല്‍ കാര്യങ്ങല്‍ പിന്നാലെ പറയാം, വായിച്ചിട്ട്.
കെ.വേണു എഴുതിയ ലേഖനത്തെക്കുറിച്ച് മാത്രം പരാമര്‍ശിക്കാനാണ് ഇത് എഴുതുന്നത്. വേണുവിന്റെ എഴുത്തില്‍ ദാര്‍ശിനികതയും വിപ്ലവചിന്തയും ഒക്കെ അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കലവറയില്ലാതെ എപ്പോഴും ഉള്ളത്‌കൊണ്ട് വായിക്കുന്നവര്‍ക്ക് അതൊരു മഹത്ത് സംഭവമായി തോന്നും. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി വേണുവിനെ വായിക്കുന്നവര്‍ക്ക് അതിലെ ആത്മാര്‍ത്ഥതയില്ലായ്മ പെട്ടന്ന് മനസ്സിലാക്കാന്‍ പറ്റും. പ്രൊഫസ്സേറിയന്‍ രാഷ്ട്രീയക്കാരനായ വേണുവിന്റെ എഴുത്തിനേക്കാള്‍ എനിക്ക് ആത്മാര്‍ത്ഥത തോന്നിയത് മാമുക്കോയയുടെ ജീവചരിത്ര(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍)ത്തിലാണ്.
കേരളം കണ്ട ഏറ്റവും വലിയ കപട ഇടതുപക്ഷക്കാരനാണ് കെ.വേണു
പെരിങ്ങോടരേ വേണുവിന്റെ ലേഖനം സത്യസന്ധമേയല്ലായിരുന്നു എന്നണ് പരാതി. പാര്‍ട്ടി കേരളത്തില്‍ നിര്‍വഹിച്ച ഭൂപരിഷ്കരണത്തെയും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ നടപടികളെയും വെറുതെ ഒരു ജനപ്രിയ നടപടി, അഥവാ പിന്നീട് തലയൂരാന്‍ കഴിയാതിരുന്ന ഒരു അബദ്ധം എന്ന തരത്തിലാണ് വേണു വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ അങ്ങനെയാണെങ്കില്‍ കൂടി അത്തരം നടപടികള്‍ കേരളസമൂഹത്തൊട് ചെയ്ത നന്മയെ വേണു കാണുന്നില്ല. ഉദാഹരണത്തിന് കേരളത്തില്‍ മറ്റേത് സമൂഹത്തെക്കാളുമേറെ സമത്വ ഭാവം നിലവിലുണ്ട്. താഴേക്കിടയിലുള്ള അധവാ തികച്ചും സാധാരണക്കാരായ ആളുകള്‍ക്ക് വിദ്യാഭ്യാസം നേടാനും ചികിത്സ നേടാനും ഉള്ള സ്ഥിതി കേരളത്തില്‍ മാത്രമേയുള്ളൂ. വിദ്യഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ബംഗാളിന് പോലും അത്തരത്തില്‍ ജനകീയമാകാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഇതൊക്കെ സര്‍ക്കാര്‍ ചെലവില്‍ നടത്തണോ എന്ന കാര്യം. തീര്‍ച്ചയായും അങ്ങനെ തന്നെയാണ് വേണ്ടത്. സാമ്പത്തികമായി കേരളത്തിന് സംഭവിച്ച രണ്ട് അബദ്ധങ്ങള്‍ കാര്‍ഷിക-ഉത്പാദന മേഖലയിലും നികുതി പിരിവിലുമുണ്ടായ കെടുകാര്യസ്ഥത ആണെന്നേ എനിക്ക് തോന്നുന്നുള്ളൂ. ട്രാക്റ്ററിനെയും കമ്പ്യൂട്ടറിനെയുമൊക്കെ എതിര്‍ത്തു പോലെയുള്ള വിഡ്ഢിത്തങ്ങള്‍ നമ്മുടെ സഖാക്കള്‍ കാണിച്ചു എന്നത് ഒരു വലിയ തെറ്റ്. അത് നമ്മുടെ കാര്‍ഷിക ഉല്‍പാദന മേഖലകളെ ഒട്ടൊന്നുമല്ല തിരിച്ചു വലിച്ചത്. നേരേ ചൊവ്വേ നികുതി പിരിച്ചാല്‍ നമുക്ക് ഇപ്പോഴും ആവശ്യത്തിനുള്ള റിസോഴ്സ് ഒക്കെയുണ്ട്. കുറഞ്ഞ പക്ഷം ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ളതെങ്കിലും. അക്കാര്യത്തില്‍ ചങ്കൂറ്റം കാണിക്കാന്‍ ഒരുപാട് പ്രസംഗിച്ച് നമ്മളെയൊക്കെ പഠിപ്പിച്ച ഐസക്ക് സാറിനു പോലും പറ്റാതെ പോവുന്നതാണ് നമ്മുടെ ദയനീയ സ്ഥിതി. ആഗോള വത്കരണം മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പെരുകിക്കൊണ്ടിരിക്കുന്ന വിടവിനെക്കുറിച്ച് വേണു ഒറ്റ അക്ഷരം മിണ്ടുന്നില്ല എന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഒത്തിരി നീണ്ടുപോയി ഈ കമന്റ് എന്നറിയാം. ക്ഷമിക്കുക.
കേരളം കണ്ട ഏറ്റവും വലിയ കപട ഇടതുപക്ഷക്കാരനാണ് കെ.വേണു ....
---
ഇടത് പക്ഷക്കാരെല്ലാം കപടമാണെന്നും, അതില്‍ ഏറ്റവും വലിയ കപടമുഖമാണു വേണുവിന്റെതെന്നുമ്മാക്കി ഇത് ആരെങ്കിലും വായിയ്കാമോ? വായിയ്കുമോ? ഞാന്‍ വായിച്ചുവോ?
കമ്മ്യൂണിസ്റ്റ്‌കാരനാണെങ്കിലും അവന്‍ കണ്ണിചോരയുള്ളവനാണെന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു.
സാക്ഷരകേരളം ആരോഗ്യത്തിലും മുന്‍പന്തിയില്‍ എന്ന് ഒരു കേന്ദ്ര റീപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് തന്നെ ഒരു പ്രോഗ്രാമില്‍, വഴി അനുവദിയ്കാത്ത വക്കീലായ അയല്‍കാരന്‍ കാരണം, വരമ്പ് കെട്ടിയ മതിലിലൂടെ കുടുംബിനി മുതല്‍ ഗ്യാസ് കുറ്റിക്കാരന്‍ വരെ ആ വീട്ടിലേയ്ക് വന്ന് പോകുന്നു. സഖാക്കള്‍ മാത്രം നിനച്ചാല്‍ സുമുദായം നന്നാവുമോ എന്ന് ഞാന്‍ ചോദിച്ചാലോ എന്ന് ഒരു ആലോചനയില്ലാതില്ല.
20 കൊല്ലം മുമ്പ് വേണു എഴുതിയത് ഇപ്പോള്‍ എഴുതുന്നതിന്റെ വിരുദ്ധമാണെങ്കില്‍ അയാള്‍ ആത്മാര്‍ഥതയില്ലാത്തവനാകുന്നില്ല. എഴുത്തുകാരന്‍ അയാളുടെ വാക്കിന്റെ അടിയമല്ല, അയാളെ ഇപ്പോള്‍ നയിക്കുന്ന ചിന്തയുടേതാണു്. അത് എക്കാലവും മാറ്റങ്ങള്‍ക്കു വിധേയവുമാണു്, അച്ചടിക്കപ്പെട്ട വാക്കുകള്‍ പോലെ മരിച്ചുവീഴുന്നില്ല.
അനിയന്‍സേ, ഇക്കാര്യങ്ങളിലെ നന്മയെ കുറിച്ചു ആരും എതിരു പറയുന്നില്ല. 10 പേര്‍ക്കു കുടിലുവച്ചു കൊടുക്കുന്ന രാഷ്ട്രീയക്കാര്‍ 100 പേര്‍ക്കു കൊട്ടാരം വയ്ക്കാനുള്ള കാശ് മുക്കുമ്പോള്‍ അതിലെ നന്മയെ കുറിച്ചാണോ തിന്മയെ കുറിച്ചാണോ നമ്മള്‍ ബോധവാന്മാരാകുക. കേരളത്തിലെ രാഷ്ട്രീയക്കാര്‍ ചെയ്ത നന്മകളെ അംഗീകരിച്ചു കൊണ്ടു തന്നെയാണു വേണു ലേഖനം തയ്യാറാക്കിയിരിക്കുന്നത്, എന്നാല്‍ തിരഞ്ഞെടുത്ത വഴി എല്ലാ കാലവും ‘അധികാരം’ എന്ന മോഹത്തെ ലക്ഷ്യത്തിലെത്തിക്കുന്നതിനായിരുന്നു എന്നാണ് വിദ്യഭ്യാസമേഖലയുടേയും ആരോഗ്യമേഖലയുടേയും തകര്‍ച്ചയെ ചൂണ്ടിക്കാണിച്ചു വേണു പ്രസ്താവിക്കുന്നതു്.
കേരളത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് എക്കാലവും ഉണ്ടായിരുന്നതാണു്, ആ വിടവു നികത്തുവാനാണു 50 കൊല്ലം കേരളീയര്‍ പലരാലും ഭരിക്കപ്പെട്ടതു്, ഉള്ളവനും ഇല്ലാത്തവനും എന്ന അവസ്ഥ ഇപ്പോഴുമുണ്ടു്, ഇന്നും അന്നും കാരണങ്ങള്‍ പലതായിരുന്നു എന്നു മാത്രം. ഈ അവസ്ഥയുടെ ദൂരീകരണത്തിനാണു രാഷ്ട്രീയക്കാര്‍ പരിശ്രമിക്കുന്നതു്, പ്രത്യയശാസ്ത്രങ്ങള്‍ക്കു ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രായോഗികസമസ്യയാണതു്. ഈ പ്രശ്നത്തെ കുറിച്ചു പ്രസ്തുതലേഖനത്തില്‍ പറയേണ്ടതുണ്ടോ? അദ്ദേഹം ഒരു 50 കൊല്ലത്തിലെ രാഷ്ട്രീയ ചരിത്രത്തിന്റെ വിശകലനമല്ലേ നടത്തിയിരുന്നതു്.
ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുക എന്ന പൊതുതത്വം നടപ്പാക്കിയതിനാലാണ്,
400ഡോളര്‍(?) പ്രതിശീര്‍ഷവരുമാനമുള്ള കേരളീയന്‍ 22000ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള
അമേരിക്കക്കാരന്റെ ആരോഗ്യ ശരാശരിക്കൊപ്പം നില്‍ക്കുന്ന ‘കേരള മോഡല്‍’ ഉണ്ടായതെന്ന സത്യാവസ്ഥയെ
ഇരുമുന്നണികളുടേയും പാളിച്ച എന്ന നിലക്കാണ് കെ. വേണു അവതരിപ്പിച്ചിരിക്കുന്നത്.
പഴയ അതിവിപ്ലവത്തിന്റെ പ്രേതം മനസ്സിലേറ്റി നടക്കുന്ന നക്സലൈറ്റുകള്‍ കേരള സമൂഹത്തിന്റെ പകല്‍ വെളിച്ചത്തിലേക്ക്
മുതലാളിത്തത്തിന്റെ ന്യായീകരണങ്ങള്‍ നടത്താനിറങ്ങിയ കാഴ്ചകള്‍, വേറിട്ട കാഴ്ചകളെന്ന രീതിയില്‍ മനോഹരമാകുന്നുണ്ട്.
രാധേയാ. നല്ല ലേഖനം. നല്ലൊരു സംവാദം ഇവിടെ ഉണ്ടാകട്ടെ, അതിലിടപെടുന്നവര്‍ സംവാദത്തില്‍ നിന്ന് അവസാനം ചക്ക കിട്ടീലാ, മാങ്ങ കിട്ടീലാന്ന്
ലക്കം ലക്കമായി കരയാതിരുന്നാല്‍ മതിയായിരുന്നു.
അതുല്യ
ഞാന്‍ ഉദ്ദേശിച്ചത് കെ.വേണു എന്ന മനുഷ്യന്റെ വ്യക്തിജീവിതത്തെക്കുറിച്ചല്ല.അയാളുടെ രാഷ്ട്രീയ ദര്‍ശനങ്ങളേയും ഇടപെടലുകളേയും അതില്‍ അയാള്‍ക്കുണ്ടായ അപചയങ്ങളേക്കുറിച്ചുമാണ്.
വീട്ടിലെ ദാരിദ്ര്യം ചിന്തയിലെയും നിലപാടുകളിലേയും ദാരിദ്ര്യമായി മാറുമോ എന്ന് എനിക്ക് അറിയില്ല
കമ്യൂണിസ്റ്റ്‌കാരെല്ലാം കാപട്യക്കരാണെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടും ഇല്ല. കമ്യൂണിസ്റ്റുകാരായ നിരവധി ആളുകളോട് ഒരുപാട് സ്നേഹവും ബഹുമാനവും ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ഒരാളാണ് ഞാനും.
അതുല്യേ, കമ്മ്യൂണിസ്റ്റുകാരനാണേലും മനുഷ്യത്വമുള്ളവനാ എന്ന പറച്ചില്‍ വിമോചന സമര കാലത്തേതാണ്. കമ്മ്യൂണിസം എന്തെന്നറിയായ്കയുടെയും അറിയുന്നവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും ഉത്പന്നം. ഇപ്പോഴും അന്‍പതുകളില്‍ തന്നെയോ ജീവിക്കുന്നത് എന്ന് ചോദിച്ചു പോകുന്നു.
പെരിങ്ങോടരേ,
കേരള സമൂഹത്തില്‍ ആഗോളവത്കരണം വരുത്തിയ മാറ്റങ്ങള്‍ ആരോഗ്യകരം എന്നതിനെക്കാള്‍ അതീവ ആപത്ക്കരം എന്ന് കണ്ടറിയാനുള്ള കണ്ണില്ലാത്തവനല്ല വേണു. കേരളത്തിന്റെ അന്‍പത് വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ വേണു നടത്തുന്ന നിരീക്ഷണം കേരളാ മോഡലിനെ കണ്ണടച്ചുകൊണ്ട് എതിര്‍ക്കുകയാണ് അഥവാ പരിഹസിക്കുകയാണ്. അതിലാണ് എനിക്ക് പരാതി. സാധാരണക്കാരനെ പരിഗണിക്കുന്ന വികസന രീതി നടപ്പായ ഏക സംസ്ഥാനം കേരളമാണ് എന്നാണ് ഞാന്‍ അര്‍ഥമാക്കിയത്. അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പൊതുമേഖലയെത്തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുമ്പോഴാണ് ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കേണ്ടി വരുന്നത്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സാധാരണക്കാരന്‍ നേരിടുന്ന പ്രതിസന്ധി നമ്മള്‍ കാണുന്നുണ്ടല്ലോ. മുന്‍പ് അന്തരം ഉണ്ടായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ അതിനെ നികത്താന്‍ ഒരു പരിധി വരെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ ആരോഗ്യ പൊതുവിതരണ മേഖലകളില്‍ അതു നമ്മള്‍ കണ്ടതുമാണ്. അവിടെ അഴിമതി നടന്നു എന്ന പേരില്‍ ആ പൊതുമേഖലയെത്തന്നെ കൊന്നുകളയുന്നത് തെറ്റ് കാണിക്കുന്ന കുട്ടികളെ നേര്‍വഴി തിരിച്ചു വിടാനാവില്ലെന്ന് തോന്നി തട്ടിക്കളയാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നതു പോലെയാണ്. ആ കുട്ടി നാടിന് കുറെയെങ്കിലും ഉപകരിയാണെന്നത് കൂടി പരിഗണിക്കുക.
കെ വിയുടെ ലേഖനം വായിച്ചു. കേരളത്തിന്റെ എന്തു കുറ്റത്തിനും കുറവിനും, അതു ദളിത് പ്രശ്നമവട്ടെ, പരിസ്ഥിതി പ്രശ്നമാവട്ടേ, ലൈംഗികതൊഴിലാളി പ്രശ്നമാവട്ടേ, എന്തിനും ഏതിനും കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങളെ കുറ്റം പറയുക എന്ന തന്റെ മുന്‍ നിലപാടുകള്‍ മാറ്റിനിര്‍ത്തി കുറച്ചുകൂടി വസ്തുനിഷ്ടമായി കാര്യങള്‍ വിലയിരുത്താന്‍ കെ വി ശ്രമിക്കുന്നു എന്നത് നല്ല കാര്യമാണ്. ഇടയ്ക്ക് ചില വരികള്‍ , ഒരു പോസ്റ്റ്മോഡേണിസ്റ്റ് , സ്വത്വവാദ, ചെറുസംഘരാഷ്ട്രീത്തെ ഉയര്‍ത്തികാട്ടാന്‍ ഒരു പരിശ്രമമായി കാണാം , പക്ഷെ ഇന്ന്, പോസ്റ്റ്മോഡെണിസവും, സ്വത്വവാദരാഷ്ട്രീയവും current fashion ആയ നിലയ്ക്ക് നമുക്ക് അത് തള്ളിക്കളയാം.
കേരളത്തിന്റെ വികസനത്തിനായി കെ വി മുന്നോട്ട് വയ്ക്കുന്നത്, ചുരുക്കിപറഞ്ഞാല്‍ ഒരു “ കംബോള സമ്പത് വ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയ ഉദാര ജനാധിപത്യമാണ്” അതായത് ഒരു market economy based liberal democracy , പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങള്‍ക്കും “ അധികാരത്തില്‍” അതായത്, സാമ്പത്തികാധികാരത്തില്‍ മാത്രമല്ല, രാഷ്ട്രീയാധികാരത്തില്‍ കൂടിയും പങ്കാളിത്തമുള്ള ഒരു ലിബറെല്‍ ഡെമോക്രസി, കേരളത്തിലെ ഉല്പാദനശക്തികളുടെ പരിപൂര്‍ണ്ണ വികസനം ഉറപ്പു വരുത്തുന്ന ഒരു കമ്പോള സമ്പത് വ്യവസ്ഥ. ഇങനെ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുന്ന ചില പരിപാടികളയായിരുന്നുവത്രെ കഴിഞ്ഞ UDF government തുടക്കമിട്ടത്, ( ഉമ്മന്‍ ചാണ്ടീയുടെയും , ജിമ്മാലികുട്ടിയുടെയും LASTBUS പ്രയോഗം ഓര്‍മ്മയില്ലേ ).
കെ വി പക്ഷെ പലപ്പോഴും ഒരു മാവൊയിസ്റ്റ് വീക്ഷണം തന്നെയാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്നത്. കെ വിയുടെ മുന്‍ പാര്‍ടിയുടെ വിപ്ലവലൈന്‍ പ്രകാരം ദേശീയ ബൂര്‍ഷ്വാസി വിപ്ലവതിന്റെ സഖ്യകക്ഷിയാണല്ലൊ. ( ഇന്ത്യയിലെ സ്റ്റാലിനിസ്റ്റ് പാരമ്പര്യമുള്ള എല്ലാ പാര്‍റ്റികളുടെയും ലൈന്‍ ഇതു തന്നെയാണ്, സി പി ഐയുടേ ദേശീയ ജനധിപത്യവിപ്ലവമാവട്ടേ, സി പി എമ്മിന്റെ ജനകീയജനാധിപത്യവിപ്ലവമാകട്ടെ, മാവൊയിസ്റ്റ്കളുടേ പുത്തന്‍ ജനാധിപത്യവിപ്ലവമാവട്ടേ, ഒന്നും സോഷ്യലിസ്റ്റ് വിപ്ലവം മുന്നോട്ട് വയ്ക്കുന്നില്ല, പകരം, ദേശീയബൂര്‍ഷ്വാസിയുമായി പങ്കു ചേര്‍ന്ന്, ജനാധിപത്യവിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തിയാക്കണം എന്ന two stage revolution line ആണ്. ) പിന്നെ കെ വി തനെ പറഞ്ഞതു പോലെ 57 ല്‍ അധികാരത്തിലെത്തിയപ്പോള്‍ സ: ഇ എം എസ്സ് പറഞ്ഞതും അതാണ്, കോണ്‍ഗ്രസ്സ് ചെയ്യാന്‍ മടിക്കുന്ന കോണ്‍ഗ്രസ്സിന്റെ തന്നെ നയങളാണ് തങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക എന്ന്.
പക്ഷെ ഇന്നു കേരലത്തില്‍ കാണാണ്‍ കഴിയുന്നത്, കെ വി പറയുന്ന ഉദാര ജനാധിപത്യത്തില്‍ അധിഷ്ടിതമായ മുതലാളിത്തമാണൊ, മറിച്ച്, കഴിഞ്ഞ UDF ഭരണ കാലത്ത് വളരെയധികം ശക്തിപ്രാപിച്ച, ജാതി മത പിന്തിരിപ്പന്മാര്‍ക്ക് വളരെ സ്വാധീനമുള്ള മാഫിയ സ്വാധീനമുള്ള ഒരു crony capitalism അല്ലെങ്കില്‍ ഒരു ശിങ്കിടി മുതലാളിത്തമാണ് ഇവിടെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതു തകര്‍ത്ത് ഇവിടെ ശരിയായ അര്‍ഥ്ത്തില്‍ കെ വി പറയുന്ന market oriented liberal democracy കൊണ്ടു വരാനുള്ള കഴിവ് ഇവിടുത്തെ വലതുമുന്നണിയിലെ പാര്‍റ്റികള്‍ക്കുണ്ടോ? സംശയമാണ്. അതൊ ഇതിനു നേത്രുത്വം കൊടുക്കാന്‍ ഇവിടത്തെ ചെറു സംഘരാഷ്ട്രീയക്കാര്‍ക്ക് ( ദലിത്, സ്ത്രീ, പരിസ്ഥിതി, ലൈംഗികതൊഴിലാളി, സ്വഗര്‍ഗാനുരാകി.. ) കഴിയുമോ? വീണ്ടൂം എനിക്ക് സംശയമാണ്.
ഒ ടൊ: പണ്ട്, കെ വി UDF candidate ആയി മത്സരിച്ചു തോറ്റപ്പോള്‍ കെ വി യുടെ ഒരു മുന്‍സഖാവ് പറഞ്ഞു, കരുണാകരന്‍ മന്ത്രിസഭയില്‍ കെ വി സാംസ്കാരികമന്ത്രിയായി വാഴുന്നത് കാണാതിരിക്കാനുള്ള ഭാഗ്യമെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് കിട്ടിയല്ലൊ എന്ന്
പോസ്റ്റ് ഉഗ്രന്‍ ....കമന്റുകള്‍ അത്യുഗ്രന്‍ ...
കാമ്പസിനു പുറത്ത് രാഷ്ട്രീയം നോക്കി കണ്ട പരിചയം മാത്രം ഉള്ളതു കൊണ്ടു ഇവിടെയും അതു തന്നെ ചെയ്യുന്നു..
ഒരു സംശയം വിമോചനസമരത്തിലൂടെ നേടിയ മോചനം എന്താണു...?
ജോസഫ് മുണ്ടശ്ശേരി എന്ന വിദ്യാഭ്യാസ മന്ത്രിയെ മാറ്റിയതോ?
പിന്നെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും നേടിയ നേട്ടങ്ങളൊക്കെ കാറ്റില്‍ പറത്താന്‍ പ്രതിഞ്ജ എടുത്തവരാണോ പില്ക്കല മന്ത്രിമാര്‍ ?
Post a Comment