Thursday, March 05, 2009

എം‌പിയെ വിധിക്കുമ്പോള്‍

ഇത് എം‌പിമാരുടെ വിചാരണാകാലമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ പുതിയ ഒരു തലത്തില്‍ എത്തിക്കുന്നു.ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുമുണ്ട്.അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും ജനസമക്ഷം വാച്യാര്‍ത്ഥത്തില്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്ന അവസ്ഥ ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളെ നമ്മള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

മറ്റ് പല ചര്‍ച്ചകളുമെന്ന പോലെ ഈ ചര്‍ച്ചയും മോഡറേറ്ററുടെ മുന്‍‌വിധികളില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് ഇത്തരം ചര്‍ച്ചകളുടെ പരിമിതി.പലപ്പോഴും അഗ്രഗണ്യരായ വാര്‍ത്താ അവതാരകരാണ് മോഡറേറ്ററാവുന്നതെങ്കില്‍ കൂടിയും ഈ അവസ്ഥയില്‍ കാര്യമായ മാറ്റം കാണുന്നില്ല.ഇവര്‍ക്ക് പലര്‍ക്കും ഒരു എം‌പിയുടെ പ്രാഥമികധര്‍മ്മങ്ങള്‍ എന്താണെന്ന് ഒരു നിശ്ചയുവുമില്ല എന്ന് തന്നെ പറയേണ്ടി വരും.എക്സിക്യൂട്ടീവിന്റെയും ലജിസ്ലേറ്റീവിന്റെയും അതിര്‍വരകള്‍ ഇവര്‍ക്ക് തീരെ അറിയില്ലെന്നു മാത്രമല്ല എന്താണ് ഒരു തദ്ദേശഭരണകൂടം ചെയ്യേണ്ടത്.എന്താണ് ഒരു എം‌പി ചെയ്യേണ്ടത്,എന്താണ് ഒരു എം.എല്‍.എ ചെയ്യേണ്ടത് എന്നു വ്യവച്ഛേദിക്കാന്‍ പോലും അവര്‍ക്ക് നിശ്ചയമില്ല.

മാധ്യമങ്ങളുടെ എം‌പിയെ സംബന്ധിച്ച മുന്‍‌വിധികള്‍ താഴെ പറയുന്നതാണെന്ന് ഇവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നു.
1. എപ്പോഴും മണ്ഡലത്തില്‍ കറങ്ങുന്ന ഒരുവന്‍. മരണവീടുകളില്‍ നക്രബാഷ്പം പൊഴിച്ചും അല്ലാത്തപ്പോഴെല്ലാം
70 എം‌എം കോളിനോസ് പുഞ്ചിരിയുമായി മണ്ഡലത്തില്‍ ഭ്രമരം ചെയ്യുന്നവന്‍
2.പ്രാദേശിക വികസന പ്രശ്നങ്ങളായ റോഡ് വെട്ടല്‍,കലുങ്ക് പണി,പാലം പണി എന്നിവ നടത്തിക്കുന്നവന്‍
3.എം‌പി ഫണ്ട് മുഴുവന്‍ ചിലവാക്കുന്നവന്‍

ഇതൊന്നും എം‌പിയുടെ ധര്‍മ്മമലെന്നതല്ലേ സത്യം?

ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണ സഭയാണ് ലോക്‍സഭ.പേര് സൂചിപ്പിക്കും പോലെ നിയമനിര്‍മ്മാണം തന്നെയാണ് ആ സഭയുടെ പ്രധാന കര്‍ത്തവ്യവും.രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നയപരമായ പ്രധാനപ്പെട്ട വിഷയങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുക.നിയമനിര്‍മ്മാണത്തിന് കൂടുതല്‍ സമയവും മറ്റു കാര്യങ്ങള്‍ക്ക് ബാക്കി സമയവും എന്ന രീതിയിലാണ് സമയവിനിയോഗം നടക്കേണ്ടത്.സഭ പലപ്പോഴും സമരഭൂമി കൂടി ആകുന്നത് കൊണ്ട് എല്ലായ്പ്പോഴും ഇത് ശരിയാകണമെന്നില്ല.പക്ഷെ ഇന്നും നമ്മുടെ സഭയില്‍ പ്രധാനപ്പെട്ട പല ചര്‍ച്ചകളും നടക്കുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് അടിപിടിയും ജൌളി അനാച്ഛാദനവും റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം എന്നതിനാല്‍ നല്ല ചര്‍ച്ചകളൊന്നും കാര്യമായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നു മാത്രം.

സഭയില്‍ നല്ല അംഗങ്ങളെന്ന് പേരെടുത്തവരൊക്കെയും സഭയില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ച് ആ സ്ഥാനം നേടിയവരാണ്,അല്ലാതെ കലിങ്കിനു പണം അനുവദിച്ചതിനും റോഡിനുള്ള സാങ്കേതിക അനുമതി നേടിയതിന്റെയും പേരില്‍ മികച്ച എം.പി എന്നു പേര് നേടിയവരല്ല.ഇവരില്‍ പല പാര്‍ട്ടിക്കാരുമുണ്ട്.ഫിറോസ് ഗാന്ധി,ഭൂപേഷ് ഗുപ്ത,വാജ്‌പേയി,ഹിരണ്‍ മുഖര്‍ജി,ബനാത്ത്‌വാ‍ല,ഇന്ദ്രജിത്ത് ഗുപ്ത,പി.കെ.വാസുദേവന്‍ നായര്‍,സോമനാഥ് ചാറ്റര്‍ജി,പ്രണബ് മുഖര്‍ജി തുടങ്ങിയ പേരുകള്‍ സഭയുടെ ചരിത്രത്തില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടതാണ്.ഈ ലിസ്റ്റില്‍ പുതിയ കാലത്തെ എം‌പിമാര്‍ അധികമില്ലെന്നത് വേദനപ്പിക്കുന്ന ഒരു നിലവാര തകര്‍ച്ചയാണ്.അത്തരമൊരു തകര്‍ച്ചക്ക് ആദ്യം പറഞ്ഞ മാധ്യമ മുന്‍‌വിധികള്‍ കുറേ എങ്കിലും കാരണമായില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം സ്വന്തം മനസാക്ഷിയേക്കാളും പാര്‍ട്ടിയുടെ തീരുമാനങ്ങളേക്കാളും മാധ്യമങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ട പ്രധാനമാകുന്ന ഒരു സാമൂഹിക കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നത്.

(മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയിട്ടു പോലും ബനാത്ത്‌വാലയെ വരാത്തവാലയെന്ന് വിളിച്ച് കളിയാക്കിയിരുന്നു.അദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ വരാറില്ലത്രേ)

രാജ്യത്തിനു പൊതുവായ ഒരു വികസനനയം രൂപീകരിക്കുന്നതില്‍ എം‌പിമാര്‍ക്ക് വലിയ പങ്കാണുള്ളത്.എന്നാല്‍ പ്രാദേശികമായ വികസനപ്രവരത്തനങ്ങളില്‍ എം‌പി പങ്കാളിയാകണമെന്ന് പറയുന്നത് മഹത്തായ ആ സ്ഥാനത്തെ നിസാരവല്‍കരിക്കലാണ്.പിന്നെ എന്താണ് പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും ജോലി.ഒരു എം.എല്‍ എ പോലും നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രാദേശിക വികസന വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും വേണം.

എന്തിനാണ് എം.പി ഫണ്ട്

എം‌പി ഫണ്ടിന്റെ വിനിയോഗമാണ് എം‌പിയുടെ പ്രവര്‍ത്തനമളക്കാനുള്ള മറ്റൊരു മാനദണ്ഡം.എം‌പി ഫണ്ട് തന്നെ ഒരു തരം അഴിമതിയാണ്.തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ മറക്കാനുപയോഗിക്കുന്ന ഒന്നാന്തരം കണ്‍കെട്ട്.നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണത്തിന് കേന്ദ്രീകൃത ഭരണനേതൃത്വം എങ്ങനെ പാര പണിയുന്നു എന്നതിനുള്ള നല്ല ഉദാഹരണങ്ങളാണ് എം‌പി,എം‌എല്‍‌എ ഫണ്ടുകള്‍.ഫണ്ട് മുഴുവന്‍ വിനിയോഗിക്കാന്‍ ഒരു സെക്രട്ടറി മതി.അത് പക്ഷെ പ്രാദേശികമായ വികസന പരിഗണനകളേക്കാള്‍ മറ്റു പല സങ്കുചിത്വങ്ങളെയും അടിസ്ഥാനപ്പെടുത്തിയാകാം ചിലവഴിക്കപ്പെടുന്നത് എന്ന് മാത്രം.

കുട്ടിക്കൂറാ പൊഡറും പൂശി നേരത്തെ പറഞ്ഞ കോളിനോസ് ചിരിയും നക്രബാഷ്പവും ആയുധങ്ങളാക്കി നടത്തുന്ന അഭ്യാസത്തേക്കാള്‍ പ്രയാസമാണ് ശരിക്കുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം.ബില്ലുകള്‍ പഠിക്കണം,ലൈബ്രറിയില്‍ പോകണം നോട്ട് കുറിക്കണം നന്നായി അവതരിപ്പിക്കണം (ഇങ്ങനെ ആണെങ്കില്‍ ഞാനെന്തിനാ രാഷ്ട്രീയത്തില്‍ കഷ്ടപ്പെടുന്നത്, സിവില്‍ സര്‍വീസിന് കിട്ടുമായിരുന്നല്ലോ ഇത്രയും കഷ്ടപ്പെട്ടാല്‍ എന്നാകും നമ്മുടെ പല യുവനേതാക്കളും കരുതുക).ഇതൊക്കെ കഷ്ടപ്പാടുള്ള പണിയാണ്.മാത്രമല്ല ജനം ഇതൊന്നും അറിയാനും പോകുന്നില്ല.അവര്‍ കുട്ടിക്കൂറാ-കോളിനോസ് പാര്‍ട്ടിയുടെ പിറകേ പോകും.

എന്താണ് ശരിയായ പാര്‍ലമെന്ററി പ്രവര്‍ത്തനം എന്ന അവബോധം ജനത്തിനുണ്ടാക്കേണ്ടത് മാധ്യമങ്ങളാണ്.ട്രയിന്‍ അനുവദിച്ചു കിട്ടാനായി എത്ര തവണ സഭാനടപടികള്‍ സ്തംഭിപ്പിച്ചു നിങ്ങള്‍ എന്ന് ഒരു എം‌പിയോടും ചോദിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ താഴ്ന്നു പോകരുത്.അനുപമയും സിന്ധു സൂര്യകുമാറും മറ്റും ഇത് അറിഞ്ഞിരിക്കണം.എങ്കില്‍ മാത്രമേ മോഡറേടറുടെ പണി അര്‍ത്ഥപൂര്‍ണ്ണമായി ചെയ്യാന്‍ അവര്‍ക്ക് കഴിയൂ.

വാല്‍:
കഴിഞ്ഞ പാരലമെന്റില്‍ ഏറ്റവും കൂടുതല്‍ നിയമ നിര്‍മ്മാണ നടപടികളില്‍ ഭാഗഭാക്കായത് കേരളത്തില്‍ നിന്നുള്ള എം‌പിമാരാണെന്ന് ഇന്ത്യവിഷന്‍.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ പങ്കെടുത്തതും സംസാരിച്ചതും സി.കെ ചന്ദ്രപ്പനാണെന്നും ആ റിപോര്‍ട്ട് പറയുന്നു.ഏറ്റവും കൂടുതല്‍ സ്വകാര്യബില്‍ അവതരിപ്പിക്കതും അദ്ദേഹമാണ്.എന്നിട്ടും ചന്ദ്രപ്പനെ മണ്ഡലത്തില്‍ കാണാനില്ല എന്നതാണ് പ്രധാന വിമര്‍ശനം എന്ന് ഇന്ത്യാവിഷന്റെ തന്നെ മറ്റൊരു പരിപാടിയില്‍ അവര്‍ പറയുന്നു.ദില്ലിക്ക് പറഞ്ഞുവിട്ടയാള്‍ മണ്ഡലത്തില്‍ തന്നെ ചുറ്റിതിരിയണമെന്നത് വല്ലാത്ത ശാഠ്യം തന്നെ.ഇനി എപ്പോഴും കാണാന്‍ വേണ്ടി ജനം തോല്‍പ്പിച്ചു കൂടെ ഇരുത്തുമോ എന്നറിയില്ല.

12 comments:

Radheyan said...
This comment has been removed by the author.
Radheyan said...

എന്തായിരിക്കണം എം‌പിയുടെ പണി?വികസനം കൊണ്ടുവരല്‍ എം‌പിയുടെ പണിയാണോ?

ഇലക്ഷന്‍ കാല ചിന്തുകള്‍

pattepadamramji said...

ആരെ ജയിപ്പിക്കണം ആരെ ജയിപ്പിക്കണ്ട എന്ന അജണ്ട പ്രകാരമാണ്‌ ദ്യ്ര്‍ശ്യവായനാമാദ്ധ്യമങ്ങള്‍ (പ്രത്യേകിച്ചും നിക്ഷ്പക്ഷം എന്നവകാശപ്പെടുന്നവര്‍) മോഡറേറ്റര്‍മാരെ നിയ്യോകിക്കുന്നത്‌. മോഡ്റേറ്റര്‍ വിചാരിച്ചാലും കഴിയില്ലായിരിക്കും, അല്ലെങ്കില്‍ സത്യസന്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നട്ടെല്ലില്ലാത്താവര്‍ പണം മാത്രം നോക്കും. അതുകൊണ്ടുതന്നെയാണ്‌ ഇന്നിപ്പോള്‍ അവതാരക/തരിക മാരുടെ ചന്തം നോക്കി ചാനലുകള്‍ മാറ്റികൊണ്ടിരിക്കുന്നത്‌. കാര്യങ്ങള്‍ നേരിട്ട്‌ ഒരുവിധം മനസ്സിലാക്കുന്ന ജനങ്ങള്‍ ഉള്ളതിനാലാണ്‌ കേരളത്തിലെങ്കിലും പ്രാദേശിയ പാര്‍ടികള്‍ അധികം വളരാത്തത്‌. എങ്കിലും കുറേ പേരെയെങ്കിലും ഇപ്പോഴും മദ്ധ്യമങ്ങള്‍ക്ക്‌ വഴിതെറ്റിക്കാന്‍ കഴിയുന്നു എന്നത്‌ സത്യം തന്നെ. എങ്കിലും വഴിതെറ്റലിണ്റ്റെ തോത്‌ വളരെ വേഗത്തില്‍ നേര്‍ത്തൂവരുന്നുവെന്നതും സത്യം തന്നെ. പെട്ടെന്ന് ആരും ചിന്തിക്കാത്ത കാര്യങ്ങള്‍ തുറന്നിട്ടതിന്‌ അഭിനന്ദനങ്ങള്‍....

വക്കാരിമഷ്‌ടാ said...

നല്ല ലേഖനം. യോജിക്കുന്നു. പക്ഷേ ജനങ്ങളും ആ ഒരു നിലവാരത്തിലെത്തേണ്ടേ? ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ പ്രതിനിധിയോട് രാജ്യത്തിന്റെ ഒരു പൊതു താത്പര്യം തന്നെ പറയണമെന്ന് ജനം വിചാരിച്ചാല്‍ അത് പറയാന്‍ ഡല്‍‌ഹി വരെ പോകണമെന്നത് ജനങ്ങളെക്കൊണ്ട് എന്തായാലും പറ്റില്ല.

മാത്രവുമല്ല, എം‌പി എന്തിനെപ്പറ്റി നോട്ട് കുറിക്കണമെന്നും എന്തിനെപ്പറ്റി പഠിക്കണമെന്നുമൊക്കെ അറിയണമെങ്കില്‍ എന്താണ് ജനങ്ങളുടെ വികാരം എന്നും അറിയേണ്ടേ? നാ‍ടിന്റെ പള്‍സ് അറിയാന്‍ നാട്ടില്‍ തന്നെ വന്നല്ലേ പറ്റൂ?

ജനങ്ങള്‍ സങ്കുചിതരായാല്‍ എം‌പിക്കും നാടിനു നടുവെയും കുറുകെയും തലങ്ങനെയും വിലങ്ങനെയും ഓടേണ്ടി വരും.

അഞ്ചല്‍ക്കാരന്‍ said...

രാധേയാ ഓഫിനു മാഫ്:

വക്കാരി സര്‍,
കാണാറേയില്ലല്ലോ? എന്തുപറ്റി?

[Shaf] said...

നല്ല ലേഖനം. യോജിക്കുന്നു.

ജിവി/JiVi said...

നല്ല ലേഖനം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മനോരമ കോട്ടയ്ം മണ്ഡലത്തിലെ മത്സരത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ സുരേഷ് കുറുപ്പിനെ ഇകഴ്ത്തുന്നത് ഇങ്ങനെ:

പാര്‍ലമെന്റില്‍ സംസാരിക്കാത്തയാളാണ് സുരേഷ് കുറുപ്പെന്ന് ആരും പറയില്ല. എന്നാല്‍ സംസാരിച്ചതത്രയും ദേശീയ അന്താരാഷ്ട്ര വിഷയങ്ങളിലായിരുന്നു. കോട്ടയത്തിനു വേണ്ടി എന്തു സംസാരിച്ചുവെന്ന് ചോദിച്ചാല്‍ കുഴങ്ങിപ്പോകും(കൃത്യമായ വരികള്‍ ഇതല്ല)

എങ്ങനെയുണ്ട്? ദേശീയ അന്താരാഷ്ട്ര വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചതുകൊണ്ട് കോട്ടയത്ത് റോഡോ പാലമോ വരുമോ എന്ന്! പ്രാദേശിക ഭൌതിക വികസനം എന്നതിനപ്പുറം ഒരു രാഷ്ട്രീയമില്ല എന്നത് ജനങ്ങളെക്കൊണ്ട് തോന്നിപ്പിക്കലാണ് മാധ്യമ അജണ്ട. സിന്ധു സൂര്യകുമാറും മറ്റനേകം വാര്‍ത്താ അവതാരകരും തങ്ങളുടെ ഉടമസ്ഥരുടെ അജണ്ട നടപ്പാക്കുന്ന മാപ്പുസാക്ഷികള്‍ മാത്രം.

Radheyan said...

2 സംഗതികളാണ് പറയാന്‍ ശ്രമിച്ചത്.ഒന്ന് എം‌പി എന്നയാള്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ പ്രധാനമായും നയസംബന്ധിയാണെന്നും പ്രാദേശിക വികസനം പ്രാദേശിക സര്‍ക്കാരുകളുടെ ചുമതലായാനെന്നും

രണ്ടാമതായി അത് വേണ്ടവണ്ണം ഹൈലൈറ്റ് ചെയ്യാത്ത മാധ്യമ സമീപനം.ഇത് പ്രീസെറ്റ് അജണ്ട എന്നതിനേക്കാള്‍ വിവരക്കേടായാണ് എനിക്ക് തോന്നിയിട്ടുള്ളത്.(അജണ്ടകള്‍ സെറ്റു ചെയ്യാന്‍ കഴിവുള്ള സ്ഥാപനങ്ങളാണ് മനോരമ,എഷ്യാനെറ്റ് തുടങ്ങിയവ എന്ന് സമ്മതിക്കുമ്പോള്‍ തന്നെ)
pattepadamramji ,ഷാഫ്,ജീവി, വായനക്കും അഭിപ്രായത്തിനും പിന്തുണക്കും നന്ദി.

വക്കാരി,ഒരു പൊതുപ്രവര്‍ത്തകനും ആകാശകുസുമമാകാന്‍ പാടില്ല എന്ന് തന്നെയാണ് അഭിപ്രായം.എന്തിനെ കുറിച്ച് നയം രൂപീകരിക്കുമ്പോഴുമത് സാധാരണജനത്തെ മുന്‍‌നിര്‍ത്തിയാവുകയും വേണം.പക്ഷെ അതിന് ഒരു സങ്കുചിത പ്രാദേശികമായ ഭാവം ആവശ്യമില്ല.
ഒരു മണ്ഡലം എന്നത് സൌകര്യപ്രദമായ ഒരു യൂണിറ്റ് എന്നതിനപ്പുറം ആ മണ്ഡലത്തിന്റെ മാത്രം പ്രതിനിധി എന്ന പ്രാദേശികത്വം ഭരണഘടനാശില്‍പ്പികള്‍ കരുതിയിട്ടുണ്ടോ എന്ന് സംശയമാണ്.എന്ന് വെച്ചാല്‍ ആലപ്പുഴ എം‌പിക്ക് വേണമെങ്കില്‍ അമേത്തിയിലെ ജനങ്ങളുടെ ഒരു പ്രശ്നം കൈകാര്യം ചെയ്യാമെന്നര്‍ത്ഥം.

അഞ്ചല്‍, ഓഫിനു മാഫ് മാഫി....

dethan said...

രാധേയന്‍ പറഞ്ഞതുപോലെ,എക്സിക്യൂട്ടീവിന്റെയും ലജിസ്ലേറ്റീവിന്റെയും അതിര്‍വരകള്‍ മാത്രമല്ല മോഡറേറ്റര്‍ വേഷം കെട്ടുന്ന ചാനല്‍പൈങ്കിളികള്‍ക്കും
പുലികള്‍ക്കും തീരെ അറിയാത്തത്.
ഒന്നിനെക്കുറിച്ചും കാര്യമായ വിവരമില്ല എന്നതാണു സത്യം.ആനിലയ്ക്ക് അവരില്‍ നിന്ന് വിഷയത്തിന്റെ മര്‍മ്മം വെളിവാക്കുന്ന രീതികള്‍ പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍.അഞ്ചു വര്‍ഷത്തെ ഒരു എം.പിയുടെ പ്രവര്‍ത്തനം അര മണിക്കൂര്‍ കൊണ്ട് അളക്കാമെന്ന വിശ്വാസം ചാനലുകള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. പരസ്യം നല്‍കുന്നവരെ പ്രീണിപ്പിക്കുവാന്‍ കാണിക്കുന്ന പ്രഹസനം മാത്രമാണ്
ഇവയൊക്കെ എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകുന്നതേ ഉള്ളു.എത്ര പ്രഗത്ഭനായ വ്യക്തി
എത്ര ഗൗരവമുള്ള വിഷയം സംസാരിച്ചുകൊണ്ടു നിന്നാലും, അര മണിക്കൂര്‍ ആയെങ്കില്‍ പരിപാടി
അവസാനിപ്പിച്ചു പോകുന്ന അസംബന്ധ നാടകമല്ലേ എല്ലാ ചാനലുകളിലും അരങ്ങേറുന്നത്?
-ദത്തന്‍

പാവപ്പെട്ടവന്‍ said...

ചിന്തപരമായ എഴുത്ത് നന്നായിട്ടുണ്ടു
ആശംസകള്‍

ജയരാജന്‍ said...

നല്ല ലേഖനം രാധേയൻ‌ജീ! ഇങ്ങനെ വേറിട്ട ചിന്തകൾ കാണുമ്പോൾ ഒരു സന്തോഷം :)

Radheyan said...

പാവപ്പെട്ടവന്‍,ജയരാജന്‍,

നല്ല വാക്കുകളുടെ ഊര്‍ജ്ജത്തിന്‍ നന്ദി