Saturday, February 26, 2011

ഡോ. വര്‍ഗ്ഗീസ ജോര്‍ജ്ജിനു സ്നേഹപൂര്‍വ്വം....

പ്രിയപ്പെട്ട വര്‍ഗ്ഗീസ് ജോര്‍ജ്ജ്,

താങ്കളെ ആദ്യം ഞാന്‍ കണ്ടത് ആലപ്പുഴയിലോ മറ്റോ ബാങ്ക് ജീവനക്കാരുടെ ഒരു സെമിനാറില്‍ പ്രസംഗിക്കാന്‍ താങ്കള്‍ എത്തിയപ്പോഴാണ്. ആഗോളീകരണത്തെ കുറിച്ചും അന്താരാഷ്ട്ര കരാറുകളിലെ ചതികളെ കുറിച്ചും സൌമ്യവും ദീപ്തവുമായ ഭാഷയില്‍ അങ്ങ് സദസ്സിനെ ഉദ്ബുദ്ധരാക്കി. അതിനു മുന്‍പ് തന്നെ മാതൃഭൂമിയിലും മറ്റും വരുന്ന താങ്കളുടെ ലേഖനങ്ങളുടെ ഒരു പിന്‍ഃതുടര്‍ച്ചക്കാരനായിരുന്നു ഞാന്‍.

താങ്കള്‍ ഇടതു മുന്നണി വിട്ടപ്പോള്‍ ഞാന്‍ ദുഖിച്ചു. താങ്കളെങ്കിലും മറിച്ച് ഒരു തീരുമാനമെടുക്കുമെന്ന് വെറുതേ ആഗ്രഹിച്ചു. അതുണ്ടായില്ല. താങ്കളുടെ കക്ഷിയുടെ നിലപാട് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ധാരാളം കാരണങ്ങളുണ്ട്. അവയെല്ലാം അസ്ഥാനത്താണെന്നും ഞാന്‍ പറയില്ല. മുന്നണി രാഷ്ട്രീയത്തിലെ ചില നിലപാടുകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ്. ഒരു ചെറു കക്ഷി എന്ന നിലയില്‍ നിലനില്‍പ്പാണ്‍ പ്രധാനം. ചിത്രമെഴുതാന്‍ ചുവര്‍ കൂടിയേ കഴിയൂ.

ഇന്ത്യാവിഷന്റെ ഈ വാര്‍ത്ത എന്നെ ദുഖിപ്പിക്കുകയും അങ്ങയെ ഓര്‍ത്ത് സഹതപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് നിപതിച്ചിരിക്കുന്ന പടു കുഴിയുടെ ആഴവും അതിലെ മറ്റു ചപ്പു ചവറുകളുടെ ദുര്‍ഗന്ധവും വെളിവാക്കി തരുന്നുണ്ട്. Abysmal Fall എന്നൊക്കെ ആംഗലേയത്തില്‍ പറയില്ലേ അതു പോലെ ഒന്നു.

ഈ വൃത്തികെട്ട പണിക്ക് താങ്കളെ താങ്കളുടെ നേതാവ് നിയോഗിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്കാന്‍ഡിനേവിയന്‍ മോഡല്‍ വികസനത്തെ കുറിച്ച് പഠിച്ച് ബദല്‍ സമര്‍പ്പിക്കാനുള്ള ഒരു സമിതിയില്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇത്ര ദുഖിക്കില്ലായിരുന്നു. സ്മാര്‍ട്ട് സിറ്റിയുട് കരാറിന്റെ ഇമ്പാക്റ്റിനെ കുറിച്ചു പഠിക്കുന്ന സമിതിയില്‍ ആണെങ്കിലും ഓകെ.

ഇത് സിനിമാ ഡയലോഗില്‍ പറയുകയാണെങ്കില്‍ അടിവസ്ത്രത്തില്‍ പറ്റിയ രേതസ് ആ‍രുടേതെന്ന് ഗുണിച്ചു ഹരിച്ചും മണത്തും വേണമെങ്കില്‍ രുചിച്ചും നോക്കി കണ്ടു പിടിക്കുന്ന ഡിക്ടറ്റീവ് പണി. ഈ പണിക്ക് വിദഗ്ദ്ധരായ ധാരാളം പേര്‍ അങ്ങ് ഇപ്പോഴുള്ള മുന്നണിയില്‍ ഉണ്ടെന്നിരിക്കേ, അങ്ങയെ പോലെയുള്ള ഒരു സാത്വിക സോഷ്യലിസ്റ്റ് ഈ പണിക്ക് പോകേണ്ടിയിരുന്നില്ല. Really there is no dearth of talent in this subject in UDF. ഇനി അങ്ങയുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ ആളു വേണമെങ്കില്‍ പാപ്പരാസി പണി ചെയ്യിച്ചും സ്വന്തം പത്രത്തില്‍ മഞ്ഞ നിരത്തുന്നതു പോരാഞ്ഞു ക്രൈം കുമാരനെ കൊണ്ട് പീതാംബരത്തില്‍ പൊതിഞ്ഞ ഒരു മാസിക ഇറക്കുന്ന താങ്കളുടെ നേതാവ് തന്നെയല്ലായിരുന്നോ ഉത്തമന്‍? അദ്ദേഹത്തിനു ആ പേരില്‍ വേണമെങ്കില്‍ സ്വന്തം പടം സ്വന്തം പത്രത്തില്‍ പതിപ്പിച്ച് നാട്ടുകാരെ പേടിപ്പിക്കുകയും ചെയ്യാം.

സ്നേഹബുദ്ധ്യാ പറയുന്നു, താങ്കളെ പോലൊരു മാന്യനു പറ്റിയ ഇടത്തിലല്ല താങ്കള്‍ ചെന്നു പെട്ടിരിക്കുന്നത്. എസ് ക്ലാസ് ബെന്‍സില്‍ രാജ്യം മുഴുവന്‍ നടന്നു സോഷ്യലിസം പ്രചരിപ്പിക്കുന്ന താങ്കളുടെ പാര്‍ട്ടിയുടെ മുതലാളിയോട് ആണെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ സീരിയല്‍ മുതലാളിയോടും ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്താന്‍ തോന്നുന്നില്ല, എന്തിനു പാനൂര്‍ കൊച്ചു കുറുപ്പ് കെ പി മോഹനനോട് പോലും. പക്ഷെ താങ്കളെ ലോഹ്യയുടെയും മധു ദന്താവദെയുടെയും വി പി സിങ്ങിന്റെയും സുരേന്ദ്ര മോഹന്റെയും പാരമ്പര്യത്തിന്റെ അപൂര്‍വ്വം അവകാശികളില്‍ ഒരാളായി കാണാനാണ് ഇപ്പോഴും മോഹം. അതു കൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

ശുഭ പ്രതീക്ഷയോടെ സസ്നേഹം

ഒരു പഴയ അരാധകന്‍