Saturday, February 24, 2007

കരീബിയന്‍ കടലില്‍ കാറ്റ് മുരളുമ്പോള്‍

വന്യമായ ഒരു കരീബിയന്‍ കാറ്റായിരുന്നു ഐസക് അലക്സാണ്ടര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് എന്ന വിവിയന്‍ റിച്ചാര്‍ഡ്സ്. അയവെട്ടുന്ന പശുവിനെ പോലെ സദാ ചവച്ച്, താളത്തില്‍ ചന്തിയാട്ടി റിച്ചാര്‍ഡ്സ് നടന്ന് കയറിയത് നിരവധി ആരാധകരുടെ മനസ്സിലേക്കയിരുന്നു.മൃഗീയമായ അയാളുടെ കരവേഗങ്ങള്‍ കാണികള്‍ക്ക് ഹരമായിരുന്നു.ഒരു നേരെമെങ്കിലും ആ കരിമ്പാറക്കെട്ടുകളില്‍ ഒരു മഴയാവാന്‍, സ്വേദഹാരമാകുവാന്‍ നീനാ ഗുപ്തമാര്‍ കൊതിച്ചു. ആരെയും അദ്ദേഹം ഹതാശയരാക്കിയില്ല.സിക്സര്‍ വേണ്ടവര്‍ക്ക് അദ്ദേഹം അത് നല്‍കി(സന്താനങ്ങളെ വേണ്ടവര്‍ക്ക് അതും).ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് വെടിക്കെട്ടുകാ‍ര്‍ ഏറെ വന്നിട്ടും ക്രിക്കറ്റ് ആരാധകര്‍ റിച്ചാര്‍ഡ്സിനെ മറക്കുന്നില്ല.

ഇത്രയും ഓര്‍ക്കാന്‍ കാരണം ലോകകപ്പാണ്.ഒരു പക്ഷേ ഏറ്റവും അധികം ബിഗ് ഹിറ്ററുമാര്‍ മാറ്റുരക്കുന്ന ലോകകപ്പ് ഇതാവാം.ജയസൂര്യ,സേവഗ്,ഗില്‍ക്രിസ്റ്റ് ,ധോണി,അഫ്രീദി,ഊത്തപ്പ,ഫുള്‍ടണ്‍,കെവിന്‍ പീറ്റേഴ്സണ്‍,മക്മില്ലന്‍...അന്തമില്ലാതെ നീളുന്നു കൂറ്റനടിക്കാരുടെ പരമ്പര. കരീബിയന്‍ പടനിലങ്ങളില്‍ ഇവരാകും അങ്കകോഴികള്‍, ചാവനും കൊല്ലാനും.പ്രശസ്തരും പ്രഗല്‍ഭരും (സച്ചിന്‍,ദ്രാവിഡ്,യൂസഫ്,ഹഖ്,പോണ്ടിംഗ്..)ഒരു ചുവട് പിന്നിലേ നില്‍ക്കൂ എന്നാണ് കഴിഞ്ഞ ഒന്നര മാസത്തില്‍ നടന്ന കളികള്‍ സൂചിപ്പിക്കുന്നത്.

സ്വതവേ ഇരട്ടവേഗതയുള്ള പിച്ചുകളാണ് വിന്‍ഡീസിലേത്. ബാറ്റ്സ്മാന്‍ വെറുക്കുന്ന പിച്ചുകള്‍.പക്ഷേ കാണികളില്‍ നിന്നും സം പ്രേക്ഷണത്തില്‍ നിന്നും കോടികള്‍ പ്രതീക്ഷിക്കുന്ന ICC അത്തരം വിക്കറ്റുകളെ അനുകൂലിക്കാനിടയില്ല.ബാസ്കറ്റ് ബോളിലേക്കും ബേസ്-ബോളിലേക്കും മാ‍റി പോകുന്ന കരീബിയന്‍ യുവത്വത്തിനെ ക്രിക്കറ്റിലേക്ക് മടക്കി കൊണ്ട് വരണമെന്ന് അവിടുത്തെ ബോര്‍ഡും ആഗ്രഹിക്കുന്നു.അപ്പോള്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സാധ്യതക്കളെ കുറിച്ച് പ്രവചനം അസാധ്യമാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം.നാലു ടീമുകള്‍ വെല്‍ സെറ്റാണ്.ഇംഗ്ലണ്ട്,ന്യൂസിലാണ്ട്,ദ.ആഫ്രിക്ക,ഇന്ത്യ എന്നിവര്‍.കോമ്പിനേഷന്‍സിനെക്കുറിച്ച് ഇവര്‍ക്ക് വലിയ കണ്‍ഫ്യൂഷനില്ല എന്നത് മാത്രമാണ് വെല്‍ സെറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓസ്റ്റ്റേലിയ,പാക്കിസ്ഥാന്‍,ശ്രീലങ്ക ഇവര്‍ക്കെല്ലാം തന്നെ അപാരമായ പ്രഹരശേഷിയുമായി തല്‍ക്കാലം സംഭവിച്ച തിരിച്ചടികളില്‍ നിന്നും ഉയര്‍ന്ന് വരാന്‍ കഴിവുണ്ട്. ആതിഥേയര്‍ എന്ന നിലയില്‍ വിന്‍ഡീസിന് മറ്റാര്‍ക്കുമില്ലാത്ത ഒരു അഡ്വാന്റേജുമുണ്ട്.ഇതെല്ലാം ചേരുമ്പോള്‍ പാഴൂര്‍ പടിപ്പുരയിലിരിക്കുന്നവരും ഒന്ന് മടിക്കും പ്രവചനം നടത്താന്‍.

കടലാസ്സിലെങ്കിലും ഏറ്റവും ശക്തര്‍ ഇന്ത്യ ആണ്.7 ബാറ്റ്സ്മാന്മാര്‍, 3 മീഡിയം പേസറുമാര്‍,1 സ്പിന്നര്‍ ഇതാവും ഇന്ത്യന്‍ കോമ്പിനേഷന്‍.ഗ്രൌണ്ട് ചെറുതാണെങ്കില്‍ ഇത് 4 മീഡിയം പേസറുമാരാക്കനും വിഷമമില്ല.അതിനുള്ള കോപ്പ് ഇന്ത്യയുടെ കയ്യിലുണ്ട്.7 ബാറ്റ്സ്മാന്മാര്‍ക്കും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.അതില്‍ ധോണി,ഉത്തപ്പ,സേവഗ്,യുവരാജ് എന്നിവര്‍ ഏത് ഇക്വേഷനും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍.ദ്രാവിഡ് സച്ചിന്‍ ഗാംഗുലി ത്രയം 10000 ത്തിനു മേല്‍ സ്കോര്‍ ചെയ്തിട്ടുള്ള 6 പേരില്‍ 3 പേര്‍.ബോളിംഗില്‍ സഹീര്‍ തകര്‍പ്പന്‍ ഫോമിലാണ്.അഗര്‍ക്കാര്‍ കരിയറിലെ ഏറ്റവും നല്ല സമയത്ത്,ആക്രമണത്തിന് ശ്രീശാന്ത്, കണിശതക്ക് മുനാഫ് പട്ടേല്‍,പ്രവചനാതീതമായ ഹര്‍ഭജന്‍.മേമ്പൊടിയായി പത്താനും കുംബ്ലേയും. ഏറ്റവും സാധ്യതയുള്ള റ്റീം ഇന്ത്യ തന്നെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഏട്ടിലെ പശു ഇനി പുല്ലു തിന്നില്ലെങ്കിലോ.....

ന്യൂസിലാന്റിന്റെ കഴിഞ്ഞ ഓസീസുമായുള്ള കളി വെച്ച് അളക്കണ്ട എന്ന് തോന്നുന്നു.ന്യൂസിലാന്റ് അതി ഭയങ്കരമായ ഹോം ഗ്രൌണ്ട് അഡ്വാന്റേജുള്ള ടീമാണ്.അവിടുത്തെ കാലവസ്ഥയും ഗ്രൌണ്ടുകളുടെ ഓവല്‍ ഷേപ്പുമാണ് അതിനു കാരണം എന്ന് തോന്നുന്നു. സ്ക്ക്വയര്‍-ലെഗിലൊക്കെ എത്ര സിക്സാണ് പിറക്കുന്നത്? .എങ്കിലും നല്ല ഒരു യുവ നിരയാണ്.ആ‍വശ്യത്തിനു പരിചയസമ്പന്നതയുമുണ്ട്.ഫ്ലെമിംഗിന്റെ നായകത്വമാണ് അവരുടെ USP.

ദ.ആഫ്രിക്ക ഫോമിലുള്ള റ്റീമാണ്.പക്ഷേ കാലിസിലിള്ള അമിത ആശ്രയം അവര്‍ക്ക് ദോഷം ചെയ്യും.പൊള്ളോക്ക്,സ്മിത്ത്,പ്രിന്‍സ്, പിന്നെ ഇതു വരെ തന്റെ പ്രതിഭയോട് നീതി പുലര്‍ത്താത്ത ഗിബ്സ് എന്നിവര്‍ ഒത്തു പിടിച്ചാല്‍ കപ്പില്‍ ചുംബിക്കാന്‍ അവര്‍ക്കും നല്ല സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന് അടുത്ത കാലത്ത് നേടിയ വിജയങ്ങള്‍, അതും പരാജയത്തിന്റെ പരമ്പരകള്‍ക്ക് ശേഷം,ഫ്ലൂക്കല്ലെന്ന് തെളിയിക്കണം.പുതുമുഖങ്ങള്‍ പലരും വെറും കാടന്‍ അടിക്കാരാണെന്നുള്ളത് പോരായ്മയാണ്.ഇത്തരക്കരുടെ ദൌര്‍ബല്യങ്ങള്‍ വേഗം പുറത്താകും.പീറ്റേഴ്സണ്‍,കോളിന്‍വുഡ്,ഫ്ലിന്റോഫ് എന്നിവരിലാണ് റ്റീമിന്റെ പ്രതീക്ഷകള്‍.ബോളിംഗ് പരിചയക്കുറവുള്ള ഒരു നിരയുടെ കൈയ്യിലാണെന്നത് വീഴ്ച്ചയാവാം.നേട്ടവുമാവാം അതിന്റെ ഫ്രഷ്നെസ്സ്

പാക്കിസ്ഥാന്‍ പഴയ പ്രതാപകാലത്തിന്റെ നാലിലൊന്ന് ഗുണമുള്ള ബോളിംഗ് അറ്റാക്കില്ല എന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്.ബാറ്റിംഗ് തരക്കേടില്ല.അഫ്രീദിയൊക്കെ പേരിന്റെ നിഴലാണെങ്കിലും.മുഹമ്മദ് യൂസഫാണ് റ്റീമിന്റെ നെടുംതൂണ്‍.അദ്ദേഹം അപാര ഫോമിലുമാണ്.

ശ്രീലങ്കയുടെ വിജയം ഒരു അട്ടിമറി സാധ്യതയായേ കണക്കാക്കാനാവൂ.അല്ലെങ്കില്‍ ജയസൂര്യ കില്ലിംഗ് ഇന്‍സ്റ്റിങ്ക്റ്റുമായി ഉയര്‍ന്ന് വരണം.അസംഭവ്യമല്ല.എങ്കിലും സാധ്യത വിരളം.മുരളി മാജിക്കും എത്ര ഫലിക്കുമെന്നറിയില്ല കരീബിയന്‍ പ്രതലങ്ങളില്‍,മാത്രമല്ല ഇന്ത്യയുടെ ഗ്രൂപ്പിലാണെന്നുള്ളത് അവരുടെ വഴി ദുഷ്കരമാക്കുന്നു.

ഓസീസ്....... എന്താണ് അവര്‍ക്ക് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല. കൂറ്റന്‍ സ്കോറുകള്‍ പോലും പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു.മക്ഗ്രാത്തിനു ശേഷം പ്രളയം എന്ന അവസ്ഥയാണോ.മക്ഗ്രാത്തിന് ഒറ്റക്ക് എന്തു ചെയ്യാന്‍ കഴിയും.പുതുമുഖങ്ങളില്‍ നിന്ന് ഒരു മാച്ച് വിന്നര്‍ ഉണ്ടാകുമോ?സൈമണസിന്റെ പരിക്ക് അവരെ വല്ലാതെ ബാധിക്കുമോ? ഇതിനെല്ലാമുള്ള ഉത്തരം വെള്ളിത്തിരയില്‍ മാത്രം...........(സോറി കരീബിയന്‍ പുല്‍മൈതാനങ്ങളില്‍ മാത്രം).

റിച്ചാര്‍ഡ്സ് എന്ന വന്‍വെടിക്കെട്ടുകാരന്റെ നാട്ടിലാണ് ഇത്തവണ പൂരം. സാധാരണ ഉടുക്ക് കൊട്ടലൊന്നും അവിടുത്തെ പട്ടികളെ ഭയപ്പെടുത്തില്ല,കാണികളെ തൃപ്തിപെടുത്തുകയുമില്ല.കരീബിയന്‍ കടലില്‍ നിന്നും ഒരു കൊടും കാറ്റിന്റെ ഹൂംകാരമുയരുന്നുണ്ടോ, നമ്മുക്ക് കാതോര്‍ക്കാം.

3 comments:

Radheyan said...

റിച്ചാര്‍ഡ്സ് എന്ന വന്‍വെടിക്കെട്ടുകാരന്റെ നാട്ടിലാണ് ഇത്തവണ പൂരം. സാധാരണ ഉടുക്ക് കൊട്ടലൊന്നും അവിടുത്തെ പട്ടികളെ ഭയപ്പെടുത്തില്ല,കാണികളെ തൃപ്തിപെടുത്തുകയുമില്ല.കരീബിയന്‍ കടലില്‍ നിന്നും ഒരു കൊടും കാറ്റിന്റെ ഹൂംകാരമുയരുന്നുണ്ടോ, നമ്മുക്ക് കാതോര്‍ക്കാം

Unknown said...

2003ലെ ലോകകപ്പ് ഫൈനല്‍ ആദ്യത്തെ ദിവസം മുതല്‍ തന്നെ പ്രവചിക്കാവുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ഇന്ത്യയും ആസ്ത്രേലിയയും ഒഴികെ മിക്ക ടീമുകളും മങ്ങിയ ഫോമിലായിരുന്നു. എന്നാല്‍ ഇത്തവണ ഒരു പ്രവചനം എളുപ്പമല്ല എന്ന് പറഞ്ഞത് ശരിയാണ്.

കൂടാതെ പവര്‍പ്ലേകളും മറ്റുമായി (റണ്ണൊഴുക്കിനെ കൂട്ടാന്‍ സഹായിക്കുന്ന എന്ന് വിലയിരുത്തപ്പെടുന്ന) പല നിയമങ്ങളും ആദ്യമായി നിലവില്‍ വരുന്ന ലോകകപ്പുമാണ് ഇത്. ഈ പുതിയ നിയമമാറ്റങ്ങള്‍ ഇത് വരെ വലിയ വ്യത്യാസമൊന്നും കളിയുടെ ശൈലിയില്‍ വരുത്തിയിട്ടില്ലങ്കിലും സ്കോറുകള്‍ ഉയരങ്ങള്‍ കീഴടക്കുന്നുണ്ട് പൊതുവില്‍.

മറ്റൊരു കാര്യം പൊതുവെ ആഗോള തലത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ ഉണ്ടായ മാറ്റങ്ങള്‍ കണ്ണില്‍ പെടാത്ത നിയമമാറ്റങ്ങള്‍ ഈ ചെറിയ ഒരു ടൂര്‍ണമെന്റില്‍ വഹിക്കുന്ന പങ്ക് നിരീക്ഷിക്കുക എന്നത് കൌതുകകരമാവും എന്ന് ഞാന്‍ കരുതുന്നു. ലോകകപ്പിനായി കാത്തിരിക്കുന്നു.

ഓടോ: സ്റ്റാറ്റിസ്റ്റിക്സ് വെച്ച് വിലയിരുത്താനാവാത്ത ഏക ടീം ഇന്ത്യയാണ്. പാകിസ്താനും പിടിതരാറില്ല. അത് കൊണ്ട് കണ്ടറിയാം. :-)

അനംഗാരി said...

രാധേയാ..എനിക്കൊന്നും വായിക്കാന്‍ കഴിയുന്നില്ല.ടെം‌പ്ലേറ്റിന്റെ കുഴപ്പം.അതോ ഞാന്‍ വയസ്സയോ?


qw_er_ty