Monday, November 06, 2006

2 വിചിത്ര നീതികള്‍

വാര്‍ത്തവായനക്കാരന്റെ ചാകരദിനമായിരുന്നു ഇന്നലെ. സദ്ദാം ഹുസ്സൈന്റെ കൊലമരം മുതല്‍ രാമന്‍ പിള്ളാച്ചന്റെ പിണങ്ങിപോക്ക് വരെ.പി.കെ കൃഷ്ണദാസിന്റെ ആരോഹണം മുതല്‍ എന്‍.എന്‍ കൃഷ്ണദാസിന്റെ അവരോഹണം വരെ. ഒരുമാതിരി ഗ്രഹണിപിള്ളേര്‍ പുഴുക്ക് കണ്ടപോലെ എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത ഒരവസ്ഥ.

വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്ക് സഞ്ചരിക്കുമ്പോഴാണ് നീതിനിര്‍വ്വഹണത്തിലെ ചില നീതികേടുകള്‍ വെറുതെ മനസ്സിലൂടെ കടന്ന് പോയത്.

ദുജൈലില്‍ 183 പേരെ കൊന്നതിനാണത്രേ സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. അയാള്‍ വധാര്‍ഹന്‍ തന്നെ.സംശയമില്ല. പരമാധികാരം നിലനിര്‍ത്താന്‍ ഓരോ ഭരണാധികാരിയും നടത്തൂന്ന നരമേധങ്ങള്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കുകയും വേണം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്ക എത്ര നരഹത്യകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്.
ഹിരോഷിമ,നാഗസാക്കി,കൊറിയ,വിയറ്റ്നാം,ചിലി,എത്സാല്വഡോര്‍, ഹംഗറി, പാലസ്തീന്‍, ഹൈതി,അഫ്ഗാന്‍,ഇറാക്ക്........ ഇവിടങ്ങളില്‍ അമേരിക്ക നേരിട്ടും പാവ ഏകാധിപതികള്‍ വഴിയും കൂലിപട്ടാളം വഴിയും കൊന്ന മനുഷ്യരുടെ എണ്ണം കോടികള്‍ കവിയും. അമേരിക്ക എന്ന സമ്പന്ന രാജ്യത്തിനു നിലനില്‍ക്കാന്‍ ബാക്കി ലോകം കൊടുക്കേണ്ടി വന്ന വിലയാ‍ണത്.

കള്ളന്മാരെ അമേരിക്ക പിടിക്കും,കൊലപാതകികളെ അമേരിക്ക പിടിക്കും,ഈ അമേരിക്കയെ ആരു പിടിക്കും. 183 പേരെ കൊന്നവന് ഒരു തവണ വധശിക്ഷ വിധിച്ചാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം പേരെ ഇറാക്കില്‍ കൊന്ന ബുഷിനെ 3333 തവണ ശിക്ഷിക്കേണ്ടതല്ലേ.......
****************************************************************
ഇത് നീതിയുടെ അല്ലെങ്കില്‍ നീതികേടിന്റെ ഒരു മുഖം. മറ്റൊന്ന് എ.കെ.ജി സെന്ററിലാണ്.കൃഷ്ണദാസിന്റെ വിധി സദ്ദാമിന്റെ പോലെ തന്നെ നിര്‍ണ്ണയിച്ച ശേഷം നടന്ന വിചാരണ.കുറ്റം മറ്റേ ഗ്രൂപ്പുകാരനായ ഏ.കെ.ബാലന്റെ ഫോണ്‍ ചോര്‍ത്തി അയാള്‍ നടത്തുന്ന ഗ്രൂപ്പ് കളിയുടെ തെളിവായി ഗ്രൂപ്പ് കളിയെക്കുറിച്ച് അന്വേഷിക്കുന്ന പാലൊളി കമ്മീഷന് നല്‍കി. പക്ഷെ സാക്ഷിയെ കുറ്റക്കാരനാക്കി കളഞ്ഞു കമ്മീഷന്‍.ഫോണില്‍ കൂടി ഗ്രൂപ്പ് കളിച്ചയാള്‍ക്ക് മന്ത്രിസ്ഥാനവും സെക്രട്ടരിയേറ്റ് അംഗത്വവും,തെളിവ് സഹിതം ചൂണ്ടികാണിച്ച ആള്‍ക്ക് ശിക്ഷയും.പണ്ട് സി.എച്ച്.മുഹമ്മദ്കോയ പറഞ്ഞപോലെ പാല്‍ തട്ടി കമത്തിയ അമ്മായിക്കല്ല, തറയില്‍നിന്ന് അത് നക്കികുടിച്ച് ചക്കിപ്പൂച്ചക്കാണ് തവിക്കണകൊണ്ട് തലക്കടി കിട്ടിയത്.
നീതിസാരത്തിന്റെ പുത്തന്‍ വ്യാഖ്യാനങ്ങള്‍, അല്ലേ???

3 comments:

സൂര്യോദയം said...

സദ്ദാം ഹുസൈനിന്റെ കാര്യം... താങ്കളുടെ വരികള്‍ തികച്ചും പ്രസക്തം.... ലോകപ്പോലീസായ അമേരിക്കയെ ചോദ്യം ചെയ്യാന്‍ ആരുമില്ല.... പണ്ട്‌ റഷ്യയുണ്ടായിരുന്നു... പല സാമ്രാജ്യത്തപ്രവണതകളെയും എതിര്‍ക്കാന്‍... ഇന്ത്യയെ വരെ സഹായിക്കാന്‍.... സോഷ്യലിസവും കമ്മ്യൂണിസവും റഷ്യയില്‍ തകര്‍ന്നു വീഴുമ്പോള്‍ കൈയ്യടിച്ച്‌ ചിരിക്കാന്‍ ഇന്ത്യയിലും ഒരുപാട്‌ പേര്‍ ഉണ്ടായിരുന്നു.... ഇനി ഇപ്പോള്‍ അമേരിക്കന്‍ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഒരു വലിയ ലോകശക്തി ഉദയം ചെയ്തേ തീരൂ...

രണ്ടാമതായി, കൃഷ്ണദാസിന്റെ കാര്യം... അതിലെനിക്ക്‌ അഭിപ്രായമില്ല... അത്‌, പാര്‍ട്ടിക്കുള്ളില്‍ അവര്‍ തീരുമാനിച്ചുകൊള്ളട്ടെ.... :-)

Radheyan said...

പാര്‍ട്ടിക്കുള്ളിലായാലും പടക്കളത്തിലായാലും പാടവരമ്പത്തായാലും അനീതി നടക്കുന്നിടത്ത് കലാപം ഉണ്ടാവണം. അല്ലെങ്കില്‍ അത് ചീഞ്ഞ് നാറും

vimathan said...

അനീതിക്കെതിരെ കലാപം ചെയുന്നത് ശരിയാണ്. (Mao ze dong: It is right to rebel against reaction ) മാനവികത എന്നത്, സഹനവും, കീഴടങലുമല്ല, മറിച്ച്, ചെറുത്തുനില്‍പ്പും, തിരിച്ചടിയുമാണ്. പക്ഷെ രാധേയന്‍,..