Thursday, September 06, 2007

മെര്‍ക്കിന്‍സ്റ്റണ്‍-ചാഞ്ഞ മരത്തിലേക്കുള്ള ചാടികയറ്റം

വിവാദങ്ങള്‍ കൂട്ടിയാണ് മലയാളി അത്താഴമുണ്ണുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.എരിവും പുളിയും മധുരവുമൊക്കെയായി നികേഷും ഭഗത്തും വേണുവും വിനുവുമൊക്കെ അത്താഴം വിഭവസമൃദ്ധമാക്കുന്നുണ്ട്.റ്റിവിയില്‍ നോക്കി അത്താഴം കഴിച്ചാല്‍ കറി വേറൊന്നും വേണ്ട.ഇടയ്ക്ക് കാണികളെ റിയാലിറ്റി ഷോക്കാര്‍ അടിച്ച് മാറ്റിയെങ്കിലും ഇപ്പോള്‍ കുരുവിളയും ഇടവിളയായി ആണവകരാറുമൊക്കെയായി വാര്‍ത്താചാനലുകള്‍ പിടിച്ച് കയറി വരുന്നു.(ഒരേ സമയം സുമുഖനും നൃത്തം ചെയുന്നവനും കാണികളെ വേഷപകിട്ടില്‍ വിസ്മയിപ്പിക്കുന്നവനുമായ പാട്ടുകാരന്‍ സകലകലാനിധി ആയിരുന്ന സ്വാതിതിരുന്നാളിനു പോലും അചിന്ത്യമായിരുന്നു.ജനം റിയാലിറ്റിയുടെ അബ്സേഡിറ്റി മനസിലാക്കി അതില്‍ നിന്ന് പിന്മാറട്ടെ.അല്ലേല്‍ അവരെ ദൈവം കാക്കട്ടെ)

അങ്ങനെ ഇന്ത്യാവിഷന്‍ ചൂട്ടുകത്തിച്ച പുതിയ വിവാദമാണ് മെര്‍ക്കിന്‍സ്റ്റണ്‍.പക്ഷെ ആദ്യം ഈ റിപ്പോര്‍ട്ട് അവതരിപ്പികുമ്പോള്‍ അത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഒരു ക്രമക്കേട് എന്നാണ് പറയപ്പെട്ടത്.കുരുവിള വിള കൊയ്യാറായി മുറ്റി നിന്ന കാലമായത് കൊണ്ട് അധികമാരും ശ്രദ്ധിച്ചില്ല.എങ്കിലും വനം മന്ത്രി പ്രാഥമിക അന്വേഷണം നടത്തുകയും ഉന്നതാന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തു.മുഖ്യമന്ത്രി സെപ്റ്റംബര്‍ 6ന് ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ ഒരു യോഗം വിളിക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് ചെന്നിത്തല,വേണുഗോപാല്‍ തുടങ്ങിയ സത്യസന്ധരായ നേതാക്കളും കൈയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും മുഖം നോക്കാതെ എതിര്‍ക്കുകയും ചെയ്യുന്ന മനോരമയും(അമ്പട ഞാനേ...) ഇതില്‍ വിവാദത്തിന്റെ സ്കോപ്പ് കാണുകയും ചാടി വീഴുകയും ചെയ്തത്.പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.എസ്. കാണിച്ച പരാക്രമങ്ങളും അതിനു കിട്ടിയ മാധ്യമപിന്തുണയും അത് വഴി കൈവന്ന ജനപ്രീതിയും രമേഷിന് നല്ല ബോധ്യമുണ്ട്. മൂന്നര കൊല്ലത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വയം ഒരു മുഖ്യമന്ത്രി കാന്‍ഡിഡേറ്റായി മനസ്സില്‍ കരുതുന്ന അദ്ദേഹം അതിന് വി.എസ്സിന്റെ പാത തന്നെ തിരഞ്ഞെടുത്തു എന്ന് തോന്നുന്നു.ഇനി ഉമ്മന്‍ ചാണ്ടിയുമായി അന്ന് ഒരു വടംവലി ഉണ്ടായാല്‍ ജനം 10 ജന്‍പഥിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു അച്ചു ഇമേജ്,അതാണ് രമേഷിന്റെ ഉത്തരാധുനികകാലസ്വപ്നം.

2001ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (Ecologically Fragile Lands-EFL)നോട്ടിഫൈ ചെയ്ത് ഏറ്റെടുക്കാനായി ഒരു ഓര്‍ഡിനന്‍സ് കൊണ്ട് വന്നു.പിന്നീട് 2003ല്‍ യു ഡി എഫ് അത് ബില്ലാക്കി അവതരിപ്പിച്ചു.

മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്നും സേവി മനോ മാത്യു എന്ന അതിന്റെ ഉടമ വിറ്റത് EFL ആയി നോട്ടിഫൈ ചെയ്ത് ഭൂമി ആയിരുന്നു.അതിനുള്ള എഗ്രിമന്റ് 2007 മാര്‍ച്ച് 30ന് അദ്ദേഹം ISRO യുമായി ഒപ്പു വെച്ചു.

അതിനു ശേഷം അദ്ദേഹം തൊഴില്‍ മന്ത്രിക്ക് ഒരു പരാതി നല്‍കുന്നു.വനം വകുപ്പിന്റെ ഇടപെടല്‍ കാരണം അദ്ദേഹത്തിന് തോട്ടം നടത്തികൊണ്ട് പോകാന്‍ ആവുന്നില്ല.ഏതാണ്ട് 900 വരുന്ന തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണ്.പൂട്ടി കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ ഒരുപാട് യത്നിക്കുന്ന ആളാണ് നല്ലോരു തൊഴിലാളി പ്രവര്‍ത്തകന്‍ കൂടിയായ സ:ഗുരുദാസന്‍.നന്നായി പ്രവര്‍ത്തിക്കുന്ന ഒരു തോട്ടം സര്‍ക്കാര്‍ വകുപ്പിന്റെ ഇടപെടല്‍ കൊണ്ട് നടത്താന്‍ പറ്റുന്നില്ല എന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയ തൊഴില്‍ മന്ത്രി വനം മന്ത്രിയുമായി ബന്ധപ്പെടുന്നു.തൊഴിലാ‍ളി പ്രശ്നങ്ങളോട് മുഖം തിരിക്കാന്‍ മറ്റൊരു തൊഴിലാളി നേതാവായ വനം മന്ത്രിക്കും കഴിയില്ലായിരുന്നു.അദ്ദേഹം ബന്ധപ്പെട്ടവരുടെ യോഗം മേയ് 16ന് തന്റെ ചേമ്പറില്‍ വിളിക്കുന്നു.

വിറകിനാവശ്യമുള്ള മരം മുറിക്കാന്‍ തന്നെ അനുവദിക്കുന്നില്ല എന്നും അത് കൊണ്ട് തേയില ഫാക്റ്ററിയും തോട്ടവും നടത്തികൊണ്ട് പോകാന്‍ ആവുന്നില്ല എന്നതായിരുന്നു സേവിയുടെ പരാതി.തേയില ഫാക്റ്ററിയിലെ ഡ്രയറും മറ്റും പ്രവര്‍ത്തിപ്പിക്കാനുള്ള വിറകും മറ്റും വെട്ടാനുള്ള അനുമതി സാധരണ വനം വകുപ്പ് തോട്ടങ്ങള്‍ക്ക് നല്‍കാറുണ്ട്.അത് കൊണ്ട് ചില പ്രദേശങ്ങള്‍ ഒഴിച്ചുള്ള ഭാഗത്തു നിന്നും വിറകെടുക്കാന്‍ മന്ത്രി യോഗത്തില്‍ അനുമതി നല്‍കി.

അപ്പോഴാണ് സേവി എന്ന സൂത്രശാലി ഒരു ആപ്പിട്ടത്.യു ഡി എഫ് കൊണ്ടുവന്ന നിയമപ്രകാരം എസ്റ്റേറ്റുകള്‍ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ല എന്നും അതിനാല്‍ ഡിനോട്ടിഫൈ ചെയ്ത് തരണമെന്നും അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ തോട്ടം പ്രവര്‍ത്തിപ്പിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവായി കിട്ടുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

ഇതിന് വനം മന്ത്രി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വളച്ചൊടിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇതാണ്-“ ഈ വിഷയം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല.മേല്‍പ്പറഞ്ഞ നോട്ടിഫൈഡ് ലാന്‍ഡിന്റെ കസ്റ്റോഡിയനാ‍യ ചീഫ് കണസര്‍വേറ്റര്‍ക്ക് ഒരു അപേക്ഷ കൊടുക്കൂ”

കൊടുത്താല്‍ ഉടന്‍ ഡീനോട്ടിഫൈ ചെയ്ത് തരാമെന്ന് മന്ത്രി പറഞ്ഞില്ല.അദ്ദേഹത്തിന്റെ ഇന്റെന്‍ഷന്‍ അത് അല്ല എന്ന് അദ്ദേഹം തന്റെ പിന്നീടുള്ള പ്രവര്‍ത്തികള്‍ കൊണ്ട് തെളിയിക്കുകയും ചെയ്തു.മാത്രമല്ല സേവി മാര്‍ച്ച് 30ന് തന്നെ എഗ്രിമെന്റാക്കിയ ഭൂമി മേയ് 16ന് ഡീ നോട്ടിഫൈ ചെയ്ത് വില്‍ക്കാന്‍ മന്ത്രി സഹായിച്ചു എന്ന് പറയുന്നത് പരസ്പര വിരുദ്ധമല്ലേ?

സ്വാഭാവികമായും അങ്ങനെ ഒരു അപ്പീല്‍ കൊടുത്താല്‍ അത് പരിഗണിക്കേണ്ടി വരും.ആ സ്ഥലം സര്‍വ്വേ ചെയ്യപ്പെടും.നിയമവകുപ്പിന്റെ ഉപദേശം തേടപ്പെടും.നിയമപ്രകാരം സേവിയുടെ ക്ലെയിം ന്യായമാണെങ്കില്‍ വകവെച്ച് കൊടുക്കേണ്ടിയും വരും.

ഇല്ലെങ്കിലോ സേവി കോടതിയില്‍ പോകും.കോടതി Ecologically Fragile Lands ആക്റ്റ് പരിശോധിക്കും.അതില്‍ കൈയ്യേറ്റക്കരുടെ തലതൊട്ടപ്പനായ മാണി തോട്ടങ്ങളെ ഒഴിവാക്കിയ ഉപവകുപ്പ് പ്രകാരം ഭൂമി സേവിക്ക് ഡീനോട്ടിഫൈ ചെയ്ത് കൊടുക്കാന്‍ ഉത്തരവാകും.

ഇനി പറയുക ആരാണ് കുറ്റക്കാര്‍:തോട്ടങ്ങളെ അടക്കം ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കിയ എല്‍.ഡി.എഫ് ആണോ,അതോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി അന്നത്തെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വക വെക്കതെ ഓര്‍ഡിനന്‍സിന്റെ മൂക്കും മുലയും ഛേദിച്ച മാണി ആണോ.

ഇനി മന്ത്രി ബിനോയിയെ കുറിച്ച് 2 വാക്ക്: രാഷ്ട്രീയത്തില്‍ അന്യം നിന്നു പോകുന്ന വിനയം,സത്യസന്ധത,നീതിബോധം ഒക്കെ ആവോളമുള്ള നല്ല ഒരു മനുഷ്യസ്നേഹിയാണ് ബിനോയി.കഴിഞ്ഞ കലാപകാലത്ത് അദ്ദേഹം നാദാപുരത്ത് ചെയ്ത അത്യധ്വാനത്തിന് കാ‍ലവും ചരിത്രവും സാക്ഷി.നല്ല ഒരുപാട് മാതൃകകള്‍ ചൂണ്ടികാട്ടിയാണ് സഖാക്കള്‍ സി.കെ വിശ്വനാഥനും ഓമനയും അദ്ദേഹത്തെ വളര്‍ത്തിയത്.70കളുടെ കാല്‍പ്പനിക കാമ്പസിന്റെ ഒരു പരിച്ഛേദം,കൂത്തട്ടുകുളം മേരി എന്ന ഉരുക്കുവനിതയുടെ പുത്രിയെ മിശ്രവിവാഹം കഴിച്ച് തന്റെ ആദര്‍ശങ്ങളെ പ്രവര്‍ത്തിയുടെ കര്‍മ്മപഥത്തിലെത്തിച്ച മനുഷ്യന്‍.കവിതയെയും മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ച,മനുഷ്യന്റെയും പ്രകൃതിയുടെയും അപചയങ്ങളില്‍ വേദനിച്ച ഒരുവനെ ഇങ്ങനെ ഒരു കാര്യവുമില്ലാതെ കല്ലെറിയുന്നത് ദുഖകരമാണ്.

6 comments:

വക്കാരിമഷ്‌ടാ said...

കവിതയെയും മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ച,മനുഷ്യന്റെയും പ്രകൃതിയുടെയും അപചയങ്ങളില്‍ വേദനിച്ച ഒരുവനെ ഇങ്ങനെ ഒരു കാര്യവുമില്ലാതെ കല്ലെറിയുന്നത് ദുഖകരമാണ്

ഈയൊരു നീതി നമ്മള്‍ എല്ലാവര്‍ക്കും കൊടുക്കാറുണ്ടോ? നമുക്ക് അറിയാവുന്നവരെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കെതിരെ നമ്മള്‍ നിരത്തുന്ന ന്യായങ്ങള്‍ പോലെതന്നെയുള്ള ന്യായങ്ങള്‍ നമുക്കറിയില്ലാത്തവരെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കെതിരെയും അവരെ അറിയാവുന്ന ആര്‍ക്കെങ്കിലുമൊക്കെ കാണുമെന്നും നമ്മള്‍ ആര്‍ക്കെങ്കിലുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍/ഏതെങ്കിലുമൊക്കെ ആരോപണങ്ങള്‍ ശരിവെക്കുമ്പോള്‍ അക്കാര്യം കൂടി പരിഗണിക്കണമെന്നും നമുക്ക് തോന്നുന്ന ദുഃഖം തന്നെ അവര്‍ക്കും തോന്നാമെന്നും നമ്മള്‍ എത്രപ്രാവശ്യം ഓര്‍ക്കാറുണ്ട്?

ഈ ലേഖനത്തില്‍ തന്നെ ശ്രീ ബിനോയ് വിശ്വത്തെ കൂടാതെ വേറേ എത്രയോ പേര്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. (ആരേയും വെള്ള പൂശുകയോ കരിവാരിത്തേക്കുകയോ അല്ല-ലോജിക്കലായ പോലെയെന്തൊക്കെയോ പോലെ ഒന്ന് ചിന്തിക്കാനുള്ള ശ്രമം) :)

മെര്‍‌ക്കിന്‍‌സ്റ്റണ്‍ എസ്റ്റേറ്റിനെപ്പറ്റിയുള്ള നിയമവശങ്ങള്‍ ലേഖനത്തില്‍ പറഞ്ഞതുപ്രകാരമാണെങ്കില്‍ താങ്കളോട് യോജിക്കുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി നല്ലൊരു മന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെങ്കില്‍ അതിനോടും യോജിപ്പില്ല.

Radheyan said...

വക്കാരി, ബിനോയിയെകുറിച്ച് എന്റെ അഭിപ്രായമല്ല കഴിഞ്ഞ കുറേ നാളുകളില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ പൊതുബോധമാണ് ഞാന്‍ ചൂണ്ടികാട്ടിയത്.അത് പോലെ ഉറപ്പിച്ച് പറയാന്‍ കഴിയുന്ന വ്യക്തികള്‍ അന്യം നിന്ന് പോകുന്നത് നമ്മുടെ പൊതു മണ്ഡലത്തിന്റെ ചുതി തന്നെയാണ്.1977 വരെ കേരളരാഷ്ട്രീയത്തില്‍ ഇത്തരം ഒരു പ്രശ്നമില്ലായിരുന്നു.അത് ഇടത്താവട്ടെ വലത്താവട്ടെ.അതിനു ശേഷം വന്ന അപചയമാണ് മിക്ക രാഷ്ട്രീയക്കാരെയും കുറിച്ച് ഉറപ്പിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കഴിയാതെ വരുന്നത്.

വ്യക്തിപരമായ അനുഭവങ്ങള്‍ ധാരാളം.എന്റെ സുഹൃത്തും കരാറുകാരനുമായ മുഹമ്മദ് ഹസനോട് 3 ലക്ഷം രൂപായുടെ പണിക്ക് 15% കൈക്കൂലി വാങ്ങി മുന്‍ എം.എല്‍ എ.
അതു പോലൊരു വര്‍ക്ക് ഇത്തവണ വന്നപ്പോള്‍ ഇന്നത്തെ എം.എല്‍.എയും മന്ത്രിയുമായ ജി.സുധാകരന്‍ അതേ കരാറുകാരനോട് പറഞ്ഞു-നീ ആര്‍ക്കെങ്കിലും ഈ വര്‍ക്കിന് 10 പൈസ കൊടുത്തു എന്ന് അറിഞ്ഞാല്‍ ഞാന്‍ ഇത് അപ്പ്രൂവ് ചെയില്ലാ എന്ന് മാത്രമല്ല,ഞാന്‍ തന്നെ വിജിലന്‍സിന് കേസ് കൊടുക്കും.

ഈ മേഖലകളുമായി ബന്ധപ്പെട്ടു നിന്നാല്‍ അനുഭവങ്ങള്‍ ധാരാളം.

ആലപ്പുഴക്കാരന്‍ said...

ഈയിടെയായി ഞാന്‍ ന്യൂസ് ഒന്നും കാണാറില്ല എന്നു തോന്നുന്നു.. (ടൈം ഇല്ല :) )

അങ്കിള്‍. said...

പ്രീയ വക്കരീ, ആക്ട് 2001 -ം ആക്ട് 2003-ം ഒന്നോടിച്ചെങ്കിലും നോക്കിയിട്ടാണോ കമന്റിയത്. ഇതേ പറ്റി നമ്മുടെ കിരണ്‍ തോമസ്സിന്റെ ബ്ലോഗ്ഗിലും ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ക്ഷണിക്കട്ടേ.

ശ്രി.രാധേയന്‍ തന്റെ പോസ്റ്റില്‍ തോട്ടങ്ങളെയടക്കം ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ്സിറക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരാണോ കുറ്റക്കാര്‍ എന്ന്‌ ചോദിച്ചിരിക്കുന്നു. 2001 ആക്ടിന്റെ ലിങ്ക്‌ കിരണ്‍ തോമസ്സിന്റെ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്‌. അതിന്റെ അവസാനം Statement of objects and reasons ഒന്നു വായിച്ചു നോക്കൂ. തോട്ടങ്ങളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്‌ വ്യക്തമാണ്‌. ആ ആക്ടിന്റെ മറവില്‍ ഒരഡ്വൈസറി കമറ്റിയുടെ പരിശോധനക്ക്‌ വിധേയമായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനിലാവണം ഈ തോട്ടങ്ങളും കൂടി കടന്നു കൂടിയത്‌. അത്‌ ആക്ടില്‍ ഉദ്ദേശിച്ചിട്ടില്ലാത്തതാണ്‌ അതു കൊണ്ട്‌ അത്‌ ultra vires of the Act -ം ആണ്‌

അങ്കിള്‍. said...

ഈ ഇടപാടിനെപ്പറ്റി എനിക്ക്‌ കിട്ടിയ കൂടുതല്‍ വിവരങ്ങളെ ഞാന്‍ ഇവിടെ വിശദീകരിച്ചിട്ടുണ്ട്‌.

അമല്‍ | Amal (വാവക്കാടന്‍) said...

കാണുവാന്‍ വൈകി...

“ആര് എന്തു വേണമെങ്കിലും അന്വേഷിക്കഡൈ.“ എന്ന് നല്ല വെളിയം സ്ലാംഗില്‍ നമ്മള്‍ കേള്‍ക്കാഞ്ഞതെന്തുകൊണ്ട്?