Saturday, April 28, 2007

POWDER POWDERED (പൊടി പൊടിച്ചേ)

കഥാനായകന്‍ എന്റെ ഒരു ബന്ധു ആകുന്നു.അമ്പലപ്പുഴക്കാരായവര്‍ക്ക് ഇദ്ദേഹത്തിന്റെ കഥകള്‍ നന്നായി ആറിയാം,പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി കൊടുത്തിട്ടുണ്ട്.ചുരുക്കം പറഞ്ഞാല്‍ തെന്നാലി രാമന്‍ കഥകള്‍ പോലെയോ ഹോജാകഥകള്‍ പോലെയോ അമ്പലപ്പുഴ ക്ഷേത്രപരിസരങ്ങളില്‍ ചേട്ടന്‍ കഥകള്‍ പാറി നടന്നു.പത്രം പോലും വായിക്കാത്ത ആളായത് കൊണ്ട് ബ്ലോഗ് വായിക്കും എന്ന പേടി എനിക്കില്ല.(ഇനി ആരേലും ഊമ കത്തെഴുതി ഞാന്‍ പറയാന്‍പോകുന്ന കാര്യങ്ങള്‍ പുള്ളിയെ അറിയിക്കുമോ ആവോ)

ഇംഗ്ലീഷ് ഭാഷയെ ലോകത്തിന്റെ ഏതു കോണിലിട്ടും ആരുടെ മുന്നിലിട്ടും വധിക്കാനുള്ള ലൈസന്‍സായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.ബട്ലര്‍ ഇംഗ്ലീഷ് എന്നൊന്നും വിളിച്ച് ഞാന്‍ ബട്ലറുമാരുടെ ശത്രുത സമ്പാദിക്കാനാഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന് സ്വപിതാവില്‍ നിന്ന് ഒസ്യത്തായി കിട്ടിയതാണ് ഈ ലൈസന്‍സ് എന്ന് പറയേണ്ടി വരും.പക്ഷെ തന്തപടിക്ക് പെരുന്തച്ചന്‍ കോമ്പ്ലക്സുണ്ടാക്കും വിധം ചേട്ടന്‍ ഈ കലാപരിപാടിയില്‍ വിജയിച്ചു എന്നത് അവിതര്‍ക്കമാണ്.

കാര്‍ന്നോര്‍ കച്ചവടത്തില്‍ സമര്‍ത്ഥനായിരുന്നു.കാശൊക്കെ ഉണ്ടാക്കി പുള്ളി തറവാട്ടില്‍ നിന്നും കുറച്ചകലെ ഒരു വീട് വെച്ചു.ആ വീടിനെ എന്ത് വിളിക്കണം എന്നതില്‍ ആര്‍ക്ക് തര്‍ക്കമുണ്ടായിരുന്നെങ്കിലും പുള്ളിക്ക് ഇല്ലായിരുന്നു.OUT HOUSE.അങ്ങനെയാണ് പുള്ളി പുതിയ വീടിനെ പരാമര്‍ശിച്ച് കൊണ്ടിരുന്നത്.മനസ്സിലാകാത്ത വിവര ദോഷികള്‍ക്കദ്ദേഹം വിശദീകരിച്ച് കൊടുത്തു.വെളിയില്‍ വീട്,അതായത് തറവാടിന്റെ വെളിയില്‍ വീട്- OUT HOUSE.

മൂത്ത മകള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു,അന്നത്തെ സ്റ്റൈല്‍ വെച്ച് അമ്മയെ മമ്മിയാക്കി.കുഞ്ഞിന്റെ അപ്പി കഴുകിയും മൂത്രതുണി അലക്കിയും അതിനെ പരിപാലിക്കുന്ന അമ്മയുടെ അനുജത്തീ,കുഞ്ഞമ്മ അഥവാ ചെറിയമ്മയെ എങ്ങനെ ആധുനീകരിക്കും.
കാര്‍ണോരുടെ വൊക്കാബുലറിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ദാ വരുന്നു ‌-SHORT MUMMY-അതായത് ചെറിയമ്മ.

ഈ കാര്‍ന്നോരുടെ മകനാണ് നമ്മുടെ കഥാനായകന്‍.

സ്ഥലത്തെ സ്കൂളിലെ അധ്യാപകനും സാത്വികനും മാന്യനുമായ ഒരാള്‍ ഈ പിതാവിന്റെയും പുത്രന്റെയും കടയില്‍ വരാറുണ്ട്.രഹസ്യമായി ഗര്‍ഭനിരോധന ഉറ വാങ്ങാനായി വരുന്ന അദ്ദേഹത്തെ പിതാവ് മറ്റരുമറിയാതെ സാധനം കൊടുത്ത് സഹായിച്ചിരുന്നു.ഒരിക്കല്‍ അദ്ദേഹമെത്തിയപ്പോള്‍ സാധനം സ്റ്റോക്കില്ല.അകത്തുണ്ടോ എന്ന് നോക്കാന്‍ പിതാവ് പുത്രന് രഹസ്യമായി സന്ദേശം നല്‍കി.അകത്ത് കാണാത്തപ്പോള്‍ മകന്‍ അച്ഛനോട് വളരെ ഉറക്കെ “ ഫാദര്‍, എന്തായിത് കോണ്ഡം തീര്‍ന്നാല്‍ ഉടന്‍ വാ‍ങ്ങണ്ടേ, സാറിന് ഡെയിലി യൂസുള്ളതാണെന്ന് അറിയില്ലേ? സാര്‍ സന്ധ്യാസമയത്ത് കടയില്‍ നിറഞ്ഞിരുന്ന് പുരുഷാരത്തില്‍ നിന്നുരുകി.

സന്ധ്യക്ക് ബൂത്തില്‍ നിന്നും പാല്‍ മേടിക്കാന്‍ വന്നിട്ട് പാലുമായി കറങ്ങി നടക്കുന്ന ഒരു പയ്യനെ ചേട്ടന്‍ ഉപദേശിച്ചു.
"മോനേ,വീട്ടില്‍ പോകൂ അല്ലെങ്കില്‍ മില്‍ക് റിട്ടയര്‍ (milk retire) ആകും" (പാല്‍ പിരിയുമെന്ന് വിവക്ഷ).

ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരാളോട് പുള്ളി ഒരിക്കല്‍ ചോദിച്ചു.“നിങ്ങള്‍ ഫോര്‍ട്ടി വണിനാണോ അതോ ലാമ്പിനാണോ പോകുന്നത്” 41നാണോ മകരവിളക്കിനാണോ പോകുന്നത് എന്നാണ് ചോദ്യം

ഏറ്റവും കടുപ്പം ഇത്തവണത്തെ അമ്പലപ്പുഴ ഉത്സവം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്-

POWDER POWDERED (പൊടി പൊടിച്ചെന്ന്)

2 comments:

Radheyan said...

സന്ധ്യക്ക് ബൂത്തില്‍ നിന്നും പാല്‍ മേടിക്കാന്‍ വന്നിട്ട് പാലുമായി കറങ്ങി നടക്കുന്ന ഒരു പയ്യനെ ചേട്ടന്‍ ഉപദേശിച്ചു.
"മോനേ,വീട്ടില്‍ പോകൂ അല്ലെങ്കില്‍ മില്‍ക് റിട്ടയര്‍ (milk retire) ആകും" (പാല്‍ പിരിയുമെന്ന് വിവക്ഷ).
കുറച്ച് കാലം കൂടി ഒരു പോസ്റ്റ്....

അഭയാര്‍ത്ഥി said...

ആംഗല വാണി സ്വപ്നങ്ങള്‍.

Emergency powder powdered=അടിയന്തിരം പൊടിപൊടിച്ചു.

ഒരു പാടു ഉമ്മമാര്‍ (മുസ്ലിം സ്ത്രീകള്‍)പോകുന്നു കയ്യും കണക്കുമില്ലാതെ=So many kiss's are going without hand and arithmetic.

കീഴെ നില്‍ക്കുന്നവര്‍ അനുഭവിക്കും=understanding people will suffer
ഒരാള്‍ "ഭാര്യ പ്രസവിച്ചു കുട്ടി പെണ്ണ്‌ "എന്നത്‌ റ്റലഗ്രാമടിച്ചപ്പോള്‍ = wife delivered, the boy is a girl.


അങ്ങിനെ ആംഗല ഭാഷ എത്രയെത്ര നോര്‍മാന്മാരേക്കൊണ്ട്‌ ബലാല്‌ സിംഗം ചെയ്യപ്പെട്ടിരിക്കുന്നു രാധേയാ.

ഞാനും കിട്ടിയ അവസരമൊന്നും കളഞ്ഞിട്ടില്ല.

മലായാളിയോട്‌ ഇംഗ്ലീഷെന്ന്‌ ഞാന്‍ കരുതുന്ന ഭാഷയില്‍ സംസാരിച്ച്‌
അവസാനം ആപ്പ്‌ മലയാളി ഹായ്‌ ക്യാ എന്ന്‌ ഹിന്ദിയില്‍ ചോദിക്കുകയും ചെയ്തിട്ടുണ്ട്‌ ബോംബേയില്‍ വച്ച്‌.