Wednesday, June 18, 2008

കട്ട് പറയേണ്ടവര്‍ ആക്ഷനില്‍ മുഴുകുമ്പോള്‍

രണ്‍ജി പണിക്കരുടെ ഡയലോഗുകളും ജോഷിയുടെ ചടുലമായ സ്വീക്കെന്‍സുകളും മമ്മൂട്ടിയുടെ ആക്ഷനുകളും വിനയന്റെ ഞൊണ്ടി സെന്റിമെന്‍സും നിറഞ്ഞ ഒരു പടം കേരളമാകുന്ന വിശാലമായ ഭൂമികയില്‍ ആരും കട്ടു പറയാനില്ലാതെ തുടരുകയാണല്ലോ.മലയാളസിനിമയില്‍ ട്രേഡ് യൂണിയന്റെ പ്രസക്തി എന്താണെന്ന ലളിതമായ ചോദ്യം എന്റെ മുന്നില്‍ വന്നവതരിച്ചതങ്ങനെയാണ്.

കലയും വ്യവസായവും

സിനിമ ഒരു സമയം കലയും വ്യവസായവുമാണ്.അല്ലെങ്കില്‍ വ്യാവസായികമായ അടിസ്ഥാനമില്ലാതെ നിലനില്‍ക്കാനാകാത്ത കലയാണ് സിനിമ.മറ്റു കലകളെക്കാള്‍ പെര്‍ഫെക്ഷന്‍ അവകാശപ്പെടാനാകും സിനിമയ്ക്ക്.പക്ഷെ കൂടുതല്‍ പെര്‍ഫെക്ഷന്‍ എന്നാല്‍ കൂടുതല്‍ കാശ്മുടക്ക് എന്നാണ്.അപ്പോള്‍ സിനിമ എന്ന വ്യവസായത്തെ തള്ളിപ്പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന് പോലും കല വളര്‍ത്താനാകില്ല.

കലാകാരനും സിനിമാക്കാരനും

യഥാര്‍ത്ഥ കലാകാരന്‍ എന്നു ദാരിദ്ര്യത്തില്‍ ആയിരിക്കും എന്ന തിയറി വെച്ച് നോക്കിയാല്‍ സിനിമാക്കാര്‍ കലാകാരന്‍‌മാരല്ല എന്ന് പറയേണ്ടി വരും.കാരണം സിനിമാക്കാരന്‍ എന്ന സംജ്ഞയില്‍ സാധാരണ കൊള്ളിക്കപ്പെടുന്ന നടന്‍,സംവിധായകര്‍ തുടങ്ങിയവര്‍ മറ്റേത് കലയും ചെയ്യുന്നവരെക്കാള്‍ സമ്പന്നരാണ്.തകര്‍ന്നു പോകുന്നവരില്ലെന്നല്ല.പക്ഷെ വിജയിച്ചവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ അത് കൈയ്യിലിരുപ്പ് കൊണ്ട് മാത്രമാകും.

ട്രേഡ് യൂണിയന്‍

സിനിമ ഒരു ട്രേഡ് ആണെങ്കിലും അതിന്റെ മുന്‍‌നിര പ്രവര്‍ത്തകര്‍ പ്രഫഷണലുകളാണ്,തൊഴിലാളികളല്ല.സംവിധായകന്‍,ക്യാമറാമാന്‍,നടന്‍,പാട്ട്,കൂത്ത്,അടി,പിടി ഇവയൊക്കെ കൈകാര്യം ചെയ്യുന്നത് പ്രഫഷണലുകളാണ്.ജന്മസിദ്ധമോ ആര്‍ജ്ജിതമോ ആയ ചില പ്രത്യേക കഴിവുകള്‍ ഉപയോഗിച്ച് ചില പ്രതേക കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പൊതുവേ പ്രൊഫഷണലുകള്‍ എന്നുദ്ദേശിക്കുന്നത്.കഴിവ്,വൈദഗ്ദ്ധ്യം തുടങ്ങി പല ഘടകങ്ങളാണ് പ്രൊഫഷണലുകളെ വിജയികളാക്കുന്നത്.കൊലക്കേസുമായി വരുന്നവന്‍ അതിന്ന വക്കീലിനെ വെച്ച് ചെയ്യണമെന്ന് പറയാന്‍ ബാര്‍ കൌണ്‍സിലിനോ ക്യാന്‍സറുമായി വരുന്നവന്‍ ഇന്ന ഡോക്ടര്‍ക്ക് കേസില്ല അത് കൊണ്ട് അങ്ങോട്ട് പൊയ്ക്കോ എന്ന് പറയാന്‍ ഐ.എം.എക്കോ അധികാരമില്ല എന്നത് പോലെ തന്നെയാണ് ഇവിടെയും കാര്യങ്ങള്‍.ഏതെങ്കിലും സംഘടന നിര്‍മ്മാതാവായ എന്നോട് നിങ്ങള്‍ വിനയനെ വെച്ച് മാത്രമേ അടുത്ത സിനിമ എടുക്കാവൂ എന്നു പറഞ്ഞാല്‍ അത് അനുസരിക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല.

സിനിമയിലെ സംവിധായകര്‍ സംഘടനയുണ്ടാക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.കളക്റ്റീവ് ബാര്‍ഗെയിനിംഗ് ചെയ്ത് ഇവര്‍ക്ക് എന്താണ് നേടാനുള്ളത്?ഇവര്‍ക്കിടയില്‍ പൊതുവായി എന്താണുള്ളത്?പറയുമ്പോള്‍ അടൂരും സംവിധായകന്‍ വിനയനും സംവിധായകന്‍,പക്ഷെ സഭയില്‍ കൂട്ടി പറയാവുന്ന പേരാണോ ഇത് രണ്ടും.

ഒരു സിനിമയെ സംബന്ധിച്ച് സംവിധായകന്‍ അതിന്റെ വ്യാഖ്യാതാവ് മാത്രമല്ല,സി.ഇ.ഒ കൂടിയാണ്.ഒരു സിനിമയെ വിഷ്വലൈസ് ചെയ്യുന്നതിനൊപ്പം അതിന്റെ കോസ്റ്റും അതിന്റെ സാധ്യതകളും വിഷ്വലൈസ് ചെയ്യാന്‍ അയാള്‍ക്ക് സാധിക്കണം.നിര്‍മ്മാതാവ് ഷെയര്‍ഹോള്‍ഡറാണെങ്കില്‍ സംവിധായകനാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.സ്വാഭാവികമായി മറ്റ് തൊഴിലാളികളെ പോലെ സംവിധായകനെ കാണാനാവില്ല.

സിനിമയില്‍ പക്കാ തൊഴിലാളികളുണ്ട്.സെറ്റില്‍ അധ്വാനിക്കുന്നവന്‍ മുതല്‍ പാചകക്കാരന്‍ മുതല്‍ ഡ്രൈവര്‍ വരെ.അവരുടെ താല്‍പ്പര്യങ്ങളെ സംവിധായകരുടെയോ മറ്റ് ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിനിമാ പ്രവര്‍ത്തകരുടെ താല്‍പ്പര്യവുമായി കൂട്ടി കെട്ടുക വയ്യ.കാരണം സിനിമയുടെ മൊത്തം ചുമതലക്കാരന്‍ എന്ന നിലയില്‍ സംവിധായകന്റെ താല്‍പ്പര്യങ്ങള്‍ തൊഴിലാളികളുടേതുമായി കോണ്‍ഫ്ലിക്റ്റ് ചെയ്യുന്നതാവാം.

ചുരുക്കം പറഞ്ഞാല്‍ സിനിമയില്‍ സംഘടന വേണ്ടത് യഥാര്‍ത്ഥ തൊഴിലാളികള്‍ക്കാണ്.അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കലാകാരന്മാരുമായി ചേര്‍ന്നുള്ള സംഘടന്യ്ക്ക് പറ്റില്ല.വിനയന്റെ സിനിമയുടെ നിര്‍മ്മാതാവും തൊഴിലാളിയുമായി ഒരു ഇഷ്യു വന്നാല്‍ വിനയന്‍ തന്റെ നിര്‍മ്മാതാവിനെയും അത് മൂലം സിനിമയയെയും ഉപേക്ഷിച്ച് തൊഴിലാളികളുടെ ദത്തുപുത്രനാകും എന്നു കരുതുക വയ്യ.കാരണം സ്വാഭാവികമായും ഇവര്‍ 2 കൂട്ടരും 2 വര്‍ഗ്ഗതാല്‍പ്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

വിലക്കുകള്‍

സിനിമയ്ക്കു പുറത്തെ സിനിമയിലെ ഏറ്റവും വലിയ കോമഡിയാണ് വിലക്കുകള്‍.നടനെ മാക്ട വിലക്കുന്നു,സംവിധായകനെ അമ്മ വിലക്കുന്നു,ഇവരെയെല്ലാം നിര്‍മ്മാതക്കള്‍ വിലക്കുന്നു,നിര്‍മ്മാതാക്കളെ വിതരണക്കാരും തിയറ്റരുകാരും വിലക്കുന്നു.പൊതുജനത്തിന് സംഘടനയില്ലാത്തത് കൊണ്ട് ഇവരെയെല്ലാം ഒറ്റയടിക്ക് വിലക്കാന്‍ പറ്റുന്നില്ല.

ഇവിടെ ഒരു നിയമവും ഭരണഘടനയുമൊക്കെ ഉള്ള രാജ്യമാണ്.നീതി നിര്‍വ്വഹണത്തിന് ഭരണഘടനാസ്ഥാപനങ്ങളുമുണ്ട്.പരാതികള്‍ കേള്‍ക്കാന്‍ അവ പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ട്.അവ പോലും ആരെയും വിലക്കാറില്ല.തല്ലി ചെയ്യിക്കേണ്ട ഒന്നല്ല കല.അതില്‍ നൈസര്‍ഗ്ഗികതയുടെ അംശം വളരെ വലുതാണ്.ഊരുവിലക്കുക,വഴി മുടക്കുക,മഹറോന്‍ ചൊല്ലുക,കല്യാണവും കല്ലറയും വിലക്കുക തുടങ്ങിയ ഫ്യൂഡല്‍-പൊരോഹിത്യങ്ങളുടെ തുരുമ്പടുത്ത ശിക്ഷാവിധികളാണ്.പ്രതിഭയുള്ളവനെ ഇവിടെ വിലക്കിയാല്‍ അവന്‍ ചിലപ്പോള്‍ ഹോളിവുഡില്‍ പോയി മനോജ് നൈറ്റ് ശ്യാമളനാകും.കിണറിനു പുറത്തും ലോകമുണ്ടെന്ന് ഈ വിലക്കന്മാര്‍ അറിഞ്ഞിരിക്കണം.

6 comments:

ലത said...

"പറയുമ്പോള്‍ അടൂരും സംവിധായകന്‍ വിനയനും സംവിധായകന്‍,പക്ഷെ സഭയില്‍ കൂട്ടി പറയാവുന്ന പേരാണോ ഇത് രണ്ടും"

സത്യം. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന സിനിമ പിടിക്കുന്ന വിനയന്റ്റെ പേരിനൊപ്പം ഫെസ്റ്റിവല്‍ സാക്ഷാത്കാരകന്റേറ്തും. പാവം വിനയന്‍

Haree said...

:)
"കിണറിനു പുറത്തും ലോകമുണ്ടെന്ന് ഈ വിലക്കന്മാര്‍ അറിഞ്ഞിരിക്കണം." - ഹ ഹ ഹ.. ഇത്രയും മതിയല്ലോ!

ഓഫ്: ആലപ്പുഴക്കാരനാണല്ലേ... താഴെയുള്ള, കടപ്പുറം ചിത്രം കണ്ടപ്പോള്‍ ഒന്നു സംശയിച്ചു, പിന്നെയാണ് പ്രൊഫൈല്‍ ശ്രദ്ധിച്ചത്. :)
--

മൂര്‍ത്തി said...

പൊതുജനത്തിന് സംഘടനയില്ലാത്തത് കൊണ്ട് ഇവരെയെല്ലാം ഒറ്റയടിക്ക് വിലക്കാന്‍ പറ്റുന്നില്ല.

അത്ര തന്നെ...

Radheyan said...

അനിയാ,പഷ്ട് പടമാണ് വിനയന്റെ.കരഞ്ഞു പോകും,കാശു പോയ കാര്യമോര്‍ത്ത്...

തറ കൂതറ തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കാന്‍ തോന്നുന്നത് വിനയന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ കാണുമ്പോളാണ്.അത്ഭുതദ്വീപൊക്കെ എന്നാ പടമായിരുന്നു.അശ്ലീല കോമഡിയും കുളിസീനും വികലാംഗ സെന്റിമെന്‍സും ചേര്‍ത്താല്‍ സിനിമയാകുമെങ്കില്‍ വിനയനാണ് ബെസ്റ്റ്.(വിനയന്‍ എത്ര നടിമാരെയാണ് കുളിപ്പിച്ചത്.പ്രവീണ,കാവേരി,ആരതി...ലിസ്റ്റങ്ങനെ പോകുന്നു,ഇയാളാരാ സോപ്പ് കമ്പനിക്കാരനോ).

ഹരി പറഞ്ഞുവരുമ്പോള്‍ വിനയനും ആലപ്പുഴക്കാരനാണ്.എന്റെ സ്കൂളിനടുത്ത് ഇദ്ദേഹത്തിന് നാടകകമ്പിനിയുണ്ടായിരുന്നു.അതിന്റെ ഒരു ബോര്‍ഡ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.മുക്കുവനെ സ്നേഹിച്ച ഭൂതം എന്നോ മറ്റോ

കെ said...

രാധേയന്റെ ലിസ്റ്റില്‍ വിട്ടുപോയ പേരുകള്‍
ദിവ്യാ ഉണ്ണി, കല്യാണ സൗഗന്ധികം, കാവ്യാ മാധവന്‍ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍

മുക്കുവനെ സ്നേഹിച്ച ഭൂതം കുളിസീനുകള്‍ ചിത്രീകരിക്കുന്നതില്‍ താങ്കള്‍ക്കെന്താ ഇത്ര അസൂയ. മുക്കുവന്‍ സമം കടല്‍, കടല്‍ സമം വെളളം, വെളളം സമം കുളി, കുളി സമം വിനയന്‍.

Radheyan said...

മാരീചാ, ആ പടങ്ങള്‍ കണ്ടിട്ടില്ല.ഇന്നു തന്നെ കാണണം.ഒന്നുമില്ലെങ്കിലും നടിമാരുടെ കുളി തെറ്റിയിട്ടില്ല എന്നറിയുന്നത് തന്നെ ഒരു സുഖമല്ലെ.