Sunday, January 07, 2007

വികസനം-ചില ശീര്‍ഷാസന ചിന്തകള്‍

വികസനം എന്ന വാക്കിന്റെ അര്‍ത്ഥം വളരെ സമര്‍ത്ഥമായി രൂപകല്‍പ്പന ചെയ്യാന്‍ കമ്പോളശക്തികള്‍ക്ക് സാധിച്ചിരിക്കുന്നു. കൊടിയ ഇടതുപക്ഷക്കാരന്‍ പോലും വികസനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ചിന്തിക്കുക മണിമാളികകളെക്കുറിച്ചും ആഡംബരകാറുകളെക്കുറിച്ചും മള്‍ട്ടിപ്ലെക്ക്സുകളെക്കുറിച്ചും ഷോപ്പിംഗ് കോമ്പ്ലക്സുകളെക്കുറിച്ചും ആയിരിക്കും.അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ കമ്പോളം നമ്മോട് ആവശ്യപ്പെടുന്നു.

(വികസനം എന്ന് വാക്ക് കൊണ്ട് നമ്മള്‍ പലപ്പോഴും സാമ്പത്തിക വികസനം മാത്രമാണ് ലക്ഷ്യമാക്കുന്നത്. സാംസ്കാരികമായ വികസനം,ബൌദ്ധികമായ വികസനം,കലാകായികപരമായ വികാസം ഇവയൊക്കെ നാം ഇതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നു. ഈ പോസ്റ്റും സാമ്പത്തിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ മേഖലകള്‍ ഒഴിവാക്കുന്നു.)

വികസനത്തിന്റെ അളവുകോലായി പണ്ട് കണ്ടിരുന്നത് പ്രതിശീര്‍ഷവരുമാനം മാത്രമായിരുന്നെകില്‍ ഇന്ന് അതിനെക്കാള്‍ പ്രമുഖമായി വരുന്നത് ഓഹരി സൂചികയും വളര്‍ച്ചാ നിരക്കുമാണ്.ഒഴുകി നടക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന ഓഹരി സൂചിക തെങ്ങു കയറുന്ന ചന്ദ്രന്റെയും വേലി കെട്ടുന്ന ശശീന്ദ്രന്റെയും ജീവിതത്തിലെ വികാസത്തിന്റെ സൂചകമാകുന്നതെങ്ങനെ എന്ന് എനിക്കിന്നും മനസ്സിലാകാത്ത കാര്യമാണ്.ഏതാണ്ട് അതു പോലെ തന്നെയാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും.പണ്ട് ഒരു സാമ്പത്തിക ശാസ്ത്രം ക്ലാസില്‍ ആരോ പ്രതിശീര്‍ഷ വരുമാനത്തെ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു- ‘ഞാനും റ്റാറ്റയും കൂടി ഹോട്ടലില്‍പോയി,റ്റാറ്റ 2 കോഴിയെ തിന്നു,ഞാന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ചു.ശരാശരി 2 പേരും ഓരോ കോഴിയെ തിന്നു എന്ന് പറയുന്നത് പോലെയാണ് പ്രതിശീര്‍ഷ വരുമാനം”.

ഗ്രാമീണമായ ഒരു ഇക്കണോമി

ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകുന്ന ഒരു ഗ്രാമീണ സമ്പത്ഘടനയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരം സ്വയം പര്യാപ്തഗ്രാമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ ബദല്‍.ഡോഗ്മാറ്റിക്ക് എന്നു പറഞ്ഞ് ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ തള്ളി കളഞ്ഞ ഈ ഗാന്ധിയന്‍ ബദലിനെ പുനപ്രതിഷ്ഠിക്കുകയാണ് ഇടതുപക്ഷത്തിന്റെ അടിയന്തിരകര്‍ത്തവ്യം. ഉടയോന്‍-വിധേയന്‍ ബന്ധം നിലനില്‍ക്കുന്ന ഒരു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയുടേത്. നല്ല ധനാഗമസ്രോതസ്സുകള്‍ ചിദംബരം ചെട്ട്യാര്‍ കൈയ്യടക്കി വെക്കുന്നു. കുരങ്ങന്‍ പങ്കു വെച്ച അപ്പകഷ്ണം പോലുള്ള പ്ലാന്‍ ഫണ്ട് ആണ് തോമസ് ഐസക്കിന് കിട്ടുന്നത്.ഏതാണ്ട് ഇതേ സമീപനം തന്നെ സംസ്ഥാനം തദ്ദേശസ്ഥാപനങ്ങളോടും പുലര്‍ത്തുന്നു.(മുഴുത്ത കഷ്ണം കേന്ദ്രത്തിന് കിട്ടുന്ന ഈ ഫെഡറലിസത്തെ ദീര്‍ഘവീക്ഷണത്തോടെ എതിര്‍ത്ത ഭരണാധികാരിയായിരുന്നു സര്‍ സി.പി. അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതയോട് യോജിപ്പില്ലെങ്കിലും സ്വാമിയുടെ വീക്ഷണത്തെ അനുമോദിക്കാ‍തെ വയ്യ). അത്തരമൊരു ഫെഡറല്‍ ഘടനയില്‍ സ്വയം സാമ്പത്തിക-വികസന നയങ്ങള്‍ തീരുമാനിക്കാന്‍ അതിലെ ഫാക്റ്ററുകള്‍ക്ക് കഴിയാതെ പോകുന്നു.

എന്തായിരിക്കണം ഗ്രാമീണ സമ്പദ് വ്യവസ്ഥ

മാനുഷിക അധ്വാനം ഒരു ചിലവാകാത്ത ചരക്കായി മാറി എന്ന് പലരും വിവക്ഷിക്കുന്നുണ്ട്. അതിനോട് യോജിക്കുക വയ്യ.കായിക അധ്വാനം കുറക്കുന്ന ഒരു പാ‍ട് കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ റാഷണല്‍ തിങ്കിങ്ങിന് പകരം വെക്കാന്‍ കമ്പ്യൂട്ടറിനോ അതിനേക്കാള്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

ഗ്രാമീണ സമ്പദ്ഘടന ഒരു സ്ത്രീ കേന്ദ്രീകൃത സങ്കല്‍പ്പമാണ്. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമൊക്കെ അതിന്റെ ഒരു ലളിതമായ രൂപമണ്.സീരിയല്‍ കാഴ്ച്ചകളിലും പരദൂഷണവെടിവട്ടങ്ങളിലും കുരുങ്ങി കിടക്കുന്ന സ്ത്രീകളുടെ കര്‍മ്മശേഷി എങ്ങനെ ഗൂണപരമായി വിനിയോഗിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം.2006ല്‍ സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ മൊഹമ്മദ് യൂനിസ് എന്ന ബംഗ്ലാദേശീയുടെ മൈക്രോ ക്രെഡിറ്റ് സംരംഭങ്ങളും ഇത്തരുണത്തില്‍ സ്മരണീയമാണ്.പട്ടിണിയും ദാരിദ്ര്യവും അകറ്റാനാണ് യൂനിസ് ശ്രമിച്ചതെങ്കില്‍ അതിലൂടെ കരുത്തുറ്റ ഒരു ഗ്രാമീണ ഇക്കോണമിയും അതു വഴി ശക്തമായ ഒരു ആഗോളവല്‍ക്കരണപ്രതിരോധവും കേരളത്തിനു സാധിക്കണം

സ്ത്രീകളെ കേന്ദ്രീകരിക്കാന്‍ പല നല്ല കാരണങ്ങളുമുണ്ട്.
1. വാ‍യ്പ്പകള്‍ ബീവറേജസ് കോര്‍പ്പറെഷനിലേക്കോ കള്ളു ഷാപ്പിലേക്കോ വഴിതിരിച്ച് വിടപ്പെടില്ല. 2.സ്ത്രീകളുടെ മോചനം സാമ്പത്തിക സ്വാധീനതയിലൂടെ മാത്രമേ സാധിക്കൂ(ബ്രാ കത്തിച്ചാല്‍ സ്വാതന്ത്ര്യം വരില്ല എന്ന് തന്നെ)
3. സ്ത്രീകളുടെ മിച്ചമൂല്യം കൂടുതല്‍ കാര്യക്ഷമതയോടെ പുനരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സമയത്തെ സൃഷ്ടിപരമായി ഉപയോഗിച്ച് ഉല്‍പ്പന്നമായി മാറ്റുക,ഉല്‍പ്പന്നത്തെ നന്നായി മാര്‍ക്കറ്റ് ചെയ്യുക ഇതാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനകര്‍മ്മങ്ങള്‍.ഇതില്‍ ആദ്യത്തേതിന് സര്‍ക്കാര്‍ ഏജന്‍സികളുടെ പരോക്ഷ സഹായം മതിയെങ്കില്‍ രണ്ടാമത്തേതിന് കൂടുതല്‍ പ്രത്യക്ഷ സഹായം വേണ്ടി വരും. ഉല്‍പ്പന്നം എന്തുമാവം, പച്ചക്കറികളാവാം, പാലാം,മുട്ടയാവാം,വെണ്ണയാവാം,സൂചിയോ തൂമ്പയോ ആവാം,കയര്‍ കരകൌശലവസ്തുക്കളാവാം,രാമപുരത്ത് വാര്യര്‍ പറഞ്ഞ പോലെ അവലുമാം മലരുമാം ഫലവുമാം.....ബ്രാന്‍ഡിംഗ് എന്നത് വെറും കണ്‍കെട്ട് വിദ്യയാണെന്ന് അറിയാമെങ്കിലും അതും അത്യാവശമാണ്.അത് കേന്ദ്രീകൃതമായി ചെയ്യാന്‍ സര്‍ക്കാര്‍ സഹായം വേണം.അങ്ങനെ ഓരോ ഗ്രാമങ്ങളും ഓരോ ഉല്‍പ്പാദന കേന്ദ്രങ്ങളും ലാഭകേന്ദ്രങ്ങളുമായി മാറണം.നമ്മുടെ മൂലധനം നമ്മുടെ വ്യവസ്ഥിതിയില്‍ തന്നെ പരമാവധി റീസൈക്കിള്‍ ചെയ്യപ്പെടണം.

കേരളത്തില്‍ നിന്ന് നല്ല ക്രെഡിറ്റ് പ്രപ്പോസലുകളില്ലാത്തത് കൊണ്ടാണ് കേരളത്തില്‍ നിക്ഷേപിക്കപ്പെടുന്ന ഗണ്യമായ NRI പണം സംസ്ഥാനത്തിന്റെ പുറത്തേക്ക് പോകുന്നത് എന്ന വിമര്‍ശനം ശ്രദ്ധേയവും വസ്തുതാപരവുമാണ്. പക്ഷേ വന്‍കിട പ്രോജക്ടുകള്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ ഏതാണ്ട് അസാ‍ധ്യമാണ്. അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ കൌപീനതുമ്പിനോളം പോന്ന ഈ കൊച്ച് പ്രദേശത്തെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാക്കിയേക്കാം. അപ്പോള്‍ പിന്നെ സ്ത്രീശാക്തീകരണം പോലുള്ള പ്രക്രിയകളെ സഹായിക്കാനാവണം ഇത്തരം ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്.പദ്ധതികള്‍ കാമ്പുള്ളതും മുടക്കുമുതല്‍ തിരിച്ച് തരുന്നതും ആവണം.പഴയ IRDP പോലുള്ള തരികിട വീതം വെയ്പ്പുകളാവരുതെന്ന് സാരം.ഒരു പരിധി വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും.വ്യക്തികള്‍ക്ക് സഹായം നല്‍കുന്നതിനേക്കാള്‍ ഗ്രൂപ്പുകളെ പരിഗണിക്കുന്നതാണ് നല്ലത്.മനുഷ്യാധ്വാനം contribute ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ളവരുടെ ഒരു ഗ്രൂപ്പായിരിക്കണമത്.

ജനത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാവണം. അതിനു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം.(ശനിയാഴ്ച്ച കൈത്തറി ധരിക്കാനുള്ള നിര്‍ദ്ദേശം ഇടതുമുന്നണി സര്‍ക്കാറിന്റെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ്) സോഡ നാരങ്ങായ്ക്ക് കൊക്കോ കോളയുടെ മാന്യതയില്ലെങ്കില്‍ അത് ഉണ്ടാക്കി കൊടുക്കണം.12 രൂപാ കൊടുത്ത് ഒരു കോളാ വാങ്ങുമ്പോള്‍ അതിന്റെ 40%മെങ്കിലും കടല്‍ കടക്കുന്നു എന്ന് നാം ജനത്തെ മനസ്സിലാക്കണം.അതേ സമയം ഒരു സോഡാ നാരങ്ങ 3 രൂപക്ക് കുടിക്കുമ്പോള്‍ ബാക്കി 9 രൂപാ നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നു എന്ന് മാത്രമല്ല,അതില്‍ 50 പൈസ നാട്ടിലെ നാരങ്ങാ കര്‍ഷകനു കിട്ടുന്നു 50 പൈസ മുറുക്കാന്‍ കടക്കാരന് കിട്ടുന്നു,സോഡാ ഉണ്ടാക്കുന്നവനും,അത് നിറക്കുന്നവനും അത് വിതരണം ചെയ്യുന്നവനും പങ്ക് കിട്ടുന്നു.ചുരുക്കത്തില്‍ ചിലവാക്കുന്ന പണം നമ്മുടെ ചുറ്റുവട്ടത്ത് തന്നെ പുനരുല്‍പ്പാദനാര്‍ത്ഥം വിന്യസിക്കപ്പെടുന്നു.


ഇതൊരു സമര ബദല്‍ അല്ല എന്ന ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകളുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.അഗോളീകരണത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് കൊണ്ട് അതിനുള്ളില്‍ നിന്ന് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. പട്ടിണിയും വറുതിയുമാണ് സമരത്തിന്റെ ഇന്ധനം.സ്വഭാവികമായി പട്ടിണി ഇല്ലാതാക്കനുള്ള ശ്രമങ്ങള്‍ പട്ടിണിക്കെതിരേയുള്ള പോരാട്ടങ്ങളെയുമില്ലാതാക്കും.സമരമെന്നത് സൃഷ്ടിപരമല്ല, എന്നാല്‍ അതിജീവനമെന്നത് സൃഷ്ടിയേക്കാള്‍ മഹത്തരമാണ്.കാരണം അതിന് ഇച്ഛാശക്തി എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിയ ഒരു സമുഹത്തിനേ കഴിയൂ.

23 comments:

Radheyan said...

സ്ത്രീകളെ കേന്ദ്രീകരിക്കാന്‍ പല നല്ല കാരണങ്ങളുമുണ്ട്.
1. വാ‍യ്പ്പകള്‍ ബീവറേജസ് കോര്‍പ്പറെഷനിലേക്കോ കള്ളു ഷാപ്പിലേക്കോ വഴിതിരിച്ച് വിടപ്പെടില്ല. 2.സ്ത്രീകളുടെ മോചനം സാമ്പത്തിക സ്വാധീനതയിലൂടെ മാത്രമേ സാധിക്കൂ(ബ്രാ കത്തിച്ചാല്‍ സ്വാതന്ത്ര്യം വരില്ല എന്ന് തന്നെ)
3. സ്ത്രീകളുടെ മിച്ചമൂല്യം കൂടുതല്‍ കാര്യക്ഷമതയോടെ പുനരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സമയത്തെ സൃഷ്ടിപരമായി ഉപയോഗിച്ച് ഉല്‍പ്പന്നമായി മാറ്റുക,ഉല്‍പ്പന്നത്തെ നന്നായി മാര്‍ക്കറ്റ് ചെയ്യുക ഇതാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനകര്‍മ്മങ്ങള്‍.

Unknown said...

രാധേയന്‍ ചേട്ടാ,
നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ഐഡിയ ഇല്ലാത്തതായിരുന്നില്ലല്ലോ ഒരു കാലത്തും പ്രശ്നം. പ്രാവര്‍ത്തികമാക്കപ്പെടുന്നവ വ്യക്തമായ അജണ്ടയോടും സ്വാര്‍ത്ഥതാല്പര്യത്തോടുമുള്ളവ മാത്രമായിരിക്കുമെന്ന് മാത്രം. ഈ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ ജനങ്ങളും സര്‍ക്കാരും, ഉല്‍പ്പാദകരും ഉപഭോക്താക്കളും കൂട്ടായി പരിശ്രമിക്കണം. ഏതെങ്കിലും ഒരു കണ്ണി, ഉദാഹരണത്തിന് സ്ത്രീകളുടെ കൂട്ടായ്മ ഉല്‍പ്പാദിപ്പിക്കുന്ന പ്രൊഡക്റ്റിനെ ശരിക്ക് മാര്‍ക്കറ്റ് ചെയ്യാനും ബ്രാന്റ് ചെയ്യാനും പറ്റിയില്ലെങ്കില്‍ എല്ലാം പാളും.

എല്ലാം നടപ്പില്‍ വരണമെങ്കില്‍ ഇന്ന് ഭരിക്കുന്നവന്‍ ഇത് കൊണ്ട് വന്നാല്‍ നാളെ വരുന്നവന്‍ അല്ലെങ്കില്‍ ഇപ്പൊ പ്രതിപക്ഷത്തിരിക്കുന്നവന്‍ എന്ത് വില കൊടുത്തും അട്ടിമറിക്കും എന്ന ഇപ്പോഴത്തെ രീതിയില്‍ നിന്ന് കാതലായ ഒരു മാറ്റം അനിവാര്യമാണ്.

ഓടോ:ടെമ്പ്ലേറ്റിനെന്തോ കുഴപ്പമുള്ള പോലെ. നേരത്തെ കമന്റിടാന്‍ പറ്റിയില്ല.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാധേയന്റെ നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിപരമായി തോന്നുന്നു. കേരളത്തില്‍ ഇത്തരമൊരു അടുക്കിപ്പെറുക്കല്‍ നടത്താന്‍ നമ്മുടെ 'വിളവു തിന്നുന്ന വേലികള്‍' തയ്യാറാവുമോ എന്നതാണ്‌ ഒരു പ്രശ്നം. പരമാവധി ലാഭമെന്ന Capitalist മുദ്രാവാക്യത്തെ കേരളീയ പരിസരങ്ങളിലേക്ക്‌ പരാവര്‍ത്തനം ചെയ്ത നമ്മുടെ പ്രസ്ഥാനജീവികള്‍ ആദ്യം ഇക്കാര്യത്തില്‍ മനസ്സും കര്‍മ്മമേഖലയും തുറക്കണം. ജനങ്ങളെ എല്ലാ തലത്തിലും ബോധവല്‍ക്കരിച്ച്‌ പഴയ 'സാക്ഷരതാ യജ്ഞം' പോലെ ഒരു പ്രസ്ഥാനം ഉണ്ടായാലേ യഥാര്‍ഥ വികസനം ഉണ്ടാവുകയുള്ളു. അതിന്‌ പ്രതിഫലമില്ലാതെയും ജോലി ചെയ്യാനുള്ള സന്മനസ്സും ഉണ്ടാവണം.

Radheyan said...

ദില്‍ബൂ, ഇത് ഭരണാധികാരികള്‍ മാത്രമായി നടപ്പാക്കേണ്ട ഒരു ഭരണപരിഷ്ക്കാരമൊന്നുമല്ല.ഇത് ഒരു ജനകീയ മുന്നേറ്റമായി വരേണ്ടതാണ്.ഇതിനെ ഫസിലിറ്റേറ്റ് ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യെണ്ടത്.

ഇത് ചെയ്യാന്‍ കഴിവുള്ള മന്ത്രിയാണ് ഐസക്ക്.മാത്രമല്ല ഇതിനോട് സാമ്യമുള്ള നാലാം ലോകവാദത്തോട് കുറച്ച് താല്‍പ്പര്യമുള്ള ആളാണ് ഐസക്ക്.

Radheyan said...

ശരിക്കും ശിവപ്രസാദ്,ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് സാക്ഷരതാ പ്രസ്ഥാനത്തില്‍ പങ്കെടുത്തത്.96 മുതല്‍ 2000 വരെ ജനകീയാസൂത്രണത്തെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചത്.ഈ 2 പ്രസ്ഥാനങ്ങളെ പോലെ മഹത്തായ മറ്റൊരു മൂവ്മെന്റ് ഇതിനും ആവശ്യമാണ്.

ആ 2 പ്രസ്ഥാനങ്ങളിലും ഉണ്ടായ പാളിച്ചകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. അമിത കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ സ്വജനപക്ഷപാതിത്വം,വികേന്ദ്രീകരിക്കപ്പെട്ട അഴിമതി,ഉദ്യോഗസ്ഥവികേന്ദ്രീകരണം ചെറുത്ത ബ്യൂറോക്രസി എന്നിവയാണ് ജനകീയാസൂത്രണത്തെ തകര്‍ത്തത്.അത്തരം പാളിച്ചകള്‍ ഒഴിവാക്കാണ്ടേതാണ്.

Saha said...

രാധേയന്‍.. വസ്തുനിഷ്ഠമായ താങ്കളുടെ വിലയിരുത്തലുകള്‍ ഇരുത്തിച്ചിന്തിപ്പിക്കുന്നതു തന്നെ.
എന്തിനെയും ഏതിനെയും രാഷ്ട്രിയവത്‌കരിക്കുന്ന (എല്ലാവരും ആ കാര്യത്തില്‍ ഒരേപോലെയല്ല) നമ്മുടെ ചില രാഷ്ട്രീയകക്ഷികള്‍ തന്നെയാണ്‌ ഇതിനു കാരണം.

കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ കുറ്റം ഒത്തിരി സഖാക്കള്‍ തന്നെയാണ്‌ ചെയ്തുകൂട്ടുന്നതെന്നു കാണേണ്ടിയും വരും.

എഴുപതുകളില്‍ ചേര്‍ത്തല-ആലപ്പുഴ ഭാഗങ്ങളില്‍ അന്നു പ്രതിപക്ഷത്തുണ്ടായിരുന്ന വീര്യം കൂടിയ സഖാക്കള്‍ എന്റെ അയല്‍പക്കങ്ങളില്‍ അതിക്രമിച്ച്‌ കയറി, കൈകൊണ്ട്‌ തിരിച്ചു കയര്‍ പിരിക്കുന്ന റാട്ടുയന്ത്രങ്ങള്‍ ഉടച്ചുകളഞ്ഞ്‌ യന്ത്രവത്‌കരണത്തിനെതിരായി സമരം ചെയ്തു. എന്നിട്ടെന്തു നേടി? കാല്‍നൂറ്റാണ്ടിനു ശേഷം, ഇതേ സഖാക്കള്‍ അവിടെ (എന്റെ വീട്ടിലുള്‍പ്പെടെ) മോട്ടോര്‍ ഘടിപ്പിച്ച റാട്ടുയന്ത്രങ്ങള്‍ കൊണ്ടുവന്നു വിതരണം ചെയ്യുന്നു. ഈ കാലം തെറ്റിയ, തെറ്റു തിരുത്തല്‍ പ്രക്രിയ തന്നെയാണ്‌ കേരളത്തെ പിന്നോട്ടടിച്ചതിന്റെ ഒന്നാമത്തെ കാരണം. കേരളത്തിലെ നെല്‍പ്പാടശ്ശേഖരങ്ങളില്‍ ട്രാക്റ്റര്‍ വിരുദ്ധസമരം നടത്തിയതും ഇതേ പിന്തിരിപ്പന്‍ രീതിയില്‍ തന്നെ.

ഈയിടെ കുറേനാള്‍, ഏ ഡീ ബി എന്നും പറഞ്ഞുനടന്നു; അതിന്റെ പരിണതിയും, പിന്നിലുണ്ടായിരുന്ന സമരവീര്യവും എത്രമാത്രം കാപട്യമായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാവുന്നില്ലേ?

കേരളജനതയെ ബീഹാറിലെയും മറ്റും അവബോധത്തിനിടകിട്ടാത്ത ജനത്തിനൊപ്പം കാണുന്ന രാഷ്ട്രീയവങ്കത്തമ്മല്ലേ ഇത്‌? ജനത്തിന്റെ ഓര്‍മശക്തി പരീക്ഷിക്കുന്ന വൃഥാവ്യായാമം?

ആന്റണി ഉള്‍പ്പെടെ ചില രാഷ്ട്രീയ നേതാക്കളുടെ സമീപനങ്ങള്‍ നോക്കിയാല്‍ ഇതറിയാം. എന്തെല്ലാം കുറവുകള്‍ നമ്മള്‍ പറഞ്ഞാലും വ്യക്തമായ കാഴ്ച്ചപ്പാടോടെ ചില കാര്യങ്ങള്‍ തുടങ്ങിവെച്ചിട്ട്‌ അതിന്‌ അകത്തുനിന്നും പുറത്തുനിന്നും പിന്തുണകിട്ടാതെപോയ, ഒരു നല്ല രാഷ്ട്രീയക്കാരനാണദ്ദേഹം. അതറിയണമെങ്കില്‍ 100 സീറ്റും വാങ്ങി അധികാരത്തില്‍ കയറും മുന്‍പ്‌, "കേരളജനത പ്രബുദ്ധരാണ്‌; നന്നായി ഭരിച്ചില്ലെങ്കില്‍, ഈ കയറ്റി വിട്ടതുപോലെതന്നെ ഇറക്കിയും വിടും എന്നെനിക്കറിയാം" എന്ന പക്വതയേറിയ ദീര്‍ഘദര്‍ശിത്വമാര്‍ന്ന വാക്കുകള്‍ മാത്രം മതി. ഇങ്ങനെ വസ്തുനിഷ്ഠമായി ജനത്തിന്റെ പള്‍സ്‌ അറിയുന്ന എത്ര രാഷ്ട്രിയാക്കാരുണ്ട്‌ നമുക്ക്‌?

ഞാന്‍ കാണുന്ന ഏറ്റവും പരിഹാസ്യമായ രീതി 70 കള്‍ക്ക്‌ ശേഷം കേരളം അടവെച്ചു വിരിയിച്ച നവയുവത്വങ്ങളുടെ വഴിതെറ്റല്‍ തന്നെയാണ്‌. എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ തെരുവിലിറക്കി വര്‍ഷങ്ങള്‍ മുടിപ്പിക്കാന്‍, കുട്ടിക്കുരങ്ങുകളെക്കൊണ്ട്‌ പായസം വാരിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. ഒരു പഴയ ഉദാഹരണം 80 കളിലെ പ്രീഡിഗ്രി ബോര്‍ഡിനെതിരായ സമരം. അന്നു പഠിച്ചിരുന്ന എല്ലാവര്‍ക്കും ഒന്നൊന്നര വര്‍ഷം സമരം മൂലം തുലഞ്ഞു.
അതിനു ശേഷം അധികാരം കിട്ടിയപ്പോള്‍, ഏതാണ്ട്‌, എം.എസ്‌. വേഡിലെ ഫൈന്‍ഡ്‌-റീപ്ലേസ്‌ സംവിധാനമുപയോഗിച്ച്‌ ഒറിജിനല്‍ ബില്ലിലെ "പ്രീഡിഗ്രി ബോര്‍ഡ്‌" എല്ലാം "പ്ലസ്‌-ടൂ" എന്നാക്കി ബില്ലിറക്കിയപോലെ, പാസാക്കി, നടപ്പാക്കി. വ്യവസ്ഥകളില്‍ ആര്‍ക്കും ഒരു പരാതിയും പരിഭവവും ഉണ്ടായില്ല. ആര്‍ക്കാണ്‌ നഷ്ടം?

(ഇതു നോക്കുമ്പോള്‍ ഈയിടെ കേരളം കണ്ട ഏറ്റവും പുരോഗമനപരമായ കാര്യം സ്കൂള്‍ രാഷ്ട്രിയം നിരോധിച്ചതു തന്നെ. ഹൈക്കോടതിക്ക്‌ സ്തുതി. നന്നായിപ്പോയി. ഇനി വരുന്ന പുതിയ തലമുറയ്ക്ക്‌ ഒരു പരിധിയില്‍ കൂടുതല്‍ രാഷ്ട്രീയ വീര്യം കാണില്ല. ഒരു ഹര്‍ത്താലും മറ്റും അടിച്ചേല്‍പ്പിക്കാന്‍ വാനരസേനയെക്കിട്ടാന്‍ സഖാക്കള്‍ ഒരല്‍പ്പം ബുദ്ധിമുട്ടും.

ഇതിനൊരു മറുവശം കൂടിയുണ്ട്‌; ഇപ്പോള്‍ സ്വകാര്യ മാനേജ്‌മെന്റുകളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത്‌ നിലയിലേയ്ക്ക്‌ അതെത്തി. വിദ്യാര്‍ത്ഥികളുടെ നല്ലതായുപയോഗിക്കാമായിരുന്ന സംഘടനാബലത്തെ വ്യഭിചരിച്ചതിന്റെ വില!)

ഇനിയും 70 കളിലെ ഒരു ചരിത്രം.. മാരുതി, എസ്കോര്‍ട്‌സ്‌, ടിവിഎസ്‌ എന്നിവ 80 കളില്‍ ജാപ്പനീസ്‌ സഹകരണം കൊണ്ടുവന്ന വിപ്ലവം അറിയാമല്ലോ. അതിനും കൃത്യം ഒരു ദശകം മുന്‍പ്‌ റ്റി.വി.തോമസ്‌ എന്ന ക്രാന്തദര്‍ശിയായ വ്യവസായമന്ത്രി, ഇന്‍ഡ്യയില്‍ തന്നെ ആദ്യമായി ജാപ്പനീസ്‌ സഹകരണത്തോടെ ഒരു പവര്‍ ടില്ലര്‍ പുറത്തിറക്കാന്‍ ശ്രമിച്ചു. നിയമസഭ സ്തംഭിപ്പിക്കുന്നതുള്‍പ്പെടെ എന്തെല്ലാമാണന്നു ബഹു: താത്വികാചാര്യന്‍ കാണിച്ചുകൂട്ടിയത്‌? ഒരു സ്വകാര്യ സംരംഭമല്ല, മറിച്ച്‌ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സംരംഭമായിരുന്നു അത്‌ ചെയ്യാന്‍ തുനിഞ്ഞതെന്നോര്‍ക്കണം വിദേശ കുത്തക, അധിനിവേശം എന്തെല്ലാമായിരുന്നു ബഹളം. ഒരൊറ്റ ടില്ലര്‍ പ്രോജക്റ്റില്‍ അതെല്ലാം അവസാനിപ്പിച്ചു, കുബോട്ടാ എന്ന ആ ജാപ്പനീസ്‌ സ്ഥാപനം. ചെയ്യാന്‍ മര്യാദയ്ക്കു വിട്ടിരുന്നെങ്കില്‍ മാതൃകയാകുമായിരുന്ന ഒരു പ്രോജക്റ്റ്‌!

ഭരിക്കുമ്പോള്‍ മാത്രം വികസനം, എന്ത്‌ വന്നാലും നമുക്കെന്ത്‌ മൈലേജ്‌ കിട്ടും എന്ന ദുഷ്ടലാക്ക്‌, "ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി" എന്ന രീതിയില്‍ എതിര്‍കക്ഷികള്‍ക്ക്‌ എന്തെങ്കിലും സല്‍പ്പേരു കിട്ടുന്ന എന്തും തട്ടിത്തകര്‍ക്കുന്ന രീതി ഇവ മാറ്റിയില്ലെങ്കില്‍, പിന്തിരിഞ്ഞു നോക്കുമ്പോള്‍ എറ്റവുമധികം "ഡാമേജ്‌" ഉണ്ടാക്കുന്നതെ ആരെന്നു നാമെന്നു തിരിച്ചറിയും?

രാജീവ്‌ ഗാന്ധി അവശേഷിപ്പിച്ച ഗ്യാപ്പിനു ശേഷം കേന്ദ്രത്തിലെ കസേരയില്‍ കയറിയ പല മഹാന്മാര്‍ക്കും നമ്മുടെ 20 എം പി മാരെ അവഗണിക്കാന്‍ പറ്റില്ലായിരുന്നു. കാരണം തുമ്മിയാല്‍ തെറിക്കുന്ന ഭൂരിപക്ഷമേ അവര്‍ക്കെല്ലാം തന്നെ ഉണ്ടായിരുന്നു. അന്നും തമ്മില്‍ തല്ലി ഒരു മുറിബീഡിപോലും വാങ്ങിയെടുക്കാന്‍ നോക്കാതിരുന്ന രാഷ്ട്രിയ ഷണ്ഡത്വമാണ്‌ നമ്മുടെ മറ്റൊരു കെടുതി. മുല്ലപ്പെരിയാറിന്റെ പേരില്‍ പാണ്ടി കേന്ദ്രത്തെ മൂക്കുകൊണ്ട്‌ ക്ഷ ണ്ണ്ര വരപ്പിക്കുന്നു. കാരണം അവരുടെ പിന്തുണ ഇല്ലെങ്കില്‍ ഭരണം നടക്കില്ല. നമ്മളുടെ സപ്പോര്‍ട്ട്‌ അവര്‍ക്കത്ര കാര്യമേ അല്ല്ല...

ഇത്ര കുത്സിതവും മൃഗീയവുമായ ഒരു സംഘടനാ ശേഷി കയ്യിലുണ്ട്‌. നാട്‌ വിറങ്ങലിച്ച ചിക്കുന്‍ ഗുനിയയും വിരല്‍ചൂണ്ടിയത്‌ പരിസരശുചിത്വത്തിന്റെ അഭാവത്തിലേയ്ക്കാണ്‌. സാക്ഷരതാവിപ്ലവത്തിന്‌ നേതൃത്വം കൊടുത്ത ആ സംഘടനാപാടവം ഉപയോഗിച്ചാല്‍, ഒരു ബന്ദിനും ഹര്‍ത്താലിനും ദുരുപയോഗിക്കുന്ന ആ ശേഷിത്വം ഒന്നു മനസ്സുവെച്ചാല്‍, ഇത്രയും പ്രബുദ്ധരായ കേരള ജനതയെ ഒരൊറ്റ മാസം കൊണ്ട്‌ പരിസരശുചിത്വത്തിലെത്തിക്കാം. പക്ഷേ ചെയ്യില്ല. ഇതു ചെയ്താല്‍ വോട്ടു കുറയുമോ? ഇല്ല.. പക്ഷേ തലയില്‍ ആള്‍താമസം വേണം. കുഞ്ഞിനു മരുന്ന വാങ്ങാന്‍ സ്കൂട്ടറില്‍ പോയവനെ കല്ലേറിഞ്ഞു വീഴ്ത്തിക്കൊല്ലാന്‍ കഴിയുന്ന ആ സംഘടനാ പാടവം, എന്തുകൊണ്ട്‌ വഴിയില്‍ ചവറിടുന്നവന്റെ ചെവിക്കുറ്റിക്ക്‌ അടിക്കുന്നില്ല? എത്ര ടൂറിസ്റ്റുകള്‍ വരുന്ന നാടാണ്‌ നമ്മുടേത്‌? നാട്‌ വൃത്തിയാക്കി ആ ക്രെഡിറ്റെടുക്കാന്‍ എന്തുകൊണ്ട്‌ ഈ സഖാക്കള്‍ക്ക്‌ കഴിയുന്നില്ല?

ഇതു വിരല്‍ ചൂണ്ടുന്നത്‌ ചില അനിവാര്യതകളിളേയ്ക്കാണോ? എനിക്ക്‌ തോന്നുന്നത്‌ ഇങ്ങനെയാണ്‌. ശ്രീനാരയണഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങിവെച്ച സമൂഹനവോത്ഥാനം കമ്യുണിസ്റ്റ്‌പാര്‍ടികള്‍ അന്‍പത്‌, അറുപതുകളില്‍ ഏറ്റെടുത്തു. അങ്ങനെ ആര്‍ക്കും തലയുയര്‍ത്തിപ്പിടിച്ചു നടക്കാവുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി ഇവിടെ വന്നു.. ആരോഗ്യ-വിദ്യഭ്യാസ പുരോഗതിയും, അനാദൃശമായ സാമൂഹ്യാവബോധവും ജനത്തിനു കൈവന്നു, രാഷ്ട്രീയത്തൊഴിലാളികളൊഴികെ. വേണ്ടത്‌, ഗാന്ധിജിയിലേയ്ക്ക്‌ ഒരു തിരിച്ചുപോക്കു തന്നെയാണ്‌. ഇന്ദിരാഗാന്ധി വരെ പാര്‍ട്ടി സമ്മേളന വേദികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞല്ലോ.. ഗാന്ധിമാര്‍ഗത്തിന്റെ ചുവടുപിടിച്ച്‌ ഒരു സാമൂഹ്യമാറ്റത്തിന്‌ ചൂട്ടുപിടിക്കാന്‍ സഖാക്കള്‍ക്ക്‌ മനസ്സാക്ഷിയുണ്ടോ?

നമ്മള്‍ മറ്റ്‌ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പലേ നല്ല കാര്യങ്ങളിലും കാതങ്ങള്‍ മുന്നിലാണ്‌. അങ്ങനെ വ്യത്യസ്തമായ ഒരു ജനതതിക്കു വേണ്ടി ഒരു വ്യത്യസ്ത ആസൂത്രണവും പദ്ധതിയും ഉണ്ടാക്കാനോ ചോദിച്ചു വാങ്ങാന്‍ പറ്റിയിട്ടില്ല. ഇത്‌ മുന്നേ പറഞ്ഞ രാഷ്ട്രിയ ഷണ്ഡത്വവും ലക്‍ഷ്യബോധമില്ലായ്മയും തന്നെ. രാഷ്ട്രപതി പറഞ്ഞുനടക്കുന്ന വിഷന്‍ 2020 ഇപ്പോഴേ ഒരു പൈലറ്റ്‌ പദ്ധതിയായി ചോദിച്ചു വാങ്ങാന്‍ നമുക്കാരുമില്ല; അതു കിട്ടാനുള്ള ധാര്‍മികമായ അവകാശം നമുക്കുണ്ട്‌. അത്‌ ഇവിടെ നടപ്പാക്കി തെറ്റു തിരുത്തി മുന്നോട്ടു കൊണ്ടുപോയാല്‍ നമ്മളും പുറകെ നമ്മുടെ ഇന്‍ഡ്യയും നന്നാവും. പക്ഷേ ആരുണ്ട്‌ നമുക്ക്‌?

Radheyan said...

സാഹ,താങ്കളുടെ വലിയ കമന്റിനു നന്ദി.സമരങ്ങളോട് അടച്ചെതിര്‍പ്പുള്ള വ്യക്തിയല്ല ഞാന്‍.പക്ഷെ ആഗോളീകരണം ഒരു യാഥര്‍ത്ഥ്യമാണ്.അത് ഒരു അനിവാര്യമായ ദുരന്തമായി മാറിയിരിക്കുന്നു.വിവിധ സബ്സിഡികളാലും ഇളവുകളാലും സംവരണങ്ങളാലും താങ്ങുവിലകളാലും ഇറക്കുമതിചുങ്കങ്ങളാലും protected ആയിരുന്ന കര്‍ഷകര്‍,ചെറുകിടക്കാര്‍ മുതലായവര്‍ ഈ ദാവൂദ്-ഗോലിയാത്ത് പോരാട്ടത്തില്‍ തകര്‍ന്ന് വീഴുന്നു.ലോകത്തെങ്ങും പെരുത്ത കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം ആഗോളീകരണം മാത്രമാണ്.പക്ഷെ കുടം തുറന്നുവിടപ്പെട്ട ഈ ഭൂതത്തെ ഇനി തിരിച്ച് കൂടത്തില്‍ തിരികേ കയറ്റുക അസാധ്യമാണ്.അതുകൊണ്ട് തന്നെ അതിന്റെ ദുരിതങ്ങളെ അതിജീവിക്കാന്‍ മുദ്രാവാക്യം വിളിയും പണിമുടക്കും അല്ലാതെയുള്ള പുതിയ സമരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.(അതിനര്‍ത്ഥം എനിക്ക് ആ സമരങ്ങളോട് എതിര്‍പ്പോ പുച്ഛമോ ആണെന്നല്ല.എപ്പോഴുമെടുത്ത് കീച്ചിയാല്‍ ബ്രമ്ഹാസ്ത്രത്തിനും തൃണവിലയായിരിക്കും.)

സ:TV തോമസിനോട് EMS ഒരുതരം അസൂയകലര്‍ന്ന എതിര്‍പ്പ് വെച്ച് പുലര്‍ത്തിയിരുന്നു.അത് കൊണ്ടാവും അദ്ദേഹം കൊണ്ടുവന്ന സംരംഭങ്ങളോട് ഒരു തരം ഈര്‍ഷ്യ സി.പി.എം പുലര്‍ത്തിയത്.

ആന്റണിയെക്കുറിച്ച് സാഹയുടെ അഭിപ്രായങ്ങളെ ഞാന്‍ സ്വീകരിക്കുന്നില്ല. അദ്ദേഹം ഒരു ആദര്‍ശഭീരുവായ രാഷ്ട്രീയക്കാരനാണ്.ഗാന്ധിയനായിരിക്കുക എന്നാല്‍ ഭീരുവായിരിക്കുക എന്നല്ല പൊരുള്‍.കോണ്‍ഗ്രസ് ജനാധിപത്യമില്ലാത്ത ഒരു കുടുംബ trust ആയപ്പോഴും അദ്ദേഹം മൌനിയായിരുന്നു.അടിമുടി ജനാധിപത്യവല്‍ക്കരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഒരു മഹത്തായ പ്രസ്ഥാനമാകാന്‍ ഇന്നും കഴിയുന്ന സംഘടനയാണ്.1937 വരെയുള്ള അവസ്ഥയിലേക്ക് അതിന് മടങ്ങേണ്ടി വരും.അല്ലെങ്കില്‍ അതൊരു ഈജിയന്‍ തൊഴുത്തായി തുടരും.

രാഷ്ട്രപതിയുടെ പദ്ധതികള്‍- അത് വെറും populist rhetoric- കൈയ്യടിക്കുള്ള വാചടോപം മാത്രമല്ലേ.അതിനപ്പുറം പ്രാധാന്യം അദ്ദേഹം പോലും അതിന് കൊടുത്ത് കാണില്ല.ഈ നാട്ടിലെ planning exercise and fund allocation അദ്ദേഹത്തിനറിയാത്തതല്ല.പിന്നെ എന്തിന് അതിന് മുതിരുന്നു.അദ്ദേഹത്തിന് അത്ര താല്‍പ്പര്യമാണെങ്കില്‍ ഒരു NRI bond 7-9% ഇറക്കി പണം സ്വരൂപിക്കാനുള്ള അധികാരം സംസ്ഥാനത്തിനു നല്‍കൂ,അല്ലെങ്കില്‍ പലിശനിരക്കില്‍ സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു NRI ബാങ്ക് തുടങ്ങാനുള്ള അനുവാദം തരൂ.ഞങ്ങളെ പോലുള്ള NRI പശുക്കളുടെ കടിയും മാറും, സര്‍ക്കാര്‍ കാക്കയുടെ വിശപ്പും തീരും.

സജിത്ത്|Sajith VK said...

നല്ല ആശയം. എന്നാല്‍ ഇതിന് ജനീകായാസൂത്രണം + കുടുംബ‍ശ്രീ യില്‍ നിന്നുള്ള വ്യത്യാസം മനസ്സിലായില്ല. ജനകീയാസൂത്രണത്തെ അടിസ്ഥാനപ്പെടുത്തി, അതിന്റെ പോരായ്മകളെയും, അധിത സാധ്യതകളെയും ചൂണ്ടിക്കാണിച്ച് ഒരു പോസ്റ്റ് ഇടാന്‍ പറ്റുമെ‍ങ്കില്‍ നന്നായിരുന്നു... (എനിക്ക് വലിയ അറിവില്ല, അതോണ്ടാ...).

മുസ്തഫ|musthapha said...

രാഥേയന്‍, വളരെ പ്രസക്തമായ ലേഖനം... വളരെ നല്ല ചിന്തകള്‍. സഹയുടെ കമന്‍റും ശ്രദ്ധാര്‍ഹം.

വികസനവും വളര്‍ച്ചയും ആരൊക്കെയോ നേടിത്തരേണ്ടതാണെന്ന കാഴ്ചപ്പാട് മാറ്റിവെച്ച് സമൂഹത്തിലെ ഒരോ വ്യക്തിയും അവരവരുടെ കടമ നിറവേറ്റാന്‍ തയ്യാറാവുകയും, തങ്ങള്‍ക്ക് മാത്രമേ അല്ലെങ്കില്‍ തങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ നേരാം വണ്ണം നടക്കുകയുള്ളൂ എന്ന ചിന്താഗതി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കുകയും (രണ്ടും നടക്കാന്‍ പോകുന്നതല്ല എന്നുറപ്പ്) ചെയ്യാത്തിടത്തോളം കാലം, കാലാനുസൃതമായി വന്നു ചേരുന്നതല്ലാതെ, സൃഷ്ടിപരമായ മാറ്റങ്ങള്‍ നമുക്കന്യം തന്നെയായിരിക്കും.

പുള്ളി said...

വളരെ ഉപയോഗപ്രദമയേക്കാവുന്ന ഒന്നാണ്‌ രാധേയന്റെ ഈ പോസ്റ്റ് . വികസനത്തെകുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ദന്തഗോപുര ചര്ച്ചകളില്‍ നിന്ന് വ്യത്യസ്ഥം . തന്നോടൊപ്പം തനിയ്ക്ക് ചുറ്റുമുള്ളവരുടെ വളര്‍ച്ചയിലൂടെ മാത്രമേ തനിയ്ക്ക് വളര്ച്ചയുണ്ടാകൂ എന്ന അടിസ്ഥാന പ്രമാണം മനസ്സിലാക്കി സമ്പത്തിക വികേന്ദ്രീകരണത്തിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തണം. മേല്പ്പറഞ്ഞ തെങു കയറുന്ന ചന്ദ്രനും വേലി കെട്ടുന്ന ശശിന്ദ്രനും പ്രയോജനപ്പെടുന്ന പദ്ധതികള്ക്കായി സംസ്ഥന/ജില്ലാ/പഞ്ചായത്ത് തലങ്ങളുള്ള പദ്ധതികള്‍ വേണം. ഇവയ്ക്ക് വേണ്ട പണം സ്വരൂപിയ്ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിയ്ക്കണം . അങ്ങിനെ ബ്യൂറോക്രസി നേര്പ്പിച്ച് ചേര്‍ത്ത പരന്ന വികസനം സാധ്യമാക്കാന്‍ കഴിഞാല്‍ അതിനെ വികസനം എന്നുപറയാം.
ഈ പോസ്റ്റില്‍ നല്ലൊരു ചര്ച്ച നടക്കണാമെന്നാശിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാധേയാ,
മുന്നണികളുടെ നിഴല്‍യുദ്ധവും, കക്ഷികളിലെ പടലപ്പിണക്കവും എക്കാലത്തെയും പ്രശ്നമായിരുന്നു. തങ്കള്‍ സൂചിപ്പിച്ച റ്റി. വി. തോമസ്‌ എന്ന സി. പി. ഐ.ക്കാരന്‍ മറ്റു പല നേതാക്കളെയുംകാളധികം ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന വ്യക്തിയായിരുന്നു. മികച്ച സംഘാടനശേഷിയും ഭരണതന്ത്രജ്ഞതയും ഉണ്ടായിരുന്ന അദ്ദേഹത്തോട്‌ ഈ. എം. എസ്‌. ഉള്‍പ്പെടെയുള്ളവരുടെ (ഓ. ടോ.: ഗൌരിയമ്മയെ കെട്ടാനുറച്ചപ്പോള്‍ തുടങ്ങിയ മുറുമുറുപ്പ്‌) ചരിത്രമാണ്‌. അന്ന്‌ കൊണ്ടുവന്ന ജപ്പാന്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നല്ല ലക്ഷ്യമുണ്ടായിരുന്നു. അത്തരം സാധ്യതകളെ തിരിച്ചറിയാന്‍ സി. പി. എം. കാല്‍ നൂറ്റാണ്ടെടുത്തു എന്നത്‌ ചെറിയ കുറ്റമല്ല.

കണ്ണൂസ്‌ said...

രാധേയാ, കാലിക പ്രസക്തിയുള്ള നല്ല പോസ്റ്റ്‌. സുവ്യക്തവും, ശക്തവുമായുള്ള ചിന്തകള്‍.

രാധേയന്റെ ചിന്തകളോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു.


ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകുന്ന ഒരു ഗ്രാമീണ സമ്പത്ഘടനയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരം സ്വയം പര്യാപ്തഗ്രാമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ ബദല്‍

ഒരു ചെറിയ കാര്യം പറയട്ടെ. കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതം, അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ദുരന്തം എന്നൊന്നും ആഗോളവത്‌ക്കരണത്തെ കാണേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. സാമ്പത്തിക പരിണാമപ്രക്രിയയിലെ ഒരു ഫേസ്‌ ആയി കണ്ടാല്‍ മതിയാവും ഇപ്പോഴത്തെ അവസ്ഥ. വന്‍കിട, വികസിത രാജ്യങ്ങളെപ്പോലെ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ ശേഷി കൈവരിച്ചിട്ടില്ലാത്ത നമ്മള്‍, അതിനെ സാംശീകരിച്ചു കൊണ്ട്‌, അതിനോട്‌ മത്‌സരിക്കുകയാണ്‌ വേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായം. "ബദല്‍" എന്ന പ്രയോഗം alternate എന്ന നിലക്കല്ല, competition എന്ന നിലക്കാണ്‌ നാം സ്വീകരിക്കേണ്ടത്‌. സ്വയം പര്യാപ്ത ഗ്രാമങ്ങളിലെ ഉത്‌പന്നങ്ങള്‍, കുറഞ്ഞ വിലക്ക്‌ ഉപഭോക്താവിനെത്തുമ്പോള്‍ കുത്തകകളും മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ അവരുടെ വില കുറക്കേണ്ടി വരും. ഇങ്ങനെ ഒരു price war-ന്‌ അവരെ നിര്‍ബന്ധിതരാക്കുക എന്നതാണ്‌ ആദ്യ പടി. കാലുറച്ച്‌ കഴിഞ്ഞാല്‍ അവരുടെ മാര്‍ക്കറ്റില്‍ നുഴഞ്ഞു കയറുക എന്നതും. അസംഭാവ്യമായ കാര്യമൊന്നുമല്ല ഇത്‌. പക്ഷേ, ഉത്‌പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം, ആധുനിക മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ സ്വീകരിക്കുകയും വേണം. പാരമ്പര്യ വ്യവസ്യായം എന്നു പറയുമ്പോള്‍ 100% ശതമാനം പാരമ്പര്യത്തില്‍ കടിച്ചു തൂങ്ങുന്നതാണെന്ന് തോന്നുന്നു, പലപ്പോഴും നമ്മുടെ ഉത്‌പന്നങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തതിനു കാരണം.

ഉദാഹരണത്തിന്‌, കൈത്തറി മുണ്ടിന്റെ കാര്യത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ്‌. നല്ല കാര്യം തന്നെ. പക്ഷേ, എത്രത്തോളം പ്രായോഗികമാണ്‌ ഇത്‌? ജീവനക്കാര്‍ മുണ്ടുടുത്തു വരണം എന്ന നിബന്ധനക്ക്‌ പകരം, നല്ല ഉത്‌പന്നങ്ങള്‍ അവര്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുക എന്നതല്ലേ കൂടുതല്‍ പ്രായോഗികം? എന്തുകൊണ്ടോ, നമ്മുടെ കൈത്തറി വ്യവസായം മുണ്ടിനും, ചാക്കുതുണി പോലുള്ള ഷര്‍ട്ടിനും അപ്പുറത്ത്‌ ഒന്നും ഉണ്ടാക്കി കണ്ടിട്ടില്ല. ആധുനിക വസ്ത്രങ്ങള്‍ - ഉദാഹരണത്തിന്‌ ലേഡീസ്‌ ടോപ്പ്‌- എത്ര സുന്ദരമായി ഉണ്ടാക്കാം കൈത്തറി കൊണ്ട്‌? Innovative ആയ ഡിസൈനുകള്‍ പരീക്ഷിക്കാന്‍ കൈത്തറി വ്യവസായത്തിന്‌ കഴിയില്ലേ? ഇവിടെയൊക്കെയാണ്‌ ശക്തമായ ഇച്ഛാശക്തിയുടെ ആവശ്യം. കോളക്ക്‌ പകരം നാരങ്ങവെള്ളം കൊടുക്കുന്നത്‌ ശരി. പക്ഷേ, അത്‌ നാറുന്ന ഗ്ലാസ്സില്‍ കൈ കൊണ്ട്‌ പിഴിഞ്ഞേ കൊടുക്കൂ എന്ന് വിചാരിക്കുന്നത്‌ തെറ്റ്‌. നല്ല ബോട്ടിലിംഗും, യന്ത്രസാമഗ്രികളും ഉപയോഗിച്ചാലും 5 രൂപക്കെങ്കിലും 300ml നാരങ്ങ വെള്ളം കൊടുക്കാന്‍ പറ്റുമായിരിക്കണം. പരീക്ഷിച്ചു കൂടെ?

വേണ്ടത്‌ പ്രായോഗികമായ ഒരു സമീപനമാണ്‌. തുച്ഛമായ വിലക്ക്‌ നല്ല ഉത്‌പന്നങ്ങള്‍ ലഭിച്ചാല്‍ മാര്‍ക്കറ്റ്‌ താനേ ഉണ്ടാവും. നമ്മളെപ്പോലെ price sensitive ആയ മാര്‍ക്കറ്റില്‍ പ്രത്യേകിച്ചും. മാറി നിന്നു കൊണ്ടുള്ള നിഴല്‍ യുദ്ധമല്ല, നേരിട്ടുള്ള മത്‌സരമാണ്‌ വേണ്ടത്‌ കുത്തകകളോട്‌. (ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നത്‌, മാര്‍ക്കറ്റ്‌ പിടിച്ചു കഴിഞ്ഞാല്‍ കൊച്ചു കമ്പനികളെ കുത്തകകള്‍ ഏറ്റെടുത്തേക്കാം എന്ന വസ്തുതയാണ്‌. അതിനെതിരെ നിയമനിര്‍മാണം വേണ്ടിയിരിക്കുന്നു. Acqusition laws കുറേക്കൂടി ശക്തമാക്കുക എന്നത്‌ സര്‍ക്കാരിന്‌ ചെയ്യാവുന്നതേ ഉള്ളു).

ചര്‍ച്ച സി.പി.എം. നും ആന്റണിക്കും ഒക്കെ സംഭവിച്ച പാളിച്ചകളിലേക്ക്‌ വഴുതില്ല എന്ന് ആശിക്കുന്നു.

Radheyan said...

കമന്റുകള്‍ക്ക് നന്ദി.കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.കക്ഷി രാഷ്ട്രീയത്തിനുള്ള ജില്‍ ജില്‍ എന്നുള്ള പ്രതികരണം വികസനരാഷ്ട്രീയത്തൈനില്ല എന്നത് സങ്കടപ്പെടുത്തുന്നു.

സജിത്ത്,ജനകീയാസൂത്രണാവും കുടുംബശ്രീയുമല്ലാം ഇതിന്റെ ദലങ്ങള്‍ തന്നെ.പക്ഷേ ഞാനുന്നയിച്ച രാഷ്ട്രീയം പരസ്യമായി ഉന്നയിച്ചല്ല അത് മുന്നോട്ട് പോവുന്നത് എന്ന് മാത്രം.(ജനകീയാസൂത്രണത്തിന്റെ പരാജയത്തെ കുറിച്ച് ഒരു പോസ്റ്റിന് ശ്രമിക്കാം,കുടുംബശ്രീ വിജയിച്ച ഒരു പരിപാടിയാണ്.അതിന്റെ പ്രവര്‍ത്തനം അടുത്ത് നിന്ന് പഠിക്കാന്‍ സാധിച്ചിട്ടില്ല)

കണ്ണൂസ്:
മുണ്ടുടുത്തുവരാന്‍ നിര്‍ബന്ധിക്കുകയല്ല,മറിച്ച് അപേക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.അതിലൂടെ ലഭിക്കുന്ന പണത്തെക്കാളേറെ അത്തരം ഒരു മൂവ്മെന്റുണ്ടാക്ക്ക്കൂന്ന സാമൂഹ്യ അവബോധത്തിനാണ് പ്രാധാന്യം.കുറച്ച് വിദേശ വസ്ത്രങ്ങള്‍ കത്തിച്ചാല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തകരുമെന്ന് ഗാന്ധിജിയും കരുതിയില്ല.മറിച്ച് അത്തരം സാമൂഹ്യപ്രസ്ഥാനമുണ്ടാക്കുന്ന ചലനം അതിന്റെ സന്ദേശത്തെ എതേണ്ടിടത്തെല്ലാം എത്തിച്ചു.

ആധുനികവല്‍ക്കരണം എല്ലാ വ്യവസായങ്ങളിലും ഒഴിവാക്കാന്‍ ആവാത്തതാണ്.അത് കാലാകാലങ്ങളില്‍ initiate ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.അപ്പോഴേ അവര്‍ വിഷണറീസ് ആവുകയുള്ളൂ.(ഒരു ഭരണാധികാരിക്ക് ഏറ്റവും വേണ്ടതെന്തെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ഭാവനയാണെന്ന്.)
മത്സരിക്കാന്‍ ആവതുണ്ടാകുന്നതുവരെ നമ്മുടെ വ്യവസായങ്ങളേ നാം സംരക്ഷിച്ചേ തീരു.നമ്മുടെ സംസ്ക്കാരത്തെ,ആരോഗ്യത്തെ,ജീവനെ,ആവാസവ്യവസ്ഥിതിയെ എല്ലാം നശിപ്പിച്ചാണ് ആഗോളഭീമന്മാര്‍ ലാഭം കൊയ്യുന്നത് എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

വല്യമ്മായി said...

വളരെ നല്ല പോസ്റ്റ് രാധേയാ.വലിയ വ്യവസായങ്ങളേക്കാള്‍ കേരളത്തിനുതകുക പ്രാദേശിക സഹകരണ സംഘങ്ങളും മറ്റും തന്നെ..സ്വന്തമായി വൈദ്യുതി പൊലും ഉത്പാദിപ്പിക്ക്kന്ന ഒരു ഗ്രാമത്തെ കുറിച്ച് വായിച്ചതോര്‍ക്കുന്നു.

നമ്മുടെ നാട്ടില്‍ പദ്ധതികള്‍ക്കല്ല പഞ്ഞം അതിiന്റെ പ്രയോജനം ജനങ്ങaഇലേക്ക് എത്തിക്കാന്‍ കഴിയ്yന്ന ഭരണകര്‍ത്താക്കള്‍ക്കാണ്.

ഗാ‍ാന്ധിജിയുടെ സ്വപ്നമായിരുന്ന സ്വയം പര്യാപ്ത ഗ്രാമം രു യാഥാര്‍ഥ്യമായി കാണാനാ‍വട്ടെ നമ്മുടെ പരിശ്രമങ്ങള്‍

ദേവന്‍ said...

രാധേയാ,
ഇതില്‍ ഒരു കമന്റ്‌ ഇടണമെങ്കില്‍ ശകലമൊന്നും ആലോചിച്ചാലും അറിഞ്ഞാലും പോരെന്ന് തോന്നിയിട്ട്‌ മുന്നോട്ട്‌ കുറച്ചുകൂടി നീട്ടിവയ്ക്കുകയാണ്‌. ജനസാന്ദ്രത, പരിസ്ഥിതി എന്നീ പരിമിതികളോട്‌ പൊരുത്തപ്പെടാന്‍ ജനങ്ങളും രാഷ്ട്രീയക്കാരും പലപ്പോഴും ക്രിക്കറ്റ്‌ കളിക്കാര്‍ ഡെസ്പറേറ്റ്‌ ഷോട്ട്‌ എന്നു പറയുന്ന രീതിയിലുള്ള ചുവടുകള്‍ എടുക്കുന്നത്‌ സാധാരണമായി തുടങ്ങി.

ഡീസെന്റ്രലൈസ്ഡ്‌ പ്ലാനിംഗ്‌ എന്ന ജനകീയാസൂത്രണം ഒരു വലിയ സാദ്ധ്യതയായിരുന്നു ഇതിലേക്ക്‌. അതിനെ കക്ഷി രാഷ്ട്രീയത്തില്‍ ചേര്‍ത്ത്‌ "എന്റെ പാര്‍ട്ടിയുടേത്‌" ആക്കാനും "ലവന്റെ പാര്‍ട്ടിയുടേത്‌ ആയതിനാല്‍" പാലം വലിക്കാനും ശ്രമങ്ങള്‍ അതിന്റെ അന്ത്യ നാളുകളില്‍ ഉണ്ടായെങ്കിലും. ഒരു വലിയ മാസ്റ്റര്‍ പ്ലാനര്‍ ആയ ഈ എം ശ്രീധരന്റ eന്ന അനിയന്റെയും (അദ്ദേഹത്തെ ഈ എം എസ്‌ ന്റെ പുത്രനെന്നേ മിക്കവര്‍ക്കും അറിയൂ, വിരലിലെണ്ണാവുന്ന ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടന്റുമാര്‍ പ്രൊഫഷനില്‍ പൊന്നും മുത്തും വാരുകയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന ഗുഡ്‌ വില്ല് നിര്‍മ്മിക്കുകയും ചെയ്ത എഴുപതിന്റെ തുടക്കത്തില്‍ സ്വന്തം പ്രാക്റ്റീസും വിട്ട്‌ നിശബ്ദം പ്ലാനിംഗ്‌ പിന്നണിയില്‍ പ്രവര്‍ത്തിച്ചു പോന്ന അനിയനെ ആരുമറിയില്ല) അതുപോലെ ചില പ്രതിഭാശാലികളുടെയും വഴിക്ക്‌ വിട്ടിരുന്നെങ്കില്‍ ഇന്ന് കേരളമെത്ര മാറിപ്പോയേനെ എന്ന് ആലോചിച്ചു പോകാറുണ്ട്‌.

രാധേയന്റെ ഭണ്ഡാരത്തില്‍ എന്റെ രണ്ടു
കാശുകൂടി ഇട്ടാല്‍ കൊള്ളാമെന്നുണ്ട്‌, പരതിക്കൊണ്ടിരിക്കുകയാണ്‌ എന്റെ ഒഴിഞ്ഞ കീശ..

കണ്ണൂസ്‌ said...

രാധേയന്‍, ശരി തന്നെ. കൈത്തറി മേഖലക്ക്‌ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നും, തങ്ങള്‍ വിചാരിച്ചാല്‍ കുറേപ്പേര്‍ രക്ഷപെട്ടേക്കും എന്നും ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ഈ സര്‍ക്കാര്‍ നീക്കം പ്രയോജനപ്പെട്ടേക്കാം. പക്ഷേ, അതുകൊണ്ട്‌ ഉദ്ദേശിക്കുന്ന ഗുണം കിട്ടുമോ എന്നാണ്‌ ഞാന്‍ ആശങ്കപ്പെട്ടത്‌. 50 കോടിയില്‍ നിന്ന് കൈത്തറി വ്യവസായം 200 കോടിയിലേക്ക്‌ വളരും, 15000 പേര്‍ക്ക്‌ കൂടി തൊഴില്‍ കിട്ടും എന്നൊക്കെയുള്ള സ്റ്റാറ്റിസ്റ്റിക്‍സ്‌ കൂടി കാണുകയുണ്ടായി, ഈ പ്രഖ്യാപനത്തില്‍.

BTW, അത്‌ വെറുമൊരു അപേക്ഷയായിരുന്നില്ല. ഈ പ്രസ്സ്‌ റിലീസ്‌ നോക്കൂ. GOയുടെ രൂപത്തില്‍ അല്ലെങ്കിലും, യൂണിഫോം ഇടുന്നവരെ ഒഴിവാക്കിയിരിക്കുന്നു, മറ്റുള്ളവര്‍ പാലിക്കേണ്ടതാണ്‌ എന്ന രീതിയിലുള്ള ഒരു Directive തന്നെയാണ്‌ അത്‌. അപേക്ഷ, ഇതിനോട്‌ മറ്റു ജനങ്ങളും സഹകരിക്കണം എന്നാണ്‌.

ഉത്‌പന്നങ്ങളുടെ ഗുണനിലവാരവും, കാലികമായ സ്വീകാര്യതയും കണക്കിലെടുക്കാതെ പാരമ്പര്യ വ്യവസായങ്ങള്‍ക്കുള്ള സംരക്ഷണം ഗുണം ചെയ്യില്ല എന്ന അഭിപ്രായമാണ്‌ എനിക്ക്‌.

Radheyan said...

തേവരേ, അവിടുത്തെ കീശ ഒഴിയുകയോ,ഞനേറ്റവും ആഗ്രഹിച്ച കമന്റ് എന്തേ കണ്ടില്ല എന്ന വിഷമമായിരുന്നു.ഒന്ന് രണ്ട് വരികളില്‍ ഒരു കമന്റിട്ടാല്‍ ഒഴിയുന്നതല്ല ഈ തേവരുടെ സാരസ്വതമെന്ന് ഈ ചുരുങ്ങിയ കാലം കൊണ്ട് ഞാനറിയുന്നു.

അനിയേട്ടന്‍ ഇ.എം.എസ്സിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു.ചിലപ്പോഴെങ്കിലും ആത്മപുച്ഛം തോന്നിപ്പിക്കുന്ന നമ്മുടെ ഈ പ്രഫഷന്റെ ഭ്രമിപ്പിക്കുന്ന സാധ്യതകളെ ബുദ്ധന്‍ കൊട്ടാരമെന്ന പോലെ പരിത്യജിച്ച്, അതിന്റെ ജ്നാനവശം സാധാരണക്കാരന്റെ പ്രയോജനത്തിനായി ഉപയോഗിച്ച പ്രതിഭാശാലി ആയ അനിയേട്ടനെ ആരാധനാപൂര്‍വ്വമല്ലാതെ സ്മരിക്കുക വയ്യ.

ജനകീയാസൂത്രണത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ട്.ദേവേട്ടന്‍ ഒരു പോസ്റ്റിട്ട് തുടങ്ങുകയാണെങ്കില്‍ സന്തോഷം.അല്ലെങ്കില്‍ എന്റെ പ്രായോഗികമായ ചില അനുഭവങ്ങള്‍ വെച്ച് ഞാന്‍ ശ്രമിക്കാം.(96 മുതല്‍ 2006 വരെ അമ്മ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗമായിരുന്നു.ഇതില്‍ ആദ്യത്തെ 5 വര്‍ഷം ഞാന്‍ സജീവമായി ജനകീയാസൂത്രണത്തില്‍ പങ്കെടുത്തു)

ചന്ത്രക്കാറന്‍ said...

രാധേയാ, പോസ്റ്റ്‌ ഇപ്പോഴാണ്‌ കണ്ടത്‌. ദേവന്‍ പറഞ്ഞപോലെ ഇത്തിരിയൊന്നും കോപ്പുപോരാ ഇതില്‍ കമന്റിടാന്‍. ഇതു സൂചിപ്പിച്ചുകൊണ്ട്‌ മെയിലയക്കാന്‍ നോക്കിയപ്പോള്‍ ഫ്രൊഫൈലില്‍ അഡ്രസ്സില്ല, എന്നാലിവിടെ കമന്റായിട്ടിടാമെന്നുവച്ചു. ചര്‍ച്ച നടക്കട്ടെ. ആലോചിച്ചുനോക്കി പ്രസക്തമായ വല്ലതും തോന്നുന്നെങ്കില്‍ കമന്റിടാം, ഒന്നും തോന്നിയില്ലെങ്കില്‍ മറ്റുള്ളവരെന്തു പറയുന്നുവെന്നു നോക്കിയിരിക്കാം, അതും ഒരു തരത്തില്‍ പങ്കെടുക്കലാണല്ലോ.

ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌.

വിചാരം said...

എന്നെ പോലുള്ളവരുടെ മുരടിച്ചുകൊണ്ടിരിക്കുന്ന ചിന്തകളെ ഉണര്‍ത്തുന്ന ഒന്നാം തരം പോസ്റ്റും അതിനോടൊപ്പം മികവ് പുലര്‍ത്തുന്ന ഒന്നിനൊന്ന് മെച്ചമായ കമന്‍റുകളും ഇതെല്ലാം വായിച്ചപ്പോള്‍ ഒരാശ്വാസമുണ്ട് നമ്മുടെ നാടിന് ഇനിയുമൊത്തിരി പ്രതിക്ഷക്ക് വകയുണ്ടന്ന്
2006 ലോകത്ത് ഒട്ടുമിക്ക രാഷ്ട്രങ്ങളും അഗോളികരണത്തിന്‍റെ ഫലമായി സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഭിതീജനകമായ മറ്റൊരു റിപ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ തൊഴിലിലായമ കൂടിയ വര്‍ഷം എന്ന പേരും 2006 നാണ്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറുന്നു എന്നതാണീ ആഗോളീകരണത്തിന്‍റെ വലിയൊരു ശാപം എന്ന് ഈ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു അഗോളീകരണത്തെ ശക്തിയുക്തം എതിര്‍ക്കുന്ന സി.പി.എം പോലും ബംഗാളില്‍ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളികൊണ്ട് ആഗോളീകരണം നടത്തുമ്പോള്‍ ആഗോളികരണത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ്സിന്‍റെ ആരോപണങ്ങള്‍ക്ക് മൌനിയാവേണ്ടി വരുന്നു കേരളത്തില്‍ ഇടതുപക്ഷം .

പ്രദേശിക കമ്പനികളില്‍ നിന്നു ലഭിക്കുന്ന കമ്മീഷനേക്കാള്‍ വലിയ തുക പാര്‍ട്ടി ഫണ്ടിലേക്കും സ്വന്തം പോക്കറ്റിലേക്കും ലഭിക്കുമെന്നതിനാല്‍ മള്‍ട്ടി നാഷണല്‍ കമ്പനികളെ യാതൊരു മാനദണ്ഡവുമില്ലാതെ കേരളത്തിലേക്ക് ക്ഷണിക്കുന്നതില്‍ ഇരുപക്ഷം ഒരുമിക്കുന്നു എന്നത് നമ്മുടെ നാട്ടിന്‍റെ വലിയൊരു ശാപം കൂടിയാണ് .

രാധേയന്‍റെ വിലയിരുത്തലുകള്‍ വളരെ ചിന്തനീയമാണ്, കേരളത്തിലെ പ്രകൃതി വിഭവങ്ങളുടേയും മനുഷ്യവിഭവശേഷിയുടേയും പ്രതിഫലം പോലും നമ്മുക്ക് ലഭിക്കാതെ പോകുന്നു, മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടി തരുന്നൊരു സംസ്ഥാനമാണ് കേരളം എന്നിട്ട് പോലും നമ്മുക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ലഭിക്കാതെ പോകുന്നു, രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മക്ക് പുറമെ സ്വാര്‍ത്ഥത നിറഞ്ഞ ആന്‍റണിയെ പോലെ കാപഠ്യം നിറഞ്ഞ രാഷ്ട്രീയക്കാര്‍ നമ്മുക്ക് പലതും നഷ്ടപ്പെടുത്തുന്നു, മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവന തികച്ചും ലജ്ജാവഹമായി പോയി .. കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ പക്ഷം പിടിക്കരുതെന്ന് റയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം വീട്ടിലേക്ക് റയിലിട്ട മന്ത്രിയുള്‍ക്കൊള്ളുന്ന പാര്‍ട്ടിയിലെ കുറിയവന്‍റെ ബുദ്ധി നമ്മുടെ കേരളത്തിന് ഒരു നേട്ടവും ഉണ്ടാക്കില്ല (സ്വന്തമായി ഇനിയെന്തുവേണം മന്ത്രി, മുഖ്യമന്ത്രി, ഇനി രാഷ്ട്രപതി) ഇവരെ പോലുള്ള തന്നെ പൊക്കികാളാണ് കേരളത്തിന്‍റെ വികസനത്തിന് തടസ്സം

ഇതിനെതിരെ കൂട്ടായമ ആവശ്യമാണ് രാധേയന്‍റെ വിക്ക്ഷണം പോലെ , സ്വന്തം വീട്ടിലെ സ്ത്രീകളില്‍ നിന്ന് തുടങ്ങി അതൊരു സാക്ഷരത പ്രസ്ഥാനം പോലെ വലിയൊരു ബഹുജന മുന്നേറ്റം വഴി സ്ത്രീശാക്തീകരണത്തിലൂടെ കേരളത്തിന്‍റെ ഉയര്‍ച്ച നമ്മുടെ ആസൂത്രണ ബോര്‍ഡ് അധ്യക്ഷനും രാധേയന്‍റെ ചിന്തകനുസൃതമായി ചിന്തിക്കുന്ന ഒരാളെന്നാണ് എന്‍റെ തോന്നല്‍ എന്നാല്‍ അദ്ദേഹത്തിനും വ്യക്തി, ഗ്രൂപ്പ് വൈര്യത്തിന്‍റെ പേരില്‍ എതിര്‍പ്പ് നേരിടുന്നുണ്ട് അപകടകരമായ എ.ബി.ഡി വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിന് അദ്ദേഹം എതിരാണ് എന്നാല്‍ ബംഗാളിന്‍റെ (ബംഗാള്‍ ഏറ്റവും കൂടുതല്‍ വായ്പ വാങ്ങിയിട്ടുള്ളത് എ.ഡി.ബിയില്‍ നിന്നാണ്) താല്‍‍പര്യം സം‍രക്ഷിക്കാന്‍ കേരളത്തിന്‍റെ പീണറായ് പക്ഷം വി.എസ്നേയും കടത്തി വെട്ടാനൊരുങ്ങുന്നു ഇതില്‍ അകപ്പെടുന്നത് വി.എസ്. എന്ന വ്യക്തിമാത്രമല്ല കേരള ജനത മൊത്തത്തിലാണെന്ന് എന്നും വൈകി ഉദിക്കുന്ന ബുദ്ധിമാന്മാരായ പീണറായ്മാര്‍ മനസ്സിലാക്കണം.

കേരളത്തിന്‍റെ വികസനം ആഗോളീകരണത്തിന് വെളിയില്‍ നിന്ന് കേരളം ഒറ്റകെട്ടായി ഒരുമിച്ച് നിന്ന് ഇന്ത്യയ്കകത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകത്തിനും മാതൃകയാവും വണ്ണം കാണിച്ച് കൊടുക്കണം അതിനായ് രാധേയനമാര്‍ക്ക് കഴിയണം രാധേയന്‍റെ ഈ ലേഖനം വളരെ ചെറിയൊരു കാര്യമല്ല വളരെ ചിന്തനീയമായൊരു ഒന്നാണ് ഇവിടെ ചര്‍ച്ചകളും കൂട്ടായ്മയും രൂപപ്പെടണം അങ്ങനെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ഇന്നിന്‍റെ പ്രതീക്ഷകളായി രാധേയന്മാര്‍ ഇനിയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു

N.J Joju said...

രാധേയന്‍,
കുറേ നാളുകൂടിയിരുന്നാണ് വളരെ നല്ല ഒരു ലേഖനം കണ്ടത്. കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു. പ്രായോഗികമായ ആശയങ്ങള്‍. എങ്കിലും ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. വിശദമായ കമന്റ് ഉടനെ ഇടാന്‍ ശ്രമിക്കുന്നതാണ്.

N.J Joju said...

ആഗോളവല്‍ക്കരണമെന്നത് എന്റെ കാഴ്ചപ്പാടില്‍ സാധ്യതകളെ രാജ്യാന്തരതലത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്. ഇവിടുത്തെ പ്രധാനപ്രശ്നം നിലവാരമില്ലാത്തവര്‍, അഥവാ നിലവാരമുണെന്ന് സ്ഥാപിക്കാനാവാത്തവര്‍ പിന്തള്ളപ്പെടുന്നു. ഇത് എല്ലാക്കാ‍ലത്തും അങ്ങനെതന്നെയായിരുന്നു.അതായത് ആഗോളവല്‍ക്കരണമില്ലായിരുന്നെങ്കില്‍ എന്തായിരിക്കുക സംഭവിക്കുക എന്നു ചിന്തിക്കാം. അപ്പോഴും ഒരു പഞാബിക്കോ ഗുജറാത്തിക്കോ കേരളത്തിന്റെയും കേരളത്തിന് അവരുടെയും സാധ്യതകളെ ചൂഷണം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. കേരളത്തിള്ളില്‍ തന്നെയാണെങ്കില്‍ കോട്ടയംകാരന് ആലപ്പുഴക്കാരനെയും ആലപ്പുഴക്കാരന് പത്തനംതിട്ടക്കാരനെയും ഒക്കെ പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടായിരുന്നു. ഇപ്പോള്‍ ക്യാന്‍‌വാസ് വിശാലമായി എന്നു മാത്രം.

നമ്മുടെ പ്രോഡക്ടുകളെ നമുക്കെ വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനായില്ല എന്നതാണ് സത്യം. നമ്മുടെ കയര്‍, കൈത്തറി, സുഗന്ധവിളകള്‍ എന്നിവയുടെ രാജ്യാന്തരസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് എത്രത്തോളം ആയീ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗ്രാമീണ സമ്പദ് വ്യവസ്ഥ എന്ന ആശയം വളരെ ശക്തമാണ്. നമ്മുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന തത്വം തന്നെയാണ് ഇവിടെയും ഉള്ളത്.

നമ്മുടെ ഗ്രാമങ്ങള്‍ എത്രമാത്രം സ്വയം പര്യാപ്തമാണ് എന്ന് നമുക്കൊന്ന് ചിന്തിക്കാം. ഒരു ഗ്രാമത്തിന് ആവശ്യമായ പാല്‍,മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയെങ്കിലും ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഇത്തരം വിടവുകളിലേക്കാണ് ആഗോളഭീമന്‍‌മാരുടെ കടന്നുവരവ്. ഇത് അവരുടെ കഴിവ് എന്നതിന്ക്കാളുപരി നമ്മുടെ കഴിവുകേടാണ്.

അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമൊക്കെ ഒരു പരിധിവരെ നന്നായി പ്രവര്‍ത്തിച്ചു കാണുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ ദീര്‍ഘവീക്ഷണമുള്ള ഒരു കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാ‍വമാണ്. വളരെ ലളിതമായി പറയാം. ഒരു അയല്‍ക്കൂട്ടം അപ്പം ഉണ്ടാക്കി വില്‍ക്കുന്നു എന്നു കരുതുക. ഈ അയല്‍ക്കൂട്ടം ലാഭമുണ്ടാക്കുന്നതു കാണുമ്പോള്‍ അടുത്ത അയല്‍ക്കൂട്ടവും ഇതേ അപ്പം ഉണ്ടാക്കല്‍ സ്വീകരിക്കുന്നു. ഇത് അനാവശ്യമായ ഒരു മത്സരം ഉണ്ടക്കാനേ ഉപകരിക്കൂ. അതേ സമയം പുതിയ ഒരു മേഖലയിലേക്കാണ് അവര്‍ നീങ്ങുന്നതെങ്കില്‍ രണ്ടുകൂട്ടര്‍ക്കും കൂടൂതല്‍ പ്രയോജനം ഉണ്ടാകുമായിരുന്നു.

“വന്‍കിട പ്രോജക്ടുകള്‍ കേരളം പോലെ ജനസാന്ദ്രത കൂടിയ ഏതാണ്ട് അസാ‍ധ്യമാണ്“. ഈ ആശയത്തോട് എനിക്ക് യോജിപ്പില്ല. ജനസാന്ദ്രത എന്നതു സത്യമാണ്. തമിഴ്നാട് കര്‍‌ണ്ണാടക, ആന്ധ്രപ്രദേശ് ഇവിടങ്ങളിലെപ്പോലെ തരിശു ഭൂമിയും നമുക്ക് കുറവാണ്. എന്നാല്‍ ശരിയായി സംവിധാനം ചെയ്താല്‍ ഈ ന്യൂനതകളെ മറികടക്കാനാവുന്നതേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം.

“സോഡ നാരങ്ങായ്ക്ക് കൊക്കോ കോളയുടെ മാന്യതയില്ലെങ്കില്‍ അത് ഉണ്ടാക്കി കൊടുക്കണം.“
ഇത്തരത്തിലുള്ള ഒരു സംവിധാനമാണ് നമുക്കു വേണ്ടത്. നമ്മുടെ നാരങ്ങാ വെള്ളത്തിനും സംഭാരത്തിനും മാര്‍ക്കറ്റില്ലാത്തതല്ല പ്രശ്നം. വൃത്തിഹീനമായ ചുറ്റുപാടുകളും ശുചിത്വബോധമില്ലാത്ത പെരുമാറ്റവുമാണ് പലപ്പോഴും തുറന്നു വച്ചിരിക്കുന്ന ഇത്തരം സാധനങ്ങളെ അപേക്ഷിച്ച് കുപ്പിയിലടച്ച സാധനങ്ങള്‍ മേടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

“നമ്മുടെ മൂലധനം നമ്മുടെ വ്യവസ്ഥിതിയില്‍ തന്നെ പരമാവധി റീസൈക്കിള്‍ ചെയ്യപ്പെടണം“. അതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങളും നിലവാരമുള്ള ഉത്പന്നങ്ങളും വേണം. അതിന്റെ അഭാവത്തിലാണ് ലാഭത്തിന്റെ സിംഹഭാഗവും കടല്‍ കടക്കുന്നത്.

റിടെയില്‍ സെക്ടറില്‍ FDI കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്സിലെ തന്നെ ഒരു വലിയവിഭാഗവും ഇതിനെ എതിര്‍ക്കുന്നു. കാരണം അത് ചെറുകിട കച്ചവടക്കാരുടെ സാധ്യതകളെ ഇല്ലാതാക്കിക്കളയുന്നു എന്നതുകൊണ്ടാണ്. ഒരു ചെറികിട കച്ചവടക്കാരണ് കൊടുക്കാനാവുന്നതിനേക്കാള്‍ വിലകുറച്ച് ഇവര്‍ക്ക് ഏതുസാധനവും വില്‍ക്കാനാകും.എന്തുകൊണ്ട്?
കാരണം നമ്മുടെ കച്ചവടസംവിധാനത്തില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്(ഉത്പാദകനോ, അവസാനമെത്തുന്ന കച്ചവടക്കാരനോ അല്ല). ഇടനിലക്കാരെ ഒഴിവാക്കുകയാണ് മേല്‍പ്പറഞ്ഞവര്‍ ചെയ്യുന്നത്. എന്തുകൊണ്ട് നമുക്ക് നമ്മുടെ ഉത്പാദക-വിതരണ-വിപണന രംഗങ്ങളെ ശരിയായി കോര്‍ത്തിണക്കിക്കൂടാ?
അങ്ങനെ ചെയ്താല്‍ ഏതൊരു രാജ്യാന്തരഭീമനും നല്‍കാനാവാത്ത വിലക്കുറവ് നമുക്കൊണ്ടാക്കാനാകും.
എന്തുകൊണ്ട് നമുക്കതിന് സാധിക്കുന്നില്ല?

നമ്മുടെ സാധ്യതകളെ നമുക്കു പ്രയോജനപ്പെടുത്താനാവുകയാണെങ്കില്‍ ആഗോളവത്കരണം ഒരു പ്രശ്നമേയല്ല. എന്നു തന്നെയല്ല ആഗോളവത്കരണത്തെ പ്രയോജനപ്പെടുത്താനും നമുക്കാവും.

(ഏതൊരു സാധ്യതയും ഭയത്തോടെ വീക്ഷിക്കുക എന്നത് ഇടതുപക്ഷചിന്താഗതിയുടെ കൂടപ്പിറപ്പാണ്. അതിനൊരപവാദമാണ് തോമസ് ഐസക്ക്)

Inji Pennu said...

പ്രിയ രാധേയന്‍
താങ്കളീ എഴുതിയ ആശയങ്ങളെല്ലാം ഒരു പരിധി വരെ കേരളത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നവയാണ്. മറുനാട്ടില്‍ ആയതുകൊണ്ട് നമ്മള്‍ പലതും അറിയാത്തതാണ്.

കുടുമ്പശ്രീ യൂണിറ്റുകള്‍ വളരെയധികം ഭംഗിയായി മുന്നോട്ട് പോവുകയാണ്.അതില്‍ ഇനിയും ഒരുപാട് ചെയ്യേണ്ടിയിരിക്കുന്നു, പക്ഷെ അവരുടെ പ്രോഡക്റ്റ്സിനു വളരെ നല്ലൊരു മാര്‍ക്കെറ്റ് കേരളത്തില്‍ ഉണ്ടാക്കാന്‍ കുടുമ്പശ്രീ യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുമ്പശ്രീ യൂണിറ്റുകളില്‍ പാവപ്പെട്ട് സ്ത്രീ‍കള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ, ഇപ്പോള്‍ ജോലിക്കാരിയായും മറ്റും ആളുകളെ കിട്ടുവാന്‍ വളരെ പ്രയാസമാണ്. കാരണം മറ്റൊരു വീട്ടില്‍ വിഴുപ്പലക്കാന്‍ പോവുന്നതിനേക്കാള്‍ അഭിമാനവും വരുമാനവുമുള്ള ജോലിയായി കുടുമ്പശ്രീ യൂണിറ്റുകള്‍ കാര്യമായി തന്നെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്നു.

അതുകൊണ്ട് തന്നെ താങ്കളുടെ ഈ സെന്റെന്‍സില്‍ എനിക്കൊരു കല്ലുകടി.
“സീരിയല്‍ കാഴ്ച്ചകളിലും പരദൂഷണവെടിവട്ടങ്ങളിലും കുരുങ്ങി കിടക്കുന്ന സ്ത്രീകളുടെ കര്‍മ്മശേഷി എങ്ങനെ ഗൂണപരമായി വിനിയോഗിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം.” - സ്ത്രീകളെക്കുറിച്ച് എന്തു പരാമര്‍ശിച്ചാലും ഇതില്‍ നിന്ന് തുടങ്ങുന്നത് വല്ലാത്ത കല്ലുകടി തന്നെ. കള്ളു ഷാപ്പുകളില്‍ നിന്നും ഇറങ്ങാത്ത കുടുമ്പം നോക്കാത്ത ആണുങ്ങള്‍ ഉള്ള വീടുകളില്‍ കുട്ടികളെ നോക്കി വിശക്കുന്ന വയര്‍ മുറുക്കി കെട്ടി എന്തു പണി ചെയ്തും , ഭിക്ഷ വരെ തേടിയും കുട്ടികളെ പോറ്റാന്‍ നോക്കുന്ന അമ്മമാരിലാണ് ബംഗ്ലാദേശിലെ ശ്രീ യൂനസിന്റെ മൈക്രോ ബാങ്കിങ്ങ് സക്കസ്സസ് ആയത്. അല്ലാതെ സീരിയല്‍ കണ്ടോണ്ടിരുന്ന മദ്ധ്യവര്‍ഗ്ഗ സ്ത്രീകളില്‍ അല്ല.

അതുകൊണ്ട് തന്നെ നമ്മളില്‍ ഓരോരുത്തര്‍ക്കും ചെറിയ രീതിയല്‍ ചെയ്യാവുന്നതാണിത്. ഇതിനേക്കുറിച്ച് അറിഞ്ഞ അന്നു മുതല്‍ തന്നെ എനിക്കറിയാവുന്ന വിദേശത്തുള്ള കുറച്ച് സുഹൃത്തുക്കള്‍ ആര്‍ക്കും കടമായി കൊടിക്കില്ല എന്നൊരു തീരുമാമെടുക്കുകയും, ഇതുപോലെ മൈക്രോ ലോണ്‍ പോലെ ചെറിയ ചെറുകിട ബിസിനസ്സ് തുടങ്ങുവാന്‍ സ്ഥിരമായി കടം ചോദിച്ച് വരുന്നവര്‍ക്ക് ഇതുപോലെ ധനസഹായം ചെയ്യുകയും ചെയ്തുപോരുന്നു. എന്റെ അറിവില്‍ വളരെ നല്ല നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. ഇതിനു സര്‍ക്കാരോ നൂലാമാലകളോ ഒന്നും ആവശ്യമില്ല. ഓരോ കുടുമ്പത്തിലേയും സ്ത്രീകളെ ബോധവല്‍ക്കരിക്കുക
എന്നതില്‍ തന്നെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുമ്പങ്ങളെ നമ്മള്‍ക്കു കൈ പിടിച്ചുയര്‍ത്താന്‍ കഴിയും...


പിന്നെ നാരങ്ങാ വെള്ളം കുടിച്ചാല്‍ എന്റെ നാട്ടിലോട്ട് പൈസാ വരുമോ അല്ലെങ്കില്‍ കോള കുടിച്ചാല്‍ കോക്കിന്റെ അറ്റ്ലാന്റാ ഓഫീസില്‍ പത്ത് സെന്റ് വീഴുമോ എന്നതിനേക്കാള്‍ നാരങ്ങാ വെള്ളത്തിന്റെ ഗുണവും കോക്കിന്റെ ദൂഷ്യഫലത്തെക്കുറിച്ചും ബോധവാന്മാരാക്കുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു.

നല്ല ലേഖനം. ഇനിയും ഇതിനേക്കുറിച്ച് കുറച്ചും കൂടി വിശദമായി എഴുതുമല്ലൊ.

Radheyan said...

വൈകിയെങ്കിലും പ്രതികരണങ്ങള്‍ സന്തോഷിപ്പിക്കുന്നു.വിഷയത്തിനുള്ള അംഗീകാരമായി മാത്രം അതിനെ കാണുന്നു.

ആഗോളവല്‍ക്കരണത്തെ കൂവിയും മുദ്രാവാക്യം വിളിച്ചും കരി ഓയില്‍ ഒഴിച്ചും തോല്‍പ്പിക്കാനാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പോസ്റ്റ് ഉല്‍ഭവിച്ചത്.അതിനുള്ളില്‍ കടന്ന് അതിനെ ചെറുക്കുക എന്നതാണ് ഒരേ ഒരു പോംവഴി.അതിനായി ചെറുതെങ്കിലും ശക്തമായ ബദലുകള്‍ അടിസ്ഥാനതലങ്ങളില്‍ തീര്‍ക്കാന്‍ ശ്രമിക്കുക എന്ന സംഗതിക്കാണ് ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചത്.
ഇത് ഒരു മൌലിക സങ്കല്‍പ്പമൊന്നുമല്ല എന്ന് എനിക്കറിയാം.ഗാന്ധിജി ഗ്രാമസ്വരാജിലൂടെ പറയാന്‍ ശ്രമിച്ചതും യൂനിസ് മൈക്രോ ക്രെഡിറ്റ് സംരംഭങ്ങളാല്‍ തെളിയിച്ചതും അതാണ്.

ആഗോളവല്‍ക്കരണത്തിനെതിരേയുള്ള സംരംഭങ്ങള്‍ പരാജയപ്പെടുന്നത് ബ്രാന്‍ഡിംഗിന്റെയോ വൃത്തിയുടെയോ അഭാവം കൊണ്ടാണെന്ന വാദം പ്രശ്നത്തെ ലഘൂകരിക്കലായി പോകും.കൊക്കോ-കോളയിലും മറ്റും പാറ്റയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഞാന്‍ തന്നെ പല തവണ കണ്ടിട്ടുണ്ട്.(ഞാനവ കുടിക്കാറില്ല).അത് ഇതുവരെ മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പ്രതികൂലാവസ്ഥ ഉണ്ടാക്കിയിട്ടില്ല.പറഞ്ഞു വരുന്നതെന്താണെന്ന് വച്ചാല്‍ ചെറുകിട സംരംഭങ്ങള്‍ പരാജയപ്പെടുന്നത് പലപ്പോഴും പൊതു സമൂഹം അവയോട് വെച്ച് പുലര്‍ത്തുന്ന മനോഭാവം കാരണമാണ്.ബ്രാന്‍ഡിംഗും ചിന്തിക്കേണ്ട വിഷയമാണ്.ഇതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കാര്യമായി സഹായിക്കാനാവും.ഇതിന് കേന്ദ്രീകൃതമായ ഒരു സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനു കഴിയണം.
കേരളത്തിന് അത്യാവശ്യമായി ചെയ്യാന്‍ കഴിയുന്നത് പരമാവധി മുട്ട പാല്‍ പച്ചക്കറി മീന്‍ ഇറച്ചി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നതാണ്.ഇതില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഗണ്യമായി സംഭാ‍വന നല്‍കാന്‍ കഴിയും.സീരിയല്‍ കാഴ്ച്ചയില്‍ കണ്ണു കലങ്ങിയ... എന്ന പ്രയോഗം ക്ലീഷേ ആണെങ്കിലും സത്യമല്ലേ.മധ്യവര്‍ഗ്ഗം എന്നത് കേരളസമൂഹത്തില്‍ എവിടെ ആരംഭിക്കുന്നു എന്നത് ഇന്നും തര്‍ക്കവിഷയമാണ്.മാത്രമല്ല ടി.വി.ഇല്ലാത്തവര്‍ അയല്‍ വീടുകളില്‍ പോയി റ്റി.വി.കാണും എന്നല്ലാതെ വര്‍ഗ്ഗപരമായ വേര്‍തിരിവ് സീ‍ീയല്‍ കാഴ്ച്ചക്ക് കാര്യമായ വ്യത്യാസം ഉണ്ടാക്കിയിട്ടില്ല എന്നതാണ് യാഥര്‍ഥ്യം.

സാമ്പത്തികമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാലാണ് കോക്കും നാരങ്ങാവെള്ളവും തമ്മിലുള്ള ഗുണപരമായ വ്യത്യാസങ്ങളെക്കുറിച്ച് പോസ്റ്റ് പ്രതിപാദിക്കാത്തത്.സാമൂഹികാരോഗ്യപംക്തികള്‍ കൈകാര്യം ചെയ്യുന്ന ദേവേട്ടനെ പോലുള്ളവര്‍ ഇത്തരം ചൂഷണങ്ങള്‍ നന്നായി കൈകാര്യം ചെയുന്നുമുണ്ട്.
ഇഞ്ചി പറഞ്ഞ മൈക്രോ ഫിനാന്‍സ് ചിന്തനീയമാണ്.ഏതു തരത്തിലായാലും അതൊരു മൂവ്മെന്റായി ഉയര്‍ന്നുവരണം.ഒറ്റ തിരിഞ്ഞ philanthropic നീക്കങ്ങള്‍ ചരിത്രഗതിയെ നിര്‍ണ്ണയിക്കുകയില്ല.ഇച്ഛാശക്തിയുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ക്കും മൂവ്മെന്റുകള്‍ക്കും മാത്രമേ ചരിത്രഗതിയെ വഴി തിരിച്ച് വിടാനാവൂ.