Thursday, April 05, 2007

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഒന്നാം കേരളമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ട് 50 ആണ്ട് ഇന്ന് തികയുന്നു.കേരളം ഒരു പക്ഷെ പിന്നിടൊരിക്കലും കാണനിടയില്ലാത്തത്ര പ്രതിഭാധനര്‍ നിറഞ്ഞ മന്ത്രിസഭ.കേരളചരിത്രത്തിലെ അതികായരായ ഇ.എം.എസ്,അച്ചുതമേനോന്‍,റ്റി.വി.തോമസ്,ഗൌരിയമ്മ,നീതിയുടെ കെടാവിളക്കായ ജ.കൃഷ്ണയ്യര്‍,നിരൂപണകുലപതി മുണ്ട്ശ്ശേരി,ആരോഗ്യ വിചക്ഷണനായ ഡോ.മേനോന്‍. എന്തായിരുന്നു ആ ലൈനപ്പ്.ഇവരെ ഒക്കെ നയിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറി സാക്ഷാല്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍.

എന്തിനായിരുന്നു ആ മന്ത്രിസഭയെ ഗര്‍ഭഛിദ്രം നടത്തിയത്,വിശ്രുതനായ ജനാധിപത്യഭിഷഗ്വരനായ പണ്ഠിറ്റ്ജീ?വര്‍ഗ്ഗീയ പിശാചുകളുടെയും ജന്മി അധികാരവര്‍ഗ്ഗത്തിന്റെയും അക്രമപരമ്പരകള്‍ക്കൊപ്പം തുള്ളിയപ്പോള്‍ ഡോ.രാജേന്ദ്രപ്രസാദ്, താങ്കള്‍ തിരസ്കരിച്ചത് രക്തരഹിതമായി വിപ്ലവം നടത്താന്‍ ഒരുമ്പെട്ട ഒരു ജനതയുടെ സമത്വസ്വപ്നങ്ങളെയാണ്.

കമ്മ്യൂണിസ്റ്റ് നയങ്ങളൊന്നുമല്ല ആ മന്ത്രിസഭ നടത്താന്‍ തുനിഞ്ഞത്.കോണ്‍ഗ്രസ് അതിന്റെ പല സമ്മേളനങ്ങളില്‍ പാസാക്കിയ പ്രമേയങ്ങള്‍ മാത്രമാണ്.അതിവേഗത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചു എന്നത് സത്യം.അത് പൂര്‍ണ്ണമായും ഭരണഘടന അനുവദിച്ച പരിധികളില്‍ നിന്നു തന്നെ ആയിരുന്നു.പക്ഷെ 1947 ആഗസ്റ്റ് 15 വരെ ബ്രിട്ടന്റെ ചെരുപ്പ് നക്കി നടന്ന വര്‍ഗ്ഗീയ കുരിശുകള്‍ അതിനു ശേഷം ഖദര്‍ അണിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് മുന്‍പ് പാസാക്കിയ പ്രമേയങ്ങള്‍ വിഴുങ്ങേണ്ടി വന്നു.പകരം അവര്‍ പള്ളിയെയും പിള്ളയെയും ഹംസരഥത്തിലേറ്റി നാട്ടില്‍ കലാപം നടത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിഷം കഴിക്കുമെന്ന് പറഞ്ഞ ചില പത്രക്കാരും മറ്റ് ചില സാംസ്കാരിക വിഷങ്ങളും ചേര്‍ത്ത് നാട്ടില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.എക്കാലത്തെയും ദുഷിച്ച ഏകാധിപത്യമനസ്സുള്ള ഇന്ദിരാഗാന്ധി കൂടി ചേര്‍ന്നപ്പോള്‍ ജോറായി.തന്റെ അച്ഛനു ലേഡി മൌണ്ട്ബാറ്റണ്‍ കൊടുത്ത പ്രേമോപഹാരമാണ് ഇന്ത്യ എന്നു മറ്റോ ആയമ്മ തെറ്റിദ്ധരിച്ചിരുന്നോ എന്തോ.കെട്ടിച്ച് വിട്ടാലും ഭര്‍ത്താവിനോട് പോരെടുത്ത് വീട്ടില്‍ വന്നു നില്‍ക്കുന്ന പെണ്ണുങ്ങളെ കൊണ്ട് ഇത്തരം ഉപദ്രവങ്ങളുണ്ടാകും.

ഇന്ന് ആ മന്ത്രിസഭയൂടെ സത്യപ്രതിജ്ഞയുടെ 50ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സയാമീസ് ഇരട്ടകളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സഹിക്കുന്നില്ല.ഒരു പക്ഷേ വിമോചനസമരത്തിന്റെ കുപ്പത്തൊട്ടിയില്‍ മനോരമ താളില്‍ പെറ്റു വീണ ഇവര്‍ക്ക് ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കനാവും.സമുദായ പിന്തുണ ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടോ രമേശുണ്ടോ?ജനാഭിലഷങ്ങളെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വേണ്ട് അട്ടിമറിച്ച പാരമ്പര്യത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണിവര്‍.ചരിത്രം ഇവരെ വിചാരണ ചെയ്യട്ടെ

16 comments:

Radheyan said...

കമ്മ്യൂണിസ്റ്റ് നയങ്ങളൊന്നുമല്ല ആ മന്ത്രിസഭ നടത്താന്‍ തുനിഞ്ഞത്.കോണ്‍ഗ്രസ് അതിന്റെ പല സമ്മേളനങ്ങളില്‍ പാസാക്കിയ പ്രമേയങ്ങള്‍ മാത്രമാണ്.അതിവേഗത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിച്ചു എന്നത് സത്യം.അത് പൂര്‍ണ്ണമായും ഭരണഘടന അനുവദിച്ച പരിധികളില്‍ നിന്നു തന്നെ ആയിരുന്നു.പക്ഷെ 1947 ആഗസ്റ്റ് 15 വരെ ബ്രിട്ടന്റെ ചെരുപ്പ് നക്കി നടന്ന വര്‍ഗ്ഗീയ കുരിശുകള്‍ അതിനു ശേഷം ഖദര്‍ അണിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് മുന്‍പ് പാസാക്കിയ പ്രമേയങ്ങള്‍ വിഴുങ്ങേണ്ടി വന്നു.പകരം അവര്‍ പള്ളിയെയും പിള്ളയെയും ഹംസരഥത്തിലേറ്റി നാട്ടില്‍ കലാപം നടത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിഷം കഴിക്കുമെന്ന് പറഞ്ഞ ചില പത്രക്കാരും മറ്റ് ചില സാംസ്കാരിക വിഷങ്ങളും ചേര്‍ത്ത് നാട്ടില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.എക്കാലത്തെയും ദുഷിച്ച ഏകാധിപത്യമനസ്സുള്ള ഇന്ദിരാഗാന്ധി കൂടി ചേര്‍ന്നപ്പോള്‍ ജോറായി.തന്റെ അച്ഛനു ലേഡി മൌണ്ട്ബാറ്റണ്‍ കൊടുത്ത പ്രേമോപഹാരമാണ് ഇന്ത്യ എന്നു മറ്റോ ആയമ്മ തെറ്റിദ്ധരിച്ചിരുന്നോ എന്തോ.കെട്ടിച്ച് വിട്ടാലും ഭര്‍ത്താവിനോട് പോരെടുത്ത് വീട്ടില്‍ വന്നു നില്‍ക്കുന്ന പെണ്ണുങ്ങളെ കൊണ്ട് ഇത്തരം ഉപദ്രവങ്ങളുണ്ടാകും.

vimathan said...

"ഒരു പക്ഷേ വിമോചനസമരത്തിന്റെ കുപ്പത്തൊട്ടിയില്‍ മനോരമ താളില്‍ പെറ്റു വീണ ഇവര്‍ക്ക് ഇങ്ങനെ അല്ലാതെ എങ്ങനെ പ്രതികരിക്കനാവും.".. രാധേയന്‍,തകര്‍ത്തു, ശക്തമായ ഭാഷ, അഭിനന്ദനങള്‍.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അതേ വിമോചന സമരശക്തികള്‍ വീണ്ടും ഒരു പോര്‍വിളി നടത്തിയതും..ദയനീയമായി പരാജയപ്പെട്ടതും ഈ അടുത്ത നാളുകളില്‍ നാം കണ്ടു..

വിചാരം said...
This comment has been removed by the author.
വിചാരം said...

രാധേയാ കലക്കി
ഇന്നും പടിഞ്ഞാറിനോട് കൂറ് പുലര്‍ത്തുന്ന വര്‍ഗ്ഗീയ കോമരങ്ങളുടെ ആശാന്‍റെ ആശാന്മാരായ ഉമ്മനും ആന്‍റുവുമാരുടെ പാരമ്പര്യത്തില്‍ പെട്ട ആണൊരുത്തന്‍ പോലും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് ഒരു തല ചായ്ക്കാന്‍ ഇടം നല്‍കിയ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ഈ തുപ്പലം കൊത്തികള്‍ ശ്രമിച്ചു ഇന്നും ഇപ്പോഴും അതിനെ ന്യായീകരിക്കുന്ന പള്ളിയിലെ സുഖലോലുപതര്‍ അവര്‍ക്ക് എന്നും ഇന്ത്യന്‍ ജനാതിപത്യം കൈയ്ക്കുന്ന കഷായമാണ് മധുരിക്കുന്ന വിഞ്ഞായിരുന്നല്ലോ അവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍
ഇന്ന് അവര്‍ പറയുന്നു അവരാണ് ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ വിദ്യാഭ്യാസത്തെ ഏവരിലും എത്തിച്ചത്, മിഷണറിമാര്‍ വിദ്യാഭ്യാസത്തെ എന്തിനായിരുന്നു പാവങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ? സ്വന്തം സമുദായത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്‍റെ ആയുസ്സ് നീട്ടി കൊടുക്കാനും അവരുടെ ചെരുപ്പ് നക്കാന്‍ ഒരു സമുദായത്തിന്‍റെ പിന്തുണ ആര്‍ജ്ജിക്കാനും അല്ലാതെന്തിനാ ? ഇന്ന് കോണ്‍ഗ്രസ്സ് പഴയ ബ്രിട്ടീഷ് ചെരുപ്പു നക്കികളുടെ കീഴില്‍ അകപ്പെട്ടിരിക്കുന്നു
രാധേയാ ഓരോ വരികളും നന്നായിരിക്കുന്നു

അരവിന്ദ് :: aravind said...

രമേശ് ചെന്നിത്തലക്ക് എന്തോന്ന് സമുദായ പിന്തുണ?
അത് കോണ്‍‌ഗ്രസ്സില്‍ സ്ഥാനം കിട്ടാന്‍ അങ്ങേര് ചുമ്മാ വീശുന്ന മൂര്‍ച്ച പോയ വാളല്ലേ?
ബാക്കിയെല്ലാരും സമുദായപ്രീണനം പറഞ്ഞ് കസേരയടിക്കുമ്പോള്‍ അങ്ങേര്‍ക്കും പിടിച്ച് നില്‍‌ക്കണ്ടേ? പാവം. എന്‍എസ് എസ് പിന്തുണ ഉണ്ടയില്ലാ വെടിയാണെന്നെല്ലാര്‍ക്കും അറിയാന്‍ പാടില്ലേ?
“സാക്ഷാല്‍” നാരായണപണിക്കര്‍‌ ഇലക്ഷന് നിന്നാല്‍ പോലും ചങ്ങനാശേരിയിലെ കുറച്ച് നായന്മാരല്ലാതെ അങ്ങേര്‍ക്ക് വോട്ട് ചെയ്യൂല. അത് നായന്മാരുടെ രാഷ്ട്രീയ പ്രബുദ്ധതയാണോ തൊഴുത്തില്‍‌കുത്താണോ, ഞാനല്ലെങ്കില്‍ വേറൊരു നായര് വേണ്ട ചിന്താഗതിയാണോ എന്ന് എനിക്കറിയില്ല.

സമുദായം നോക്കി വോട്ട് ചെയ്യുന്നവരും വോട്ട് വാങ്ങുന്നവരും വേറെയാണ്.

അനിയന്‍കുട്ടി | aniyankutti said...

അണി ചേരുന്നു രാധേയാ.... നിരാശയുണ്ട് ഈ ദിനങ്ങളില്‍ നാട്ടിലുണ്ടാവാന്‍ കഴിയാത്തതില്‍... അന്ധമായ കമ്മ്യൂണിസ്റ്റു വിരോധം (കമ്മ്യൂണിസം എന്താണെന്നു പോലുമറിയാതെ) വച്ചു പുലര്‍ത്തി സ്വന്തം നാടിനെ വ്യഭിചാരിക്കുന്നവര്‍ ഇതു വായിക്കട്ടെ എന്നു ഞാന്‍ ആശിക്കുന്നു... അഭിവാദ്യങ്ങള്‍...
അരവിന്ദന്‍ പറഞ്ഞതു ശരിയാണ്. മൂന്നാംകിട ആരോപണങ്ങള്‍ പ്രസംഗത്തില്‍ ഈണത്തില്‍ വെച്ചു കാച്ചി കയ്യടി നേടുന്ന ചെന്നിത്തല ചിലച്ചാല്‍ ആണുങ്ങളാരെങ്കിലും ശ്രദ്ധിക്കുമോ...
രാധേയാ..ലാല്‍സലാം..

K.V Manikantan said...

അരൂ,
ചെന്നിത്തലയ്ക്ക് സമുദായ പിന്തുണ ‘നായന്മാരുടെ’ പിന്തുണ അല്ല മറിച്ച് മാര്‍തോമാ, ഓര്‍ത്തഡോക്സ് ‘തിരുമേനി’മാരുടെ പിന്തുണ ആണെനാണ് രാധേയന്‍ ഉദ്ദേശിച്ചത്. അല്ലാതെ നായന്മാരുടെ പിന്തുണ ആര്‍ക്കുവേണം?

രാധേയന്റെ പോസ്റ്റ് അവസരോചിതമായെങ്കിലും, അതിലെ ഭാഷ, ഒരു തികഞ്ഞ വിപ്ലവം സ്വപ്നം കാണുന്ന ഒരു ശുദ്ധ ടിപ്പിക്കല്‍ സീപ്പീയെം കാരന്റെ ആയിപ്പോയി.

ഇടതു നേതാക്കള്‍ ഇപ്പോള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഈ ചെന്നിത്തല ഉമ്മന്മാര്‍ ചെയ്യുന്നതല്ലെ?

രാധേയന്റെ രാഷ്ട്രീയ നിലപാട് എനിക്കറിയാത്തതിനാല്‍ എഴുതിയത്.

അരവിന്ദ് :: aravind said...

സങ്കുജി..കറക്റ്റ്.

പിന്നെ ഇപ്പഴത്തെ സീ പീഎമ്മും കൊള്ളാം. നിഷ്പക്ഷമായി നോക്കുകയാണെങ്കില്‍ സമാസമം.

ഞാന്‍ ഇപ്പോ കെ.പി.പി യിലാ.
അറിയില്ലേ? കേരളാ പീപ്പിള്‍സ് പാര്‍ട്ടി.. സിനിമാനടന്‍ ദേവന്റെ..ഇനി ഞങ്ങള്‍ മാത്രമേയുള്ളൂ കേരളത്തിനെ രക്ഷിക്കാന്‍.

മൂര്‍ത്തി said...

കൊള്ളാം രാധേയാ..നന്നായി...
ഇന്ന്‌ മാതൃഭൂമിയില്‍ വയലാര്‍ രവി എഴുതിയ ലേഖനത്തിന്റെ അവസാനത്തെ വാചകം ഇതാണ്.
“ ഇന്ന്‌ കേരളത്തില്‍ വളര്‍ന്നുവരുന്ന ഒരോ തലമുറയും അനുഭവിക്കുന്ന ജനാധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് വിമോചനസമരത്തിന്റെ നേട്ടം”
ചിരിക്കണോ കരയണോ?

അനിയന്‍കുട്ടി | aniyankutti said...

കരഞ്ഞു കൊണ്ടു ചിരിക്കേണ്ടി വരും.... ഹിഹിഹി....
എന്താ ചെയ്യാന്നേ.....
യെവനൊക്കെക്കൂടി എന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിക്കും....
ഇന്നത്തെ മാതൃഭൂമീലെ ഉമ്മന്‍ ചാണ്ടീടെ എഴുത്തു കണ്ടോ...
നാട്ടില്‍ വേരെ കോടാനുകോടി പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുമ്പൊ അതൊന്നും ആര്‍ക്കും വേണ്ട... സ്വന്തമായി ഒരു വീടു പോലും ഇല്ലാതെ വാടകക്കു താമസിക്കുന്ന പൊതുപ്രവര്‍ത്തകനാണു സഖാവ് പാലോളി.... എന്നിട്ട് അങ്ങേരെയാണ്‌ കേറി പഠിപ്പിക്കാന്‍ നോക്കുന്നത്...
അരവിന്ദോ...പീപ്പിള്സ് എങ്ങനെ? കൊള്ളാമോ...ഞാനും കൂടട്ടെ.... വേണെങ്കി ചെന്നൈയില്‍ ഒരു യൂണിറ്റ് തുടങ്ങാം..എന്തേയ്....:-)

Radheyan said...

പ്രതികരണങ്ങള്‍ക്ക് നന്ദി.

ചെന്നിത്തലക്കെന്നല്ല ഒരു നായര്‍ക്കും വോട്ട് ബാങ്കില്ല എന്നത് ആ സമുദായത്തിന്റെ രാഷ്ട്രീയ ബോധത്തെ സൂചിപ്പിക്കുന്നു.ഒരുപക്ഷേ വിമോചനസമരത്തിന്റെ ഹാങ്ങോവറില്‍ നിന്ന് ഒരു പരിധി വരെ എങ്കിലും മുക്തമായത് എന്‍.എസ്.എസ്. മാത്രമാണ്.ബാക്കിയുള്ളവര്‍ ഇപ്പോഴും ശക്തി സംഭരണത്തിന് അങ്കമാലി കല്ലറയിലേക്ക് പായുന്നവരല്ലേ.എങ്കിലും കോണ്‍ഗ്രസിലെ ജാതിമത വീതം വെയ്പ് കാരണം ചെന്നിത്തലക്ക് ഇന്നോളം കിട്ടിയ എല്ലാ സ്ഥാനങ്ങളും നായരായ്ത് കൊണ്ട് മാത്രം കിട്ടിയതാണ്.സങ്കു പറഞ്ഞത് പോലെ നിലനിന്ന് പോകുന്നത് തിരുമേനിമാരുടെ കൃപാകടാക്ഷം കൊണ്ട് മാത്രം.അല്ലേല്‍ വി.എം.സുധീരന് മേലെ അല്ലെങ്കില്‍ മുല്ലപ്പള്ളിയെ വൈസ് പ്രസിഡന്റാക്കി പ്രസിഡന്റാകാനുള്ള എന്ത് യോഗ്യതയാണ് ഈ പുഴുങ്ങിയ മുട്ട തോട് പൊളിച്ചത് പോലുള്ള പുമാനുള്ളത്?
സങ്കുചിതന്
ഞാന്‍ സി.പി.ഐ (എം) കാരനാണെന്നുള്ളത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.ഏകശിലാരൂപമുള്ള ഒരു ഒറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ അതിന്റെ പ്രചാരകനായി പാര്‍ട്ടി പറയുന്ന ഏത് പട്ടിക്കാട്ടിലും പോയി പ്രവര്‍ത്തിച്ചേനേ.ഗര്‍ഭമുറി എന്നെഴുതിയിട്ട് പിന്നെ ബ്രാക്കറ്റില്‍ സ്ത്രീകള്‍ക്ക് എന്ന് എഴുതുന്നത് പോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെഴിതിയിട്ട് പിന്നീട് ബ്രാക്കറ്റില്‍ മാര്‍ക്സിസ്റ്റ് എന്നെഴുതുന്നത് എന്ന് പണ്ട് ആരോ പറഞ്ഞ തമാശ പലരുടെയും പോലെ എന്റെയും ദുഖമാണ്.

മാത്രമല്ല ഞാന്‍ സായുധവിപ്ലവം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വപ്നം കാണുന്ന ആളല്ല,ഇത്ര വലിയ ഒരു രാജ്യത്തില്‍ അതിനുള്ള നിലമൊരുക്കല്‍ നടത്താനുള്ള പ്രായോഗിക വിഷമതകള്‍ തിരിച്ചറിയുന്നു.പക്ഷേ വിപ്ലവം എന്നത് വേഗത്തിലുള്ള മാറ്റം മാത്രമാണെങ്കില്‍ ഞാന്‍ വിപ്ലവം ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ 57 ലെ ബാലറ്റ് വിപ്ലവത്തെ ഞാന്‍ നെഞ്ചേറ്റുന്നത്.

വിമോചനസമരത്തിനെ എതിര്‍ക്കാനുള്ള സംഗതികള്‍ താഴെ പരയുന്നതാണ്.
1.ഭരണഘടനയുടെ ആര്‍റ്റിക്കിള്‍ 356 സംസ്ഥാനങ്ങളില്‍ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നയസമീപനങ്ങള്‍ സ്വീകരിക്കുന്ന ആര്‍ക്കെതിരെയും പ്രയോഗിക്കാമെന്ന ധാരണ കേന്ദ്രത്തിലെ തമ്പുരാക്കന്മാര്‍ക്കുണ്ടായി.ഫലത്തില്‍ കേന്ദ്രസംസ്ഥാനബന്ധം മലയപ്പുലയനും തമ്പ്രാനും പോലുള്ളതായി.തമ്പ്രാന്‍ കോപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കുടി ഒഴിപ്പിക്കപ്പെടും.നല്ല നല്ല വാഴക്കുലകള്‍(നികുതി സ്രോതസ്സുകള്‍) തമ്പ്രാന്‍ കൊണ്ട്പോകും.

2.വര്‍ഗ്ഗീയശക്തികള്‍ക്ക് അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പ്രാധാന്യം കേരളത്തില്‍ ഉണ്ടാക്കി.ഇന്ന് ഇടതുപക്ഷങ്ങള്‍ പോലും ഈ ദുസ്വാധീനത്തില്‍ നിന്ന് മുക്തമല്ലെങ്കില്‍ അതിന്റെ വേരുകള്‍ വിമോചനസമരത്തിലാണ് ആഴ്ന്ന് നില്‍ക്കുന്നത്.ഇന്നും ഈ ശക്തികള്‍ തവള മസിലു പിടിക്കുന്നത് പോലെ നില്‍ക്കുന്നു,പള്ളിയില്‍ കൂട്ടമണൈ അടിച്ചാല്‍ ഒരു സര്‍ക്കാരിനെ വേണമെങ്കില്‍ താഴെ ഇറക്കാന്‍ തങ്ങളെ കൊണ്ടാവും എന്ന മട്ടില്‍.എന്താണ് ജനകീയപ്രതിരോധത്തിന്റെ കരുത്ത് എന്ന് ഇവര്‍ ഇനിയും അറിയേണ്ടിയിരിക്കുന്നു.

3.പത്രങ്ങള്‍ക്ക് സ്വന്തം നിലപാടുകളും സ്വാര്‍ത്ഥതകളും കള്ളകഥകളുടെ രൂപത്തില്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ച് അഭിപ്രായരൂപീകരണം നടത്താന്‍ തുടങ്ങി.സത്യത്തെക്കാള്‍ പത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് മനോരമയും മറ്റും ഏതാണ്ട് തുറന്ന് പറയുന്ന സ്ഥിതിയായി.മാത്രമല്ല പത്രങ്ങള്‍ തങ്ങളുടെ blue eyed boys നെ രാഷ്ട്രീയത്തില്‍ സ്പോണ്‍സര്‍ ചെയ്യാനും തുടങ്ങി.(ആന്റണി,ഉമ്മന്‍ ചാണ്ടി,മാണി മുതല്‍ പേര്‍)

4.ജനാധിപത്യശക്തികള്‍ എന്ന കള്ളപ്പേര് വലതുപക്ഷശക്തികള്‍ നേടി.പക്ഷെ ഹൈക്കമാഡിന്റെ കാല് നക്കി സ്ഥാനമാനങ്ങള്‍ നേടുന്ന ഇന്ദിരായുഗത്തിന്റെ പിറവി അവിടെ തുടങ്ങി.ഒരിക്കല്‍ പോലും ആഭ്യന്തരതിരഞ്ഞെടുപ്പ് നടത്താതെ നോമിനേഷനിലൂടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്ന കോണ്‍ഗ്രസും ഒരു പാര്‍ട്ടിയെ കുടുംബസ്വത്ത് പോലെ കൊണ്ട് നടക്കുന്ന പാണക്കാടനും മാണിയും ജേക്കബും പിള്ളയുമൊക്കെ സ്വയം ജനാധിപത്യവാദികള്‍ എന്ന് അവകാശപ്പെടുന്നതിലും വലിയ തമാശ കേരളത്തില്‍ കേള്‍ക്കാനില്ല.അതില്‍ ഇരുണ്ട ഹാസ്യം എന്തെന്നാല്‍ 3 വര്‍ഷം കൂടി അടിമുടി തിരഞെടുപ്പ് നടത്തുന്ന കമ്യൂ.പാര്‍ട്ടികളെ ഇവര്‍ ജനാധിപത്യവിരുദ്ധമെന്നും വിളിക്കുന്നു.ഇവിടെ ജനാധിപത്യമെന്നാല്‍ ഒരു പാര്‍ട്ടിക്കുള്ളിലുള്ളവര്‍ക്ക് മൈതാനങ്ങളില്‍ പരസ്പരം പുലയാട്ടാനള്ള അവകാശം മാത്രമാണ് എന്ന് ഇവര്‍ ധരിക്കുന്നു,അങ്ങനെ പ്രചരിപ്പിക്കുന്നു.

4.ഏറ്റവും ദുഖകരം,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 1948 മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വിശ്വാസരാഹിത്യം വര്‍ധിച്ചു.ആര്‍ട്ടിക്കിള്‍ 356 ഏതു നിമിഷവും പ്രയോഗിക്കാനുള്ള അധികാരം ഇതില്‍ എത്ര കണ്ട് സംഭാവന ചെയ്തു എന്ന് അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് പോലെ കൂടുതല്‍ വലതുപക്ഷം ഇന്ത്യയില്‍ രൂപം കൊണ്ട് വികസിച്ചപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അതിനെ പ്രതിരോധിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ്സിനോടുള്ള ഈ വിശ്വാസതകര്‍ച്ച പാര്‍ട്ടിയെ തടഞ്ഞു.സെന്ററിസ്റ്റ് കക്ഷിയോടുള്ള സമീപനത്തെ ചൊല്ലി കമ്മ്യു.പാര്‍ട്ടി പിളരുകയും ചെയ്തു.

K.V Manikantan said...

പ്രിയ രാധെയന്‍,
ഞാന്‍ വിമോചന സമരത്തെ ഒരിക്കലും അനുകൂലിക്കുന്ന ഒരാളല്ല, മറിച്ച് അതിനെ അങ്ങേയറ്റം പുച്ഛത്തോടെ കാണുന്ന ആളുമാണ്.

എന്നെ അലട്ടുന്ന പ്രശ്നം എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നു എന്നുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ട് എന്ന് പറയുന്ന ഭയം -ഭൂരിപക്ഷം അവരെ തല്ലിക്കൊന്ന് ഇവിടെ നിന്ന് ഓടിച്ചു കളയുമോ എന്നുള്ള ആ ഇല്ലാത്ത ഭയം- ഒരു പരിധിവരെ എന്നല്ല ഇടതുപക്ഷം കേരളത്തിലുള്ളിടത്തോളം കാലം ആവശ്യമുള്ള ഒന്നല്ല. എന്നു മാത്രമല്ല ഇടതുപക്ഷം മാത്രമാണ് ഇവിടെ ആറെസെസ്സിന് ആദ്യം മുതല്‍ എതിര്‍ത്തു പോന്നിട്ടുള്ളത്. പക്ഷേ, എന്തു കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ ഇന്നും കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു? അവര്‍ എന്തിന് ഇടതിനെ വെറുക്കുന്നു? എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണത്.

എന്റെ അല്പജ്ഞാനം വച്ച് എനിക്ക് തോന്നിയ കാര്യങ്ങള്‍:
-40 കളിലൊക്കെ ഒരാള്‍ കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ ഒളിച്ചു താമസിക്കുന്ന ഒരു ഭീകരനാണെന്ന വിചാരം എല്ലാവരിലുമുണ്ടായിരുന്നു. അത് ഒരു ജനിതകൈമാറ്റം നടന്നു വന്ന എല്ലാവരിലും അന്തര്‍ലീനമായ ഒന്നായി മാറി.

-ന്യൂനപക്ഷങ്ങളില്‍ മതം വ്യക്തിജീവിതത്തില്‍ നടത്തുന്ന പ്രത്യക്ഷമായ സ്വാധീനം. ഒരുത്തന്‍ കമ്യൂണിസ്റ്റായാല്‍ അവന്‍ പിന്നെ പള്ളിയില്‍ വരില്ല. അവന് കല്യാണം കഴിക്കാന്‍ പിന്നെ പള്ളിയില്‍ നിന്ന് എന്നോസി കിട്ടില്ല. ഇനി അവന് സ്വന്തം സമുദായത്തില്‍ നിന്ന് കെട്ടാന്‍ പറ്റില്ല. അവന്‍ ചത്താല്‍ തെമ്മാടിക്കുഴിയില്‍ പോലും അടക്കാന്‍ പറ്റില്ല. ഇതെല്ലാം കൂടി ചേര്‍ന്ന് കമ്യൂണിസ്റ്റ് ആകുന്നതില്‍ നിന്ന് ഒരു ശരാശരി ന്യൂനപക്ഷക്കാരനെ അകറ്റി. പിന്നീടെ കമ്യൂണിസ്റ്റുകാരനും പള്ളീല്‍ പോകാം എന്നൊക്കെ ഉള്ള സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ ഇവരില്‍ നിന്ന് ഒറ്റയ്ക്കും തെറ്റയ്ക്കും ഓരോരോ കുഞ്ഞാടുകള്‍ കൂട്ടം തെറ്റാതെ തന്നെ പാര്‍ട്ടിയിലെത്തി.

-ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇന്ന് പാര്‍ട്ടി ചെയ്യുന്നത് ശുദ്ധ ഭോഷക്കത്തരമാണ്. ശ്രീശ്രീ യുടെ വലിയ ആരാധകനാണ് എം.എ ബേബി എന്ന് കേള്‍ക്കുന്നു. അതിനു പകരം, മാറാട് കലാപത്തിലൊക്കെ പാര്‍ട്ടിക്ക് വളണ്ടിയര്‍മാരെ ഇറക്കാമായിരുന്നു. ഒരു ന്യൂനപക്ഷക്കാരനെയും ഒരാളും തൊടില്ല എന്ന് ചങ്കൂറ്റമുള്ള പ്രഖ്യാപനം പിണറായിക്ക് നടത്താമായിരുന്നു. എ.കെ.ജി ഉണ്ടായിരുന്നെങ്കില്‍ അവിടെ ക്യാമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കുമായിരുന്നു എന്ന് 100 തരം.

-തലശ്ശേരി കലാപത്തില്‍ പള്ളി രക്ഷിക്കാന്‍ രക്തസാക്ഷിയായ സഖാക്കളുടെ കഥകള്‍ അച്ചുതാനന്ദനും, പിണറായിയും മറ്റുള്ളവരും സ്വന്തം പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നാല്‍ മതിയായിരുന്നു. കുറേ കേള്‍ക്കുമ്പോള്‍ ഏതു ന്യൂന പക്ഷക്കാരനും ഒന്ന് ആലോചിക്കും: -ലീഗ് ഉണ്ടായിട്ട് എന്തു പിണ്ണാക്കാണ് ചെയ്തത്. ഇവന്മാര്‍ പറയുന്നത് ശരിയാണല്ലോ എന്ന്. അതിനു പകരം കാന്തപുരത്തിന്റെ ഇസ്ലാം പഠനശിബിരത്തില്‍ സെമീനാറില്‍ പങ്കെടുക്കയല്ല എന്റെ മനസിലുള്ള സി.പി.എം സിക്രട്ടറി ചെയ്യേണ്ടത്.

ഓടോ: സമുദായം വച്ചുള്ള കളിയില്‍ പണ്ടൊരിക്കല്‍ കരുണാകരന്‍ പി.സി ചാക്കോക്ക് സീറ്റ് നിഷേധിച്ചു. കാരണം പറഞ്ഞത് (മണ്ഡലം ഓര്‍മ്മയില്ല) അവിടെ ചാക്കോയുടെ സമുദായമായ ക്നാനായ സുറിയാനികള്‍(സമുദായ നാമം ശരിയായിരിക്കണമെന്നില്ല -ഓര്‍മ്മവരുന്നില്ല) കുറവാണ് എന്ന്. ഉടനെ വന്നു ചാക്കോയുടെ മറുപടി: തിരുവനന്തപുരത്ത് എത്ര മാരാര്‍ വോട്ടര്‍മാര്‍ ഉണ്ട്? (കരു അന്ന് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്നു)

Ajith Pantheeradi said...

രാധേയന്റെ പോസ്റ്റ് വളരെ നന്നായി. ചിന്തിച്ചാല്‍ കേരളത്തില്‍ ഇതുവരെയുണ്ടായ മന്ത്രിസഭകളില്‍ വച്ച് ഏറ്റവും ശക്തമായതും ഏറ്റവും കഴിവുറ്റ മന്ത്രിമാരുണ്ടായിരുന്നതും (രാഷ്ട്രീയത്തിലുപരി) 57-ലെ മന്ത്രിസഭയിലാണ് . പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ പോലും ഒരുമാതിരി മെല്ലെപ്പോക്കു നയം കൈക്കൊണ്ടത് ന്വിമോചന സമരത്തിന്റെ തിക്താനുഭവം കൊണ്ടാണൊ എന്നറിയില്ല.
സ്ഥാപിത താല്പര്യങ്ങളുള്ള പള്ളികളും നായന്മാരും കൂടെ കോണ്‍ഗ്രസ്സുകാരും നടത്തിയ വിമോചന സമരം കേരള ചരിത്രത്തിലെ ഒരു കറുത്ത അധ്യായം തന്നെയാണ് . അതിനെ ന്യായീകരിക്കുന്ന ചാണ്ടി-ചെന്നി-രവി ഇത്യാദി ജീവികളെപ്പറ്റി ഒറ്തു കരയാനേ പറ്റൂ. ( വിമോചന സമരത്തെ പറ്റി നല്ല കാര്യം പറയാന്‍ ഒന്നുണ്ട്. അതിലെ ജാതിമതസൌഹാര്‍ദ്ധം!!!)‍

ദേവന്‍ said...

പോസ്റ്റ്‌ ശ്രദ്ധേയമായി രാധേയാ. ഈ എം എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇന്നലെയായിരുന്നെന്ന് ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌.

വിമോചന സമരം ഒരു മന്ത്രിസഭയ്ക്കെതിരേയല്ലായിരുന്നു. ഒരു ജനതയ്ക്കെതിരേ അവരെക്കൊണ്ട്‌ തന്നെ നടത്തിച്ച സമരം. ഇനി വരുന്ന തലമുറയിലെ കുഞ്ഞുങ്ങള്‍ "എന്തായിരുന്നു ഈ വിമോചന സമരം?" എന്നു ചോദിച്ചാല്‍ പറയാന്‍ ഞാന്‍ കണ്ടു വച്ച ഉത്തരം ഇതാണ്‌.

മക്കളേ, പണ്ടുകാലത്ത്‌ നമ്മുടെ കേരളം ഇന്ത്യയുടെ ഇതരഭാഗങ്ങളെക്കാള്‍ വളരെയേറെ ശോചനീയമായ അവസ്ഥയിലായിരുന്നു. ജാതി, മതം, തൊട്ടുകൂടായ്മ, മാടമ്പിത്തം തുടങ്ങിയവ ഭീകരമായി വിളയാടുന്ന കേരള സംസ്കാരത്തെ കണ്ട സ്വാമി വിവേകാനന്ദന്‍ "കേരളം- ഒരു ഭ്രാന്താലയം" എന്നു പറഞ്ഞുപോയി.

പിന്നെ അതിനൊരു നവോത്ഥാനകാലമുണ്ടായി. ശ്രീനാരായണ ഗുരു, അയ്യന്‍ കാളി, സഹോദരന്‍ അയ്യപ്പന്‍, വി ടി, എം സി ജോസഫ്‌, കെ എം മൌലവി അങ്ങനെ അസംഖ്യം ആളുകള്‍ കേരളത്തിലെയും അവര്‍ക്കു ചുറ്റുമുള്ള സമൂഹത്തിലെയും അസമത്വങ്ങള്‍ക്കും അസാന്മാര്‍ഗ്ഗികതക്കും ഒട്ടേറെ അറുതി വരുത്തി. അതും കഴിഞ്ഞ്‌ ആ വിപ്ലവത്തിനു അതിനൊരു രാഷ്ട്രീയ മുഖമുണ്ടായി. നവോത്ഥാനത്തിന്റെ രാഷ്ട്രീയം അധികാരത്തിലേറിയതോടെ വര്‍ഗ്ഗീയ താല്‍പ്പര്യവും ഛിദ്രവാസനയുമുള്ളവര്‍ക്ക്‌ ഇനിയൊരിക്കലും
കേരളത്തിന്റെ മേലുള്ള സ്വാധീനം തിരിച്ചു കിട്ടില്ലെന്ന അവസ്ഥയായി.

അവര്‍ സംഘടിച്ചു. മലയാളിയായിട്ടല്ല. നസ്രാണിയും നായരും മുസ്ലീമും ഈഴവനും ആയി ചേരി തിരിഞ്ഞ്‌ സംഘടിച്ചു. കേരളത്തിന്റെ മന്ത്രിസഭ ഒരു കമ്യൂണിസ്റ്റ്‌ മന്ത്രിസഭ ആയിരുന്നതിനാല്‍ ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിച്ചു.

അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട്‌ മഹാരഥന്മാര്‍ കുപ്പിയിലാക്കിയ ജാതിമത ഭൂതത്തെ ഈ ജനദ്രോഹികള്‍ തുറന്നു വിട്ടു. മലയാളത്തിന്റെ നവോത്ഥാന വിപ്ലവവും, രാഷ്ട്രീയ പ്രബുദ്ധതയും, സാമൂഹ്യ നായകന്മാരുടെ സാന്നിദ്ധ്യവും എല്ലാം അങ്ങനെ അങ്കമാലിയിലെയും പുല്ലുവിളയിലെയും വെട്ടുകാട്ടെയും ശവക്കുഴികളില്‍ കുഴിച്ചു മൂടി മലയാളികള്‍ വീണ്ടും വിവേകാനന്ദന്‍ കണ്ടു ഭയന്ന ജനതയായിലേക്ക്‌ നൂറ്റാണ്ടുകള്‍ പിന്നോട്ട്‌ തിരിച്ചു പോയി. "

K.V Manikantan said...

ദേവേട്ടാ, രാധേയാ,
ഇടതു പക്ഷം 40 കളില്‍ നടത്തിയ വിപ്ലവം മനസുകളിലായിരുന്നു. നമ്പൂതിരി യുവാക്കള്‍ കുടുമ്മ മുറിച്ച്, പ്രമാണിമാര്‍ക്കയച്ചു കൊടുത്തു. ജീവിതത്തേക്കാള്‍ മരണം നല്ലത് എന്ന് കരുതുന്ന നമ്പൂതിരി വിധവകളെ -ഞാന്‍ നിന്നെ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞ് പരസ്യമായി കല്യാണം കഴിക്കുന്നു. നമ്പൂതിരി എന്ന തമ്പ്രാന്‍ പുലയരുടെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നു. അവരെ സഖാവേ എന്ന് വിളിക്കുന്നു.

ഇതെല്ലാം അന്നത്തെ തലമുറക്ക് ചിന്തിക്കാവുന്നതിന് അപ്പുറമായിരുന്നു. യഥാര്‍ത്ഥവിപ്ലവമായിരുന്നു. കാലത്തിനപ്പുറത്തേക്കുള്ള ഇടതിന്റെ നോട്ടവും ചാട്ടവും അവരുടെ പ്രവര്‍ത്തികളായിരുന്നു. അതിനാല്‍ തന്നെ ജനപിന്തുണ ഏറി. അവരുടെ പിന്നില്‍ സാധാരണക്കാരന്‍ അണിനിരന്നു.

എന്നാല്‍ ഇന്നത്തെ ഇടതിന് ഒന്നും ചെയ്യാനില്ല. കോണ്‍ഗ്രസ്സും മറ്റെല്ലാവരും ചെയ്യുന്നതു തന്നെ അവരും ചെയ്യുന്നു. അല്പം കുറഞ്ഞ അളവിലാണെന്ന ഒരു വ്യ്തയാസം മാത്രം.

ഒരു കാര്യ്ം ശ്രദ്ധിക്കൂ.. കുടുമ മുറീച്ച ഈയെംസ്സിന്റെ മക്കള്‍ ആരെയാണ് കല്യാണം കഴിച്ചത്?

ഇന്നും പ്രതീക്ഷയുണ്ട്. പാറ്ട്ടി പറഞ്ഞാല്‍ മുന്നും പിന്നും നോക്കാതെ അനുസരിക്കുന്ന 25 % പ്രവര്‍ത്തകരെങ്കിലും ഇന്നുമുണ്ട്.

എന്തു കൊണ്ട് കമ്യൂണിസ്റ്റുകള്‍ക്ക് പണ്ടതതെ പോലെ കാലത്തിന് മുന്നേ ഓടിക്കൂടാ? എന്തു കൊണ്ട് പാര്‍ട്ടി മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നില്ല? എന്തിന് നേതാക്കന്മാര്‍ സ്വന്തം സമുദായത്തില്‍ നിന്നു തന്നെ കെട്ടുന്നു?

പഴയ് ഓര്‍മ്മകളില്‍ അഭിരമിച്ചിരിക്കാന്‍ രസമാണ്. അതാണ് ഇന്നത്തെ ‘സവര്‍ണ്ണ സമുദായങ്ങള്‍‘ ചെയ്യുന്നത്. അതിന് ഓശാന പാടുകയല്ല വേണ്ടത്.

50 കൊല്ലം മുമ്പ് അന്തസ്സായി അധികാരത്തില്‍ വന്നവരുടെ പിന്മുറക്കാര്‍ ഇന്ന് എന്തു ചെയ്യുന്നു എന്ന് ചിന്തിക്കുക. തിരുത്തുക.
-സങ്കുചിതന്‍