Thursday, June 14, 2007

ഗീബത്സിന്റെ കുഞ്ഞുങ്ങളും ക്രൂശിതമായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചീത്തപ്പേര്‍ കേള്‍പ്പിച്ചിട്ടില്ലാത്ത അപൂര്‍വം പാര്‍ട്ടികളില്‍ ഒന്നാണ് സി.പി.ഐ.ആകെകൂടിയുള്ള ഒരു മുണ്ട് ഉണങ്ങുവാന്‍ അത് അലക്കിയിട്ട് നിക്കറുമിട്ട് ഹോട്ടല്‍ മുറിയില്‍ ഉലാത്തുന്ന സി.രാജേശ്വരറാവു ആ പാര്‍ട്ടി ഭൌതിക ദാരിദ്ര്യത്തിലും പുലര്‍ത്തിയിരുന്ന ആത്മീയമായ ഔന്നത്യത്തെ മനസ്സിലാക്കി തരുന്നു.എം.എന്‍ സ്മാരകം എന്ന പാര്‍ട്ടിയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഒന്ന് ചെന്ന് നോക്കിയാലും ഈ ദാരിദ്യത്തിന്റെ അപൂര്‍വ്വകാന്തി കാണാം.ഒരു പഴയ മേശ.മൂന്നു നാല് പഴയ കസേരകള്‍.പഴകിയ മേശവിരി.ഏത് നേരവും തുറന്ന് കിടക്കുന്ന മറയ്ക്കാനൊന്നുമില്ലാത്ത സെക്രട്ടറിയുടെ മുറി.മറ്റ് പല പാര്‍ട്ടികളുടെയും കൊട്ടാരസമാനമായ ഓഫീസുകളും ഈ കണ്ണുകള്‍ കണ്ടിരിക്കുന്നു.

ഈ പാര്‍ട്ടിയാണ് ഇന്ന് ആരോപണങ്ങളാല്‍ ശരവ്യമായി നില്‍ക്കുന്നത്.ഈ അവസ്ഥ വളരെ ദുഖമുണ്ടാക്കി.മറ്റൊരു പാര്‍ട്ടി കൂടി അഴിമതിയുടെയും സ്വജനപക്ഷപാതത്തീന്റെയും ചെളിക്കുണ്ടില്‍ വീണു എന്നതിനര്‍ത്ഥം ഇന്ത്യന്‍ പോളിറ്റി അത്രയും കൂടി അധപതിച്ചു എന്ന് കൂടിയാണ്.പാര്‍ട്ടിയോടുള്ള അനുഭാവം കൊണ്ട് മാത്രമല്ല കൂടുതല്‍ സൂക്ഷ്മമായി പത്രവാര്‍ത്തകളെ പിന്തുടര്‍ന്നപ്പോള്‍ പലതും ഗോസിപ്പ് സ്വഭാവത്തിലുള്ളതാണെന്നും പത്രങ്ങള്‍ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നില്ലെന്നും ആടി കളിക്കുന്നുവെന്നും തോന്നിയത് കൊണ്ടാണ് ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയണമെന്ന് തോന്നിയത്.കൂടുതല്‍ പഠിച്ചപ്പോള്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെന്ന് മാത്രമല്ല കരുതി കൂട്ടി പ്രചരിപ്പിക്കുന്നതാണ് എന്ന് മനസ്സിലായി.നല്ല തിളക്കമുള്ള ഒരു കാര്‍ കാണുമ്പോള്‍ അതില്‍ താക്കോല്‍ കൊണ്ട്
വരയുന്ന മലയാളിയുടെ വികൃതമനസ്സാണ് സി.പി.ഐയെ ചെളി വാ‍രി എറിഞ്ഞ് രസിക്കുന്ന മാധ്യമങ്ങള്‍ക്കുള്ളതെന്നാണ് തോന്നുന്നത്.ദാ നോക്ക് അവനും നമ്മളെ പോലെ കള്ളന്‍ തന്നെ എന്ന് പറയുമ്പോള്‍ ഒരു ഗൂഡമായ ആനന്ദം അനുഭവിക്കുന്നത് പോലെ.

ആരും എഴുതാത്ത സത്യം
---------------------------------

സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനെ കുറിച്ചുള്ള സത്യം എന്താണ്?

1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേത്.പിന്നീട് 1959‍ അത് 19000 രൂപ കൊടുത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വാങ്ങി(അന്ന് എം.എന്‍ ആണ് സെക്രട്ടറി).ആ ആധാരത്തില്‍ ഏഴര സെന്റ് സ്വന്തം സ്ഥലവും ബാക്കി 4 സെന്റ് വിരിവുമായിരുന്നു.ആ വസ്തുത ആധാരത്തില്‍ പറയുന്നുമുണ്ട്.സ്വന്തം ഭൂമിയോട് ചേര്‍ന്നുള്ള റെവന്യൂ ഭൂമി കൈവശം വെച്ച് ആദായമെടുത്ത് അനുഭവിക്കുന്ന ഭൂമിയെയാണ് വിരിവ് എന്ന് പറയുന്നത്ത്(കൃത്യം ലീഗല്‍ വ്യഖ്യാനം നിയമവിദഗ്ദ്ധര്‍ പറയട്ടെ)
പാര്‍ട്ടി അവിടെ കെട്ടിടം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്നത്തെ എന്‍.സി.പി നേതാവുമായ കുപ്പുസ്വാമി കെ.ഡി.എച്.നിയമത്തിന് വിരുദ്ധമാണ് കെട്ടിടനിര്‍മ്മാണം എന്ന് പറഞ്ഞ് സെഷന്‍സ് ജില്ല ഹൈക്കോടതി വരെ കേസിന് പോയി.കേസ് ചെലവ് സഹിതം തള്ളുകയും ഏഴര സെന്റ് സി.പി.ഐയുടെ സ്വന്തം സ്ഥലമാണെന്നും അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ഒക്കെ ഉടമകളുടെ ഇഷ്ടമാണെന്നും അടിവരയിട്ട് വിധിക്കുകയും ചെയ്തു.

രവീന്ദ്രന്‍ പട്ടയം
-----------
1996ലെ സര്‍ക്കാര്‍ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാന്‍ തീരുമാനിക്കുന്നു.ഒരു സെന്റ് സ്ഥലത്തിനെങ്കിലും ആധാരമോ പട്ടയമോ കൈവശരേഖയോ ഉള്ളവര്‍ക്കാണ് വീട്.പക്ഷെ സ്വന്തമായി ഇങ്ങനെ ഒരു ഭൂമി ഇങ്ങനെ പലര്‍ക്കുമില്ലെന്ന സത്യം മനസ്സിലായത് ഇതിന് ചിലവാക്കിയ ഫണ്ട് ലാപ്സായപ്പോഴോ അനര്‍ഹര്‍ക്ക് വീതം വെക്കേണ്ടി വന്നപ്പോഴോ ആണ്.അന്ന് ഭൂമി ഇല്ലാത്ത പരമാവധി ആളുകള്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാന്‍ വി.എസ്.അച്ചുതാനന്ദന്‍ കണ്‍വീനര്‍ ആയ ഇടതുമുന്നണി തീരുമാനിച്ചു.ലക്ഷകണക്കിന് ആളുകള്‍ അതിന്‍ പ്രകാരം ഭൂമിക്ക് ഉടയവരായി.വെറുതേ വഴിയേ പോയവര്‍ക്കെല്ലാം ഭൂമി നല്‍കുക ആയിരുന്നില്ല.മറിച്ച് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ല കക്ഷികളെയും ചേര്‍ത്ത് ഒരു ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി ഉണ്ടാക്കി.അവരുടെ ശിപാര്‍ശ അനുസരിച്ചാണ് പട്ടയം നല്‍കിയത്.

ഇങ്ങനെ പട്ടയം നല്‍കാനുള്ള അധികാരം തഹസില്‍ദാറിലാണ് നിക്ഷിപ്ത്മായിരുന്നത്.മൂന്നറടങ്ങുന്ന ദേവികുളം താലൂക്കില്‍ അന്ന് തഹസില്ദാറില്ലായിരുന്നു.അന്നത്തെ ഇടുക്കി കലക്റ്റര്‍ ശ്രീ വി.ആര്‍.പത്മനാഭന്‍ ഒരു അസാധാരണ വിജ്ഞാപനം(എക്സ്റ്റ്രാ ഓര്‍ഡിനറി ഗസറ്റ്) വഴി അതിനുള്ള അധികാരം ഡെപ്യൂട്ടി തഹസില്‍ദാറിന് നല്‍കി.അതില്‍ സാങ്കേതിക പിഴവുണ്ടോ എന്ന് പറയാന്‍ ഗവണ്മെന്റിനോ കോടതിക്കോ മാത്രമേ അധികാരമുള്ളൂ

രവീന്ദ്രന്‍ പട്ടയവും സി.പി.ഐയുടെ ഭൂമിയും.
----------------------------------------

സി.പി.ഐക്ക് ഏഴര സെന്റ് സ്വന്തം ഭൂമിയും അതിനോട് അനുബന്ധമായി 4 സെന്റോളം വിരിവും ഉണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.ഏഴര സെന്റ് അന്ന് സെക്രട്ടറി ആയിരുന്ന പി.കെ.വിയുടെ പേരിലേക്ക് നിയമാനുസ്രതം മാറ്റപ്പെട്ടിരുന്നു.ബാക്കി നാല് സെന്റ് വിരിവിന് പട്ടയം നേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സ്വാഭാവികമായി ഏഴര സെന്റിന്റെ ഉടമക്ക് മാത്രമേ വിരിവിന് പട്ടയം അപേക്ഷിക്കാന്‍ സാധിക്കൂ.അത് കൊണ്ട് മാത്രമാണ് അത് പി.കെ.വിയുടെ പേരില്‍ അപേക്ഷിക്കപ്പെട്ടത്.സ്വാഭാവികമായും ഏഴര സെന്റിന്റെ ഉടമസ്ഥതയെ കുറിച്ചുള്ള കോളത്തില്‍ മനോരമയില്‍ പറയുന്ന പോലെ പൂരിപ്പിച്ചിട്ടുണ്ടാവാം.ഒരു ഫോര്‍ജറി ആണ് ഉദ്ദേശമെങ്കില്‍ പളുങ്കു പോലെ പവിത്രനായ പി.കെ.വിയെ പാര്‍ട്ടി ഇതിലേക്ക് വലിച്ചിഴക്കുമെന്ന് ആരെങ്കിലും കരുതുന്നിണ്ടോ.ഒരു വെറും സാധാരണ നടപടി ക്രമത്തിനെ അസാധരണമാം വിധം പെരുപ്പിച്ച് കാട്ടിയും അസ്ഥാനത്ത് നിന്ന് ചില വിവരങ്ങള്‍ മാത്രം പ്രസദ്ധീകരിക്കുകയും ചെയ്തത് പി.കെ.വിയേയും പാര്‍ട്ടിയേയും ഒരു പോലെ കളങ്കപെടുത്താന്‍ മാത്രമാണ് മനോരമയും മറ്റ് മാധ്യമങ്ങളും ശ്രമിച്ചത്.മഹാനായ ആ വലിയ മനുഷ്യന്‍ മരിച്ചപ്പോള്‍ പൊഴിച്ചതെല്ലാം മുതലക്കണ്ണീറായിരുന്നു എന്ന് തെളിയിക്കുക്ക കൂടി ആയി മാധ്യമങ്ങള്‍.

എന്തായിരുന്നു മാധ്യമങ്ങളുടെ ഉദ്ദേശം
---------------------------------------
എന്നും മാധ്യമങ്ങളുടെ നല്ല പുസ്തകത്തിലുള്ള പാര്‍ട്ടിയാണ് സി.പി.ഐ.സ്വതവേ സൌമ്യരും മാധ്യമസുഹൃദം പുലര്‍ത്തുന്നവരും.പിന്നെ എന്തേ ഇത്തരത്തിലുള്ള ഒരു ആക്രമണം.

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ അമിതമായി ഫിക്ഷണലൈസ് ചെയ്യുന്നു.അവര്‍ നായക പ്രതിനായക ദ്വന്ദ്വത്തില്‍ വിശ്വസിക്കുന്നു.ഒരു പൈങ്കിളി വാരികയില്‍ നിന്ന് പത്രത്തിലേക്ക് പരിണാമം ചെയ്ത മംഗളം പോലുള്ള പത്രങ്ങള്‍ പ്രത്യേകിച്ചു.അവരെ സംബന്ധിച്ച് നായകന്‍ ആരുമാവം,വി.എസ്സാകാം, സുരേഷ്കുമാറാകാം,മറ്റാരെങ്കിലുമാകം,പക്ഷെ ദ്വന്ദ്വത്തിലെ വില്ലന്‍ ആരെന്നത് അനുസരിച്ചിരിക്കും കഥഗതിയുടെ കൊഴുപ്പ്.ഏറെ നാളായി ഈ ദ്വന്ദ്വം വി.എസ്-പിണറായി ആയിരുന്നു.ഇന്ന് ആ കഥകള്‍ ക്ലീഷേ ആയിരിക്കുന്നു.ജനം മടുത്ത് തുടങ്ങിയിരുക്കുന്നു.വില്ലനായിരുന്ന രാജന്‍പി.ദേവും ജനാര്‍ദ്ദനനും മോഹന്‍ലാലും ഒക്കെ പ്രേക്ഷകസിമ്പതി നേടീ പോസിറ്റീവ് കഥാപാത്രങ്ങളായി മാറിയ പോലെ പിണറായിയും ജനമനസ്സില്‍ പരിണമിക്കുന്നു.
കഥയില്‍ പുതിയ വില്ലന്‍ വേണം.എങ്കിലെ എരിവോടെ ജനം വായിക്കൂ,റ്റി.വി.കാണൂ.അതിനായി മാധ്യമങ്ങള്‍ സൃഷ്ടിച്ച പുതിയ വില്ലന്മാരാണ് ഇസ്മയിലും സി.പി.ഐയും.

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും
-----------------------------------

ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും പൊളിക്കേണ്ട എന്ന ഉത്തരവിന് പിന്നില്‍ സി.പി.ഐ ആണത്രേ.ശരിക്കും ഇങ്ങനെ ഒരു ഉത്തരവിന്റെ ആവശ്യം സി.പി.ഐക്ക് ഇല്ല.കാരണം സ്വന്തം ഭൂമിയിലാണ് പാര്‍ട്ടി ഓഫീസ് നില്‍ക്കുന്നത് എന്ന് ഹൈക്കോടതി വിധി ഉള്ള കാലത്തോളം സുരേഷ് കുമാറിന് അത് തൊടാനാവില്ല.സി.പിഐക്ക് പട്ടയം കിട്ടിയ നാല് സെന്റിലല്ല പാര്‍ട്ടി ഓഫീസ്.അത് അവിടെ വെറുതേ കിടപ്പുണ്ട്.എന്നാല്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും പട്ടയഭൂമിയിലാണ്.സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിന്റെ പോര്‍ട്ടിക്കോ പൊളിക്കാന്‍ കാരണം അത് ദേശീയ പാതയോട് നിശ്ചിത ദൂരം പാലിച്ചില്ല എന്നതിനാലാണ്.സി.പി.ഐയുടെ ഓഫീസ് തൊടുമ്പോള്‍ പ്രതിഷേധമുണ്ടാവും എന്നും അതിന്റെ മറവില്‍ സി.പി.എം ഓഫീസ് രക്ഷിച്ചെടുക്കാം എന്നും സുരേഷ്കുമാറും മുഖ്യമന്ത്രിയും കരുതി എന്നതാണ് വാസ്തവം.അതിനാലാണ് ഇപ്പോള്‍ ആരാധനാലയങ്ങളെയും പാര്‍ട്ടി ഓഫീസിനെയും തൊടണ്ട എന്ന് മുഖ്യന്‍ പറയുന്നത്.ഇനി തൊടാന്‍ പറഞ്ഞാലും അത് സി.പി.ഐയെ ബാധിക്കില്ല.കാരണം ആ ഓഫീസ് സ്വന്തം ഭൂമിയിലാണെന്നത് തന്നെ കാരണം

8 comments:

Radheyan said...

സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിനെ കുറിച്ചുള്ള സത്യം എന്താണ്?

1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേത്.പിന്നീട് 1959‍ അത് 19000 രൂപ കൊടുത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ വാങ്ങി(അന്ന് എം.എന്‍ ആണ് സെക്രട്ടറി).ആ ആധാരത്തില്‍ ഏഴര സെന്റ് സ്വന്തം സ്ഥലവും ബാക്കി 4 സെന്റ് വിരിവുമായിരുന്നു.ആ വസ്തുത ആധാരത്തില്‍ പറയുന്നുമുണ്ട്.സ്വന്തം ഭൂമിയോട് ചേര്‍ന്നുള്ള റെവന്യൂ ഭൂമി കൈവശം വെച്ച് ആദായമെടുത്ത് അനുഭവിക്കുന്ന ഭൂമിയെയാണ് വിരിവ് എന്ന് പറയുന്നത്ത്(കൃത്യം ലീഗല്‍ വ്യഖ്യാനം നിയമവിദഗ്ദ്ധര്‍ പറയട്ടെ)
പാര്‍ട്ടി അവിടെ കെട്ടിടം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇന്നത്തെ എന്‍.സി.പി നേതാവുമായ കുപ്പുസ്വാമി കെ.ഡി.എച്.നിയമത്തിന് വിരുദ്ധമാണ് കെട്ടിടനിര്‍മ്മാണം എന്ന് പറഞ്ഞ് സെഷന്‍സ് ജില്ല ഹൈക്കോടതി വരെ കേസിന് പോയി.കേസ് ചെലവ് സഹിതം തള്ളുകയും ഏഴര സെന്റ് സി.പി.ഐയുടെ സ്വന്തം സ്ഥലമാണെന്നും അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ഒക്കെ ഉടമകളുടെ ഇഷ്ടമാണെന്നും അടിവരയിട്ട് വിധിക്കുകയും ചെയ്തു.

Radheyan said...

എന്നും മാധ്യമങ്ങളുടെ നല്ല പുസ്തകത്തിലുള്ള പാര്‍ട്ടിയാണ് സി.പി.ഐ.സ്വതവേ സൌമ്യരും മാധ്യമസുഹൃദം പുലര്‍ത്തുന്നവരും.പിന്നെ എന്തേ ഇത്തരത്തിലുള്ള ഒരു ആക്രമണം.

നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ അമിതമായി ഫിക്ഷണലൈസ് ചെയ്യുന്നു.അവര്‍ നായക പ്രതിനായക ദ്വന്ദ്വത്തില്‍ വിശ്വസിക്കുന്നു.ഒരു പൈങ്കിളി വാരികയില്‍ നിന്ന് പത്രത്തിലേക്ക് പരിണാമം ചെയ്ത മംഗളം പോലുള്ള പത്രങ്ങള്‍ പ്രത്യേകിച്ചു.അവരെ സംബന്ധിച്ച് നായകന്‍ ആരുമാവം,വി.എസ്സാകാം, സുരേഷ്കുമാറാകാം,മറ്റാരെങ്കിലുമാകം,പക്ഷെ ദ്വന്ദ്വത്തിലെ വില്ലന്‍ ആരെന്നത് അനുസരിച്ചിരിക്കും കഥഗതിയുടെ കൊഴുപ്പ്.ഏറെ നാളായി ഈ ദ്വന്ദ്വം വി.എസ്-പിണറായി ആയിരുന്നു.ഇന്ന് ആ കഥകള്‍ ക്ലീഷേ ആയിരിക്കുന്നു.ജനം മടുത്ത് തുടങ്ങിയിരുക്കുന്നു.വില്ലനായിരുന്ന രാജന്‍പി.ദേവും ജനാര്‍ദ്ദനനും മോഹന്‍ലാലും ഒക്കെ പ്രേക്ഷകസിമ്പതി നേടീ പോസിറ്റീവ് കഥാപാത്രങ്ങളായി മാറിയ പോലെ പിണറായിയും ജനമനസ്സില്‍ പരിണമിക്കുന്നു.
കഥയില്‍ പുതിയ വില്ലന്‍ വേണം.എങ്കിലെ എരിവോടെ ജനം വായിക്കൂ,റ്റി.വി.കാണൂ.അതിനായി മാധ്യമങ്ങള്‍ സൃഷ്ടിച്ച പുതിയ വില്ലന്മാരാണ് ഇസ്മയിലും സി.പി.ഐയും.

വിചാരം said...

ഈ വിശദീകരണത്തിന് വലിയ നന്ദിയുണ്ട് രാധേയാ..
സിയ വന്നിതൊന്ന് വായിക്കുക.. ദയവായി

പിപ്പിള്‍സ്‌ ഫോറം. said...

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

സി പി ഐ യും പിണറായിയും പിണറായിയുടെ ദീപികയടക്കമുള്ള മീഡിയ സിന്‍ഡിക്കേറ്റും മുന്നാര്‍ ദൗത്യസംഘത്തിന്നെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങി യിരിക്കുന്നു.ഇവരുടെ ഉദ്ദേശം വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ്‌.ഇന്നലെവരെ പൊളിക്കുന്നത്‌ കാണാന്‍ വന്നിരുന്ന ജനം അനധികൃത കയ്യേറ്റങ്ങളെ പൊളിക്കാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ദൗത്യസേനയെ പഴിപറഞ്ഞ്‌ കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം

Radheyan said...

ഇത്രയും നീണ്ട ഒരു ആര്‍ട്ടിക്കിള്‍ വായിച്ചിട്ട് പീപ്പിള്‍സ്(അച്ചൂസ്?)ഫോറത്തിന് എന്ത് മനസ്സിലായി? എനിക്ക് കൈയ്യേറ്റം ന്യായീകരിക്കേണ്ട കാര്യമൊന്നുമില്ല.

ഒരുമാതിരി കവലപ്രസംഗം പോലെയോ മംഗളം പത്രം മുഖപ്രസംഗം എഴുതുന്ന പോലെയോ അടുക്കളപെണ്ണുങ്ങള്‍ കുന്നായ്മ പറയുന്നപോലെയോ പറയാതെ പോയിന്റ് ബൈ പോയിന്റായി കാര്യങ്ങള്‍ പറയൂ സുഹൃത്തേ

ഷാനവാസ്‌ ഇലിപ്പക്കുളം said...

രാധേയാ സി. പി. ഐ യെ ക്കുറിച്ച് ഇത്രനാളും വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ലത്ത്ത് ഒരാളായിരുന്നു ഞാനും. മാധ്യമ സിന്ദിക്കേറ്റുകള്‍ നടത്തുന്ന കുപ്രചരണങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ലെങ്കിലും ചില സംശയങ്ങള്‍ മാത്രം ബാക്കി നില്കുന്നതുകൊണ്ട് ചോദിക്കുകയാണ്‌ 1. 1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേതെന്നും, അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ചെയ്യുന്നതില്‍ അപാകതയില്ലെന്നും അറിയാമായിരുന്ന പാര്‍ട്ടി പിന്നെ യെന്തിനാണ്‌ 1999-ല്‍ ഇതേസ്ഥലത്തിന്‌ രവീന്ദ്രന്‍ പട്ടയം വാങ്ങിയത്‌?
2. പട്ടയം വാങ്ങുമ്പോള്‍ അതിലെ നിര്‍മ്മാണത്തെ സംബന്ധിച്ച് എന്തെങ്കിലും നിബന്ധനയുണ്ടായിരുന്നോ?
3. രവീന്ദ്രന്‍ പട്ടയം അനുവദിക്കാനടിസ്ഥാനമായ മഹ്സറില്‍ പാര്‍ട്ടിസെക്രട്ടറിയും ഭാര്യയും മൂന്നാറിലെ സ്ഥിരം താമസക്കാരാണെന്നും , അവര്‍ കൃഷിക്കുവേന്ടിയാണ്‍ പ്രസ്തുത സ്ഥലം ഉപയോഗിക്കുന്നതെന്നും കാണിച്ചിരുന്നുവെന്ന മാധ്യമറിപ്പോറ്ട്ടുകള്‍ വാസ്തവ വിരുദ്ധമാണോ? 4. ആണെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്ക്കെതിരേ പാറ്ട്ടി നടപടിക്ക് മുതിരുമോ? 5. നാഷണല്‍ ഹൈവേയുടെ ദൂരപരിധി ലംഘിച്ചു ഒന്നാം നിലയിലേക്കുള നടപ്പാത നിര്‍മ്മിച്ച നടപടി ശരിയാണെന്ന് പാറ്ട്ടി അംഗീകരിക്കുന്നുണ്ടോ? 6. നടപ്പാത പൊളിച്ച നടപടിയെയാണോ അതോ അതിനാവശ്യമായ സമയം നല്‍കാതെ ധൃതി വെച്ചു പൊളിച്ചുവെന്നതാണോ ദൌത്യസംഘത്തില്‍ പാറ്ട്ടി കാണുന്ന കുറ്റം? 7. "സി.പി.ഐ കയ്യേറ്റക്കാരാണെന്ന് മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കാന്‍വേണ്ടി ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച നാടകമാണ്‍ ഈ പൊളിക്കല്‍" ആരാണീ ചിലര്‍?
8.പൊളിക്കല്‍ നടത്തി 18 ദിവസം വരെയുണ്ടാകാത്തത്ര( പന്ന്യനെ ഇത്രയും വികാരഭരിതനായി ഇതിന്‌ മുന്പ് കണ്ടിട്ടില്ല!) പ്രതിഷേധക്കൊടുങ്കാറ്റ് അതുകഴിഞ്ഞുണ്ടായത്‌ എന്തുകൊണ്ടാണ്‌? 9. മുന്പുണ്ടായിട്ടുള്ള കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പൊളിപ്പിക്കലില്‍ നിന്നും പാറ്ട്ടി ഓഫീസിനെ സംരക്ഷിക്കാന്‍ 4 മന്ത്രിമാരുള്ള പാര്‍ട്ടിക്ക് കഴിയാതിരുന്നതാണോ അതോ ശ്രമിക്കാതിരുന്നതാണോ?10. സി.പി.ഐ കൂടി ചേര്‍ന്ന് എടുത്ത ഒഴിപ്പിക്കല്‍ തീരുമാനത്തിന്റെ ജനസമ്മിതി ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് കരുതാന്‍ പാര്‍ട്ടിക്കാകുമോ?11. ഉപസമിതി തീരുമാനത്തിന്‌ ദൌത്യസംഘത്തെയും മുഖ്യമന്ത്രിയേയും കീഴ്പെടുത്തുക വഴി ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത വര്‍ധിച്ചതായി തോന്നുന്നുണ്ടോ?12. രവീന്ദ്രന്‍ പട്ടയങ്ങളുടെ സാധുതയെപ്പറ്റി പാര്‍ട്ടിക്ക് പൂര്‍ണ്ണവിസ്വാസമുണ്ടോ?13. 1970-77-ല്‍  അച്ചുതമേനോന്‍ സര്‍ക്കാര്‍ ടാറ്റയില്‍ നിന്നു പിടിച്ചെടുത്തെന്നവകാശപ്പെടുന്ന സ്ഥലം അന്നേ വേലി കെട്ടി തിരിച്ചിട്ടിരുന്നോ? അതിപ്പോഴും സറ്ക്കാരിന്റെ കയ്യില്‍ തന്നെ യാണോ? ഇല്ലെങ്കില്‍ പിന്നീടുവന്ന സി.പി.ഐ റവന്യൂ മന്ത്രിമാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?14. പാര്‍ട്ടി കുത്തക മുതലാളികളേപ്പോലെ സുഖവാസ കേന്ദ്രങ്ങള്‍ നടത്തി പണംകൊയ്യുന്ന ലിമിറ്റഡ് കമ്പനികളേപ്പോലെ ലാഭം കൊയ്യാനുള്ള സ്ഥാപനമാകുന്നത്‌ ശരിയാണോ?

എം എന്‍ നേപ്പോലെയും, അച്ചുതമേനോനേപ്പോലെയും, പി.കെ.വി യെപോലെയും, പന്ന്യനേപ്പോലെയുമുള്ള കറപുരളാത്ത മനുഷ്യസ്നേഹികളായ കമ്യൂണിസ്റ്റുകാരെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ ഇസ്മായീലിനെയൊന്നും ആ ഗണത്തില്‍  പെടുത്തുന്നത്‌ കടന്ന കയ്യല്ലേ?പാര്‍ട്ടി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്നിന്നും കരകയറുമെന്ന് പ്രതീക്ഷി ക്കുന്നു. പക്ഷേ മുകളില്‍ പറഞ്ഞ സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുകയും ചെയ്യുന്നു. സംശയങ്ങള്‍ ദൂരീ കരിക്കും എന്ന പ്രതീക്ഷയോടെ ....

Radheyan said...

ഷാനവാസ്,ചോദ്യങ്ങള്‍ക്ക് നന്ദി.

ആദ്യത്തെ ചോദ്യത്തിന് ഞാന്‍ വ്യക്തമായി ഉത്തരം എഴുതിയിട്ടുണ്ട്.1937ല്‍ പട്ടയം കിട്ടുകയും 59ല്‍ വിലയ്ക്ക് വാങ്ങുകയും ചെയ്ത ഭൂമിക്കല്ല 99ല്‍ പട്ടയം കിട്ടിയത്.അതിനോട് ചേര്‍ന്നുള്ള 4 സെന്റ് വിരിവിനാണ്.ഇതൊരു സാധാരണ പ്രക്രിയ മാത്രമാണ്

2.സ്വന്തം സ്ഥലത്തിന് ഭൂവിനിയോഗത്തിന് നിബന്ധനകളില്ല.സ്വന്തമായ ഏഴര സെന്റിലാണ് പാര്‍ട്ടിയുടെ കെട്ടിടം.എന്റെ അറിവില്‍ പട്ടയം കിട്ടിയ 4 സെന്റ് വിരിവ് അണ്‍ബില്‍ട്ട് ഏര്യ ആയി അവിടെ ഉണ്ട്.അതിന്റെ വിനിയോഗത്തിന് നിബന്ധന ഉണ്ട്.അത് ഉപയോഗിച്ചിട്ടില്ലാത്തിടത്തോളം സി.പി.ഐ. അത് ലംഘിച്ചിട്ടില്ല.

3.കമ്യൂണീസ്റ്റ് പാര്‍ട്ടിയുടെ സ്വത്തുക്കള്‍ സാധാരണ സെക്രട്ടറിയുടെ പേരിലാണ്.ഏഴര സെന്റ് അങ്ങനെയാണ് പി.കെ.വിയുടെ പേരില്‍ വന്നത്.സ്വാഭാവികമായി അതിനോട് ചേര്‍ന്നുള്ള വിരിവിന് പട്ടയത്തിന് അപേക്ഷിക്കുമ്പോള്‍ മഹസ്സര്‍ അങ്ങനെയെ പൂരിപ്പിക്കാനാവൂ.യഥാര്‍ത്ഥ ഭൂമി ആരുടെ പേരിലാണോ അയാളുടെ പേരില്‍ തന്നെയാണ് വിരിവിനും പട്ടയം അപേക്ഷിക്കേണ്ടത്.ഇതിനെ മനോരമാ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
അതില്‍ ഒരു അസ്വാഭാവികതയുമില്ല.ഇന്നലെ സിയയുടെ പോസ്റ്റില്‍ അനംഗാരി ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

4.സി.പി.ഐയുടെ ഓഫീസ് ദേശീയപാത കൈയ്യേറി നിര്‍മ്മിച്ചതല്ല.മറിച്ച് ദേശീയ പാതയില്‍ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാലാണ് അതിന്റെ മുഖപ്പ് പൊളിച്ചത്.അതിനുള്ള ന്യായം ബിജിമോള്‍ എം.എല്‍.എ ആദ്യം തന്നെ പറഞ്ഞിരുന്നു.പാര്‍ട്ടി ഓഫീസ് നിര്‍മ്മികുമ്പോള്‍ അതിനു മുന്നില്‍ ദേശീയപാത ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ നിര്‍മ്മിച്ചപ്പോള്‍ ബില്‍ഡിംഗ് ചട്ടം ഒന്നും പാര്‍ട്ടി ലംഘിച്ചിരുന്നില്ല.
ബാ‍ക്കി ചോദ്യങ്ങള്‍ ഈ 4 പോയിന്റ് കൊണ്ട് അപ്രസക്തമാവുന്നു എന്ന് തോന്നുന്നു.ഏ.ഐ.ടി.യു.സിക്കും സി.പി.ഐക്കും മൂന്നാറിലുള്ള സ്വാധീനം കാലാകാലങ്ങളില്‍ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.അതും ചില മാധ്യമക്കാരുടെ സെന്‍സേഷണലിസവും ആണ് ഈ വിവാദങ്ങളൌണ്ടാക്കിയത്.

പിന്നെ പാര്‍ട്ടിക്ക് റിസോര്‍ട്ട് വേണമോ എന്ന ചോദ്യം,ഇത് പാര്‍ട്ടിക്ക് വിനോദ ചാനല്‍ വേണോ,അമ്യൂസ്മെന്റ് പാര്‍ക്ക് വേണോ എന്ന പോലെ പ്രസക്തമാണ്.അതിന് വേണ്ടവണ്ണം കണക്കും കാര്യങ്ങളുമുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം,പിരിവിന്റെ ഭാരം അത്ര ലഘൂകരിക്കപ്പെടും

binoy said...

സി പി എം ന്റെയും ഐ എന്‍ ടി യു സി യുടെയും ആപ്പിഇസുകള്‍ മുഴുവന്‍ ആയും കയ്യേറ്റ ഭൂമിയില്‍ ആണ്. പക്ഷെ മദ്യമങ്ങള്‍ സി പി ഐ യുടെ നാല് സെന്ററില്‍ കടിച്ചു തൂങ്ങുക ആയിരുന്നു.