Saturday, April 12, 2008

വിശ്വാസത്തിന്റെ യുക്തി

പ്രസംഗങ്ങള്‍ ദൌര്‍ബല്യമായ ഒരു യാചക കഥാപാത്രമുണ്ട് കെജി ജോര്‍ജിന്റെ പഞ്ചവടിപാലമെന്ന സിനിമയില്‍.പ്രസംഗങ്ങള്‍ എന്റെയും ഒരു ആവേശമായിരുന്നു.ട്രാഷ് വാല്യൂ മാത്രമേ ഉള്ളൂ എന്നറിയാമെങ്കിലും മദനിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പല സ്ഥലങ്ങളിലും 90കളില്‍ ഞാന്‍ പോയിരുന്നു.പ്രസംഗം സൃഷ്ടിക്കുന്ന ധ്വന്യാത്മകമായ ഏകത എന്നും എനിക്ക് അല്‍ഭുതമായിരുന്നു.എന്നെ ആകര്‍ഷിച്ച ഒരു പ്രസംഗം ചിന്മയാനന്ദ സ്വാമിയുടെ ആയിരുന്നു.അത് പക്ഷെ ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ.അതും ഇംഗ്ലീഷില്‍.മലയാളത്തില്‍ എന്നെ ആകര്‍ഷിച്ച ഒരു പ്രാസംഗികന്‍ അന്തരിച്ച കണിയാപുരം രാമചന്ദ്രന്റെയാണ്.

കഴിഞ്ഞ ദിവസം ദുബായി ഇന്ത്യന്‍ കോണ്‍സലേറ്റില്‍ Indain Institute of Scientific Heritage ഡയറക്ടര്‍ ശ്രീ എന്‍.ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണപരമ്പരയിലേക്ക് എന്നെ നയിച്ചതും ഏറെ പുകഴ്പെട്ട അദ്ദേഹത്തിന്റെ വാഗ്‌വിലാസമാണ്.ആത്മീയതയിലേക്ക് മധ്യവര്‍ഗ്ഗക്കാരനെ അടുപ്പിക്കുന്ന senile ഘടകങ്ങള്‍ ഈ മുപ്പത്തിമൂന്നാം വയസ്സില്‍ തന്നെ എന്നെ സ്വാധീനിച്ചു തുടങ്ങിയോ,അറിയില്ല.

ഒരുപാട് പ്രതീക്ഷയോടെ ആണ് ദിശാബോധം വീണ്ടെടുക്കുന്ന ഭാരതീയര്‍ എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയത്.വളരെ ഉപരിപ്ലവമായതും മധ്യവര്‍ഗ്ഗ വ്യഥകളെ മാത്രം അഡ്രസ്സ് ചെയ്യുന്നതുമായ ഒരു വെര്‍ബല്‍ സര്‍ക്കസ് കേട്ടതിന്റെ വിഷമത്തിലാണ് ഏതാണ്ട് 3 മണിക്കൂറിനു ശേഷം ഞാനവിടെ നിന്നും പുറത്തു വന്നത്.

അദ്ദേഹത്തിന്റെ പോയിന്റുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. സ്വാതന്ത്ര്യത്തിന്റെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത കാലത്തായി ഭാരതവും ഭാരതീയരും ദിശാബോധം വീണ്ടെടുക്കുന്നു.

2. ഇതിന്റെ സൂചനയാണ് ഭാരതീയര്‍ക്ക് യോഗാ,ജ്യോതിഷം,വാസ്തു തുടങ്ങിയ സകല സംഗതികളിലും അധികരിച്ചു വരുന്ന വിശ്വാസം.പണൊക്കെ ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിനെ സവര്‍ണ്ണ മൂരാച്ചി ഫാസിസമായി കാണുമായിരുന്നു.ഇന്നങ്ങനെ ആരും കാണുന്നില്ല എന്നു മാത്രമല്ല ആറ്റുകാല്‍ പൊങ്കാലയുടെ പകുതി നടത്തിപ്പ് സി.പി.എം നേതാവ് ഗോവിന്ദപ്പിള്ളയാണ് ചെയ്യുന്നത്.ഗോവിന്ദപ്പിള്ള എന്നും പഴവങ്ങാടി ഗണപതിയെ കാണാന്‍ വരാറുണ്ട്.തൊഴാറില്ല എന്ന് മാത്രം.തിരുവനന്തപുരത്ത് യുക്തിവാദികളുടെ ജില്ലാ നേതാവ് രാവിലെ നാലുമണിക്ക് മാടന്‍ കോവിലില്‍ തൊഴാന്‍ വരുന്നുണ്ട്. പണ്ട് രാവിലെ ചാടി എഴുന്നേല്‍ക്കരുത് എന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസമാകുമായിരുന്നു.ഇന്ന് അങ്ങനെയല്ല.അതില്‍ യുക്തിയുണ്ട് എന്ന് അംഗീകരിക്കപ്പെടുന്നു.ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊസിഷനിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ രക്തയോട്ടത്തെ അത് ബാധിക്കുന്നതായി പാശ്ചാത്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.അത് പോലെ തന്നെ കിഴക്ക് ദിക്കിന്‍ അഭിമുഖമായി പഠിക്കുമ്പോള്‍ അതിന് പോസിറ്റീവായ ഗ്രാവിറ്റി സ്വാധീനം ഉണ്ട്.അതു പോലെ വടക്കോട്ട് തല വെച്ച് കിടക്കുന്നതിനെ എതിര്‍ക്കുന്നതിലും സമാനമായ ഊര്‍ജ്ജ യുക്തി ഉണ്ടത്രേ.

ഗോവിന്ദപ്പിള്ള അല്ലെങ്കില്‍ മറ്റേതെങ്കിലും യുക്തിവാദിക്ക് എന്തെങ്കിലും അഭിപ്രായമാറ്റമുണ്ടായാല്‍ യുക്തി എന്നത് കടലെടുത്ത് പോയി എന്നത് വളരെ പ്രചരണപരമെന്നതിലപ്പുറം എന്തെങ്കിലും പ്രസക്തി ഉള്ള വസ്തുത ആണെന്നു തോന്നുന്നില്ല.പലപ്പോഴും ഗോപാലകൃഷ്ണന്‍ സാറിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും self contradicting ആയി തോന്നുന്നു.ഉദാഹരണത്തിനു വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കാമോ എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ മറുപടിയും പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ചാല്‍ മഴ പെയ്യാതിരിക്കുമോ എന്നതിനെ കുറിച്ചുള്ള പരാമര്‍ശവും.ഗണപതി ഇതൊക്കെ നോക്കിയിരിക്കുയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.ചുരുക്കത്തില്‍ ഏതാണ് വിശ്വാസം ഏതാണ് അന്ധവിശ്വാസം എന്ന് അദ്ദേഹത്തിനു തന്നെ തിട്ടമില്ല എന്ന് തോന്നും.വിശ്വാസത്തില്‍ യുക്തി ഇല്ല എന്നു പറയാന്‍ ആവില്ല.യുക്തി തെളിയുമ്പോള്‍ പിന്നീട് അത് വിശ്വാസമല്ലാതെ ആവുകയും ഫാക്റ്റ് ആയി മാറുകയും ചെയ്യും.ഇങ്ങനെ ഉരച്ച് നോക്കാന്‍ യുക്തി കൂടിയേ തീരൂ.യുക്തിയില്‍ നിന്നേ ശാസ്ത്രബോധം ജനിക്കൂ.ശാസ്ത്രബോധം മാത്രമേ പുരോഗതിയിലേക്ക് നയിക്കൂ.ശാസ്ത്രം പ്രാക്തനമെന്നോ ആധുനികമെന്നോ വ്യവച്ഛേദിക്കുന്നതില്‍ പൊരുളില്ല.അതിലെ തത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതാണൊ എന്നത് മാത്രമാണ് പ്രസക്തം.യോഗ കുറെ ഏറെ അംഗീകരിക്കപ്പെട്ടത്,അതിന്റെ തത്വങ്ങള്‍ ഇന്നും ഫലം തരുന്നത് കൊണ്ടാണ്.


4. റ്റാറ്റ കാര്‍ രംഗത്തെ ഭിമനായി മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പിനികളുടെ അക്വിസിഷന്‍ ഭീഷണിയിലാണ് ലോകം.10ല്‍ നാല് സമ്പന്നര്‍ ഇന്ത്യക്കാര്‍ ആണ്.

ഇന്ത്യ എന്നത് ഒരു സാമ്പത്തിക ശക്തി ആയി എന്നതിനും മടുപ്പിക്കുന്ന ഒരു റിറ്റോറിക്ക് എന്നതിലപ്പുറം ഒരു വസ്തുതയാണോ.ഇന്ത്യയില്‍ കുറേ ഏറെ സമ്പന്നര്‍ ഉണ്ടായി എന്നത് വസ്തുത,ഇന്ത്യന്‍ കമ്പിനി ഫോര്‍ഡിനെ പോലും വിഴുങ്ങാന്‍ വലുതായി എന്നതും സത്യം.പക്ഷെ 70% ശതമാനത്തിനും 20 രൂപയില്‍ താഴെ മാത്രമേ ദിവസവരുമാനമുള്ളൂ എന്ന വസ്തുത അത്ര അപ്രസക്തമാണോ?ഇന്തയിലെ പട്ടിണിക്കാരുടെ എണ്ണം അവഗണിക്കാവുന്നതാണോ? ഇനി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അംഗീകരിക്കുകയാണെങ്കില്‍ അത് 91ല്‍ സംഭവിച്ച അഗോളീകരണം കാരണമല്ലേ?ഇന്ത്യയുടെ ഈ നേട്ടത്തില്‍ ഭാരതീയ പൈതൃകത്തിനു എന്താണ് സംഭാവന?അഗോളീകരണം എന്നത് ദേശീയതയില്‍ ഊന്നിയ ഒന്നല്ല മറിച്ച് അന്തര്‍ദേശീയതയില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം മറന്നുവോ?അഗോളീകരണം ചുരുങ്ങിയ ശബ്ദമുള്ള ചിലര്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നു തന്നപ്പോള്‍ ശബ്ദമില്ലാത്ത കോടികള്‍ക്ക് അത് ചൂഷണം ചെയ്യപ്പെടാനുള്ള മറ്റൊരു വഴി ആയത് നാം തിരിച്ചറിയാതെ പോകണോ?

5. ലോകത്തെ ഏറ്റവും അധികം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി നമ്മുടേതാണ്.(കയ്യടി)നമ്മുടെ പ്രധാനമന്ത്രി ശിഖനാണ്,രാഷ്ട്രപതി ഹിന്ദു,ഉപരാഷ്ട്രപതി മുസ്ലിം

(ഇത്രയും പറഞ്ഞ ശേഷം വളരെ naive ആയ മട്ടില്‍ ഒരു പാസിംഗ് കമന്റ് ഇവരെ ഒക്കെ നിയന്ത്രിക്കുന്നത് ഇറ്റലിക്കാരി ഒരു അമ്മച്ചി)-വീണ്ടും കയ്യടി-ഒരു പക്ഷെ കൂടിയിരിക്കുന്ന ജനത്തിന്റെ മനോനിലയും രാഷ്ട്രീയസ്വഭാവും ആ കയ്യടിയില്‍ ഉണ്ടെന്ന് എനിക്ക് തോന്നി.ഒരുപക്ഷെ ഗള്‍ഫിലുള്ള ഉപരിമധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയവും ഒളിപ്പിച്ച വര്‍ഗ്ഗീയതയും.

6. അരവണ പ്രശ്നം പരിഹരിക്കാന്‍ 17 IAS ഉദ്യോഗസ്ഥര്‍ക്ക് തല പുകക്കേണ്ടി വന്നു.മുന്‍പ് ഒരു കാലത്തായിരുന്നെങ്കില്‍ ഈ വിഷയം പുല്ലു പോലെ അവഗണിക്കപ്പെടുമായിരുന്നു,അതും ഒരു ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്.ശബരിമലയില്‍ മന്ത്രിയെത്തി,ഒരു ഗ്ലാസ് വെള്ളം കുടിക്കാതെ മുഖ്യമന്ത്രി എത്തി.മന്ത്രി സന്നിധാനത്തില്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു.

17 അല്ല 170 ഉദ്യോഗസ്ഥര്‍ കൂടിയിരുന്ന് അരി ക്ഷാമത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു പരിഹാരം കണ്ടതിനെ കുറിച്ചാണ് അദ്ദേഹം ആശ്വാസം കൊണ്ടിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.അരിക്ഷാമത്തെക്കാള്‍ വലിയ പ്രശ്നമാണ് അരവണ ക്ഷാമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ശുദ്ധജലവിതരണത്തേക്കാള്‍ പ്രധാനം സംസം ജലത്തിന്റെ വിതരണമെന്ന് ആരെങ്കിലും കരുതിയാല്‍ അതാണ് സാംസ്ക്കാരിക നവോത്ഥാനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മനുഷ്യകുലത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാന്‍ ലെഫ്റ്റിസ്റ്റോ സെന്ററിസ്റ്റോ ആവേണ്ട ഹ്യൂമനിസ്റ്റ് ആയാല്‍ മതി.

7.ലോകത്ത് വെജിറ്റേറിയനിസത്തിനു കിട്ടുന്ന പ്രാധാന്യം

വെജിറ്റേറിയനിസം ലോകമെമ്പാടും പ്രചരിക്കുന്നതില്‍ എനിക്കും സന്തോഷം.അത് പക്ഷെ എങ്ങനെ ഇന്ത്യന്‍ പൈതൃകം ആകുന്നു എന്ന് മനസ്സിലാകുന്നില്ല.ശ്രീകൃഷ്ണനും രാമനും നോണ്‍ കഴിച്ചിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.ഇനി ഇല്ല എങ്കില്‍ തന്നെ ബ്രാഹ്മണര്‍ ഒഴികെ എല്ലാവരും നോണ്‍ സാപ്പിട്ടിരുന്നു.അപ്പോള്‍ ബ്രാഹ്മണന്റെ പൈതൃകമാണ് ഭാരത പൈതൃകം എന്നാണോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.കിഴങ്ങും മത്സ്യവും മാസവും കഴിച്ച് പശി അടക്കിയവനെ ഭാരതീയതയുടെ പൈതൃകത്തില്‍ നിന്നും കുടിയിറക്കി വിടുന്നു.ഗോപൂജ ഭാരതീയ പൈതൃകത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.ഗോപൂജ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാകുന്നതിനു മുന്‍പും ഭാരതവും അതിന്റെ ജീവിതധാരയും ഇവിടെ ഉണ്ടായിരുന്നു.അതിനെ നിഷേധിക്കാനുള്ള ശ്രമം ഏത് അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു

ഭാരതീയ പൈതൃകതിലെ വേറിട്ട വഴികള്‍ വെട്ടി തുറന്ന സാംഖ്യനെയും കപിലനെയും ഒന്നും പരാമര്‍ശിച്ച് കണ്ടില്ല.യുക്തിചിന്തയും നാസ്തികത്വവും ഭാരതപാരമ്പര്യത്തിനു അന്യമല്ല എന്നു പറയാനെങ്കിലും ഇവരെ പരാമര്‍ശിക്കാമായിരുന്നു.അതുപോലെ തന്നെ ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന സമഗ്രമായ ഈശ്വരസങ്കല്‍പ്പവും ഈ പ്രഭാഷണത്തില്‍ അന്യമായിരുന്നു.മറിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പാകമാകാത്ത ഉടുപ്പ് ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഭാരതചിന്തയില്‍ ലോകത്തിനു പഠിക്കാനായി ധാരാളം സംഗതികളുണ്ട്.ശക്തമായ കുടുംബ വ്യവസ്ഥ,മുതിര്‍ന്നവരോടുള്ള ബഹുമാനം,മറ്റു ചിന്തകളോടുള്ള ബഹുമാനം,നല്ലതെന്തും കൊള്ളാനുള്ള കഴിവ്,ഉപനിഷത്തുകള്‍ മുന്നോട്ട് വെയ്ക്കുന്ന യുക്തിസഹമായ ദൈവസങ്കല്‍പ്പം.ഇവയിലൊക്കെ അടിസ്ഥാനപ്പെടുത്തി മതേതരമായ ഒരു ആത്മീയ സങ്കല്‍പ്പം മുന്നോട്ട് വെയ്ക്കാന്‍ Indain Institute of Scientific Heritageന് കഴിഞ്ഞില്ലെങ്കില്‍ ഇത് സംഘപരിവാറിന്റെ മറ്റൊരു ഒളിമുഖമാണെന്നു ധരിക്കേണ്ടി വരും.

15 comments:

ഭൂമിപുത്രി said...

നന്നായി സംഗ്രഹിച്ചിരിയ്ക്കുന്നു,
നല്ല നിരീക്ഷണങ്ങളും രാധേയന്‍

മൂര്‍ത്തി said...

നന്ദി രാധേയന്‍...

പോസ്റ്റിലെ അവസാനത്തെ വരി എന്നെ തുറിച്ചു നോക്കുന്നു.

റോബി said...

ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊസിഷനിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ രക്തയോട്ടത്തെ അത് ബാധിക്കുന്നതായി പാശ്ചാത്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ഉവ്വ..

ഇത്രയും ദേശീയത പറയുമ്പോഴും കൂടെ പാശ്ചാത്യ ഗവേഷണത്തിന്റെ ഒപ്പു വേണം. ശാസ്ത്രമെന്താണെന്നറിയാത്ത മധ്യവര്‍ത്തി അന്ധവിശ്വാസികള്‍ തന്നെയാണ് ഗോപാലകൃഷ്ണന്മാരുടെ ഇരകള്‍. ഈ ഗോപാലകൃഷ്ണന്‍ സംഘപരിവാറിന്റെ ആളാണെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.

ശ്രീവല്ലഭന്‍ said...

നല്ല പോസ്റ്റ് രാധേയന്‍. :-)

Indian Institute of Scientific Heritage എന്ന് കേട്ടപ്പോള്‍ എന്തോ വല്യ സര്‍ക്കാര്‍ സ്ഥാപനം ആണെന്ന് വിചാരിച്ചു.

" Indian institute of scientific heritage is building the National Heritage Center, in Mazhuvanchery, near Kechery, in Trissur Guruvayoor road, in the land donated by Kottilil Marath family, Trissur. The National Heritage Centre will have all the tools developed by IISH and other organizations to learn and teach the heritage of our motherland. There is also a spiritual research center in the premises - Mazhuvanchery Siva Temple - your support, donation, guidance and blessings are required for developing this center. You / your friends can sponsor the programmes of the institute / National Heritage Center."

ഇത് മ്മടെ ത്രിശൂരെ സ്ഥാപനം ആണല്ലേ. എന്നാ പിന്നെ സാരമില്ല. പക്ഷെ ഇതിന്റെ തലപ്പത്തൊക്കെ മുഴുവന്‍ (രണ്ടു പേര്‍) പി എച്ച്. ഡി ക്കാര്‍ ആണല്ലോ.
"To locate a cordinator in your country or nearest, CLICK ഹിയര്‍" എന്ന് കണ്ടപ്പോള്‍ ഒന്നു ഞെക്കി നോക്കി "List of IISH Cordinators To see the list of our co-ordinators in different countries, click on the respective countries listed below India" . അവിടെ ശൂന്യം!
അപ്പൊ പറഞ്ഞു വന്നത്, ഇതു പോലെ കുറെ ഇന്ത്യന്‍ institute, national institute, ഇന്‍റര്‍നാഷണല്‍ institute എല്ലാം കണ്ടിട്ടുണ്ട് എന്നാണ്.

മാരീചന്‍‍ said...

രാധേയന്‍,
തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഞങ്ങള്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിട്ടുണ്ട് ശ്രീ ഗോപാലകൃഷ്ണനെ. അന്ന് ആ പ്രസംഗം ഒരത്ഭുതമായി തന്നെ തോന്നിയിരുന്നു, പ്രസംഗത്തില്‍ കണിയാപുരം രാമചന്ദ്രന്റെ ആരാധകനായിരിക്കുമ്പോഴും.
(സിപിഐക്കാരെന്നാല്‍ അത്തം ചതുര്‍ത്ഥിയാണെങ്കിലും പ്രസംഗത്തിലും ലേഖനമെഴുത്തിലും ഇപ്പോഴും മനസാ വണങ്ങുന്നത് കണിയാപുരം രാമചന്ദ്രനെത്തന്നെ)

പിന്നെ, കേള്‍ക്കുന്തോറും മടുക്കുന്ന ഒരു അക്ഷരവ്യായാമമായി ശ്രീ ഗോപാലകൃഷ്ണന്റെ വാഗ്ധോരണി. താങ്കള്‍ നിരീക്ഷിച്ചതു പോലെ ഒരു വെര്‍ബല്‍ സര്‍ക്കസ്.

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയുടെ പകുതി നടത്തിപ്പ് സിപിഎം നേതാവ് പി ഗോവിന്ദപ്പിളളയാണെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അതിനെ എതിര്‍ക്കുക? തിരുവനന്തപുരത്തെ കുപ്രസിദ്ധരായ ഗുണ്ടകളില്‍ പലരും അദ്ദേഹത്തിന്റെ മരുമകന്‍ വി ശിവന്‍കുട്ടിയുടെ നേതൃത്വം അംഗീകരിക്കുന്നവരാണ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ഈ പ്രസ്താവനയ്ക്ക് അര്‍ത്ഥമുണ്ടായി വരും. എന്നാല്‍ വയോധികനായ ഗോവിന്ദപ്പിളളയെവിടെക്കിടക്കുന്നു, ശിവന്‍കുട്ടിയെവിടെക്കിടക്കുന്നു.

യുക്തിവാദി നേതാവ് സ്ഥിരമായി അമ്പലത്തില്‍ പോയി തൊഴുന്നു എന്ന ആരോപണത്തിന്റെ സത്യാവസ്ഥയും അതു പോലൊന്ന് തന്നെയായിരിക്കും. ആളിന്റെ പേരോ മറ്റു സൂചനകളോ ഇല്ലെന്നത് യാദൃശ്ചികമല്ല. പ്രസംഗത്തില്‍ ഉപയോഗിക്കുന്ന ഒരു ടെക്നിക്ക്. ഉന്നം സുവ്യക്തം.

Radheyan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശിവന്‍‌കുട്ടിക്ക് അങ്ങനെ ഒരു മുഖമുണ്ടോ മാരീചാ..അത് എനിക്ക് പുതിയ തിര്‍ച്ചറിവാണ്.തിരുവന്തോരത്ത് ഗുണ്ടയല്ലാതെ പപ്പനാവസാമി മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണോ?

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഏറ്റവും അറപ്പുണ്ടാക്കിയത് മാരീചന്‍ ചൂണ്ടികാട്ടിയത് പോലുള്ള ഓഫ് ഹാന്‍ഡ് റിമാര്‍ക്കുകളാണ്.കൂടുതലും ആന്റി ലെഫ്റ്റ് സമൂഹത്തിനു രുചിക്കുന്നത്.(കുറെ കൂടി വൈഡര്‍ പാര്‍ട്ടിസിപ്പേഷനുള്ള വേദിയില്‍ അദ്ദേഹം കുറേ കൂടി ജനറസാണ്)ഇത് ശരിക്കും പണം കൂടി പോയിട്ട് ബി.പി കൂടി പോയവരും കക്ഷം കാണിക്കുന്ന ബ്ലൌസിടുന്ന അമ്മച്ചിമാരുടെയും സദസ്സെന്ന നിലയില്‍ ഏറ്റവും വിറ്റു പോകുന്നത് യുക്തി വിരുദ്ധ ചിന്തകളാണ്.വാസ്തുവും മറ്റും അവരുടെ ബോതറേഷന്‍ ആനല്ലോ.ഒന്നര സെന്റ്റില്‍ ചെറ്റ കുത്തി മറച്ച് കിടക്കുന്നവനൊക്കെ എന്ത് വാസ്തു.

dethan said...

പ്രിയ രാധേയന്‍,
പോസ്റ്റ് കാണാന്‍ വൈകി.നല്ല വിശകലനം.രാധേയന്‍ സൂചിപ്പിച്ചതാണ് പ്രഭാഷണത്തിന്‍റെ കാതലെങ്കില്‍ ഇത്തരം
ഗൗരവമായ ഒരു പ്രതികരണം അതര്‍ഹിക്കുന്നില്ല. ആ ഒറ്റ 'അമ്മച്ചി' പ്രയോഗത്തില്‍ നിന്നു തന്നെ പ്രസംഗത്തിന്‍റെ നിലവാരം വ്യക്തമാണ്;പ്രസംഗകന്‍റെയും.സയന്‍റിഫിക് ഹെറിറ്റേജ് എന്നൊക്കെ ബോഡിലേ ഉള്ളെന്നു മനസ്സിലായില്ലേ?അകം മുഴുവന്‍ അന്ധവിശ്വാസമായിരിക്കുംഇക്കൂട്ടരുടെ.
വ്യക്തികളുടെ ദൗര്‍ബ്ബല്യങ്ങളെ ചൂണ്ടിക്കാട്ടി അത് തത്ത്വത്തിന്‍റെയോ ആശയത്തിന്‍റെയൊ കുഴപ്പമാണെന്ന വാദം തന്നെ യുക്തിയില്ലായ്മയുടെ തെളിവാണ്.പി ഗോവിന്ദപ്പിള്ള അന്ധ വിശ്വാസി ആയതുകൊണ്ട് മാര്‍ക്സിസ്റ്റുകാരെല്ലാം കപടഭൗതിക വാദികളാണെന്നു പ്രചരിപ്പിക്കുന്ന ഒരുപാട് ഗോപാലകൃഷ്ണന്മാരും പൗവ്വത്തില്‍ തിരുമേനിമാരും ഉണ്ട്.ഇത്തരം പ്രചരണത്തെ യുക്തികൊണ്ടു ചെറുക്കേണ്ടതിനു പകരം ചീത്തപറഞ്ഞും കുമ്പസാരിച്ചും നടക്കുന്ന ചില മാര്‍ക്സിസ്റ്റ് നേതാക്കന്മാരും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് മറ്റൊരുതരത്തില്‍ ഉത്തരവാദികളാണ്.

കപിലനും കണാദനും ചാര്‍വ്വാകനും ഒന്നും ഇവരുടെ 'ഭാരതീയ പൈതൃക'ത്തില്‍ പെടില്ല.കാരുണ്യത്തിന്‍റെ മനുഷ്യരൂപമായിരുന്ന ശ്രീബുദ്ധനും ഇവര്‍ക്ക് അന്യനാണ്.
ബ്രാഹ്മണന്‍റെ പൈതൃകമാണ് ഗോപാലകൃഷ്ണന്മാര്‍ ഉദ്ദേശിക്കുന്നതെന്ന് താങ്കള്‍ക്ക് ഇനിയും മനസ്സിലായില്ലേ?
ഇവിടെ രാജനീതി എന്നു വച്ചാല്‍ ബ്രാഹ്മണന്‍റെ ഇഷ്ടമെന്നേ അര്‍ത്ഥമുണ്ടായിരുന്നുള്ളു.ബ്രാഹ്മണനെ തൃപ്തിപ്പെടുത്താനാണ് ശ്രീരാമന്‍ ശൂദ്രമഹര്‍ഷിയായ ശംബൂകന്‍റെ തലയറുത്തത്.

പിന്നെ; ഇങ്ങനെയുള്ളവരുടെ വചോവിലാസത്തെപ്പറ്റി അത്ഭുതംകൂറാന്‍ വരട്ടെ.ഒരു കാര്യം തന്നെ എല്ലാടത്തും പോയി പ്രസംഗിക്കും. ആദ്യം കേള്‍ക്കുന്നവര്‍ അമ്പരന്നു പോകും.പല പ്രാവശ്യം കേട്ടാല്‍ അറിയാം മിടുക്ക്.
-ദത്തന്‍

മൂര്‍ത്തി said...

രാജീവിന്റെ ഈ കമന്റും ഇവിടെ പ്രസക്തം.

Rajeeve Chelanat said...

രാധേയന്‍

പ്രസക്തമായ പോസ്റ്റ്.

ഗോപാലകൃഷ്ണന്റെ പ്രസംഗപടുത്വം കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തെ കോള്‍മയിര്‍ കൊള്ളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ദുബായിലും തുടങ്ങിയിട്ടുണ്ട് എന്നും അറിഞ്ഞു. നാട്ടില്‍ വെച്ച് നേരിട്ടും കാസറ്റിലും കേള്‍ക്കാനും ഇടവന്നിട്ടുണ്ട്.

ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ ധാരണകളാണുള്ളത്. അത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം എന്ന് തള്ളിക്കളയാമായിരുന്നു. പക്ഷേ അവയെ അദ്ദേഹത്തെപ്പോലൂള്ളവര്‍ ഉപയോഗിക്കുന്നത്, മതദേശീയതയുടെ നിര്‍മ്മിതിക്കാണ് എന്നുവരുമ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ട ഒന്നായിത്തീരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഉയര്‍ന്ന തത്ത്വചിന്താപരമായ പ്രപഞ്ചവീക്ഷണങ്ങളെപ്പോലും സമ്പൂര്‍ണ്ണമായി നിരാകരിച്ച്, അതിലെ ഏറ്റവും നീചവും, അയുക്തീകവുമായ അംശങ്ങളെയാണ് അയാള്‍ പറകൊട്ടി എഴുന്നള്ളിക്കുന്നത്. അതിനെയാണ്, ഈ മദ്ധ്യവര്‍ഗ്ഗ പുരുഷ കേസരികളും ഹരിണാക്ഷികളും വണ്‍സ് മോര്‍ വിളികളോടെ കയ്യടിച്ച് ആസ്വദിക്കുന്നത്.

ഗോപാലകൃഷ്ണന്റെയും ചിന്മയാനന്ദന്റെയും ശശികലയുടെയും ഇന്ത്യന്‍ ഹെറിറ്റേജാണ് ഇനി വരാന്‍ പോകുന്നതെങ്കില്‍, അതിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കാന്‍ ഇപ്പൊഴേ നമ്മള്‍ സജ്ജരാകേണ്ടിയിരിക്കുന്നു.

ചിന്മയാന‘ന്ധന്‍‘, നിത്യചൈതന്യയതി എന്നിവരെക്കുറിച്ചുള്ള ചില വ്യക്തിഗത അനുഭവങ്ങളും, ഗുജറാത്തിലും മുംബൈയിലും ജീവിച്ചുതീര്‍ത്ത ഹ്രസ്വമായ ഒരു പൂര്‍വ്വാശ്രമത്തെക്കുറിച്ചും എഴുതണമെന്നുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് ശ്രമിക്കാം.

അഭിവാദ്യങ്ങളോടെ

Radheyan said...

രാജീവ്,

വേഗം എഴുതുക.ഇദ്ദേഹം കൂടെ കൂടെ പ്രശംസിക്കുന്ന മറ്റൊരു സ്വാമിയാണ് സന്ദീപ് ചൈതന്യ(ഒരു ഫ്രോഡ് ലുക്ക് ജന്മനാ ഉള്ള ആസാമി).പുള്ളിയെ കുറിച്ചും എന്തെങ്കിലും അറിയാമെങ്കില്‍ എഴുതുക.

രാത്രി 11.30നു തിരികെ എത്തി ഒന്നര പെഗ് വിഴുങ്ങേണ്ടി വന്നു ചെടിപ്പ് മാറ്റാന്‍ എന്നു പറഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ

അഭിവാദ്യങ്ങള്‍

nalan::നളന്‍ said...

ഗോപാലകൃഷ്ണന്‍ പറയാത്ത കാര്യങ്ങള്‍...

കര്‍ണ്ണാടകത്തിലെ ചിക്ക് മംഗലൂരിലെ സംഭവം.
http://www.hindu.com/2008/04/02/stories/2008040254390400.htm
ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല.
റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന പലതും നിത്യസംഭവങ്ങളായി വരുന്നു.
ബീഫ് കിട്ടിയിരുന്ന പല മലയാളിക്കടകളിലും ഇപ്പോള്‍ വിലക്കാണു. കാവിപ്പടയുടെ ഭീഷണി.

കുറച്ചു നാള്‍ മുന്‍പ്, ദളിത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയത് പ്രശ്നമായി. ഭീഷണിക്കുമുന്നില്‍ കര്‍ണ്ണാടക സര്‍ക്കാരു തന്നെ കീഴടങ്ങി. (ആരാ ഭരിക്കുന്നതെന്ന് അനുമാനത്തിനു വിടുന്നു).

ഭാരതീ പൈതൃകത്തിന്റെ പേരില്‍ കാവിപ്പട നടത്തുന്ന മഹത്തായ സാംസ്കാരിക മുന്നേറ്റങ്ങളെപ്പറ്റിയൊന്നും ഒരു ഗോപാലകൃഷ്ണ ശശികലാദികളും പറയില്ല. കാരണം ഗുജറാത്തില്‍ നിന്നും വമിക്കുന്ന വിഷത്തിനു വളക്കൂറുള്ള മണ്ണൊരുക്കുകയാണല്ലോ ഇവരുടെ ലക്ഷ്യം. സംസ്കാരത്തിന്റെ (കണ്‍ഫ്യൂഷന്റെ) പേരില്‍ ഏറ്റവും എളുപ്പം വീഴുക ഒരു അപ്പര്‍ മിഡില്‍ ക്ലാസാണെന്നു ഇതിനോടകം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

sunilraj said...

പല കണ്ടുപിടുത്തങ്ങളുടേയും ആധാരം ഭാരാതീയ പൈതൃകത്തില്‍ നിന്നാണന്നു ഇദ്ദേഹം വാദിക്കുന്നുണ്ട്‌. പല ഉദാഹരണങ്ങള്‍ നിരത്തുന്നുമുണ്ട്‌. പക്ഷെ, ഈ കണ്ടുപിടുത്തങ്ങള്‍ നടത്തിയത്‌ എല്ലാം പാശ്ചാത്യരാണു താനും. നമുക്ക്‌ കഴിഞ്ഞിട്ടില്ല.

ഏതു മത പ്രസംഗങ്ങള്‍കും ജനങ്ങളെ നന്നായി ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്‌. അതുകൊണ്ടാണല്ലോ എല്ലാ രാഷ്ട്രീ പ്രസ്താനങ്ങളും ഒരു വിധതിലല്ലങ്കില്‍ മറ്റൊരുതരത്തില്‍ മതങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.

sahridayan said...

:-)

Umesh::ഉമേഷ് said...

വായിക്കാന്‍ വൈകി. നല്ല ലേഖനം.

നമ്മുടെ പഴയ ശാസ്ത്രഗ്രന്ഥങ്ങളെ വ്യാഖ്യാനത്തോടെ പുനഃപ്രസിദ്ധീകരിക്കാന്‍ നല്ല ഒരു ശ്രമം നടത്തിയിട്ടുണ്ടെങ്കിലും, ഡോ. ഗോപാലകൃഷ്ണന്റെ ലേഖനങ്ങളും പുസ്തകങ്ങളും (ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയേ ഞാന്‍ വായിച്ചിട്ടുള്ളൂ.) പലപ്പോഴും അബദ്ധജടിലവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജാ‍വകാശവാദങ്ങള്‍ ഉള്ളതുമാണു്. പ്രസംഗം നേരിട്ടു കേട്ടിട്ടില്ല. കാസറ്റില്‍ അല്പം കേട്ടിട്ടുണ്ടു്. ഒരു ശാസ്ത്രജ്ഞന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പറയുന്നതു കേട്ടിട്ടു ദുഃഖവും അതു കേള്‍ക്കുന്നവരോടു സഹതാപവും തോന്നിയിട്ടുണ്ടു്.

cALviN::കാല്‍‌വിന്‍ said...

very good....