Wednesday, December 06, 2006

അമ്മൂമ്മ

അമ്മൂമ്മ മരിച്ചിട്ട് 12 കൊല്ലത്തോളം ആകുന്നു.അമ്മൂമ്മയെ കുറിച്ചെഴുതാനാണെങ്കില്‍ ഒരു രാമാ‍യണം തന്നെയുണ്ട്.(അതെ അമ്മൂമ്മയുടെ പേര് ജാനകിയമ്മ എന്നായിരുന്നു).എന്റെ അച്ഛന്റെ അമ്മയാണ് കഥാപാത്രം.

ഞാന്‍ കാണുന്ന അല്ലെങ്കില്‍ എനിക്ക് ഓര്‍മ്മ വെയ്ക്കുന്ന കാലത്ത് (ബോധം വെയ്ക്കൂന്ന കാലം എന്നു പറയുന്നില്ല,എനിക്കങ്ങനെ ഒരു സാധനം ഇല്ല എന്നാണ് മരിക്കുന്ന കാലം വരെ അമ്മൂമ്മ പറഞ്ഞിരുന്നത്.) തന്നെ അമ്മൂമ്മയുടെ തല വെഞ്ചാമരം പോലെ ആയിരുന്നു.എന്നെയോ എന്റെ അച്ഛനെയോപോലെ നീഗ്രോ വംശജയല്ലായിരുന്നു അമ്മൂമ്മ.നല്ല വെളുത്ത് ഐശ്വര്യമുള്ള ഒരു പൊക്കം കുറഞ്ഞ ഐശ്വര്യാറായ് ആയിരുന്നു അവര്‍.

അമ്മൂമ്മക്കറിയാത്ത കാര്യങ്ങളില്ല, അറിയേണ്ടാ‍ത്ത കാര്യവും.എന്റെ അമ്മയെന്ന മരുമകളോട് അമ്മൂമ്മ പിണങ്ങുന്നത് ഒറ്റ കാര്യത്തിനാണ്; പടിഞ്ഞാറേതിലെ ലീലചേച്ചി അമ്മയോട് ഓതികൊടുക്കുന്ന പരദൂഷണങ്ങള്‍ അമ്മൂമ്മക്ക് കേള്‍ക്കുന്ന പരുവത്തില്‍ reproduce ചെയ്ത് കൊടുക്കാത്തതിന് മാത്രം.(അമ്മ പറയും അമ്മെ, അതൊന്നും ഒച്ചത്തില്‍ പറയാന്‍ കൊള്ളില്ല, പ്രായമായ ഒരു പെണ്ണും പിന്നെ ഒരു തലതെറിച്ച ചെറുക്കനും ഉള്ള വീടല്ലേ)തലതെറിച്ചവനായ ഈയുള്ളവന്‍ കിറിയില്‍ നിന്നു വീഴുന്ന “അവരാതകഥകള്‍” ഒപ്പിയെടുക്കാ‍ന്‍ ഒപ്പുകടലാസുമായി നടക്കുന്നത് അമ്മ ശ്രദ്ധിച്ചെന്ന് വ്യംഗ്യം.

അമ്മൂമ്മ പരമഭക്തയാണ്.സന്ധ്യക്ക് കുളിച്ച് ഭസ്മം തൊട്ട് താറുടുത്ത് ആ വരവ് കാണുമ്പോള്‍ ഞാന്‍ ചോദിക്കും, താറും പാച്ചി എങ്ങോട്ടാ, കടല്‍ ചാടി ലങ്കക്കോ?. നാമം ചൊല്ലി വരുന്ന അമ്മൂമ്മക്ക് നാവ് ചൊറിയും,“രാധേ ഈ കുരുകുരുത്തം കെട്ടവനെ അങ്ങോട്ട് വിളി, അതെങ്ങനാ തള്ളക്കില്ലല്ലോ ഈശ്വരവിചാരം,പിന്നെ എങ്ങനെ പിള്ളേര്‍ നന്നാവും” അമ്മയും ചേച്ചിയും നിരീശ്വരവാദികളായത് അമ്മൂമ്മയ്ക്ക് എന്നും അക്ഷന്തവ്യമായിരുന്നു.

സ്കൂള്‍ വിട്ട് വന്നാല്‍ ഞാന്‍ മൈതാനത്തേക്ക് പറപറക്കും.ഇത് കാണുന്നത് തന്നെ അമ്മൂമ്മക്ക് അഹിതമായിരുന്നു.“കുട്ടികളായാല്‍ പള്ളികൂടത്തില്‍ നിന്ന് വന്ന് ചായ കുടിച്ച് പുസ്തകം എടുത്ത് പഠിക്കണം,എന്റെ മണിക്കുട്ടനൊക്കെ അങ്ങനെ ആയിരുന്നു(മണിക്കുട്ടന്‍ എന്റെ അച്ഛന്‍)”.

“ചുമ്മാതല്ല അച്ഛനൊരു പുസ്തകപ്പുഴു മണ്ണുണ്ണിയായി പോയത്”. എന്റെ വായില്‍ തറുതലക്ക് ഒരു കുറവുമില്ല.

“നാവില്‍ വികടസരസ്വതിയെ വരു”-അച്ഛനെ കളിയാക്കിയത് പിടിക്കാത്ത അമ്മ പറയും.
“എന്റെ വായില്‍ സരസ്വതി സില്‍ക്ക്സ്മിതയുടെ രൂപത്തിലാണ് നൃത്തം ചെയ്യുന്നത്’ ” എന്റെ എല്ലില്ലാത്ത അവയവത്തിന് വിശ്രമമില്ല.

എന്റെ കളിഭ്രാന്ത് കണ്ട് അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞൂ “നല്ല വെളുത്ത ഒരു തങ്കം പോലത്തെ ചെക്കനായിരുന്നു,നട്ടപ്ര വെയിലത്ത് കണ്ട മൈതാനത്തില്‍ കിടന്നോടി ഈ നിറമായതാണ്” എന്നെ കുറിച്ച് തന്നെയല്ലെ പറഞ്ഞതെന്ന് വിശ്വസിക്കാനാവതെ ഞാനും കേട്ട മറ്റുള്ളവരും കണ്ണ് തള്ളി.

അമ്മൂമ്മ ഒന്നാന്തരം ഒരു കോണ്‍ഗ്രസകാരിയായിരുന്നു. തകര്‍ന്ന നായര്‍ ഫ്യൂഡലിസത്തിന്റെ തിരുശേഷിപ്പ്.മന്നത്തപ്പന്റെ ആഹ്വാനം കേട്ട് വിമോചനസമരത്തിനിറങ്ങിയ അമ്മച്ചിമാരില്‍ പെട്ടയാള്‍.അമ്മൂമ്മ നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പഴയ വിമോചനസമരത്തിന്റെ മുദ്രാവക്യങ്ങള്‍ ചൊല്ലിക്കും

ശങ്കരാ ഭയങ്കരാ
അറുപത് പേരെ കൊന്നില്ലേ(എന്ത് കണക്കാണാവോ)

ഈയെമ്മസ്സേ ബബ്ബബ്ബ...(വ്യക്തിഹത്യ അന്നേയുണ്ട്)
ചോരക്കൊതിയാ ചേലാടാ (ചേലാട്ട് അച്യുതമേനോന്‍, അന്നത്തെ ആഭ്യന്തര മന്ത്രി)
നിന്നെ പിന്നെ കണ്ടോളാം.

1950 കളില്‍ നായന്മാരുടെ ഇടയില്‍ ഇങ്ങനെ ഒരു പ്രചരണമുണ്ടായത്രേ.നസ്രാണി(TV Thomas) രാജാവാകാന്‍ പോകുന്നു,ചോവത്തി (ഗൌരിയമ്മ) രാജ്ഞിയും- ഇതും അമ്മൂമ്മയുടെ ചരിത്ര ഖനിയില്‍ നിന്ന്.

പക്ഷേ അമ്മൂമ്മ വിചരിക്കാത്ത ട്രാക്കിലാണ് അച്ഛന്‍ പോയത്.ബാങ്ക് ജീവനക്കാരുടെ ഇടയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അച്ഛനെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലാണ് എത്തിച്ചത്.സ്വാഭാവികമായി ഞങ്ങളെല്ലാം ആ വഴിയിലായി.അമ്മൂമ്മയെ പ്രകോപിപ്പിക്കാന്‍ ഏറ്റവും നല്ല വഴി രാഷ്ട്രീയമായിരുന്നു.
ഇലക്ഷനാകുമ്പോള്‍ ഞാന്‍ ചോദിക്കും, നാഴികക്ക് 40 വട്ടം മണിക്കുട്ടന്‍ എന്ന് പറയുമെങ്കിലും അച്ഛന്‍ പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യാതെ കൊച്ചച്ചന്റെ ആളിനാണല്ലേ അമ്മൂമ്മ വോട്ട് ചെയ്തത്(കൊച്ചച്ചന്‍ കോണ്‍ഗ്രസുകാരനും തച്ചടിയുടെയും ആന്റണിയുടെയും അടുപ്പക്കാരനും ഒക്കെ ആ‍ണ്).മൂത്തമകനോടുള്ള സ്നേഹത്തെ രാഷ്ട്രീയകോല്‍ വെച്ച് ഞാന്‍ അളക്കുമ്പോള്‍ അമ്മൂമ്മയുടെ മറുപടി ശുണ്ഠിയായിരുന്നു. “അതിന് മണിക്കുട്ടന‍ല്ലല്ലോ മത്സരിക്കുന്നത്”.

ഞാനുമായി എപ്പോളും ഫ്രിക്ഷനിലായിരുന്നെങ്കിലും ശരിക്കുള്ള യുദ്ധം ചേച്ചിയുമായി ആയിരുന്നു.ചേച്ചി കുടുംബത്തിലെ ആദ്യകുട്ടി, അമ്മൂമ്മക്ക് നാല് ആണ്മക്കള്‍ക്ക് ശേഷം വീട്ടില്‍ വന്നെത്തിയ പെണ്‍ തരി. വെറും മകമല്ല ചോറ്റാനിക്കര മകം പിറന്ന മങ്കി സോറി മങ്ക,ചോറ്റനിക്കര ഭദ്രകാളിയുടെ അതേ ഉയിര്.കൃത്യനിഷ്ഠ, അച്ചടക്കം,വാശി ഇവ മൂന്നും ചേര്‍ന്നാല്‍ തന്നെ ആളുകള്‍ കടുപ്പക്കാരാവും.ഇതിന്റെ കൂടെ ദേഷ്യവും നിരീശ്വരവാദവും കൂടിയാകുമ്പോള്‍ ചേച്ചിയായി.ചേച്ചി തുറിച്ച് നോക്കും,മുഖം വീര്‍പ്പിക്കും,അലറും,പിന്നെ കരയും, ഈ നാല് ആയുധങ്ങളെ ജയിക്കാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല.

റ്റിവി വന്ന കാലം.ചെറുപ്പകാലത്ത് ആലപ്പുഴ പട്ടണത്തില്‍ വസിച്ചിരുന്ന സമയം എല്ല സിനിമകളും കണ്ട് ശീലിച്ച അമ്മൂമ്മക്ക് ഒരു അത്ഭുതവും ആവേശവുമായി റ്റിവി.വെറും ഹിന്ദി ദൂരദര്‍ശന്‍ മാത്രമുള്ള കാലമാണ്.ശനിയും ഞായറും പകല്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് വൈകുന്നേരത്തെ ഹിന്ദി സിനിമാ കാണാം.അമ്മൂമ്മക്ക് അതിന്റെ പദാനുപദ വിവര്‍ത്തനം (verbatim translation)വേണം.ചേച്ചിക്കാണേല്‍ ഇതു കൊണ്ട് മുഴുകി സിനിമാകാണല്‍ നടക്കില്ല.യുദ്ധതിന്റെ ഒടുവില്‍ അമ്മ വന്ന് റ്റിവി ഓഫ് ചെയ്യുകയും രണ്ടുപേരും അനവശ്യമായ ആര്‍ടിക്കിള്‍ 356 പ്രയോഗത്തിന് പരസ്പരം കുറ്റപ്പെടുത്തി മുഖം വീര്‍പ്പിച്ചിരിക്കുകയും ചെയ്യുന്നതോടെ താല്‍ക്കാലിക വിരാമമകുന്നു.

ഇതിന്റെ മറുപടി ചേച്ചി കൊടുക്കുന്നത് വീക്ക് days ല്‍ ആണ്.അമ്മൂമ്മ സന്ധ്യാനാമം 4മണിക്കേ ചൊല്ലിതീര്‍ത്ത് സിരിയല്‍ കാണാന്‍ ഇരിക്കുന്നു.കൃത്യം 7 മണിയാകുന്നതോടെ ചേച്ചി പുസ്തകവുമായി ഹാളില്‍ എത്തുകയായി. ആറോളം മുറികള്‍ വേറെ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കിലും ചേച്ചിക്ക് ഹാളില്‍ തന്നെ ഇരുന്നു പഠിക്കണം.പഠിക്കുന്നവര്‍ക്ക് വേണ്ടി ബാക്കിയുള്ളവര്‍ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് ഹോം റൂള്‍. അമ്മൂമ്മയെകൊണ്ട് നിശബ്ദമായി പോലും സീരിയല്‍ കാണിക്കാതെ ചേച്ചി മുന്നേറും.

ഓണക്കാലത്ത് പൂവിടുക എന്നത് ഞങ്ങളുടെ ഒരു aesthetic sense ന്റെ ഭാഗം മാത്രമായിരുന്നു.അതിലേക്ക് ഞങ്ങള്‍ മാവേലിയേയോ വാമനനേയോ ഒന്നും വലിച്ചിടാറില്ല.ഞങ്ങള്‍ ഒരു ദിവസം ദേശീയ പതാകയുടെ ആകൃതിയിലും നിറത്തിലും ആയിരിക്കും എങ്കില്‍ വേറൊരു ദിവസം അരിവാളും ചുറ്റികയുമായിരിക്കും.അമ്മൂമ്മക്ക് ഹാ‍ലിളകാന്‍ വേറെ എന്തെങ്കിലും വേണോ.ഞാനാണ് ഇതിന്റെ പിന്നിലെ കുബുദ്ധിയെങ്കിലും മൂത്തവള്‍ എന്ന നിലയില്‍ ചേച്ചിക്കാണ് കുറ്റവും ചീത്തയും.പോരെ പൂരം...


അമ്മൂമ്മയുടെ മരണം അപ്രതീക്ഷിതമായിരുന്നു.ഒരു stroke 4-5 ദിനങ്ങള്‍ ആശുപത്രിയില്‍, അഞ്ചാം ദിനം അമ്മ പറഞ്ഞു അമ്മൂമ്മ ഇന്നോ നാളെയോ മരിക്കും,നീ തേങ്ങയിടല്‍,വിറക് കീറല്‍ തുടങ്ങീ കുറെ കാര്യങ്ങല്‍ ജോലിക്കാരനെ കൊണ്ട് ചെയ്യിക്കണം.അമ്മക്കെങ്ങനെ അതറിയാം എന്നു ഞാന്‍ ചോദിച്ചില്ല, കാരണം അമ്മയെ പോലെ അമ്മൂമ്മയുടെ മനസ്സാരും അറിഞ്ഞിരുന്നില്ല.പെറ്റമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട അമ്മക്ക് പെറ്റമ്മ തന്നെയായിരുന്നു അമ്മായിഅമ്മ.എന്നെ മാറ്റി നിര്‍ത്തി ഇതു പറയുമ്പോളുള്ള കണ്ണീര്‍ സാക്ഷി.

അമ്മൂമ്മ മരിക്കുകയോ.... എനിക്കത് ഉള്‍ക്കൊള്ളാനവുമായിരുന്നില്ല. ആ ബഹളമില്ലാതെ കഴിഞ്ഞ 3-4 ദിവസങ്ങള്‍ തന്നെ എനിക്ക് ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന അസ്വസ്ഥതയായിരുന്നു.

പിറ്റേന്ന് അമ്മൂമ്മ മരിച്ചു.എന്നുമുള്ള വഴക്കുകള്‍ കാരണം ചേച്ചിയെ ആ മരണം കാര്യമായി ബാധിക്കില്ല എന്ന മണ്ടന്‍ ചിന്ത എന്നില്‍ വന്നു പെട്ടു.പക്ഷെ പിടിച്ച് നിര്‍ത്തനാകാത്തതയിരുന്നു ചേച്ചിയുടെ സങ്കട കടല്‍.അവളെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.സ്വന്തം പ്രതിബിംബം നഷ്ടപ്പെടുന്ന വേദനയായിരുന്നുവോ അത്?

5 comments:

Radheyan said...

അമ്മൂമ്മക്കറിയാത്ത കാര്യങ്ങളില്ല, അറിയേണ്ടാ‍ത്ത കാര്യവും.എന്റെ അമ്മയെന്ന മരുമകളോട് അമ്മൂമ്മ പിണങ്ങുന്നത് ഒറ്റ കാര്യത്തിനാണ്; പടിഞ്ഞാറേതിലെ ലീലചേച്ചി അമ്മയോട് ഓതികൊടുക്കുന്ന പരദൂഷണങ്ങള്‍ അമ്മൂമ്മക്ക് കേള്‍ക്കുന്ന പരുവത്തില്‍ reproduce ചെയ്ത് കൊടുക്കാത്തതിന് മാത്രം.(അമ്മ പറയും അമ്മെ, അതൊന്നും ഒച്ചത്തില്‍ പറയാന്‍ കൊള്ളില്ല, പ്രായമായ ഒരു പെണ്ണും പിന്നെ ഒരു തലതെറിച്ച ചെറുക്കനും ഉള്ള വീടല്ലേ)തലതെറിച്ചവനായ ഈയുള്ളവന്‍ കിറിയില്‍ നിന്നു വീഴുന്ന അവരാധകഥകള്‍ ഒപ്പിയെടുക്കാ‍ന്‍ ഒപ്പുകടലാസുമായി നടക്കുന്നത് അമ്മ ശ്രദ്ധിച്ചെന്ന് വ്യംഗ്യം.

വല്യമ്മായി said...

നല്ല ഓര്മ്മകള്‍ രാധേയാ

പയ്യന്‍‌ said...

ഓര്‍മ്മകള്‍ മണക്കുന്നു
ഓര്‍മ്മകള്‍ മധുരിക്കുന്നു

മുല്ലപ്പൂ said...

രാധേയാ,
ഇതു ഇന്നേ വായിച്ചുള്ളൂ.
കുട്ടിക്കാലത്തെ എല്ല വികൃതികളും വരച്ചു കാട്ടിയിരിക്കുന്നു.

ആദ്യ്ം ചിരിപ്പിച്ച്, അവസാനം വിഷമിപ്പിക്കുന്ന ഒരു പോസ്റ്റ്. പലതും മന്‍സില്‍ കണ്ടു.

cloth merchant said...

radheyan,

parathi parathi engineyo ivideyethi.valare ishtappettu.manoharamaya ,ullil ninnum varunnu ennu nissamshayam parayavunna bhasha.