Tuesday, October 03, 2006

കൂനിന്മേല്‍ ഗുന്യാ

ചിക്കുന്‍ ഗുന്യായെക്കുറിച്ച് വന്ന രസകരമായ നിരീക്ഷണങ്ങളാണ് ഈ ചിന്തകള്‍ക്ക് ഹേതു.പരിസരശുചിത്വം,വ്യക്തിശുചിത്വം ഇവ സാധാരണരീതിയില്‍ പരസ്പരപൂരകങ്ങള്‍ ആവേണ്ടതാണ്.പക്ഷെ മലയാളികള്‍ക്കിടയില്‍ അങ്ങനെ സംഭവിക്കുന്നില്ല.നാം 2 നേരം കുളിക്കും.അലക്കിതേച്ച ഉടുപ്പിടും.പല്ല് തേക്കും. പക്ഷെ നാം റോഡില്‍ കാര്‍ക്കിച്ച് തുപ്പും.വേസ്റ്റ് അയലത്തെ പറമ്പിലേക്കോ വഴിയിലേക്കോ വലിച്ചെറിയും.

(ആലപ്പുഴ മെഡിക്കല്‍ കോളേജിനു മുന്നിലൂടെ ഞാനും വസ്ത്രവൈവിധ്യ ഭ്രമമുള്ള കൊച്ചച്ചനും കൂടി പോവുകയാണ്.പെട്ടെന്ന് അദ്ദേഹം റോഡിലേക്ക് നോക്കി പറയുന്നു.ഈ കളറില്‍ ഒരു ഷര്‍ട്ട് വേണം. ഞാന്‍ ചോദിച്ചു ടാറിന്റെ കളറോ? പുള്ളി പറഞ്ഞു ഏയ് അല്ല, ദാ കഫം കണ്ടില്ലെ പഴുത്ത കളറില്‍”നോക്കുമ്പോള്‍ ശരിയാണ്,മഞ്ഞയെന്നോ പച്ചയെന്നോ പറയാന്‍ കഴിയാത്ത നിറത്തില്‍ ഫ്രഷ് കഫത്തിന്റെ ഒരു ചെറിയ ദ്വീപ്.
അറപ്പുണ്ടായി വായനക്കാര്‍ക്ക് എന്നറിയാം, അപ്പോള്‍ അത് കാണുന്നവനോ, അറിയാതെ ചവുട്ടുന്നവനോ)
നാം തന്നെ നമ്മുടെ ജീവിത പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന അസുഖങ്ങളാണ് ചിക്കുന്‍ ഗുന്യായും ഡെങ്കി പനിയും മറ്റും.മരുന്നടിക്കാന്‍ വരാത്ത മുനിസിപ്പാലിറ്റിയേയും ചികിത്സ തരാത്ത ആരോഗ്യവകുപ്പിനെയും തെറി പറയുന്നതിന് മുന്‍പ് എത്ര പേര്‍ക്ക് ആത്മനിന്ദയില്ലാതെ സമൂഹത്തോട് തന്റെ ചുമതലകള്‍ നിറവേറ്റി എന്നു പറയാനാവും.വൃത്തികൂടുതല്‍ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകാന്‍ അറക്കുന്നവന്റെ കക്കൂസ് എപ്രകാരം ഇരിക്കും.
ഓരോ വ്യക്തിയില്‍ നിന്നാണ് വൃത്തിയുണ്ടാവുന്നത്.ഞാനും എന്റെ വീടും മാത്രമല്ല എന്റെ ഗ്രാമവും നഗരവും നദികളും തോടുകളും കാറ്റും ഒക്കെ ശുദ്ധിയായിരിക്കണമെന്ന് ഓരോ വ്യക്തിക്കും തോന്നുമ്പോള്‍ മാത്രമേ വൃത്തിയും ശുചിത്വവുമുള്ള സമൂഹമുണ്ടാകുന്നുള്ളൂ. അല്ലെങ്കില്‍ ദിവസവും 2 നേരം കുളിക്കുന്ന നമ്മളും ജുമായ്ക്ക് വെള്ളിയാഴ്ച്ച മാത്രം കുളിക്കുന്ന പഠാണിയും(ഒരു ദുബായി അനുഭവം) തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.അതു വരെ ഓരോരോ പുത്തന്‍ ഗുന്യാകള്‍ നമ്മുടെ കൂനിന്റെ പുറത്തുവരും.

7 comments:

ബിന്ദു said...

വളരെ ശരി.:)

ശാലിനി said...

“റോഡില്‍ കാര്‍ക്കിച്ച് തുപ്പുക” എനിക്ക് എറ്റവും വെറുപ്പുള്ള കാര്യമാണത്.

ഒരോ വ്യക്തിയില്‍ നിന്നും വേണം മാറ്റമുണ്ടാവാന്‍.

നന്നായി കാര്യങ്ങളെഴുതിയിരിക്കുന്നു.

Sreejith K. said...

നൂറ് ശതമാനവും യോജിക്കുന്നു. റോഡില്‍ തുപ്പുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ആരും മോശമല്ല. ബാംഗ്ലൂരിലും ഇതൊരുപാട് കണ്ടിരിക്കുന്നു.

നല്ല ലേഖനം. സ്വന്തം നാട്ടുകാര്‍ ഒന്ന് നന്നായെങ്കില്‍ എന്നാലോചിക്കാനും ഒരു രസമുണ്ട്.

മനോജ് കുമാർ വട്ടക്കാട്ട് said...

കഴിഞ്ഞ പൂജ അവധിയ്ക്‌ മോളുമൊത്ത്‌ കടപ്പുറത്ത്‌ നടക്കാനിറങ്ങിയതായിരുന്നു. സര്‍വ്വത്ര നാറ്റം. കടപ്പുറമകെ കോഴി-ആട്‌-മാട്‌ കശാപ്പ്‌ ശാലകളില്‍ നിന്നും കടലില്‍ തള്ളിയ അഴുകിയ അവശിഷ്ടങ്ങള്‍. കടലുകാണാന്‍ വാശിപിടിച്ച മോള്‌ തന്നെ തിരിച്ചുപോകാനും വാശിപിടിച്ചു.

മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എന്തിന്‌, പഞ്ചായത്തുകളില്‍ പോലും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്നും കുഴിച്ചുമൂടുന്നതിനും സൗകര്യങ്ങള്‍ ഉണ്ടായിട്ടാണ്‌ വിനോദ സഞ്ചാരത്തിന്‌ ആക്കം കൂട്ടാന്‍ കടപ്പുറങ്ങളെ കാണിച്ച്‌ മാര്‍ക്കറ്റിംഗ്‌ ചെയ്യുന്ന കേരളത്തില്‍ കടല്‍ത്തീരങ്ങളെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ട്‌ നിറയ്ക്കുന്നത്‌.

വൃത്തിയെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുക മാത്രമായിരിക്കുന്നു മലയാളി.

Sreejith K. said...

പടിപ്പുരേ, അതേത് കടപ്പുറം? കോഴിക്കോട് ആണോ?

മുല്ലപ്പൂ said...

ആ പറഞ്ഞത് കാര്യം.

നല്ല എഴുത്ത്.

മനോജ് കുമാർ വട്ടക്കാട്ട് said...

ശ്രീജിത്തേ, കോഴിക്കോട്‌ നിന്നും കണ്ണൂരിലേയ്കുള്ള കടല്‍ത്തീരങ്ങളില്‍ മിക്കവാറും ഇടങ്ങളില്‍ ഇത്‌ തന്നെ പതിവ്‌ കാഴ്ചകള്‍. കൊയിലാണ്ടി, പയ്യോളി, കൈനാട്ടി, മടപ്പള്ളി, ചോമ്പാല്‍ ഫിഷിംഗ്‌ ഹാര്‍ബറും പരിസരങ്ങളും, മാഹി വരെ ഞാന്‍ നേരില്‍ കണ്ടു.