Thursday, October 19, 2006

കന്നി അഭ്യാസം അഥവാ കായംകുളം വാള്‍

സംഭവം സത്യമാണ്.കഥാനായകന്‍ എന്റെ നാട്ടുകാരനും ക്രിക്കറ്റ് ക്ലബ്ബിലെ സഹകളിയനും സര്‍വ്വോപരി കോളേജില്‍ എന്റെ ജൂനിയറുമായ ഒരുവനാണ്.തല്‍ക്കാലം ഞാനയാളെ ഷമീര്‍ എന്നു വിളിക്കുന്നു.

അവന്‍ ക്ലബ്ബിന്റെ സൂപ്പര്‍ സ്റ്റാറായിരുന്നു.ഇടയ്ക്ക് എവിടെയോ വച്ച് കളിയോട് താല്‍പ്പര്യം നഷ്ടപ്പെട്ടില്ലായുരുന്നേല്‍ ഒരുപാട് മുകളിലെത്തെണ്ടവന്‍.ഇടവഴികളില്‍ കളിച്ച് നടന്ന അവനെ കണ്ടെത്തിയത് ഞാനാണെന്ന് വേണേല്‍ പറയാം. അതു പോലെ കോളേജ് ടീമിലേക്ക് ചില ശുപാര്‍ശകളും ഞാന്‍ നടത്തിയിരുന്നു.കഴിവുള്ളവര്‍ അവഗണിക്കപെടുന്നത് സങ്കടകരമാണ്.

അവന്‍ ഒരു പാവമായിരുന്നു.ശരിക്കും വീട്ടുകാരുടെ അച്ചടക്കത്തിന്റെ ഠ വട്ടത്തില്‍ വളര്‍ന്നവന്‍.അത്യാവശ്യം എല്ലാ തരവഴിയുടെയും ചെറ്റത്തരങ്ങളുടെയും വിളനിലമായൈരുന്നു ഞങ്ങളുടെ ക്ലബ്.പകല്‍ സമയങ്ങളിലെ ക്രിക്കറ്റ്,കാരംസ് തുടങ്ങി ചീട്ട് വരെ അംഗീകൃത കളികളും അത്യാവശ്യം അടിപിടിയും രാത്രീകളില്‍ കരിക്ക് മോഷണം, കള്ള്കുടി,ഒളിഞ്ഞ്നോട്ടം വരെ നടത്തുന്ന മാന്യന്മാരായിരുന്നു നമ്മുടെ അംഗങ്ങള്‍.(വീട്ടിലെ നിയന്ത്രണം മൂലം രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കലാപ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖിന്നനായിരുന്നു. പരമാവധി 2 പെഗ് അടിക്കാന്‍ മാത്രേ ഞാന്‍ കൂടിയിരുന്നുള്ളൂ.അമ്മ സ്ഥലത്തെ പഞ്ചായത്ത് മെമ്പറും പൊതുകാര്യ പ്രസക്തയുമായിരുന്നതും എനിക്ക് തടസ്സമായി.എങ്കിലും രാത്രിയിലെ വിലാസങ്ങള്‍ മുഴുവന്‍ പിറ്റേന്ന് വര്‍ണ്ണിച്ച് കേട്ട് ഞാന്‍ സായൂജ്യമടഞ്ഞിരുന്നു).
വളരെ നല്ല കുട്ടിയായ ഷമീറിന് തന്റെ അയ്യോപാവം ഇമേജില്‍ നാണം തോന്നിയത് ഇത്തരം വര്‍ണ്ണനകള്‍ കേട്ടായിരുന്നിരിക്കണം.എങ്കിലും മദ്യപിച്ചോ ഉളിഞ്ഞുനോക്കിയോ തന്റെ ശൂരത തെളിയിക്കാന്‍ അവന്‍ തയ്യാറുമല്ലയിരുന്നു.

മേല്‍പ്പറഞ്ഞ വീരകൃത്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പ്രയോഗത്തിലിരുന്ന അഭ്യാസങ്ങള്‍ ബസിലും ട്രയിനിലും റ്റിക്കറ്റില്ലാതെ യാത്ര നടത്തുക,വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോവുക,ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുക എന്നിവയായിരുന്നു.ഇവയുടെ പേറ്റന്റ് എടുത്തിരുന്നത് പങ്കന്‍ എന്ന ഒരുവനായിരുന്നു.സൂക്ഷ്മശരീരിയായ അവന് താക്കോല്‍ പഴുതിലൂടെയും രക്ഷപെടാമെന്ന് ഞങ്ങളില്‍ ചിലര്‍ തമാശ പറഞ്ഞു.രക്ഷപെടാനുള്ള പഴുത് കുറവയതിനാലും പിടിച്ചാല്‍ തടിപോക്കാണെന്നതിനാലും അധികമാരും ഈ വിദ്യ അനുകരിക്കാന്‍ മുതിര്‍ന്നിരുന്നില്ല.
പക്ഷെ ആളാകാന്‍ ഷമീര്‍ തിരഞ്ഞെടുത്തത് പങ്കന്റെ വഴികളായിരുന്നു.

ഞങ്ങളുടെ കോളേജ് റ്റീം കേരള സര്‍വ്വകലശാല ഉത്തരമേഖലാ മത്സരങ്ങള്‍ ജയിച്ച് തിരുവനന്തപുരത്ത് ദക്ഷിണമേഖലാ വിജയികളുമായി മത്സരിക്കാന്‍ പോവുന്ന യാത്രയിലാണ് ഷമീര്‍ തന്റെ അഭ്യാസം ഇറക്കാന്‍ തീരുമാനിച്ചത്.പങ്കന്‍ ഓര്‍ഡിനറിയിലല്ലേ കളി, ഞാന്‍ ഫാസ്റ്റില്‍ കളിച്ച് കാണിക്കാം എന്നതായിരുന്നിരിക്കാം അവന്റെ ഉള്ളില്‍. ആലപ്പുഴയില്‍ നിന്നു കയറുമ്പോഴേ എല്ലാവരും അവരവരുടെ ടിക്കറ്റ് എടുക്കണം എന്നതായിരുന്നു ക്യപ്റ്റന്റെ നിര്‍ദ്ദേശം.കണക്കുകള്‍ അവസാനം സെറ്റില്‍ ചെയ്യുകയായിരുന്നു പതിവ്.
കണ്ടക്റ്റര്‍ എത്തുന്നതിന് മുന്‍പ് നമ്മുടെ നായകന്‍ ഉറക്കം പിടിച്ചു.എന്തുകൊണ്ടോ കണ്ടകറ്ററും ശ്രദ്ധിച്ചില്ല. വണ്ടി അമ്പലപ്പുഴയും ഹരിപ്പാടും കഴിഞ്ഞു.കണ്ടക്റ്റര്‍ ഇതുവരെ വരാത്തതു കൊണ്ട് താന്‍ രക്ഷപെട്ടു എന്ന് ഷമീറിന് മനസ്സിലായി.തന്റെ വീരകൃത്യം ആരോടെങ്കിലും പറയാതെ അവന് പൊറുതിയില്ല.അങ്ങനെ കായംകുളമെത്താറായപ്പോള്‍ അവന്‍ അടുത്തിരുന്ന ജോസെന്ന സഹകളിക്കാരനോട് തന്റെ സാഹസം വിളമ്പി.
ജോസൊരു പാഷാണത്തില്‍ കൃമിയായിരുന്നു.അവ്ന്‍ ഷമീറിനോട് പറഞ്ഞൂ: കായംകുളത്ത് എത്തുമ്പോള്‍ തനിക്ക് വടയും ചായയും വാങ്ങി തന്നില്ലേല്‍ ഞാന്‍ കണ്ടക്റ്ററോട് പറയും.മറ്റുള്ളവരോട് പറയില്ല എന്ന കരാറില്‍ ഷമീര്‍ സമ്മതിച്ചു.പക്ഷേ വട തിന്നു കഴിഞ്ഞപ്പോള്‍ ജോസ് കഥ ബാക്കി കളിക്കാരോടും പറഞ്ഞു.അതോടെ എല്ലാവര്‍ക്കും വട വാങ്ങി തരേണ്ടി വന്നു അവന്. എങ്കിലെന്താ നാട്ടിലെത്തിയാല്‍ പറയാനൊരു സംഭവമായല്ലോ എന്നായിരുന്നു അവന്റെ ഭാവം.
വണ്ടി കായംകുളം വിട്ടു. ഒടുവില്‍ ചാടി കയറിയ ആളെ കണ്ട് കഥാപുരുഷന്‍ ഞെട്ടി...... ചെക്കര്‍.

ബാക്കി പറയേണ്ടല്ലോ.ഉറങ്ങി പോയി എന്നൊക്കെ പറഞ്ഞു നോക്കി. ഒരു ഇരയെ കിട്ടിയ ചെക്കറുണ്ടോ വിടുന്നു.കയ്യില്‍ കളിസാമാനങ്ങളൊക്കെയുള്ളതു കൊണ്ട് ഞങ്ങളുടെ സംഘാംഗമാണെന്ന് മനസ്സിലാക്കിയ അയാളോട് കായംകുളത്തുനിന്നു കയറിയതാണെന്നു പറയാനുള്ള അതിബുദ്ധി കാണിച്ചത് വിനയായി.വണ്ടി പുറപ്പെട്ട സ്ഥലമുതലുള്ള ഇരട്ടി ചാര്‍ജ്ജ് കൊടൂത്ത് അവന്‍ പരിക്ഷീണനായി സീറ്റിലേക്ക് ചാഞ്ഞു.(ഫാസ്റ്റില്‍ ചെക്കര്‍ കയറുമെന്നത് അവന് അജ്ഞാതമായിരുന്നു)

അന്നു വൈകുന്നേരം നടന്ന കഥകളൊക്കെ ഞാന്‍ നാട്ടില്‍ പാട്ടാക്കി. പങ്കന്‍ അവനോട് പറഞ്ഞൂ- കഴുവേറിമോനേ, പണി തട്ടിപ്പാണേലും മോഷണമാണേലും ദക്ഷിണ വെച്ച് പഠിച്ചില്ലേല്‍ ഇങ്ങനിരിക്കും, കക്കുന്ന പണി എളുപ്പമാ‍ണ്, അതിനു ശേഷം നിക്കാനാ‍ണ് പഠിക്കേണ്ടത്.
ഒരു പൊട്ടിച്ചിരിയില്‍ ജളത മറന്ന് അവനും പങ്കാളിയായി.

2 comments:

Radheyan said...

കയംകുളം വാള്‍ ഇരുതല വാളാണ്,സൂക്ഷിച്ചില്ലേല്‍ പ്രയോഗിക്കുന്നവന് മുറിയും........

ബിന്ദു said...

ശരിയാണ്. നില്‍‌ക്കാന്‍ അറിയാത്തവന്‍‌ കക്കാന്‍ പോവാതിരിക്കുകയാണ് നല്ലത്.:)