ഒരു പഴയ സംഭവം എന്റെ മനസ്സിലേക്ക് എത്തിച്ചത് ഈയിടെ കണ്ണൂരില്‍ ആത്മഹത്യ ചെയ്ത കാര്‍ത്തിക്കിനെ കുറിച്ച് പരാമര്‍ശിച്ച ഒരു ബ്ലോഗാണ്.അതും ഇതും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ തീരുമാനിക്കുക.
ഈ കഥയില്‍ എനിക്ക് പ്രത്യേകിച്ച് വേഷമൊന്നുമില്ല. ഞാനൊരു കാണി മാത്രം.ഇതിലെ നായകന് വിക്രമാണ്, സിനിമാനടന് വിക്രമല്ല,ഞങ്ങളുടെ കൂട്ടത്തിലെ അല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലെ തന്നെ ഏറ്റവും വലിയ തല്ലിപ്പൊളിയുടെ ഇരട്ടപ്പേരായിരുന്നു വിക്രം.ഇതെന്താ ഇത്ര സ്റ്റൈയിലില്‍ ഒരു ഇരട്ടപ്പേരെന്ന് ചിന്തിക്കാന്‍ വരട്ടെ.സകല തറപ്പണിക്കും തൊട്ടിത്തരത്തിനും മുന്‍പന്തിയിലായിരുന്ന അവന്റെ ഏക പരാധീനത അവന്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു കൂച്ച്വിലങ്ങായി നിന്ന വിക്കായിരുന്നു.വിക്കാ,വിക്കാ എന്ന വിളി സ്റ്റൈലാക്കി വിക്രം എന്ന് ആക്കി കൊടുത്തത് ഞങ്ങളില്‍ ചിലര്‍ തന്നെ ആയിരുന്നു.
ഞാന്‍ ബീ കോം കഴിഞ്ഞ് റിസല്‍റ്റ് കാത്തിരിക്കുന്ന സമയം.വീടിനും കോളേജിനും പുറമേ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ ആസ്വദിക്കുന്ന ഒരു ലോകമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി വരുന്നത് ആ കാലത്തായിരുന്നു.ആദ്യം അടുത്തുള്ള ഒരു കവലയായിരുന്നു ഈ തെക്ക് വടക്ക് സംഘത്തിന്റെ കേന്ദ്രം.അവിടെ നിന്നും തരുണീമണികളുടെ അനാട്ടമി പരസ്യമായി ചര്‍ച്ച ചെയ്യുവാനും അത് ഉറക്കെ പറയുവാനും തുടങ്ങിയതോടെ മെഡിക്കല്‍ സയന്‍സിനെ കുറിച്ച് തീരെ ബോധമില്ലാത്ത ചില തന്തമാര് പോലീസില്‍ പരാതി നല്കി.പ്രായമായ ആളുകളെ ചില ചെല്ലപ്പേരുകള്‍ വിളിക്കുക തുടങ്ങിയ അഭ്യാസങ്ങളും കൂടി ആയപ്പോള്‍ സംഗതി കാര്യമായി.(തലമുടി മുന്നോട്ട് ഇട്ടിരിന്ന ഒരു ചേട്ടനെ മാമാട്ടികുട്ടി,മീശ പിരിച്ച് വെച്ചിരുന്ന ഒരു തേവര് മകന് ചേട്ടന്,പൊക്കമില്ലാതെ കുടവയറും ഉന്തിയ പല്ലുമായുള്ള ഒരു ഇക്കയെ ഗണപതി...)പോലീസിന്റെ ശല്യം ഭയന്ന് ഞങ്ങള്‍ ഞങ്ങളുടെ ആസ്ഥാനം ആള് പാര്‍പ്പില്ലാത്ത ഒരു പുരയിടത്തിലെ ഒരു കിണറ്റിന് കരയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായി.
ആ പറമ്പില്‍ ആളു താമസമില്ലെങ്കിലും അതിനടുത്ത് ഒക്കെ ആളുകള്‍ താമസമുണ്ട്. വിക്രമിന്റെ വീടും അതിനടുത്താണ്.അവിടെ ഇരുന്ന നാട്ടില്‍ കൊള്ളവുന്നവരെ കുറുച്ച് കഥകള്‍ പട്യ്ക്കുക,പ്രതീക്ഷാ തീയറ്ററില്‍ റിലീസാകുന്ന പടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുക,സിഗററ്റ് ഷെയര്‍ ചെയ്ത് വലിക്കുക,അപൂര്‍വ്വം ദിവസങ്ങളില്‍ അന്തിക്ക് ചെറിയ തോതിലുള്ള വിഷപാനം ഇതൊക്കെ ആയി ദിവസങ്ങള്‍ രസകരമായി കഴിഞ്ഞു പോയി.
പ്രതീക്ഷ കുളിരിന്റെ മൊത്തവ്യാപാരശാല, അതിന്റെ ഓണര്‍ തങ്കപ്പന് ചേട്ടന് ഒരു പ്രായമുള്ള മനുഷ്യനായിരുന്നു.ബിറ്റിടാത്ത ദിവസങ്ങളില്‍ തിയറ്ററില്‍ ഇപ്രകാരം ഒരു അശരീരി മുഴങ്ങിയിരുന്നുവത്രേ..
തങ്കപ്പന് ചേട്ട പ്ലീസ് കഷ്ണമിട് ചേട്ടാ..(അഭ്യര്‍ത്ഥന)
തങ്കപ്പാ കഷ്ണമിടെടാ... (ആജ്ഞ)
തങ്കപ്പാ ത**ളി കഷ്ണമിടടാ (ഭീഷണി)
തങ്കപ്പാ ത**ളി നീ കഷ്ണമിടണ്ടടാ, നീ ചത്തു ചെല്ലുമ്പോള്‍ ദൈവം ചോദിക്കുമെടാ... (പ്രാക്ക്)
ഈ അശരീരിയുടെ ശരീരം വിക്രമായിരുന്നു എന്നാണ് പ്രതീക്ഷയിലെ പെര്‍മനന്റ് മെമ്പറും ഞങ്ങളുടെ ഗുരുസ്ഥാനീയനുമായിരുന്ന സത്താര്‍ പറയുന്നത്.(സത്താറിന്റെ അഭിപ്രായത്തില്‍ തങ്കപ്പന് ചേട്ടന് ഓണത്തിനു ബോണസ് തരേണ്ടതാണ് അവര്‍ ഇരുവര്‍ക്കും എന്നാണ്.അത്രത്തോളം പ്രതീക്ഷയുടെ ലാഭത്തിലേക്ക് വിക്രമും സത്താറും സംഭാവന ചെയ്യുന്നുണ്ട് അത്രേ;ഒരിക്കല്‍ ഞാന്‍ സത്താറിനോട് ചോദിച്ചു,എന്തിനാണ് വീണ്ടും ഒരേ ബിറ്റു പടം കാണാന്‍ പോകുന്നതെന്ന്.ഉത്തരം വളരെ പെട്ടെന്നായിരുന്നു-കഴിഞ്ഞ തവണ കണ്ടപ്പോള്‍ കഥ മനസ്സിലായില്ല)
കിണറ്റു കരയിലേക്ക് തിരികേ വരട്ടേ.അമ്മയ്ക്കോപ്പം ഷോപ്പിംഗ്നു അകമ്പടി പോകേണ്ടി വന്നതു കൊണ്ട് അന്നെനിക്ക് കിണറ്റില്ന്‍ കരയില്‍ കോറം തികയ്ക്കാന്‍ പോവാന്‍ സാധിച്ചിരുന്നില്ല.ഏറെ ഇരുട്ടി ഞങ്ങള്‍ തിരികേ വരുമ്പോള്‍ ആളുകള്‍ കിണട്ടിന്‍ കരയിലേക്ക് പായുന്നു.അമ്മയെ വീടിന്റെ പടിക്കല്‍ കൊട്ടിയിട്ട് ബൈക്കില്‍ തന്നെ ഞാനും അതേ ദിക്കിലേക്ക് പാഞ്ഞു.
അവിടെ ചെല്ലുമ്പോള്‍ അനേകം സ്ത്രീകളുള്‍പ്പടെ ഉള്ള ആളുകളുടെ ആരാധന മുറ്റിയ മിഴികളുടെ നടുവില്‍ വിക്രം പരിലസിക്കുന്നു.നടന്ന സംഭങ്ങളുടെ കമന്ററി നല്കാന് അവന് ശ്രമിക്കുന്നുണ്ടെങ്കിലും സ്വതവേ ഉള്ള വിക്കും പിന്നെ ആവേശവും കാരണം വാക്കുകള്‍ മുറിയുന്നു.മുറിയുന്ന വാക്കുകള്‍ അവന്റെ വാപ്പ തന്നെ തുന്നികൂട്ടുന്നു.
സംഭവം ഇതാണ്.അതിന്റെ അടുത്ത് തമസിച്ചിരിന്നു ഒരു ചെറുപ്പക്കാരന്,ശശി, ഭാര്യയും അവന്റെ അമ്മയുമായി ഉള്ള വഴക്കില്‍ മനം നൊന്ത് അടുത്ത പുരയിടത്തിലെ ഞങ്ങളുടെ ആസ്ഥാനകിണറിനു സമീപമുള്ള കശുമാവില്‍ തൂങ്ങി ചാകാന്‍ തീരുമാനിച്ചു.അങ്ങനെ തൂങ്ങുന്നത് ദൂരെ സ്വന്തം വീട്ടില്‍ നിന്നും കണ്ട വിക്രം ഓടി വന്ന് അവനെ കാലില്‍ പിടിച്ച് പൊക്കുകയും വാപ്പയുടെ സഹായത്തോടെ കെട്ട് അഴിക്കുകയും അതീനു ശേഷം അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കുകയും ചെയ്തു.മുന്‍പൊരിക്കല്‍ ഒരു ബാബറി ദിനത്തില്‍ പി.ഡി.പി കാരന് എന്ന പേരില്‍ വിക്രത്തിനെ പോലിസിനെ കൊണ്ട് പിടിപ്പിച്ചത് ഈ ശശിയും അവന്റെ പാര്‍ട്ടിക്കാരുമായിരുന്നു എന്ന് അറിയുമ്പോളെ ആ അടിയുടെ പൊരുള്‍ പൂര്‍ണ്ണമായി കിട്ടൂ)
എന്നിലെ ഷെര്‍ലക്ക് ഹോംസ് ഉണര്‍ന്നു. അവന് പറയുന്ന പോലെ അവന്റെ വീട്ടീല് നിന്നാല്‍ ഇവിടെ കാണുന്ന സംഭവമൊന്നും കാണാന്‍ കഴിയില്ല.പിന്നെ അവന് ഈ പരിസരത്ത് വന്നത് എന്തിനായിരുന്നു.എന്റെ സംശയം ഞാന്‍ അവിടെ ഉണ്ടായിരുന്ന സത്താറിനോട് പറഞ്ഞു.ഞങ്ങള്‍ അവനെ മാറ്റി നിര്‍ത്തി ചോദിച്ചു.ആദ്യം അവന് ഉരുണ്ടു.പിന്നെ അവന് ആ സത്യം പറഞ്ഞു.
ഞങ്ങളെ കൂടാതെ ഒരാള്‍ കൂടി അവന് പറഞ്ഞത് കേട്ടു.സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നായ അച്ചായനായിരുന്നു അത്..
സത്താറേ,അച്ചായന് കുഴപ്പമാക്കുമോ?
ഏയ് പുള്ളി ഫിറ്റായിരിക്കും നമ്മള് പറഞ്ഞത് ഒന്നും മനസ്സിലായി കാണില്ല, സത്താര്‍ ആശ്വസിപ്പിച്ചു
നാണക്കേട് കൊണ്ടോ എന്തോ കുറച്ച് നാളുകള്‍ക്ക് ശേഷം മാത്രമേ ശശി പുറത്തിറഞ്ഞിയുള്ളൂ.ദാ എതിരേ വരുന്നു നമ്മുടെ അച്ചായന്,ഫുള്‍ഫിറ്റ്.അച്ചായന്റെ അന്തക ഡയലോഗ്- എടാ പട്ടി കഴുവേറട മോനെ,നിന്നെ രക്ഷിച്ചവനെ തല്ലിയ്യാല്‍ മതിയല്ലോ,ഞാനായിരുന്നേല്‍ അണ്ണാക്കിലോട്ട് കുറച്ച് കുറഡാന്‍ **ഒഴിച്ചേനെ,ഇതിപ്പം ആ വിക്രം നിന്റെ പെണ്ണുമ്പിള്ളയുടെ കുളിസീന്‍ കാണാന്‍ വന്നത് കൊണ്ട് നീ രക്ഷപെട്ടു....
ശശി ഇനിയും കയറെടൂക്കണോ കായലില്‍ ചാടണോ അതോ ഫ്യുറഡാന് അടിച്ചിട്ട് റെയിലില്‍ തല വെയ്ക്കണോ എന്ന് ആലോചിച്ച് അന്തിച്ച് നില്ക്കവേ ഞങ്ങള്‍ ജെന്റിലായി സ്കൂട്ടായി.
**ഫ്യൂറഡാന്‍ എന്ന കീടനാശിനിയുടെ കുട്ടനാടന്‍ കൊളോക്കിയല്‍ നാമം
Subscribe to:
Post Comments (Atom)
3 comments:
രാധേയന്,
ഒരുപാടു നാളായല്ലോ കണ്ടിട്ടും കേട്ടിട്ടും.പാവം വിക്രമനെ പിടിക്കാന്‍ ഇത്രയും നാളു വേണ്ടി വന്നോ?
-ദത്തന്
പുതിയ ജോലി സ്ഥലം,ഉത്തരവാദിത്തം.ഇത് തന്നെ ഇനിയും സാധിക്കുമോ എന്നറിയില്ല.അത് കൊണ്ടാണ് ഇത്ര ലൈറ്റായ ഒരു വിഷയവുമായി വന്നത്.
ഇതു തന്നെ കാരണമില്ലാതെ കയറെടുക്കുന്ന ആത്മഹത്യക്കാരെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് വന്ന സംഭവമാണ്.
good!!
Post a Comment