Monday, May 26, 2008

കേരള ആത്മീയതയുടെ ഭൌതികസത്യങ്ങള്‍

ഇത് ശിക്കാറിന്റെ കാലമാണ്.

ശിക്കാരികള്‍ ചാനല്‍ദൈവങ്ങളാവം,എഴുത്തുമാധ്യമപുലികളാവാം,പോലീസാവാം,ഡിഫിക്കാരാകാം,യുവമോര്‍ച്ചക്കാരാകാം.സ്വാമികള്‍,പാസ്റ്ററുമാര്‍,ചാത്തന്‍സേവക്കാര്‍,അമ്മവേഷക്കാര്‍,രോഗശാന്തിക്കാര്‍‍ അങ്ങനെ ജനത്തിന്റെ വിവരക്കേടിനെയും ക്ഷിപ്ര വിശ്വാസത്തെയും വയറ്റിപ്പാടാക്കിയ പല കൂട്ടരും അമ്പേറ്റു വീഴുന്നു.ആത്മീയവേഷക്കാര്‍ മാത്രമല്ല അവരുടെ തപോവനങ്ങളില്‍ എത്തിനോക്കിയ മാ‍ന്‍പേടകള്‍ക്ക് പോലും രക്ഷയില്ല.

അതിനിടെ ആത്മീയവാദികള്‍ക്ക് വക്കാലത്തുമായി മറ്റു ചിലരും വന്നു.ചിലര്‍ അങ്ങനെയാണ്.പൊതു സമൂഹത്തിന്റെ വികാരത്തിന് എതിരേ നില്‍ക്കുക എന്നത് ഒരു ഫാഷനാക്കും.വലിയ വിപ്ലവകാരികളായ്തു കൊണ്ടൊന്നുമല്ല.എല്ലാവരും സ്വാമിമാരെ തെറി പറയുമ്പോള്‍ സ്വാമിമാര്‍ക്ക് ചരട് ജപിച്ച് നല്‍കാനും അത് വിറ്റ് കാശുണ്ടാക്കാനും കൂടിയുള്ള സ്വാതന്ത്ര്യമല്ലേ മൂപ്പിലാന്‍ ആഗസ്റ്റ് 15ന് വാങ്ങി തന്നത് എന്ന മട്ടിലുള്ള ചോദ്യം വളരെ naive ആയി തോന്നാമെങ്കിലും അത് അത്ര നിഷ്കളങ്കമാകാന്‍ വഴിയില്ല.അതെന്തെങ്കിലുമാകട്ടെ,ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അതല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ 50 വര്‍ഷം കേരളം അതിശക്തമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു.ശ്രീനാരായണന്‍ തന്നെ ആയിരുന്നു പൂര്‍വ്വപാദത്തിലെ ഹീറോ.എന്തായിരിക്കണം ഒരു സന്ന്യാസി എന്നതിന് നമ്മുക്ക് തേടി പോകാന്‍ കഴിയുന്ന ഏറ്റവും അടുത്ത ഉദാഹരണം ഗുരു തന്നെയാണ്.സ്വയം ആത്മീയതയുടെ സീമകള്‍ ലംഘിക്കാതെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭൌതികവും ആത്മീയവുമായ ഉന്നതിക്ക് വേണ്ടി അദ്ദേഹം സമരം ചെയ്തു.സന്ന്യാസി വിപ്ലവകാരിയാകുന്ന ചരിത്രസന്ധി.ഗുരു കാട്ടില്‍ ഫലമൂലങ്ങള്‍ തിന്നു തപസ്സു ചെയ്ത ആളല്ല.ജനമധ്യത്തില്‍ തന്നെ അദ്ദേഹം നില കൊണ്ടത്.അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിനു പോലും അവസാനകാലത്ത് ഇളക്കമുണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്.എങ്കിലും അദ്ദേഹം തികഞ്ഞ ആത്മീയവാദിയായിരുന്നു.

ആരാണ് ആത്മീയവാദി എന്ന് ഗുരു തന്നെ പറയുന്നു.ഒരു നല്ല മനുഷ്യന്‍ തന്നെയാണ് നല്ല ആത്മീയവാദി ആയി മാറുന്നത്.ഒരുവന്‍ ആത്മസുഖത്തിന് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണം ചെയ്യുമ്പോള്‍ ആണ് ഒരാള്‍ നല്ല മനുഷ്യന്‍ ആകുന്നത്.അതിലെ ആത്മസുഖത്തിന്റെ ഡെഫനിഷന്‍ ഒന്നു വിപുലീകരിച്ച് അത് കേവലം ഭൌതികസുഖത്തിനപ്പുറം ആത്മസംതൃപ്തിക്കായി അനുഷ്ഠിക്കുമ്പോള്‍ അയാള്‍ ആത്മീയവാദിയാകുന്നു.സന്ന്യാസിയാകുന്നു.

ഭഗത്‌സിംഗ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം ഒന്നും ഇച്ഛിക്കുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നോ തന്റെ മകളെയും കൊച്ചുമകനെയും ഭാവി പ്രധാനമന്ത്രി ആക്കണമെന്നോ തന്റെ കൊച്ചുമരുമകളുടെ പാവാടചരടില്‍ ഈ രാജ്യത്തെ കൊരുത്തിടണമെന്നോ അദ്ദേഹം ആഗ്രഹിക്കുന്നില്ല.അത് കൊണ്ടാണ് തൂക്കികൊല്ലുന്നതിന്റെ ഏതാനും നിമിഷം മുന്‍പ് വരെ നിസ്ചിന്തനാ‍യി ഭഗത് പുസ്തകം വായിച്ചിരുന്നത്.അതു കൊണ്ടാണ് പ്രാര്‍ത്ഥനയുടെ വഴിലേക്ക് മരണത്തിനു മുന്‍പേ നയിക്കാന്‍ ശ്രമിച്ചവരുടെ കൈ അദ്ദേഹം തട്ടികളഞ്ഞത്.അതു കൊണ്ടാണ് അദ്ദേഹം അടി പതറാതെ ഇങ്ക്വിലാബ് വിളിച്ച് കൊലമരം പൂകിയത്.
പരിത്യാഗിയാണ് സന്ന്യാസിയെങ്കില്‍ ഭാവിരാഷ്ട്രീയജീവിതം തൊട്ട് സ്വന്തം പ്രാണന്‍ വരെ പരിത്യജിച്ച ഭഗത്തല്ലേ ഏറ്റവും വലിയ സന്യാസി.തികഞ്ഞ ഒരു ഭൊതികവാദിയായ ഭഗത് സിംഗ് ഗാന്ധിജിയേക്കാള്‍ കുറഞ്ഞ ആത്മീയവാദിയാണോ?

1950കളുടെ രണ്ടാം പാദം കേരളത്തെ സംബന്ധിച്ച് നവോത്ഥാനമൂല്യങ്ങളുടെ തിരിച്ച് പോക്കിന്റെ കാലമായിരുന്നു.നാം ഇന്നു കാണുന്ന കപട ആത്മീയത ഇവിടെ വേര് ആഴ്ത്തിയതും ഈ കാലത്താണ്.വിമോചനസമരം ആ ദുഷിപ്പിന്റെ പരീക്ഷണശാലയായി.നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ മതശക്തികളുടെ കൂട്ടികൊടുപ്പുകാരായപ്പോള്‍ ആദ്യ പരീക്ഷണം തന്നെ വിജയമായി.

ഭഗത് സിംഗിന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോഴും നാട് നീളെ സ്വാതന്ത്ര്യസമരസേനാനികള്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെയും അവരുടെ സാമന്തരായ നാട്ടുരാജാക്കന്മാറ്രുടെയും അവരുടെ ദിവാന്‍മാരുടെയും അടിയും തൊഴിയും കൊള്ളുമ്പോഴും പില്‍ക്കാലത്തെ വിമോചനസമരക്കാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും.ഒരു കൂട്ടര്‍ ബ്രിട്ടീഷ് രാജാവിനെയും മറ്റൊരു കൂട്ടര്‍ നാട്ടുരാജാവിനെയും നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.പ്രധാനവിനോദം സേനാനികളെ ഒറ്റുകൊടുക്കലായിരുന്നു.പക്ഷെ ദോഷം പറയരുതല്ലോ 1947 ആഗസ്റ്റ് 16ന് അവരെല്ലാം കോണ്‍ഗ്രസ്സായി.

വിമോചനസമരം ഒരുക്കിയ ചരിത്ര പശ്ചാത്തലം കപട ആത്മീയതയുടെ വളര്‍ച്ചയെ വല്ലാതൊന്നുമല്ല സഹായിച്ചത്.വിമോചനസമരം ഇടതുപക്ഷത്തിനും ഒരു പാഠം നല്‍കി.ഈ ശക്തികളെയൊക്കെ എതിര്‍ത്ത് പോകുന്നതിനേക്കാള്‍ നല്ലത് സഹകരിച്ച് പോകുന്നതാണെന്.അങ്ങനെ സംഘടിത ആത്മീയവ്യാപാരികളുമായി അവരും കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു.ജില്ലകള്‍ വീതം വെയ്ക്കപ്പെട്ടു.വിദ്യാഭ്യാസരംഗം വീതം വെയ്ക്കപ്പെട്ടു.എന്തിന് അബ്ക്കാരി റേഞ്ചുകള്‍ പോലും ജാതിമത അടിസ്ഥാനത്തില്‍ വീതം വെയ്ക്കപ്പെട്ടു.എന്തിനും ഏതിനും ളോഹയും കാഷായവും നിസ്ക്കാര തഴമ്പും മറയായി.


പക്ഷെ ആത്മീയതയുടെ ബ്രാന്‍‌ഡ് നെയിമില്‍ അതിഭൌതികതയാണ് ഇവിടെ വിറ്റു പോയിരുന്നത് എന്ന് തിരിച്ചറിയാന്‍ നാം വൈകി. ആത്മീയതയുടെ ആവശ്യക്കാരും അതി ഭൌതികവാദികള്‍ തന്നെയായിരുന്നു.പെട്ടെന്ന് സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍,കൈക്കൂലിയും അഴിമതിയും കാട്ടി സ്വത്ത് സമ്പാദിച്ചവര്‍,ബ്ലേഡ് കാശെടുത്ത് ദീപാളി കുളിച്ചവര്‍,ബ്ലേഡ് നടത്തിപ്പുകാര്‍,രാഷ്രീയഭാഗ്യാന്വേഷികള്‍ അങ്ങനെ പോയി ആത്മീയതയുടെ കസ്റ്റമര്‍ ലിസ്റ്റ്.

അന്യന്റെ ചിലവില്‍ അരമനകളില്‍ വസിക്കുന്നവരും മെഴ്സിഡസില്‍ മാത്രം ചരിക്കുന്നവരും വിശിഷ്ഠ്ഭോജ്യങ്ങള്‍ ഭുജിക്കുന്നവരും വിമാനങ്ങളില്‍ പറന്നു നടന്ന് അനുഗ്രഹിക്കുന്നവരും എങ്ങനെ സന്ന്യാസിമാരാകും?ഭൌതികതയുടെ പരമകോടിയില്‍ വസിക്കുന്നവര്‍ എങ്ങനെ ആത്മീയ വാദികളാവും?തങ്ങളിലേക്ക് ഒഴുകുന്ന കോടികളില്‍ ചെറിയ ഒരു പങ്ക് സല്‍ക്കര്‍മ്മകള്‍ക്കായി വന്‍ പബ്ലിസിറ്റിയില്‍ ചിലവാക്കുകയും ബാക്കി അവനവന്റെ സുഖത്തിനായി ചിലവഴിക്കുന്നവരെങ്ങനെ സര്‍വ്വസംഗപരിത്യാഗിയാകും? (ആ ചിലവാക്കല്‍ തന്നെ ഇന്‍‌കം റ്റാക്സ് ആക്റ്റ് (സെക്ഷന്‍ 13 ആണെന്ന് തോന്നുന്നു)കാരണമാവാന്‍ സാധ്യത)

ആത്മീയവ്യാപാരവും ഭൌതിക വ്യാപരവും.

ആത്മീയവ്യാപാരവും ഭൌതിക വ്യാപാരവും-ഒന്നു ശരിയും മറ്റേത് തെറ്റുമാകുന്നതെങ്ങനെ?

ഭൌതിക വ്യാപാരങ്ങള്‍ (ചക്കയാവട്ടെ,മാങ്ങയാവട്ടെ,സേവനങ്ങളാകട്ടെ)വ്യക്തമായ വ്യാപാരനിയമങ്ങളാലും രാഷ്ട്ര-അന്താരാഷ്ട്ര നിയമങ്ങളാലും നിയന്ത്രിതമാണ്.സ്വാമി ജപിച്ച് തന്ന ചരട് ഫലിച്ചില്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോകാനാവില്ല.മാത്രമല്ല ഭൌതിക വ്യാപാരങ്ങളുടെ വരുമാനം സര്‍ക്കാരി ബോധിപ്പിക്കേണ്ടതും നികുതി അടക്കേണ്ടതുമാണ്.ഇതൊന്നും ആത്മീയവ്യാപാരത്തില്‍ നടപ്പില്ല.

ഭൌതികവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ അത് പൂര്‍ണ്ണമനസ്സോടെ ഉത്തമബോധ്യത്തോടെ ചെയ്യുന്നതാണ്.സാമ്പിള്‍ കാണിച്ചിട്ട് വേറെ ഉല്‍പ്പന്നം കൊടുത്താ‍ല്‍ കേസിനു പോകാം.അങ്ങനെ ഒരു ഉത്തമബോധ്യം ആത്മീയവ്യാപാരത്തില്‍ ഇല്ല.ഭക്തന്‍ ഫലം ഇച്ഛിക്കുന്നുണ്ടെങ്കിലും കിട്ടുമെന്ന് ഉറപ്പൊന്നും അയാള്‍ക്കില്ല.പലപ്പോഴും അയാള്‍ ഒരു അര്‍ധമനോരോഗിയാവാനാണ് സാധ്യത.യുക്തിയും സാമാന്യ ബോധവും ഇല്ലാതിരിക്കല്‍ ഒരു ആരോഗ്യ മനസ്സിന്റെ ലക്ഷണമായി കരുതുക വയ്യല്ലോ.

ആത്മീയവ്യാപാരികളോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുലത കൂടുതല്‍ ആളുകളെ ഇത്തരം വേഷം കെട്ടാന്‍ പ്രേരിപ്പിക്കും.കാഷായമോ ളോഹയോ ആര്‍ക്കും രക്ഷാകവചമാകരുത്.ആസനത്തില്‍ കുന്തം കയറ്റേണ്ട.പക്ഷെ ചെവിയില്‍ തൂവലിട്ട് സുഖിപ്പിക്കരുത്.

മറ്റൊന്ന് വിജയത്തിന് കുറുക്ക് വഴികളില്ല എന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടാവുകയാണ്.പാഠങ്ങളില്‍ നിരീശ്വരത്വം പഠിപ്പിച്ചാലും ഇല്ലെങ്കിലും പാഠങ്ങളില്‍ യുക്തിചിന്ത ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.യുക്തിയില്ലാത്ത ഒരു ജനത ആത്മീയ തട്ടിപ്പുകളില്‍ മാത്രമല്ല മറ്റു പല തട്ടിപ്പുകളിലും ചെന്നു വീഴും.ആട് തേക്ക് മാഞ്ചിയം,ബ്ലേഡ്,ചെയിന്‍ മണി ഇവയിലൊക്കെ പെട്ടവര്‍ വിദ്യാഭ്യാസമില്ലാത്തവരല്ല,മറിച്ച് യുക്തി കടലെടുത്ത് പോയവരാണ്.ഇനി അടുത്ത സാമൂഹ്യ തട്ടിപ്പ് നടക്കാന്‍ പോകുന്നത് ഫ്ലാറ്റ് കച്ചവടത്തിലായിരിക്കും.ഗവണ്മെന്റ് ഒരു റെഗുലേറ്ററി അഥോറിറ്റി ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത് തന്നെ അത് സംഭവിക്കും.അത്ര യുക്തിരഹിതമായണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഊഹകച്ചവടം നടക്കുന്നത്.

ഏതെങ്കിലും സ്വമി ആകാശത്തില്‍ നിന്നും അല്‍പ്പം കോമണ്‍സെന്‍സ് വീശിയെടുത്ത് അതിബുദ്ധിമാന്മാരായ മലയാളികളുടെ തലച്ചോറില്‍ തിരുകിയിരുന്നെങ്കില്‍....

8 comments:

മൂര്‍ത്തി said...

പ്രസക്തം...ശക്തം...

രാജ് said...

രാധേയാ, യേശു പന്ത്രണ്ടുക്കൊല്ലക്കാലം അജ്ഞാതജീവിതത്തിലായിരുന്നു, കാട്ടിലോ മേട്ടിലോ എന്തിനു ഇന്ത്യയിൽ വരെയാവാം. പ്രൊഫറ്റ് മുഹമ്മദ് മാസങ്ങളോളം ജനങ്ങളുടെ ഇടയിൽ നിന്നു മാറി ധ്യാനിച്ചിരുന്നു.

ഇത്രയും എഴുതിയത്, ‘കാട്ടില്‍ ഫലമൂലങ്ങള്‍ തിന്നു തപസ്സു ചെയ്ത ആളല്ല’ എന്നിങ്ങനെ അർത്ഥശൂന്യമായ വരികൾ എഴുതി നല്ലൊരു ആർട്ടിക്കിൾ എന്തിനു അന്ധമാക്കിയിടണം ചില വശങ്ങളിലേയ്ക്കെങ്കിലും എന്നു ചോദിക്കാനാണ്.

ഒന്നും ഇച്ഛിക്കായ്ക ആത്മീയമാകുന്നില്ല ത്യാഗമേ ആവുന്നുള്ളൂ, സ്വന്തം ഇച്ഛ അപരന്റെ സുഖത്തിനു വേണ്ടിയാവണം എന്നാണു ഗുരുവചനം.

riyaz ahamed said...

രാജേ, അജ്ഞാത വാസത്തിലോ ധ്യാനത്തിലോ ഇരുന്ന കാലമല്ല യേശുവിന്റെയും മുഹമ്മദിന്റെയും നമ്മളോര്‍ക്കുന്ന പ്രവര്‍ത്തന കാലം.

ത്യാഗം എന്നത് അര്‍ത്ഥരഹിതമായ വാക്കാണു. ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പോലീസിന്റെ അടിയും ചവിട്ടും കൊണ്ട് ആരോഗ്യവും ജീവിതവും ക്ഷയിച്ച, വീട്ടുകാരുമായുള്ള ബന്ധം പോലും നഷ്‌ടമായ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത്, കക്ഷിക്കത് സംത്രുപ്തി നല്‍കുന്നു, ആസ്വദിക്കുന്നു എന്നാണു. അയാള്‍ അങ്ങനെയൊക്കെയാണു, അതൊരു ത്യാഗമൊന്നുമല്ല, അയാള്‍ക്കിഷ്ടമുള്ളതു ചെയ്യുന്നു എന്നാണു. ആ മാനസികാവസ്ഥയെ എന്തു വിളിക്കണം?

കണ്ണൂസ്‌ said...

സം‌ന്യാസം കാട്ടിലിരുന്നു തപസ്സു ചെയ്യലാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ രാജേ?

രാധേയന്റെ ഈ ലേഖനത്തിന്റെ തിളക്കം തന്നെ ഭഗത്‌സിംഗിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്ത രീതിയാണ്‌. ഭഗവദ്‌ഗീത അനുസരിച്ചു തന്നെ രാധേയന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്‌. രണ്ടു പേരും കര്‍മ്മ യോഗികളാണ്‌.

Radheyan said...

രാജ്,
ഫലമൂലങ്ങള്‍ തിന്ന് കാട്ടില്‍ തപസ്സ് ചെയ്യുന്നത് മോശപ്പെട്ട സംഭവമാണെന്ന് ഞാന്‍ പറഞ്ഞില്ല.

നാട്ടില്‍ ഭൌതിക സാഹചര്യങ്ങളിലെ സ്വാമിമാര്‍ക്ക് വെല്ലുവിളി അധികമാണെന്ന് മാത്രമേ ഞാന്‍ സൂചിപ്പിച്ചുള്ളൂ.അല്ലെങ്കില്‍ വിശ്വാമിത്രന്മാരുടെ തപസ്സിളക്കാന്‍ മേനകമാര്‍ കാട്ടില്‍ പോയി കാബറെ കളിക്കണം.

ഒന്നും ഇച്ഛിക്കാതെ എന്നു വിവക്ഷിച്ചത് അവനവന്റെ ഭൌതിക നേട്ടം മാത്രം.ഭഗത്‌സിംഗ് ഈ നാടിന്റെ മോചനം,ഈ നാട്ടുകാരുടെ ഉന്നതി ഒക്കെ ആഗ്രഹിച്ചിരുന്നു.വെറുതേ ആളാകാനോ അല്ലാതെ അത്മപീഡയില്‍ ആനന്ദിക്കാനോ തൂക്കുകയര്‍ പുല്‍കിയവനല്ല.അതിലെ ആത്മീയഭാവം നിഷേധിക്കാനാവുമോ?

എന്റെ പഞ്ജരം എരിഞ്ഞാലും എനിക്ക് ദുഖമില്ല
അതിന്റെ വെളിച്ചം നിങ്ങള്‍ക്ക് വഴികാട്ടുമെങ്കില്‍

എന്ന വരിയില്‍ വിപ്ലവകാരിക്ക് മാത്രമല്ല ആത്മീയവാദിക്കും ആനന്ദം കണ്ടെത്താന്‍ കഴിയില്ലേ

രാജ് said...

റിയാസേ നമ്മളോർമ്മിക്കുന്ന കാലത്തിന്റെ പുറകിലൊരു കാലമുണ്ടായിരുന്നു, ധ്യാനവും പരിശ്രമവും ഉണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ പ്രവാചകരാവുകയായിരുന്നില്ല ഇവരാരും. ആ കാലത്തെ കാട്ടിൽ ഫലമൂലാദികൾ കഴിച്ചൂ ജീവിച്ച കാലമെന്നോ മലമുകളിൽ ധ്യാനിച്ച കാലമെന്നോ വിവക്ഷിക്കേണ്ടതില്ല. ജനമദ്ധ്യത്തിൽ എത്തുന്നതിനു മുമ്പേ നാരായണഗുരുവും സന്യസിച്ചിരുന്നു, ആത്മസത്തയിലേയ്ക്കു തിരിഞ്ഞുനോക്കിയിരുന്ന ആ കാലമാണ് ഗുരുവിനെ ഗുരുവായിപ്പാകപ്പെടുത്തിയതും. കാട്ടിൽ പോയോ ഫലമൂലാദികൾ ഭക്ഷിച്ചോ എന്നു അന്വേഷിക്കേണ്ടതില്ല.

കണ്ണൂസേ, സന്യാസികൾ കാട്ടിൽ ഫലമൂലാദികൾ കഴിച്ചു തപസ്സു ചെയ്യുന്നവൻ മാത്രമാണെന്നാണ് രാധേയന്റെ ഭാഷയിൽ നിന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞത്. നാരായണഗുരു അങ്ങനെ ആയിരുന്നില്ലെന്ന് സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലാത്തതുകൊണ്ടു, അനാവശ്യമായ ഈ പരാ‍മർശത്തെ കുറിച്ചാണ് ഞാൻ സൂചിപ്പിച്ചതും. സന്യാസം തപസ്സല്ല, മോക്ഷം സ്വർഗ്ഗമല്ല ഇതൊക്കെ അറിയാൻ ബ്ലോഗിൽ വരണോ ;-)

ഡാലി said...

ലേഖനം ശക്തം പ്രസക്തം.
“ആത്മീയതയുടെ ആവശ്യക്കാരും അതി ഭൌതികവാദികള്‍ തന്നെയായിരുന്നു.“ - നൈമിഷ ആത്മീയതയുടെ എന്നാക്കിയാല്‍ കൃത്യമായി.

അവസാനത്തെ വാചകം പ്രാര്‍ഥനയാക്കാം.
ക്രിസ്ത്യാനികള്‍ക്ക്,
ആകാശത്തു് നിന്നും മന്ന വീഴ്ത്തിയ യഹോവേ അളവില്ലാത്ത കോമണ്‍സെന്‍സ് ഞങ്ങളുടെ മേലെ വീഴ്ത്തണെ. (53 മൂന്നുമണിജപമയി ചൊല്ലുക)
ഹിന്ദുക്കള്‍ക്കു്,
ബോധം, അവബോധം, സാധാരണാവബോധം, കോമന്‍സെന്‍സ്.. (സഹസ്രനാമമായി ചൊല്ലുക)
മുസ്ലീമുകള്‍ക്ക്,
ഇന്‍ഷാ കോമണ്‍സെന്‍സ്, ഇന്‍ഷാ കോമണ്‍‍സെന്‍സ് നിസ്കാരത്തിന്റെ കൂടെ ചൊല്ലുക.

രിയാസിന്റെ കമന്റിനൊരു സലാം പറയാനാണു വന്നതു്.
ത്യാഗം എന്നൊന്നില്ല. മദര്‍തെരേസ തെരുവില്‍ മരിക്കാന്‍ കിടക്കുന്നവരെ എടുത്തു ആശ്വാസത്തോടെ മരിക്കാന്‍ അനുവദിച്ചതു ത്യാഗമല്ല സ്വയം ആത്മീയ ആനന്ദത്തിനു വേണ്ടിയാണു് എന്നു വാദിച്ചു്, തല്ലുകിട്ടാതെ രക്ഷപ്പെട്ടു് ഇപ്പോഴും ത്യാഗത്തെ കുറിച്ചു് അങ്ങനെത്തന്നെ വിശ്വസിക്കുന്നു.

ഡാലി said...

ഒരു മുട്ടന്‍ ഓഫ് (രാധേയനോട് )

അനോണി ആന്റണിയുടെ ബ്ലോഗിലിട്ട കമന്റിന്റെ കുറിച്ചാണു.

അമ്മയോട് എന്റെ ചോദ്യം ഇതായിരുന്നു-സാധാരണഗതിയില്‍ ആളുകളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടാണോ നിങ്ങള്‍ പൊതുപരിപാടികള്‍ ഏല്‍ക്കുന്നത്? പ്രത്യേകിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്ള ചടങ്ങുകള്‍.അല്ല എന്ന് ഉത്തരം.

അപ്പോള്‍ അല്‍പ്പം സൂക്ഷിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം.അപ്പോള്‍ പൂതുചടങ്ങുമുതല്‍
..

ഇതു എത്ര മാത്ര ശരിയാണു്? സുധാകരനും പന്ന്യനും മറ്റും പോയതു് ഉത്ഘാടനം തുടങ്ങിയ പരിപാടികള്‍ക്കല്ലേ. ഒരു മേല്‍കമ്മിറ്റിയിലുള്ള പ്രവര്‍ത്തകര്‍ (മന്തി ആവണമെന്നു പോലുമില്ല) പൊതുപരിപാകളില്‍ പങ്കെടുക്കണമെങ്കില്‍ ലോക്കല്‍ കമ്മറ്റിയെ അറിയിച്ചു്‌ സമ്മതം വാങ്ങണം എന്നല്ലേ പാര്‍ട്ടി രീതി. അപ്പോള്‍ പൊതുപരിപാടികള്‍ക്കു് ഇവര്‍ പോയതു ഒന്നും അന്വേഷിച്ചല്ല എന്നൊക്കെ പറയുന്നതില്‍ എന്തു മാത്രം ന്യായീകരണം ഉണ്ടു്?
(രാധേയന്റെ മറുപടി പ്രതീക്ഷിക്കുന്നു)