Tuesday, February 13, 2007

അലിയറിയുമോ അങ്ങാടി വാണിഭം

അലിയെന്നാല്‍ മഞ്ഞളാംകുഴി അലി അല്ലെങ്കില്‍ മാക് അലി. അലിക്ക് എ.കെ.ജി സെന്റര്‍ എന്ന അങ്ങാടിയിലെ വാണിഭങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മറ്റാരുമല്ല അങ്ങാടി മൊത്തമായി മൂന്നു കൊല്ലത്തേക്ക് പാട്ടത്തിനു പിടിച്ച കരാറുകാരനായ പിണറായി വിജയനാണ്.

വിജയന്‍ മനസ്സില്‍ കണ്ടാല്‍ മതി ഫാരിസ് അതനുസരിച്ച് എഴുതിയിരിക്കും.ഫാരിസ് എന്നാല്‍ ദീപിക കൈപ്പിടിയില്‍ ഒതുക്കിയ സിംഗപ്പൂര്‍ മുതലാളി.വിജയന്റെ ഇഷ്ടതോഴന്‍.പരമ്പരാഗത കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ് ദീപിക.കത്തനാരുടെ പത്രത്തിന് കമ്മ്യൂണിസ്റ്റ്കാരോട് എന്താ ഇത്ര സ്നേഹം എന്ന് ചിന്തിച്ച് വായിച്ച് നോക്കുമ്പോളാണ് താല്‍പ്പര്യം കമ്മ്യൂണിസത്തോടല്ല മറിച്ച് പിണറായി-കോടിയേരി അച്ചുതണ്ടിനോടാണെന്ന് മനസ്സിലാകുന്നത്.ഒന്നാം നമ്പര്‍ ശത്രു മുഖ്യമന്ത്രി,രണ്ടാമത്തേത് സി.പി.ഐ.പക്ഷേ കര്‍ത്താവ് കനിഞ്ഞ് അധികം പേര്‍ ഈ അവരാതം വായിക്കാത്തതു കൊണ്ട് രണ്ടുകൂട്ടരും രക്ഷപെട്ട് നില്‍ക്കുന്നു.

വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാട്പെടുന്നു എന്ന് വിജയന്‍ തന്റെ ജിഹ്വയായ ദീപികയിലൂടെ അദ്ദേഹം പരാതി പറയുന്നു.അഴിമതി അന്വേഷണത്തെ ധീരമായി നേരിട്ട പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്.ആദ്യ മന്ത്രിസഭയുടെ കാലത്തെ അരി അഴിമതി ആരോപണത്തെക്കുറിച്ച് ഓര്‍ക്കുക.എന്നാല്‍ ഒരാള്‍ ഖജനാവിലെ പണം ദുര്യുപയോഗിച്ച് വലിയ വക്കിലന്മാരെ വരുത്തി അന്വേഷണത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം അതിലൂടെ പൊതു സമൂഹത്തോട് എന്താണ് പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സികുന്നില്ല എന്നത് ആരെയും അല്‍ഭുതപ്പെടുത്തുന്നു.

ഐസ്ക്രീം വാണിഭം ഇന്ത്യാവിഷനിലൂടെ പുനര്‍ജനിച്ചപ്പോള്‍ അന്ന് അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ആ‍ാളാണ് വിജയന്‍.(അദ്ദേഹത്തിന്റെ സില്‍ബന്തി തന്നെയാണ് കുഞ്ഞാലികുട്ടിയെ രക്ഷപെടുത്തിയതെന്ന ആരോപണം നിലനില്‍ക്കുമ്പോളാണ് ആദ്ദേഹം പ്ലേറ്റ് മാറ്റിയത്).കേരളം കണ്ട ജുഡീഷ്യല്‍ അട്ടിമറിയിലൂടെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ പിണറായി ആദ്യം ചെയ്തത് അതിലെ പ്രതിയെ സ്പോര്‍ട്ട്സ് കൌണ്‍സില്‍ അദ്ധ്യക്ഷനാക്കുകയായിരുന്നു.അവര്‍ക്കെതിരെ സര്‍ക്കാര്‍ അപ്പില്‍ നല്‍കുന്നു എന്ന വസ്തുത പോലും പിണറായി സംഘം വകവെച്ചില്ല. ജനം അദ്ദേഹത്തെ സംശയാസ്പദമായ രാഷ്ട്രീയേതര ബന്ധമുള്ളയളെന്ന് സംശയിച്ചാല്‍ കുറ്റം പറയാമോ.

അച്ചുതാനന്ദന്‍ ഒരു ആദര്‍ശശാലിയാണെന്ന അഭിപ്രായമൊന്നുമില്ല.പ്രത്യേകിച്ച് അരുണ്‍കുമാറിനെ പോലുള്ള ഒരു കരുപ്പ് ഉള്ള സാഹചര്യത്തില്‍.മകനെ തള്ളി പറയാന്‍ രാഷ്ട്രീയക്കാരായ മറ്റ് പല പിതാക്കന്മാരെ പോലെ അദ്ദേഹത്തിനും മടിയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പല നിലപാടുകളും കേരളം ഇടം വലം വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്നു,പിന്തുണയ്ക്കുന്നു.എവിടെയോ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കാണുന്നു.തിന്മയുടെ അച്ചുതണ്ടുകളാല്‍ പട്ട് പോയ ഒരു ജനത അതിലെ അവശേഷിക്കുന്ന നന്മകള്‍ പ്രചോദിപ്പിക്കാന്‍ പ്രാപ്തനായ ഒരാള്‍ എന്ന് അദ്ദേഹത്തെ കുറിച്ച് ധരിക്കുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ അദ്ദേഹമായിരുന്നു ഇടതുപക്ഷത്തെ ജൈവമാക്കി നിര്‍ത്തിയിരുന്നത്.അല്ലാതെ വഴിപാട് സമരങ്ങളോ കൊട്ടിഘോഷിക്കപ്പെട്ട കേരള മാര്‍ച്ചോ ആയിരുന്നില്ല.ഇത് ജനം നന്നായി മനസ്സിലാക്കുകയും ചെയ്തു.അത് കൊണ്ട് തന്നെ അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ ജനം അധികം പ്രതീക്ഷിക്കുന്നു.അവിടെ അദ്ദേഹത്തെ നിസ്തേജനാക്കി നാണം കെടുത്തുക എന്നതാ‍ണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയം.

അലിയിലേക്ക് മടങ്ങി വരാം.അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പിണറായിയെ ചൊടിപ്പിച്ചത് താഴെ പറയുന്ന മൂന്ന് അഭിപ്രായങ്ങളാണ്.
1. പാര്‍ട്ടി അച്ചുതാനന്ദനെ പലതും ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന തോന്നല്‍ ജനത്തിനുണ്ട്, ആ വികാരം ഞാനും പങ്ക് വെക്കുന്നു.
2. അച്ചുതാനന്ദന്റെ നിലപാടുകളെ താന്‍ പിന്താങ്ങുന്നു.
3. എ.ഡി.ബി. വായ്പ വാങ്ങുന്നതിനോട് യോജിപ്പില്ല.അല്ലെങ്കില്‍ അതിനെതിരേ കഴിഞ്ഞ് കാലത്ത് ഞാ‍നടക്കമുള്ളവര്‍ സഭക്കകത്തും പുറത്തും കാട്ടിയത് വെറും തട്ടിപ്പാണെന്ന് ജനം കരുതും.

ഒന്നാമത്തെ തോന്നല്‍ സാക്ഷാല്‍ കാരാട്ട് ശരി വെച്ചതാണ്. സര്‍ക്കാരിന് പാര്‍ട്ടിയുമായുള്ള ഏകോപനകുറവ് നിമിത്തം വേണ്ടത്ര കാര്യക്ഷമതയോടെ നീങ്ങാനാവുന്നില്ല എന്ന് പ്രകാശ് പറഞ്ഞിരുന്നു. ഈ അറിവ് അലിക്കെങ്ങനെ കിട്ടി എന്ന് ചോദിക്കുമ്പോള്‍ പ്രകാശ് പത്രസമ്മേളനം നടത്തി പറഞ്ഞു തന്നു എന്നാണ് നിസ്സാരമായ ഉത്തരം. അതോ ഇനി ഭിക്ഷയില്ല എന്ന് പറയാന്‍ കാരണവര്‍ക്ക് മാത്രമേ അവകാശമുള്ളു എന്ന് പറയും പോലെ ഇതൊക്കെ ജ.സെക്രട്ടറി പറഞ്ഞാല്‍ മാത്രമേ വകവെയ്ക്കൂ എന്നുണ്ടോ?

രണ്ടാമത്തെ പോയിന്റ് അച്ചുതാനന്ദന്റെ നിലപാടിനെ പിന്താങ്ങുന്നു എന്ന് മാത്രമേ അലി പറഞ്ഞുള്ളൂ.അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.ജി.സുധാകരന്‍ പറയും പോലെ അച്ചുതാനന്ദന്‍ പിണറായിയുടെയും ഗുരുവല്ലേ.ഇനി പിണറായിയുടെയോ മറ്റോ നിലപാടുകളെ എതിര്‍ക്കുന്നതായി അലി പറഞ്ഞുമില്ല.പിന്നെ അതില്‍ കോപമെന്തിന് സഖാവേ? അല്ലെങ്കില്‍ ഈ കോപം തന്നെ ആദ്യത്തെ പോയിന്റിനെ സാധൂകരിക്കുന്നില്ലേ?

എ.ഡിബി. വായ്പ മുന്നണി അംഗീകരിക്കാനിരിക്കുന്നതേയുള്ളൂ.അതിനെ കുറിച്ച് ഒരു വേറിട്ട നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് സ്വതന്ത്ര അംഗം. മാത്രമല്ല അതിനെക്കുറിച്ച് അലി അതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം സാധാരണക്കാര്‍ക്ക് തോന്നുന്ന നിസ്സാര സംശയമാണ്.എന്തിനായിരുന്നു ഈ കോലാഹലം. നാഴികക്ക് നാല്‍പ്പത് വട്ടം മാറ്റിപറയാന്‍ രാഷ്ട്രീയക്കാരന് കഴിയും.പക്ഷേ കച്ചവടക്കാരന് കഴിയില്ല.കാരണം ബിസിനസ്സില്‍ വാക്കാണ് വലുത്.അവിടെ പിതൃശൂന്യതക്ക് സ്ഥാനമില്ല.അലി വാക്കിന് നെറിയുള്ള കച്ചവടക്കാ‍രനാണ്.

പക്ഷേ അലിയുടെ കച്ചവടമല്ല പിണറായിയുടെ കച്ചവടം.അവിടെ മുന്നണി ഇതര ജാര ബന്ധങ്ങളാവാം.പറഞ്ഞ വാക്ക് വിഴുങ്ങാം.കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം വെച്ച് മടങ്ങും വഴി അവരെ വെടിവെച്ച് കൊന്ന കരുണാകരന്റെ വീട്ടില്‍ കയറി സദ്യ ഉണ്ണാം.അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് അതേ ശ്വാസത്തില്‍ രോഗശാന്തി ശ്രുശ്രൂഷക്ക് ഹാലേലൂയാ പാടാം.അലിയറിയുമോ ഈ അങ്ങാടിയിലെ വാണിഭം??

ദീപികയെ ഉപയോഗിച്ചുള്ള ഈ നിഴല്‍കുത്ത് വേണ്ട.നട്ടെളുള്ള രാഷ്ട്രീയക്കാരനാണ് വിജയന്‍ എന്നാണ് വെയ്പ്.വിമര്‍ശിക്കനുള്ളത് സി.പി.ഐ യെ ആയി കൊള്ളട്ടെ അച്ചുതാനന്ദനെ ആയിക്കൊള്ളട്ടെ അതങ്ങ പറയുകയെല്ലേ ഉചിതം.അതിന് കൂലിയെഴുത്തിന്റെ ആവശ്യമുണ്ടോ?ഇനി പറയണമെങ്കില്‍ സ്വന്തമാ‍യി ഒരു പത്രം തന്നെ ഉണ്ടല്ലോ.വിമോചന സമരക്കാരുടെ പത്രം പിന്തുണക്കുന്നത് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റിനെ ആവാന്‍ തരമില്ല. കമ്മ്യൂണിസ്റ്റ് ട്രോജന്‍ കുതിരയില്‍ ഒളിപ്പിച്ച ഒരു അഞ്ചാം പത്തിയെ മാത്രമേ അവര്‍ക്ക് പിന്താങ്ങാനാവൂ.

Disaster management ല്‍ ഉള്‍പ്പെടുത്തി സുനാമി പുനരധിവാസത്തിന് വായ്പ വാങ്ങാന്‍ തീരുമാനിച്ചത് കേന്ദ്രമാണ്.സംസ്ഥാനത്തിനായി അതിന്റെ കരാര്‍ ഒപ്പിട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2005 മേയ് 12) ആണ്.ഒപ്പിട്ട ഒരു കരാറില്‍ നിന്നും പിന്‍ വാങ്ങാന്‍ തുടര്‍ച്ചയായ സര്‍ക്കാരിനാവില്ല.മാത്രമല്ല നഗരസഭകള്‍ക്കുള്ള വായ്പ എതിര്‍ക്കപ്പെടുന്നത് അത് വലിയ തോതില്‍ നഗരസഭകളുടെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തുന്നത് കൊണ്ടാണ്.ഇനി ഇതിനെ കുറിച്ച് ഒരു ചര്‍ച്ച വേണമെങ്കില്‍ പിണറായിക്ക് അത് LDF ല്‍ നിഷ്പ്രയാസം നടക്കുമെന്നിരിക്കേ എന്തിന് ദീപിക ഉപയോഗപ്പെടുത്തി ഒരു നിഴല്‍ കുത്ത്.

16 comments:

Radheyan said...

പക്ഷേ അലിയുടെ കച്ചവടമല്ല പിണറായിയുടെ കച്ചവടം.അവിടെ മുന്നണി ഇതര ജാര ബന്ധങ്ങളാവാം.പറഞ്ഞ വാക്ക് വിഴുങ്ങാം.കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം വെച്ച് മടങ്ങും വഴി അവരെ വെടിവെച്ച് കൊന്ന കരുണാകരന്റെ വീട്ടില്‍ കയറി സദ്യ ഉണ്ണാം.അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് അതേ ശ്വാസത്തില്‍ രോഗശാന്തി ശ്രുശ്രൂഷക്ക് ഹാലേലൂയാ പാടാം.അലിയറിയുമോ ഈ അങ്ങാടിയിലെ വാണിഭം??

കണ്ണൂരാന്‍ - KANNURAN said...

എല്ലാം പൊതുജനമെന്ന കഴുതയെ പറ്റുക്കാനുള്ള നാടകങ്ങളാകുന്നു. രാധേയനെപോലും മാധ്യമ സിണ്ടിക്കേറ്റിന്റെ ആളായി മുദ്രകുത്താനും ഇവര്‍ തയ്യാറാകും. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് വീമ്പിളക്കുന്ന ഇക്കൂട്ടര്‍ എ.ഡി.ബി. വായ്പ വേണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ അതാത് നഗരസഭകളെ അനുവദിക്കാത്തത്???

K.V Manikantan said...

നന്നായിരിക്കുന്നു രാധേയാ.

പയ്യന്‍സ് said...

വളര നന്നായിരിക്കുന്നു രാധേയാ

Radheyan said...

എ.ഡിബി. വായ്പ മുന്നണി അംഗീകരിക്കാനിരിക്കുന്നതേയുള്ളൂ.അതിനെ കുറിച്ച് ഒരു വേറിട്ട നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് സ്വതന്ത്ര അംഗം. മാത്രമല്ല അതിനെക്കുറിച്ച് അലി അതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യം സാധാരണക്കാര്‍ക്ക് തോന്നുന്ന നിസ്സാര സംശയമാണ്.എന്തിനായിരുന്നു ഈ കോലാഹലം. നാഴികക്ക് നാല്‍പ്പത് വട്ടം മാറ്റിപറയാന്‍ രാഷ്ട്രീയക്കാരന് കഴിയും.പക്ഷേ കച്ചവടക്കാരന് കഴിയില്ല.കാരണം ബിസിനസ്സില്‍ വാക്കാണ് വലുത്.അവിടെ പിതൃശൂന്യതക്ക് സ്ഥാനമില്ല.അലി വാക്കിന് നെറിയുള്ള കച്ചവടക്കാ‍രനാണ്.

കച്ചവടക്കാരെ സി.പി.എമ്മിന് ഇത്ര പുച്ഛമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ബക്കറ്റ് കിലുക്കുമ്പോള്‍ തോന്നുകയേയില്ല.പാലോറ മാതമാരല്ല ആധുനിക സി.പി.എമ്മിന്റെ ഫൈനാന്‍ഷ്യേഴ്സ് എന്ന് കൊച്ചുങ്ങള്‍ക്കു പോലും അറിയാം.ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിന് കൃഷ്ണപിള്ള സ്മാരകം എന്നല്ല വല്ല കൃഷ്ണപുരം കൊട്ടാരം എന്നാണ് പേരിടേണ്ടത്.

Anonymous said...

ഇതും മറ്റൊരു കൂലിയെഴുത്തല്ലേ..? ;)

Radheyan said...

എന്തിന് നൌഷര്‍, ഞാന്‍ കൂലിക്കെഴുതണം.ഞാന്‍ പത്രക്കാരനല്ല, രാഷ്ട്രീയ തൊഴിലാളിയുമല്ല.എന്റെ അന്നത്തിനുള്ള മാന്യമായ ഒരു തൊഴില്‍ ഞാന്‍ ചെയ്യുന്നുമുണ്ട്.

പക്ഷെ ഞാന്‍ ഒരു രാഷ്ട്രീയ ജീവിയാണ്.ഇടതു രാഷ്ട്രീയത്തിലെ അപചയം മാത്രമേ ഞാന്‍ വിഷയമാക്കറുള്ളൂ.കാരണം ജി.അരവിന്ദന്‍ ഒരിക്കല്‍ പറഞ്ഞപോലെ ഇടതുപക്ഷമല്ലാതെ മറ്റൊരു പക്ഷമില്ല എന്നെ സംബന്ധിച്ചിടത്തോളം

Anonymous said...

എന്റെ മുന്‍ കമന്റ് താങ്കളെ ഏതെങ്കിലും തരത്തില്‍ പ്രകോപിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു.
ശ്രീ അച്ചുതാനന്ദനെയും അദ്ദേഹത്തിന്റെ അവസരവാദ നയങ്ങളേയും മഹത്വവല്‍ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം പോസ്റ്റിലുടനീളം ഉണ്ടോ എന്ന എന്റെ ആദ്യ വായനയില്‍ തോന്നിയ സംശയമാണ്‌ എന്നെക്കൊണ്ട് അങ്ങിനെയൊരു ചോദ്യം ചോദിപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനു മുന്‍പുള്ള ശ്രീ അച്ചുതാനന്ദന്‍ വിദഗ്ദരായ ഒരു കൂട്ടം ശില്‍പികളാല്‍ രൂപകല്‍പന ചെയ്യപ്പെട്ട അതീവ ഭംഗിയുള്ള ഒരു മെഴുകു പ്രതിമ മാത്രമായിരുന്നു എന്നത് 8 മാസത്തെ അദ്ദേഹത്തിന്റെ ഭരണം കൊണ്ടദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഉരുകിയൊലിച്ചു ഭംഗി നഷ്ടപ്പെട്ടു തുടങ്ങിയ ഈ രൂപം പഴയ പരുവത്തിലേക്കൊന്നു മോള്‍ഡ് ചെയ്‌തെത്തിക്കാന്‍ നമ്മുടെ 'മാധ്യമ സിന്‍ഡിക്കറ്റിനു' ഒത്തിരി കഷ്ടപ്പേടേണ്ടി വരും.

Unknown said...

എന്ത് ഇടത് പക്ഷം,എന്ത് വലത് പക്ഷം ? ശീലിച്ചു പോയത് കൊണ്ട് ഇത്തരം പദപ്രയോഗങ്ങള്‍ ഇന്നും ഉപയോഗിക്കുന്നു എന്നേയുള്ളൂ. ഇന്നു രണ്ടു പക്ഷമേയുള്ളൂ, ജനപക്ഷവും നേതൃപക്ഷവും ! ജനപക്ഷം അനാഥരും അസംഘടിതതരുമാണ്.പണവും പദവിയും അധികാരവും സമ്പത്തും എല്ലാം നേതൃപക്ഷത്തിന്റെ കൈകളിലുമാണ്. ഇന്നു ഇതൊരു ഇരുണ്ട ഇടവേളയാണ്.നാളെ ഒരു പക്ഷെ ജനപക്ഷം ഇതെല്ലാം തിരിച്ചുപിടിച്ചേക്കാം. അന്നു അവര്‍ക്ക് നേതാക്കള്‍ വേണ്ടി വരില്ല.മാര്‍ക്സ് പറഞ്ഞതു പോലെ ഉയര്‍ന്ന സാമൂഹ്യബോധത്താല്‍ അവര്‍ സ്വയം നയിക്കപ്പെട്ടേക്കാം.... !

വിചാരം said...

രാധേയന്‍ വളരെ സത്യസന്ധമായി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ആദ്യമേ അഭിനന്ദനം അറീയിക്കുന്നു
വി.എസിനെ അട്ടിമറിച്ച് പീണറായിയും സംഘവും കേരള ഭരണം കൈയാളാമെന്ന മോഹം ഇലക്ഷന് മുന്‍പേ എടുത്തൊരു തിരുമാനമാണ് ജനങ്ങളുടെ മുന്‍പില്‍ അതവതരിപ്പിക്കാന്‍ പീണറായിക്കാവില്ല അതിനാലാണ് കുരുട്ടുതന്ത്രങ്ങള്‍ ഉപയോഗിച്ചത് അതു ചീറ്റിപോയതിന്‍റെ അരിസമാണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇപ്പോഴും ഉള്ളത്
വി.എസിനെ. അദ്ദേഹത്തിന്‍റെ നിസ്തൂലമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനും ജനങ്ങളുടെ കണ്ണീല്‍ പൊടിയിടാനുമായിരുന്നു പീണറായിയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്തിയത് കേരളത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം വര്‍ദ്ധിപ്പിച്ചത് പീണറായിയുടെ കേരള യാത്രയാണന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമവും നടന്നു എന്നാല്‍ കേരള ജനത അതൊന്നും ചെവികൊണ്ടില്ല അവസാനം പീണറായിക്ക് മുട്ടുമടക്കേണ്ടി വന്നു

ദീപികയില്‍ വന്ന അഭിമുഖത്തില്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് ചേരാത്ത ചില നാലാം തരം വേശ്യകളുടെ പുലമ്പല്‍ സ്വന്തം സ്ഥാനത്തിന് പോലും നാണക്കേടുണ്ടാക്കുന്ന പരിഭവം പറച്ചില്‍ ഇങ്ങനെ.. “ കൊടിയേറിയും ഭാര്യയും അമ്പലത്തില്‍ പോയി എന്ന് പ്രചരണം നടത്തുന്നവര്‍ വി.എസിന്‍റെ മകന്‍ ശബരിമലയില്‍ പോയതെന്താ വാര്‍ത്തയാക്കാത്തത് ? “ വിവരം കെട്ട ചോദ്യം എന്നല്ലാതെ മറ്റെന്താ പറയാ .. ഇതും ഒരു തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തതിന് തുല്യമല്ലേ ?
പാര്‍ട്ടിക്കെതിരെ മാധ്യമ സിന്‍ഡികേറ്റ് പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന പീണറായി പിന്നെ എന്തിനാ ദീപികയില്‍ കുമ്പസരിക്കാന്‍ പോയത്

വി.എസ്.ദീപികയെ ഉള്ളില്‍ വെച്ചായിരിക്കണം ഇങ്ങനെ പറഞ്ഞത് “ ചില മൂഡ് താങ്ങികള്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍“ ഇതു കൊണ്ടതും ദീപകയ്ക്ക് തന്നെ അതിന്‍റെ പിറ്റേന്ന് ദീപിക സ്വന്തം ലേഖകനെ കൊണ്ടെഴുതിച്ചു വി.എസിനെതിരെ ഒത്തിരി കുറ്റാരോപണം

ലാവ്‍ലിന്‍ കേസില്‍ പീണറായി കുറ്റക്കാരനാണന്ന് പ്രകാശ് കാരാട്ടിനും അറിയാം എന്നാല്‍ പീണറായിയെ ഒറ്റപ്പെടുത്തില്ല പാര്‍ട്ടി കാരണം കട്ടതില്‍ പാതി പീണറായി എന്ന ഭുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ പാര്‍ട്ടി ഫണ്ടിലേക്ക് ചേര്‍ത്തിട്ടുണ്ട് എന്ന് കേരളത്തിലെ കൊച്ചുകുട്ടി പോലും മനസ്സിലാക്കിയിട്ടുണ്ടന്ന് ഇവരുണ്ടോ അറിയുന്നു, പാര്‍ട്ടിയാണത്രെ പീണറായിക്കൊരു വീടു കണ്ണൂരില്‍ പണിതുകൊടുത്തത് ലക്ഷകണക്കിന് പാവപ്പെട്ടവര്‍ ഒരു കൂരയില്ലാതെ വെയിലിലും മഴയത്തും കഴിയുമ്പോള്‍ പാവപ്പെട്ടവന്‍റെ പാര്‍ട്ടിയെന്ന ജനങ്ങളെ പറഞ്ഞു പറ്റിച്ച് അധികാരത്തിന്‍റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട് പാര്‍ട്ടി കെട്ടിപടുത്തു കൊടുക്കുന്നു ഇതില്‍ നിന്ന് തന്നെ വ്യക്തമല്ലേ പീണറായി പാര്‍ട്ടിക്കുവേണ്ടി കോടികളുടെ തിരിമറികള്‍ നടത്തുന്നു എന്ന്

ഒരു കാര്യം സത്യമാണ് വി.എസ്. തുടര്‍ന്നും മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അത്ര ഗുണമുണ്ടാവില്ല കാരണം വി.എസ്. ജനങ്ങളുടെ നന്മ മാത്രം കാംക്ഷിച്ച് ഭരണം നടത്തുമ്പോള്‍ പീണറായിയും സംഘവും പാര്‍ട്ടിക്കുവേണ്ടി എങ്ങനെ അഴിമതി നടത്താം എന്ന ചിന്തയിലാണ് 100 കട്ടാല്‍ പാര്‍ട്ടിക്ക് 60 സ്വന്തം 30.. പിന്നണിയാളുകള്‍ക്ക് 10 വളരെ വിദഗ്ദമായി കളവിനെ അവര്‍ മറ ഉണ്ടാക്കുന്നു
പീണറായിയുടെ കലത്തിലെ പരിപ്പ് വീസിന്‍റെ ഭരണത്തില്‍ വേവുമെന്ന് തോന്നുന്നില്ല
ധൈര്യമുണ്ടെങ്കില്‍ പീണറായി സ്വകാര്യമായി ഒരു കേരള സര്‍വ്വേ നടത്തട്ടെ പീണറായിക്കോ അതോ വി.എസിനെ ജനസ്വാധീനം കൂടുതല്ലന്ന് അപ്പോളറിയാം 25% താഴെ പീണറായിയുടെ കിടപ്പ്

കേരള ജനത വി.എസിന്‍റെ പിന്നിലാണന്നുള്ള സത്യം പീണറായി മനസ്സ്കിലാക്കുക

ഞാന്‍ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനല്ല എന്നാല്‍ തികച്ചും ഒരു ഇടതു പക്ഷ അനുകൂലിതന്നെ, വി.എസിനോടെനിക്ക് പ്രത്യേക പ്രബദ്ധതയൊന്നുമില്ല പക്ഷെ മനുഷ്യനന്മ കാണുന്നു അതുകൊണ്ടനുകൂലിക്കുന്നു എന്നാല്‍ വി. എസിന്‍റെ പല പ്രവത്തികളോടും എനിക്കെതിര്‍പ്പുണ്ട് . പ്രധാനമായും ജസ്റ്റീസ്റ്റ് ബാലിക്ക് വേണ്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ശുപാര്‍ശ കത്തെഴുതിയത് അതിനെ ഞാന്‍ ഒരിക്കലും ന്യയീകരികാനാവില്ല

Siju | സിജു said...

വിചാരം..
വി എസിനെ അങ്ങ് പൊക്കിയടിച്ചിട്ട് അതിനൊരു ഡിസ്ക്ലെയിമര്‍ ഇട്ടതാണോ അവസാന പാരഗ്രാഫ് :-)

വിചാരം said...

സിജു.. ഞാന്‍ വി.എസിനെ പൊക്കിയോ മറ്റൊ അല്ല പ്രശ്നം രാഷ്ട്രീയക്കാരില്‍ തമ്മില്‍ ഭേദം തൊമ്മന്‍ വി.എസ് തന്നെ പിന്നെ അദ്ദേഹം ചെയ്താല്‍ തെറ്റ് തെറ്റാലാതാവുമോ .. തെറ്റ് ഞാന്‍ ചെയ്താലും സിജു ചെയ്താലും തെറ്റു തന്നെ . പൊതുപ്രവത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ത്തും വിമര്‍ശനത്തിനും അനുമോദനത്തിനും അര്‍ഹരാണ് അവരിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് തെറ്റുകള്‍ തിരുത്തിക്കുന്നവരാണ് സാധാരണക്കാരായ ജനങ്ങള്‍ , ജനങ്ങള്‍ എല്ലാം കാണുന്നു മനസ്സിലാക്കുന്നു എന്നവര്‍ മനസ്സിലാക്കണം അല്ലെങ്കില്‍വര്‍ ഒട്ടകപക്ഷിക്ക് തുല്യരാവും

Anonymous said...

ചെന്നൈ വിമാനത്താവളം എന്തോ അച്യുതാനന്ദന് അനുഗ്രഹമായി മാറുകയാണല്ലോ! ആദ്യം പി.ജെ. ജോസഫ്..... ദേ ഇപ്പൊ പിണറായി.. കത്രികപ്പൂട്ടെന്നാല്‍ ഇതാണ് അത്...

പി.ജെ. ജോസഫ് വിവാദത്തില്‍ സജീവപങ്ക് വഹിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കുപ്പുസ്വാമി തന്നെയാണ് പിണറായി വിജയന്റെ ഉണ്ടവിവാദത്തിലും ഇടപെട്ടിരിരിക്കുന്നത്...

ഇപ്പ കുപ്പുസ്വാമി കേരളത്തിലുണ്ട്, പി.ജെ. ജോസഫിനെ ചോദ്യം ചെയ്യാനോ മറ്റോ.

nalan::നളന്‍ said...

രാധേയാ,
കുറച്ചു കാലമായുള്ള കേരളരാഷ്ട്രീയത്തെപ്പറ്റി ഒരു നിരക്ഷരതകാരണം ഒന്നും പറയാന്‍ വയ്യ. അതുകൊണ്ടു തന്നെ ഇവിടുത്തെ ചര്‍ച്ചയില്‍ നിന്നും ഒരുപാടു മനസ്സിലാക്കാനുണ്ട്.

ഇതു കൂടി ചേര്‍ത്തു വായിക്കുക.

വ്യക്തികളിലൂന്നിയ രാഷ്ട്രീയത്തോടു യോജിപ്പില്ല. ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇതിലും വലിയ മാര്‍ഗ്ഗമൊന്നുമില്ല. ഏതായാലും ചര്‍ച്ച നടക്കട്ടെ

ചന്ത്രക്കാറന്‍ said...

രാധേയന്‍ പറഞ്ഞതുപോലെ വി.എസ്സ്‌.ഒരാദര്‍ശശാലിയാണെന്ന്‌ എനിക്കും അഭിപ്രായമില്ല.

സി.പി.എമ്മിനെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി എന്ന നിലയില്‍ കാണേണ്ട ആവശ്യംതന്നെയില്ല അന്നാണെന്റെ അഭിപ്രായം, അതൊരു സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി മാത്രമാണ്‌, ഏറ്റവും കൂടിയാല്‍.

പിണറായിയായാലും തോമസ്‌ ഐസക്കോ എന്തിന്‌ കൊടിയേരിയോപോലും അസാധാരണമായ personal capabilities ഉള്ളവരാണെന്ന് അംഗീകരിക്കാതിരിക്കാനാവില്ല. പിണറായിയുടെയൊക്കെ സംഘടനാപാടവംവച്ച്‌ ഏത്‌ സാമ്രാജ്യത്വാജണ്ടയും നടപ്പിലാക്കാവുന്നവിധത്തില്‍ പാര്‍ട്ടിയെ മെരുക്കാന്‍ അദ്ദേഹത്ത്നു കഴിയും, അതാണയാള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. സ്മാര്‍ട്ട്സിറ്റി മുതല്‍ കരിമണല്‍ വെരെയുള്ള പ്രശ്നങ്ങളില്‍ പിണറായിയുടെ നിലപാടുകള്‍ എത്രമാത്രം negative ആയിരുന്നുവെന്നതുമാത്രം മതി ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയെ എങ്ങനെ മാറ്റിയെടുത്തുവെന്നതു മനസ്സിലാക്കാന്‍.

ഉമ്മന്‍ചാണ്ടിയെപ്പോലൊരു കോമാളി ഒരായുസ്സെടുത്താല്‍ കഴിയാത്തത്രയും സാമ്രാജ്യത്തഅജണ്ടകള്‍ ഒറ്റക്കൊല്ലംകൊണ്ടു നടപ്പിലാക്കാന്‍ പിണറായിക്കുകഴിയും. അതിശക്തമായ ഒരു പാര്‍ട്ടി മെഷിനറിയും സാദ്ധ്യമായ എല്ലാ പ്രതിരോധസംവിധാനങ്ങളുടെ നിയന്ത്രണവും പാര്‍ട്ടിസെക്രട്ടറിയുടെ കൈയ്യിലാണെന്നിരിക്കെ ദുര്‍ബലരായ വലതുപക്ഷക്കാരെക്കാളും മൂലധന-സാമ്രാജ്യത്ത ശക്തികള്‍ക്ക്‌ പിണറായി കൂടുതല്‍ വിലപ്പെട്ടവനാകും.

കരിമണലെടുക്കുന്നെങ്കില്‍ അത്‌ പൊതുമേഖ ചെയ്താല്‍ മതി എന്ന വി.എസ്സിന്റെ നിലപാടിന്റെ പ്രസക്തിയറിയണമെങ്കില്‍ സമാനമായ മറ്റു ചില സാഹചര്യങ്ങള്‍കൂടി പരിഗണിക്കണം. ഉദാഹരണത്തിന്‌ വെനിസുലയിലും നൈജീരിയയിലും ധാരാളം എണ്ണയുണ്ട്‌, പക്ഷേ ഉമ്മന്‍ചാണ്ടി (അതോ കുഞ്ഞാലിക്കുട്ടിയോ?) സ്മാര്‍ട്ട്സിറ്റി വഴി കേരളത്തിന്റെ ഐ.ടി.സാദ്ധ്യതകള്‍ മൊത്തത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചപോലെ "മിടുക്കന്‍"മാരായ ചില ഭരണാധികാരികള്‍ ഏതോ കാലത്ത്‌ ഈ രാജ്യങ്ങളുടെ എണ്ണ ഏതാണ്ട്മുഴുവനായും ഷെല്ലിനു മുന്‍കൂറായി വിറ്റാതിനാല്‍ എണ്ണ അവര്‍ക്കിപ്പോള്‍ national resource അല്ല. കണ്ണിനുമുന്നിലൂടെ എണ്ണക്കപ്പലുകളും കൂറ്റന്‍ ടാങ്കറുകളും പോകുന്നതുകണ്ടിരിക്കാമെന്നല്ലാതെ അതുകൊണ്ടവര്‍ക്ക്‌ പ്രത്യേകിച്ചുഗുണമൊന്നുമില്ല.(സ്മാര്‍ട്ട്സിറ്റിയെപ്പറ്റി പലരും പറഞ്ഞിരുന്നപോലെ കുറെപ്പേര്‍ക്ക്‌ ട്രക്ക്‌ ഡ്രൈവര്‍മ്മാരായോ മറ്റോ അവിടെയും പണികിട്ടിയിരിക്കാം - നമ്മുടെ പറമ്പിലെ തേങ്ങ കക്കാന്‍ വരുന്നവന്‍ നമ്മളെത്തന്നെ അതു ചുമക്കാന്‍ വിളിക്കാന്‍ സാദ്ധ്യതയുണ്ട്‌, കൂലി വാങ്ങി ജീവിക്കാം!)

വി.എസ്സിനെ പിന്തുണക്കുന്നവരെല്ലാം അദ്ദേഹം ഒരു കറതീര്‍ന്ന ആദര്‍ശശാലിയാണെന്നുകരുതിയൊന്നുമല്ല പിന്തുണക്കുന്നതെന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. ഏതുപ്രശ്നത്തിനിടയിലും multiple interests കിടന്നുകളിക്കുമെന്നത്‌ പ്രത്യേകിച്ചുപറയേണ്ട കാര്യമില്ല. വി.എസ്സിനെ വെറും വെട്ടിനിരത്തല്‍വീരനാക്കി പരിഹസിച്ചിരുന്ന പത്രങ്ങള്‍ ഇപ്പോള്‍ ആദര്‍ശത്തിന്റെ കറതീര്‍ന്നരൂപമായി ചിത്രീകരിക്കുന്നത്‌ അദ്ദേഹതിനെ idealise ചെയ്യാനാണ്‌, idealise ചെയ്യപ്പെടുകയെന്നത്‌ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തവുമാണ്‍ - കൊണ്ടും കൊടുത്തുമുള്ള ഒരു ഡൈനാമിക്‌ രാഷ്ട്രീയം അതോടെ അസാദ്ധ്യമാവുന്നു. ഒരു ശുദ്ധ-ആദര്‍ശപ്രതിരൂപത്തിനെ വെടക്കാക്കാന്‍ ആര്‍ക്കും കഴിയും, ഏതെങ്കില്‍മൊരു സംഭവം - വിദൂരഭൂതകാലത്തിലെപ്പോഴെങ്കിലും നടന്ന ഒറ്റ സംഭവം - മതിയതിന്‌. അടുത്ത തിരഞ്ഞെടുപ്പിനെ ഒരാറുമാസംമുന്‍പ്‌ സ്തുതിപാടുന്ന അതേ പത്രങ്ങള്‍തന്നെ അത്തരമൊരെണ്ണം കണ്ടെത്തിക്കൊള്ളും. അവര്‍ക്കറിയാം വി.എസ്സിന്റെ ഇമേജ്‌ ബില്‍ഡിംഗില്‍പ്പെട്ട്‌ ആപ്പോഴേക്കും പാര്‍ട്ടി ഒരു പരുവമായിട്ടുണ്ടാകുമെന്ന്‌. വി.എസ്സിനെക്കൊണ്ട്‌ കുറ്റകരമായ അച്ചടക്കലംഘനങ്ങള്‍ ചെയ്യിച്ച്‌ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിച്ച്‌, അഴിമതിക്കെതിരെ നിലപാടെടുത്തതുകൊണ്ടാണ്‌ ഈ പുറത്താക്കലെന്നാരോപിച്ച്‌ ബാക്കിയുള്ള പാര്‍ട്ടിയേയും പൊളിച്ചടക്കാനുള്ള തന്ത്രം മാത്രമാണത്‌, അത്‌ മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധം വി.എസ്സിനില്ലെന്നുകരുതുന്നത്‌ മൌഢ്യം മാത്രമാണ്‍. അതുകൊണ്ട്‌ വി.എസ്സിന്റെ പിന്തുണക്കാരുടെ തോലിട്ട മാദ്ധ്യമങ്ങളെ അവരുടെ പാട്ടിനുവിടുക. വി.എസ്സിനേയും അദ്ദേഹത്തിനെ പിന്തുണക്കുന്ന മാദ്ധ്യമങ്ങളേയും ഒറ്റ യൂണിറ്റായിക്കാണ്ടുകൊണ്ടുള്ള ചര്‍ച്ച എവിടെയും എത്തില്ല.

വി.എസ്സ്‌. പ്രതീക്ഷകളുടെ പ്രതിരൂപമാണ്‌, അതൊരുപക്ഷേ മുങ്ങിച്ചാവുന്നവന്റെ വൈക്കോല്‍ത്തുരുമ്പുമാത്രമാവാം. അങ്ങനെയാണെങ്കില്‍ "എല്ലാം കണക്ക്‌" എന്നു പറഞ്ഞ്പറഞ്ഞ്‌ ഈ വൈക്കോല്‍ത്തുരുമ്പുമാത്രം ബാക്കിയാക്കിയത്‌ നമ്മള്‍ത്തന്നെയാണ്‌.

Radheyan said...

പ്രതികരണങ്ങള്‍ക്ക് നന്ദി.ചന്ത്രകാരനോട് 100 ശതമാനം യോജിക്കുന്നു.വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തോട് യോജിപ്പില്ല.എങ്കിലും ചരിത്രം രചിക്കുന്നതില്‍ വ്യക്തികളുടെ പങ്ക് ചെറുതാണ് എന്ന് തോന്നുന്നില്ല.
ജനാധിപത്യത്തില്‍ സജീവമാകുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പരിണമിക്കും എന്ന് നാം കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്.ജനാധിപത്യത്തില്‍ പരീക്ഷിക്കവുന്ന സിദ്ധാന്ത-പ്രയോഗങ്ങളല്ല കമ്മ്യൂണിസത്തിലുള്ളത്.അത് കൊണ്ട് തന്നെ പലപ്പോഴും സി.പി.എം ഒരു ഹിപ്പോക്രാറ്റ് കൂടാരമായി അനുഭവപ്പെടുന്നത്.പാര്‍ട്ടി പരിപാടിയിലെ പ്രോലിറ്റേറിയന്‍ വിപ്ലവം എന്നെന്നേക്കുമായി മായ്ച്ച് കളയാന്‍ അല്ലെങ്കില്‍ ഒരു 100 കൊല്ലത്തേക്ക് പരണത്ത് വെക്കാനെങ്കിലും അവര്‍ തയാറാകേണ്ടതാണ്.(ആ പിത്ത തടിയുമായി കോടിയേരിയും ബേബിയുമൊക്കെ വിപ്ലവത്തിനും ഒളിയുദ്ധത്തിനുമൊക്കെ പോകുന്ന കാഴ്ച്ച എത്ര hilarious ആയിരിക്കും).നടപ്പിലും ഇരുപ്പിലും വിമാനയാത്രയിലും വിപ്ലവം തുടിക്കുന്ന ഇവര്‍ ഒരു മടിയും കൂടാതെ ലോക മുതലാളിത്ത പ്രതീകങ്ങളായ എ.ഡി.ബിയെയും സലിം ഗ്രൂപ്പിനെയും താലോലിക്കുന്നു.അങ്ങനെ ചെയ്യരുതെന്ന് പറയുന്നില്ല.അതിനിടയില്‍ നാഴികക്ക് നാല്‍പ്പത് വട്ടം Revolutionary Rhetoric വേണ്ട.അതിന്റെ വായ്നാറ്റം nauseating ആണ്.തങ്ങള്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയായി പരിണമിച്ചു എന്ന് പറയാന്‍ അറക്കേണ്ടതുണ്ടോ.ആചാര്യന്‍ തന്നെ പറഞ്ഞത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്നല്ലേ.അധികകാലം മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന (അല്ലെങ്കില്‍ ജനത്തിനൊപ്പം സമരം ചെയ്യുകയും ADB,Saleem Group,തുടങ്ങിയ മുതലാളിത്ത കൊള്ളസംഘത്തിനൊപ്പം കൊള്ളയടിക്കുകയും ചെയ്യുന്ന) ഈ കലാപരിപാടി എത്രകാലം മുന്നോട്ട് കൊണ്ട് പോകാനാകും എന്ന് സി.പി.എം കരുതുന്നു.

നളന്റെ ലിങ്കും വായിച്ചു.അതില്‍ രസകരമായി തോന്നിയ ഒരു ഭാഗം ഇതാ:(ഫാരിസ് പങ്കാളിയെന്നാരോപിക്കപ്പെടുന്ന സിംഗപ്പൂരിലെ നാഷണല്‍ കിഡ്നി ഫൊണ്ടേഷന്‍ അഴിമതിയെക്കുറിച്ച്)
In 2001 and 2002, NKF signed 2 contracts, together worth $7.5 million, with Forte Systems and Protonweb Solutions, both owned by Pharis Aboobackar, Durai's personal friend. The software and call centre services promised in these contracts were never satisfactorily delivered, yet progress payments – over $4 million – were made.
ഇതു തന്നെയല്ലേ ഫാരിസിന്റെ സുഹൃത്ത് ലാവ്ലിന്‍ ഇടപാടില്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്നത്.
രാവണപ്രഭുവില്‍ ലാ‍ല്‍ ചോദിക്കും പോലെ:ഇവരെ ഇരട്ട പെറ്റതാ?